TMJ
searchnav-menu
post-thumbnail

TMJ Sports

ഇറ്റ്സ് ഐപിഎൽ, ലെറ്റസ്‌ ക്രിക്കറ്റ്‌

21 Mar 2025   |   5 min Read
സംഗീത് ശേഖര്‍

രിത്രമുറങ്ങുന്ന ഈഡൻ ഗാർഡൻസിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത ബാംഗ്ലൂരിനെ നേരിടുന്നതോടെ ഐപിഎല്ലിന്റെ 18 -ാം എഡിഷൻ തുടങ്ങുകയാണ്. ടി ട്വന്റിയിൽ  ഫ്രാഞ്ചൈസി ടൂർണമെന്റുകൾ ഇഷ്ടം പോലെയുണ്ടെങ്കിലും ഐപിഎൽ പോലൊരു ടൂർണമെന്റ് വേറെയില്ല. ലോകത്തെ ഏറ്റവും മികച്ച കളിക്കാരുടെ പങ്കാളിത്തം, നിലവാരമുള്ള മത്സരങ്ങൾ, മികച്ച സ്റ്റേഡിയങ്ങൾ, നിറയുന്ന ഗാലറികൾ, ടെലിവിഷൻ & ഓൺലൈൻ വ്യൂവർ ഷിപ്  എന്നിങ്ങനെ ഒരുപാട് ഘടകങ്ങൾ ചേർന്നാണ് ഐപിഎല്ലിനെ ഇത്രയും ജനകീയമാക്കിയത്.

കഴിഞ്ഞ സീസണിൽ നിന്നും ഏറെയൊന്നും മാറ്റങ്ങളില്ലാത്ത ഫോർമാറ്റിലാണ് ഇത്തവണയും കളികൾ നടക്കുന്നത്. 10 ടീമുകളെ അഞ്ച് ടീമുകൾ വീതമുള്ള രണ്ടു വിർച്വൽ ഗ്രൂപ്പുകളാക്കി തിരിച്ചിരിക്കുന്നു. ഓരോ ടീമും തങ്ങളുടെ ഗ്രൂപ്പിലുള്ള മറ്റു ടീമുകളുമായി രണ്ടു കളി വീതം കളിക്കുന്നു. മറ്റേ ഗ്രൂപ്പിലുള്ള ഒരു ടീമുമായും രണ്ടു കളി കളിക്കുന്നു, ഈ ടീം ഏതാണെന്നു സീഡിങ് വഴി തീരുമാനിക്കും. ഇനി ആ ഗ്രൂപ്പിൽ ബാക്കിയുള്ള നാലു ടീമുകളുമായി ഓരോ കളികളും, അങ്ങനെ മൊത്തം 14 ലീഗ് മത്സരങ്ങളാണ് ഒരു ടീമിന് കളിക്കേണ്ടത്. ഏഴ് ഹോം മത്സരങ്ങൾ, എഴ് എവെ മത്സരങ്ങൾ. പോയിന്റ് നിലയിൽ ഏറ്റവും മുന്നിലെത്തുന്ന നാല് ടീമുകൾ പ്ലേ ഓഫിലേക്ക് കടക്കുന്നു.

സീസണ് മുന്നോടിയായി നടന്ന മെഗാ താര ലേലത്തിൽ ഏറ്റവും വിലയേറിയ താരമായ ഋഷഭ് പന്ത് ഇത്തവണ ലക്‌നൗ സൂപ്പർ ജയന്റ്സിലാണ് കളിക്കുക. പന്ത് തന്നെയാണ് നായകനും. പന്തിനെ സംബന്ധിച്ച് പ്രാധാന്യമുള്ള സീസണാണിത്. ഇന്ത്യയുടെ ടി ട്വന്റിയിൽ നിന്ന് ഏകദേശം പുറത്തായി കഴിഞ്ഞ അയാൾക്ക് ഇത്തവണ മധ്യനിരയിൽ  സ്ഥിരതയോടെ തകർപ്പൻ പ്രകടനങ്ങൾ നൽകിയാൽ തിരിച്ചുവരവിനുള്ള സാധ്യതയുണ്ട്. രണ്ടാമത്തെ വിലകൂടിയ കളിക്കാരനായ ശ്രേയസ് അയ്യർ ഇത്തവണ പഞ്ചാബിന്റെ നായകനാണ്. കഴിഞ്ഞ സീസണിൽ കൊൽക്കത്തയെ കിരീടത്തിലെത്തിച്ച നായകൻ കൂടെയാണ് ശ്രേയസ് രജത് പടിദാർ ബാംഗ്ലൂരിനെയും അക്സർ പട്ടേൽ ഡൽഹിയെയും നയിക്കുന്നു. ടി ട്വന്റി യുടെ വേഗത്തോട് ചേർന്ന് നിൽക്കാത്ത കളിക്കാരൻ എന്ന് വിലയിരുത്തപ്പെടുന്ന അഹിങ്ക്യ രഹാനെ ഇത്തവണ ലേലത്തിൽ ആദ്യം അൺ സോൾഡ് ആയ കളിക്കാരൻ കൂടെയാണ്. ലേലത്തിൽ രഹാനെയെ കൊൽക്കത്ത അവസാന നിമിഷം വാങ്ങുന്നതൊന്നുമല്ല ട്വിസ്റ്റ്‌. രഹാനെ കൊൽക്കത്തയുടെ നായകനായിട്ടാണ് വരുന്നത് എന്നതാണ് ട്വിസ്റ്റ്‌. രഹാനെയെന്ന നായകൻ കൊൽക്കത്തയിൽ ആഘോഷിക്കപ്പെടണമെങ്കിൽ രഹാനെയെന്ന ടി ട്വന്റി ബാറ്ററുടെ പ്രകടനങ്ങളും നിർണായകമാകും.

ഋഷഭ് പന്ത് | PHOTO: WIKI COMMONS
എം എസ് ധോണി ഇത്തവണ വിരമിക്കുമോ?

കുറച്ച് സീസണുകളിലായി നമ്മൾ കേട്ടു കൊണ്ടിരിക്കുന്ന ചോദ്യമാണ്. ഇത്തവണയും ആ ചോദ്യമുണ്ട്. ചെന്നൈയെ അഞ്ച് കിരീടങ്ങളിലേക്ക് നയിച്ച മനുഷ്യൻ ഇത്തവണ ഒരു അൺ ക്യാപ്ഡ് കളിക്കാരനായിട്ടാണ് വരുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കളിച്ചിട്ട് അഞ്ച് കൊല്ലത്തിൽ കുടുതലായൊരു ഇന്ത്യൻ കളിക്കാരനെ ടീമുകൾക്ക് അൺ ക്യാപ്പ്ഡ് കളിക്കാരനായി നിലനിർത്താമെന്ന റൂൾ 2021 ൽ ഉപേക്ഷിച്ചതാണ്. ഈ നിയമം ഇപ്പോൾ തിരികെ കൊണ്ട് വരുന്നത് ധോണിക്ക് വേണ്ടി മാത്രമാണെന്ന വിമർശനങ്ങൾ ഉണ്ടായെങ്കിലും കഴിഞ്ഞ തവണ 12 കോടിക്ക് നിലനിർത്തിയ അവരുടെ ഇതിഹാസത്തെ ചെന്നൈക്ക് വെറും നാല് കോടിക്ക് ഇത്തവണ നിലനിർത്താൻ കഴിഞ്ഞു. എല്ലാ കളികളും കളിക്കാൻ സാധ്യതയില്ലാത്ത, ഇന്നിങ്സിന്റെ അവസാനം 10-15 പന്തുകൾ മാത്രം നേരിടാൻ പോകുന്ന 43 വയസ്സുകാരന്റെ പ്രകടനങ്ങളുടെ സ്വാധീനം എത്രത്തോളമുണ്ട് എന്നതിനേക്കാൾ ധോണി എന്ന നാമം ഗാലറികളിലും വ്യൂവർഷിപ്പിലും കൊണ്ട് വരുന്ന സ്വാധീനമാണ് നിർണായകമാവുന്നത്. ഐപിഎല്ലിന്റെ തന്നെ മുഖമായി മാറിക്കഴിഞ്ഞൊരു ഇതിഹാസ താരത്തിന് ഇപ്പോഴും ഇന്ത്യയിലെ ഏതൊരു സ്റ്റേഡിയത്തിലുമുള്ള ആരാധകപിന്തുണ അസൂയാവഹമാണ്. അദ്ദേഹം ആസ്വദിക്കുന്നിടത്തോളം കാലമിത് തുടരട്ടെ എന്ന് മാത്രമേ മേൽപറഞ്ഞ ചോദ്യത്തിന് ഉത്തരമായി തൽക്കാലം പറയാൻ സാധിക്കൂ.

ഇത്തവണത്തെ ടീമുകളിലേക്ക് വന്നാൽ കൊൽക്കത്ത, ഹൈദരാബാദ് ടീമുകളാണ്  കടലാസ്സിൽ കരുത്തരായി കാണപ്പെടുന്നത്. ഡൽഹി, ചെന്നൈ എന്നിവരും സാധ്യത ലിസ്റ്റിലുണ്ട്.

കൊൽക്കത്ത കഴിഞ്ഞ സീസണിലെ കിരീടനേട്ടത്തിൽ നിർണായക പങ്ക് വഹിച്ച ഗൗതം ഗംഭീർ, നായകൻ ശ്രേയസ് എന്നിവരുടെ അഭാവത്തിലും സുശക്തരായ ടീമാണ്. അച്ചിങ്ക്യ രഹാനെ, ഡി കോക്ക്, റിങ്കു സിങ്, വെങ്കടേഷ് അയ്യർ എന്നിവരടങ്ങുന്ന ബാറ്റിംഗ് നിര, ആന്ദ്രേ റസൽ, സുനിൽ നരൈൻ, മൊയിൻ അലി എന്നിങ്ങനെ ഓൾ റൗണ്ട് ഓപ്‌ഷനുകൾ. ഹർഷിത് റാണ, വരുൺ ചക്രവർത്തി, നോർക്കിയ ഉൾപ്പെടുന്ന ബൗളിംഗ് നിര. ക്യാപ്റ്റൻ രഹാനെ ആയിരിക്കും ദുർബലമായ കണ്ണി എന്ന് വിലയിരുത്തപ്പെടുന്നുണ്ട്. ഒരു മോശം പ്രകടനം സീസണ് ഇടക്ക് വച്ചൊരു നായക മാറ്റത്തിലും കലാശിച്ചേക്കാം. രഹാനെയെ പോലൊരു പോരാളിയിൽ കൊൽക്കത്ത മാനേജ്മെന്റ് അർപ്പിക്കുന്ന വിശ്വാസം പക്ഷേ, ന്യായമാണ്. അവസാനം കളിച്ച കുറച്ച് സീസണുകളിൽ തീർത്തും പോസിറ്റീവ് ആയി ടീമിന് തിരിച്ചടിയാവാത്ത  രീതിയിലാണ് അദ്ദേഹം ബാറ്റ് ചെയ്തത്, നായകനെന്ന നിലയിലും കിട്ടിയ കുറച്ച് അവസരങ്ങളിൽ മികവ് തെളിയിച്ചിട്ടുമുണ്ട്.

MS Dhoni joins Star Sports for new 2025 ICC men's Champions Trophy campaign  | News - Business Standardഎം എസ് ധോണി | PHOTO: WIKI COMMONS
ഹൈദരാബാദ് കഴിഞ്ഞ തവണ അവസാന ലാപ്പിൽ നഷ്ടപ്പെട്ട കിരീടം ഇത്തവണ പിടിച്ചെടുക്കാനാണ് വരുന്നത്. ട്രെവിസ് ഹെഡ്, അഭിഷേക് ശർമ, ക്ലാസൻ, ഇഷാൻ കിഷൻ, നിതീഷ് റെഡ്‌ഡി,  ടൂർണമെന്റിലെ തന്നെ ഏറ്റവും സ്ഫോടനാത്മകമായ ടോപ് ഓർഡറാണിത്. പാറ്റ് കമ്മിൻസ്, ഹർഷൽ പട്ടേൽ, മുഹമ്മദ്‌ ഷാമി, ആദം സാമ്പ എന്നിവർ ഉൾപ്പെടുന്ന കരുത്തുറ്റ ബോളിങ് നിരയും കൂടെയുണ്ട്.

രാജസ്ഥാന്റെ സാധ്യതകൾ ഇത്തവണ പരിമിതമാണ് എന്ന് തോന്നുന്നു. ടീം ബാലൻസ്ഡ് അല്ലെന്നുള്ളതാണ് പ്രശ്നം. ജോസ് ബട്ട്ലറുടെ അഭാവം ഉണ്ടാക്കുന്ന വലിയ വിടവ് നികത്തുക തൽക്കാലം സാധ്യമല്ല എന്നിരിക്കെ സഞ്ജു സാംസൺ, ജയ് സ്വാൾ ഓപ്പണിങ് കൂട്ടുകെട്ട് അവരെ സംബന്ധിച്ച് ഓരോ മത്സരത്തിലും പ്രാധാന്യമുള്ളതാണ്. കാരണം മിഡിൽ ഓർഡർ ദുർബലമാണ്. ഓൾ റൗണ്ടർമാരുടെ അഭാവമാണ് പതിവുപോലെ രാജസ്ഥാനെ തളർത്തുന്ന ഘടകം. ഹസ്രങ്കയും തീക്ഷണയും സ്പിൻ വിഭാഗത്തെ ശക്തിപ്പെടുത്തിയെങ്കിൽ പേസ് ബോളിങ്  ദുർബലമാണ്. ഫിറ്റ്‌നസ് പ്രശ്നങ്ങളുള്ള ജോഫ്ര ആർച്ചറാണ് പേസ് ആക്രമണം നയിക്കുന്നത്. സന്ദീപ് ശർമയെ മാറ്റി നിർത്തിയാൽ വിശ്വസിക്കാവുന്ന മറ്റൊരു പേസറുമില്ല. പരിക്ക് മൂലം നായകൻ സഞ്ജു സാംസൺ ആദ്യത്തെ കുറച്ച് മത്സരങ്ങൾ ബാറ്റർ മാത്രമായിട്ടാണ് കളിക്കുന്നത്, നയിക്കുന്നത് റയാൻ പരാഗും.

കഴിഞ്ഞ തവണ അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്ത മുംബൈ ഇത്തവണ കാര്യമായ മാറ്റങ്ങൾ ഒന്നും കൂടാതെയാണ് വരുന്നത്. തിലക് വർമയും സൂര്യകുമാറും അടങ്ങുന്ന ബാറ്റിങ് നിര തന്നെയാണ് അവരുടെ കരുത്ത്. കൂടെ രോഹിത് ശർമ്മയും വിൽ ജാക്സും, ഹാർദ്ദിക് പാണ്ട്യയും. പരിക്ക് കാരണം ബുമ്രക്ക് കുറച്ച് കളികൾ പുറത്തിരിക്കേണ്ടി വരുമെന്നത് സ്വതവേ അൽപം ദുർബലമായ ബോളിങ് നിരയുടെ പ്രശ്നങ്ങൾ കൂട്ടും.

തിലക് വർമയും സൂര്യകുമാറും | PHOTO: WIKI COMMONS
ചെന്നൈ സൂപ്പർ കിംഗ്സ് കുറേക്കൂടെ ബാലൻസ്ഡ് ആണ്. സ്പിന്നിന് മുൻ‌തൂക്കമുള്ള ഹോം ഗ്രൗണ്ടിൽ പരമാവധി പോയിന്റുകൾ നേടുന്ന അവരുടെ തന്ത്രത്തെ പിന്തുണക്കാൻ കെൽപ്പുള്ള സ്പിൻ ആക്രമണമാണ് അവരുടേത്. അശ്വിൻ, ജഡേജ, നൂർ അഹമ്മദ് കൂടെ രചിൻ രവീന്ദ്രയും. ബാറ്റിംഗ് നിരയിൽ കോൺവേയും നായകൻ റുതു രാജും വരുന്ന അവരുടെ ഓപ്പണിങ് പാർട്ണർ ഷിപ് നിർണായകമാണ്. മധ്യനിരയിൽ ശിവം ദുബേയുടെ ആക്രമണാത്മക സമീപനവും വിക്കറ്റിനു പുറകിൽ എം എസ് ധോണിയുടെ പരിചയസമ്പന്നതയും നിർണ്ണായകമാണ്.

പഞ്ചാബ് കിംഗ്സിന്റെ സ്ക്വാഡ് ഡെപ്ത് അസൂയാവഹമാണ്. ശ്രേയസ് അയ്യർ നയിക്കുന്ന ബാറ്റിങ് നിരയിൽ പ്രഭ് സിമ്രാൻ സിംഗ്, ജോഷ് ഇന്ഗ്ലീസ് എന്നിവരുണ്ട്. ഗ്ലെൻ മാക്സ് വെൽ, സ്റ്റോയിനിസ്, അസ്മത്തുള്ള ഒമർ സായി, മുഷീർ ഖാൻ എന്നിങ്ങനെ ഒട്ടേറെ ഓൾ റൗണ്ട് ഓപ്‌ഷനുകൾ. അർഷ് ദീപ് സിംഗ്, ലോക്കി ഫെർഗുസൻ, മാർക്കോ യാൻസൻ, ചഹാൽ, ഹർപ്രീത് ബ്രാർ എന്നിവരടങ്ങുന്ന ബോളിങ് നിര.

ലക് നൗ, ഗുജറാത്ത്‌, ബാംഗ്ലൂർ, ഡൽഹി ടീമുകളിൽ ഡൽഹി ഇത്തവണ കുറച്ചുകൂടി സമതുലിതമായി തോന്നുന്നു. മിച്ചൽ സ്റ്റാർക്ക്, നടരാജൻ, മുകേഷ് കുമാർ, കുൽദീപ് യാദവ് ,അക്സർ പട്ടേൽ ടോപ് ബോളിങ് അറ്റാക്കാണ്. ജേക് ഫ്രേസർ മക് ഗർക്ക്, ഡ്യൂപ്ലെസി, കെ എൽ രാഹുൽ, സ്റ്റബ്സ് എന്നിവർ വരുന്ന സാമാന്യം നല്ലൊരു ടോപ് ഓർഡറും. ഗുജറാത്തും മോശമല്ല. റബാഡയും റാഷിദ് ഖാനും സിറാജും ജെറാൾഡ് കോയറ്റ്സിയും ഉൾപ്പെടുന്ന ബൗളിംഗ് നിരയും, ശുഭ്മാൻ ഗിൽ, ജോസ് ബട്ട് ലർ, ഗ്ലെൻ ഫിലിപ്സ്, സായി സുദർശൻ എന്നിവരൊക്കെ വരുന്നൊരു ബാറ്റിങ് നിരയുമുള്ള ടീമിനെ ശ്രദ്ധിക്കണം.

REPRESENTATIVE IMAGE| PHOTO: WIKI COMMONS
ശ്രദ്ധ പിടിച്ചെടുക്കാൻ സാധ്യതയുള്ള കുറച്ച് യുവതാരങ്ങളുടെ സാന്നിധ്യം ഇത്തവണയുമുണ്ട്. രാജസ്ഥാന്റെ 13 വയസ്സുകാരൻ വൈഭവ് സൂര്യവംശിയെന്ന എക്സ്പ്ലോസീവ് ബാറ്റർ, പഞ്ചാബിന്റെ 20 വയസ്സുകാരൻ ഓൾ റൗണ്ടർ മുഷീർ ഖാൻ, ബാംഗ്ലൂരിന്റെ 19 വയസ്സുകാരൻ സ്വസ്തിക് ചികാര എന്നിവരെല്ലാം തന്നെ അവസരങ്ങൾക്കായി കാത്തിരിക്കുകയാണ്. നാളെയുടെ താരങ്ങൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാനും ഉയരങ്ങളിലേക്ക് കുതിക്കാനുമുള്ള സാധ്യതകൾ തുറന്നു കൊടുക്കുന്ന വേദി കൂടെയാണല്ലോ ഐപിഎൽ.

നമുക്കപ്പോൾ ക്രിക്കറ്റ് പെയ്തിറങ്ങുന്ന ടി ട്വന്റി ക്രിക്കറ്റിലെ ഏറ്റവും ആവേശകരമായ രണ്ടു മാസങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം.13 വേദികളിൽ 74 മത്സരങ്ങൾ. ഇറ്റ്സ് ഐ പി എൽ, ലെറ്റ്സ് ക്രിക്കറ്റ്.






#Sports
Leave a comment