TMJ
searchnav-menu
post-thumbnail

TMJ Sports

ജോവോ കാന്‍സലോ; ഡാനി ആല്‍വേസിന്റെ പകരക്കാരനാകുമോ?

02 Sep 2023   |   3 min Read
അക്ഷയ് കെ പി

പാസ്സുകള്‍, തലങ്ങും വിലങ്ങും പാസ്സുകള്‍ ഇട്ട് ഏറ്റവും സുന്ദരമായ ഫുട്‌ബോള്‍ കളിക്കുന്ന ടീമുകളിലൊന്നാണ് സ്പാനിഷ് ക്ലബ്ബ് എഫ്.സി ബാഴ്‌സലോണ. പന്ത് കൈയില്‍ വച്ച് കൊണ്ട് കളിക്കുക എന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തി അവര്‍ വര്‍ഷങ്ങളായി അറ്റാക്കിങ്ങ് ഫുട്‌ബോള്‍ കാഴ്ച വയ്ക്കുന്നു. ബാഴ്‌സലോണയുടെ സമീപകാല പ്രകടനങ്ങള്‍ എടുത്ത് നോക്കിയാല്‍ തങ്ങളുടെ പ്രതാപ കാലത്തിന്റെ നിഴലില്‍ മാത്രമാണ് ഇപ്പോള്‍ കറ്റാലന്‍മാര്‍. തിരിച്ച് വരവിന്റെ സൂചനകള്‍ കഴിഞ്ഞ സീസണ്‍ മുതല്‍ ബാഴ്‌സ നല്‍കിത്തുടങ്ങിയിട്ടുമുണ്ട്. എന്നാല്‍ ബാഴ്‌സയ്ക്ക് യൂറോപ്പ് കീഴടക്കണമെങ്കില്‍ നിലവിലെ ടീമില്‍ ചില മാറ്റങ്ങളൊക്കെ അനിവാര്യമാണ്. തങ്ങളുടെ അക്കാദമിയില്‍ നിന്ന് പുതിയ താരങ്ങളെ കണ്ടെത്തിയും യൂറോപ്പിലെ മറ്റ് ടീമുകളില്‍ നിന്ന് കളിക്കാരെ സൈന്‍ ചെയ്തും ബാഴ്‌സ ടീമിന്റെ സ്‌ക്വാഡ് ഡെപ്ത് വര്‍ദ്ദിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഈ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലും ഒരുപിടി മികച്ച താരങ്ങളെ ടീമിലെത്തിക്കാന്‍ ബാഴ്‌സലോണയ്ക്ക് സാധിച്ചിട്ടുണ്ട്. ഇല്‍കായ് ഗുണ്ടോആന്‍, ജോവോ ഫെലിക്‌സ്, ജോവോ കാന്‍സലോ എന്നീ താരങ്ങളാണ് ഇക്കുറി ബാഴ്‌സയുടെ സൈന്‍ ചെയ്തവരില്‍ പ്രമുഖര്‍. മാഞ്ചസ്റ്റര്‍ സിറ്റിക്കായി ട്രബിള്‍ അടിച്ച് നില്‍ക്കുന്ന ഗുണ്ടോആന്റെയും അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് കഴിഞ്ഞ തവണ ചെല്‍സിയിയിലേക്ക് ലോണിലെത്തിയ ഫെലിക്‌സിന്റെയും സൈനിങ്ങുകളൊക്കെ കൂളേഴ്‌സ് എന്ന് വിളിപ്പേരുള്ള ബാഴ്‌സ ആരാധകര്‍ക്ക് സന്തോഷമുണ്ടാക്കുന്നതാണെങ്കിലും കാന്‍സലോയുടെ സെനിങ്ങ് അവരെ കൂടുതല്‍ സന്തോഷിപ്പിച്ചേക്കാം. കാരണം ഒരിക്കല്‍ ബാഴ്‌സയുടെ കരുത്തായിരുന്ന ഡാനി ആല്‍വേസ് ഒഴിച്ചിട്ട റൈറ്റ് ബാക്കിലെ സ്ഥാനം കുറച്ച് കാലങ്ങളായി അവര്‍ക്ക് നികത്താന്‍ കഴിഞ്ഞിരുന്നില്ല.

2008 ലായിരുന്നു സെവിയ്യയില്‍ നിന്നും ബാഴ്‌സ ഡാനി ആല്‍വേസിനെ സെന്‍ ചെയ്യുന്നത്. പെപ് ഗ്വാര്‍ഡിയോള ബാഴ്‌സയിലെത്തിയ വര്‍ഷം. ആ സീസണില്‍ ലോകത്തെ ഒരു ഫുട്‌ബോള്‍ ടീമിന് വിജയിക്കാന്‍ സാധിക്കുന്ന മുഴുവന്‍ ട്രോഫികളും പെപും സംഘവും ക്യാംപ് നൗവിലെത്തിച്ചു. തുടര്‍ന്നങ്ങോട്ട് ആല്‍വേസ് ബാഴ്‌സയുടെ സജീവ സാന്നിധ്യമായിരുന്നു. മധ്യനിരയില്‍ ബുസ്‌കെറ്റ്‌സും ചാവിയും ഇനിയേസ്റ്റയും പാസ്സുകള്‍ കൊണ്ട് കളിയെ ആകെ നിയന്ത്രിച്ചപ്പോള്‍ ഡാനി ആല്‍വേസ് റെറ്റ് ബാക്കില്‍ നിന്ന് ടീമിനായി കഠിനാധ്വാനം ചെയ്തു. ആത്മാര്‍തഥയ്ക്ക് ഫുട്‌ബോളില്‍ മറ്റൊരു പേരുണ്ടെങ്കില്‍ അത് ഡാനി ആല്‍വേസ് ആയിരിക്കും എന്ന് ഏതൊരു ഫുട്‌ബോള്‍ ആരാധകനും പറയാന്‍ സാധിക്കും. ഗ്രൗണ്ടിന്റെ വലത് മൂലയില്‍ നിന്ന് അയാള്‍ നിരന്തരം കളിയെ നിയന്ത്രിച്ചു. പ്രതിരോധത്തില്‍ പുയോള്‍,പീക്വേ,മഷരാനോ എന്നിവരോടൊപ്പം ഉറച്ച് നിന്നപ്പോള്‍ അറ്റാക്കിങ്ങില്‍ മെസ്സിയുമായുള്ള ഡാനിയുടെ ലിങ്ക് അപ്പ് ശ്രദ്ദേയമായിരുന്നു. വലത് ഭാഗത്ത് കളിക്കുന്ന ഒരു പ്രതിരോധ താരം എന്നതിലുപരി കളിയില്‍ ഭൂരിഭാഗ സമയവും ഇടപെടുന്ന ഒരാളിയിരുന്നു ഡാനി. ചുരുക്കിപ്പറഞ്ഞാല്‍ പെപ് ഗ്വാര്‍ഡിയോള ക്രൈഫിന്റെ ടോട്ടല്‍ ഫുട്‌ബോള്‍ എന്ന ആശയത്തില്‍ നിന്നും ചുവട് പിടിച്ച് ടിക്കി-ടാക്ക എന്ന ശൈലിയെ ലോകത്തിന് പരിചയപ്പെടുത്തിയപ്പോള്‍ അതില്‍ പ്രധാനികളില്‍ ഒരാളായിരുന്നു ഡാനി ആല്‍വേസ്. പെപ്പിന് ശെഷവും ആല്‍വേസ് ബാഴ്‌സയില്‍ തുടര്‍ന്നു. 2016 വരെ. അതിന് ശേഷം ഇങ്ങോട്ട് നോക്കിയാല്‍ ബാഴ്‌സയ്ക്ക് ആല്‍വേസിന് അനുയോജ്യമായ പകരക്കാരനെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല എന്ന് തന്നെ പറയാം. സെര്‍ജിയോ റോബര്‍ട്ടോ മുതല്‍ നെല്‍സണ്‍ സെമദോ വരെ പലരും ആ പൊസിഷനിലേക്കെത്തിയെങ്കിലും അവര്‍ക്കൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. കഴിഞ്ഞ സീസണില്‍ ടീമിന്റെ സെന്റര്‍ ബാക്ക് ആയ ജൂള്‍സ് കോണ്ടേയെ ആണ് ചാവി റൈറ്റ് ബാക്ക് സ്ഥാനത്ത് കളിപ്പിച്ചത്. ചാവി പരിശീലകനായതോടെ 2021 ല്‍ ഡാനി വിണ്ടും ബാഴ്‌സയുടെ ഭാഗമായി. പക്ഷേ അപ്പോഴേക്കും അദ്ദേഹത്തെ പ്രായം വല്ലാത്ത രീതിയില്‍ ബാധിക്കുക കൂടി ചെയ്തത് കൊണ്ട് മികച്ച് പ്രകടനം പുറത്തെടുക്കാന്‍ ആല്‍വേസിന് സാധിച്ചിരുന്നില്ല. പോര്‍ച്ചുഗീസ് താരമായ 29 വയസ്സുള്ള ജോവോ കാന്‍സലോയെ ബാഴ്‌സലോണ സൈന്‍ ചെയ്യുന്നതോട് കൂടി ദീര്‍ഘ കാലമായി ബാഴ്‌സയ്ക്ക് തലവേദന സ്രഷ്ടിച്ചിരുന്ന റൈറ്റ് ബാക്ക് പൊസിഷന്റെ കാര്യത്തില്‍ തീരുമാനമായേക്കും.


ജോവോ കാന്‍സലോയും ജോവോ ഫെലിക്സും ബാഴ്സലോണയില്‍ । Photo : FC Barcelona

പെപ് ഗ്വാര്‍ഡിയോളയ്ക്ക് കീഴില്‍ കളിച്ച് പരിചയമുള്ള ഒരാളാണ് കാന്‍സലോ എന്നത് തന്നെയാണ് ബാഴ്‌സ ആരാധകര്‍ക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ഒരു ഘടകം. പെപ്് ബാഴ്‌സ വിട്ടെങ്കിലും ബാഴ്‌സയിലായിരുന്നപ്പോള്‍ അയാള്‍ ഫോളോ ചെയ്തിരുന്ന രീതി തന്നെയാണ് ഇപ്പോഴും തുടരുന്നത്. ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ സജീവ സാന്നിധ്യമായിരുന്നു കഴിഞ്ഞ ജനുവരി വരെ കാന്‍സലോ. ടീമിലെ ചില പ്രശ്‌നങ്ങള്‍ കാരണമാണ് കാന്‍സലോ സിറ്റി വിട്ട് ബയേണിലേക്ക് ലോണിലെത്തിയത്. അവിടെ നിന്നാണ് സിറ്റിയുടെ കളിക്കാരനായി തന്നെ ഇപ്പോള്‍ കാന്‍സലോ ബാഴ്‌സയിലേക്കും എത്തുന്നത്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ഫുള്‍ ബാക്കില്‍ ഒരാളായി വിലയിരത്തപ്പെടുന്ന കാന്‍സലോയ്ക്ക് റൈറ്റ് ബാക്കില്‍ മാത്രമല്ല ലെഫ്റ്റ് ബാക്കിലും കളിക്കാന്‍ സാധിക്കാറുണ്ട്. തന്റെ സ്പീഡ്,എനര്‍ജി എന്നിവ ഉപയോഗിച്ച് എതിര്‍ ടീമിന്റെ ഗോള്‍ മുഖത്തേക്ക് അറ്റാക്ക് ചെയ്യുന്ന താരം കൂടിയാണ് കാന്‍സലോ. ഡ്രിബ്‌ളിങ്ങ്, ക്രോസിംഗ് എബിലിറ്റി എന്നിവയോടൊപ്പം പ്രതിരോധത്തിലുള്ള മികവും കാന്‍സലോ ബാഴ്‌സയിലെത്തുന്നതിന് ഘടകങ്ങളാണ്. പെപ് ഇപ്പോള്‍ സിറ്റിയില്‍ പ്രയോഗിക്കുന്ന തന്ത്രങ്ങള്‍ക്ക് സമാനമായ ശൈലി തന്നെയാണ് ചാവി ഇപ്പോള്‍ ബാഴ്‌സയിലും നടപ്പിലിക്കുന്നത്. കാന്‍സലോ എന്ന കളിക്കാരന്റെ ഗ്രൗണ്ടിലെ ക്രിയേറ്റിവിറ്റി പെപ് ഉപയോഗിച്ചത് പോലെ തീര്‍ച്ചയായും ചാവിയും ഉപയോഗിക്കാന്‍ ശ്രമിക്കും. റൈറ്റ് ബാക്കില്‍ മാത്രം കാന്‍സലോയെ നിര്‍ത്താതെ പല പൊസിഷനുകളിലും ചാവി കാന്‍സലോയെ പരീക്ഷിച്ചേക്കാം. കഴിഞ്ഞ സീസണ്‍ മുതല്‍ ബാഴ്‌സയുടെ പ്രതിരോധ നിര മികച്ച് നില്‍ക്കുന്നതാണ്. ആ ഒരു നിരയിലേക്കാണ് കാന്‍സലോ കൂടിയെത്തുന്നത്. റൈറ്റ് ബാക്കില്‍ കാന്‍സലോയെ ചാവി ഫസ്റ്റ് ചോയ്‌സായി പരിഗണിക്കാനാണ് സാധ്യതയെങ്കിലും എല്‍ ക്ലാസിക്കോ ഉള്‍പ്പടെയുള്ള പല മത്സരങ്ങളിലും ഇതിന് മാറ്റം സംഭവിച്ചേക്കാം. സെന്റര്‍ ബാക്കില്‍ റൊണാള്‍ഡ് അരൗഹോ,ജൂള്‍സ് കോണ്ടേ,ആന്‍ഡ്രിയാസ് ക്രിസ്റ്റെന്‍സന്‍ എന്നിവരാണ് പ്രധാന താരങ്ങള്‍. ഇതില്‍ ക്രിസ്റ്റെന്‍സന്‍,അരൗഹോ എന്നിവര്‍ ഇടയ്ക്കിടെ പരിക്കിന്റെ പിടിയിലാവാറുണ്ട്. ലെഫ്റ്റ് ബാക്കില്‍ ബാഴ്‌സയുടെ അക്കാദമി പ്രൊഡക്റ്റായ അലക്‌സ് ബാല്‍ഡെയും കളിക്കും.

പോര്‍ച്ചുഗീസ് ക്ലബ്ബായ ബെന്‍ഫിക്കയില്‍ നിന്ന് തന്റെ സീനിയര്‍ കരിയര്‍ ആരംഭിച്ച കാന്‍സലോ യൂറോപ്പിലെ വിവിധ ക്ലബ്ബുകളുടെ ഭാഗമായിട്ടുണ്ട്. 2014 ല്‍ ബെന്‍ഫിക്കയില്‍ അരങ്ങേറിയ കാന്‍സലോ മാഞ്ചസ്റ്റര്‍ സിറ്റി,ബയേണ്‍ മ്യൂണിക് എന്നീ ടീമുകള്‍ക്ക് പുറമേ വലെന്‍സിയ,ഇന്റര്‍ മിലാന്‍,യുവന്റസ് എന്നീ ടീമുകള്‍ക്കായും കളിച്ചിട്ടുണ്ട്. പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെയും സജീവ സാന്നിധ്യമാണ് കാന്‍സലോ. ഒരു പുതിയ യുഗത്തെ കെട്ടിപ്പടുക്കുന്ന ബാഴ്‌സലോണയിലേക്കാണ് ഇരുപത്തി ഒന്‍പതുകാരനായ കാന്‍സലോ എത്തുന്നത്. കാന്‍സലോ എന്ന താരത്തിന്റെ എക്‌സ്പീരിയന്‍സും ശേഷിയും ടീമിന് തീര്‍ച്ചയായും ഉപകാരപ്പെടും എന്ന് തന്നെയാണ് ക്ലബ്ബും ആരാധകരും വിശ്വസിക്കുന്നത്.


#Sports
Leave a comment