TMJ
searchnav-menu
post-thumbnail

TMJ Sports

മൈക്കല്‍ ഷുമാക്കര്‍; ഒരു പതിറ്റാണ്ടിന്റെ ഓര്‍മ്മകള്‍

27 Jan 2024   |   3 min Read
അക്ഷയ് കെ പി

ഫോര്‍മുല വണ്ണിന്റെ ട്രാക്കുകളില്‍ വേഗത കൊണ്ട് ഇതിഹാസങ്ങള്‍ രചിച്ചവന്‍, തന്റെ പ്രതാപകാലത്ത് ലോകത്തെ ഏറ്റവും പ്രശസ്തനായ കായിക താരങ്ങളില്‍ ഒരാള്‍, വിരമിക്കുമ്പോള്‍ കാര്‍ റെയ്സിങ്ങ് എന്ന മത്സരയിനത്തിലെ റെക്കോര്‍ഡുകളെല്ലാം തന്റെ പേരിലാക്കിയവന്‍,  മൈക്കല്‍ ഷുമാക്കര്‍ എന്ന പേര് കേള്‍ക്കുമ്പോള്‍ത്തന്നെ എഫ് വണ്‍ ട്രാക്കുകളില്‍ ചീറിപ്പാഞ്ഞു പോകുന്ന ഫെറാരിയുടെ കാറും പോഡിയത്തില്‍ ചുവന്ന റേസിങ് സ്യൂട്ടണിഞ്ഞ് നില്‍ക്കുന്ന ഡ്രൈവറേയും ഷാമ്പെയിന്‍ ബോട്ടില്‍ പൊട്ടിച്ചു കൊണ്ടുള്ള അയാളുടെ ആഘോഷവുമെല്ലാം ഓരോ കായിക പ്രേമിയുടെയും ഓര്‍മ്മകളിലെത്തും. നിര്‍ഭാഗ്യവശാല്‍ നൊമ്പരപ്പെടുത്തുന്ന ഓരോര്‍മ്മയുടെ പേര് കൂടിയാണ് മൈക്കല്‍ ഷുമാക്കര്‍ എന്നത്. ഡ്രൈവിങ്ങിലെ വേഗതയുടെ അളവുകോലായി ഇന്നും അയാളുടെ പേര് പരാമര്‍ശിക്കപ്പെടുമ്പോള്‍ സ്വയം ഒന്ന് ചലിക്കാന്‍ പോലുമാകാതെ തന്റെ ജീവിതം അയാള്‍ ജീവിച്ചുതീര്‍ക്കുകയാണ്. റേയ്സിങ് ട്രാക്കുകളില്‍ മൈക്കല്‍ ഷുമാക്കറുടെ അസാന്നിധ്യം നിറഞ്ഞ ഒരു പതിറ്റാണ്ടാണ് കടന്നുപോയത്.

2013 ഡിസംബര്‍ 29, 14 വയസ്സുകാരനായ തന്റെ മകന്‍ മിക്കിനോടൊപ്പം ഫ്രഞ്ച് ആല്‍പ്‌സ് മലനിരകളിലെ റിസോര്‍ട്ടുകളിലൊന്നില്‍ സ്‌കീയിങ്ങിനായി എത്തിയതായിരുന്നു മൈക്കല്‍ ഷുമാക്കര്‍. 2012 ല്‍ ഫോര്‍മുല വണ്ണില്‍ നിന്ന് റിട്ടയര്‍ ചെയ്ത ഷുമാക്കര്‍ അപ്പോഴേക്കും സമര്‍ത്ഥനായ ഒരു സ്‌കീയിങ് അഭ്യാസിയായി മാറിക്കഴിഞ്ഞിരുന്നു. അന്നത്തെ സ്‌കീയിങ്ങിനിടെ ഷുമാക്കറിന് ഒരപകടമുണ്ടായി. മഞ്ഞില്‍ തെന്നി നീങ്ങാനായി ഉപയോഗിക്കുന്ന സ്‌കി മഞ്ഞിനടിയില്‍ മറഞ്ഞിരുന്ന ഒരു പാറയില്‍ ഇടിക്കുകയും ഷുമാക്കര്‍ മൂന്ന് മീറ്ററോളം താഴ്ചയുള്ള ഒരു പാറക്കൂട്ടത്തിലേക്ക് വീഴുകയും ചെയ്തു. ഇടിയുടെ ആഘാതത്തില്‍ ഷുമാക്കര്‍ ധരിച്ചിരുന്ന ഹെല്‍മെറ്റ് രണ്ടായി പിളര്‍ന്നുപോയി. ഹെല്‍മെറ്റില്‍ ഉണ്ടായിരുന്ന ക്യാമറയില്‍ നിന്ന് ഷുമാക്കര്‍ വലിയ വേഗതയിലൊന്നുമായിരുന്നില്ല സ്‌കീയിങ് ചെയ്തിരുന്നത് എന്ന് തെളിഞ്ഞു. എന്നാല്‍ വീഴ്ചയില്‍ തലയ്‌ക്കേറ്റ പരുക്ക് വളരെ ഗുരുതരമായിരുന്നു. 

എയര്‍ ആംബുലന്‍സില്‍ ഫ്രാന്‍സിലെ ഗ്രനോബിള്‍ ആശുപത്രിയിലേക്ക് മാറ്റിയ ഷുമാക്കറെ രണ്ട് അടിയന്തര ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കി. മസ്തിഷ്‌കാഘാതം സംഭവിച്ചതിനാല്‍ ഡോക്ടര്‍മാര്‍ ഷുമാക്കര്‍ക്ക് മെഡിക്കല്‍ കോമ നിര്‍ദ്ദേശിക്കുകയായിരുന്നു. ആ കോമയില്‍ നിന്നും പിന്നീടയാള്‍ക്ക് എഴുന്നേല്‍ക്കാന്‍ സാധിച്ചിട്ടില്ല. സ്വകാര്യത മാനിച്ച് ഷുമാക്കറിന്റെ ബന്ധുക്കളാരും വര്‍ഷങ്ങളായി താരത്തിന്റെ രോഗവസ്ഥയോ ഒന്നും പുറത്തുവിട്ടിട്ടുമില്ല. തന്റെ റെക്കോര്‍ഡുകള്‍ കടപുഴക്കിയ ലൂയിസ് ഹാമില്‍ട്ടന്റെ കഥകളറിയാതെ, ട്രാക്കുകളിലെ പുതിയ വേഗരാജാവായ മാക്‌സ് വെര്‍സ്റ്റാപ്പന്റെ കഥകളറിയാതെ സ്വിറ്റ്‌സര്‍ലന്‍ഡിലെ ജനീവ തടാകത്തിനരികെ വിശ്രമിക്കുകയാണ് ഷുമാക്കര്‍ ഇപ്പോള്‍. അപ്പോഴും പൂര്‍ണ്ണമായും ജീവിതത്തിലേക്കുള്ള അയാളുടെ മടങ്ങിവരവും കാത്ത് ഒരാരധകകൂട്ടം ഇവിടെ കാത്തിരിക്കുന്നുമുണ്ട്.

മൈക്കൽ ഷൂമാക്കർ | PHOTO: WIKI COMMONS
നാലാം വയസ്സില്‍ ഒരു പെഡല്‍ കാര്‍ട്ടിലൂടെയാണ് ഷുമാക്കര്‍ തന്റെ റേസിംഗ് കരിയര്‍ ആരംഭിച്ചത്. പെഡല്‍ കാര്‍ട്ടില്‍ ഷുമാക്കര്‍ കൂടുതല്‍ സമയം ചിലവഴിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയാളുടെ അച്ഛന്‍, പെഡല്‍ കാര്‍ട്ടിന് പുറകില്‍ ചെറിയൊരു ബൈക്ക് എഞ്ചിന്‍ ഫിറ്റ് ചെയ്തുകൊടുത്തു. ആ പെഡല്‍ കാര്‍ട്ടിലിരുന്നുകൊണ്ടാണ് ഷുമാക്കര്‍ ലോകം കീഴടക്കുന്നതിനായി പുറപ്പെട്ടത്. 90 കളുടെ തുടക്കത്തിലായിരുന്നു ഷുമാക്കര്‍ ഫോര്‍മുല വണ്ണിന്റെ ട്രാക്കുകളിലേക്കെത്തുന്നത്. കൃത്യമായ ഒഴുക്കോടെയുള്ള ഡ്രൈവിങ്ങ് ഷൂമിയെ ആരാധകരുടെ പ്രിയപ്പെട്ടവനാക്കി മാറ്റി. എത്ര വേഗതയിലാണെങ്കിലും വളവുകളില്‍ പുലര്‍ത്തുന്ന മനോഹാരിതയായിരുന്നു മൈക്കല്‍ ഷുമാക്കറിന്റെ മറ്റൊരു ഹൈലൈറ്റ്. മഴ നനഞ്ഞ ട്രാക്കുകളില്‍ കാറോടിക്കാനും ഷുമാക്കര്‍ മിടുക്കനായിരുന്നു.

ജോര്‍ഡാന്റെ ടീമില്‍ നിന്നുമാണ് ഷുമാക്കര്‍ തന്റെ എഫ് വണ്‍ കരിയറാരംഭിക്കുന്നത്. കരിയറില്‍ ബെന്‍ട്ടണ്‍, മെഴ്‌സിഡസ് തുടങ്ങിയ ടീമുകളുടെ മുഖമായി ഷുമാക്കര്‍ മാറിയെങ്കിലും ഫെറാരിയെയാണ് ഷൂമിയുടെ പേരുമായി ചേര്‍ത്ത് വായിക്കേണ്ടത്. 1996 ല്‍ ഫെറാരിയുടെ ടീമില്‍ ജോയിന്‍ ചെയ്തതോടെ ഷുമാക്കറിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഒപ്പം ഫെറാരിക്കും. 20 വര്‍ഷമായി കിട്ടാക്കനിയായി കിടന്ന ചാമ്പ്യന്‍ഷിപ്പ് ഷുമാക്കറാണ് വീണ്ടും ഫെറാരിയുടെ ഷെല്‍ഫിലേക്കെത്തിച്ചത്. 2000 ല്‍ ഷുമാക്കറും ഫെറാരിയും ചേര്‍ന്ന് തുടങ്ങിയ ജൈത്യയാത്ര അവസാനിച്ചത് 2004 ലായിരുന്നു. തുടര്‍ച്ചയായ അഞ്ചുവര്‍ഷം ഷുമാക്കറിന്റെ ചുവന്ന കാറിനെ എഫ് വണ്ണിന്റെ ട്രാക്കുകളില്‍ മറികടക്കാന്‍ മറ്റാരുമുണ്ടായിരുന്നില്ല.

ലോകത്തിലെ എക്കാലത്തേയും മികച്ച എഫ് വണ്‍ ഡ്രൈവര്‍മാരിലൊരാളായിരുന്നു അയര്‍ട്ടന്‍ സെന്ന. മൈക്കല്‍ ഷുമാക്കറിന്റെ സമകാലികന്‍. പക്ഷേ, 1994 ലെ സാന്‍മറിനോയിലെ വേഗതയില്‍ സെന്നയ്ക്ക് പിഴച്ചു. ഷുമാക്കറിന്റെ കാറിന്റെ വേഗത കൂടിയതും അവിടെ നിന്നായിരുന്നു. 1994 ല്‍ ആദ്യ എഫ് വണ്‍ കിരീടം സ്വന്തമാക്കിയ ഷുമാക്കര്‍ 7 എഫ് വണ്‍ കിരീടങ്ങളും, 91 ഗ്രാന്റ് പ്രീയും, 22 ഹാട്രിക്കുകളും, 155 പോഡിയം ഫിനിഷും, 68 പോള്‍ പൊസിഷനും തന്റെ പേരിനോട് ചേര്‍ത്തു. ഒപ്പം 1566 കരിയര്‍ പോയിന്റുകളും. ട്രാക്കിലും പുറത്തും പല വിവാദങ്ങളും ഷുമാക്കറെ തേടിയെത്തിയെങ്കിലും അയാള്‍ നേടിയ നേട്ടത്തിന് മുകളില്‍ നില്‍ക്കുന്നതായിരുന്നില്ല അതൊന്നും. 

അയർട്ടൺ സെന്ന | PHOTO: WIKI COMMONS
ബാല്യകാലത്തുള്‍പ്പെടെ നിരവധി കടമ്പകളെ അതിജീവിച്ച് മുന്നേറിയാണ് ഷുമാക്കര്‍ വേഗരാജാവായത്. തന്റെ ജീവിതം അയാള്‍ റേസിങ് ട്രാക്കിലേക്കായി മാറ്റിവച്ചപ്പോള്‍ ഷുമിയെ തേടിയെത്തിയത് ലോകത്തിലെ ഏറ്റവും പ്രശസ്തനായ കായികതാരങ്ങളിലൊരാള്‍ എന്ന പേരും പെരുമയുമായിരുന്നു. പ്രതാപകാലത്ത് മൈക്കല്‍ ഷുമാക്കര്‍ എഫ് വണ്‍ മത്സരങ്ങള്‍ക്കായി പോയിരുന്നത് സ്വന്തം വിമാനത്തിലായിരുന്നു. സര്‍ക്യൂട്ടിലെ ഹീറോ മാത്രമായിരുന്നില്ല മൈക്കല്‍ ഷുമാക്കര്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് സുനാമി ദുരന്തകാലത്ത് ഷുമാക്കറിന്റെ സഹായമെത്തിയിട്ടുണ്ട്.

ഫോര്‍മുല വണ്ണിലെ ഗ്രാന്‍പ്രി, പോള്‍ പൊസിഷന്‍, പോഡിയം ഫിനിഷ് എന്നിവയിലെല്ലാമുള്ള ഷുമാക്കറിന്റെ റെക്കോര്‍ഡുകളൊക്കെ ഇപ്പോള്‍ ലൂയിസ് ഹാമില്‍ട്ടന്റേതാണ്. ഏറ്റവും കൂടുതല്‍ എഫ് വണ്‍ ചാമ്പ്യന്‍ഷിപ്പ് എന്ന റെക്കോര്‍ഡും ഹാമിള്‍ട്ടന്‍ ഷുമാക്കറുമായി പങ്കിടുന്നു. ഷുമാക്കര്‍ രചിച്ച റെക്കോര്‍ഡുകളൊക്കെ ഏതെങ്കിലും കാലത്ത് ആരെങ്കിലും തിരുത്തുകയും ചെയ്യും. അപ്പോഴും ഇരമ്പിയാര്‍ത്ത് വരുന്ന മൈക്കല്‍ ഷുമാക്കറിന്റെ കാറിനെയിഷ്ടപ്പെട്ടപോലെ ആരാധകര്‍ മറ്റാരെയെങ്കിലും ഇഷ്ടപ്പെടുമോ എന്നുള്ള കാര്യം സംശയമാണ്.

ഒന്നുകില്‍ ലോകപ്രശസ്തിയിലെത്തും അല്ലെങ്കില്‍ മരണത്തെ പുല്‍കും, എഫ് വണ്‍ ട്രാക്കുകളെന്താണെന്ന് ചോദിച്ചാല്‍ വേണമെങ്കിലിങ്ങനെ പറയാം. ആ ട്രാക്കുകളേയും അതിജീവിച്ചാണ് മൈക്കല്‍ ഷുമാക്കര്‍ ലോകപ്രശസ്തനായത്. കണ്ണഞ്ചിപ്പിക്കുന്ന വേഗതയ്ക്കിടയില്‍ പതറാത്ത ഷുമാക്കര്‍ മഞ്ഞുമലകള്‍ക്കിടയില്‍ പതറിപ്പോവുകയായിരുന്നു. ജനീവ തടാകത്തിനരികെ വിശ്രമത്തിലിരിക്കുന്ന ഷൂമി ഇപ്പോള്‍ എന്തായിരിക്കും ചിന്തിക്കുന്നത്. എഫ് വണ്‍ ട്രാക്കുകളിലേക്കിറങ്ങിയ തന്റെ മകന്‍ മിക്കിന്റെ കഥകള്‍ ഷൂമി അറിയുന്നുണ്ടാവുമോ? തന്റെ ചുവന്ന ഫെറാരിയേയും സ്യൂട്ടിനേയും ഓര്‍ക്കുന്നുണ്ടാവുമോ? അച്ഛനുണ്ടാക്കിക്കൊടുത്ത ചെറിയ എഞ്ചിന്‍ വച്ച പെഡല്‍കാര്‍ട്ട് ഓര്‍ക്കുന്നുണ്ടാവുമോ? ട്രാക്കിലെ വേഗതയില്‍ ഓര്‍മ്മയായ സെന്നയെ പോലുള്ളവരെ ഓര്‍ക്കുന്നുണ്ടാവുമോ. ഒരു കൂട്ടമാളുകള്‍ ജീവിതത്തിലേക്ക് അയാള്‍ തിരിച്ചുവരുന്നതും കാത്തിരിക്കുന്നത് അറിയുന്നുണ്ടാവുമോ?


#Sports
Leave a comment