TMJ
searchnav-menu
post-thumbnail

TMJ Sports

നെറ്റ്ഫ്ളിക്സിന്റെ ഖത്തര്‍ ലോകകപ്പ്

20 Jan 2024   |   3 min Read
അക്ഷയ് കെ പി

ത്തറിലെ ലുസൈല്‍ സ്റ്റേഡിയത്തില്‍ 2022 ഡിസംബര്‍ 18 ന് ഗോണ്‍സാലോ മോണ്ടിയേല്‍ അടിച്ച പെനാല്‍റ്റി ഹ്യൂഗോ ലോറിസിനേയും മറികടന്ന് ഗോള്‍ പോസ്റ്റില്‍ വിശ്രമിച്ചപ്പോള്‍ അവസാനിച്ചത് ഏറ്റവും സുന്ദരമായ ഫുട്ബോള്‍ ലോകകപ്പുകളിലൊന്നായിരുന്നു. ലയണല്‍ മെസ്സിയുടേയും അര്‍ജന്റീനയുടേയും 36 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിച്ച ലോകകപ്പ് ശ്രദ്ധേയമായത് മറ്റ് പല കാരണങ്ങള്‍ കൊണ്ട് കൂടിയാണ്. ടൂര്‍ണ്ണമെന്റ് നടത്തിപ്പിലൂടെ തങ്ങളുടെ പ്രൗഡി വിളിച്ചോതിയ ഖത്തറിന്റെയും, അണ്ടര്‍ ഡോഗ്സ് ആയി വന്ന് സെമിവരെ മുന്നേറിയ മൊറോക്കോയുടേയും, ഫൈനലില്‍ വീണുപോയ ഫ്രഞ്ച് പടയുടേയും കഥകളെല്ലാം 2022 ലെ ഫുട്ബോള്‍ ലോകകപ്പിനെ ത്രസിപ്പിച്ചവയായിരുന്നു. എത്ര കണ്ടാലും മതിവരാത്തവയാണ് ഫുട്ബോള്‍ മത്സരങ്ങള്‍. മാച്ച് ഹൈലൈറ്റുകളും ലോകകപ്പിനോടനുബന്ധിച്ച് നടക്കുന്ന പ്രസ്സ് കോണ്‍ഫറന്‍സുകളും, പിന്നണിയിലെ തയ്യാറെടുപ്പുകളുമുള്‍പ്പെടെ ഫുട്ബോള്‍ ആരാധകര്‍ ടൂര്‍ണ്ണമെന്റ് കഴിഞ്ഞാലും വീണ്ടും വീണ്ടും കണ്ടുകൊണ്ടിരിക്കും. ഈ വിഭാഗം ആരാധകര്‍ക്ക് ലോകകപ്പ് കഴിഞ്ഞ് കൃത്യം ഒരു വര്‍ഷമാവുമ്പോള്‍ ഒരു സമ്മാനവുമായി എത്തിയിരിക്കുകയാണ് നെറ്റ്ഫ്ളിക്സ്. ഫുട്ബോള്‍ ലോകകപ്പിന്റെ ത്രില്ലും ആവേശവും ഒട്ടും ചോരാതെ അവതരിപ്പിക്കുന്ന ക്യാപ്റ്റന്‍സ് ഓഫ് ദ വേള്‍ഡ് എന്ന ഡോക്യു സീരീസിലൂടെ.

നെറ്റ്ഫ്ളിക്സിലൂടെ പുറത്തുവന്ന ആറ് എപ്പിസോഡുകളുള്ള ഡോക്യു സീരീസ് ഒരുക്കിയിരിക്കുന്നത് ബേബ് ടര്‍ണര്‍, ഗേബ് ടര്‍ണര്‍ എന്നിവര്‍ ചേര്‍ന്നാണ്. ടൈറ്റിലില്‍ പ്രതിപാദിക്കുന്നത് പോലെ തന്നെ ടൂര്‍ണ്ണമെന്റില്‍ പങ്കെടുത്ത ടീമുകളുടെ ക്യാപ്റ്റന്‍മാരിലൂടെയാണ് ഡോക്യു സീരീസ് മുന്നോട്ട് പോകുന്നത്. ലോകകപ്പ് ലൈവായി കവര്‍ ചെയ്ത നിരവധി ക്യാമറകള്‍ക്ക് പുറമേ കാണികളുടേയും കളിക്കാരുടേയുമുള്‍പ്പെടെ മൊബൈല്‍ ക്യാമറകളില്‍ നിന്നുള്ള കാഴ്ചകളും സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സീരീസ് തുടങ്ങുന്നതും അവസാനിക്കുന്നതും ഫുട്ബോള്‍ കമന്ററിയിലെ ഇതിഹാസമായ പീറ്റര്‍ ഡ്രൂറിയുടെ ഫൈനലിലെ കമന്ററിയോട് കൂടിയാണ്. ഒരു ഫുട്ബോള്‍ മത്സരത്തിന്റെ ത്രില്‍ നിലനിര്‍ത്തുന്നതില്‍ സീരീസിനെ ഡ്രൂറിയുടെ കമന്ററിയുള്‍പ്പെടെ സഹായിക്കുന്നുണ്ട്.


ഫൈനല്‍ വരെയെത്തിയ അര്‍ജന്റീനയുടേയും, ഫ്രാന്‍സിന്റേയും ക്യാപ്റ്റന്‍മാരായ ലയണല്‍ മെസ്സി, ഹ്യൂഗോ ലോറിസ് എന്നിവരിലൂടെ മാത്രമല്ല ഡോക്യുമെന്ററി കടന്ന് പോകുന്നത്. ബ്രസീല്‍ ക്യാപ്റ്റന്‍ തിയാഗോ സില്‍വയില്‍ തുടങ്ങി ജപ്പാന്‍ ക്യാപ്റ്റന്‍ മായ യൊഷീദ വരെ ഡോക്യുമെന്ററിയില്‍ നിറഞ്ഞ് നില്‍ക്കുന്നു. ലോകകപ്പിലെത്തുന്ന ദേശീയ ടീം സ്‌ക്വാഡിനെ മാത്രമല്ല രാജ്യത്തെ മുഴുവന്‍ പ്രതിനിധാനം ചെയ്യുന്നവരാണ് ക്യാപ്റ്റന്‍മാര്‍ എന്ന് ഡോക്യുമെന്ററി പറഞ്ഞ് വയ്ക്കുന്നു. ആക്ടീവ് ആയിരിക്കുന്നതില്‍ സീനിയറായിട്ടുള്ള തിയോഗോ സില്‍വയുടെ നറേഷനില്‍ ടീം ക്യാപ്റ്റന്‍മാരുടെ ഉത്തരവാദിത്തവും സമ്മര്‍ദ്ദവുമെല്ലാം വ്യക്തമാകുന്നുണ്ട്. കാലങ്ങളായി ഫുട്ബോള്‍ ആരാധകര്‍ക്കിടയില്‍ നിലനില്‍ക്കുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോ-ലയണല്‍ മെസ്സി റൈവല്‍റി ക്യാപ്റ്റന്‍സ് ഓഫ് ദി വേള്‍ഡിലും കാണാം.

ലോകത്തിലെ ഫുട്ബോള്‍ ഐക്കണുകളേയും ഫാന്‍ ഫേവറേറ്റുകളേയും മാത്രമല്ല ഡോക്യു സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. മെസ്സിയുടേയും റൊണാള്‍ഡോയുടേയും മാത്രം അവസാന ലോകകപ്പ് അല്ല ഖത്തറിലേതെന്നും തിയാഗോ സില്‍വയുടെയും, ലൂക്കാ മോഡ്രിച്ചിന്റെയും, സെര്‍ജിയോ ബുസ്‌ക്വറ്റ്സിന്റെയും കൂടിയാണെന്നും സീരീസ് പറഞ്ഞ് വയ്ക്കുന്നു. അതോടൊപ്പം പെലെ, മറഡോണ എന്നിവരെ മാത്രമല്ല ലജന്റുകളുടെ കഥകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വെയ്ല്‍സിന്റെ ഗാരി സ്പീഡും സെനഗലിന്റെ പാപ്പ ബൗബ ദിയൂവും സീരീസില്‍ വന്നുപോകുന്നുണ്ട്.
തിയോഗോ സില്‍വ | PHOTO: FACEBOOK
ടൂര്‍ണ്ണമെന്റിലെ മാച്ചുകള്‍ക്കും ഡ്രസ്സിങ്ങ് റൂം മൊമന്റുകള്‍ക്കുമൊക്കെ പുറമേ രാഷ്ട്രീയം കൂടി സംസാരിക്കുന്നുണ്ട് ക്യാപ്റ്റന്‍സ് ഓഫ് ദി വേള്‍ഡ്. രാജ്യത്ത് അതിരൂക്ഷമായ പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സമയത്താണ് ഇറാന്‍ ലോകകപ്പിനെത്തുന്നതും യു.എസ്.എ യുമായുള്ള ഗ്രൂപ്പ് ഘട്ട മത്സരത്തിനൊരുങ്ങുന്നതും. ഇറാന്‍ ടീം ലൈനപ്പ് ചെയ്ത് ദേശീയ ഗാനം ആലപിക്കുന്ന സമയത്തെ താരങ്ങളുടെ പ്രതികരണമൊക്കെ വൈകാരികമായിത്തന്നെ ഡോക്യു സീരീസില്‍ അവതരിപ്പിക്കുന്നുണ്ട്. 2020 ലെ യൂറോയില്‍ ഹൃദയാഘാതം അനുഭവപ്പെട്ടിടത്തു നിന്നും തിരിച്ചു വരുന്ന ഡെന്‍മാര്‍ക്ക് താരം ക്രിസ്റ്റ്യന്‍ എറിക്സണിന്റേയും അയാളുടെ ടീം അംഗങ്ങളുടേയും കഥയും സീരീസിലെ പ്രധാന മുഹൂര്‍ത്തങ്ങളാണ്. ക്രിസ്റ്റ്യന്‍ എറിക്സണ്‍ ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം വഹിച്ച ഡാനിഷ് ക്യാപ്റ്റന്‍ സിമോണ്‍ ക്യാറാണ് സീരീസിലെ മറ്റൊരു നറേറ്റര്‍.

ക്യാപ്റ്റന്‍മാര്‍ക്ക് പുറമേ ടീം അംഗങ്ങള്‍, മാനേജര്‍മാര്‍, മുന്‍ താരങ്ങള്‍ എന്നിവരും അവരുടെ കുടുംബങ്ങളുമുള്‍പ്പെടെ സീരീസിലെ നറേറ്റര്‍മാരാണ്. തിയാഗോ സില്‍വയുടേയും സിമോണ്‍ ക്യാറിന്റേയും ജീവിത പങ്കാളികളിലൂടെ താരങ്ങളനുഭവിക്കുന്ന സമ്മര്‍ദ്ദം പ്രേക്ഷകരിലേക്കെത്തുന്നു. ഒപ്പം എത്രമാത്രം പ്രതീക്ഷയോടെയാണ് ബ്രസീല്‍ ഉള്‍പ്പെടെയുള്ള ടീമുകള്‍ ലോകകപ്പിനെത്തുന്നതെന്നും, കിരീടമില്ലാതെ മടങ്ങേണ്ടി വരുമ്പോള്‍ താരങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെന്താണെന്നും പ്രേക്ഷകര്‍ക്ക് മനസ്സിലാക്കാനും കുടുംബാംഗങ്ങളുടെ നറേഷനിലൂടെ സാധിക്കും.



സൗദി അറേബ്യയോട് ആദ്യ മത്സരം പരാജയപ്പെട്ടതിന് ശേഷം ടൂര്‍ണ്ണമെന്റില്‍ അര്‍ജ്ജന്റീന നടത്തിയ തിരിച്ചുവരവും പിന്നീട് ലോകകപ്പ് ഉയര്‍ത്തിയതും മെസ്സി അനശ്വരനായി മാറിയതുമൊക്കെത്തന്നെയാണ് ഡോക്യു സീരീസിന്റെ ഹൈലൈറ്റ്. എങ്കിലും ഉള്‍പ്പെടുത്താവുന്നതില്‍ പരമാവധി ടീമുകളേയും മാച്ചുകളേയും സീരീസില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മെസ്സി ലോകകപ്പ് ഉയര്‍ത്തി ഗോട്ട് പദവിക്ക് അടിവരയിട്ടപ്പോള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയോട് പരാജയപ്പെട്ട് പുറത്തായ പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നിരാശയേയും ഡോക്യു സീരീസ് അവഗണിക്കുന്നില്ല. മരണഗ്രൂപ്പില്‍ പെട്ട് ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായ ജര്‍മ്മനിയുടേയും പെനാല്‍റ്റിയില്‍ വീണ്ടും കാലിടറിയ സ്പെയ്നിന്റെയുമെല്ലാം മാച്ചുകളും തയ്യാറെടുപ്പുകളും സീരീസില്‍ കൃത്യമായി തന്നെ പ്രതിപാദിക്കുന്നുണ്ട്. ഖത്തര്‍ ലോകകപ്പിന്റെ ഫൈനലിലെ ആവേശം അതുപോലെ തന്നെ ഡോക്യു സീരീസില്‍ അവതരിപ്പിക്കാന്‍ സീരിസിന്റെ ക്രിയേറ്റര്‍മാരായ ബേബ് ടര്‍ണര്‍, ഗേബ് ടര്‍ണര്‍ എന്നിവര്‍ക്കായിട്ടുണ്ട്. എംബാപ്പെയുടെ ഹാട്രിക്ക് നേട്ടവും, മെസ്സിയുടെ നേതൃപാഠവവും, എമിലിയാനോ മാര്‍ട്ടിനസിന്റെ ഗംഭീര സേവുകളുമൊക്കെ അവസാന എപ്പിസോഡില്‍ ലൈവെന്ന പോലെ തന്നെ സ്‌ക്രീനിലെത്തിയിട്ടുമുണ്ട്.

സ്പോര്‍ട്സ് ഇവന്റുകളെ പോലെതന്നെ കാണികളെ ത്രസിപ്പിക്കുന്നവയാണ് സ്പോര്‍ട്സ് ഡോക്യുമെന്ററികളും. അങ്ങനെ നോക്കിയാല്‍ ക്യാപ്റ്റന്‍സ് ഓഫ് ദി വേള്‍ഡ് പൂര്‍ണ്ണമായും വിജയിച്ചു എന്ന് തന്നെ പറയാം. ഒന്നു മുതല്‍ ആറ് വരെയുള്ള എപ്പിസോഡുകളും തുടങ്ങിയവസാനിക്കുന്നത് ഒരു ഫുട്ബോള്‍ മത്സരത്തിലെന്ന പോലെ അടങ്ങാത്ത ആവേശത്തോടെ തന്നെയാണ്.


#Sports
Leave a comment