
റയല്‍ മാഡ്രിഡിന്റെ അര്‍ജന്റൈന്‍ ബോയ്
കേരളത്തിലുള്‍പ്പെടെയുള്ള അര്‍ജന്റൈന്‍ ഫുട്ബോള്‍ ആരാധകരോട് തങ്ങളുടെ ഇഷ്ടപ്പെട്ട ക്ലബ്ബ് ഏതെന്ന് ചോദിച്ചാല്‍ അവരില്‍ ഭൂരിഭാഗംപേരും ഉത്തരമായി നല്‍കുന്നത് എഫ്.സി ബാഴ്സലോണ എന്നായിരിക്കും. ലയണല്‍ മെസ്സി എന്ന അര്‍ജന്റൈന്‍ ഫുട്ബോളറുടെ നീണ്ടുനില്‍ക്കുന്ന ബാഴ്സലോണ കരിയര്‍ മാത്രമാണ് ഇതിന് പ്രധാനകാരണം. മെസ്സിയെ കൂടാതെ അര്‍ജന്റീനയില്‍ നിന്ന് ഫുട്ബോള്‍ ദൈവം മറഡോണ മുതല്‍, മെസ്സിയുടെ തന്നെ സമകാലികനായ ഹാവിയര്‍ മഷരാനോ വരെ നിരവധി അര്‍ജന്റീനക്കാര്‍ ബാഴ്സലോണയുടെ ജേഴ്സിയണിഞ്ഞിട്ടുണ്ട്. പക്ഷേ, കറ്റാലന്‍മാരുടെ ചിരവൈരികളായ റയല്‍ മാഡ്രിഡിലാണ് ബാഴ്സലോണയിലുള്ളതിനേക്കാള്‍ കൂടുതല്‍ അര്‍ജന്റീനക്കാര്‍ കളിച്ചിട്ടുള്ളത്. മെസ്സി ബാഴ്സയിലുള്ള സമയത്തുതന്നെ നിരവധിപേര്‍ റയല്‍ മാഡ്രിഡിനായി ബൂട്ടണിഞ്ഞിട്ടുണ്ട്. പക്ഷേ, മെസ്സി എന്ന ഘടകം അര്‍ജന്റീനക്കാര്‍ക്ക് ബാഴ്സലോണയെ പ്രിയപ്പെട്ടതാക്കി. എന്നാല്‍ ഇനി അങ്ങോട്ട് ചില അര്‍ജന്റൈന്‍ ആരാധകരെങ്കിലും ബാഴ്സലോണയേക്കാള്‍ റയല്‍ മാഡ്രിഡിനെ ഇഷ്ടപ്പെട്ടേക്കും. കാരണം റയല്‍ മാഡ്രിഡിന്റെ അക്കാദമിയില്‍ നിന്നും കളി പഠിച്ച് ഇപ്പോള്‍ സീനിയര്‍ ടീമിനായി അരങ്ങേറി മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന, ടീമിന്റെ ഭാവിയായി കരുതപ്പെടുന്ന നികോ പാസ് അര്‍ജന്റീനക്കാരനാണ്.
റയല്‍ മാഡ്രിഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനായി വിലയിരുത്തപ്പെടുന്ന ആല്‍ഫ്രഡോ ഡി സ്റ്റഫാനോ അര്‍ജന്റീനയില്‍ നിന്നുമുള്ള ഫുട്ബോളറാണ്. ഡി സ്റ്റഫാനോയ്ക്ക് ശേഷവും നിരവധി അര്‍ജന്റീനക്കാര്‍ റയലിന്റെ ജേഴ്സിയണിഞ്ഞിട്ടുണ്ട്. 2005 ന് ശേഷമുള്ള കണക്ക് എടുത്തുനോക്കുമ്പോള്‍ ഗോണ്‍സലോ ഹിഗ്വയ്ന്‍, ആങ്ഹല്‍ ഡി മരിയ എന്നിവരാണ് ലിസ്റ്റിലെ പ്രധാനികള്‍. ഹിഗ്വയ്ന്‍ 2006 മുതല്‍ 2013 വരെയുള്ള ആറ് വര്‍ഷക്കാലവും, ഡി മരിയ 2010 മുതല്‍ 2014 വരെയുള്ള നാല് വര്‍ഷക്കാലവും മാഡ്രിഡ് ജേഴ്സിയണിഞ്ഞു. ഡി മരിയ മാഡ്രിഡ് വിട്ടതിനുശേഷം ആദ്യമായാണ് ഒരു അര്‍ജന്റീനക്കാരന്റെ പേര് സാന്റിയാഗോ ബെര്‍ണ്ണാബ്യൂവില്‍ മുഴങ്ങുന്നത്, അതായത് ഏകദേശം ഒരു പതിറ്റാണ്ടിനുശേഷം നികോ പാസിലൂടെ.
ഗോൺസാലോ ഹിഗ്വയ്ൻ & ആങ്ങ്ഹൽ ഡി മരിയ | PHOTO: REAL MANDRID
അര്‍ജന്റീനയുടെ സീനിയര്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും ജൂനിയര്‍ ടീമുകള്‍ക്കായി കളിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും നികോ പാസ് ജനിച്ചതും വളര്‍ന്നതുമൊക്കെ സ്പെയ്നിലാണ്. എന്നാല്‍ നികോയുടെ അച്ഛന്‍ പാബ്ലോ പാസ് അര്‍ജന്റൈന്‍ ഫുട്ബോളറായിരുന്നു. 1998 ലെ ലോകകപ്പില്‍ അര്‍ജന്റൈന്‍ ടീമില്‍ പാബ്ലോയും അംഗമായിരുന്നു. റൊസാരിയോയിലെ ന്യുവെല്‍സ് ഓള്‍ഡ് ബോയ്സിന്റ അക്കാദമിയിലൂടെയാണ് പാബ്ലോ പാസ് വളര്‍ന്നതെങ്കിലും അയാള്‍ തന്റെ ക്ലബ്ബ് കരിയറിന്റെ ഭൂരിഭാഗവും ചിലവഴിച്ചത് സ്പെയ്‌നിലെ വിവിധ ക്ലബ്ബുകളിലായിട്ടാണ്. അതുകൊണ്ടുതന്നെ പാബ്ലോ പാസും കുടുംബവും സ്പെയ്‌നില്‍ സെറ്റില്‍ ചെയ്യപ്പെട്ടു. സ്പെയ്‌നിലാണ് ജീവിക്കുന്നതെങ്കിലും തന്റെ അച്ഛന്‍ പാബ്ലോ പാസ് അര്‍ജന്റൈന്‍ ഇന്റര്‍നാഷണല്‍ ആയതുകൊണ്ടായിരിക്കാം നികോയും ആ വഴിതന്നെ തിരഞ്ഞെടുത്തത്.
2004 ല്‍ ജനിച്ച നികോ പാസ് തന്റെ യൂത്ത് കരിയര്‍ ആരംഭിക്കുന്നത് സ്പെയ്നിലെ സാന്‍ ജുവാനില്‍ നിന്നുമാണ്. സാന്‍ ജൂവാനില്‍ നിന്ന് പിന്നെ സ്പെയ്നിലെ തന്നെ ടെനറിഫിലേക്ക് മാറിയ നികോയ്ക്ക് തന്റെ 12-ാം വയസ്സില്‍ റയല്‍ മാഡ്രിഡ് അക്കാദമിയിലേക്ക് സെലക്ഷന്‍ ലഭിച്ചു. പിന്നീട് മാഡ്രിഡിന്റെ അക്കാദമിയിലൂടെ വളര്‍ന്ന നികോ 2023 ല്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും ചെയ്തു.
നികോ പാസ് | PHOTO: INSTAGRAM
മിഡ്ഫീല്‍ഡര്‍മാരായ ച്ഷൗമേനി, കാമവിംഗ എന്നിവര്‍ക്ക് പരുക്ക് പറ്റിയതോടെയാണ് നികോ പാസിന് സീനിയര്‍ ടീമിലേക്കുള്ള വാതിലുകള്‍ തുറക്കുന്നത്. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് സ്റ്റേജില്‍ ബ്രാഗയുമായിട്ടുള്ള മത്സരത്തിലാണ് നികോ ആദ്യമായി ലോസ് ബ്ലാങ്കോസിന്റെ സീനിയര്‍ ടീം ജേഴ്സിയണിയുന്നത്. പിന്നീട് റയലിനുവേണ്ടി പല മത്സരങ്ങളിലും ബൂട്ടണിഞ്ഞ നികോ പാസിന്റെ ആദ്യ ഗോള്‍ നേട്ടവും ചാമ്പ്യന്‍സ് ലീഗില്‍ തന്നെയായിരുന്നു.
നാപോളിക്കെതിരായ ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ്പ് മത്സരത്തില്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയാണ് നികോ സീനിയര്‍ കരിയറിലെ തന്റെ ആദ്യ ഗോള്‍ സ്വന്തമാക്കിയത്. 2-2 എന്ന നിലയില്‍ മത്സരം പുരോഗമിച്ചിരിക്കെ 84-ാം മിനുട്ടില്‍ ഇടത് കാലുകൊണ്ട് മനോഹരമായ ഒരു ലോങ് റേഞ്ചിലൂടെയായിരുന്നു നികോ സ്‌കോര്‍ ചെയ്തത്.
ലെഫ്റ്റ് ഫൂട്ടടായിട്ടുള്ള നികോയെ ഇന്റീരിയര്‍ മിഡ്ഫീല്‍ഡറായി പരിഗണിക്കാം. മൂന്നുപേര്‍ ഉള്‍പ്പെടുന്ന മധ്യനിരയുടെ വലതുഭാഗത്തായി സ്ഥാനമുറപ്പിക്കുന്ന നികോയെ ബോക്സ് ടു ബോക്സ് പ്ലേയിലും ഉപയോഗിക്കാം. അതോടൊപ്പം ഒരു മിഡ്ഫീല്‍ഡര്‍ക്ക് വേണ്ട പാസിംഗ് ആക്കുറസി, പാസിംഗ് വിഷന്‍ എന്നീ ഘടകങ്ങള്‍ നികോയ്ക്ക് വേണ്ടുവോളമുണ്ട്. വലതുഭാഗത്ത് നിന്ന് തുടങ്ങി മധ്യത്തിലേക്ക് വന്ന് ഗോളുകള്‍ പ്രൊഡ്യൂസ് ചെയ്യാന്‍ നികോയ്ക്ക് സാധിക്കും. ബോക്സിന് പുറത്തുനിന്ന് ഗോളുകള്‍ സ്‌കോര്‍ ചെയ്യാനും നികോ പാസ് മിടുക്കനാണ്. അറ്റാക്കിംഗ് മിഡ്ഫീല്‍ഡറുടെ റോളേറ്റെടുക്കുന്ന നികോ പാസിനെ ലയണല്‍ മെസ്സിയുടെ കളി ശൈലിയുമായി താരതമ്യപ്പെടുത്താം. ലോങ് റേഞ്ചിലൂടെ ഗോളുകള്‍ കണ്ടെത്തുന്നത് ഇതിന് ഉദാഹരണമാണ്.
നികോ പാസ് | PHOTO: INSTAGRAM
പ്രതിഭകളാല്‍ സമ്പന്നമായതാണ് ലോസ് ബ്ലാങ്കോസിന്റെ മിഡ്ഫീല്‍ഡ്. അവിടേക്ക് നികോയ്ക്ക് എന്‍ട്രി കിട്ടുന്നതുതന്നെ പല താരങ്ങള്‍ക്കും പരുക്കേറ്റതുകൊണ്ടാണ്. പക്ഷേ, ഭാഗ്യത്തിന്റെ പുറത്ത് ടീമിലുള്‍പ്പെട്ട ഒരാളായി നികോയെ ഒരിക്കലും കാണാന്‍ സാധിക്കില്ല. സീനിയര്‍ ടീമിനോടൊപ്പമുള്ള നികോ പാസിന്റെ ആദ്യ ട്രെയിനിംഗ് സെഷനുശേഷം സീനിയര്‍ താരമായ ടോണി ക്രൂസ് പറഞ്ഞത് 'this boy should train with us every day because he is very good!' എന്നാണ്.
നിലവില്‍ ഡയമണ്ട് ഷേപ്പില്‍ മത്സരം നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന മാഡ്രിഡിന്റെ മധ്യനിരയിലെ വലതുഭാഗത്തും ഇടതുഭാഗത്തും നികോ പാസിന് കളിക്കാന്‍ സാധിക്കും. അരങ്ങേറ്റ മത്സരത്തിന് മുന്നേ റയല്‍ മാഡ്രിഡ് കോച്ച് കാര്‍ലോ ആഞ്ചലോട്ടി നികോ പാസിനോടായി പറഞ്ഞത് 'defend well' എന്നാണ്. പ്രതിരോധത്തില്‍ കുറച്ചുകൂടി ശ്രദ്ധിക്കുന്നതിനുവേണ്ടിയാണ് ആഞ്ചലോട്ടി ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. റയല്‍ മാഡ്രിഡിന്റെ ഫ്യൂച്ചറില്‍ കൃത്യമായ സ്ഥാനമുണ്ട് എന്ന് പറഞ്ഞുകൊണ്ട് നികോ പാസിന്റെ ഭാവിയെ കുറിച്ചുള്ള സൂചന കാര്‍ലോ ആഞ്ചലോട്ടി തന്നെ നല്‍കുന്നുമുണ്ട്. തന്നേക്കാള്‍ കരുത്തനാണ് എന്നാണ് നികോയെ പറ്റി റയല്‍ മാഡ്രിഡിന്റെ ജര്‍മന്‍ ഡിഫന്‍ഡര്‍ അന്റോണിയോ റുഡിഗര്‍ അഭിപ്രായപ്പെട്ടത്.
നികോ പാസ് | PHOTO: INSTAGRAM
ഖത്തര്‍ ലോകകപ്പിന് മുന്നേ അര്‍ജന്റീനയുടെ ദേശീയ ടീമിലേക്ക് നികോ പാസിന് വിളി വന്നിരുന്നെങ്കിലും സീനിയര്‍ ടീമിനായി അരങ്ങേറാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ അര്‍ജന്റീനയുടെ അണ്ടര്‍ 20 ടീമിലെ സജീവ സാന്നിധ്യവുമാണ് ഇപ്പോള്‍ നികോ. സ്പാനിഷ് ദേശീയ ടീമിലേക്ക് വിളിവന്നാലും നികോ അര്‍ജന്റീന വിടാനും സാധ്യതയില്ല. അതിനുള്ള ഏറ്റവും വലിയ തെളിവാണ് നികോ പാസ് ഇന്‍സ്റ്റഗ്രാമില്‍ പിന്‍ ചെയ്തുവച്ച ലയണല്‍ മെസ്സിയോടൊപ്പമുള്ള ചിത്രം. മാഡ്രിഡിന് വേണ്ടിയുള്ള ആദ്യ മത്സരങ്ങളില്‍ പുറത്തെടുത്ത ഫോം നിലനിര്‍ത്തിയാല്‍ അര്‍ജന്റീനയുടെ സീനിയര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായി മാറാന്‍ തീര്‍ച്ചയായും നികോളാസ് പാസ് മാര്‍ട്ടിനസിന് സാധിക്കും.