TMJ
searchnav-menu
post-thumbnail

TMJ Sports

റിങ്കു സിങ്; കാത്തിരിപ്പിന് അവസാനമാകുമോ? 

27 Jan 2024   |   3 min Read
അക്ഷയ് കെ പി

.പി.എല്ലിന്റെ 2023 എഡിഷനില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും - ഗുജറാത്ത് ടൈറ്റന്‍സും തമ്മില്‍ അഹമ്മദാബാദില്‍ നടന്ന മത്സരത്തില്‍ ഗുജറാത്തിന്റെ 204 റണ്‍സ് പിന്തുടര്‍ന്നെത്തിയ കൊല്‍ക്കത്തയ്ക്ക് അവസാന ഓവറില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 29 റണ്‍സായിരുന്നു. ഗുജറാത്തിനുവേണ്ടി അവസാന ഓവര്‍ എറിയാനെത്തിയത് യഷ് ദയാലും, കൊല്‍ക്കത്തയ്ക്കുവേണ്ടി സ്‌ട്രൈക്കര്‍ എന്‍ഡില്‍ ക്രീസിലുള്ളത് ഉമേഷ് യാദവുമായിരുന്നു. യഷ് ദയാല്‍ എറിഞ്ഞ ആദ്യ ബോളില്‍ത്തന്നെ ഉമേഷ് യാദവ് സിംഗിളെടുത്ത് സ്‌ട്രൈക്ക് കൈമാറി. ശേഷിക്കുന്ന 5 ബോളില്‍ വേണ്ടത് 28 റണ്‍സ് ആയിരുന്നു. ഗുജറാത്ത് തങ്ങളുടെ വിജയവും കൊല്‍ക്കത്ത തങ്ങളുടെ തോല്‍വിയും ഏറെക്കുറെ ഉറപ്പിച്ചിരുന്നു. ബൗളറായ യഷ് ദയാലും മറുത്തൊന്നും ചിന്തിച്ചിട്ടുണ്ടാവില്ല. എന്തിന് കൊല്‍ക്കത്തയ്ക്കുവേണ്ടി പിച്ചില്‍ ഒരുവശത്ത് നിലയുറപ്പിച്ചിരുന്ന ഉമേഷ് യാദവിനുപോലും മത്സരഫലത്തെ കുറിച്ച് വലിയ ആകാംക്ഷയൊന്നും ഉണ്ടായിക്കാണില്ല. എന്നാല്‍ അവസാന ഓവര്‍ ആരംഭിക്കുമ്പോള്‍ നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലുണ്ടായിരുന്ന റിങ്കു സിങ് എന്ന യു.പി ക്കാരന്‍ ആ മത്സരത്തിന്റെ വിധി മറ്റൊന്നാക്കിത്തീര്‍ക്കും എന്നുള്ള ദൃഢനിശ്ചയത്തിലായിരുന്നു. യഷ് ദയാല്‍ എറിഞ്ഞ അവസാനത്തെ അഞ്ച് പന്തുകളേയും നിലംതൊടീക്കാതെ അതിര്‍ത്തി കടത്തി അയാള്‍ ആ മത്സരം കൊല്‍ക്കത്തയ്ക്ക് നേടിക്കൊടുത്തു. റിങ്കു ഖാന്‍ചന്ദ് സിങ് എന്ന ഇടങ്കയ്യന്‍ ബാറ്റര്‍ അന്ന് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉദയം ചെയ്യുകയായിരുന്നു. അതൊരു വണ്‍ മാച്ച് വണ്ടര്‍ അല്ല എന്ന് തെളിയിച്ചുകൊണ്ട് അയാള്‍ ഇന്ന് ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമാവുകയാണ്. ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ വിശ്വസ്തനായ ഒരു മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ക്കു വേണ്ടിയുള്ള കാത്തിരിപ്പിന് റിങ്കു സിങ്ങിലൂടെ അവസാനമാകുമെന്നാണ് ഇന്ത്യന്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

കാലങ്ങളായുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കാത്തിരിപ്പാണ് ഒരു പ്രോപ്പര്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍ എന്നത്. ഇന്ത്യ ചാമ്പ്യന്‍മാരായ 2011 ലോകകപ്പിലൊക്കെ മിഡില്‍ ഓര്‍ഡറില്‍ ടീമിന് കൃത്യമായ പ്രതിഭാ ധാരാളിത്തമുണ്ടായിരുന്നു. യുവരാജ് സിങ്, എം.എസ് ധോണി, സുരേഷ് റെയ്‌ന എന്നിങ്ങനെ നീളും ആ പേരുകള്‍. എന്നാല്‍ ആ തലമുറയ്ക്കുശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം പ്രധാനമായും മിസ്സ് ചെയ്യുന്നത് ഇവരെപ്പോലുള്ള ഏത് മാച്ചുകളേയും വഴിതിരിച്ചുവിടാന്‍ കെല്‍പ്പുള്ള മിഡില്‍ ഓര്‍ഡര്‍ ബാറ്റര്‍മാരെയായിരുന്നു. നിര്‍ഭാഗ്യവശാല്‍ കഴിഞ്ഞ ലോകകപ്പ് വരെ അത്തരത്തിലൊരാളെ ടീമിലെത്തിക്കാന്‍ സെലക്ടര്‍മാര്‍ക്ക് സാധിച്ചില്ല എന്ന് മാത്രമല്ല ലോകകപ്പ് ഫൈനലിലുള്‍പ്പെടെ ടീം അതിന്റെ ബുദ്ധിമുട്ട് നന്നായി അറിയുകയും ചെയ്തിരുന്നു. എന്നാല്‍ റിങ്കു സിങ് എന്ന ഇരുപത്തിയാറുകാരന്‍ ഇന്ത്യന്‍ ജേഴ്‌സിയില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രകടനങ്ങളിലൂടെ ക്രിക്കറ്റ് ആരാധകര്‍ക്ക് ഒരു ഉറപ്പ് നല്‍കിയിരിക്കുകയാണ്. ദേശീയ ടീമിലെ മിഡില്‍ ഓര്‍ഡര്‍ ബാറ്റിംഗ് പൊസിഷനും ഫിനിഷര്‍ റോളും ഭാവിയില്‍ തന്റെ കയ്യില്‍ ഭദ്രമായിരിക്കുമെന്ന ഉറപ്പ്.

റിങ്കു സിങ് | PHOTO: FACEBOOK
കാം ആന്‍ഡ് കംപോസ്ഡ് ബാറ്റര്‍ എന്ന ഒറ്റവാക്കില്‍ വേണമെങ്കില്‍ റിങ്കു സിങ്ങിനെ ഡിഫൈന്‍ ചെയ്യാം. ഏത് സാഹചര്യത്തില്‍ എങ്ങനെ ബാറ്റ് ചെയ്യണമെന്ന് റിങ്കുവിന് കൃത്യമായി അറിയാം. വിക്കറ്റുകള്‍ നഷ്ടപ്പെടുന്ന സമയത്ത് ക്രീസിലുറച്ചുനിന്ന് ഇന്നിംഗ്‌സുകള്‍ ബില്‍ഡ് ചെയ്യാനും ഡെത്ത് ഓവറുകളില്‍ ക്രീസിലെത്തി പവര്‍ ഹിറ്റിംഗ് നടത്താനും അയാള്‍ക്ക് സാധിക്കുന്നുണ്ട്. ഏറ്റവും അനായാസമെന്ന് തോന്നിക്കുന്ന തരത്തിലാണ് റിങ്കു റണ്‍സ് സ്‌കോര്‍ ചെയ്യുന്നത്. ക്രിക്കറ്റില്‍ നിലനില്‍ക്കുന്ന ക്ലാസ്സിക്കല്‍ ബാറ്റിംഗൊന്നുമല്ല റിങ്കു ഫോളോ ചെയ്യുന്നതും. താരസമ്പന്നമായി കിടക്കുന്ന ഇന്ത്യയുടെ ക്രിക്കറ്റ് ടീമില്‍ സ്ഥിരം സാന്നിധ്യമാകണമെങ്കില്‍ നിരവധി കടമ്പകള്‍ കടക്കേണ്ടതുണ്ട്. കിട്ടിയ അവസരങ്ങള്‍ നല്ല രീതിയില്‍ ഉപയോഗിക്കുക എന്നുള്ളതാണ് അതിന്റെ ആദ്യഘട്ടം. അതില്‍ റിങ്കു വിജയിക്കുന്നുമുണ്ട്.

ആഭ്യന്തര ക്രിക്കറ്റില്‍ ഉത്തര്‍പ്രദേശിന് വേണ്ടിയും ഐ.പി.എല്ലില്‍ കൊല്‍ക്കത്തയ്ക്ക് വേണ്ടിയും പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് റിങ്കു ഇന്ത്യന്‍ ടീമിലെത്തുന്നത്. അരങ്ങേറ്റ മത്സരം ട്വന്റി-20 യില്‍ അയര്‍ലന്‍ഡിനെതിരെയായിരുന്നു. 15 ട്വന്റി-20 കളില്‍ ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ റിങ്കു 89 ബാറ്റിംഗ് ആവറേജില്‍ അടിച്ചെടുത്തത് 356 റണ്‍സാണ്. സൂര്യകുമാര്‍ യാദവിനുശേഷം ട്വന്റി-20 എന്ന ഫോര്‍മാറ്റ് കൃത്യമായി ഡീകോഡ് ചെയ്ത ഇന്ത്യയുടെ അപൂര്‍വ്വം ബാറ്റര്‍മാരില്‍ ഒരാള്‍ എന്ന് റിങ്കുവിനെ വിശേഷിപ്പിക്കാം. ഏകദിന ലോകകപ്പിനുശേഷം നടന്ന സൗത്ത് ആഫ്രിക്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും എതിരായുള്ള ട്വന്റി-20 സീരീസില്‍ റിങ്കു പുറത്തെടുത്ത പ്രകടനം ഇതിന് അടിവരയിടുന്നുണ്ട്. 

റിങ്കു സിങ് | PHOTO: FACEBOOK
55 ലക്ഷം രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റിങ്കുവിനെ ഈ സീസണില്‍ നിലനിര്‍ത്തിയത്. ഒരുപക്ഷേ, കൊല്‍ക്കത്ത ആ തീരുമാനത്തില്‍ എത്തിയില്ലായിരുന്നെങ്കിലോ റിങ്കു ഈ തീരുമാനത്തോട് താത്പര്യം പുലര്‍ത്തിയില്ലായിരുന്നില്ലെങ്കിലോ താരത്തിന്റെ ബാഗില്‍ കോടികള്‍ നിറഞ്ഞേനെ.

ലെഫ്റ്റ് ഹാന്‍ഡറായ മഹേന്ദ്ര സിങ് ധോണി എന്നാണ് റിങ്കു സിങ്ങിനെ ആര്‍ അശ്വിന്‍ വിശേഷിപ്പിച്ചത്. ഇത്ര പെട്ടെന്ന്  ഇന്ത്യയുടെ എക്കാലത്തേയും വലിയ ലെജന്റുകളിലൊരാളായ ധോണിയുമായൊക്കെ റിങ്കുവിനെ താരതമ്യപ്പെടുത്തുന്നതില്‍ ചിലപ്പോഴൊക്കെ അത്ഭുതവും തോന്നാം. പക്ഷേ, ഇന്ത്യന്‍ ജേഴ്സിയില്‍ റിങ്കു പുറത്തെടുക്കുന്ന പ്രകടനം ഇന്നല്ലെങ്കില്‍ നാളെ ആ വിശേഷണത്തെ അന്വര്‍ത്ഥമാക്കുമെന്ന പ്രതീക്ഷയാണുള്ളത്. പ്രഥമ ടൂര്‍ണമെന്റിലൊഴികെ പിന്നീടൊരിക്കലും ഇന്ത്യയ്ക്ക് കൈയ്യെത്തിപ്പിടിക്കാന്‍ കഴിയാതിരുന്ന ട്വന്റി-20 ലോകകപ്പ് ഈ വര്‍ഷം ഒരിക്കല്‍ക്കൂടി നേടാന്‍ കഴിയുമെന്ന് ഇന്ത്യന്‍ ആരാധകര്‍ സ്വപ്നം കാണുന്നുണ്ട്. അതിലേക്കുള്ള മുന്നണി പോരാളികളില്‍ ഒരാളായി അവര്‍ കാണുന്നത് റിങ്കു സിങ്ങിനെയാണ്. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഫിയര്‍ലസ് ബാറ്റിംഗ് എന്നതിന്റെ പുതിയ മുഖമായി മാറുന്ന റിങ്കു ചില കാത്തിരിപ്പുകള്‍ക്ക് അവസാനം കുറിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.


#Sports
Leave a comment