കൂട്ടിയും കിഴിച്ചും ലോകകപ്പിനെത്തുന്നവര്‍
2023 ഒക്ടോബര്‍ അഞ്ചിന് അഹമ്മദാബാദ് സ്റ്റേഡിയത്തില്‍ ഏകദിന ലോകകപ്പിന്റെ പതിമൂന്നാം എഡിഷന് അരങ്ങൊരുങ്ങുകയാണ്. 2011-ന് ശേഷം ഇന്ത്യ വേദിയാകുന്ന ലോകകപ്പില്‍ പങ്കെടുക്കുന്ന എല്ലാ ടീമുകളും തങ്ങളുടേതായ രീതിയില്‍ തയ്യാറെടുത്ത് കഴിഞ്ഞു. 10 ടീമുകള്‍ പങ്കെടുക്കുന്ന ലോകകപ്പിലെ ഉദ്ഘാടന മത്സരവും ഫൈനലും നടക്കുന്നത് അഹമ്മദാബാദ് സ്റ്റേഡിയത്തിലാണ്. കൈവിട്ട് പോയെന്ന് തോന്നിക്കുന്ന മത്സരങ്ങളെ ഏതുസമയവും അട്ടിമറിക്കാന്‍ കഴിയുന്നവരാണ് മുഴുവന്‍ ടീമുകളും. കൂട്ടത്തില്‍ കുഞ്ഞന്‍മാരെങ്കിലും കളിയുടെ ഗതി തിരിച്ച് വിടാന്‍ കെല്‍പ്പുള്ളവരാണ് അഫ്ഗാനിസ്ഥാന്‍, നെതര്‍ലന്‍ഡ്സ്, ബംഗ്ലാദേശ് തുടങ്ങിയവര്‍. ആരും വിറക്കുന്ന സ്പിന്‍ കരുത്തുള്ളവരാണ് അഫ്ഗാനിസ്ഥാന്‍. അതുകൊണ്ട് തന്നെ ഇന്ത്യന്‍ പിച്ചില്‍ അവരെ അങ്ങനെ കുറച്ചു കാണേണ്ടതില്ല. ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, പാക്കിസ്ഥാന്‍, ന്യൂസിലന്‍ഡ്, സൗത്ത് ആഫ്രിക്ക എന്നിവരാണ് ഏകദിന ലോകകപ്പിന്റെ ഫേവറേറ്റുകള്‍. ബൗളിങ്ങിലും ബാറ്റിങ്ങിലും ഓള്‍റൗണ്ടര്‍മാരിലും കൂട്ടിയും കുറച്ചും ടീമിനെ പ്രഖ്യാപിച്ചിരിക്കുന്ന മാനേജ്മെന്റുകള്‍ കപ്പില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല.
ഇന്ത്യന്‍ കായികപ്രേമികള്‍ക്ക് ഒരിക്കലും മറക്കാന്‍ കഴിയാത്ത വര്‍ഷമാണ് 2011. കപിലിന്റെ ചെകുത്താന്‍മാര്‍ 1983 ല്‍ ക്രിക്കറ്റ് ലോകകപ്പില്‍ മുത്തമിട്ടതിന് ശേഷം വീണ്ടും ഇന്ത്യ ലോകക്രിക്കറ്റിന്റെ വേദിയില്‍ തലയുയര്‍ത്തിപ്പിടിച്ചത് ആ വര്‍ഷമായിരുന്നു. 12 വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും ക്രിക്കറ്റ് ലോകകപ്പിന് ഇന്ത്യ വേദിയാകുമ്പോള്‍ കപ്പില്‍ കുറഞ്ഞതൊന്നും രോഹിത് ശര്‍മ്മയും സംഘവും ആഗ്രഹിക്കുന്നില്ല. 2011ലെ ലോകകപ്പ് ടീമിലേക്ക് ക്ഷണം കിട്ടാതിരുന്ന രോഹിത് ശര്‍മ്മയുടെ ക്യാപ്റ്റന്‍സീയില്‍ ഇന്ത്യ തയ്യാറെടുത്തു കഴിഞ്ഞിരിക്കുന്നു. ഏഴ് ബാറ്റര്‍മാരും നാല് ബൗളര്‍മാരും നാല് ഓള്‍റൗണ്ടര്‍മാരും അടങ്ങുന്നതാണ് ഇന്ത്യയുടെ 15 അംഗ സംഘം. വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ, ശുഭ്മാന്‍ ഗില്‍, കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, സൂര്യകുമര്‍ യാദവ് എന്നിവരടങ്ങിയ ബാറ്റിംഗ് നിര ഇന്ത്യക്ക് വലിയ പ്രതീക്ഷയാണ്. സിറാജും ഷമ്മിയും ബുംറയും ചേരുന്ന പേസ് നിരയും അക്സറും ജഡേജയും കുല്‍ദീപും ചേര്‍ന്ന സ്പിന്നര്‍മാരും ഇന്ത്യക്ക് ചെറുതല്ലാത്ത പ്രതീക്ഷ നല്‍കുന്നു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാന്‍ കഴിയുന്ന ഓള്‍ റൗണ്ടര്‍മാരും ഇന്ത്യന്‍ ടീമിലുണ്ട്. അതിവേഗം റണ്‍സ് കണ്ടെത്തുന്നതിലും പ്രതിസന്ധിഘട്ടങ്ങളില്‍ ടീമിനെ രക്ഷിക്കാനും ഹാര്‍ദിക്കും ജഡേജയും അക്സറും ഷാര്‍ദുല്‍ താക്കൂറും അടങ്ങുന്ന ഓള്‍ റൗണ്ടര്‍ നിരയ്ക്ക് സാധിക്കും.
Representataional Image | Photo: Twitter
ഫാസ്റ്റ് ബോളര്‍ പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന ഓസ്ട്രേലിയന്‍ ടീം എന്തിനും സജ്ജമാണ്. 5 തവണ ലോക ചാമ്പ്യന്‍മാരായ ഓസ്ട്രേലിയ തങ്ങളുടെ ആറാം കിരീട നേട്ടത്തിനായാണ് ഇന്ത്യയിലേക്കെത്തുന്നത്. പരിക്കിന്റെ പിടിയില്‍ നിന്ന് മോചിതരായി വന്ന പാറ്റ് കമ്മിന്‍സ്, സ്റ്റീവ് സ്മിത്ത്, മിച്ചല്‍ സ്റ്റാര്‍ക്ക്, ഗ്ലെന്‍ മാക്സ്‌വെല്‍ എന്നിവര്‍ ലോകകപ്പ് സ്‌ക്വാഡില്‍ ഇടം നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുണ്ടായിരുന്ന ആരോണ്‍ ഹാര്‍ഡി, നഥാന്‍ എല്ലിസ്, തന്‍വീര്‍ സംഗ എന്നിവര്‍ പുറത്തായി. ഇന്ത്യന്‍ പിച്ചിന്റെ സവിശേഷത കൃത്യമായി അറിയാവുന്ന ഓസ്ട്രേലിയയ്ക്ക് ബാക്കി കാര്യങ്ങള്‍ എളുപ്പമാണ്. കാമറൂണ്‍ ഗ്രീന്‍, ജോഷ് ഹേസില്‍വുഡ്, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, മാര്‍ക്കസ് സ്റ്റോണിസ് അടങ്ങിയ ഓള്‍ റൗണ്ടേഴ്സില്‍ തന്നെയാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷ. ഏകദിനത്തിലെ ബാറ്റര്‍മാരുടെ പ്രകടനത്തിലും കങ്കാരുപ്പട മുന്‍പില്‍ തന്നെയുണ്ട്. അലക്‌സ് കാരി, ഡേവിഡ് വാര്‍ണര്‍, സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ് എന്നിവര്‍ ചേരുന്ന ബാറ്റര്‍മാരും ക്യാപ്റ്റന്‍ കമിന്‍സിന്റെ നേതൃത്വത്തിലുള്ള ബൗളിംഗ് നിരയും ഓസിസിന്റെ കരുത്താണ്.
ലോകകപ്പിന് തങ്ങളുടെ ഏറ്റവും നല്ല ടീമിനെയാണ് ഇംഗ്ലണ്ട് ഇന്ത്യയിലേക്ക് അയക്കുന്നത്. ഇന്ത്യന്‍ പിച്ചിന്റെയും മറ്റു ടീമുകളുടെയും ഗുണവും ദോഷവും മനസ്സിലാക്കി തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് നേടാനാണ് ഇംഗ്ലണ്ട് സംഘം ഇന്ത്യയിലേക്ക് വണ്ടി കയറുന്നത്. പരിചയസമ്പന്നരായ കളിക്കാരുടെയും പുതുപുത്തന്‍ പ്രതിഭകളുടെയും ഒരു കൂട്ടത്തെ സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജോസ് ബട്ട്‌ലര്‍, മോയിന്‍ അലി, ജോണി ബെയര്‍സ്റ്റോ, സാം കുറാന്‍, ലിയാം ലിവിംഗ്സ്റ്റണ്‍, ഡേവിഡ് മലന്‍, ജോ റൂട്ട്, ജേസണ്‍ റോയ്, ബെന്‍ സ്റ്റോക്സ് തുടങ്ങിയവര്‍ അടങ്ങിയ ബാറ്റിംഗ് നിര മറ്റ് ടീമുകളുടെ പേടിസ്വപ്നമായേക്കാം. നില ഉറപ്പിച്ചാല്‍ ക്രീസില്‍ നിന്ന് മാറാത്ത ജോ റൂട്ടും തുടക്കം മുതല്‍ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കുന്ന ജോണി ബെയര്‍സ്റ്റോ, ജോസ് ബട്ട്‌ലര്‍, ജയ്സണ്‍ റോയ് എന്നിവരും ആദ്യ ഓവറുകളില്‍ ഇംഗ്ലണ്ടിന്റെ വിശ്വസ്തരാണ്. ലോകകപ്പിന് വേണ്ടി മാത്രം തിരിച്ച് വന്ന ബെന്‍ സ്റ്റോക്സ് ഇത്തവണയും ടീമിന് മുതല്‍ക്കൂട്ടാണ്. എന്നാലും ഹാരി ബ്രൂക്കിന്റെയും സ്റ്റാര്‍ ഫാസ്റ്റ് ബൗളര്‍ ജോഫ്ര ആര്‍ച്ചറിന്റെയും അഭാവം ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്. ലോകകപ്പില്‍ ആര്‍ച്ചറിന് പകരക്കാരനാകാന്‍ ഒരുങ്ങുകയാണ് യുവതാരമായ അസ് അറ്റകിന്‍. ഇത്രയൊക്കെയുണ്ടെങ്കിലും സമീപകാല മത്സരങ്ങളിലെ പ്രകടനങ്ങള്‍ എടുത്ത് നോക്കിയാല്‍ അത്രനല്ല ഫോമിലല്ല ഇംഗ്ലണ്ട്. എങ്കിലും വലിയ കളികളില്‍ കൂടുതല്‍ ശക്തരാകാന്‍ ഇവര്‍ക്ക് സാധിക്കും എന്നതാണ് ഇംഗ്ലണ്ടിനെ ടൂര്‍ണമെന്റിലെ ഫേവറേറ്റുകള്‍ ആക്കുന്നത്.
Representational Image | Photo: Twitter
ശക്തമായൊരു നിരയുമായാണ് പാകിസ്ഥാന്‍ ഇത്തവണ ലോകകപ്പിനെത്തുന്നത്. സ്പിന്‍ കരുത്തിന്റെ കാര്യത്തില്‍ മാത്രമാണ് പാക്കിസ്ഥാന്‍ പിന്‍വലിയുന്നത്. ഹാരിസ് റൗഫ്, മുഹമ്മദ് വസീം, നസീം ഷാ, ഷഹീന്‍ അഫ്രീദി തുടങ്ങിയവര്‍ ചേരുന്ന ബൗളിംഗ് നിരയ്ക്ക് ഏതു ടീമിനെയും പിടിച്ചു കെട്ടാന്‍ കഴിയും. ബാബര്‍ അസം, ഫഖര്‍ സമാന്‍, ഇമാം ഉള്‍ ഹഖ്, സല്‍മാന്‍ അലി ആഘ, ഇഫ്തിഖര്‍ അഹമ്മദ്, സൗദ് ഷക്കീല്‍, മുഹമ്മദ് റിസ്‌വാന്‍ എന്നിവര്‍ അടങ്ങുന്ന ബാറ്റിംഗ് നിരയിലും പാക്കിസ്ഥാന്‍ മികച്ചു നില്‍ക്കുന്നു. മുഹമ്മദ് റിസ്‌വാന്‍, ഷഹീന്‍ അഫ്രീദി, ഷദാബ് ഖാന്‍ എന്നിവരിലാണ് ആരാധകര്‍ കൂടുതല്‍ പ്രതീക്ഷ വെക്കുന്നത്.
തങ്ങളുടെ ആദ്യ കിരീടം നേടിയെടുക്കാനാണ് ദക്ഷിണാഫ്രിക്കന്‍ ടീം ഇന്ത്യയിലേക്ക് വരുന്നത്. ടെംബ ബാവുമ നയിക്കുന്ന ടീമില്‍ പരിചയസമ്പന്നരായ ഒരുപിടി താരങ്ങളും യുവതാരങ്ങളും അണിനിരക്കുന്നുണ്ട്. ക്വിന്റണ്‍ ഡി കോക്ക്, റീസ ഹെന്‍ഡ്രിക്സ്, ഹെന്റിച്ച് ക്ലാസെന്‍, ഐഡന്‍ മാര്‍ക്രം, ഡേവിഡ് മില്ലര്‍, റാസി വാന്‍ ഡെര്‍ ഡുസെന്‍ തുടങ്ങിയ പരിചയസമ്പന്നരായ ബാറ്റര്‍മാര്‍ ഉള്‍പ്പെടുന്നതാണ് ദക്ഷിണാഫ്രിക്കയുടെ ടീം. കാഗിസോ റബാഡ നേതൃത്വം നല്‍കുന്ന പേസ് ആക്രമണത്തിന് ശക്തി പകരാന്‍ ആന്റിച്ച് നോര്‍ട്ട്ജെ, ലുങ്കി എന്‍ഗിഡി എന്നിവരുമുണ്ട്. കൂടാതെ സിസാന്‍ഡ മഗല, ജെറാള്‍ഡ് കോറ്റ്‌സി, ഓള്‍റൗണ്ടര്‍ മാര്‍ക്കോ ജാന്‍സെന്‍ എന്നിവരും ടീമിന് കരുത്ത് പകരുന്നു. ടൂര്‍ണമെന്റ് ഇന്ത്യയില്‍ നടക്കുന്നതിനാല്‍ കേശവ് മഹാരാജും തബ്രായിസ് ഷംസിയും ചേര്‍ന്ന സ്പിന്‍ നിരയും ടീമിന് ഗുണം ചെയ്യും. ഇടംകൈയ്യന്‍ സ്പെഷ്യലിസ്റ്റുകളും ഫിംഗര്‍-സ്പിന്നര്‍ കേശവ് മഹാരാജും റിസ്റ്റ്-സ്പിന്നര്‍ തബ്രായിസ് ഷംസിയും ഓള്‍ റൗണ്ടര്‍ മാര്‍ക്രമും വിക്കറ്റ് നേട്ടത്തില്‍ മുന്നിലെത്താന്‍ മത്സരിക്കുന്നവരുടെ ലിസ്റ്റിലുള്ളവരാണ്. ഐസിസി പൂര്‍ണ്ണ അംഗത്വം പദവി ലഭിച്ച ആദ്യ എട്ട് ടീമുകളില്‍ ഇതുവരെ ഏകദിന ലോകകപ്പ് ഫൈനലില്‍ കടക്കാത്ത ഏക ടീമാണ് ദക്ഷിണാഫ്രിക്ക. ആ വെല്ലുവിളി മറികടന്ന് ആദ്യ കിരീടം നേടുക എന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയിലേക്കെത്തുന്നത്.
Representational Image | Photo: Twitter
ന്യൂസിലന്‍ഡും ലക്ഷ്യം വയ്ക്കുന്നത് അവരുടെ കന്നികിരീടം തന്നെ. ഇതുവരെ ചാമ്പ്യന്മാരായിട്ടില്ലെങ്കിലും കഴിഞ്ഞ ലോകകപ്പുകളില്‍ അവര്‍ പുറത്തെടുത്ത മികച്ച പ്രകടനം തന്നെയാണ് അവരെ ടൂര്‍ണമെന്റുകളുടെ ഫേവറേറ്റുകളാക്കുന്നത്. സന്തുലിതമായ ടീമും ശക്തമായ ബാറ്റിംഗ് നിരയും മികച്ച പേസ് ബൗളിംഗ് ആക്രമണവുമാണ് കിവീസിന്റെ കരുത്ത്. ഐപിഎല്ലില്‍ കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് വിശ്രമത്തില്‍ ആയിരുന്ന ക്യാപ്റ്റന്‍ കെയിന്‍ വില്യംസിന്റെ മടങ്ങിവരവ് ടീമിന് ശക്തി പകരുന്നുണ്ട്. സ്പിന്നിനെ നന്നായി കളിക്കുന്ന ഡെവണ്‍ കോണ്‍വേ ഇന്ത്യന്‍ പിച്ചില്‍ മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് ആരാധകര്‍ പ്രതീക്ഷിക്കുന്നു. ഇവരോടൊപ്പം ഗ്ലെന്‍ ഫിലിപ്സ്, വില്‍ യംഗ്, ഡാരില്‍ മിച്ചല്‍, മാര്‍ക്ക് ചാപ്മാന്‍, ഡെപ്യൂട്ടി ടോം ലാഥം എന്നിവര്‍ കൂടി ചേരുന്നതാണ് ബാറ്റര്‍മാര്‍. ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ സീമര്‍ ജിമ്മി നീഷാം, സ്പിന്നര്‍മാരായ മിച്ചല്‍ സാന്റ്നര്‍, രച്ചിന്‍ രവീന്ദ്ര എന്നിവര്‍ ഉള്‍പ്പെടുന്നു. ഇഷ് സോധിക്കൊപ്പം സ്പിന്‍ ആക്രമണത്തില്‍ സാന്റ്നര്‍ വരാനാണ് സധ്യത. പന്ത് ഇരുവശത്തേക്കും സ്വിംഗ് ചെയ്യിക്കാനും കൃത്യസമയത്ത് യോര്‍ക്കറുകള്‍ എറിയാനും കഴിവുള്ള ട്രെന്റ് ബോള്‍ട്ടാണ് പേസ് ബോളിങ്ങിനെ നയിക്കുന്നത്. കൂട്ടത്തില്‍ ലോക്കി ഫെര്‍ഗൂസണ്‍, മാറ്റ് ഹെന്റി, ടിം സൗത്തി തുടങ്ങിയ ഫാസ്റ്റ് ബൗളര്‍മാര്‍ കൂടി ചേരുമ്പോള്‍ ഏതു ടീമിനെയും വീഴ്ത്താനാവും.