.jpg)
കോഹ്ലി തിരിച്ചു വരുമ്പോൾ
വിരാട് കോഹ്ലിയുടെ ഫോം എന്നത് സമകാലിക ക്രിക്കറ്റിൽ ഏറ്റവുമധികം ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ ഒന്നാണ്. ഓസ്‌ട്രേലിയയിൽ ബോർഡർ ഗവസ്കർ ട്രോഫിയിലെ ദയനീയ പ്രകടനത്തെ തുടർന്നു ഫോം വീണ്ടെടുക്കാൻ ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങുന്നു. എന്നാൽ അവിടെ ഡൽഹിക്ക് വേണ്ടി രഞ്ജി ട്രോഫിയിലും മോശം പ്രകടനങ്ങൾ തന്നെയാണ് വരുന്നത്. കോഹ്ലി ഒരു പ്രോപ്പർ ഓൾ ഫോർമാറ്റ് കളിക്കാരനാണെങ്കിലും ഏകദിനമാണ് അദ്ദേഹം സമ്പൂർണത പ്രകടമാക്കുന്ന ഫോർമാറ്റ്. എന്നാൽ സ്വന്തം തട്ടകമായ ഏകദിനത്തിൽ പോലും കഴിഞ്ഞ ഏകദിന ലോകകപ്പിന് ശേഷം കോഹ്ലിയുടെ ഫോം മങ്ങിയിരുന്നു.
കഴിഞ്ഞ ഒരു കൊല്ലത്തിനുള്ളിൽ കളിച്ച ആറ് ഏകദിനങ്ങളിൽ 22 എന്ന ശരാശരിയുമായിട്ടാണ് കോഹ്ലി നിന്നിരുന്നത്. സ്പിന്നർമാർക്കെതിരെയും പേസർമാർക്കെതിരെ ഓഫ് സ്റ്റമ്പിന് പുറത്തും ഉണ്ടായിട്ടുള്ള ദൗർബല്യങ്ങളെ എതിരാളികൾ കൃത്യമായി ചൂഷണം ചെയ്തു. വിമർശനങ്ങളുടെ മൂർച്ച കൂടുകയും വിരമിക്കേണ്ട സമയമായെന്ന നിലയിലേക്ക് വരെ അതെത്തിച്ചേരുകയും ചെയ്യുമ്പോഴും തിരിച്ചു വരാനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടു കൊണ്ടേയിരുന്നു.
ചാമ്പ്യൻസ് ട്രോഫി ടീമിലേക്കുള്ള സെലക്ഷൻ കഴിഞ്ഞ ലോകകപ്പിലെ മിന്നുന്ന ഫോമും കോഹ്ലി ഏറ്റവും തിളങ്ങുന്ന ഫോർമാറ്റ് എന്ന ഘടകവും കണക്കിലെടുത്താണ്. ഇവിടെ ആദ്യമത്സരത്തിൽ ബംഗ്ലാദേശിനെതിരെ പരാജയപ്പെട്ടപ്പോൾ വിരാട് കോഹ്ലി യുഗം അവസാനിക്കുന്നു എന്ന ധാരണ കടുത്ത ആരാധകരിൽ പോലുമുണ്ടായെങ്കിൽ അവരെ കുറ്റം പറയാൻ കഴിയില്ല. കാരണം കരിയറിലെ ഈ ഘട്ടത്തിൽ ഫോമില്ലായ്മയുടെ കാണാക്കയത്തിലേക്ക് നടന്നു പോകുന്ന ബാറ്റർക്കൊരു തിരിച്ചുവരവ് വളരെ ബുദ്ധിമുട്ടാണ്, ഇതിഹാസമാണെങ്കിൽ കൂടെ.വിരാട് കോഹ്ലി | PHOTO: WIKI COMMONS
പ്രധാന ടൂർണമെന്റുകളിലെ ഇന്ത്യ- പാകിസ്ഥാൻ മത്സരങ്ങളുടെ നിലവാരം ഹൈപ്പിന് അനുസരിച്ചു ഉയരാറില്ലെങ്കിലും ഇത്തവണയും ഹൈപ്പിന് കുറവൊന്നുമില്ല. പാകിസ്ഥാൻ ഉയർത്തിയ 242 റൺസിന്റെ വിജയലക്ഷ്യം വെല്ലുവിളിയല്ല എന്നതുറപ്പായിരുന്നെങ്കിലും രോഹിത് ശർമ്മയും ഫോമിലുള്ള ഗില്ലും വീണു കഴിഞ്ഞാൽ ദുബായിലെ വേഗത കുറഞ്ഞ പിച്ചിൽ പാകിസ്ഥാന് ചെറിയ പ്രതീക്ഷക്ക് വകയുണ്ടായിരുന്നു. ഫോമിലെത്താൻ കഴിയാതെ കുഴങ്ങുന്ന കോഹ്ലി എന്ന ബാറ്ററെ കുറിച്ചവർ അത്രകണ്ട് ആശങ്കാ കുലരായിരുന്നില്ല എന്ന് തോന്നുന്നു. ബിഗ് സ്റ്റേജ്, ബിഗ് ഗെയിം, ഹൈ പ്രഷർ എല്ലാം ഉൾപ്പെടുന്നൊരു സ്ക്രിപ്റ്റിന് ഏറ്റവും അനുയോജ്യനായ താരമാരാണെന്നുള്ളത് മറന്നവരെ ഓർമിപ്പിച്ചു കൊണ്ട് പാകിസ്ഥാന്റെ നേരിയ സാധ്യതയുമടച്ചു കൊണ്ട് അവർക്കും വിജയത്തിനുമിടയിൽ നിന്നിരുന്നത് വിരാട് കോഹ്ലിയായിരുന്നു. cometh the hour,cometh the man.
ഇന്ത്യ - പാകിസ്ഥാൻ മത്സരം ഉയർത്തുന്ന സമ്മർദ്ദത്തിനു പുറമെ സ്വന്തം ഫോം ഉയർത്തുന്ന ചോദ്യങ്ങളെയും മറികടക്കേണ്ട അധിക ബാധ്യതയാണ് കോഹ്ലിയെ കാത്തിരുന്നത്. ദുബായിലെ വേഗത കുറഞ്ഞ പിച്ചും ഔട്ട് ഫീൽഡും ഫോമിലേക്ക് വിരാട് കോഹ്ലിക്ക് തിരികെയെത്താൻ സഹായകമായ ഘടകങ്ങളായിരുന്നില്ല എന്നിരിക്കെ ക്രീസിൽ സെറ്റ് ആവാൻ സമയമെടുക്കുന്ന കോഹ്ലി, റൗഫിനെതിരെ തുടക്കത്തിൽ ഒരു തെറ്റായ ഷോട്ട് കളിക്കുകയും ചെയ്തു. ആശങ്കകൾ പടർന്നു തുടങ്ങുന്ന സമയം തന്നെ റൗഫ് കോഹ്ലിയെ ഒരു ഫുൾ പിച്ച്ഡ് പന്തിലൂടെ ഫ്രണ്ട് ഫുട്ടിലേക്ക് ക്ഷണിക്കുന്നുണ്ട്. ഒരു മടിയും കൂടാതെ ഫ്രണ്ട് ഫുട്ടിലേക്ക് വരുന്ന കോഹ്ലി. ഫ്രണ്ട് ഫുട്ട് പന്തിന്റെ ലൈനിലേക്ക് വരുന്നു, വെയിറ്റ് ഫ്രണ്ട് ഫുട്ടിലെക്ക് ഷിഫ്റ്റ് ചെയ്ത ശേഷം പന്തിനെ ബാറ്റിന്റെ ഫുൾ ഫേസ് ഉപയോഗിച്ച് മീറ്റ് ചെയ്യുന്നു. മനോഹരമായ കവർ ഡ്രൈവ് ബൗണ്ടറിയിലേക്ക് ഒഴുകിപ്പോവുമ്പോൾ കോഹ്ലിയുടെ ആത്മവിശ്വാസം പ്രകടമായിരുന്നു. രണ്ടു പന്തുകൾക്ക് ശേഷം ഒരിക്കൽ കൂടെ നമ്മളെ പലതവണ ആനന്ദിപ്പിച്ച ആ കവർ ഡ്രൈവ് ആവർത്തിക്കുന്നുണ്ട് കോഹ്ലി. തന്റെ പ്രിയപ്പെട്ട ഷോട്ട് ആസ്വദിച്ചു കളിക്കുമ്പോൾ ഫോമിലേക്കെത്തിയതിന്റെ സൂചനകൾ വ്യക്തമാണ്. മനോഹരമായ രണ്ടു കവർ ഡ്രൈവുകൾ കളിച്ച് കൊണ്ട് തന്റെ സുവർണ കാലത്തെ ഓർമിപ്പിച്ച കോഹ്ലി പക്ഷേ, തന്റെ സുന്ദരമായ സ്ട്രോക്ക് പ്ലേക്ക് അവധി കൊടുത്തു സാഹചര്യങ്ങളോട് താദാത്മ്യം പ്രാപിക്കുന്നതാണ് പിന്നീട് നമ്മൾ കണ്ടത്. ക്രീസിൽ നിലയുറപ്പിച്ച ശേഷം പിന്നീടൊരു തെറ്റായ ഷോട്ട് കളിച്ചതേയില്ല.
അബ്രാർ അഹമ്മദെന്ന മിസ്റ്ററി സ്പിന്നർ ഒരു തകർപ്പൻ കാരം ബോളിലൂടെ ഗില്ലിനെ പുറത്താക്കുമ്പോൾ പാകിസ്ഥാൻ കളിയിലേക്ക് മടങ്ങി വരുമെന്ന തോന്നൽ ഉണർന്നെങ്കിലും അബ്രാറും റൗഫിന്റെ പേസും വെല്ലുവിളിയുയർത്തിയ ഒരു ഘട്ടം അസാധാരണമായ പക്വതയോടെയാണ് കോഹ്ലി അതിജീവിക്കുന്നത്. വിക്കറ്റ് വലിച്ചെറിയാതെ ക്രീസിൽ ഉറച്ചു നിന്നു സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് കൊണ്ട് സ്കോർ ബോർഡ് ചലിപ്പിച്ച കോഹ്ലി റൺ ചേസുകളിലെ മാസ്റ്റർ എന്ന വിശേഷണം അരക്കിട്ടുറപ്പിക്കുന്ന രീതിയിലാണ് കളിയുടെ നിയന്ത്രണം ഏറ്റെടുത്തത്. വിക്കറ്റുകൾക്കിടയിലെ ഓട്ടത്തിൽ കാട്ടിയ ചടുലതയും ശ്രദ്ധേയമായിരുന്നു.100 റൺസിന്റെ ഇന്നിങ്സിൽ ഏഴ് ബൗണ്ടറികൾ മാത്രം നേടിയ കോഹ്ലി ശേഷിച്ച 72 റൺസും സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയുമാണ് നേടുന്നത്. ഫിറ്റ് നസിന്റെ കാര്യത്തിൽ യുവതാരങ്ങളിൽ നിന്നു പോലും ഇന്നും അദ്ദേഹത്തിന് മുന്നിലൊരു താരതമ്യമില്ല.REPRESENTATIVE IMAGE | WIKI COMMONS
നിലവിലെ ഫോം വച്ചു ഇത്തരമൊരു കളിയിൽ കോഹ്ലിയിൽ നിന്നൊരു മാച്ച് വിന്നിങ് ഇന്നിങ്സ് ഏറ്റവും കടുത്ത ആരാധകരുടെ വന്യമായ സ്വപ്നങ്ങളിൽ പോലും ഉണ്ടാവുമായിരുന്നിരിക്കില്ലെന്ന സമയത്താണ് വിരാട് കോഹ്ലി കളിയുടെ നിയന്ത്രണമേറ്റെടുക്കുന്നത്. തന്റെ ജോലി കോഹ്ലിക്ക് കൃത്യമായി അറിയാമായിരുന്നു. സ്ട്രൈക്ക് റോട്ടേറ്റ് ചെയ്ത് കൊണ്ട് മധ്യ ഓവറുകളിലെ ബാറ്റിങ് നിയന്ത്രിക്കുക, അപകടകാരിയായ അബ്രാർ അഹമ്മദിനെതിരെ റിസ്ക് എടുക്കാതെ, പേസർമാർക്കെതിരെ സ്കോർ ചെയ്യുക. ഈയൊരു ടെമ്പ്ളേറ്റ് കോഹ്ലിക്ക് അപരിചിതമായ ഒന്നല്ല എന്നത് കൊണ്ട് തന്നെ തീർത്തും അനായാസമായിട്ടാണ് കോഹ്ലി ഈ റൺ ചേസിനെ സമീപിക്കുന്നത്.
അവസാനം കളിച്ച മൂന്ന് ഏകദിനങ്ങളിലും ലെഗ് സ്പിന്നർക്ക് വിക്കറ്റ് സമ്മാനിച്ചു മടങ്ങിയത് കൊണ്ട് തന്നെ ശ്രദ്ധപൂർവമാണ് അദ്ദേഹം സ്പിന്നർമാരെ നേരിട്ടതും. സിംഗിളുകളും ഡബിളുകളും കൊണ്ട് സ്പിന്നർമാരെ മെരുക്കിയ കോഹ്ലി സെഞ്ച്വറിയിലേക്കെത്തിയ ആ ഒരു ബൗണ്ടറി മാത്രമാണ് സ്പിന്നർമാർക്കെതിരെ നേടിയത് എന്നത് ക്ഷമയുടെ വ്യക്തമായ ഉദാഹരണമാണ്. ചേസ് മാസ്റ്റർ എന്ന വിശേഷണം അന്വർത്ഥമാക്കിയ പ്രകടനം. അദ്ദേഹത്തിന്റെ 51 ഏകദിന സെഞ്ച്വറികളിൽ 28 എണ്ണവും റൺ ചേസുകളിലാണ്. ഇത് അഞ്ചാം തവണയാണ് കോഹ്ലി ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ വിജയകരമായി റൺ ചേസ് പൂർത്തിയാക്കുന്നത്. അതിൽ മൂന്നെണ്ണം ടി 20 ലോകകപ്പുകളിലും ഒരെണ്ണം ചാമ്പ്യൻസ് ട്രോഫിയിലുമാണ് എന്നത് ബിഗ് മാച്ച് പ്ലെയർ എന്ന വിശേഷണത്തെ സാധൂകരിക്കുന്നതാണ്.
വമ്പനടികൾ കൊണ്ട് ഒരു ബൗളിങ് നിരയുടെ മേൽ ആധിപത്യം സ്ഥാപിച്ചു കൊണ്ട് കളിക്കുന്ന മാച്ച് വിന്നിങ് ഇന്നിങ്സുകൾക്ക് തിളക്കം കൂടുതലായിരിക്കുമെന്ന സാഹചര്യങ്ങൾ നിലവിലുള്ളപ്പോഴാണ് പൂർണമായ ആധിപത്യ സ്വഭാവമൊന്നും കാണിക്കാതെ തീർത്തും ക്ലിനിക്കലായി ഒരു ബൗളിങ് നിര തനിക്ക് നേരെ ഉപയോഗിക്കുന്ന തന്ത്രങ്ങളെ കോഹ്ലി മറികടക്കുന്നത്. ഒരു ഹൈ ക്ലാസ് ബാറ്ററുടെ ഈഗോ എന്ന ഘടകം കോഹ്ലി തൽക്കാലത്തേക്ക് മാറ്റി വച്ചത് കാണാനാകും. അസാധ്യമായി ഗെയിം റീഡ് ചെയ്യുന്നൊരു കളിക്കാരൻ ഒരു വലിയ മത്സരത്തിന്റെ സമ്മർദ്ദത്തെ സ്വാംശീകരിച്ചുകൊണ്ട് തനിക്ക് മാത്രം സാധിക്കുന്ന രീതിയിൽ കളിച്ചൊരു ഉന്നതനിലവാരമുള്ള ഇന്നിങ്സ്. വിരാട് കോഹ്ലി ഇവിടെ തന്നെയുണ്ട്.REPRESENTATIVE IMAGE | WIKI COMMONS
സച്ചിൻ ടെണ്ടുൽക്കർക്കും കുമാർ സംഗക്കാരക്കും പിന്നാലെ ഏകദിന ക്രിക്കറ്റിൽ 14,000 റൺസ് തികച്ച മൂന്നാമത്തെ ബാറ്റർ എന്ന നേട്ടത്തിലേക്കെത്തി വിരാട് കോഹ്ലി. ഈ നേട്ടത്തിലേക്കെത്താൻ വെറും 287 ഇന്നിങ്സുകൾ മാത്രമാണ് അദ്ദേഹം കളിച്ചത്. ഏറ്റവും വേഗതയിൽ ഈ നേട്ടത്തിലെത്തുന്ന കളിക്കാരൻ. ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ചവനെന്ന വിശേഷണം നൽകാതിരിക്കാൻ പ്രത്യേകിച്ച് കാരണമൊന്നും കാണുന്നില്ല. ഏകദിനത്തിലെ റൺ വേട്ടക്കാരിൽ മുൻപന്തിയിൽ നിൽക്കുന്ന സച്ചിൻ ടെണ്ടുൽക്കറെ മറികടക്കാനുള്ള സാധ്യത കുറവാണെന്നു തോന്നുന്നു. സച്ചിനെ മറികടക്കാൻ ഇനിയും നാലായിരത്തിൽ പരം റൺസ് കൂടെ വേണം. നിലവിലെ കോഹ്ലിയുടെ ഫിറ്റ്‌നസ് കണക്കിലെടുക്കുമ്പോൾ ഫോം നിലനിർത്തുകയാണെങ്കിൽ അദ്ദേഹത്തിനൊരു മൂന്ന് വർഷത്തെ കരിയർ കൂടെ ബാക്കിയുണ്ടെന്നു കരുതാം. എന്നാൽ പോലും ടി ട്വന്റിയുടെ വരവോടെ വർഷത്തിൽ നടക്കുന്ന ഏകദിനങ്ങളുടെ എണ്ണത്തിൽ വന്ന ഗണ്യമായ കുറവ് ഈ നേട്ടം കൈവരിക്കാൻ കോഹ്ലിക്ക് തടസ്സമായേക്കാം.
പാകിസ്ഥാനെതിരെയുള്ള വിരാട് കോഹ്ലിയുടെ സെഞ്ച്വറി ആഘോഷിക്കുന്ന ഇസ്‌ലാമാബാദിലെ ഒരു കൂട്ടം ആരാധകരുടെ ദൃശ്യം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. പ്രതിഭയെ സ്നേഹിക്കുന്നതിനും ആദരിക്കുന്നതിനും രാജ്യങ്ങൾ തമ്മിലുള്ള വൈരമോ മതമോ മറ്റു അതിർവരമ്പുകളുമൊന്നുമോ അവർക്ക് വിഷയമാകുന്നില്ല. ഇവിടെ പലർക്കും മാതൃകയാക്കാവുന്നതാണത്.