ഓസീസിന്റെയും അഫ്ഗാന്റെയും ലോകകപ്പ്, ഇന്ത്യയുടേയും
ഏകദിന ലോകകപ്പിന്റെ പതിമൂന്നാം എഡിഷന്‍ അവസാനിക്കുമ്പോള്‍ ആറാം കിരീടവുമായി ഓസ്‌ട്രേലിയ തങ്ങളുടെ ആധിപത്യം അരക്കിട്ടുറപ്പിക്കുകയാണ്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ടീമെന്ന് നിസ്സംശയം പറയാവുന്ന ഇന്ത്യയെ ആധികാരികമായി പരാജയപ്പെടുത്തിക്കൊണ്ടൊരു വിജയം. കടുത്ത സമ്മര്‍ദ്ദമുള്ള നോക്ക് ഔട്ട് മത്സരങ്ങള്‍ എങ്ങനെ കളിക്കണമെന്നതിനൊരു മാതൃക ഓസ്‌ട്രേലിയ ഒരിക്കല്‍ കൂടെ കാട്ടിത്തരുന്നുണ്ട്. നിങ്ങളെത്ര മികച്ച ടീമായാലും ഫൈനലെന്ന കടമ്പ കൂടെ കടക്കാതെ നിങ്ങള്‍ക്ക് വിജയികളാവാന്‍ സാധിക്കില്ല. ഓസ്‌ട്രേലിയ അത് സാധിച്ചെടുക്കുന്നത് ഇന്ത്യന്‍ മണ്ണില്‍,
ഇന്ത്യന്‍ ആരാധകരുടെ മുന്നില്‍ വച്ചാണ്. അതാണ് ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഘടകവും. അവരുടെ നായകന്‍ പാറ്റ് കമ്മിന്‍സ് ഫൈനലിനു മുന്നേ പറഞ്ഞതുപോലെ ഒരു ലക്ഷത്തിലധികം വരുന്ന കാണികളെ നിശബ്ദരാക്കാന്‍ കഴിയുന്നതിലും തൃപ്തികരമായ വേറൊന്നും സ്പോര്‍ട്സിലില്ല.
ആവേശകരമായ മത്സരങ്ങളുടെ എണ്ണം കുറവായിരുന്നെങ്കിലും ഇന്ത്യ, അഫ്ഗാനിസ്ഥാന്‍ എന്നീ രണ്ട് ടീമുകളുടെ കുതിപ്പാണ് ടൂര്‍ണമെന്റിനെ ആകര്‍ഷണീയമാക്കിയത്. നിലവിലെ ജേതാക്കളായിരുന്ന ഇംഗ്ലണ്ട് പാടേ നിരാശപ്പെടുത്തിയപ്പോള്‍, മുന്‍ ജേതാക്കളായ പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ ടീമുകളും സെമി കാണാതെ പുറത്തായി. ആദ്യ ലോകകപ്പ് എന്ന സ്വപ്നവുമായി എത്തിയ സൗത്ത് ആഫ്രിക്കക്ക് സെമി ഫൈനലിന്റെ സമ്മര്‍ദം താങ്ങാന്‍ കഴിയാതെ ഒരിക്കല്‍ കൂടെ ഓസ്‌ട്രേലിയക്ക് മുന്നില്‍ പരാജിതരായി മടങ്ങേണ്ടി വന്നു.
ഓസ്‌ട്രേലിയ ടീം | PHOTO: PTI
ഈ ലോകകപ്പ് അഫ്ഗാനിസ്ഥാന്റേത് കൂടിയായിരുന്നു. നാലു വിജയവും ചാമ്പ്യന്‍സ് ട്രോഫി യോഗ്യതയുമായിട്ടാണ് അഫ്ഗാന്‍ മടങ്ങിയത്. ഇത് ചരിത്രമല്ലെങ്കില്‍ പിന്നെന്താണ് ചരിത്രം എന്നറിയില്ല, അഫ്ഗാനെക്കാള്‍ ഭംഗിയായി ഏകദിന ക്രിക്കറ്റിലെ സമവാക്യങ്ങളും മുന്‍ധാരണകളും കാറ്റില്‍ പറത്തി ചരിത്രം തിരുത്തിയെഴുതാന്‍ അര്‍ഹതയുള്ള വേറൊരു ടീമുമില്ല. യുദ്ധങ്ങളും ആഭ്യന്തര കലഹങ്ങളും പ്രകൃതി ദുരന്തങ്ങളും കൊണ്ട് വീര്‍പ്പു മുട്ടുന്നൊരു ജനതയ്ക്ക് എല്ലാം മറന്നാഹ്ലാദിക്കാന്‍ അവരില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെട്ട ഒരു കൂട്ടം പോരാളികള്‍ നല്‍കുന്ന സുന്ദരമായ കുറച്ചു ദിവസങ്ങള്‍. അവരതാസ്വദിക്കുകയായിരുന്നു. 9 കളികള്‍, 4 വിജയങ്ങള്‍. ആദ്യ കളിയില്‍ ബംഗ്ലാദേശിനോടേറ്റ തോല്‍വി തന്നെയാണ് ആത്യന്തികമായി അവര്‍ക്ക് വിനയായത്. നിര്‍ഭാഗ്യവും പരിചയക്കുറവും കാരണമാണ് അഫ്ഗാനു പുറത്തേക്ക് പോകേണ്ടി വന്നത്. ഒന്ന് മാത്രം ഉറപ്പുണ്ട്, ഈ ലോകകപ്പ് അവരുടെ പോരാട്ടവീര്യത്തിന്റെ പേരില്‍ അടയാളപ്പെടുത്തപ്പെടേണ്ടതാണ്.
അഫ്ഗാന്‍ ഈ ടൂര്‍ണമെന്റില്‍ ഒരട്ടിമറി പോലും നടത്തിയിട്ടില്ല എന്നതാണ് അത്ഭുതം. ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ശ്രീലങ്ക എന്നീ മുന്‍ ലോക ചാമ്പ്യന്‍മാരെ വീഴ്ത്തിയതില്‍ ഒരു ആധികാരികതയുണ്ട്. ബിഗ് ടീമുകള്‍ക്ക് മാത്രം സാധിച്ചിരുന്ന രീതിയില്‍ എതിരാളികള്‍ക്ക് ഒരവസരവും നല്‍കാതെ ക്ലിനിക്കലായി അവരെ ഫിനിഷ് ചെയ്യുന്നു. ചെറിയ എതിരാളികളെയും ബിഗ് ഗണ്‍സിനെയും ഒരേ രീതിയില്‍ കണ്‍വിന്‍സിങ് ആയി പരാജയപ്പെടുത്തുന്നു. കളിക്കാര്‍ക്ക് വളര്‍ന്നു വരാനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഒരു ടീം കാഴ്ച വെക്കുന്ന പോരാട്ട വീര്യത്തിന് സമാനതകളില്ല. അവര്‍ക്ക് പൊരുതേണ്ടത് കളിക്കളത്തിലുള്ള 11 പേരോട് മാത്രമല്ല, അവര്‍ക്ക് പ്രതികൂലമായി മാത്രം നില്‍ക്കുന്ന സാഹചര്യങ്ങളോട് കൂടിയാണ്. ഓരോ തവണ വീഴുമ്പോഴും മുന്നേ പോയതിന്റെ ചാരത്തില്‍ നിന്നുയിര്‍ത്തെഴുന്നേല്‍ക്കുന്നൊരു ഫീനിക്സ് പക്ഷിയെ പോലെ കൂടുതല്‍ കരുത്തോടെ തിരിച്ചു വരുന്ന അഫ്ഗാന്‍ ക്രിക്കറ്റിന് ഒരു ബിഗ് സല്യൂട്ട്.
അഫ്ഗാനിസ്ഥാന്‍ ടീം | PHOTO: WIKI COMMONS
ഫ്ലാറ്റ് പിച്ചുകളില്‍ ബാറ്റര്‍മാര്‍ അരങ്ങുവാണ ലോകകപ്പ്, പടുകൂറ്റന്‍ സ്‌കോറുകള്‍ ഒരുപാടെണ്ണം വന്ന ടൂര്‍ണമെന്റില്‍ പക്ഷെ ഒരുപിടി ബൗളര്‍മാര്‍ പരിമിതികളെ തങ്ങളുടെ കരുത്താക്കി മാറ്റുന്നതും കണ്ടു.
ജസ്പ്രീത് ബുമ്ര, ദില്‍ഷന്‍ മധുഷാങ്ക, ആദം സാമ്പ, ജെറാള്‍ഡ് കോയറ്റ്സി എന്നിവരൊക്കെ തിളങ്ങിയ ടൂര്‍ണമെന്റില്‍ ഇമ്പാക്ട് കൊണ്ടും സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ കൊണ്ടും മുന്നില്‍ നിന്നത് ഇന്ത്യയുടെ പ്രീമിയര്‍ സീം ബൗളറാണ്. ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ ആദ്യത്തെ 4 കളികള്‍ പുറത്തിരുന്നു കാണാന്‍ വിധിക്കപ്പെട്ടവനായിരുന്നു മുഹമ്മദ് ഷമി. ഹാര്‍ദിക് പാണ്ഡ്യയുടെ പരുക്ക് ടീമിന്റെ ഘടനയില്‍ സൃഷ്ടിച്ച പ്രശ്‌നങ്ങള്‍ കൊണ്ടാണ് അഞ്ചാമത്തെ കളിയില്‍ ടീമിലേക്ക് വരുന്നത്. ടൂര്‍ണമെന്റിലെ ആദ്യ പന്തില്‍ തന്നെ വിക്കറ്റുമായി. അതൊരു വരവായിരുന്നു. പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.
ഫസ്റ്റ് ചെയ്ഞ്ച് ആയി ഷമി പന്ത് കയ്യിലെടുക്കുന്നത് മുതല്‍ അയാള്‍ സൃഷ്ടിച്ച അപാരമായ സീം മൂവ്മെന്റ് ബാറ്ററുടെ ടെക്നികിനെ ചോദ്യം ചെയ്ത് തുടങ്ങിയിരുന്നു. കയ്യിലുള്ള പന്ത് ഷമിക്ക് വേണ്ടി സംസാരിച്ചു തുടങ്ങിയിരുന്നു. അപ് റൈറ്റ് സീം പൊസിഷന്‍, പിച്ച് ചെയ്തതിനു ശേഷം ബാറ്റര്‍ ഇടത് കയ്യനോ വലതു കയ്യനോ ആകട്ടെ, ബാറ്ററിലേക്ക് അസാധാരണമായ രീതിയില്‍ ഇന്‍ വെഡ് മൂവ്മെന്റും ബാറ്ററില്‍ നിന്നു പുറത്തേക്ക് നോര്‍മല്‍ ഔട്ട് സ്വിങ്ങും അനായാസം ക്രിയേറ്റ് ചെയ്യുന്ന ടോപ് ക്ലാസ് സീം ബൗളിംഗ് ഷമിയെന്ന പേരിനെ ആരാധകരുടെ മനസ്സില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത വിധം ആലേഖനം ചെയ്ത് കഴിഞ്ഞിരുന്നു. 7 കളികള്‍, 24 വിക്കറ്റുകള്‍, 12 സ്ട്രൈക്ക് റേറ്റ്, ഇകൊണമി 5.2, അഞ്ചു വിക്കറ്റ് നേട്ടം 3 തവണ. ഷമിക് ആ 4 കളികള്‍ കൂടെ ലഭിച്ചിരുന്നെങ്കില്‍ ഒരു റെക്കോര്‍ഡ് കൂടെ തകരുമായിരുന്നു. നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല.
മുഹമ്മദ് ഷമി | PHOTO: WIKI COMMONS
ഇന്ത്യയുടെ മാസ്റ്റര്‍ ബാറ്റര്‍ വിരാട് കോഹ്ലി തകര്‍ത്താടിയ ലോകകപ്പ്. റെക്കോര്‍ഡുകളില്‍ പലതും അദ്ദേഹത്തിന് മുന്നില്‍ വഴിമാറി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയ തകര്‍പ്പന്‍ തുടക്കങ്ങള്‍ മികച്ച സ്‌കോറിലേക്ക് എത്തിക്കുന്നു എന്ന് ഉറപ്പാക്കിയ കോഹ്ലിയുടെ ഇന്നിങ്സുകള്‍ ഇന്ത്യയുടെ കുതിപ്പിന് ഇന്ധനം പകര്‍ന്നു. ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍, 765 റണ്‍സ്, 3 സെഞ്ച്വറികള്‍, 6 അര്‍ദ്ധ സെഞ്ച്വറികള്‍, 95.62 ആവറേജ്. ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ബാറ്റര്‍.
ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഇന്നിങ്ങ്സ് ഏതാണെന്നതിന് ഒരാള്‍ക്ക് പോലും സംശയമുണ്ടായിരിക്കാന്‍ ഇടയില്ല. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഇന്നിങ്ങ്സ് ഏകദിന ക്രിക്കറ്റിലെ തന്നെ എക്കാലത്തെയും മികച്ച ഇന്നിങ്സുകളുടെ നിരയിലേക്ക് ഉയരുന്ന കാഴ്ച സമ്മാനിച്ചത് ഗ്ലെന്‍ മാക്സ് വെല്ലായിരുന്നു. അഫ്ഗാനെതിരെ 49 നു 4 വിക്കറ്റ് എന്ന അവസ്ഥയില്‍ ക്രീസിലെത്തുമ്പോള്‍ ഓസ്‌ട്രേലിയക്ക് ജയിക്കാന്‍ വേണ്ടത് 243 റണ്‍സ്. കുറച്ചു ഓവറുകള്‍ക്കുള്ളില്‍ ഓസീസ് 91/7 എന്ന അവസ്ഥയില്‍ എത്തുന്നു. ജയിക്കാന്‍ വേണ്ടത് 201 റണ്‍സ്, റിക്വയെഡ് റണ്‍ റേറ്റ് 6.3. ബാറ്റിംഗ് നിര മുഴുവനായും കൂടാരം കയറി കഴിഞ്ഞിരിക്കുന്നു, ഇനിയുള്ളത് വാലറ്റക്കാര്‍ മാത്രം എന്ന അവസ്ഥയില്‍ മാക്സ് വെല്‍ ആക്രമണം തുടങ്ങുകയാണ്. ഇന്നിങ്ങ്സ് പുരോഗമിച്ചപ്പോള്‍ കടുത്ത പുറം വേദന കാരണം ബുദ്ധിമുട്ടുമ്പോഴും തളരാതെ, പിന്‍ വാങ്ങാതെ മാക്സ് വെല്‍ കളിക്കുന്ന 201 റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനം ഹൃദയങ്ങള്‍ കീഴടക്കിയിരുന്നു. കളി ലൈവ് കാണാതെ ഇരുന്നവര്‍ക്ക് വന്‍ നഷ്ടം തന്നെയാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല, ഇതുപോലൊരു ഏകദിനം നമ്മുടെ ജീവിതകാലഘട്ടത്തില്‍ ഒരുപക്ഷെ ഇനിയുണ്ടാവാനും സാധ്യതയില്ല.
വിരാട് കോഹ്ലി, രോഹിത് ശര്‍മ | PHOTO: WIKI COMMONS
ഏകദിനമെന്ന ഫോര്‍മാറ്റ് അതിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തിലാണ് ഈ ലോകകപ്പ് നടന്നത്. സ്റ്റേഡിയങ്ങളില്‍ കാണികളുടെ പങ്കാളിത്തവും ഡിസ്‌നി ഹോട്ട് സ്റ്റാറിലെ വ്യൂവര്‍ ഷിപ്പും റെക്കോര്‍ഡുകള്‍ ഭേദിച്ചു മുന്നോട്ട് പോയപ്പോഴും ഏകദിനം എന്ന ഫോര്‍മാറ്റ് ചോദ്യങ്ങള്‍ നേരിടുന്നുണ്ട്. 8 മണിക്കൂര്‍ എന്ന സമയ ദൈര്‍ഘ്യം തന്നെയാണ് ഏറ്റവും വലിയ പ്രശ്നം. 2 മണിക്ക് തുടങ്ങുന്ന കളികളില്‍ കാണികള്‍ സ്റ്റേഡിയത്തിലേക്ക് എത്തിച്ചേര്‍ന്നിരുന്നത് ചൂടിന്റെ കാഠിന്യം കുറഞ്ഞിരുന്ന വൈകുന്നേരങ്ങളിലായിരുന്നു. ട്വന്റി-ട്വന്റിയെന്ന ദൈര്‍ഘ്യം കുറഞ്ഞ ഫോര്‍മാറ്റ് കാണികള്‍ക്ക് നല്‍കുന്നൊരു സമയത്തിന്റെ ആനുകൂല്യവും സൗകര്യവും നല്‍കാത്ത ഏകദിന ക്രിക്കറ്റിന്റെ ഭാവിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ ചൂട് പിടിക്കാനാണ് സാധ്യത. ക്രിക്കറ്റിനു ഇപ്പോഴുള്ള കാണികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാര്‍ ആണെന്നിരിക്കെ ഇന്ത്യക്ക് പുറത്ത് നടത്തുന്ന ടൂര്‍ണമെന്റുകളില്‍ കാണികളുടെ എണ്ണം ഒരു പ്രശ്നമാകാന്‍ എല്ലാ സാധ്യതയുമുണ്ട്. ടെസ്റ്റ് ക്രിക്കറ്റിനു ശേഷം ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഏകദിനം എന്ന ഫോര്‍മാറ്റ് അതിന്റെ ചാരുത ഒട്ടും നഷ്ടപ്പെടാതെ നിലനിര്‍ത്താന്‍ അസാധാരണമായ ഉള്‍ക്കാഴ്ചയോടെയുള്ള ആസൂത്രണം ആവശ്യമുണ്ട്.