ഹിന്ദുത്വ വളര്‍ച്ചയുടെ ജാതി എഞ്ചിനീയറിംഗ്
ജര്‍മനിയില്‍ നാസികള്‍ അധികാരത്തില്‍ വന്നപ്പോള്‍ അതിനെ കേവലമായ സാമ്പത്തിക മാത്ര പദാവലികള്‍ കൊണ്ട് വിശദീകരിക്കാനാണ് അക്കാലത്തെ മുഖ്യധാര മാര്‍ക്സിസ്റ്റുകള്‍ അടക്കമുള്ള പുരോഗമനവാദികള്‍ മുന്നോട്ടുവന്നത്. കുത്തക മുതലാളിത്ത ശക്തികള്‍ തങ്ങളുടെ സമഗ്രാധിപത്യമുറപ്പിക്കുന്നതിനുവേണ്ടി ഉപയോഗിക്കുന്ന പുകമറയായിട്ടാണ് നാസികളുടെ ജൂതവെറുപ്പിനെ അവര്‍ കണ്ടത്. ഇത്തരത്തിലുള്ള വ്യാഖ്യാനങ്ങളോട് നൂറുശതമാനവും വിയോജിച്ചുകൊണ്ട്, യൂറോപ്പില്‍ പണ്ടേ നിലനിന്നിരുന്ന ജൂതവെറുപ്പിനെ പുതിയൊരു രാഷ്ട്രീയ സ്ഥാപനമാക്കി വികസിപ്പിക്കുകയാണ് നാസികള്‍ ചെയ്തതെന്നാണ് ഹന്ന ഡ്യൂരന്റ് വിശദീകരിച്ചത്.
ജര്‍മനിയില്‍ നിലവില്‍വന്ന ഈ പുത്തന്‍ രാഷ്ട്രീയ സ്ഥാപനത്തെ തിരിച്ചറിയാതിരുന്ന പുരോഗമനകാരികളുടെ കുത്തക മുതലാളിത്ത വിരുദ്ധ പ്രചാരണങ്ങള്‍ മറ്റൊരു തരത്തില്‍ ജൂതജനതയെ നിശ്ശബ്ദരും നിര്‍വീര്യരുമാക്കുന്ന കെണിയിലാണ് അകപ്പെടുത്തിയത്. അതായത്, പലിശയ്ക്ക് പണം കൊടുക്കുന്നവരും, പരമ്പരാഗതമായി കച്ചവട സ്ഥാപനങ്ങള്‍ നടത്തുന്നവരും, വന്‍കിട കമ്പനികളില്‍ ഓഹരി നിക്ഷേപമുള്ളവരുമായ വലിയൊരു വിഭാഗം ആള്‍ക്കാര്‍ ജൂത ജനസംഖ്യയുടെ ഭാഗമായിരുന്നു. കുത്തക മുതലാളിത്തത്തോടും മധ്യവര്‍ഗ സ്വത്തുടമസ്ഥതയോടുമുള്ള എതിര്‍പ്പായി നാസിവിരുദ്ധ പ്രചാരണം മാറിയപ്പോള്‍ സ്വാഭാവികമായും മേല്‍പ്പറഞ്ഞവരും ശത്രുപക്ഷത്ത് പ്രതിഷ്ഠിക്കപ്പെട്ടു. ഇതേസമയം നാസികളാവട്ടെ തൊഴിലാളി-മുതലാളി ഭേദമില്ലാതെ ജൂതജനതയെ ഒരു വംശമെന്ന നിലയിലാണ് ശത്രുക്കളായി കണക്കാക്കിയത്.
ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികളുടെ വളര്‍ച്ചയെ വിശദീകരിക്കാന്‍ ജര്‍മനിയിലെ പുരോഗമനകാരികള്‍ക്ക് പറ്റിയതിന് സമാനമായ പിഴവാണ് ഇന്ത്യയിലും ആവര്‍ത്തിക്കപ്പെടുന്നതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. ഹിന്ദുത്വവാദത്തിന്റെ വളര്‍ച്ചയും അവരുടെ ഭരണകൂട സംസ്ഥാപനങ്ങളെയും സൂചിപ്പിക്കാന്‍ ഇവിടുത്തെ പുരോഗമനകാരികള്‍ പൊതുവെ പങ്കിടുന്ന രണ്ട് പദാവലികള്‍ 'വര്‍ഗീയ ശക്തികളുടെ വളര്‍ച്ച' 'ഹിന്ദുമതരാഷ്ട്രത്തിന്റെ രൂപീകരണം' എന്നിവയാണ്. ഈ സംജ്ഞകളും നിലനില്‍ക്കുന്ന സാമൂഹിക യാഥാര്‍ത്ഥ്യങ്ങളോട് പരിമിതമായി മാത്രമേ പൊരുത്തപ്പെടുന്നുള്ളൂ എന്നതാണ് വസ്തുത.
REPRESENTATIVE IMAGE: WIKICOMMONS
'വര്‍ഗീയത' അഥവാ കമ്മ്യൂണലിസം എന്ന വാല് വര്‍ഗം ഏത് ഉന്നതകര്‍ത്തൃത്വത്തിന്റെ അപരമായിട്ടാണ് വിവക്ഷിക്കപ്പെടുന്നത്. അതായത്, സാമൂഹിക വ്യവസ്ഥിതി മുതലാളിത്തവര്‍ഗം, മധ്യവര്‍ഗം, തൊഴിലാളിവര്‍ഗം എന്നീ ഗണങ്ങളായി ചരിത്രപരമായി തന്നെ നിലവില്‍ വന്നിട്ടുള്ളതിനാല്‍ ഇവയില്‍ മൂന്നിലും ഉള്‍പ്പെടാതെ പൂര്‍വാധുനികതയുടെ അവശിഷ്ടമായ ജാതീയതയില്‍ നിന്നോ സാമുദായികതയില്‍ നിന്നോ മതപരതയില്‍ നിന്നോ ആണ് ഹിന്ദുത്വം ഉത്ഭവിച്ചതും വളര്‍ച്ച നേടുകയും ചെയ്തിട്ടുള്ളത് എന്നാണ് വര്‍ഗീയത എന്ന പദത്തിലൂടെ അര്‍ത്ഥമാക്കുന്നത്.
യഥാര്‍ത്ഥത്തില്‍ വര്‍ഗങ്ങള്‍ മാത്രമല്ല സമൂഹത്തിലുള്ളത്. നിരവധിയായ വര്‍ഗേതര ഘടകങ്ങളും നിലനില്‍ക്കുന്നുണ്ട്. ജാതീയതയും സാമുദായികതയും മതപരതയും ആധുനികപൂര്‍വതയുടെ അവശിഷ്ടങ്ങള്‍ എന്ന നിലയിലുമല്ല സ്ഥാനപ്പെടുന്നത്. ഇവയില്‍ പലതും അധികാരത്തെ നിര്‍മിക്കുകയും നിര്‍ണയിക്കുകയും ചെയ്യുന്ന സജീവ സാന്നിധ്യങ്ങളാണ്. ഇത്തരം ഘടകങ്ങളെ അവയുടെ വ്യത്യാസത്തിന് അനുസരിച്ച് സാമൂഹ്യവിപ്ലവത്തിന്റെ ഭാഗമാക്കി മാറ്റുന്നതിന് പകരം അവയെ അപ്പാടെ നിരാകരിക്കാനോ കണ്ടില്ലെന്ന് നടിക്കാനോ മാത്രമേ വര്‍ഗീയത എന്ന സംജ്ഞകൊണ്ട് സാധ്യമാകൂ.
മാത്രമല്ല, ഹിന്ദുസാമൂഹിക വ്യവസ്ഥയെ ഉല്‍പ്പതിഷ്ണുക്കളും യാഥാസ്ഥിതികരും എന്ന രണ്ട് വിഭാഗങ്ങളായി വേര്‍തിരിക്കാനേ വര്‍ഗീയത എന്ന ആശയംകൊണ്ട് സാധ്യമാകൂ. അതുപ്രകാരം ഹിന്ദുത്വശക്തികളെ യാഥാസ്ഥിതികരെന്നോ അപരിഷ്‌കൃതരെന്നോ വിളിക്കേണ്ടിവരും. വാസ്തവത്തില്‍ ഹിന്ദുത്വവാദമെന്നത് യാഥാസ്ഥിതിക ഹിന്ദുക്കള്‍ മാത്രമുള്‍ക്കൊള്ളുന്നതല്ല. അതീവ പരിഷ്‌കൃതരും, വിദേശ വിദ്യാഭ്യാസം നേടിയവരും, ഉന്നത സാങ്കേതിക വിദ്യയില്‍ പ്രാവീണ്യമുള്ളവരും നഗരജീവിതം നയിക്കുന്നവരും ഹിന്ദുത്വവാദികളിലുണ്ട്.
REPRESENTATIVE IMAGE: WIKICOMMONS
മേല്‍പ്പറഞ്ഞ വിഭജനത്തിനപ്പുറം സവര്‍ണ ഹിന്ദുക്കള്‍, അവര്‍ണ ഹിന്ദുക്കള്‍, ഭരണകൂട നടപടികളുടെ ഫലമായി ഹിന്ദുക്കളായി മാറ്റപ്പെട്ടവര്‍, ഹിന്ദുവ്യവസ്ഥ പുറന്തള്ളിയവര്‍ മുതലായ നിരവധി വിഭാഗങ്ങള്‍ ഹിന്ദുസാമൂഹിക വ്യവസ്ഥയിലുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍, ഹിന്ദു വ്യവസ്ഥയോട് ചരിത്രപരമായ കാരണങ്ങളാല്‍ എതിര് നില്‍ക്കുന്നവരായ ദലിതരെയും അവര്‍ണരെയും പിന്നോക്ക സമുദായങ്ങളെയും വ്യവച്ഛേദിച്ച് ഉള്‍ക്കൊള്ളാന്‍ ഈ വിഭജനം അപര്യാപ്തമാണ്. ഹിന്ദുത്വത്തിന്റെ ആണിക്കല്ലായ സവര്‍ണ മേധാവിത്വത്തെയും അതിന്റെ സാമൂഹിക- രാഷ്ട്രീയ മൂല്യമണ്ഡലമായ ബ്രാഹ്‌മണിസത്തെയും അഭിസംബോധന ചെയ്യാന്‍ വര്‍ഗീയത എന്ന ആശയംകൊണ്ട് സാധ്യമല്ല എന്ന് സാരം.
അതേപോലെ തന്നെ ഹിന്ദുമത രാഷ്ട്രത്തിന്റെ രൂപീകരണമാണ് ഹിന്ദുത്വവാദികള്‍ ലക്ഷ്യവയ്ക്കുന്നതെന്ന കാഴ്ചപ്പാടും പ്രശ്നകരമാണ്. ഹിന്ദുമതം എന്ന് വിവക്ഷിക്കപ്പെടുന്നത് ജാതികളുടെ ഒരു കൂട്ടമാണ്. മുസ്ലിം വിരുദ്ധ വംശീയ അതിക്രമങ്ങളുടെ സമയത്ത് മാത്രമേ ഈ ജാതികള്‍ ഹിന്ദു എന്ന പൊതുബോധത്തിലേക്ക് ഉണരുകയുള്ളൂ എന്ന ഡോ. ബിആര്‍ അംബേദ്കറിന്റെ നിരീക്ഷണം പ്രസക്തമാണ്.
ഏകീകൃതമായ വിശ്വാസമോ പ്രമാണഗ്രന്ഥമോ ഒറ്റ മതാധികാര കേന്ദ്രമോ ഇല്ലാത്തതുമൂലം ഹിന്ദുജാതി വ്യവസ്ഥയ്ക്കകത്ത് ഒരു മതരാഷ്ട്രം അഥവാ തിയോളജിക്കല്‍ സ്റ്റേറ്റ് രൂപീകരിക്കാന്‍ അസാധ്യമാണ്. ഇതേസമയം മതമല്ലാത്ത ഹൈന്ദവത വരേണ്യ ഹിന്ദുക്കളുടെ ആത്മഭാഷയായും ആധിപത്യശക്തികളുടെ ഭരണമനോഭാവമായും നിലനില്‍ക്കുന്നുണ്ട്. ഇവയെ ആര്യാവര്‍ത്തനം പോലുള്ള അഖണ്ഡ ദേശീയതാ സങ്കല്പത്തിലേക്ക് ലയിപ്പിച്ചുകൊണ്ട് ദേശത്തിന് മേലുള്ള സവര്‍ണരുടെ വംശീയാധികാരവും ബ്രാഹ്‌മണിസത്തിന്റെ തുടര്‍ച്ചയും നിലനിര്‍ത്താനാണ് ഹിന്ദുത്വവാദികള്‍ ശ്രമിക്കുന്നത്. അതിനാലാണ് അവര്‍ ദേശത്തെ മാതൃലാളനയുടെ പര്യായപദമായും സാംസ്‌കാരികമായ സമന്വയത്തിന്റെ ഉപാധിയുമായി നിര്‍ണയിച്ചിട്ടുള്ളത്.
ഡോ. ബിആര്‍ അംബേദ്കര്‍ | PHOTO: WIKICOMMONS
രാമന്‍, പശു മുതലായ ഹൈന്ദവ മിത്തോളജിയിലെ ചിഹ്നങ്ങളെ അവര്‍ വീണ്ടെടുക്കുന്നതും ഹിന്ദുക്കളുടെ വിശ്വാസപരമായ ഏകീകരണത്തിനുവേണ്ടിയല്ല. മറിച്ച് സവര്‍ണരെ വംശീയമായി ഐക്യപ്പെടുത്താനും അവര്‍ണരുടെ മേല്‍ സാംസ്‌കാരികമായ ആധിപത്യമുറപ്പിക്കാനുമാണ്. കേരളത്തിലെ മുഖ്യധാര ഇടതുപക്ഷ കക്ഷികളാണ് ഹിന്ദുത്വവാദികളുടെ ലക്ഷ്യം ഹിന്ദുമത രാഷ്ട്രരൂപീകരണമാണെന്ന് പ്രചരിപ്പിക്കുന്നത്. ഇതിലൂടെ അവര്‍ തങ്ങള്‍ക്ക് ഭീഷണിയാണെന്ന് കരുതുന്ന മുസ്ലിം സംഘടനകളെ ഹിന്ദുമത രാഷ്ട്രത്തിന് ഒപ്പം ചേര്‍ത്തുനിര്‍ത്തി ഇസ്ലാമിക രാഷ്ട്രം രൂപീകരിക്കാന്‍ കോപ്പുകൂട്ടുകയാണെന്ന് സമീകരിക്കുകയാണ് ചെയ്യുന്നത്.
ഇത്തരത്തിലുള്ള സമീകരണത്തിന്റെ ഫലമെന്താണ്? ഹിന്ദുത്വം മുസ്ലിം അപരത്വത്തോടുള്ള വെറുപ്പിനെ ഒരു രാഷ്ട്രീയ സ്ഥാപനമാക്കി മാറ്റിയിരിക്കുന്നു എന്ന സമകാലീന യാഥാര്‍ത്ഥ്യം അദൃശ്യമാകുന്നു. മാത്രമല്ല, ഹിന്ദുത്വ ഭരണത്തിന് കീഴില്‍ മുസ്ലിങ്ങള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളും ഹൈന്ദവേതരമായ കീഴാള ജനതയും അനുഭവിക്കുന്ന അന്യവല്‍ക്കരണവും കര്‍ത്തൃത്വ നഷ്ടവും അഭിസംബോധന ചെയ്യപ്പെടാതെ കേവലം പ്രചാരണ പരിപാടികളില്‍ മാത്രമായി ചുരുങ്ങുന്നു. മുന്‍പ് വിശദീകരിച്ചതുപോലെ ദേശത്തിന് മേലുള്ള സവര്‍ണാധിപത്യ ശക്തികളുടെ സമ്പന്നമായ അധികാരം, കീഴാള സമുദായങ്ങളുടെ പുറന്തള്ളല്‍, മുസ്ലിം അപരത്വത്തോടുള്ള ശത്രുതാപരമായ വെറുപ്പ് എന്നിവയെ ആധാരമാക്കി നിലവില്‍ വന്നതാണ് ഹിന്ദുത്വത്തിന്റെ ഭരണകൂടാധികാരം. ഇതിനെ നാസി മോഡല്‍ ഭരണസംവിധാനങ്ങളുമായിട്ടാണ് സാദൃശ്യപ്പെടുത്താവുന്നത്.
ഈ വളര്‍ച്ചയ്ക്ക് അവരെ പ്രാപ്തരാക്കിയത് ഗുജറാത്ത് മുസ്ലിം വംശഹത്യയും കോര്‍പ്പറേറ്റ് ശക്തികളുടെ പിന്തുണയും കുത്തകമാധ്യമങ്ങളുടെ സഹായവും ഉന്നത ബ്യൂറോക്രസിയുടെ ഹിന്ദുത്വ ചായ്വും അടക്കമുള്ള നിരവധി ഘടകങ്ങളാണ്. എങ്കിലും ഇവയിലെല്ലാം പ്രധാനം, എണ്‍പതുകളില്‍ ഇന്ത്യയില്‍ വികസിച്ചുവന്ന കീഴാള രാഷ്ട്രീയധാരകള്‍ മുന്നോട്ടുവച്ച സോഷ്യല്‍ എഞ്ചിനീയറിംഗിനെ അട്ടിമറിക്കാന്‍ കഴിഞ്ഞതാണ്. ദലിത്-പിന്നോക്ക- ന്യൂനപക്ഷ സഹവര്‍ത്തിത്വത്തിലും സവര്‍ണരാജിനെതിരെയുള്ള രണ്ടാം സ്വാതന്ത്ര്യസമരം എന്ന മുദ്രാവാക്യം ഉയര്‍ത്തിയും രംഗത്തുവന്ന കീഴാള രാഷ്ട്രീയ ധാരകള്‍ പരമ്പരാഗത കക്ഷിരാഷ്ട്രീയ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. തല്‍ഫലമായി കോണ്‍ഗ്രസ് ദുര്‍ബലമാവുകയും പലയിടങ്ങളിലും ബഹുജന്‍ കക്ഷികള്‍ രാഷ്ട്രീയാധികാരം നേടുകയോ മുഖ്യധാര കക്ഷികള്‍ക്ക് ഒപ്പം വളര്‍ച്ച നേടുകയോ ചെയ്തു.
ഗുജറാത്ത് മുസ്ലിം വംശഹത്യ | PHOTO: WIKICOMMONS
ഇത്തരം കക്ഷികളില്‍ പലതിനെയും അവസരവാദപരമായി പിന്തുണച്ചും, കാലുമാറ്റിയും, അവസരവാദികളെയും അസംതൃപ്തരെയും വലയില്‍ വീഴ്ത്തിയും, ഉപജാതി ഭിന്നതകളെ മുതലെടുത്തും സംഘപരിവാര്‍ ശക്തികള്‍ പുതിയൊരു ജാതി എഞ്ചിനീയറിംഗ് നടപ്പിലാക്കി. തല്‍ഫലമായി കീഴാള ജനസഞ്ചയ രാഷ്ട്രീയം ഏറെക്കുറെ അട്ടിമറിക്കപ്പെട്ടു. ഇതേകാലത്ത് തന്നെ ഇന്ത്യയിലെ മുഖ്യധാര ഇടതുപക്ഷ കക്ഷികള്‍ നാമമാത്ര പ്രാതിനിധ്യത്തിലേക്ക് ഒതുക്കപ്പെടുകയും ചെയ്തു.
ഈ സ്ഥിതി വിശേഷമാണ് 2014 ലെ പൊതുതിരഞ്ഞെടുപ്പില്‍ മോദിക്ക് അനായാസ വിജയം കൈവരിക്കാനും തുടര്‍ന്ന് 2019 ല്‍ വീണ്ടും അധികാരത്തിലേറാനുമുള്ള അവസരമൊരുക്കിയത്. ഇന്നത്തെ സ്ഥിതിയില്‍ ഉത്തരേന്ത്യയിലെ പിന്നോക്ക രാഷ്ട്രീയവും ദക്ഷിണേന്ത്യയിലെ ദ്രാവിഡ രാഷ്ട്രീയവും കുറെയൊക്കെ സ്ഥിതി മെച്ചപ്പെടുത്തിയിട്ടുണ്ട്. ഈ കക്ഷികളിലെ കാലുമാറ്റക്കാര്‍ക്ക് മുമ്പത്തെപോലെ ബഹുജന പിന്തുണ കിട്ടുന്നതും കുറവാണ്. ഇത്തരം വസ്തുതകള്‍ക്കൊപ്പം കര്‍ഷക സമരങ്ങളും യുവജനങ്ങള്‍ക്കിടയിലെ തൊഴിലില്ലായ്മയും സിവില്‍ സമൂഹത്തിന് മോദി ഭരണത്തോടുള്ള എതിര്‍പ്പുമെല്ലാം സംഘപരിവാര്‍ ശക്തികളെ ചെറുതല്ലാത്ത വിധത്തില്‍ അങ്കലാപ്പിലാക്കിയിട്ടുണ്ട്. അവര്‍ അത് മറച്ചുവയ്ക്കുന്നുണ്ട് എന്നുമാത്രം.