TMJ
searchnav-menu
post-thumbnail

Subaltern & Modi Phenomena

കീഴാളഹിന്ദുത്വവും പൊതുതെരഞ്ഞെടുപ്പും

12 Apr 2024   |   4 min Read
ഡോ.ഒ.കെ.സന്തോഷ്

സംഘപരിവാര്‍ നേതൃത്വം നല്‍കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന്റെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് വിജയങ്ങളെ കീഴാളഹിന്ദുത്വമെന്ന (Subaltern Hindutva) സാമൂഹിക രാഷ്ട്രീയ പരിണാമങ്ങളുമായി ചേര്‍ത്ത് വിശകലനം ചെയ്യപ്പെട്ടിട്ടുണ്ട്. ക്രിസ്റ്റഫ് ജെഫ് ലോട്ട് , ബദ്രി നാരായണ്‍, ഹരിഷ് എസ് വാങ്ങ് ഡെ തുടങ്ങിയ ഗവേഷകരും രാഷ്ട്രീയനിരീക്ഷകരുമായ എഴുത്തുകാര്‍ വിപുലമായി ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച ചെയ്തിട്ടുണ്ട്. 1980 കളുടെ പകുതിവരെ മേല്‍ജാതി ഹിന്ദുക്കളുടെ പ്രസ്ഥാനം മാത്രമായി വിശേഷിപ്പിക്കപ്പെട്ട ആര്‍.എസ്.എസും അവരുടെ അനുബന്ധപ്രസ്ഥാനങ്ങളും പതിവില്‍നിന്നും വിപരീതമായി വിനയ് കത്യാര്‍ എന്ന പിന്നോക്കവിഭാഗക്കാരനെ ദേശീയ നേതാവാക്കി ബജ്‌രംഗദള്‍ ഉണ്ടാക്കിയതോടെയാണ് പിന്നോക്ക ദളിത് സമുദായങ്ങളിലേക്ക് കടന്നുകയറാന്‍ കഴിഞ്ഞത്. ആര്‍.എസ്.എസിന്റെ സാംസ്‌ക്കാരിക മുഖത്തില്‍നിന്നും വിഭിന്നമായി പ്രകടമായ അക്രമോല്‍സുകതയും മുസ്ലീംവിരുദ്ധതയും ക്ഷേത്രങ്ങളുടെ സംരക്ഷണവും ഇന്ത്യന്‍ സംസ്‌ക്കാരത്തിന്റെ ഹിംസാത്മകമായ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമമൊക്കെ അജണ്ടയാക്കി പ്രവര്‍ത്തിക്കുന്നതിലായിരുന്നു ഇവരുടെ താല്‍പ്പര്യം. രാജസ്ഥാനിലെ എഴുത്തുകാരനും ആക്റ്റിവിസ്റ്റുമായ ഭവര്‍ മെഘ് വന്‍ഷിയുടെ എനിക്ക് ഹിന്ദുവാകാന്‍ കഴിഞ്ഞില്ല എന്ന ആത്മകഥയില്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്: 'എന്റെ ഗ്രാമത്തില്‍ ശാഖയില്‍ പങ്കെടുത്തിരുന്ന കുട്ടികളില്‍ ഭൂരിഭാഗവും പിന്നോക്കവിഭാഗക്കാരായിരുന്നു. കുമാര്‍, ജാട്ട്, ഗുര്‍ജാര്‍, മാലി തുടങ്ങിയ വിഭാഗങ്ങളില്‍ നിന്നുള്ളവര്‍. ദളിതരുടെ കൂട്ടത്തില്‍നിന്നും ബങ്കാറകളും ദോലികളുമാണ് ഉണ്ടായിരുന്നത്. കുറച്ച് ഭില്‍ ആദിവാസി വിഭാഗക്കാരുമുണ്ടായിരുന്നു. പൂര്‍ണ്ണമായും ജാതിയടിസ്ഥാനത്തിലാണ് ഞങ്ങളുടെ ഗ്രാമം സംഘടിപ്പിക്കപ്പെട്ടിരുന്നത്. എന്റെ സ്‌കൂളിലും കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നില്ല. പക്ഷേ, ശാഖയില്‍ ജാതിയത്ര പ്രകടമേയായിരുന്നില്ല. എങ്കിലും ഞാനൊരു കാര്യം ശ്രദ്ധിച്ചിരുന്നു, ഞങ്ങളുടെ നേതാക്കളിലെ ഉന്നതര്‍ മുഴുവന്‍ ഉയര്‍ന്ന ജാതികളില്‍ നിന്നുള്ളവര്‍ ആണ്. എന്നെപ്പോലുള്ളവര്‍ക്ക് അണിയാന്‍ സാധാരണ സ്വയം സേവകരുടെ വേഷമാണുള്ളത്. (പുറം .39). ഒരു മുസ്ലീംകുടുംബം പോലുമില്ലാത്ത തന്റെ ഗ്രാമത്തില്‍, ശാഖയില്‍നിന്ന് ലഭിച്ച പ്രസംഗങ്ങളില്‍ മുസ്ലീം വിരുദ്ധതയുടെ ആഴവും വ്യാപ്തിയും വിശദീകരിക്കുവാനും മെഘ് വന്‍ഷിക്ക് ഈ ആത്മകഥയില്‍ കഴിഞ്ഞിട്ടുണ്ട്.

ജാതിയും തെരെഞ്ഞെടുപ്പും 

2009, 2014, 2019 തെരഞ്ഞെടുപ്പുകളില്‍ പിന്നോക്കവിഭാഗങ്ങള്‍, ദളിതര്‍, ആദിവാസികള്‍ എന്നീ വിഭാഗങ്ങളില്‍നിന്ന് ബി.ജെ.പി. ക്ക് ലഭിച്ച വോട്ടുവിഹിതത്തിലെ ക്രമാതീതമായ വര്‍ധന ആരെയും അത്ഭുതപ്പെടുത്തും. സി.എസ്.ഡി.എസ്.ലോക് നീതി ഇലക്ഷന്‍ സര്‍വേയിലെ കണക്കുകള്‍ പ്രകാരം 2009 ല്‍ 22%  ഒ.ബി.സി.വിഭാഗം ബി.ജെ.പി.യെ പിന്തുണച്ചപ്പോള്‍ 2014 ല്‍ 34%, 2019 ല്‍ 44% ആയി വര്‍ദ്ധിച്ചതായി പറയുന്നു. ദളിതരുടെ പിന്തുണ, 12%, 24%, 33.5%  എന്നിങ്ങനെ മൂന്ന് പൊതുതെരഞ്ഞെടുപ്പുകളിലായി അപൂര്‍വമായ നിലയില്‍ വികസിക്കുന്നുണ്ട്. ആദിവാസികളുടെ പിന്തുണ ഈ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ 24.5%, 38%, 44% എന്നിങ്ങനെ വര്‍ദ്ധിക്കുന്നതിലൂടെ ഒരു ഹിന്ദുമേല്‍ജാതി പാര്‍ട്ടിയെന്ന പ്രതിച്ഛായയില്‍നിന്നും മാറി പിന്നോക്കവിഭാഗങ്ങളും ദളിതരും ആദിവാസികളുമൊക്കെ ബി.ജെ.പി.യെ വിപുലമായി സ്വാധീനിക്കുന്നുവെന്ന് പറയാം. (ക്രിസ്റ്റഫ് ജെഫ് ലോട്ട്, മോഡീസ് ഇന്ത്യ, ഹിന്ദു നാഷണലിസം ആന്റ് ദി റൈസ് ഓഫ് എത്‌നിക് ഡെമോക്രസി, പുറം. 106). വികസനം, ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനം എന്നീ കാര്യങ്ങളില്‍ ഇന്ത്യന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ സമൂഹത്തിലെ അടിസ്ഥാനവിഭാഗങ്ങള്‍ക്ക് വിരുദ്ധമായിട്ടും അവരുടെ വോട്ടുകള്‍ തങ്ങള്‍ക്ക് അനുകൂലമായി മാറ്റാന്‍ ബി.ജെ.പി.യെ സഹായിക്കുന്ന ഘടകം എന്താണ്? നരേന്ദ്ര മോദിയുടെ പിന്നോക്കവിഭാഗക്കാരനാനെന്ന പ്രചാരണം മാത്രമായി അതിനെ ചുരുക്കുന്നത് എത്രത്തോളം യാഥാര്‍ത്ഥ്യമാണ് ? 

നരേന്ദ്ര മോദി | PHOTO: WIKI COMMONS
പ്രതീകാത്മസ്വഭാവത്തിലൂടെ ഇന്ത്യയിലെ ജാതിസമൂഹത്തില്‍ അധീശത്വം നിലനിര്‍ത്താന്‍ ബ്രാഹ്‌മണര്‍ക്ക് കഴിയുന്നുവെന്നത് വസ്തുതയാണ്. ജാതിഘടനയുടെ ആന്തരികയുക്തി അസമത്വത്തെയും വിവേചനങ്ങളെയും സ്വാഭാവികമായി കരുതുന്നതിനാല്‍ വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ അസംതൃപ്തിയും അപരവിദ്വേഷവും വളര്‍ത്തുവാന്‍ എളുപ്പത്തില്‍ കഴിയുന്നു. സംവരണവിരുദ്ധതയും ജാതി ഉപജാതിബന്ധങ്ങളില്‍ ചില വിഭാഗങ്ങള്‍ സമ്പത്തും അധികാരവും കൈയ്യടക്കിയിരിക്കുന്നുവെന്ന നിരന്തരമായ പ്രചാരണവും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഒ.ബി.സി.വിഭാഗങ്ങളെ ഒപ്പംനിര്‍ത്താന്‍ ബി.ജെ.പി.യെ സഹായിച്ച ഘടകങ്ങളാണ്. ദളിത് -ബഹുജന്‍ അടിത്തറയുള്ള ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ അസാധാരണമായ നിശ്ശബ്ദതയും തെരഞ്ഞെടുപ്പ് തോല്‍വികളും പുതിയ സാധ്യതകള്‍ തേടുന്നതിലേക്ക് ഈ വിഭാഗങ്ങളെ എത്തിച്ചു. ഓരോ സമുദായത്തിന്റെയും ദൈവസങ്കല്പങ്ങളും വീരനായക നായകിമാരുടെ സ്മാരകനിര്‍മ്മാണവും ജന്മദിനാഘോഷങ്ങളുമൊക്കെ സംഘടിപ്പിച്ചുകൊണ്ട് ആര്‍.എസ്.എസ്. നടത്തുന്ന പുതിയരീതികള്‍ ബദ്രി നാരായണ്‍ തന്റെ പഠനത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഹിന്ദു സമുദായത്തിലെ ചെറിയ വിഭാഗങ്ങള്‍ക്ക് ( sects) പോലും പരിഗണന കൊടുത്തുകൊണ്ടാണ് പുതിയ പ്രവര്‍ത്തന പദ്ധതികള്‍ നടപ്പാക്കുന്നത്. നാഥ് പാന്ത്, കബീര്‍ പാന്ത്, വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍, വിശേഷിച്ചും അസമില്‍ വലിയ സ്വാധീനമുള്ള വിശുദ്ധനായ ശങ്കര്‍ദേവിന്റെ അനുയായികളെയൊക്കെ സ്വന്തം ഭാഗത്താക്കുന്നതില്‍ വിജയിച്ചതായി  ബദ്രി നാരായണ്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. (റിപ്പബ്ലിക് ഓഫ് ഹിന്ദുത്വ). ആദിവാസി സമുദായത്തില്‍നിന്നുള്ള ഒരാളെ ഇന്ത്യയുടെ പ്രഥമ പൗരത്വസ്ഥാനത്ത് പ്രതിഷ്ഠിച്ചും ഒ.ബി.സി.-ദളിത് വിഭാഗങ്ങള്‍ക്ക് കാബിനറ്റില്‍ പങ്കാളിത്തം നല്‍കിയും തങ്ങള്‍ക്ക് അനുകൂലമായ രാഷ്ട്രീയം വികസിപ്പിക്കുവാന്‍ ബി.ജെ.പി.ക്കും സംഘപരിവാറിനും കഴിഞ്ഞിട്ടുണ്ട്.

എന്നാല്‍ ജാതിസെന്‍സസ് ഇന്ത്യയിലെ പ്രധാനപ്പെട്ട തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസും ഇന്ത്യാ മുന്നണിയും ശ്രമിച്ചപ്പോള്‍ ഇന്ത്യയെ ജാതീയമായി വിഭജിക്കാനുള്ള ഹീനമായ നീക്കമായാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. ജാതിയല്ല ദാരിദ്ര്യമാണ് പ്രധാനമെന്നും ജനങ്ങളെ ഭിന്നിപ്പിക്കുന്ന നീക്കങ്ങളില്‍നിന്ന് പ്രതിപക്ഷം പിന്തിരിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പൊതുവായ വികാസത്തിലും സാമൂഹികചലനാത്മകതയിലും ഇന്ത്യയിലെ മേല്‍ജാതിഹിന്ദുക്കളുമായി താരതമ്യം പോലും ചെയ്യാനാവാത്ത വിധത്തിലാണ് ഇന്ത്യയിലെ പിന്നോക്ക ദളിത് -ആദിവാസികളുടെ സാമൂഹികാവസ്ഥ. തന്നെയുമല്ല; വിവിധ ജാതികളുടെ ജനസംഖ്യാപരമായ കണക്കെടുപ്പും കൃത്യതയും വിദ്യാഭ്യാസ തൊഴില്‍മേഖലയിലുള്ള അവസരങ്ങളെ പുതിയരീതിയില്‍ സമീപിക്കാന്‍ ഭരണകൂടങ്ങളെ സഹായിക്കും. ബീഹാറിലെ ജാതിസെന്‍സസിന്റെ കണക്കുകള്‍ പ്രകാരം 64% പേര്‍ പിന്നോക്കരോ അതീവപിന്നോക്ക വിഭാഗങ്ങളില്‍ ഉള്ളവരാണെന്നും സൂചിപ്പിക്കുന്നു. എന്നാല്‍ തൊഴില്‍മേഖലയില്‍ ഇവരുടെ പ്രാതിനിധ്യം; വിശേഷിച്ചും ഉന്നതപദവികളില്‍ വളരെ പരിതാപകരമായ അവസ്ഥയില്‍ ആണെന്ന് പുറത്തുവരുന്ന കണക്കുകള്‍ വിശദീകരിക്കുന്നു. കേന്ദ്രസര്‍വീസില്‍ സെക്രട്ടറി പദവിയിലുള്ള നൂറ് പേരില്‍ മൂന്നുപേര്‍മാത്രമാണ് ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ടവര്‍ എന്ന് രാഹുല്‍ഗാന്ധി പല സന്ദര്‍ഭങ്ങളിലും വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.  2015 ലെ ഒരു കണക്ക് സൂരജ് യങ്ങ് ദേ കാസ്റ്റ് മാറ്റെഴ്‌സ് എന്ന ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി പദവികളില്‍ ഉള്ള 393 ദളിത് വിഭാഗത്തില്‍പ്പെട്ടവര്‍ 31 ഉം ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവര്‍ 16 പേരാണെന്നും ചൂണ്ടിക്കാണിക്കുന്നു. ഒ.ബി.സി.വിഭാഗത്തിന്റെ പ്രാതിനിധ്യമാകട്ടെ, ജോയിന്റ് സെക്രട്ടറിമാരില്‍ പത്തും ഡെപ്യൂട്ടി സെക്രട്ടറിമാരിലും സമാനമായ അംഗങ്ങള്‍ ഉണ്ട്. സെക്രട്ടറിമാരിലെ പിന്നോക്ക വിഭാഗങ്ങളുടെ കണക്കുകള്‍ ലഭ്യമല്ലെന്ന് പറയുന്ന പഠനം, നിയമപരമായി ലഭിക്കേണ്ട അവസരങ്ങളില്‍ പിന്നോക്ക ദളിത് -ആദിവാസിവിഭാഗങ്ങള്‍ വലിയ പ്രാതിനിധ്യനിഷേധം നേരിടുന്നതായി വിശദീകരിക്കുന്നു (പുറം .179-180). ചുരുക്കത്തില്‍, റെട്ടറിക്കുകളും അവകാശവാദങ്ങള്‍ക്കുമപ്പുറത്ത് പിന്നോക്കാവസ്ഥ പരിഹരിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നില്ലെന്ന് കാണാം. കീഴാളഹിന്ദുത്വം ആശയപരമായും പ്രായോഗികമായും ഇന്ത്യയുടെ രാഷ്ട്രീയമണ്ഡലത്തില്‍ വ്യാപിക്കുമ്പോഴും ജാതിസെന്‍സസ് പോലുള്ള വിഷയങ്ങളെ ഭിന്നിപ്പ് തന്ത്രമായി വ്യാഖ്യാനിച്ചുകൊണ്ട് മേല്‍ജാതിഹിന്ദു പ്രാമാണ്യം നിലനിര്‍ത്തുവാനാണ് സംഘപരിവാറും ബി.ജെ.പി.യും ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്.

രാഹുല്‍ഗാന്ധി | PHOTO: FACEBOOK
വിവിധതരം തന്ത്രങ്ങള്‍, നിലപാടുകള്‍ 

ആര്‍.എസ്.എസ്. ഒരു വിമര്‍ശനവായന എന്ന ഗ്രന്ഥത്തില്‍ ഹാരീസ് ബഷീര്‍ സംഘപരിവാറിന്റെ പ്രവര്‍ത്തനരീതികളെ മൂന്നായി തിരിക്കുന്നുണ്ട്. ഒന്നാമത്, മിതവാദപരം. അതായത്; വിവാദങ്ങളില്‍നിന്നും കടുത്തവര്‍ത്തമാനങ്ങളില്‍നിന്നും വിട്ടുനില്‍ക്കുന്ന രീതി. രണ്ടാമത്, അല്‍പ്പഭാഷണം. വളരെ നിശ്ശബ്ദമായി പ്രവര്‍ത്തിക്കുന്ന ശൈലി. മൂന്നാമത്തെത് തീവ്രവാദപരമാണ്. വി.എച്ച്.പി., ബജ്‌രംഗദള്‍, എ.ബി.വി.പി., ഹിന്ദു ദേവവാഹിനി തുടങ്ങിയ സംഘടനകളിലൂടെ പ്രാവര്‍ത്തികമാക്കുന്ന ആശയങ്ങളും നിലപാടുകളും ആണ് ഇവിടെ പ്രധാനം. ലൗ ജിഹാദ്, മതപരിവര്‍ത്തനം, ഗോസംരക്ഷണം, പാശ്ചാത്യസംസ്‌ക്കാരത്തിന്റെ കടന്നുകയറ്റം എന്ന് ആരോപിച്ചുകൊണ്ട് നഗരകേന്ദ്രിതജീവിതങ്ങള്‍ക്ക് നേരെ നടത്തുന്ന അതിക്രമങ്ങള്‍ എന്നിവയൊക്കെ ഈ മൂന്നാമത്തെ പ്രവര്‍ത്തനരീതിയുടെ ഭാഗമാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യയുടെ രാഷ്ട്രീയ സാമൂഹികമണ്ഡലത്തെ അഗാധമായി കീഴ്‌പ്പെടുത്തുന്നവിധത്തില്‍ അക്രമോല്‍സുകമായ നിലപാടുകള്‍ വര്‍ദ്ധിച്ചിരിക്കുന്നു. വിമര്‍ശനങ്ങളും വിയോജിപ്പുകളും ഒട്ടും സ്വീകാര്യമല്ലാത്ത സന്ദര്‍ഭമായി നമ്മുടെ ധൈഷണികാന്തരീക്ഷം മാറിയതായും കാണാം. അയുക്തികവും ശാസ്ത്രവിരുദ്ധവുമായ വ്യവഹാരങ്ങള്‍ക്ക് പൊതുസമ്മതി ലഭിക്കുകയും അതിന് ഔദ്യോഗികമായ അംഗീകാരം കിട്ടുന്നതലത്തിലേക്ക് ഭരണസംവിധാനങ്ങളും പുനഃക്രമീകരിക്കപ്പെട്ടിരിക്കുന്നു. സ്വതന്ത്രപദവിയും ഭരണപരമായ ഓട്ടോണമിയും ഭയത്തിനും ഭരണാധികാരികള്‍ക്കും വഴങ്ങുന്നതരത്തിലേക്ക് മാറുന്നതിന്റെ മുഖ്യകാരണങ്ങളിലൊന്ന് തീവ്രവാദപരമായ സമീപനങ്ങളാണ്. സമീപകാലത്ത് ബോളിവുഡ് കേന്ദ്രീകരിച്ച് നിര്‍മ്മിക്കപ്പെടുന്ന ഭരണകൂടാനുകൂല സിനിമകള്‍  പൊതുബോധനിര്‍മ്മിതി സൃഷ്ടിക്കുന്നതില്‍ വഹിക്കുന്ന പങ്കും ചെറുതല്ല. ഹിന്ദുത്വത്തിന്റെ രാഷ്ട്രീയപ്രയോഗങ്ങള്‍ ഇന്ത്യയിലെ കീഴാളസമുദായങ്ങളുടെകൂടി പിന്തുണയോടെ വികസിച്ചതോടെ തെരഞ്ഞെടുപ്പ് രംഗം സങ്കീര്‍ണ്ണമായിരിക്കുന്നു. ഛത്തീസ്ഗഡില്‍ വിഷ്ണു ഡിയോ സായി, മധ്യപ്രദേശില്‍ മോഹന്‍ യാദവ് തുടങ്ങിയ ഒ.ബി.സി.വിഭാഗത്തില്‍നിന്നുള്ളവരെ മുഖ്യമന്ത്രിമാരായി നിയമിച്ചതിലൂടെ പിന്നോക്കവിഭാഗങ്ങളുടെ രാഷ്ട്രീയപിന്തുണയില്‍ കുറേക്കൂടി ആത്മവിശ്വാസമുള്ളവരായി ഇന്ത്യന്‍ ഭരണകൂടം മാറിയിരിക്കുന്നു. ജാതിസെന്‍സസ് പോലുള്ള വിഷയമാണോ കീഴാളഹിന്ദുത്വത്തിന്റെ വ്യാപ്തിയും വ്യവഹാരക്ഷമതയുമായിരിക്കുമോ ഇന്ത്യയുടെ ഭാവി നിര്‍ണ്ണയിക്കുകയെന്നത് ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവരെ സംബന്ധിച്ച് ആശങ്കയും ഒപ്പം പ്രതീക്ഷയും നല്‍കുന്ന ചോദ്യങ്ങളായിത്തീരുന്നു.

#Subaltern & Modi Phenomena
Leave a comment