Politics Beyond 2024
തിരഞ്ഞെടുപ്പ് കാലത്തെ ഇന്ത്യന്‍ രാഷ്ട്രീയ സമീക്ഷ
04 Mar 2024 | 5 min Read
ഡോ. ശ്രീജിത്ത് പിവി
തിരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്ന ദിവസങ്ങളിലാണ് രാഷ്ട്രതന്ത്ര വിശകലനങ്ങള്‍ ഏറ്റവും ഫലപ്രദമാവുന്നത്. ഓരോ തിരഞ്ഞെടുപ്പും നിലവിലെ രാഷ്ട്രീയ വ്യവസ്ഥയെ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോകുന്നതിനുതകുന്ന നേതൃത്വത്തെ കണ്ടെത്താന്‍ മാത്രമല്ല എന്ന വസ്തുത പലപ്പോഴും വിസ്മരിക്കപ്പെടുകയാണ്. ദേശരാഷ്ട്രം എന്നത് ഒരു ഏകരൂപമായ രാഷ്ട്രീയ വ്യവസ്ഥയാണ് എന്നത് ഏതോകാലത്ത് രൂപപ്പെട്ട ഒരു പരികല്‍പന മാത്രമാണ്. ആധുനികകാലത്ത് രൂപപ്പെട്ട ദേശരാഷ്ട്രങ്ങള്‍ ഒന്നുംതന്നെ ഏകമാനത എന്ന സങ്കല്‍പ്പനത്തോട് അടുത്തുനില്‍ക്കുന്നില്ല. ഇന്ത്യന്‍ രാഷ്ട്രീയ ഭൂവിന് പ്രത്യേകിച്ച് ഒരു തരത്തിലുമുള്ള ഏകമാനസ്വഭാവം ഇല്ലെന്നിരിക്കെ അടിച്ചേല്‍പ്പിക്കുന്ന മിഥ്യാധിഷ്ഠിതമായ ഒരു ഏകീകരണമാണ് ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ സ്വഭാവവും അതിന്റെ വെല്ലുവിളിയും. ദേശീയതലത്തില്‍ ഏകമാനത സൃഷ്ടിക്കലിന്റെ സ്വഭാവം മതാധിഷ്ഠിതമാണ് എന്നത് തീര്‍ത്തും അപകടംപിടിച്ച പ്രവണതയാണ്. ഏഷ്യയുടെ തെക്കേതീരത്തുള്ള ഈ മഹാരാഷ്ട്രം ഏതെങ്കിലും തരത്തില്‍ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത് ജനാധിപത്യ പ്രക്രിയയുടെ വിജയംകൊണ്ടാണ്, ലോകത്തെ അതിശയിപ്പിച്ചത് ബഹുസ്വരത അംഗീകരിച്ചുകൊണ്ട് പ്രതിസന്ധികളെ തരണംചെയ്ത് വിജയിച്ചതുകൊണ്ടാണ്. നമ്മുടെ സാംസ്‌കാരിക- മതപരമായ പാരമ്പര്യം ലോകസമൂഹത്തെ അതിശയിപ്പിക്കുന്നു എന്ന തരത്തിലുളള വിവക്ഷ ഒട്ടുംതന്നെ യാഥാര്‍ത്ഥ്യത്തിനു നിരക്കുന്നതല്ല.
ദേശീയ രാഷ്ട്രീയ സമീക്ഷയില്‍ പാരമ്പര്യസിദ്ധമായ മൂല്യങ്ങളെ പുനഃപ്രതിഷ്ഠിക്കാനുളള ശ്രമങ്ങള്‍ വിജയിക്കുന്നത് തികച്ചും ആശാവഹമാണോ എന്ന് ചോദിക്കേണ്ട സമയമാണിത്. ഇത്തരം പ്രവണതകള്‍ ഏതെങ്കിലുമൊരു രാഷ്ട്രീയകക്ഷിയുടെ വളര്‍ച്ചയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ഇന്ത്യയിലുടനീളം ഇത്തരം ചിന്തകളില്‍ ഭ്രമിച്ച് നില്‍ക്കുന്ന ഒട്ടനവധി കൂട്ടായ്മകള്‍ ഇന്ത്യന്‍ ഭൂവിലുടനീളം ശക്തിപ്രാപിക്കുന്നതും അതിലൂടെ രാഷ്ട്രീയനേട്ടം കൈവരിക്കുന്നതും രാഷ്ട്രീയ സാമൂഹിക വികസനത്തിന്റെ തകര്‍ച്ചയുടെ സൂചികയായി കാണേണ്ടിയിരിക്കുന്നു. യാഥാസ്ഥിതിക സങ്കല്‍പ്പനങ്ങള്‍ എല്ലാംതന്നെ രാഷ്ട്രബോധത്തെ പിന്നോട്ടടിക്കുമെന്ന് പറയാവുന്നതല്ല എന്നിരിക്കിലും ഏകമാനത കൈവരിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഇന്ത്യന്‍ ബഹുസ്വരതയെ തകര്‍ക്കാനുതകുന്നതാണോ എന്ന കരുതല്‍ ആവശ്യമാണ്. രാഷ്ട്രനിര്‍മാണം ഏതെങ്കിലുമൊരു കാലഘട്ടത്തില്‍ പൂര്‍ത്തിയാവുന്ന പ്രക്രിയ അല്ലെന്നിരിക്കെ ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ നിലനില്‍പ്പിന്റെ സാധ്യതകളെ സ്വാധീനിക്കാനുതകുന്ന പ്രവര്‍ത്തനങ്ങള്‍ പ്രത്യേകിച്ച് കഴിഞ്ഞ രണ്ട് പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് ഇടവേളകളില്‍ നടന്നിട്ടുണ്ട്. അതില്‍ പലതും സ്വാഭാവിക രാഷ്ട്രീയ പ്രക്രിയയുടെ രൂപത്തിലും മറ്റ് ചിലത് ഭൂരിപക്ഷ രാഷ്ട്രീയ വിജയത്തിന്റെ രൂപത്തിലുമാണ് ഉണ്ടായിട്ടുള്ളത്.
PHOTO: WIKICOMMONS
കണക്കുകള്‍ പറയുന്ന രാഷ്ട്രീയം
വൈജ്ഞാനികമായി രാഷ്ട്രതന്ത്രവിശകലനം; ദാര്‍ശനികപരമായും മൂല്യങ്ങള്‍ക്കടിസ്ഥാനപരമായും, അതോടൊപ്പം വസ്തുതകള്‍ക്കടിസ്ഥാനപരവുമായാണ് നടത്തപ്പെടാറുള്ളത്. എന്നാല്‍ തിരഞ്ഞെടുപ്പുകാലത്ത് സമ്മതിദാനത്തെ ഏറെക്കൂടുതലായി സ്വാധീനിക്കുന്നത് സാമാന്യജനങ്ങളെ വശത്താക്കാനുതകുന്ന ജനോപകാരപ്രദമെന്ന് തോന്നുന്ന പൊള്ളയായ വാഗ്ദാനങ്ങളാണ്. ഇതിനുദാഹരണമാണ് 191 രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ HDI റാങ്ക് 132 എന്ന് അപമാനമുണ്ടാക്കുന്ന സ്ഥാനത്തെത്തിയത് മറച്ചുവയ്ക്കപ്പെടുന്നത്. 2024-ലെ ഇന്ത്യന്‍ സാമ്പത്തിക സര്‍വെ പുറത്തുവിട്ട കണക്കിലെ ധനകമ്മിയാകട്ടെ 5.13% എന്ന റെക്കോര്‍ഡ് താഴ്ച്ചയിലാണ്. 25 വയസ്സിനകത്തുള്ളവരുടെ തൊഴിലില്ലായ്മാ നിരക്ക് 44.5% എന്ന അന്ധാളിപ്പിക്കുന്ന തരത്തിലാണെത്തിയിരിക്കുന്നത്. രാജ്യത്തിന്റെ പൊതുകടം ഇതുപോലെ GDP യുടെ 49% വരെ എത്തിനില്‍ക്കുന്നുണ്ട്. ഇതിന്റെയൊക്കെ ഫലമായി 125 രാജ്യങ്ങളുടെ ആഗോള പട്ടിണിസൂചികയില്‍ ഇന്ത്യ 111-ാം സ്ഥാനത്താണുള്ളത്. ഇത്തരം അടിസ്ഥാനവസ്തുതകള്‍ ഈ തിരഞ്ഞെടുപ്പ് അടുത്തവേളയില്‍ ചര്‍ച്ചയ്ക്കും വിശകലനത്തിനും വിധേയമാവുന്നില്ല എന്ന് നിരീക്ഷിച്ചാല്‍ മനസ്സിലാവും. രാഷ്ട്രീയം എന്ന പ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടാവാന്‍ വേണ്ട സംവാദപ്രവര്‍ത്തനങ്ങള്‍ കേവലം കെട്ടുകാഴ്ചയായ് പോലും ഇന്ന് നടക്കുന്നില്ല. വൈകാരിക വിഷയങ്ങള്‍ ചര്‍ച്ചയാവുന്നതിന്റെ രാഷ്ട്രീയം യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ കൂടിയാണ്.
പ്രാതിനിധ്യ ജനാധിപത്യം ശ്രേഷ്ഠമായ ഒന്നാവാന്‍ ശ്രമിക്കേണ്ടത് ഉദാത്തമായ കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനത്തിലൂടെയാണ്. ഇന്ന് പൊതുജന സംബന്ധിയായ എല്ലാ പ്രവര്‍ത്തനവും കക്ഷിരാഷ്ട്രീയ ചേരിതിരിവായ് മാത്രം പ്രചരിപ്പിക്കുന്നത് പുതുമയല്ലാതായി തീര്‍ന്നിരിക്കുന്നു. ജനങ്ങളുടെ ആശയും അഭിലാഷവും ആശങ്കകളും ഒക്കെ പ്രതിഫലിക്കുന്നതാണ് ഓരോ തിരഞ്ഞെടുപ്പ് ഫലങ്ങളും. എന്നാല്‍ കഴിഞ്ഞ ഒരു ദശകത്തിനിടെ സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടപ്പുകള്‍ സസൂക്ഷ്മം വീക്ഷിച്ചാല്‍ കാണാന്‍ കഴിയുന്നത് അധികാര വടംവലിയും കക്ഷിരാഷ്ട്രീയത്തിനുമപ്പുറത്ത് പണാധിപത്യത്തിന്റെ പിന്നാമ്പുറ നാടകങ്ങള്‍ മാത്രമാണ്. എല്ലാക്കാലത്തും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉത്തരേന്ത്യന്‍ സ്വാധീനം ഉണ്ടാക്കാന്‍ ദേശീയകക്ഷികള്‍ ശ്രമിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഹിന്ദി എന്ന ഭാഷയുടെ മേല്‍ക്കോയ്മയോടൊപ്പം അതിന് ഭൂരിപക്ഷ മതത്തിന്റെ നിറവും മണവും ചാലിക്കാന്‍ നേരിട്ടുളള ശ്രമങ്ങളും നടക്കുന്നു. 'ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാന്‍' തരത്തിലുള്ള മുദ്രാവാക്യങ്ങളിലൂടെയാവുന്നത് മുന്നേ സൂചിപ്പിച്ച രാഷ്ട്രനിര്‍മാണ പ്രക്രിയയ്ക്ക് ആശാവഹമല്ല. ഓരോ തലമുറയിലും രാഷ്ട്രനിര്‍മാണം നടക്കുന്നു എന്നത് വസ്തുതയാകയാല്‍ ഇത്തരത്തിലുള്ള അകറ്റിനിര്‍ത്തല്‍ രാഷ്ട്രീയ ഇന്ത്യയുടെ ഒത്തൊരുമയോടെയുള്ള കുതിപ്പിനെ തീര്‍ച്ചയായും പിന്നോട്ടടിക്കും.
PHOTO: FACEBOOK
ഇന്ത്യന്‍ ഫെഡറലിസം
സംഘരാജ്യതന്ത്രം എന്നത് വെറും ഇറക്കുമതിയായിക്കണ്ട് അതിനെ തുരങ്കംവയ്ക്കാവുന്ന ശ്രമങ്ങള്‍ കഴിഞ്ഞകാലങ്ങളില്‍നിന്ന് വിഭിന്നമായി വളരെ അധികമായാണ് ഇപ്പോള്‍ നടക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തിട്ടുളള GST ഇത്തരത്തിലുളള ഒരു അധികാര കേന്ദ്രീകരണമായിട്ടാണ് അനുഭവപ്പെടുന്നത്. സംസ്ഥാനങ്ങള്‍ക്ക് സ്വതന്ത്ര ഇന്ത്യയുടെ തുടക്കകാലത്ത് കേന്ദ്ര നിര്‍ദേശങ്ങള്‍ക്കനുസൃതമായി കൂടുതല്‍ പ്രവര്‍ത്തിക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. ഇത്തരം പ്രദേശങ്ങള്‍ പലതും നാട്ടുരാജ്യങ്ങളുമായിരുന്നു, അവര്‍ ബ്രിട്ടീഷ് ഇന്ത്യയുടെ ഭാഗവുമായിരുന്നില്ല. ഈ പ്രദേശങ്ങള്‍ക്ക് ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ പൂര്‍ണമായ പാരമ്പര്യവും ഉണ്ടായിരുന്നില്ല. കേന്ദ്ര പദ്ധതികള്‍ എന്ന രൂപേണ അവതരിപ്പിക്കുന്നത് യഥാര്‍ത്ഥത്തില്‍ സംസ്ഥാനങ്ങള്‍ അവരുടെ രീതിക്കും ആവശ്യത്തിനും അനുസരിച്ച് പരിഷ്‌കരിച്ച് നടപ്പിലാക്കേണ്ട പദ്ധതികളാണ്. ഇന്നിപ്പോള്‍ പദ്ധതികളുടെ പേരുപോലും ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനതയ്ക്ക് അര്‍ത്ഥം ഗ്രഹിച്ച് മനസ്സിലാക്കാവുന്നതല്ല. സന്‍സദ് ആദര്‍ശ് ഗ്രാം യോജന, സ്വച്ഛ് ഭാരത് അഭിയാന്‍, രാഷ്ട്രീയ ഉച്ഛുതര്‍ ശിക്ഷാ അഭിയാന്‍, ദീന്‍ദയാല്‍ ഉപാധ്യായ് ഗ്രാം ജ്യോതി യോജന തുടങ്ങിയവ ഇവയില്‍ ചിലത് മാത്രമാണ്. ഇന്ത്യയെ ഒരൊറ്റ യൂണിറ്റായ് കാണാന്‍ ശ്രമിക്കുന്നതിന്റെ ഫലമാണിത്. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് നടത്തുന്ന മുദ്രലോണ്‍, ഭാരത് അരി പോലുള്ളവ സാമാന്യ ഫെഡറല്‍ തത്വങ്ങള്‍ക്കപ്പുറമാണ്. നീതി ആയോഗ് പോലുളള സ്ഥാപനങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ എടുത്തെറിയപ്പെട്ടത് സംസ്ഥാനങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഗണിക്കുന്ന ഒരു ഫെഡറല്‍ സാധ്യതയാണ്. 'ഒരു ഇന്ത്യ ഒരു ഇലക്ഷന്‍' എന്ന ആശയം ഇത്തരമൊരു രാഷ്ട്രീയ കേന്ദ്രീകരണത്തിലേക്കുള്ള മറ്റൊരു മാറ്റമാണ് വിവക്ഷിക്കുന്നത്. ഇന്ത്യന്‍ സംസ്ഥാനങ്ങളുടെ സാഹചര്യങ്ങളും കാഴ്ചപ്പാടുകളും എന്നും വ്യത്യസ്തമാണ്, അതിന് ഏറ്റവും നല്ല ഉദാഹരണമാണ് കേരളം. എല്ലാ മേഖലയിലും ഇന്ത്യന്‍ ശരാശരിയെ അസൂയപ്പെടുത്തുന്ന പ്രകടനം കാഴ്ചവയ്ക്കാന്‍ ഈ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട് എന്നത് അഭിമാനാര്‍ഹമായ വസ്തുതയാണ്. കേന്ദ്രവിഹിതം ലഭ്യമാക്കുന്നതില്‍ കേരളമുള്‍പ്പെടെ പല സംസ്ഥാനങ്ങളും വിവേചനം നേരിടേണ്ടി വരുന്ന സാഹചര്യം ഫെഡറല്‍ സംവിധാനത്തിന് നിരക്കുന്നതല്ല. കാരണവും മറ്റൊന്നല്ല. അതിനേക്കാളുപരി പലപ്പോഴും സംസ്ഥാനങ്ങള്‍ക്ക് ലഭ്യമാവുന്ന കേന്ദ്ര പദ്ധതികള്‍ തികച്ചും കക്ഷി രാഷ്ട്രീയത്തിന് അനുഗുണമാണെന്നത് 76 വര്‍ഷം പൂര്‍ത്തിയാക്കുന്ന ഒരു രാഷ്ട്രത്തിന്റെ രാഷ്ട്രീയ പുരോഗതിയുടെ ലക്ഷണമാകാനുതകുന്നതല്ല.
വരാന്‍ പോകുന്ന നാളില്‍ ഏറ്റവും പ്രാധാന്യം ലഭിക്കാന്‍ സാധ്യതയുളള വിഷയം ലോക്സഭ സീറ്റുകളുടെ പുനഃക്രമീകരണമാണ്. 545 അംഗങ്ങള്‍ എന്നത് ഇന്നത്തെ ജനസംഖ്യാടിസ്ഥാനത്തില്‍ നോക്കിയാല്‍ 140 കോടി ജനങ്ങളെ പ്രതിനിധാനം ചെയ്യാനുതകുന്ന അംഗസംഖ്യയല്ല. ആയതിനാല്‍ വനിതാസംവരണ ബില്ല് 2024-ല്‍ അവതരിപ്പിച്ചപ്പോള്‍ പറയുന്നപോലെ പുനഃക്രമീകരണം നടത്തേണ്ടിവരുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ മഹാഭൂരിപക്ഷം വസിക്കുന്ന ഉത്തരഭാരതത്തിന് ജനസംഖ്യാനുപാതികമായി കൂടുതല്‍ സീറ്റ് ലഭ്യമാകും. എന്നാലത് ദേശീയ ജനസംഖ്യാ നയത്തിന്റെ ചുവടുപിടിച്ച് ജനസംഖ്യാനിയന്ത്രണം നടപ്പിലാക്കിയ ദക്ഷിണഭാരതത്തിന് കേന്ദ്രഭരണത്തില്‍ ഉണ്ടാകാമായിരുന്ന സ്വാധീനം തീര്‍ത്തും നഷ്ടപ്പെടുന്ന സാഹചര്യം ഫെഡറല്‍ വിഷയമായ് ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ്.
സ്വച്ഛ് ഭാരത് അഭിയാന്‍ | PHOTO: FACEBOOK
ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രസക്തി
സര്‍ക്കാരുകളുടെ നേരിട്ടുളള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ നഷ്ടമാവാന്‍ സാധ്യതയുള്ള നിഷ്പക്ഷത നിലനിര്‍ത്താനാണ് ഭരണഘടനാ മൂല്യങ്ങളിലൂന്നിയ സ്വതന്ത്ര സ്ഥാപനങ്ങളായി തിരഞ്ഞെടുപ്പ് കമ്മീഷനെയും, പരമോന്നത കോടതികളെയും, ഫിനാന്‍സ് കമ്മീഷനെയും സ്ഥാപിച്ചിട്ടുള്ളത്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളില്‍ നടത്തുന്ന നിയമനങ്ങള്‍ പലപ്പോഴും കോടതി വ്യവഹാരങ്ങളില്‍പ്പെട്ട് വിധികാത്ത് നില്‍ക്കേണ്ടിവരുന്നതിന് കാരണം സര്‍ക്കാര്‍ ഇടപെടലുകള്‍ കൊണ്ടാണല്ലോ. 2022 ന് നിയമിതനായ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അരുണ്‍ ഗോയലിന്റെ നിയമനപ്രശ്നം ഇതിനുദാഹരണമാണ്. 2016-ല്‍ രഘുറാം രാജന്‍ RBI ഗവര്‍ണറായിരുന്ന സമയത്ത് നിരാകരിച്ച നോട്ട് നിരോധനം 2018-ല്‍ ശശികാന്ത് ദാസിന്റെ നിയമനത്തിലൂടെ സാധ്യമാക്കിയത് ഇതോടൊപ്പം ചേര്‍ത്ത് വായിക്കാവുന്നതാണ്. പ്ലാനിംഗ് കമ്മീഷന്‍ നിര്‍ത്തലാക്കിയിട്ട് സ്ഥാപിച്ച നീതി ആയോഗ് നേരിടുന്ന പ്രധാന ആരോപണം സംസ്ഥാനങ്ങള്‍ക്ക് വേണ്ടരീതിയില്‍ അവരുടെ ആവശ്യങ്ങള്‍ രേഖപ്പെടുത്താന്‍ ഇടം ലഭ്യമാക്കുന്നില്ല എന്നതിനോടൊപ്പം ഈ സ്ഥാപനത്തിനുമേല്‍ കേന്ദ്രസര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണവും ഉണ്ടാകുന്നു. GST കൗണ്‍സിലില്‍ നടക്കുന്ന ചര്‍ച്ചകളിലും ചരക്ക് നികുതി ഇനത്തില്‍ സംസ്ഥാനങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് ലഭ്യമാവുന്നുണ്ടോ എന്നതും ഇന്ത്യയിലെ പ്രസക്തമായ രാഷ്ട്രീയപ്രശ്നമാണ്. ഇന്ത്യന്‍ ജനസംഖ്യയുടെ വലിയ ശതമാനം ഇരുപത്തിയഞ്ച് വയസ്സിന് അടുത്ത് പ്രായം ഉള്ളവരാണ്. എന്നാല്‍ ഉന്നത വിദ്യാഭ്യാസത്തിന് ചുമത്തിയിരിക്കുന്ന GSP 18% ആണ്. ഇത് ഒരു വലിയ ശതമാനം ജനതയ്ക്ക് ഉന്നത വിദ്യാഭ്യാസം അപ്രാപ്യമാക്കുമെന്നതില്‍ സംശയമില്ല.
ഗവര്‍ണര്‍മാരുടെ പ്രവര്‍ത്തനങ്ങളാണ് എക്കാലത്തും ഇന്ത്യന്‍ ഭരണരംഗത്ത് ചര്‍ച്ചയായിട്ടുളള പ്രധാന വിഷയം. തികച്ചും കക്ഷിരാഷ്ട്രീയ സ്വാധീനംകൊണ്ട് നിയമിതരാവുന്ന ഗവര്‍ണര്‍മാര്‍ ഇന്ത്യയിലുടനീളം എല്ലാ സംസ്ഥാനങ്ങളിലും കഴിഞ്ഞ എഴുപത്തിയഞ്ച് വര്‍ഷവും പലതരത്തില്‍ ഭരണഘടനാ പ്രതിസന്ധികള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഇതില്‍ നിന്ന് ഒരു മാറ്റവും കഴിഞ്ഞ കാലങ്ങളിലും ഉണ്ടായിട്ടില്ല എന്നത് ഭരണഘടനാ മൂല്യങ്ങളുടെ ഇടിവിന്റെ സൂചനയാണ്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിച്ച സര്‍ക്കാരിയ കമ്മീഷന്‍ ഗവര്‍ണര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് പറയുന്ന പരിഹാര നടപടികള്‍ ഒന്നും തന്നെ ഇക്കാലമത്രയും പൂര്‍ണരൂപത്തില്‍ പരിഗണിച്ചിട്ടില്ല.
ആര്‍ട്ടിക്കിള്‍ 370-ന്റെ പിന്‍വലിക്കലും അതിനെത്തുടര്‍ന്ന് ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തുമാറ്റലും ഒക്കെ കേന്ദ്രത്തിന്റെ നിയമപരമായ അവകാശമായിത്തന്നെ കാണാമെങ്കിലും അതിനെത്തുടര്‍ന്ന് അറസ്റ്റിലായ രാഷ്ട്രീയകക്ഷി നേതാക്കളുടെ ജയില്‍മോചനം നീണ്ടുപോകുന്നത് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ അപചയമായി വിലയിരുത്തപ്പെടും. ഭരണത്തിലൂടെ നിയമസാധുത ഉണ്ടാക്കേണ്ട കര്‍ത്തവ്യം ഭരണകര്‍ത്താക്കള്‍ക്കുണ്ട് എന്നിരിക്കിലും ജനങ്ങളോടു സാധ്യമായ തലത്തില്‍ ഭരണഘടനാനുസൃതമായി പ്രതികരിക്കേണ്ട ഔന്നത്യം എല്ലാ ഭരണകൂടങ്ങളും കാണിക്കേണ്ടതാണ്.
GST കൗണ്‍സില്‍ | PHOTO: WIKICOMMONS
പുതിയ വെല്ലുവിളികള്‍
സര്‍ക്കാരുകള്‍ പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടുപോകുമ്പോഴാണ് ജനങ്ങള്‍ക്ക് പൗരബോധവും രാജ്യസ്നേഹവും രാജ്യത്തോട് ഉല്‍സുകതയും കൂടുതലായി ഉണ്ടാവുന്നത്. എന്നാല്‍ ഭരണപ്രവര്‍ത്തനങ്ങള്‍ ഏതെങ്കിലും വര്‍ണവര്‍ഗ മതാധിഷ്ഠിതമാവുകയാണെങ്കില്‍ അതിന് എല്ലാ വിഭാഗങ്ങളുടെയും അംഗീകാരം കാലക്രമേണ നഷ്ടമാവാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യ എന്ന രാഷ്ട്രത്തിന്റെ കെട്ടുറപ്പിനെ കൂടുതല്‍ ദൃഢമാക്കുന്നതാണ് മതനിരപേക്ഷത എന്ന പ്രമാണം. എന്നാലിന്ന് സാമാന്യ രാഷ്ട്രീയ ചര്‍ച്ചകളില്‍ പോലും മതനിരപേക്ഷത ഒരു വിലങ്ങുതടിയായി വിവക്ഷിക്കുന്ന തരത്തിലുളള രാഷ്ട്രീയ പ്രയോഗങ്ങള്‍ നിരാശാജനകമാണ്. കോടാനുകോടിയായ മനുഷ്യരെല്ലാം ഒരേ ചിന്തയോടെ ഇന്ത്യയെന്ന അഭിമാന പ്രമാണത്തില്‍ വിശ്വാസമര്‍പ്പിച്ച് നടത്തിയ സ്വാതന്ത്ര്യസമരത്തെ നിരാകരിക്കലാണ് മതനിരപേക്ഷതയെ തള്ളിപ്പറയല്‍. ഇത്തരം പ്രവണതകളെ പ്രാധാന്യത്തോടെ നിരാകരിക്കുന്നില്ല എന്നതും പുതിയ കാലത്തിന്റെ നിയതികളാവാന്‍ പാടില്ല. രാജ്യത്തിന്റെ ജിഹ്വകളായ പത്രദൃശ്യമാധ്യമങ്ങളും ജീര്‍ണതയുടെ പുതിയ ലോകം സൃഷ്ടിക്കാനുതകുന്ന മൗനത്തിലാണ്ടിരിക്കയാണ്. സ്വതന്ത്ര വാര്‍ത്താവതരണം എന്നത് കേവലം ഭരണകൂടത്തിന്റെ ആനുകൂല്യങ്ങള്‍ക്ക് വേണ്ടിയുളള ദൈനംദിന പ്രവര്‍ത്തനമായി ചുരുങ്ങുന്നതും ഇതേ കാലഘടനയിലാണ്. വേള്‍ഡ് പ്രസ് ഫ്രീഡം ഇന്‍ഡക്സ് 2023-ല്‍ ഇന്ത്യ 161-ാം സ്ഥാനത്തെത്തിയെന്നത് ജനാധിപത്യം നേരിടുന്ന വെല്ലുവിളിയായി കാണണം.
രാജ്യത്തിന്റെ പൊതുസ്വത്തില്‍ പൗരന്‍മാര്‍ക്ക് തുല്യ അവകാശമാണെന്നിരിക്കെ കഴിഞ്ഞകാലങ്ങളില്‍ ഉയര്‍ന്നിട്ടുളള വലിയ സാമ്പത്തിക തട്ടിപ്പുകേസുകള്‍ പ്രായോഗികമായി നേരിടാന്‍ കേന്ദ്രഭരണ വ്യവസ്ഥയ്ക്ക് സാധിച്ചിട്ടില്ല. ഗ്രാമീണ കാര്‍ഷിക മേഖലയെ രക്ഷിക്കാനുതകുന്ന കാര്‍ഷിക ബില്ലുകള്‍ കടുത്ത ജനരോഷത്തെ തുടര്‍ന്ന് പിന്‍വലിക്കേണ്ടിയും വന്നത് ഈ മേഖലയിലെ സര്‍ക്കാരിന്റെ ഇടപെടലുകളുടെ പരാജയമാണ്. പാര്‍ട്ടി ആഭിമുഖ്യം മാത്രം പ്രാധാന്യം നല്‍കുന്ന ഭരണവ്യവസ്ഥ കേവല നേട്ടങ്ങള്‍ സാധ്യമാക്കുമെങ്കിലും യഥാര്‍ത്ഥ ആദര്‍ശ രാഷ്ട്രീയം തത്വചിന്താപരമായ പ്രവര്‍ത്തനം കൂടിയാണ്. ദാര്‍ശനിക തത്വങ്ങള്‍ നയിക്കാത്ത പ്രവര്‍ത്തനരീതി ധര്‍മനിഷ്ഠയുള്ള ചിന്താധാരയില്‍ നിന്ന് ഉത്ഭവിക്കേണ്ടതാണ്.
#Politics Beyond 2024
Leave a comment