മോദി പ്രതിഭാസവും കീഴാള ഹിന്ദുത്വവും
നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപിയും സംഘപരിവാരവും മറ്റൊരു പൊതുതെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പുകള്‍ ഏകദേശം പൂര്‍ത്തിയാക്കിയതായി ന്യായമായും കരുതാം. മോദിയുടെ വ്യക്തിപ്രഭാവവും, ജനപിന്തുണയും ഉച്ചസ്ഥായിലെത്തിയ ഇപ്പോഴത്തെ സാഹചര്യത്തില്‍ മൂന്നാമൂഴം സുനിശ്ചിതമായതായി അദ്ദേഹത്തിന്റെ അനുയായികള്‍ അവകാശപ്പെടുന്നു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ക്ക് പേറ്റന്റുള്ള TINA പ്രയോഗം (ദേര്‍ ഈസ് നോ ആള്‍ട്ടര്‍നേറ്റീവ്) കട്ട മോദി വിരുദ്ധര്‍ പോലും അംഗീകരിക്കുന്നതായി മോദിയുടെ അനുചരര്‍ സ്വകാര്യമായി മേനി പറയുന്നു. വിജയം 100 ശതമാനം ഉറപ്പിച്ചുവെന്ന സംഘടിതവും, ആസൂത്രിതമായുമുള്ള പ്രചാരണങ്ങളുടെ നിജസ്ഥിതിയെക്കുറിച്ചുള്ള സംശയങ്ങള്‍ ബാക്കിയാവുമ്പോഴും മോദിയുടെ വ്യക്തിപ്രഭാവം എല്ലാവരും അംഗീകരിക്കുന്ന സ്ഥിതിയാണ്. ഒരു കാര്യം വ്യക്തമാണ്. മതേതരവും, വര്‍ഗീയതയുമെന്ന സാമ്പ്രദായിക ബൈനറിയുടെ അടിസ്ഥാനത്തില്‍ മാത്രം മോദി പ്രതിഭാസത്തെ മനസ്സിലാക്കാനാവില്ലെന്നതാണ് അതില്‍ പ്രധാനം. കഴിഞ്ഞ 10 വര്‍ഷത്തെ ചരിത്രം അതിനെ സാക്ഷ്യപ്പെടുത്തുന്നു. അതിന്റെയര്‍ത്ഥം വര്‍ഗീയതയും, മതേതരത്വവും അപ്രസക്തമായെന്നല്ല. ഭരണ നിര്‍വഹണത്തിന്റെയും, ഭരണഘടനാപരമായ പരിരക്ഷകളുടെയും തലങ്ങളില്‍ മാത്രമല്ല ദൈനംദിന രാഷ്ട്രീയ വ്യവഹാരങ്ങളുടെ തലത്തിലും വര്‍ഗീയ-മതേതര സംവാദങ്ങളുടെ രൂപഭാവങ്ങള്‍ വല്ലാതെ മാറിയിരിക്കുന്നുവെന്ന് തിരിച്ചറിയേണ്ടിയിരിക്കുന്നു. മോദി പ്രതിഭാസത്തിന്റെ ഉദയവും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ ഈ മാറ്റവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ദശകത്തിലധികമായുള്ള മോദി അധീശത്വത്തിന്റെ സ്ഥായിയായ നിലനില്‍പ്പും ജനപ്രിയതയും വിശദീകരിക്കുവാന്‍ പഴയ രീതികള്‍ അപര്യാപ്തമാണെന്ന ആലോചനകള്‍ വ്യാപകമാവുന്നതിന്റെ പശ്ചാത്തലമിതാണ്. പക്ഷേ, ആ ദിശയിലുള്ള ശ്രമങ്ങള്‍ ഇപ്പോഴും ശൈശവാവസ്ഥയിലാണ്. തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള രാഷ്ട്രീയ നീക്കങ്ങളും, ചേരിതിരിയലുകളും, കൂട്ടംചേരലുകളും, അടവുകളും, തന്ത്രങ്ങളുമാണ് മോദി പ്രതിഭാസത്തെ മനസ്സിലാക്കുവാന്‍ ശ്രമിക്കുന്ന വിലയിരുത്തലുകളില്‍ മുന്നിട്ടുനില്‍ക്കുന്ന പ്രമേയങ്ങള്‍. അവയുടെ പ്രാധാന്യം അവഗണിക്കണമെന്നല്ല വിവക്ഷ. പക്ഷേ, പലപ്പോഴും അവ കൂടുതല്‍ ആഴത്തിലും അടിസ്ഥാനപരവുമായ പ്രവണതകളുടെ ബഹിര്‍സ്ഫുരണങ്ങളാണെന്ന തിരിച്ചറിവും പ്രധാനമാണെന്ന ബോധ്യവും ഉണ്ടാവേണ്ടിയിരിക്കുന്നു.
ഇത്തരമൊരു തിരിച്ചറിവിന്റെ സന്ദര്‍ഭത്തിലാണ് മോദിയെന്ന രാഷ്ട്രീയ പ്രതിഭാസവും കീഴാള ഹിന്ദുത്വവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ചുള്ള പരിശോധനയുടെ പ്രസക്തി. ഉത്തരേന്ത്യയിലെ ഗംഗാതട സംസ്ഥാനങ്ങളിലും, ഗുജറാത്ത്, മഹാരാഷ്ട്ര പോലുള്ള പശ്ചിമേന്ത്യന്‍ സംസ്ഥാനങ്ങളിലും ഉയര്‍ന്നുവന്ന പുതിയ ധനിക കര്‍ഷകര്‍ (മിക്കവാറും സവര്‍ണ ജാതിശ്രേണിക്കു പുറത്തുള്ള ജാതികള്‍), ചെറുകിട-ഇടത്തരം വ്യവസായ-വാണിജ്യ മേഖലകളിലെ പുത്തന്‍കൂറ്റുകാരായ ബിസിനസ്സുകാര്‍, ആഗോളവല്‍ക്കരണത്തിന്റെ ഭാഗമായി ഉദയംചെയ്ത സേവന മേഖലയിലെ ജീവനക്കാര്‍, നഗര-ഗ്രാമ ആവാസ വ്യവസ്ഥകളിലുണ്ടായ മാറ്റങ്ങളുടെ ഗുണഭോക്താക്കളും, ഇരകളും തുടങ്ങിയ പല അടരുകളിലായി വ്യാപിച്ച് കിടക്കുന്ന ഒരു പ്രക്രിയയുടെ ഭാഗമായി ഈ കൊടുക്കല്‍ വാങ്ങലിനെ കാണാനാവും. 2014 മുതലുള്ള തെരഞ്ഞെടുപ്പുകളിലെ ബിജെപി-യുടെ വിജയത്തിന് പിന്നില്‍ പിന്നാക്ക സമുദായങ്ങളുടെയും, ദളിത്-ആദിവാസി വിഭാഗങ്ങളുടെയും വോട്ടുകള്‍ വഹിച്ച നിര്‍ണ്ണായക പങ്കിനെപ്പറ്റി അത് സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഉത്തര്‍പ്രദേശില്‍ യാദവര്‍ ഒഴികെയുള്ള പിന്നാക്ക സമുദായങ്ങളിലും, ജാട്ടവ് ഒഴികെയുളള ദളിത് സമുദായങ്ങളിലും നിന്നുള്ള വോട്ടുകള്‍ സമാഹരിക്കുന്നതില്‍ ബിജെപി പ്രധാനശക്തിയായി മാറുന്നതിനെക്കുറിച്ചുള്ള വിവരണങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്. ബീഹാറിലും, മറ്റുള്ള പല സംസ്ഥാനങ്ങളിലും സമാനമായ പ്രവണതകള്‍ കാണാനാവും. സവര്‍ണ-സമ്പന്ന സമുദായങ്ങളുടെ ആധിപത്യത്തിനുള്ള ഉപകരണം മാത്രമാണെന്ന നിലയില്‍ ബിജെപി-യെ അവഗണിക്കാനാവില്ലെന്ന വീക്ഷണം പ്രസക്തമാകുന്നതും ഈയൊരു പശ്ചാത്തലത്തിലാണ്. പിന്നാക്ക സമുദായങ്ങള്‍ മാത്രമല്ല ദളിത്-ആദിവാസി വിഭാഗങ്ങളും തെരഞ്ഞെടുപ്പില്‍ വ്യാപകമായി ബിജെപി-ക്ക് വോട്ട് ചെയ്യുന്ന സാഹചര്യം ഇന്ത്യയിലെ കീഴാള രാഷ്ട്രീയത്തിന്റെ വീക്ഷണത്തില്‍ എങ്ങനെയാണ് വിശദീകരിക്കുക. ബ്രാഹ്‌മണ-സവര്‍ണ അധിനായകത്വത്തിന് ചെറിയ തോതിലെങ്കിലും ബദലായി ഉയര്‍ന്നുവന്ന കീഴാള രാഷ്ട്രീയത്തെ താല്‍ക്കാലികമായെങ്കിലും മെരുക്കുന്നതിലും സ്വാംശീകരിക്കുന്നതിലും മോദി പ്രതിഭാസം വിജയം കൈവരിച്ചതായി കണക്കാക്കാനാവുമോയെന്ന ചോദ്യത്തെ ഏതു വിധത്തിലാണ് അഭിമുഖീകരിക്കാനാവുക.
നരേന്ദ്ര മോദി | PHOTO: FACEBOOK
1947-നു ശേഷമുള്ള രാഷ്ട്രീയത്തിന്റെ ചുക്കാന്‍പിടിച്ച പരമ്പരാഗത വരേണ്യ കൂട്ടുകെട്ടിന്റെ (സവര്‍ണ്ണ-സമ്പന്ന ഭൂവുടമകള്‍, വ്യവസായ-വാണിജ്യ പ്രമുഖര്‍, ഉന്നത ഉദ്യോഗസ്ഥ വൃന്ദം) ചേരുവകളില്‍ മോദി പ്രതിഭാസം ചില കൂട്ടലും കിഴിക്കലും നടത്തിയതായി ഗുജറാത്തില്‍ മുഖ്യമന്ത്രിയായ മുതലുള്ള അദ്ദേഹത്തിന്റെ നാള്‍വഴികള്‍ വെളിപ്പെടുത്തുന്നു. പ്രധാനമന്ത്രി പദത്തിലെത്തിയതോടെ അതിന് പുതിയ മാനങ്ങള്‍ കൈവന്നു. ഇംഗ്ലീഷ് മാധ്യമങ്ങള്‍ പൊതുവെ വിശേഷിപ്പിക്കുന്ന ഡല്‍ഹിയിലെ ലുടൈന്‍സ് കൂട്ടത്തെ (Lutyens Crowd) അധികാരത്തിന്റെ ഇടനാഴികളില്‍ നിന്നും ഒഴിവാക്കിയതടക്കമുള്ള നടപടികള്‍ പരമ്പരാഗത വരേണ്യ കൂട്ടുകെട്ടുമായുള്ള കണക്കുതീര്‍ക്കലിന്റെയും പുതിയ കണക്കുപുസ്തകങ്ങള്‍ തുറക്കുന്നതിന്റെയും ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ബിജെപി-യിലടക്കം വലിയ സ്വാധീനമുണ്ടായിരുന്ന പരമ്പരാഗത മെട്രോപൊളിറ്റന്‍ എലീറ്റിനു പകരം പുതിയൊരു എലീറ്റ് ആശ്രിതവൃന്ദത്തെ കഴിഞ്ഞ 10 വര്‍ഷമായി പരിപോഷിപ്പിക്കുമ്പോഴും വ്യവസ്ഥാവിരുദ്ധനായ ഭരണാധികാരിയെന്ന പ്രതിച്ഛായ (ബോധപൂര്‍വം സൃഷ്ടിക്കുന്നതാണെങ്കിലും) നിലനിര്‍ത്താനുള്ള നീക്കങ്ങള്‍ മോദി പ്രതിഭാസവുമായി ഒത്തുചേരുന്നതിന്റെ താളപ്പൊരുത്തവും ഗൗരവമായ പരിഗണനയര്‍ഹിക്കുന്നു. ഭരണകൂടാധികാരത്തിന്റെ ഗുണഫലങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുകയും അതേസമയം, വ്യവസ്ഥാവിരുദ്ധതയുടെ വക്താവായി സ്വയം അവരോധിക്കുകയും ചെയ്യുന്ന രീതി ആഗോളതലത്തില്‍ത്തന്നെ പുതിയ തീവ്ര വലതുപക്ഷത്തിന്റെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളുടെ പ്രധാന ചേരുവയാണ്. പരമ്പരാഗത വരേണ്യവര്‍ഗങ്ങള്‍ക്കെതിരായ പ്രചാരണം അതിന്റെ മുഖമുദ്രയാണ്. അമേരിക്കയില്‍ അതൊരു കലയാക്കി വളർത്തിയതിന്റെ ഒരു മിനിയേച്ചര്‍ മോദി പ്രതിഭാസത്തിലും കാണാനാവും. അസംബന്ധവും, ഹിംസാത്മകവുമായ പ്രസ്താവനകളും, വര്‍ത്തമാനങ്ങളും നടത്തുന്നതനുസരിച്ച് ട്രമ്പിന് തന്റെ അനുയായികളുടെ പിന്തുണ വര്‍ദ്ധിക്കുന്നതിന് സമാനമാണ് മോദി അനുയായികളുടെ ആവേശവും. മിനിമം ഗവണ്‍മെന്റ് മാക്സിമം ഗവേണന്‍സ് തുടങ്ങിയ പ്രാസമൊത്ത പ്രയോഗങ്ങള്‍ തരാതരം ഉപയോഗിക്കുകയും ഭരണാധികാര സംവിധാനങ്ങള്‍ അസാധാരണമായ നിലയില്‍ കേന്ദ്രീകരിക്കുകയും ചെയ്യുന്നത് ഈയൊരു പ്രവണതയെ പ്രതിനിധാനം ചെയ്യുന്നതായി മനസ്സിലാക്കാവുന്നതാണ്.
കീഴാള ഹിന്ദുത്വമെന്ന (സബാള്‍ട്ടേണ്‍ ഹിന്ദുത്വം) പ്രയോഗം ഒറ്റനോട്ടത്തില്‍ വിരുദ്ധോക്തിയായി തോന്നിയാല്‍ അതില്‍ അതിശയിക്കേണ്ടതില്ല. ഹിന്ദുത്വമായി അറിയപ്പെടുന്ന രാഷ്ട്രീയ-സാമൂഹ്യ പ്രസ്ഥാനങ്ങള്‍ മുന്നോട്ടുവച്ച ആശയങ്ങളും, പ്രയോഗങ്ങളും കീഴാള അവബോധത്തിന്റെ നേര്‍വിപരീതമായതാണ് അതിനുള്ള കാരണം. ഏറ്റവും ശ്രേഷ്ഠമായ രാഷ്ട്രീയ-സാമൂഹ്യ സംവിധാനമായി ബ്രാഹ്‌മണ-സവര്‍ണ അധീശത്വത്തെ തിരിച്ചറിയുകയും, ഉയര്‍ത്തിപ്പിടിക്കുകയും അത്തരമൊരു സംവിധാനത്തിന്റെ നിലനില്‍പ്പിനായുള്ള പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നതുമായിരുന്നു ഹിന്ദുത്വത്തിന്റെ കൊടിയടയാളം. കൊളോണിയല്‍ ആധുനികതയായിരുന്നു അതിന്റെ ആവാസവ്യവസ്ഥ. ബ്രിട്ടീഷ് അധിനിവേശത്തിന്റെ ഗുണഫലങ്ങള്‍ പ്രത്യക്ഷമായും പരോക്ഷമായും അനുഭവിച്ച വിഭാഗങ്ങളിലായിരുന്നു ബ്രാഹ്‌മണ-സവര്‍ണ ഹിന്ദുത്വത്തിന്റെ അക്ഷാംശവും രേഖാംശവും രൂപപ്പെടുന്നത്. ബ്രിട്ടീഷ് കൊളോണിയല്‍ അധിനിവേശം രാഷ്ട്രീയമായി മേധാവിത്തം ഉറപ്പിച്ച കൊല്‍ക്കത്തയിലായിരുന്നു അതിന്റെ തുടക്കം. കൊളോണിയല്‍ വ്യാപനത്തിന്റെ ഭാഗമായി രൂപംകൊണ്ട ബോംബെ, മദിരാശി തുടങ്ങിയ പ്രദേശങ്ങളും അതിന് വളക്കൂറുള്ള ഇടങ്ങളായി. ദേശരാഷ്ട്ര (നേഷന്‍ സ്റ്റേറ്റ്) സങ്കല്‍പ്പനവും, ബ്രാഹ്‌മണ-സവര്‍ണ ഹിന്ദുത്വയും വിളക്കിച്ചേര്‍ക്കുന്നതിനുള്ള പ്രധാനപ്രേരണ കൊളോണിയല്‍ ആധുനികതയായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ത്ഥത്തില്‍ വെളിപ്പെട്ട അതിന്റെ രൂപഭാവങ്ങള്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ വ്യക്തതയുള്ള ആശയശാസ്ത്രമായും രാഷ്ട്രീയ ഭാവനയായും മൂര്‍ത്തരൂപം കൈവരിച്ചു.
ഡൊണാള്‍ഡ് ട്രമ്പ് | PHOTO: FACEBOOK
കൊളോണിയല്‍ നഗരങ്ങളുടെ ആവാസവ്യവസ്ഥയില്‍ പ്രധാനികളായി മാറിയ പരമ്പരാഗത വാണിജ്യ സമുദായങ്ങള്‍, ബ്രിട്ടീഷ് ഭരണ സംവിധാനത്തിന്റെ ഭാഗമായ തദ്ദേശീയരായ സര്‍ക്കാര്‍ ജീവനക്കാര്‍ അവരുമായി ബന്ധപ്പെട്ട മറ്റുള്ള ജനവിഭാഗങ്ങള്‍ എന്നിവരായിരുന്നു ഈ നവ ഹൈന്ദവികതയുടെ മുഖ്യ ഉപാസകര്‍. ജാതി ശ്രേണിയിലും മുമ്പിലായിരുന്നു അവരുടെ സ്ഥാനമെന്നും പ്രത്യേകം പറയേണ്ടതില്ലല്ലോ. കൊളോണിയല്‍ ആധുനികതയുടെ പരിലാളനകളില്‍ ഉരുവംകൊണ്ട ഈ നവ ഹിന്ദുത്വത്തിന്റെ വളര്‍ച്ചയുടെ വിവിധഘട്ടങ്ങള്‍ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ കഴിഞ്ഞ 150-200 വര്‍ഷത്തെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക ചരിത്രത്തിലെ സുപ്രധാന സംഭവങ്ങളുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. ജാതി-സമുദായ പരിഷ്‌ക്കരണം, കൊളോണിയല്‍ വിരുദ്ധത, കീഴാള മുന്നേറ്റങ്ങള്‍, ദേശരാഷ്ട്ര ഭാവനകള്‍, മതപരത, രാഷ്ട്രീയം തുടങ്ങിയ ഏതു മേഖലയെടുത്താലും ഈ നവ ഹിന്ദുത്വത്തിന്റെ മുദ്രണങ്ങള്‍ കാണാനാവും. രേഖീയവും, ഏകതാനവുമായ ഒരു പ്രക്രിയ ആയിരുന്നില്ല അതെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. എന്നാല്‍ അതിന്റെ ചില സ്ഥായിയായ സവിശേഷതകള്‍ ക്രമേണ ദൃഢതരമാവുന്നതിന്റെ ഒരു പാറ്റേണ്‍ 20-ാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ കാണാനാവും. മതപരതയെ ദേശരാഷ്ട്ര ഭാവനകളുമായി വിളക്കിച്ചേര്‍ക്കല്‍, കീഴാള-ദളിത് ഉയര്‍ത്തെഴുന്നേല്‍പ്പുകളോടുള്ള അസഹിഷ്ണുത, അന്യമത വിരോധം, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഭൂരിഭാഗം ജനങ്ങളെയും ബ്രാഹ്‌മണ-സവര്‍ണതയിലൂന്നിയ ഹിന്ദുത്വത്തിന്റെ കുടക്കീഴില്‍ അണിച്ചേര്‍ക്കല്‍ തുടങ്ങിയ പരിപാടികള്‍ സംഘടിതമായി ആസൂത്രണം ചെയ്തു നടപ്പിലാക്കുന്ന രീതി പ്രാബല്യത്തില്‍ വരുന്നത് ഈ കാലഘട്ടത്തിലാണ്. മുസ്ലീം വിരോധം, കീഴാള സ്വത്വഭാവനകളോടുള്ള കടുത്ത അസഹിഷ്ണുത എന്നിവ അതിന്റെ സഹജഭാവമായി. ഹിന്ദു മഹാസഭ, ആര്‍എസ്എസ് തുടങ്ങിയ സംഘടനകള്‍ അതിന്റെ മൂര്‍ത്തമായ ആവിഷ്‌ക്കാരങ്ങളായിരുന്നു. അതു സംബന്ധിച്ച വിശദമായ നിരവധി പഠനങ്ങള്‍ ഇപ്പോള്‍ ലഭ്യമാണ്.
മേല്‍പ്പറഞ്ഞ ചരിത്രത്തിന്റെ എതിര്‍ദിശയില്‍ സഞ്ചരിച്ച കീഴാള ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ പുതിയ രാഷ്ട്രീയ ഭാവനകളായി രൂപാന്തരപ്പെടുന്നതിനെ തടയിടുന്ന, ബ്രാഹ്‌മണ-സവര്‍ണ അധിനായകത്വത്തിനുള്ളില്‍ അവയെ സ്വാംശീകരിക്കുകയും, തളയ്ക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ പുതിയൊരു വഴിത്തിരിവിലെത്തിയതിന്റെ ചിഹ്നമായി മോദി പ്രതിഭാസത്തെ വിലയിരുത്താനാവുമോയെന്ന ചോദ്യവും അവഗണിക്കാവുന്നതല്ല. കീഴാള ഉയര്‍ത്തെഴുന്നേല്‍പ്പുകള്‍ ദേശചരിത്ര നിര്‍മിതികളുടെ ഓരങ്ങളില്‍ ഒതുക്കപ്പെട്ടതിനെക്കുറിച്ചുള്ള അറിവുകള്‍ ഇപ്പോള്‍ ഒരു രഹസ്യമല്ല. മാത്രമല്ല അത്തരം ഉയര്‍ത്തെഴുന്നേല്‍പ്പുകളെ ബ്രാഹ്‌മണ-സവര്‍ണ ദേശനിര്‍മിതികളുമായി ബന്ധപ്പെട്ട ആഖ്യാനങ്ങളുടെ അനുബന്ധങ്ങളായി മാറ്റുന്നതിനുള്ള സംഘടിത ശ്രമങ്ങള്‍ വളരെ ബോധപൂര്‍വം നടപ്പിലാക്കിയെടുക്കുന്നതിനെക്കുറിച്ചുള്ള വിവരണങ്ങളും ഇപ്പോള്‍ വേണ്ടത്ര ലഭ്യമാണ്. തെരഞ്ഞെടുപ്പുകളുടെ പ്രചണ്ഡമായ ശബ്ദകോലാഹലങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ വേണ്ടനിലയില്‍ ശ്രദ്ധ നേടാറില്ല. രാവും പകലുമെന്ന ഭേദമില്ലാതെ വാര്‍ത്തകളും, ചിത്രങ്ങളും നിരന്തരം ഉല്‍പ്പാദിപ്പിക്കപ്പെടുന്ന മാധ്യമീകൃതമായ വര്‍ത്തമാനകാലഘട്ടത്തില്‍ കീഴാള അവബോധത്തിന്റെ വിധ്വംസകവും വിമോചനാത്മകവുമായ മൂല്യങ്ങളെ നിര്‍ജ്ജീവമാക്കുന്ന പ്രക്രിയ തിരിച്ചറിയുന്നതുതന്നെ ശ്രമകരമായ ഒന്നായി മാറിയിരിക്കുന്നു. ഈ പ്രക്രിയയില്‍ മോദി പ്രതിഭാസം വഹിക്കുന്ന പങ്കിനെക്കുറിച്ചുള്ള അന്വേഷണങ്ങള്‍ ജനാധിപത്യവും, സാമൂഹ്യനീതിയുമായി ബന്ധപ്പെട്ട സംവാദങ്ങളില്‍ സുപ്രധാനമാണെന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല, ഈ വിഷയങ്ങളില്‍ കൂടുതല്‍ അര്‍ത്ഥവത്തായ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയോടെ മോദി പ്രതിഭാസവും കീഴാള ഹിന്ദുത്വവുമെന്ന പ്രമേയം തീമായി ഏറ്റെടുക്കുകയാണ്.