മോദി പ്രതിഭാസവും കീഴാള ഹിന്ദുത്വവും ചില കീഴാള ക്രൈസ്തവ വിചാരങ്ങള്‍
ആസന്നമായിരിക്കുന്ന ലോക്‌സഭാ ഇലക്ഷന്‍ മാത്രമല്ല, മോദിയുടെയും മോദി പ്രതിനിധാനം ചെയ്യുന്ന ഹിന്ദുത്വ ശക്തികളുടെയും ലക്ഷ്യം അതുക്കും മേലെയാണ്. RSS ന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കുകയും ഹിന്ദുത്വ പ്രത്യയശാസ്ത്രം ഒരു സാര്‍വലൗകിക രാഷ്ട്രീയ പ്രത്യയശാസ്ത്രമായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യുക എന്ന അതിവിപുലമായ രാഷ്ട്രീയ അജന്‍ഡയാണതിന്റെ യഥാര്‍ത്ഥ ഉന്നം. ഏതെങ്കിലും ഒരു വംശത്തിന്റെയോ വര്‍ഗത്തിന്റെയോ സാമൂഹ്യ-മത വിഭാഗത്തിന്റെയോ മാത്രമായൊരു വിഭാവന ആയിട്ടല്ല ഇവിടെ ഹിന്ദുത്വ പ്രത്യയശാസ്ത്രത്തെ നിര്‍വചിക്കുന്നത്. മറിച്ച്, ഹിന്ദുത്വ ഒരു വിശാല-ഹിന്ദു, വിശാല-ഇന്ത്യന്‍ ഐഡന്റിറ്റിയാണ്. ജാതിയില്‍ ഉയര്‍ന്നവര്‍ക്കും താഴ്ന്നവര്‍ക്കും സാമ്പത്തികമായി വ്യത്യസ്ത ശ്രേണിയില്‍ നില്‍ക്കുന്നവര്‍ക്കും രാഷ്ട്രീയ-മത-സാംസ്‌കാരിക വൈവിധ്യങ്ങളില്‍ നില്‍ക്കുന്നവര്‍ക്കും എത്തിച്ചേരാനാകുന്ന ഒരു പൊതു പ്രത്യയശാസ്ത്ര ഇടമായിട്ടാണത് വിഭാവനം ചെയ്തിരിക്കുന്നത്. അതുകൊണ്ടുതന്നെ കേവലം ഇലക്ഷന്‍ സ്ട്രാറ്റജികള്‍ക്കപ്പുറമുള്ള വിപുലമായൊരു സാമൂഹ്യ-രാഷ്ട്രീയ പ്രത്യയ ശാസ്ത്ര പ്രതിരോധമാണ് ഇന്ന് അനിവാര്യമായിരിക്കുന്നത്.
ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ സാര്‍വലൗകിക അര്‍ത്ഥതലം നാം എങ്ങനെയാണ് മനസ്സിലാക്കുന്നത്? അതില്‍ ഒരു സങ്കുചിതമായ ദേശീയ ഭാവനയുണ്ട്, ദേശ-രാഷ്ട്ര ഭാവനയുണ്ട്, പ്രവര്‍ജ്ജനത്തിന്റെ സാമൂഹ്യ-സാമ്പത്തിക പ്രത്യയശാസ്ത്രമുണ്ട്, വികലമായൊരു കേന്ദ്രീകൃത മതബോധമുണ്ട്. ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ഈ കപടമായ ബഹുമുഖാത്മകത തിരിച്ചറിയുകയെന്നതാണ് പ്രധാനം. ദേശവും ദേശ-രാഷ്ട്രവും ഭരണകൂടവും ജനാധിപത്യവും ഒക്കെത്തന്നെ ഉരുവംകൊള്ളുന്നത് (ക്രൈസ്തവ) മതരാഷ്ട്ര സങ്കല്‍പ്പത്തെ അട്ടിമറിച്ച് മതനിരപേക്ഷതയുടെയും ജനാധിപത്യ അവകാശങ്ങളുടെയും ആധുനിക മൂല്യങ്ങളില്‍ അടിസ്ഥാനപ്പെട്ട ഒരു സാമൂഹ്യക്രമം പണിതെടുക്കുക എന്ന ലക്ഷ്യത്തില്‍ നിന്നുതന്നെയാണ്. എന്നാല്‍ അതൊക്കെത്തന്നെ വംശീയാധിപത്യത്തിനും അരിക് സമൂഹങ്ങളുടെ പുറന്തള്ളലിനും കാരണമായേക്കാമെന്ന ഭയവും ആധുനിക വിചാരലോകം അന്നുതന്നെ പങ്കുവച്ചിരുന്നു. പാര്‍ത്ഥ ചാറ്റര്‍ജിയും ജി. അലോഷ്യസുമൊക്കെ പറയുന്നതുപോലെ അത്തരം അനാശാസ്യ പ്രവണതകള്‍ ഇന്ത്യയില്‍ സംഭവിച്ചത് ജാതിപോലുള്ള ശ്രേണീബദ്ധമായ സാമൂഹ്യഘടന നേരത്തെതന്നെ ഇന്ത്യന്‍ സാമൂഹ്യബോധത്തില്‍/ ശരീരത്തില്‍ ഉള്‍ച്ചേര്‍ന്നിരുന്നതുകൊണ്ടാണ്. അത്തരം കേന്ദ്രീകൃത സാമൂഹ്യഘടനകളെ നിലനിര്‍ത്തി ആധുനിക ബോധങ്ങളെ തങ്ങളുടെ വരുതിയിലാക്കുന്ന സാംസ്‌കാരിക-രാഷ്ട്രീയ പ്രവര്‍ത്തനമാണ് ഇന്ത്യയിലെ സവര്‍ണ വിഭാഗങ്ങള്‍ എക്കാലവും നിര്‍വഹിച്ചുകൊണ്ടിരുന്നത്. ഇന്ത്യയിലെ ആധുനിക മത-സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളെ വിമര്‍ശനാത്മകമായി നമുക്ക് വിലയിരുത്തേണ്ടി വരുന്നതും ഇവിടെയാണ്.
PHOTO: TWITTER
ഇന്ത്യയിലെ ആധുനിക മത-സാമൂഹ്യ നവോത്ഥാന പ്രസ്ഥാനങ്ങളും അതിനെ പിന്തുടര്‍ന്നെത്തിയ ദേശീയ പ്രസ്ഥാനവും എല്ലാം വ്യവസ്ഥാപിത കേന്ദ്രീകൃത- സവര്‍ണ ആധിപത്യ മൂല്യബോധത്തിന് പുറത്തുകടക്കുന്നതായിരുന്നില്ല. ഇന്ത്യയിലെ ജാതിവിരുദ്ധ-കീഴാള പ്രസ്ഥാനങ്ങളെ വിസ്മരിച്ചുകൊണ്ടും അവഗണിച്ചുകൊണ്ടും ആണ് ഇന്ത്യയിലെ ദേശീയ പ്രസ്ഥാനം മുന്നോട്ടുവന്നതെന്ന വിമര്‍ശനം ഇവിടെ ശ്രദ്ധേയമാണ്. ഇപ്പോഴത്തെ ഹിന്ദുത്വ ശക്തികള്‍ക്ക് തമിഴ്-ദ്രാവിഡ പ്രസ്ഥാനങ്ങളോടും തമിഴ് ദേശ-രാഷ്ട്ര ഭാവനകളോടുമുള്ള ബദ്ധവൈരം തന്നെ ഇതിന് ഉദാഹരണമാണ്. ആധുനിക ഇന്ത്യന്‍ ദേശ-രാഷ്ട്ര ഭാവനയില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സവര്‍ണ-ഹിന്ദുത്വ-കേന്ദ്രീകൃത മൂല്യബോധത്തെ ഉന്മൂലനം ചെയ്യാതെ എന്തുതരം മതനിരപേക്ഷ പ്രത്യയശാസ്ത്രം പറഞ്ഞാലും ഒരു പ്രയോജനവുമില്ല എന്നതാണ് വാസ്തവം.
എവിടെയാണ് ഇന്ത്യയിലെ മതേതര-മതനിരപേക്ഷ- മതവിരുദ്ധ പ്രത്യയശാസ്ത്രങ്ങള്‍ പരാജയപ്പെട്ടത്? ഇന്ത്യന്‍ സെക്കുലറിസത്തിനു ഒരു കീഴാള പരിപ്രേക്ഷ്യം അനിവാര്യമാണെന്നും അത് മതവിരുദ്ധമല്ല മറിച്ച് മതത്തെ കീഴാള ബോധ്യത്തിലേക്ക് പരിവര്‍ത്തിപ്പിക്കുന്ന ഒരു രാഷ്ട്രീയ വിവക്ഷയാണെന്നും നമ്മെ പഠിപ്പിക്കാനാണ് അംബേദ്കര്‍ ശ്രമിച്ചത്. അംബേദ്കറും അയ്യന്‍കാളിയും ശ്രീനാരായണ ഗുരുവും ഉള്‍പ്പെടെയുള്ള ഉത്പതിഷ്ണുക്കളെ ഇക്കാലത്ത് കൂടുതല്‍ കൂടുതല്‍ വായിക്കേണ്ടി വരുന്നതും അതുകൊണ്ട് തന്നെയാണ്.
കേരളത്തിലേക്ക് വരുമ്പോള്‍, പ്രസ്തുത സവര്‍ണ-ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ ബീജാവാപങ്ങള്‍ ഇവിടെയുണ്ടായ നവോത്ഥാന പ്രസ്ഥാനങ്ങളിലും കാണാനാവും. ബ്രാഹ്‌മണ്യത്തിന്റെ അധികാരക്രമം ഉടലിലും ഉല്‍ബോധത്തിലും പേറുന്ന നായര്‍-നസ്രാണി വിഭാഗങ്ങളുടെ ആധുനികവത്കരിക്കപ്പെട്ട നവോത്ഥാന സ്വപ്നങ്ങളില്‍ കീഴാള-സമൂഹങ്ങള്‍ക്ക് അസ്തിത്വം ഇല്ലായിരുന്നു. അവര്‍ സവര്‍ണ-ആധുനിക ക്ഷേമ പ്രവര്‍ത്തനങ്ങളുടെ കേവല-ഒബ്ജക്റ്റുകള്‍ മാത്രമായിരുന്നു. രാഷ്ട്രീയ അധികാരവും, സാംസ്‌കാരിക മൂലധനവും എന്നും സവര്‍ണരുടെ കൈകളില്‍ത്തന്നെ നിലനിര്‍ത്തുന്ന ഒരു സംവിധാനം തന്നെയായിരുന്നു അത്തരം നവോത്ഥാനങ്ങള്‍. 1959 ലെ വിമോചനസമരത്തിന്റെ മുദ്രാവാക്യങ്ങള്‍ മാത്രം പരിശോധിച്ചാല്‍ ഇത് മനസ്സിലാകും. കേരളത്തിലെ സാമൂഹ്യ, സാമ്പത്തിക വിദ്യാഭ്യാസ വിഭവങ്ങള്‍ കൈയ്യടക്കിവച്ചിരുന്ന നായര്‍-സുറിയാനി ക്രിസ്ത്യാനി- മുസ്ലിം (സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്ന മുസ്ലിങ്ങള്‍) തങ്ങളുടെ സാമൂഹ്യാധികാരം കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജാതി-വിരുദ്ധ ബോധ്യത്തില്‍ അട്ടിമറിക്കപ്പെടുമോ എന്ന ആശങ്കയായിരുന്നു അതിനുപിന്നില്‍ എന്നത് വ്യക്തമാണ്. ഇന്ന്, ഇതേ ശക്തികള്‍ തന്നെയാണ് സംഘപരിവാര്‍ - ഹിന്ദുത്വ അജന്‍ഡയുടെ പരികര്‍മികളായി കേരളത്തില്‍ അവതരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. സവര്‍ണത എന്ന ഒരേയൊരു ഘടകം മാത്രമാണ് ഇവരെ കൂട്ടിച്ചേര്‍ക്കുന്നത്. സവര്‍ണത ഒരു അധികാര ഘടനയാണല്ലോ. ഇതിനോടുചേര്‍ന്ന് നില്‍ക്കുന്നതാണ് ഈ കാലഘട്ടത്തിലെ വികസനതന്ത്രം/ മന്ത്രം എന്ന് ചിന്തിച്ചുവശായ ചില കീഴാള വിഭാഗങ്ങളും ഇതിനോടൊപ്പം ചേര്‍ന്നിരിക്കുന്നു. കീഴാള -ഹിന്ദുത്വം എന്ന് വിഭാവന ചെയ്യപ്പെടുന്ന ഈ പുതിയ വര്‍ഗം പക്ഷേ, ഒരു ഭ്രമയുഗത്തിലാണ് ചെന്നെത്തിയിരിക്കുന്നതെന്ന് തിരിച്ചറിയുമ്പോഴേക്കും വളരെ വൈകിയിരിക്കും. കറുത്തനിറമുള്ള രാം ലല്ലയും ഒബിസി ക്കാരനായ പ്രധാനമന്ത്രിയും ഒക്കെച്ചേര്‍ന്ന് കാത്തുവച്ചിരിക്കുന്ന കൊടുമണ്‍ പോറ്റിയുടെ മനയില്‍പ്പെട്ട് മരണമടയാനുള്ള വിധിതന്നെയാണ് കീഴാള ഹിന്ദുത്വക്കാരെ കാത്തിരിക്കുന്നതും.
മോദി പ്രതിഭാസത്തെ നിലനിര്‍ത്തുന്ന കേരളത്തിലെ പ്രസ്തുത സവര്‍ണ സാംസ്‌കാരിക-രാഷ്ട്രീയ-മത ബോധമണ്ഡലത്തെക്കുറിച്ച് കുറച്ചുകൂടി ശക്തമായി പറയേണ്ടതുണ്ട്. ആരാണ് കേരളത്തിലെ മോദി പ്രതിഭാസത്തിന്റെ കുഴലൂത്തുകാര്‍? ഒരു ക്രൈസ്തവ പുരോഹിതന്‍ എന്ന നിലയില്‍, നായര്‍ സര്‍വീസ് സൊസൈറ്റിയുടെ പങ്കിനെക്കാളേറെ ബ്രാഹ്‌മണ്യത്തെ താലോലിക്കുന്ന സവര്‍ണ-സുറിയാനി-ക്രൈസ്തവ സഭകളാണ് എനിക്ക് ഏറെ പരിചിതം. കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികള്‍ക്ക് ബ്രാഹ്‌മണ പിതൃത്വം ഒരു നൊസ്റ്റാള്‍ജിയ ആയതുകൊണ്ട് ഹിന്ദുത്വ പ്രതിഭാസത്തിന്റെ ഉള്‍ക്കൊള്ളല്‍ അവര്‍ക്ക് അനായാസവും സ്വാഭാവികവുമാണ്. RSS , BJP പോലുള്ള സംഘപരിവാര്‍ സംഘടനകള്‍ പ്രസ്തുത സഭാ- സമൂഹങ്ങളെ മാത്രം സമീപിക്കുന്നതെന്തുകൊണ്ടാണ്? ഉത്തരേന്ത്യയിലെ ക്രൈസ്തവവിഭാഗങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രൂരമായ പീഡനങ്ങളെ മറന്നിട്ട് ലവ് ജിഹാദെന്നും മുസ്ലിം തീവ്രവാദമെന്നും ഒക്കെ പറഞ്ഞ് ഹിന്ദുത്വ അജന്‍ഡ ഏറ്റെടുക്കുന്നത് കേവലം വിദേശ പണമിടപാടുകള്‍ക്ക് വച്ചിരിക്കുന്ന തടസ്സങ്ങളെ മറികടക്കാനുള്ള ഒരു പ്രായോഗിക സൂത്രപ്പണിയായിട്ടു മാത്രം ഇതിനെ കാണാനാവില്ല. ബ്രാഹ്‌മണ്യത്തോടുള്ള കൂറും വിഭവ കൈയ്യാവകാശത്തിനുള്ള രാഷ്ട്രീയ നിര്‍ബന്ധവുമാണ് ഇതിന് പിന്നില്‍. നോക്കൂ, മുന്നോക്ക വിഭാഗങ്ങള്‍ക്ക് സാമ്പത്തിക സംവരണം ഏര്‍പ്പെടുത്താനുള്ള കോടതിവിധി ആദ്യം സഹര്‍ഷം സ്വാഗതം ചെയ്തത് കേരളത്തിലെ സുറിയാനി സഭകളായിരുന്നുവെന്നത് യാദൃച്ഛികമല്ല. അതുവഴി സംവരണം എന്ന സാമൂഹ്യ തുല്യ-നീതി വിഭാവന അട്ടിമറിക്കപ്പെടും എന്നത് അവര്‍ക്ക് പ്രശ്‌നമല്ല. ഇപ്പോള്‍ മുസ്ലിങ്ങള്‍ക്കുമായി വിഭജിച്ചുനല്‍കുന്ന ന്യൂനപക്ഷ ക്ഷേമ സഹായങ്ങള്‍ ജനസംഖ്യാനുപാതികമായി തങ്ങള്‍ക്കും വീതിച്ചുനല്‍കണമെന്നാണ് ആവശ്യം. കേരളത്തില്‍ സുറിയാനി ക്രിസ്ത്യാനികളുടെ ഇസ്ലാമോഫോബിയക്ക് ഇത് ഒരു പ്രധാന കാരണമാണ്. ഇന്ത്യ എന്ന ദേശ-രാഷ്ട്രം രൂപപ്പെടുമ്പോള്‍ ന്യൂനപക്ഷം എന്ന പരിഗണന ഞങ്ങള്‍ക്ക് വേണ്ടായെന്നും ഞങ്ങള്‍ ദേശീയ-ക്രൈസ്തവരാണെന്നും പറഞ്ഞവരുടെ പിന്മുറക്കാരാണിവര്‍. അതുപോട്ടെ, തൊണ്ണൂറ്റി ഒന്‍പതിനേയും വിട്ടിട്ട് ഒരു ആടിന്റെ പിന്നാലെ പോയ ക്രിസ്തുവിനെയാണിവര്‍ ആരാധിക്കുന്നതെന്നത് ഒരു വൈരുദ്ധ്യം മാത്രം.
ഇന്ത്യയിലെ ക്രിസ്തീയത, പക്ഷേ, കീഴാള ക്രിസ്തീയതയാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം ക്രിസ്ത്യാനികളും ദളിതരോ, പിന്നോക്ക ക്രിസ്ത്യാനികളോ ആണ്. എന്നാല്‍ ഇന്ത്യന്‍ സഭകളുടെ നേതൃത്വസ്ഥാനം ഇപ്പോഴും ന്യൂനപക്ഷമായ സവര്‍ണരുടെ കൈകളിലാണ്. സമകാലിക മോദി പ്രഭാവത്തോടും സര്‍വാധിപത്യ ഹിന്ദുത്വ ക്രമത്തോടും ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് അനുകൂല നിലപാടാണുള്ളതെന്നുള്ള ഒരു ചിന്ത വളര്‍ത്താന്‍ അവര്‍ക്കായിട്ടുണ്ട്. മോദിയുടെ വിരുന്നുകള്‍ക്ക് അതിഥികളാവുന്നതും ദുര്‍ബല ക്രൈസ്തവ വിഭാഗങ്ങളെ ഒറ്റുകൊടുക്കുന്നതും ഇവരാണ്. കീഴാള ക്രിസ്ത്യാനികള്‍ അവരുടെ കീഴാള ക്രിസ്തീയത രൂപപ്പെടുത്തുകയും ജാതി-അധികാര ഘടനകളെ ചെറുക്കുന്ന ദൈവശാസ്ത്രവും പ്രത്യയശാസ്ത്രവും നിര്‍മിച്ചെടുക്കുകയും ചെയ്യുക എന്നതാണ് ഇനി അവര്‍ക്ക് മുന്നിലുള്ളത്. അത്തരമൊരു ക്രിസ്തീയതയ്ക്ക് മാത്രമേ മോദി പ്രതിഭാസത്തെയും ഹിന്ദുത്വ രാഷ്ട്രീയത്തെയും പ്രതിരോധിക്കാനാവൂ. എന്നാല്‍ അത്തരമൊരു കീഴാള ദൈവശാസ്ത്രം രൂപപ്പെടുത്തുകയെന്നത് വിഭവരഹിതരായ ദളിത്-പിന്നോക്ക ക്രിസ്ത്യാനികള്‍ക്ക് അത്ര എളുപ്പമല്ല. മേധാവിത്വ സമൂഹങ്ങള്‍ക്ക് കീഴില്‍ ക്ഷേമപദ്ധതികളുടെ ഉപഭോക്താക്കളായി കഴിയുന്നതാണ് ഇവര്‍ക്ക് ഏറ്റവും എളുപ്പം. എന്നാല്‍, ബൈബിള്‍ മുന്നോട്ടുവയ്ക്കുന്ന ക്രിസ്തീയത കീഴാള ക്രിസ്തീയതയാണ്. പീഡിതരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പും പീഡിതനായ ദൈവവും അടിമകളുടെ വിമോചനം ഘോഷിക്കുന്ന ബൈബിളും ഒക്കെത്തന്നെ കീഴാള ക്രിസ്തീയത നിര്‍മിച്ചെടുക്കാനുള്ള ക്രിയാത്മക വിഭവങ്ങളാണ്. ഇത് പല കാലങ്ങളില്‍ കേരളത്തില്‍ കീഴാള സമൂഹങ്ങള്‍ പരീക്ഷിച്ചിട്ടുണ്ട്. പൊയ്കയില്‍ കുമാര ഗുരുദേവനും ദളിത് ദൈവശാസ്ത്ര സമൂഹങ്ങളും ഈ പ്രക്രിയയില്‍ പരിഗണിക്കേണ്ടവ തന്നെയാണ്. എന്നാല്‍ ദളിത്-പിന്നോക്ക ക്രൈസ്തവരെ ഒരു രാഷ്ട്രീയ സമൂഹമായി പരിവര്‍ത്തിപ്പിക്കുവാന്‍ അത്തരം പ്രസ്ഥാനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ടോ എന്നത് വിശകലനം ചെയ്യേണ്ടതുണ്ട്. കീഴാള ക്രിസ്തീയത ഒരുപക്ഷേ, രാഷ്ട്രീയമായി സഹവര്‍ത്തിക്കേണ്ടത് ഇതര കീഴാള പ്രസ്ഥാനങ്ങളോടും സെക്കുലര്‍ പ്രത്യയശാസ്ത്ര സമൂഹങ്ങളോടുമാണ്. മോദി പ്രതിഭാസത്തെയും സവര്‍ണ സാമൂഹ്യ മൂല്യബോധത്തെയും അപനിര്‍മിക്കുന്നതിന് മുസ്ലിങ്ങള്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷ സമൂഹങ്ങളോടും പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും കീഴാള സമൂഹങ്ങള്‍ കൈകോര്‍ക്കേണ്ടതുണ്ട്. ഹിന്ദുത്വയുടെ പ്രത്യയശാസ്ത്രം സവര്‍ണ പ്രത്യയശാസ്ത്രമാണെന്ന് തിരിച്ചറിഞ്ഞുകൊണ്ട് പുതിയ പ്രതിരോധ സഖ്യങ്ങള്‍ രൂപപ്പെടുത്തുക എന്നത് കീഴാള സമൂഹങ്ങള്‍ക്ക് മാത്രമല്ല എല്ലാ ജനാധിപത്യ സമൂഹങ്ങള്‍ക്കും ഏറ്റവും അനിവാര്യമാണ്.