കേരളാധുനികതയും മോദിയും
ഹിന്ദുരാഷ്ട്ര സങ്കല്പത്തിലും, കടുത്ത ന്യൂനപക്ഷ/മുസ്ലിം വിരോധത്തിലും വേരൂന്നിയ ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയം, ഇന്ത്യന്‍ ദേശീയതയുടെ ലിബറല്‍ സെക്കുലര്‍ സോഷ്യലിസ്റ്റ് ഘടനകളെ മാറ്റിയെഴുതുന്നതിനെ കുറിച്ചാണ് ഇന്ന് എല്ലാവരും വ്യാകുലപ്പെടുന്നത്. എന്നാല്‍ ഇതിനെ മനസ്സിലാക്കാന്‍ സമകാലീനതയില്‍ മാത്രം ഊന്നിയ ഒരു വിശകലനം മതിയാവുകയില്ല. ഇതുകൊണ്ട് തന്നെ ബിജെപിയുടെയും മോദിയുടെയും വളര്‍ച്ചയെ ചരിത്രപരമായി നോക്കിക്കാണുന്നത് പ്രധാനമാണ്. മോദി ഇന്ന് പ്രതിനിധാനം ചെയ്യുന്ന രാമരാജ്യത്തിലും, ഗോരക്ഷയിലും ഊന്നിയ ന്യൂനപക്ഷ-വിരുദ്ധ രാഷ്ട്രീയം, ഗാന്ധിയന്‍ ദേശീയ രാഷ്ട്രീയത്തില്‍ നിന്നുതന്നെ വരുന്ന ഒന്നാണ് എന്ന് തിരിച്ചറിയുന്നതും.
എന്നാല്‍, കേരളത്തിന്റെ പ്രത്യേകതരമായ സാഹചര്യത്തില്‍, ബിജെപിയുടെയും മോദിയുടെയും ഉയരുന്ന സ്വാധീനത്തെ കുറിച്ച് ചിന്തിക്കുന്നത് കൂടുതല്‍ സങ്കീര്‍ണമാകുന്നു. പുരോഗമനത്തിന്റെയും ക്ഷേമരാഷ്ട്രത്തിന്റെയും, 'പ്രബുദ്ധരായ' ആളുകളുടെയും നാടായ കേരളത്തില്‍, ബിജെപിയുടെ, മെല്ലെയാണെങ്കിലും, നിരന്തരമായ വളര്‍ച്ച, എല്ലാവരെയും അത്ഭുതപ്പെടുത്തുന്നു. ദേശീയതലത്തില്‍ എന്ന പോലെ, ഈ പ്രക്രിയയെ കേരളാധുനികതയുടെ പുരോഗമനപരതയില്‍ നിന്നുള്ള ഒരു വ്യതിചലനമായാണ് പലരും കാണുന്നത്. എന്നാല്‍, ദേശീയതലത്തിലുള്ള ഗാന്ധിയന്‍ രാഷ്ട്രീയം, സവര്‍ണ ഹിന്ദു ചിഹ്നങ്ങളെ ഇന്ത്യന്‍ പൊതുമണ്ഡലത്തിന്റെ അവിഭാജ്യ ഭാഗമാക്കിയത് പോലെ തന്നെ, കേരളാധുനികതയുടെ പുരോഗമനപരത തന്നെയാണ് ഇവിടെ ഹിന്ദുത്വ രാഷ്ട്രീയത്തിന് കളമൊരുക്കുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
ഇത് കൂടുതല്‍ മനസ്സിലാക്കാന്‍ കേരളത്തിന്റെ ആധുനികതയെ തന്നെ മനസ്സിലാക്കുന്നത് പ്രധാനമാണ്. കേരളം എന്നും പുറംലോകത്തിന്റെ സ്വാധീനങ്ങള്‍ക്ക് കീഴില്‍ വന്നിരുന്നു. ഇതുകൊണ്ട് തന്നെ കേരളത്തിലെ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന നിരവധി മാറ്റങ്ങള്‍ ഇവിടെ നടന്നു. ടിപ്പു സുല്‍ത്താന്റെ വരവ്, മിഷനറി പ്രവര്‍ത്തനങ്ങളുടെ സ്വാധീനം, കീഴ്ജാതികളുടെ മതപരിവര്‍ത്തനം, കൊളോണിയല്‍ ആധുനികത എന്നിങ്ങനെയുള്ള ഘടകങ്ങള്‍ കേരളത്തിലെ ജാതിവ്യസ്ഥയെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരുന്നു. ഇതിന്റെയെല്ലാം ഭാഗമായാണ് അയ്യങ്കാളി, ശ്രീനാരായണ ഗുരു എന്നിവരുടെ ജാതിക്കെതിരെയുള്ള ശക്തമായ മുന്നേറ്റങ്ങള്‍ നടക്കുന്നത്. എന്നാല്‍ ഇവയൊന്നും കേരളം എന്ന (പ്ര)ദേശത്തിന്റെ സ്വത്വത്തിലൂന്നിയ ഒന്നായിരുന്നില്ല. ഇതെല്ലാം തന്നെ, സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിന് വേണ്ടിയുള്ള ഒന്നായിരുന്നു. പകരം, കെ കെ കൊച്ച്, 'ഭാഷയും ജനതയും' എന്ന തന്റെ ലേഖനത്തില്‍ പറയുന്നത് പോലെ, നായര്‍ സമുദായമാണ് മലയാളി മെമ്മോറിയലിലൂടെ മലയാളി എന്ന രീതിയില്‍ സംഘടിക്കുന്നത്. ജാതിക്കെതിരെയുള്ള കീഴാളരുടെ നീക്കത്തെ തടഞ്ഞുകൊണ്ട്, എല്ലാവരെയും ഉള്‍പ്പെടുത്തുന്നു എന്ന് പറയുമ്പോള്‍ തന്നെ, ജാതിയെ കുറിച്ച് പറയാന്‍ സാധ്യത കുറഞ്ഞ ഒരു ഏകാത്മകമായ (homogenous) ഒരു ദേശീയ സ്വത്വമാണ് കേരളമായി വിഭാവനം ചെയ്യപ്പെട്ടത്. എന്നാല്‍ ഈഴവ മെമ്മോറിയല്‍ കാണിക്കുന്നത് പോലെ, ഇങ്ങനെ ഒരു ദേശീയ സ്വത്വത്തെ ഏറ്റെടുക്കാന്‍ ഇവിടെ കീഴാളര്‍ തയ്യാറായിരുന്നില്ല. അതുകൊണ്ട് തന്നെ, കേരളത്തില്‍ തങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി - വഴി നടക്കാനുള്ള സ്വാതന്ത്ര്യം, ക്ഷേത്രപ്രവേശനം എന്നിങ്ങനെ - സംഘടിക്കുകയാണ് ഇവര്‍ ചെയ്തത്. നായര്‍ ദേശീയതയ്ക്ക് എതിരെ.
ഇങ്ങനെയൊരു സമയത്ത് കേരളത്തെ രണ്ട് പ്രധാന ശക്തികള്‍ രണ്ട് വ്യത്യസ്ത തലത്തിലേക്ക് കൊണ്ടുപോകാന്‍ നിരന്തരം ശ്രമിച്ചുകൊണ്ടിരുന്നു. ഒന്ന് സ്വന്തം സമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ചുകൊണ്ട്, ജാതിവ്യവസ്ഥയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചെറുതും, വിപ്ലവകരവുമായ ഭിന്നശക്തികള്‍, അതേസമയം തന്നെ കേരളം എന്ന ഏകവചനത്തിനുള്ളില്‍, എല്ലാ സമുദായങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന, (പ്രാ)ദേശീയതയുടെ തന്നെ തലപ്പത്തേക്കുയര്‍ന്നുവന്ന ഏകീയമായ സവര്‍ണശക്തി. കേരളനിര്‍മാണം എന്നതുതന്നെ ഇങ്ങനെ ഒരു സവര്‍ണശക്തിയുടെ വിജയമായി കാണാവുന്നതാണ്. ഇതിനെ ഏറ്റവും ഫലവത്തായ രീതിയില്‍ മുന്നോട്ട് കൊണ്ടുപോയത് കേരളത്തിലെങ്കിലും ഇടതുപക്ഷ രാഷ്ട്രീയമാണ്.
അന്ന് നിലനില്‍ക്കുന്ന നിരവധി തരത്തിലുള്ള ജാതിമുന്നേറ്റങ്ങള്‍ക്കും സമുദായവല്ക്കരണങ്ങള്‍ക്കും എതിരെയാണ് ഇടതുപക്ഷം കീഴാളരെ വര്‍ഗ രാഷ്ട്രീയത്തിന്റെ ഏകീയതയിലേക്ക് കൊണ്ടുവരുന്നത്. ഇടതുപക്ഷം കേരളത്തില്‍ കടന്നുവരുന്നത് കീഴാളരുടെ മുന്നേറ്റങ്ങളുടെ ഭാഗമായല്ല. അതിന്റെ നേതാക്കന്മാരും, സിദ്ധാന്തങ്ങളും ഒന്നുംതന്നെ കീഴാളരുടെ നിര്‍വാഹകത്വത്തില്‍ നിന്ന് ഉണ്ടായിവന്നതല്ല. പകരം, ഗൗരിയമ്മ തന്റെ ആത്മകഥയില്‍ പറയുന്നതുപോലെ, ഇടതുപക്ഷം കേരളത്തില്‍ പച്ചപിടിക്കുന്ന സമയത്ത് പ്രചാരണത്തില്‍ ഉണ്ടായിരുന്നു ഒരു മുദ്രാവാക്യം: 'ജാതി പിശാചിനെ കെട്ട് കെട്ടിക്കുക' എന്നതായിരുന്നു. ഇങ്ങനെ ജാതിക്കെതിരെ പ്രവര്‍ത്തിക്കുന്ന ഒരു ജനതയുടെ ഇടയിലേക്കാണ് ആദ്യം കോണ്‍ഗ്രസ്സും പിന്നീട് ഇടതുപക്ഷ രാഷ്ട്രീവും കടന്നുവരുന്നത്. ഒരേസമയത്ത് ഇവരുടെ വിപ്ലവാത്മകമായ ഊര്‍ജം കടമെടുത്തുകൊണ്ടും, അതേസമയം തന്നെ ജാതിയെ കുറിച്ചുള്ള വ്യവഹാരങ്ങളെ പുറംതള്ളി കൊണ്ടും, വര്‍ഗം, തൊഴിലാളി, ശാസ്ത്രം, നിരീശ്വരവാദം, യുക്തിചിന്ത എന്നിങ്ങനെയുള്ള പുതിയ വ്യവഹാരങ്ങള്‍ സൃഷ്ടിച്ചുകൊണ്ടുമാണ് ജാതിക്കെതിരെ തിരിഞ്ഞ കീഴാളരെ, ഇടതുപക്ഷ രാഷ്ട്രീയം തൊഴിലാളികളായി പുനഃസങ്കല്പിച്ചുകൊണ്ട് തങ്ങളുടെ വര്‍ഗ വിശകലനത്തിന്റെ കീഴില്‍ കൊണ്ടുവരുന്നത്. ഇതിന് ചുക്കാന്‍പിടിച്ചത് തീര്‍ച്ചയായും കീഴാളര്‍ ആയിരുന്നില്ല.
ഗൗരിയമ്മ | PHOTO: FACEBOOK
ദിലീപ് മേനോന്‍ തന്റെ Being a Brahmin the Marxist Way: E.M.S. Namburipad and the Pasts of Kerala എന്ന ലേഖനത്തില്‍ പറയുന്നതുപോലെ, 1927 ല്‍ പയ്യന്നൂര്‍ കോണ്‍ഗ്രസ് കോണ്‍ഫറന്‍സില്‍ tenancy reforms ന് എതിരെ വോട്ടുചെയ്ത, 'തന്റെ നമ്പൂതിരി എന്ന സ്വത്വം വെടിഞ്ഞിട്ടില്ലാത്ത' ഒരാളാണ്, പിന്നീട് കര്‍ഷക തൊഴിലാളികളുടെ ക്ഷേമത്തിന് വേണ്ടി പ്രവര്‍ത്തിച്ച് തുടങ്ങുന്നതും മെല്ലെ കമ്മ്യൂണിസത്തിലേക്ക് തിരിയുന്നതും. ഇത് ഒരു വ്യക്തിയുടെ വളര്‍ച്ചയായി കാണാമെങ്കിലും ദിലീപ് മേനോന്‍ ഇതിനെ ജാതി വ്യവസ്ഥയുടെ തകര്‍ച്ചയുടെ കാലത്ത്, അല്ലെങ്കില്‍ അത് നിശിതമായി ചോദ്യം ചെയ്യപ്പെടുന്ന ഒരു കാലത്ത്, ബ്രാഹ്‌മണ വ്യവസ്ഥയെ പുനഃസ്ഥാപിക്കാന്‍ ഉള്ള ഒരു നീക്കമായാണ് കാണുന്നത്. ഇതിനുവേണ്ടിയാണ് ഇ എം എസ്സ് കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതെന്നും, ബ്രാഹ്‌മണപക്ഷത്തെ കൂടെ ഉള്‍പ്പെടുത്തുന്ന തന്റെ സിദ്ധാന്തങ്ങള്‍ മുന്നോട്ടുവയ്ക്കുന്നതെന്നും മേനോന്‍ പറയുന്നു. ഇതുപോലെ തന്നെ ദളിതരെയും മറ്റു കീഴാളരെയും സവര്‍ണര്‍ക്കൊപ്പം ഇരുത്തി പഠിപ്പിക്കുന്ന ബ്രിട്ടീഷ് നയത്തിനെതിരെ, 'കുതിരയെയും എരുമയെയും' ഒരേ തൊഴുത്തില്‍ കെട്ടുന്നതിനോട് ഉപമിച്ച ദേശാഭിമാനി രാമകൃഷ്ണ പിള്ള ആയിരുന്നു, കേരളത്തില്‍ കമ്മ്യൂണിസം കൊണ്ടുവന്ന മറ്റൊരാള്‍. ചുരുക്കി പറഞ്ഞാല്‍ ജാതിവ്യവസ്ഥയെ ചോദ്യം ചെയ്യാന്‍ തയ്യാറാകാതെ, ജാതിക്കെതിരെയുള്ള കീഴാള മുന്നേറ്റങ്ങള്‍ക്ക് എതിരെ, സവര്‍ണരുടെ നേതൃത്വത്തിലാണ് കേരളത്തില്‍ ഇടതുപക്ഷം വളരുന്നത്. ഇങ്ങനെ പതിനഞ്ചാം നൂറ്റാണ്ട് മുതല്‍, നിലവിലുള്ള ജാതിവ്യവസ്ഥയുമായി ഇടഞ്ഞുകൊണ്ടിരുന്ന കീഴാള ജനതയെ കേരളം എന്ന സങ്കല്പത്തിന് കീഴെ, ഒന്നുകൂടി സവര്‍ണരെ വിധേയരാക്കിക്കൊണ്ട് ആധുനികരാക്കുകയാണ് ഉണ്ടായത്.
ഇതിലൂടെയാണ്, മെല്ലെ, ജാതിപിശാചിന് എതിരെയുള്ള വ്യവഹാരങ്ങള്‍ വര്‍ഗ വിശകലനത്തിലേക്ക് വഴിമാറുന്നത്. (മണ്ഡല്‍ രാഷ്രീയത്തിനുശേഷം ഒന്നുകൂടി ജാതിയെ കുറിച്ചുള്ള സംഭാഷണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍, ഇതിനെ സ്വത്വരാഷ്ട്രീയമായി തള്ളിക്കളയുന്ന ഇടതുപക്ഷ കാഴ്ചപാട് ഇങ്ങനെ ഒരു ചരിത്രത്തെ തന്നെയാണ് വെളിപ്പെടുത്തുന്നത്). ഇങ്ങനെ 'വര്‍ഗം' എന്ന വ്യവഹാരം ജാതിയെ കുറിച്ചുള്ള സംഭാഷണങ്ങള്‍ റദ്ദാക്കുമ്പോള്‍, ഇടതുപക്ഷത്തിന്റെ തന്നെ ഒത്താശയോട് കൂടിത്തന്നെ ഉയര്‍ന്നുവന്ന കേരളീയത പൂര്‍ണമായും ജാതി ഹിന്ദു ചിഹ്നങ്ങള്‍കൊണ്ട് നിറയുന്നു. അതേസമയം തന്നെ യുക്തിവാദം, നിരീശ്വവാരവാദം, ശാസ്ത്രം എന്നിങ്ങനെയുള്ള ആധുനിക വ്യവഹാരങ്ങള്‍ കീഴാളരുടെ സാമുദായിക വാദത്തെയും ഇല്ലാതാക്കുന്നു. അതുപോലെ തന്നെ പകുതിയോളം ന്യൂനപക്ഷ മതങ്ങള്‍ കൊണ്ടുനിറഞ്ഞ ഒരു പ്രദേശത്തില്‍ മതം എന്ന വ്യവഹാരം തന്നെ അപരവത്കരിക്കപ്പെടുന്നു. ഇതിലൂടെ ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ചും മുസ്ലിം സമുദായം കേരള ആധുനികതയ്ക്ക് പുറമെ തള്ളപ്പെടുന്നു. ഇത് കേരളത്തിന്റെ മതേതരത്വത്തെ അടയാളപ്പെടുത്താന്‍ തുടങ്ങുമ്പോള്‍ അമ്പല കമ്മിറ്റികളിലും, ഉത്സവ കമ്മിറ്റിയിലും ഓണാഘോഷത്തിലുമൊക്കെ ഭാഗമാകാന്‍ ഇടതുപക്ഷരാഷ്ട്രീയത്തിന് സാധ്യമാകുന്നു. ഇത് തൊഴിലാളികളുടെ അവകാശങ്ങളുടെ സമരങ്ങളുമായി കലരുമ്പോള്‍, ഒരു സമയത്ത് പ്രബുദ്ധരെന്ന രീതിയില്‍ പ്രതിനിധാനം ചെയ്യപ്പെടുന്ന ഒരു കീഴാളസ്ഥാനം ഉണ്ടാകുകയും, അതേസമയം തന്നെ അവര്‍ പൂര്‍ണമായും ഇടത് ദേശീയതയുടെ കീഴെ സ്വന്തം സമുദായങ്ങളെയും, രാഷ്ട്രീയത്തെയും വെടിഞ്ഞുകൊണ്ട് വിധേയരാകുകയും ചെയ്യുന്നു. ഇടത് പുരോഗമനം എന്നത് ഇങ്ങനെ ആകുമ്പോള്‍, സിനിമ, സാഹിത്യം എല്ലാം ഇതുതന്നെ മുന്നോട്ട് കൊണ്ടുപോകുന്നു. കേരളം ഒന്നുകൂടി സവര്‍ണരുടെ മാതൃഭൂമിയാകുന്നു. ഇത് കേരളാധുനികതയാകുന്നു.
ഇ.എം.എസ്.നമ്പൂതിരിപ്പാട് | PHOTO: WIKI COMMONS
ഇങ്ങനെ ഒരു അവസ്ഥയില്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് ചിഹ്നപരമായി പോലും ജാതി ഹിന്ദു ജീവിത ലോകത്തെ അട്ടിമറിക്കാന്‍ കഴിയുന്നില്ല. പകരം, അതിനെ കൂടുതല്‍ ശക്തിയോടുകൂടി മുന്നോട്ട് കൊണ്ടുപോകുന്ന ഒരു വ്യവസ്ഥയായി ഇത് മാറുന്നു. ഇങ്ങനെ ഒരു സന്ദര്‍ഭത്തില്‍, ഇവിടെ ബിജെപി യുടെ പ്രൊപഗാണ്ട തടുക്കാന്‍ ആത്യന്തികമായി ഒന്നും അവശേഷിക്കുന്നില്ല. ഇങ്ങനെ ഒരു സാഹചര്യത്തില്‍, ഇടത് പുരോഗമനവാദം തന്നെ സവര്‍ണ ഹിന്ദുവാദമായി തീരുകയും അത് (ദളിത്-മുസ്ലിം വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് പോലെ) കേരളത്തിന്റെ ആധുനികതയെയും അതിന്റെ കലാസാഹിത്യ രൂപങ്ങളെയും ആഴത്തില്‍ അടയാളപ്പെടുത്തുകയും ചെയ്തു. ഇങ്ങനെയൊരു ജാതി ഹിന്ദു പ്രക്രിയയുടെ അപരസ്ഥാനത്ത് ചരിത്രപരമായി തന്നെ നില്ക്കുന്നത് മുസ്ലിം സമുദായം ആകുമ്പോള്‍, ബി ജെ പിയുടെ വരവിന് മുന്നേതന്നെ കേരളം മുസ്ലിം വിരുദ്ധതയുടെ പ്രദേശമായി മാറി. ഇവിടെ ഇന്ന് മോദി പറയുന്നത് പോലെ തന്നെ മുസ്ലിങ്ങള്‍ക്ക് എതിരെ പറയുന്ന മുഖ്യമന്ത്രിമാര്‍ വരെ (ഉദാഹരണം വിഎസ് അച്യുതാനന്ദന്‍) ഇടതുപക്ഷത്ത് നിന്ന് തന്നെ ഉണ്ടായിവന്നു. അതുകൊണ്ടുതന്നെ ഇന്ന് ബി ജെ പിയുടെ സവര്‍ണ ബ്രാഹ്‌മണ വ്യവഹാരത്തിനെതിരെ അധരസേവനം നടത്തുക എന്നല്ലാതെ ഒരു ശക്തിയായ ബദലാകാന്‍ ഇവിടെ ഒരു രാഷ്ട്രീയം ഇല്ലാതെ വരുന്നു. മാത്രമല്ല, ഇടതുപക്ഷ രാഷ്ട്രീയമിവിടെ ഉണ്ടാക്കിയെടുത്ത കേരളാധുനികതയുടെ തന്നെ ആഴത്തിലുള്ള വിള്ളലുകള്‍ ബി ജെ പിക്ക് വഴിയൊരുക്കുന്നു. ഇതുകൊണ്ട് തന്നെ, ദേശീയതലത്തില്‍ ഗാന്ധിയന്‍ രാഷ്ട്രീയം മോദിയുടെ വരവിന് കളമൊരുക്കിയത് പോലെ, കേരളാധുനികതയുടെ ചുക്കാന്‍പിടിച്ച ഇടതുപക്ഷമാണ് ഇവിടെ ഇതേ പ്രക്രിയയ്ക്ക് കൂട്ടുനിന്നത്. അതുകൊണ്ടുതന്നെ ഇവിടെ കീഴാളരെ ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് നയിക്കുന്ന ഒരു പ്രവണത തന്നെയാണ് കേരളാധുനികതയുടെ അടിത്തറയായി ഉണ്ടായി വന്നിട്ടുള്ളത് എന്ന് പറയാവുന്നതാണ്. ചുരുക്കി പറഞ്ഞാല്‍ കേരളാധുനികതയെ മനസ്സിലാക്കാതെ ഇന്ന് കീഴാളരുടെ ഇടയിലേക്ക് മെല്ലെ നുഴഞ്ഞുകയറുന്ന ബിജെപി-മോദി എന്നിങ്ങനെയുള്ള പ്രതിഭാസത്തെയും മനസ്സിലാക്കാന്‍ കഴിയില്ല.