ദലിത്-ബഹുജന പക്ഷത്തുനിന്ന് മോദിയെ നോക്കിക്കാണുമ്പോള്‍
'ബ്രിട്ടീഷ് ഗവണ്‍മെന്റ് മനംമാറ്റം കാണിക്കുന്നില്ലെന്ന് നിങ്ങള്‍ പറയുന്നു. ഞങ്ങളുടെ പ്രശ്‌നത്തില്‍ ഹിന്ദുക്കള്‍ മനംമാറ്റം കാണിച്ചിട്ടില്ലെന്നും അവര്‍ ഉറച്ചുനില്‍ക്കുന്നിടത്തോളംകാലം ഞങ്ങള്‍ കോണ്‍ഗ്രസിനെയോ ഹിന്ദുക്കളെയോ വിശ്വസിക്കില്ലെന്ന് ഞാന്‍ പറയുന്നു. ഞങ്ങള്‍ സ്വാശ്രയത്ത്വത്തിലും ആത്മാഭിമാനത്തിലും വിശ്വസിക്കുന്നു. വലിയ നേതാക്കളിലും, മഹാത്മാക്കളിലും വിശ്വസിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഞാന്‍ അതിനെക്കുറിച്ച് ക്രൂരമായി തുറന്നുപറയട്ടെ. മഹാത്മാക്കള്‍ ക്ഷണികമായ ഭൂതങ്ങളെപ്പോലെ പൊടി ഉയര്‍ത്തുന്നു, പക്ഷേ വേറെയൊന്നും അവര്‍ ഉയര്‍ത്തുന്നില്ല എന്ന് ചരിത്രം പറയുന്നു. എന്തിന് കോണ്‍ഗ്രസുകാര്‍ നമ്മുടെ പ്രസ്ഥാനത്തെ എതിര്‍ക്കുകയും എന്നെ രാജ്യദ്രോഹി എന്ന് വിളിക്കുകയും വേണം? ഗാന്ധിജി, എനിക്ക് ജന്മഭൂമിയില്ല.' (1931 ഓഗസ്റ്റ് 14 ന് മുംബൈയിലെ മലബാര്‍ ഹില്ലില്‍ വച്ച് അംബേദ്കര്‍ ഗാന്ധിയോട് പറഞ്ഞത്).
ബിജെപി യുടെയും, മോദിയുടെയും വളര്‍ച്ചയെ കുറിച്ച് പറയുമ്പോള്‍, പ്രത്യേകിച്ച് ഈ പ്രതിഭാസത്തില്‍ ദലിത്-ബഹുജനങ്ങളുടെ പങ്കിനെ കുറിച്ച് ചിന്തിക്കുമ്പോള്‍, ആദ്യം തന്നെ ഈ വിഷയത്തിന് പുറത്തുനില്‍ക്കുന്ന ചില കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് പ്രധാനമാണ്. 30 തൊട്ട് 40 ശതമാനം വരെയുള്ള വോട്ടിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ഭരണത്തില്‍ പിടിച്ചുനില്‍ക്കുന്നത്. ഇതില്‍ അവരെ തുണയ്ക്കുന്നത് ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്ന 'first past the post' തെരഞ്ഞെടുപ്പ് വ്യവസ്ഥയാണ്. മാത്രമല്ല. ഈ കഴിഞ്ഞ മാര്‍ച്ച് 29 ന് The Economist എന്ന മാസികയില്‍ വന്ന 'Why India's elites back Narendra Modi' എന്ന ലേഖനത്തില്‍ പറയുന്നതുപോലെ, ഇന്ത്യയില്‍ കീഴാളരെക്കാളും മോദിയെ തുണയ്ക്കുന്നത് പഠിപ്പും ഡിഗ്രിയും ഒക്കെയുള്ളവരാണ്. അതായത്, മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഇവിടെ ബിജെപി യുടെയും മോദിയുടെയും വലതുപക്ഷ രാഷ്ട്രീയത്തെ പിന്തുണയ്ക്കുന്നത് വരേണ്യ സമുദായങ്ങളാണ്.
അതുപോലെതന്നെ, തിരഞ്ഞെടുക്കപ്പെട്ട ഗവണ്മെന്റുകളെ പണം കൊടുത്ത് അട്ടിമറിച്ചും, കോടതികളെയും മറ്റു സ്ഥാപനങ്ങളെയും വിലയ്ക്ക് വാങ്ങിയും, EVM ഉപയോഗിച്ചും, ഈ അടുത്ത് പുറത്തായ ഇലക്ടറല്‍ ബോണ്ടുകളുടെ കണക്കുകള്‍ വ്യക്തമാക്കുന്നതുപോലെ, സവര്‍ണരുടെ കുത്തകയായ കോര്‍പറേറ്റുകളുടെ സഹായത്തോടെയും, ഒരുതരം മാടമ്പിത്തരം കൊണ്ടുമൊക്കെയാണ് ബിജെപിയും മോദിയും അധികാരം നിലനിര്‍ത്തുന്നത്. ഇതില്‍ ഇവരെ ഏറ്റവുമധികം സഹായിക്കുന്നത് എത്രയോ ദശകങ്ങള്‍ ഭരിച്ചിട്ടും, ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനകള്‍ പോലും സ്ഥാപിക്കാന്‍ കഴിയാതെ, ഈ രാജ്യത്തെ എല്ലാ തരത്തിലും സവര്‍ണരുടെ കുത്തകയാക്കി മാറ്റിയ കോണ്‍ഗ്രസിന്റെ സവര്‍ണ രാഷ്ട്രീയം ഉണ്ടാക്കിയെടുത്ത ഇവിടുത്തെ സാമൂഹികവ്യവസ്ഥയുടെ അടിസ്ഥാനപരമായ പ്രശ്‌നങ്ങള്‍ തന്നെയാണ്.
REPRESENTATIVE IMAGE | WIKI COMMONS
അതുകൊണ്ട്, ബിജെപിയുടെ വളര്‍ച്ചയെ കീഴ്ജാതികളുടെ മേലെ മാത്രം കെട്ടിവയ്ക്കാന്‍ കഴിയില്ല. അധികാരത്തിലാരാണോ ഇരിക്കുന്നത് അവരോട് നിരന്തരം negotiate ചെയ്തുകൊണ്ടാണ് കീഴാളര്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാഗം ആകുന്നത്. അങ്ങനെ നോക്കുമ്പോള്‍, ബിജെപി യിലേക്കുള്ള അവരുടെ കൂറുമാറ്റം പലപ്പോഴും വെറും പ്രാഗ്മാറ്റിക്കായ (pragmatic) ഒരു നീക്കം മാത്രമായിരിക്കാം. എന്നാല്‍, ഇങ്ങനെയൊക്കെയാണെങ്കിലും കീഴ്ജാതികള്‍ക്ക് ബിജെപി യും മോദിയും ഇന്ന് ഒരു പുതിയ സാധ്യതയായി നിലനില്‍ക്കുന്നു എന്നത് ശരി തന്നെയാണ്. ഇതിലൂടെ അവര്‍ സവര്‍ണ പദ്ധതികളിലേക്ക് സ്വാംശീകരിക്കപ്പെടുന്നു എന്നതും.
എന്നിരുന്നാലും, വൈരുധ്യങ്ങള്‍ നിറഞ്ഞ ഒരു ബന്ധമാണ് മോദിയും ദലിത്-ബഹുജനങ്ങളും തമ്മിലുള്ളത്. കാരണം, സ്വാതന്ത്രലബ്ധിക്കുമുന്നേ ഉരുത്തിരിഞ്ഞുവന്ന ജാതി ഹിന്ദു ഘടനയ്ക്ക് എതിരെയും, ഇന്ത്യന്‍ ആധുനികതയിലൊരു പങ്കിന് വേണ്ടിയുമുള്ള തങ്ങളുടെ തന്നെ രാഷ്ട്രീയം വെടിഞ്ഞുകൊണ്ടാണ് ദളിത്-ബഹുജന പക്ഷങ്ങള്‍ പലപ്പോഴും ഹിന്ദുത്വ രാഷ്ട്രീയത്തോട് സഖ്യം ചേരുന്നത്. ഇത് കൂടുതല്‍ പ്രത്യക്ഷമായി മുന്നോട്ടുവരുന്നത് 90 കള്‍ക്ക് ശേഷമാണ്. ഈ സമയത്താണ് ബിജെപി യുടെ ഇന്നത്തെ വളര്‍ച്ച തുടങ്ങുന്നത്. അപ്പോള്‍, മണ്ഡല്‍ കമ്മീഷനെ ഏറ്റവും അധികം എതിര്‍ത്തത് ബിജെപി യാണ്. എന്നിട്ടും, മണ്ഡല്‍ കമ്മീഷനെതിരെ തന്നെ ആര്‍എസ്എസും ബിജെപി യും ഉയര്‍ത്തിക്കൊണ്ടുവന്ന ബാബ്റി മസ്ജിദ് പ്രശ്‌നത്തില്‍, ദളിത്-ബഹുജന പക്ഷങ്ങള്‍ പങ്കുചേരുകയാണ് ചെയ്തത്. ഇന്ന് മുന്നോട്ടുവരുന്ന വായനകള്‍ ഒന്നുംതന്നെ ഈ വൈരുധ്യത്തെ വേണ്ടരീതിയില്‍ വിശകലനം ചെയ്തു കാണുന്നില്ല.
വാസ്തവത്തില്‍, ഈ വൈരുധ്യത്തിന് രണ്ട് തലങ്ങളുണ്ട് എന്നതാണ് സത്യം. ഒന്ന്, ഇന്ത്യന്‍ ആധുനികതയുടെ സമ്മര്‍ദത്തിലൂടെ, പുറമെ നിന്ന് കീഴാളരുടെ മേലെ വന്നുചേര്‍ന്ന ചരിത്രപരമായ ചില ഘടനകളുടെ സ്വാധീനം. രണ്ട്, ഇതേ ആധുനികതയുടെ ഭാഗമായി തന്നെ കീഴാളരുടെ സ്വത്വബോധത്തിലുണ്ടായി തീര്‍ന്ന ചില ആന്തരികമായ മാറ്റങ്ങള്‍. ദലിത്-ബഹുജനങ്ങളും മോദിയും തമ്മിലുള്ള ബന്ധത്തെ മനസ്സിലാക്കാന്‍ ഈ രണ്ട് ഘടകങ്ങളെ കുറിച്ചും ചിന്തിക്കുന്നത് പ്രധാനമാണ്.
REPRESENTATIVE IMAGE | WIKI COMMONS
ചരിത്രപരമായ ഘടനകളെ കുറിച്ച് പറയുകയാണെങ്കില്‍, രസകരമെന്നു പറയട്ടെ, മോദിയുടെ നേര്‍ വിപരീതമെന്ന് പലരും കരുതുന്ന ഗാന്ധിയുടെ രാഷ്ട്രീയ സ്വരൂപത്തെ ദളിത്-ബഹുജന പക്ഷത്തുനിന്ന് പുനഃപരിശോധിക്കുന്നത് പ്രധാനമായിരിക്കും. ഇതാണ് മോദിയിലിന്ന് പുനരാവര്‍ത്തിക്കുന്ന രീതികളും. സംവരണ വിരുദ്ധവും, അടിസ്ഥാനപരമായി ബ്രാഹ്‌മണ വാദവുമായ മോദിയുടെ രാഷ്ട്രീയത്തില്‍ നിന്ന് പല ദലിത്-ബഹുജന രാഷ്ട്രീയ ഗ്രൂപ്പുകളും ഇന്ന് അകലം പാലിക്കുന്നതുപോലെ തന്നെ, അന്നും ഗാന്ധിയന്‍ ദേശീയതയോട് ചേര്‍ന്ന് നിന്നുകൊണ്ടുള്ള ഒരു രാഷ്ട്രീയമായിരുന്നില്ല കീഴാളരുടേത്. ഗാന്ധിയെയും, കോണ്‍ഗ്രസ് ദേശീയതയെയും കീഴാളപക്ഷങ്ങള്‍ വളരെ ശക്തമായി എതിര്‍ത്തിരുന്നു. നിരവധി ഇടങ്ങളില്‍ കീഴ്ജാതി മുന്നേറ്റങ്ങള്‍ കോണ്‍ഗ്രസ് വിരുദ്ധ പരിപാടികള്‍ മുന്നോട്ടുവച്ചിരുന്നു.
എന്നാല്‍, ഇത്തരം എതിര്‍പ്പുകളെല്ലാം തരണം ചെയ്തുകൊണ്ട് ഇന്ന് മോദിയുടേതുപോലെ തന്നെ, ഗാന്ധിയുടെ 'മഹാത്മാവ്' എന്ന ഇമേജ് വളരെ ശക്തമായി വളര്‍ന്നു. ഇതിനെ കുറിച്ചുള്ള വിശകലനങ്ങള്‍ ഇതിനെ എപ്പോഴും ഗാന്ധിയുടെ തന്നെ വ്യക്തിവൈശിഷ്ട്യത്തിന്റെ പ്രത്യേകതയായാണ് കാണുന്നത്. അദ്ദേഹത്തിന്റെ 'charisma', സംഘാടകന്‍ എന്ന നിലയിലുള്ള കഴിവ് എന്നിവയെല്ലാം നിരന്തരം പ്രശംസിക്കപ്പെടുന്നു. എന്നാല്‍ ഗാന്ധി മാഹാത്മ്യത്തെ പെരിയാര്‍, അംബേദ്കര്‍ എന്നിങ്ങനെയുള്ള ദലിത്-ബഹുജന നേതാക്കന്മാരെന്നും ചോദ്യം ചെയ്തിരുന്നു. ഗാന്ധിയും കോണ്‍ഗ്രസ്സും ഇത്രയും വലിയൊരു ദേശീയ ശബ്ദമായി ഉയര്‍ന്നുവന്നത് ഇവര്‍ക്ക് ഇന്ത്യന്‍ പ്രസ്സിന് മേലുള്ള സ്വാധീനം കൊണ്ടാണെന്ന് അംബേദ്കര്‍ പലപ്പോഴും വാദിച്ചിരുന്നു. 'What Gandhi and Congress Did to the Untouchables' എന്ന തന്റെ നീണ്ട ലേഖനത്തിന്റെ ഭാഗമായ 'A Plea to the foreigner'ല്‍ അംബേദ്കര്‍ പറയുന്നത് ഇങ്ങനെയാണ്.
'ഇന്ത്യയിലെ പ്രധാന വാര്‍ത്താ വിതരണ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്സിലെ ജീവനക്കാര്‍ പൂര്‍ണ്ണമായും മദ്രാസ് ബ്രാഹ്‌മണരാണ്. തീര്‍ച്ചയായും ഇന്ത്യയിലെ മുഴുവന്‍ പ്രസ്സുകളും ഇവരുടെ കൈകളിലാണ്, അറിയപ്പെടുന്ന കാരണങ്ങളാല്‍ അവര്‍ പൂര്‍ണ്ണമായും കോണ്‍ഗ്രസിന് അനുകൂലമായാണ് പ്രവര്‍ത്തിക്കുന്നത്, കോണ്‍ഗ്രസിന് എതിരെയുള്ള ഒരു വാര്‍ത്തയും പരസ്യമാക്കാന്‍ ഇവര്‍ അനുവദിക്കില്ല.'
ഡോ.ബി ആർ അംബേദ്കർ | PHOTO: FACEBOOK
ഇന്ന് മോദിയുടെ വളര്‍ച്ചയില്‍ ഇന്ത്യന്‍ പ്രസ്സിന്റെ പങ്കിനെ കാണാത്ത വിശകലനങ്ങള്‍ കുറവായിരിക്കും. ഇരുപത്തിനാല് മണിക്കൂറും മോദിയുടെ മുഖം പ്രദര്‍ശിപ്പിക്കുന്ന ഒരു മാധ്യമ സംസ്‌കാരം കൂടിയാണ് മോദിയുടെ വളര്‍ച്ചയെ തുണയ്ക്കുന്നതെന്നെല്ലാവര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ്. എന്നാല്‍ ഈ പ്രക്രിയയുടെ വേരുകള്‍, കോണ്‍ഗ്രസ്സ്-ഗാന്ധിയന്‍ രാഷ്ട്രീയത്തിലാണ് കിടക്കുന്നത്. കീഴാളര്‍ക്ക് ഒരു പ്രസ്സ് സംസ്‌കാരം ഉണ്ടാക്കിയെടുക്കാന്‍ എന്നും ബുദ്ധിമുട്ടാണെന്നുള്ള ഒരു ആധുനിക സന്ദര്‍ഭത്തില്‍, സവര്‍ണരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ ദേശീയതയുടെ ഭാഗമായി ഉയര്‍ത്തിക്കൊണ്ട് വരുന്ന ഒരു പ്രവര്‍ത്തിയാണ് ഇന്ത്യന്‍ വരേണ്യ മാധ്യമങ്ങള്‍ അന്നും ഇന്നും ചെയ്തിട്ടുള്ളത്. വിപുലമായ ഈ പ്രൊപ്പഗാണ്ടയുടെ (propaganda) ഭാഗമായി കൂടിയാണ് അന്ന് ഗാന്ധിയെയും, ഇന്ന് മോദിയെയും കീഴാളര്‍ തുണയ്ക്കുന്നത്.
എന്നാല്‍, മേല്‍ജാതി ഭാഗത്തു അധികാരം നില നിര്‍ത്താന്‍ പാകത്തിലുള്ള നേതാക്കന്മാരെ തുണയ്ക്കുന്ന ഈ പ്രൊപ്പഗാണ്ട വിജയിക്കുന്നത് ബഹുഗുണവും, പലപ്പോഴും വൈരുദ്ധ്യാത്മകവുമായ ഒരു സങ്കീര്‍ണമായ പ്രതിനിധാനരീതി ഉപയോഗിച്ചുകൊണ്ട് ഇവര്‍ ബഹുജനങ്ങളെ നേരിട്ട് അതിസംബോധന ചെയ്യുന്നതുകൊണ്ടാണ്. കുപ്പായം ഇടാത്ത മെലിഞ്ഞ ശരീരം പ്രദര്‍ശിപ്പിച്ചുകൊണ്ടും, നിരന്തരം തൊട്ടുകൂടയ്മയെ കുറിച്ചും, മുസ്ലിം സമുദായത്തിനോടുള്ള സൗഹൃദത്തെ കുറിച്ച് പറഞ്ഞുകൊണ്ടുമാണ് ഗാന്ധി രാമരാജ്യത്തെ കുറിച്ചും, ഗോരക്ഷയെ കുറിച്ചും പറഞ്ഞത്.
ഇത്തരം ബാഹ്യമായ പ്രതിനിധാന-രാഷ്ട്രീയ ഘടകങ്ങള്‍ ദളിത്-ബഹുജന പക്ഷങ്ങളെ ആന്തരികമായും മാറ്റിയെടുക്കുന്നുണ്ട്. പ്രത്യേകിച്ച് ഗാന്ധി തുടങ്ങി ഇന്ന് മോദി വിപുലപ്പെടുത്തിയ ഹിന്ദു മത വ്യവഹാരങ്ങള്‍ ബഹുജനങ്ങളെ ഹിന്ദുവായി സ്ഥാനപ്പെടുത്തുകയും, നിലനിര്‍ത്തുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടുതന്നെ ഗാന്ധിയായാലും, മോദിയായാലും ദലിത്-ബഹുജനങ്ങള്‍ക്ക്, തങ്ങളുടെ രാഷ്ട്രീയാധികാരങ്ങള്‍ക്ക് എതിരെ (മോദിയുടെ കാര്യത്തില്‍, ബിജെപി യുടെ മുസ്ലിം വിദ്വേഷത്തെ ഒട്ടുംതന്നെ കാണാതെ) ഇവരോട് കൂറും അടുപ്പവും കാണിക്കാന്‍ കഴിയുന്നത്, ഇതെല്ലാം മതപരമായ ഒന്നായി മാറിക്കഴിഞ്ഞ ഒരു അവസ്ഥയുണ്ടായി വന്നതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഗാന്ധിയന്‍ രാഷ്ട്രീയം സൃഷ്ടിക്കുകയും, മോദിയും കൂട്ടരും മുന്നോട്ട് കൊണ്ടുപോകുകയും ചെയ്യുന്ന ഹിന്ദുമത സ്വത്വം ദലിത്-ബഹുജനങ്ങള്‍ക്ക് ഇന്ന് അത്യന്താപേക്ഷിതമായി മാറിക്കഴിഞ്ഞു എന്ന് മനസ്സിലാക്കുന്നത് പ്രധാനമാണ്. ഇത് തന്നെയാണ് അവരെ ബിജെപി രാഷ്ട്രീയത്തോട് അടുപ്പിക്കുന്നതും.
നരേന്ദ്ര മോദി | PHOTO: FACEBOOK
വാസ്തവത്തില്‍ ഇന്ന്, മോദിയും ബിജെപി'യും ഹിന്ദു മതപരതയെ രാഷ്ട്രമായും, രാഷ്ട്രീയമായും വളര്‍ത്തിയെടുക്കുന്നതിനെ കുറിച്ച് എല്ലാവരും പറയാറുണ്ട്. ബാബ്‌റി മസ്ജിദ് പൊളിക്കുന്നതും, രാം മന്ദിരം പണിയുന്നതുമെല്ലാം ഇതിന്റെ ഭാഗമായി കാണപ്പെടുന്നു. എന്നാല്‍ ഇങ്ങനെ സവര്‍ണ ഹിന്ദു ചിഹ്നങ്ങളെ, പ്രത്യേകിച്ചും ഗോ രക്ഷയെയും, ശ്രീരാമനെയുമെല്ലാം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഒഴിച്ച് കൂടാനാവാത്ത ഭാഗമാക്കിയത് കോണ്‍ഗ്രസ്സും ഗാന്ധിയുമാണ്. വാസ്തവത്തില്‍, ഹിന്ദു മഹാസഭയുടെ നിരന്തരമായ നിരീക്ഷണവും നേതൃത്വവും എന്നും കോണ്‍ഗ്രസ് വ്യവഹാരങ്ങളെ ശക്തമായി സ്വാധീനിച്ചിരുന്നു.
അതുപോലെ കാസ്റ്റ് സെന്‍സസ് (caste census) പോലെയുള്ള കൊളോണിയല്‍ ഇടപെടലുകളുടെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ കീഴാളരെക്കൂടി ഉള്‍പ്പെടുത്തുന്ന, ബ്രാഹ്‌മണവാദത്തില്‍ നിന്ന് വ്യത്യസ്തമായ ഹിന്ദു എന്ന വ്യവഹാരത്തെ ഏറ്റവും ശക്തിയായി മുന്നോട്ടുവച്ചത് ഗാന്ധിയാണ്. പെരി ആന്‍ഡേഴ്‌സണ്‍ (Perry Anderson) ഇന്ത്യന്‍ ഐഡിയോളജി (The Indian Ideology) എന്ന തന്റെ പുസ്തകത്തില്‍ പറയുന്നത് പോലെ, ഗാന്ധിയന്‍ രാഷ്ട്രീയമാണ് കൊളോണിയല്‍ ഭരണത്തിന്റെ ഭാഗമായി ഉയര്‍ന്നുവന്ന 'മതം' എന്ന ആധുനിക സൂചകത്തെ ദേശീയതയോട് ചേര്‍ത്തുനിര്‍ത്തി, ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെ ഹിന്ദുവായി സങ്കല്‍പ്പിച്ചത്. Ramsay Mcdonald ന് എഴുതിയത് പോലെ, ഗാന്ധി seperate electorates നെ എതിര്‍ത്തത് പോലും 'ഹിന്ദുയിസം തകരുന്നത്'' തടയാനാണ്.
''Indian Secularism: A Social and Intellectual History (1890-1950)' എന്ന പുസ്തകത്തില്‍ Shabnam Tejani പറയുന്നതുപോലെ, നിരന്തരം ഹിന്ദു എന്ന ദേശീയ വ്യവഹാരങ്ങളിലൂടെ മുസ്ലിം വിഭാഗത്തെ alienate ചെയ്യുകയും, അവരെ രാഷ്ട്ര സങ്കല്പത്തിന് പുറത്തേക്ക് തള്ളുകയും ചെയ്യുന്ന ഒരു രീതിയാണ് ഗാന്ധിയന്‍ രാഷ്ട്രീയം പിന്തുടര്‍ന്നത്. ഈ പുസ്തകത്തില്‍ തന്നെ വ്യക്തമാക്കുന്നതുപോലെ, ഗാന്ധി രാഷ്ട്രീയത്തിലിടപെടാന്‍ തുടങ്ങിയത് മുതലാണ് ഇന്ത്യ മുഴുവനും പല തരത്തിലുള്ള ഹിന്ദു-മുസ്ലിം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെടുന്നത്. ബാല്‍ ഗംഗാധര്‍ തിലകിനെ പോലെയുള്ള പ്രധാനപ്പെട്ട കോണ്‍ഗ്രസ്സ് നേതാക്കന്മാരുടെ ഇടപെടലുകളും ഇതിനു കാരണമായി തീര്‍ന്നിട്ടുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
ഇതെല്ലാം തന്നെയാണ് ഇന്നും തുടരുന്നത്. ഗാന്ധിയുടെ സമയത്തെന്ന പോലെ, സവര്‍ണ മാധ്യമങ്ങള്‍ കഷ്ടപ്പെട്ട് പണിയെടുത്ത് ഇരുപത്തിനാല് മണിക്കൂറും മോദിയുടെ മുഖം നമ്മുടെ മുന്നില്‍ വെയ്ക്കുന്നതുകൊണ്ട് തന്നെയാണ് മോദിക്ക് ഇന്നുള്ള ജനപ്രിയത നേടാന്‍ കഴിയുന്നത്. എന്നാല്‍, തന്നെ തന്റെ ഒബിസി ചായ്ത-വാല ഇമേജ് ഉപയോഗിച്ചുകൊണ്ടാണ് മോദി കീഴാളര്‍ക്ക് സ്വീകാര്യനാകുന്നത്. എന്നിരുന്നാലും, അവരുടെതന്നെ രാഷ്ട്രീയ അധികാരത്തിന്റെ സംവരണ വ്യവഹാരത്തിന് എതിരെ നില്‍ക്കുന്ന ഒരു പാര്‍ട്ടിയെയും അവരുടെ നേതാവിനെയും ദലിത്-ബഹുജന പക്ഷങ്ങള്‍ സ്വീകരിക്കാന്‍ തയ്യാറാകുന്നതിന്റെ ഏറ്റവും വലിയ കാരണം ഗാന്ധിയന്‍ ദേശീയതയുടെ അനന്തരഫലമായി ദലിത്-ബഹുജന പക്ഷങ്ങള്‍ ഹിന്ദു മതത്തിന് കീഴെ വന്നുനില്‍ക്കാന്‍ ഇടായായതുകൊണ്ടാണ്. ഇതിന് അന്നും ഇന്നും ആവശ്യമായത് മുസ്ലിം പക്ഷത്തിനെതിരെ അന്നും ഇന്നും നടന്നിട്ടുള്ള ഹിംസാത്മകതയാണ്. ആ തന്ത്രം തന്നെയാണ് കൂടുതല്‍ ആര്‍ജ്ജവത്തോടെ മോദിയും കൂട്ടരും ഉപയോഗിക്കുന്നത്. കാരണം, കോണ്‍ഗ്രസ് ആദ്യമായി തിരിച്ചറിഞ്ഞത് പോലെയും, അംബേദ്കര്‍ Annihilation of Caste'ല്‍ പറയുന്നതുപോലെയും, ഹിന്ദു എന്നതുതന്നെ കലാപ കാലങ്ങളില്‍ മുസ്ലിമിനെതിരെ ഉണ്ടായിവരുന്ന ഒരു സ്വത്വമാണല്ലോ.
ഇങ്ങനെ നോക്കുകയാണെങ്കില്‍, ഇതിനെയെല്ലാം ഇന്ത്യന്‍ ദേശരാഷ്ട്രത്തിനുള്ളില്‍ സവര്‍ണര്‍ക്ക് അധീശത നേടിയെടുക്കാന്‍ വേണ്ടി കോണ്‍ഗ്രസ്സും വളര്‍ത്തിയ ആധുനിക രീതികളായിത്തന്നെ കാണേണ്ടിവരും. അതായത് അന്നും രാഷ്ട്രീയപരമായി ഉണര്‍ന്ന കീഴാളര്‍ മോദിയെ പോലെതന്നെ ഗാന്ധിയെയും തനി വില്ലനും ക്രൂരനുമായി കണ്ടിരുന്നുവെന്നും, ഇത് മോദിയുടെ മാത്രം പ്രശ്നമല്ലെന്നും തിരിച്ചറിയേണ്ടി വരും. ഇത് തന്നെയാണ് ദലിത്-ബഹുജന പക്ഷങ്ങളുടെ ചരിത്രപരമായ കാഴ്ചപാട്.
ഈ കാഴ്ചപ്പാടിലൂടെ നോക്കുകയാണെങ്കില്‍ ഗാന്ധിയും കോണ്‍ഗ്രസ്സും സവര്‍ണ ഹിന്ദുവായി വിഭാവന ചെയ്ത ഇന്ത്യന്‍ ആധുനികതയുടെ രാഷ്ട്രീയ-സാംസ്‌കാരിക ഘടനയെയാണ് കൂടുതല്‍ ശക്തമായി ബിജെപി മുന്നോട്ട് കൊണ്ടുപോകുന്നത്. ഇപ്പോഴുള്ള ഏറ്റവും വലിയ വ്യത്യാസം, അംബേദ്കര്‍ തന്റെ പ്രശസ്തമായ ബിബിസി ഇന്റര്‍വ്യൂവില്‍ പറയുന്നതുപോലെ, ഒരുതരം ഇരട്ടത്താപ്പിലൂടെ (അതായത് ആധുനിക ലിബറല്‍ സെക്കുലര്‍ ഭാഷ കടമെടുത്തുകൊണ്ട്) ഗാന്ധി മറച്ചുവച്ച സവര്‍ണ ഹിന്ദു താല്പര്യങ്ങള്‍ ഇപ്പോള്‍ മോദി- ബിജെപി രാഷ്ട്രീയത്തിലൂടെ യാതൊരു മറയും ഇല്ലാതെ പുറത്തുവരുന്നു എന്നതാണ്. ആധുനിക ഘടനകള്‍ എല്ലാം പരാജയപ്പെടുമ്പോള്‍ത്തന്നെ, ആധുനികതയോട് കൂടുതല്‍ കൂടുതല്‍ ആവശ്യപ്പെടുന്ന (മണ്ഡല്‍ കമ്മീഷന്‍ സമരങ്ങളില്‍ എന്ന പോലെ), സ്വയം ഒരു കര്‍തൃത്വ സ്ഥാനം സ്വപ്നംകാണാന്‍ തുടങ്ങുന്ന കീഴാളരെ ലോകം മുഴുവനും ഇന്ന് വലതുപക്ഷ രാഷ്ട്രീയത്തിന്റെ ആകര്‍ഷണവും, ധാര്‍ഷ്ട്യവും ഉപയോഗിച്ചാണ് നിലയ്ക്കുനിര്‍ത്തുന്നത്. എന്നാല്‍ ഇതിനുവേണ്ടി അവര്‍ കടം വാങ്ങുന്നത് അവരുടെ തന്നെ ആധുനികത മെനഞ്ഞെടുത്ത ലിബറല്‍ സെക്കുലര്‍ തത്വങ്ങളുടെ പ്രത്യശാസ്ത്രങ്ങളാണ്. ഇത് തന്നെയാണ് ഇവിടെയും സംഭവിക്കുന്നത്. (ഇതിന് വേണ്ടി അന്നത്തെ മുതലാളിത്ത വിഭാഗങ്ങള്‍ എന്നതുപോലെ, ഇന്നത്തെ കോര്‍പ്പറേറ്റ് താല്പര്യങ്ങള്‍ പണമിറക്കുന്നുണ്ട് എന്നതും ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യമാണ്.) ഇതിലൂടെ ആധുനിക രാജ്യങ്ങളെ തന്നെ ഉണ്ടാക്കിയെടുത്ത പൊള്ളയായ ലിബറല്‍ വാദങ്ങള്‍ ഇന്ന് പൊളിഞ്ഞില്ലാതാകുകയാണ് ചെയ്യുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
എന്നാല്‍, ആധുനികതയുടെ ഘടനകള്‍ക്കുള്ളില്‍ കുടുങ്ങി അതിന്റെ തന്നെ അധികാരം നിലനിര്‍ത്തുന്ന തരത്തിലുള്ള വായനകള്‍ ഉണ്ടാക്കിയെടുക്കുന്ന ഇന്നത്തെ സമകാലീന ജ്ഞാനമണ്ഡലങ്ങള്‍, ഇതെല്ലാം കാണുന്നതില്‍ നിന്ന് നമ്മളെ തടയുന്നുണ്ട്. വേറെ വിധത്തില്‍ പറഞ്ഞാല്‍, ചരിത്രപരമായി കാര്യങ്ങളെ സമീപിക്കുന്നതില്‍ നിന്ന് നമ്മളെ തടഞ്ഞുനിര്‍ത്തുന്നത്, ഇന്ത്യന്‍ ദേശീയതയുടെ തന്നെ ഭാഗമായി ഇവിടെ ഉണ്ടായി വന്നിട്ടുള്ള ലിബറല്‍ സെക്കുലര്‍ രാഷ്ട്രീയ വ്യവഹാരങ്ങള്‍ തന്നെയാണ്. ഇതിനുള്ളില്‍, മോദിയെ ഒരു പുതിയ തരം ഹീനജീവിയായി കണ്ടുകൊണ്ട്, മുസ്ലിം ഭാഗത്തുനിന്ന് 'ഹിന്ദു ഫാസിസം,' 'ഇസ്ലാമോഫോബിയ 'എന്നിങ്ങനെ ഇന്ത്യന്‍ ജാതി ചരിത്രവുമായി യാതൊരു ബന്ധവുമില്ലാത്ത വിശകലനങ്ങള്‍ ഉയരുന്നു.
അതേസമയം, ബഹുജന പക്ഷങ്ങള്‍ തങ്ങള്‍ ഹിന്ദുക്കളല്ല എന്ന് പറഞ്ഞുകൊണ്ട്, നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം സെക്കുലര്‍ രാഷ്ട്രീയത്തിനുള്ളില്‍ മാത്രം ഉത്തരം തേടുന്നു. അതുകൊണ്ടുതന്നെ ഇന്ന് നടക്കുന്ന പ്രശ്‌നങ്ങള്‍ ചരിത്രപരമാണെന്ന് മനസ്സിലാക്കാന്‍ ഏറ്റവും ഗുണം ചെയ്യുന്നത് ദളിത്-ബഹുജന ചിന്തകളാണെങ്കിലും, കോണ്‍ഗ്രസ്സും, ബിജെപിയും എല്ലാംതന്നെ ബ്രാഹ്‌മണിക മുന്നേറ്റങ്ങളാണ് എന്ന് അവര്‍ നമ്മളെ നിരന്തരം മനസ്സിലാക്കി തരുന്നുണ്ടെങ്കിലും, ഈ വിശകലനങ്ങളെല്ലാം തന്നെ സമകാലീനതയെ ചോദ്യം ചെയ്യാന്‍ മാത്രം ഉപയോഗിക്കപ്പെടുമ്പോള്‍, പലപ്പോഴും നിലനില്‍ക്കുന്ന വ്യവസ്ഥയ്ക്കുള്ളില്‍ തന്നെ ഒരു pressure group ആയി ദളിത്-ബഹുജന രാഷ്ട്രീയത്തിന്റെ വന്‍ സാധ്യതകള്‍ ചുരുങ്ങുന്നു.
തങ്ങള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങളെ കുറിച്ചും, ഹിംസയെ കുറിച്ചും നിരന്തരം ശബ്ദമുയര്‍ത്താന്‍ കഴിയുന്നെങ്കിലും, ഇന്ത്യന്‍ ആധുനികതയെ കൂടുതല്‍ നിശിതമായി വിശകലം ചെയ്യാനോ, അതുകൊണ്ട് തന്നെ അതിനെതിരെ പ്രവര്‍ത്തിക്കാനോ ദളിത്-ബഹുജന വിഭാഗങ്ങള്‍ക്ക് കഴിയുന്നില്ല. വേറെ വിധത്തില്‍ പറഞ്ഞാല്‍ നമ്മുടെ സമരങ്ങള്‍ പലപ്പോഴും സമകാലീനതയോട് നിര്‍ത്താതെ ഇടപെടുന്ന രാഷ്ട്രീയങ്ങളായി/വായനകളായി മാറുമ്പോള്‍, ഈ രാഷ്ട്രീയത്തിലൂടെ തന്നെ നമ്മള്‍ അധികാരഘടനകളുടെ ഭാഗമാവുകയും, ജ്ഞാനപരമായി നമുക്ക് ഉണ്ടാക്കാന്‍ കഴിയുന്ന പുതിയ രാഷ്ട്രീയങ്ങള്‍/ വായനകള്‍ പിന്‍വാങ്ങുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ മോദിയും ദലിത്-ബഹുജനങ്ങളും എന്ന ചോദ്യം തന്നെ ദലിത്-ബഹുജനങ്ങളും ഇന്ത്യന്‍ ആധുനികതയും എന്നാക്കി മാറ്റുന്ന അവസരത്തിലാണ് നമുക്ക് ഒരു പുതിയ രാഷ്ട്രീയം സാധ്യമാവുക എന്നത് മനസ്സിലാക്കുന്നത് പ്രധാനമാണ്.