TMJ
searchnav-menu
post-thumbnail

Subaltern & Modi Phenomena

കീഴാള ഹിന്ദുത്വം എന്ന ഓക്സിമോറോണ്‍

02 May 2024   |   3 min Read
ഡോ. മാളവിക ബിന്നി

കീഴാള ഹിന്ദുത്വം എന്ന ഒരു ഹിന്ദുത്വമില്ല. ആ പദം തന്നെ വിരോധോക്തിയാണ് (oxymoron). നിര്‍വ്വചനാത്മകമായിത്തന്നെ കീഴാളത്വത്തിന് (sabalternity) ഹിന്ദുത്വവുമായോ മറിച്ചോ അനുരഞ്ജനം ചെയ്യാന്‍ സാധിക്കുകയില്ല. കീഴാളത്വത്തിന്റെ ആശയപരിസരങ്ങള്‍, മൂലതത്വങ്ങള്‍, ധാര്‍മ്മികത, ബിംബങ്ങള്‍, പ്രയോഗങ്ങള്‍ ഇവയെല്ലാം തന്നെ ഹിന്ദുത്വയ്ക്ക് തികച്ചും വിപരീതമാണ്. ദളിത്-ബഹുജന്‍ ജനങ്ങളുടെ ഇടയിലുള്ള 'മോദിയുടെ ജനപ്രീതി' പലപ്പോഴും കീഴാള ഹിന്ദുത്വം എന്ന രീതിയില്‍ വ്യാഖ്യാനിക്കപ്പെടാറുണ്ട്. ഈ വാദം രണ്ടുരീതിയില്‍ തെറ്റാണ്. ഒന്ന്, സ്ഥിതിവിവരക്കണക്കുകളനുസരിച്ച് കഴിഞ്ഞ ദശകത്തില്‍ ബി.ജെ.പി. യുടെ വരേണ്യ ജാതി വോട്ടുവിഹിതമാണ് കുതിച്ചുയര്‍ന്നത്. 2021-ല്‍ നടന്ന ലോക് നീതി സി.എസ്.ഡി.എസ്. സര്‍വ്വേ പ്രകാരം 2018-ല്‍ 39 ശതമാനമായിരുന്ന ബ്രാഹ്‌മണ വോട്ട് വിഹിതം 2023 ആയപ്പോഴേക്കും 71 ശതമാനത്തിലേക്കാണ് കുതിച്ചുയര്‍ന്നത്. ബി.ജെ.പി. യുടെ 'ബിമാര്‍' (ബീഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍) സംസ്ഥാനങ്ങളില്‍ ബി.ജെ.പി. അനുഭാവികളില്‍ മൂന്നിലൊന്ന് വരേണ്യ ജാതിയില്‍പ്പെട്ടവരാണ് എന്നാണ് ഇതേ സര്‍വ്വേ തെളിയിച്ചിരിക്കുന്നത്. ഇതേസമയം ദളിത്-ആദിവാസി വിഭാഗങ്ങളില്‍ പത്തില്‍ മൂന്നുപേരെ ബി.ജെ.പി. അനുഭാവികളായുള്ളൂ. ബി.ജെ.പി. യുടെ ഏറ്റവും വിശ്വസ്തരായ വോട്ടര്‍മാര്‍ പ്രധാനമായും ബ്രാഹ്‌മണ-ബനിയ വോട്ടര്‍മാരാണ്. ജനസംഖ്യാനുപാതികമായി വരേണ്യ ജാതി സമൂഹങ്ങളുടെ വോട്ടിങ് രീതികള്‍ താരതമ്യം ചെയ്താല്‍ ഇവരുടെ വോട്ടുകളുടെ ഏറ്റവും വലിയ പങ്ക് ബി.ജെ.പി. ക്ക് ആണ് ലഭിക്കാറുള്ളത്. രണ്ട്, ഒ.ബി.സി. ഒരു ഏകീകൃത വിഭാഗമല്ല. ജാതിശ്രേണിയില്‍ താഴെത്തട്ടിലുള്ള ഒ.ബി.സി. കളും താരതമ്യേന ഉയര്‍ന്നതട്ടിലുള്ള ഒ.ബി.സി. വിഭാഗങ്ങളും തമ്മില്‍ വലിയ സാമൂഹിക അകലവും സാമ്പത്തിക അസമത്വവുമുണ്ട്. നഗരങ്ങളിലെ സാമ്പത്തികമായി ഇടത്തരം ഒ.ബി.സി. കളുടെ വോട്ടിംഗ് രീതികളും ഗ്രാമീണ മേഖലയിലെ ഒ.ബി.സി. കളില്‍നിന്ന് വ്യത്യസ്തമാണ്. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലെയും വിഭിന്ന ഒ.ബി.സി. ജാതിയില്‍പ്പെട്ട വിഭാഗങ്ങളുടെ വോട്ടിംഗ് രീതികളും തികച്ചും വ്യത്യസ്തമാണ്. ഉദാഹരണമായി ഹരിയാനയിലെ 25 ശതമാനത്തോളമുള്ള ജാട്ടുകള്‍ക്കെതിരെയായി ജാട്ടുകളല്ലാത്ത ജാതികളെ സംഘടിപ്പിച്ചുകൊണ്ടാണ് ബി.ജെ.പി. 2014-ല്‍ അധികാരത്തില്‍ വന്നത്. രാജസ്ഥാന്‍ പോലുള്ള സംസ്ഥാനങ്ങളില്‍ ജാട്ട് വിഭാഗം പ്രബലമായ മേഖലകളില്‍ 2014-ല്‍ ബി.ജെ.പി. ക്ക് എതിരായും 2019-ല്‍ ഈ പാര്‍ട്ടിക്ക് അനുകൂലമായിട്ടുമാണ് തെരഞ്ഞെടുപ്പ് വിധി വന്നത്. 2023-ലെ അഭിപ്രായ സര്‍വേകളില്‍ ബി.ജെ.പി. യുടെയും മോദിയുടെയും ജനപ്രീതി കുറഞ്ഞതായും തൊഴിലില്ലായ്മാ നിരക്കിന്റെ വര്‍ദ്ധനവിനെത്തുടര്‍ന്ന് മോദിയിലുള്ള വിശ്വാസം കുറഞ്ഞതായും ഇന്ത്യന്‍ എക്സ്പ്രസ്സ് സര്‍വ്വേ ചൂണ്ടിക്കാണിക്കുന്നു. ജാട്ട് എന്ന ഒരു ജാതി വിഭാഗത്തില്‍ തന്നെ രണ്ടു പ്രദേശങ്ങളിലുള്ള വൈരുധ്യമാണ് മുകളില്‍ പറഞ്ഞത്. പക്ഷേ, ഇതിനോടൊപ്പം ചേര്‍ത്തുവായിക്കേണ്ടത് ഉപജാതികള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തുന്നതിനുള്ള ബി.ജെ.പി യുടെ തെരഞ്ഞെടുപ്പ് വൈദഗ്ദ്ധ്യമാണ്. ഇതിനെയാണ് തെറ്റായി കീഴാള ഹിന്ദുത്വ എന്ന പേരിട്ട് വിളിക്കുന്നത്.  

നരേന്ദ്ര മോദി | PHOTO: FACEBOOK
ഒ.ബി.സി. വിഭാഗങ്ങള്‍ക്കുള്ളില്‍ത്തന്നെ താരതമ്യേന രാഷ്ട്രീയ പ്രാതിനിധ്യം കുറഞ്ഞ, എന്നാല്‍ അധികാരത്തിലേക്കുള്ള ചലനശേഷിയുള്ള ഉപജാതികളില്‍നിന്ന് നേതാക്കളെ ചൂണ്ടയിടുകയും അതുവരെ രാഷ്ട്രീയ പ്രാതിനിധ്യം താരതമ്യേന കുറഞ്ഞ ഉപവിഭാഗങ്ങളുടെ കൂട്ടായ്മ കെട്ടിപ്പടുക്കുകയും ഇതിലൂടെ മുന്‍പുണ്ടായിരുന്ന അധികാര സമവാക്യങ്ങളെ തകര്‍ത്ത് പുതിയ കൂട്ടുകെട്ടുകളും വാഴ്ച്ചകളും സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് ബി.ജെ.പി. യുടെ ഫോര്‍മുല. പല ജാതി വിഭാഗങ്ങളെ തങ്ങളിലേക്കടുപ്പിക്കാന്‍ ബഹുമുഖ പദ്ധതികളാണ് ഇവര്‍ ആവിഷ്‌കരിക്കുന്നത്. ചിലയിടങ്ങളില്‍ 'വികസന' അജന്‍ഡയും മറ്റു ചിലയിടങ്ങളില്‍ വര്‍ഗ്ഗീയതയും മറ്റു സ്ഥലങ്ങളില്‍ പ്രാദേശികവാദവും, ഇങ്ങനെ പല സൂത്രവാക്യങ്ങള്‍ പലയിടങ്ങളില്‍ പ്രയോഗിക്കപ്പെടുന്നു. അവസാനം സംഭവിക്കുന്നത് ഈ ജാതികളില്‍ ഭൂരിഭാഗവും ഹിന്ദുത്വ അജന്‍ഡയില്‍ ഉള്‍പ്പെട്ടു എന്ന വായനയാണ്. പലപ്പോഴും ഈ കൂട്ടുകെട്ടുകളെ ഒരുമിച്ചുനിര്‍ത്താന്‍ കൃത്രിമമായി നിര്‍മ്മിക്കപ്പെട്ട പശയാണ് ഇസ്ലാമോഫോബിയ.    
ഒട്ടുമിക്ക, ഒബിസി-ദളിത് ജാതികളുടെയും, പ്രത്യേകിച്ച് ഭൂരഹിതരുടെ വിഭവ നഷ്ടത്തിന്റെയും ദാരിദ്രത്തിന്റെയും കാരണം ബ്രാഹ്‌മണിക ജാതി വ്യവസ്ഥയാണ്. മൂലധന ശേഖരണമോ സാങ്കേതിക വിദ്യയെ നവീകരിക്കാനുള്ള സ്വാതന്ത്ര്യമോ അറിവുത്പാദനം വഴിയുള്ള മുന്നേറ്റമോ മര്‍ദ്ദിത ജാതികളില്‍നിന്ന് മറച്ചുവച്ചത് ബ്രാഹ്‌മണ്യമാണ്. മുതലാളിത്തം ഇന്ത്യയില്‍ ഉടലെടുത്തപ്പോള്‍ ഭൂവുടമകളായ ജാതികള്‍, അതായത് വരേണ്യ ത്രൈവര്‍ണ്ണികര്‍, വ്യവസായികളും മുതലാളിമാരുമായി സുഗമമായി പരിവര്‍ത്തനം ചെയ്തു. മര്‍ദ്ദിത ജാതിക്കാര്‍ അവരുടെ വ്യവസായങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള വിലകുറഞ്ഞ മനുഷ്യശക്തിയായി മാറ്റപ്പെട്ടു. ഏകദേശം രണ്ടായിരം വര്‍ഷങ്ങളായുള്ള ബഹുജന്‍-ദളിത് ചൂഷണത്തിന്റെ ഭാരം കേവലം മുന്നൂറ് വര്‍ഷങ്ങള്‍ ഭരിച്ച മുഗളന്മാരുടെമേല്‍ ഹിന്ദുത്വ ആശയപ്രചാരകര്‍ നിരന്തരമായി കെട്ടിവയ്ക്കുന്നു. തങ്ങളെ നിരന്തരമായി അടിച്ചമര്‍ത്തുന്ന ബ്രാഹ്‌മണ്യ വര്‍ണ്ണാശ്രമ വ്യവസ്ഥയില്‍നിന്ന് ദളിത്-ബഹുജനങ്ങളുടെ ശ്രദ്ധതിരിച്ച് 'ഇസ്ലാം' എന്ന പൊതുശത്രു എന്നൊരു വൈക്കോല്‍ മനുഷ്യനെ സൃഷ്ടിക്കുകയാണ് ഹിന്ദുത്വ ചെയ്തുകൊണ്ടിരിക്കുന്നത്. ഇതുകൊണ്ടുതന്നെയാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളായി തങ്ങളുടെ മറ്റ് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മാറ്റിവച്ച് ബി.ജെ.പി. വര്‍ഗീയതയിലേക്ക് തന്നെ മടങ്ങിപ്പോകുന്നത്. രാജസ്ഥാനിലെ ബന്‍സ്വാരയില്‍വച്ച് നടത്തിയ നരേന്ദ്ര മോദിയുടെ 22 ഏപ്രില്‍-ലെ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നാല്‍ ഹിന്ദുക്കളുടെ വിഭവങ്ങള്‍ മുഴുവന്‍, ഹിന്ദു സ്ത്രീകളുടെ കെട്ടുതാലിയുള്‍പ്പെടെ, മുസ്ലിങ്ങള്‍ക്ക് വിതരണം ചെയ്യുമെന്നുള്ള കള്ളപ്രചാരണം ഇതിനൊരു സൂചനയാണ്. 

REPRESENTATIVE IMAGE | WIKI COMMONS
2006-ല്‍ മന്‍മോഹന്‍ സിങ്ങിന്റെ ഒരു പ്രസംഗത്തില്‍ രാജ്യത്തിന്റെ വികസനത്തിന്റെ ഫലങ്ങളുടെ പ്രഥമ പങ്ക് ന്യൂനപക്ഷങ്ങളും എസ്.സി./എസ്.ടി./ ഒ.ബി.സി. കളുമാണ് അര്‍ഹിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനെയാണ് വളച്ചൊടിച്ച് വര്‍ഗ്ഗീയത കലര്‍ത്തി ഹിന്ദുക്കളുടെ സ്വത്ത് കവര്‍ന്ന് മുസ്ലിങ്ങള്‍ക്ക് കൈമാറ്റം ചെയ്യും എന്ന രീതിയില്‍ വളച്ചൊടിക്കുന്നത്. നരേന്ദ്ര മോദിയുടെ വ്യക്തിപ്രഭാവമോ മറ്റ് വികസന വാഗ്ദാനങ്ങളോ ഇനി ഫലം ചെയ്യില്ല എന്നുള്ള എന്‍.ഡി.എ. യുടെ തന്നെ തിരിച്ചറിവാണ് അവരെ തിരിച്ച് വര്‍ഗീയ കാര്‍ഡിലേക്ക് മടക്കിയിരിക്കുന്നത്. മണ്ഡലിനുശേഷം നേടിയ ചെറിയ തോതിലുള്ള സാമൂഹിക ചലനാത്മകതയും (social mobility) താരതമ്യേനയുള്ള സാമ്പത്തിക ഉന്നമനവും നഷ്ടപ്പെടുന്നതാണ് ഒ.ബി.സി. കളുടെ ഏറ്റവും വലിയ ഭയം. ഈ സാമൂഹിക ഉത്ക്കണ്ഠയെയാണ് നരേന്ദ്ര മോദി ഇസ്ലാമോഫോബിയയില്‍ പൊതിഞ്ഞ് കുത്തിയിളക്കിയത്. ഇത് വീണ്ടും തുറന്നുകാണിക്കുന്നത് ഹിന്ദുത്വ ആശയങ്ങള്‍ കൃത്രിമമായി കീഴാള വിഭാഗങ്ങളുടെമേല്‍ കുത്തിവച്ച് മറ്റ് കീഴാള ആകുലതകളുമായി കലര്‍ത്തുമ്പോള്‍ മാത്രമേ ഫലം ചെയ്യാറുള്ളൂ എന്നാണ്. കാലാകാലങ്ങളില്‍ വീണ്ടും വീണ്ടും ഹിന്ദുത്വ ആശയങ്ങള്‍ കണിശമായി ദളിത്-ബഹുജന്‍ ജനങ്ങളുടെയിടയില്‍ പ്രചരിപ്പിക്കേണ്ടിവരുന്നതും ഇതുകൊണ്ടാണ്. കാഞ്ച ഐലയ്യ തന്റെ 'ഞാന്‍ എന്തുകൊണ്ട് ഹിന്ദുവല്ല' എന്ന ഗ്രന്ഥത്തില്‍ സൂചിപ്പിക്കുന്നതുപോലെ കീഴാള മുസ്ലിങ്ങളുടെ പക്ഷം ചേരുന്നത് കീഴാള ഹിന്ദുക്കളുടെ പൊതുപ്രവണതയാണ്. ഈ നൈസര്‍ഗ്ഗികമായ ഐക്യത്തെ തകര്‍ക്കാനുള്ള സംഘപരിവാര്‍ ശ്രമം ഒരു പരിധിവരെ മാത്രമേ വിജയിച്ചിട്ടുള്ളൂ. അതുകൊണ്ടുതന്നെ കീഴാള ഹിന്ദുത്വ എന്നത് ഇന്ത്യന്‍ പശ്ചാത്തലത്തില്‍ നിലനില്‍ക്കാത്ത പദപ്രയോഗവും പ്രക്രിയയുമാണ്.




#Subaltern & Modi Phenomena
Leave a comment