കീഴാള ഹിന്ദുത്വത്തിന്റെ വേരുകള്‍ സവര്‍ക്കറിസ്സത്തില്‍
കീഴാള സാമൂഹ്യ-രാഷ്ട്രീയ സ്വത്വത്തെ സ്വംശീകരിക്കുന്ന ബ്രാഹ്‌മണ-സവര്‍ണതയുടെ പ്രയോഗത്തെയും സിദ്ധാന്തത്തെയും തുറന്നു കാട്ടുന്ന മാധ്യമ പ്രവര്‍ത്തകനും ആക്ടിവിസ്റ്റുമാണ് ബാംഗ്ലൂര്‍ നിവാസിയായ ശിവ സുന്ദര്‍. കീഴാള സ്വത്വത്തെ ബ്രാഹ്‌മണ-സവര്‍ണ്ണ രാഷ്ട്രീയം ആഗിരണം ചെയ്യുന്ന പ്രക്രിയയെ ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹം വിശദീകരിക്കുന്നു. മലബാര്‍ ജേര്‍ണലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങള്‍.
1. ബ്രാഹ്‌മണ-സവര്‍ണ്ണ പ്രത്യയശാസ്ത്രം കീഴാള സ്വത്വത്തെ സ്വംശീകരിക്കുന്നതുമായി ബന്ധപ്പെടുത്തി ബിജെപിയുടെ വളര്‍ച്ചയെ വിലയിരുത്തുന്ന വ്യക്തികളില്‍ ഒരാളാണ് താങ്കള്‍. കര്‍ണാടകയിലെ വിജയപുരയിലും മറ്റൊരു പ്രാദേശിക തിരഞ്ഞെടുപ്പിലും കീഴാള ഹിന്ദുത്വം ബിജെപി പ്രയോജനപ്പെടുത്തിയതിനെ പറ്റി താങ്കള്‍ പ്രത്യേകം പരാമര്‍ശിച്ചിരുന്നു. കീഴാള ഹിന്ദുത്വം എന്ന പ്രയോഗത്തെ വിശദീകരിക്കാമോ. മോദി പ്രഭാവവും കീഴാള ഹിന്ദുത്വവും തമ്മില്‍ ഒരു കൊടുക്കല്‍ വാങ്ങല്‍ നടക്കുന്നതായി താങ്കള്‍ കരുതുന്നുണ്ടോ?
എന്റെ സംസ്ഥാനമായ കര്‍ണാടകയിലെ ബിജെപി വളര്‍ച്ചയെ കുറിച്ച് വിശദീകരിക്കുമ്പോള്‍ കീഴാള ഹിന്ദുത്വം എന്ന ആശയം വളരെ പ്രകടമായിരുന്നു. കീഴാളതയും ഹിന്ദുത്വവും ഭിന്നമായ മൂല്യങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്ന നിലയില്‍ പരിശോധിക്കുമ്പോള്‍ കീഴാള ഹിന്ദുത്വമെന്ന പ്രയോഗം ഒരു വൈരുധ്യമായി തോന്നാം. എന്നാല്‍ ഈ വൈരുധ്യത്തിന്റെ കാലഘട്ടം കഴിഞ്ഞുവെന്ന് കരുതേണ്ടിയിരിക്കുന്നു. അധികാരശ്രേണിയെ തടസ്സപ്പെടുത്താതെ ബ്രാഹ്‌മണിക്കല്‍ അധിനായകക്രമത്തിലേക്ക് കീഴാളരെ രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ ഒരു സഹവര്‍ത്തിത്വത്തിന്‍ കീഴില്‍ ആഗിരണം ചെയ്യുന്ന ഒന്നായിട്ടാണ് കീഴാള ഹിന്ദുത്വത്തെ ഞാന്‍ മനസ്സിലാക്കുന്നത്. തെരഞ്ഞെടുപ്പ് ജനായത്തത്തിന്റെ സമ്മര്‍ദവും കീഴാള ജനതയുടെ രാഷ്ട്രീയ അവകാശവാദങ്ങള്‍ കൂടുതല്‍ ശക്തിപ്രാപിച്ചതും ഈ പുതിയ തന്ത്രത്തെ ഒഴിവാക്കാനാകാത്തതായി തീര്‍ത്തു. ശക്തമായ മുസ്ലീം-ക്രിസ്ത്യന്‍ വിരുദ്ധ വിശാല ബ്രാഹ്‌മണിക്കല്‍ ഹിന്ദുത്വ അധികാര ശ്രേണിയുടെ കീഴില്‍ തദ്ദേശീയരായവരെയെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള സവര്‍ക്കറൈറ്റ് ഹിന്ദുത്വയില്‍ വേരൂന്നിയതാണ് ഈ ആശയം. വിപ്ലവകരമായ ഒരു അംബേദ്കര്‍, സോഷ്യലിസ്റ്റ് പദ്ധതിയുടെ അഭാവത്തില്‍ കീഴാളരുടെ ഉണര്‍വുകള്‍ ചില പ്രോഗ്രാമുകള്‍ എന്ന നിലയില്‍ നിന്നും രാഷ്ട്രീയ-പ്രത്യയശാസ്ത്ര തലത്തിലേക്ക് വളര്‍ന്നില്ല. അതിനാല്‍ സാമൂഹ്യ ജീവിതത്തിന്റെ മറ്റുള്ള മണ്ഡലങ്ങളില്‍ നിന്നുള്ള പുറന്തള്ളലുകള്‍ രാഷ്ട്രീയമായ എതിര്‍പ്പുകളായി മാറിയില്ല. കുറഞ്ഞപക്ഷം ഇപ്പോള്‍ പോലും അതാണ് സ്ഥിതി. ഗോള്‍വാള്‍ക്കര്‍ അത്തരത്തിലുള്ള ഒത്തുതീര്‍പ്പുകള്‍ക്കുപോലും തയ്യാറായിരുന്നില്ല. എന്നാല്‍ ആര്‍ എസ് എസിന്റെ മൂന്നാം സര്‍വസംഘ ചാലകായ ബാലാ സാഹേബ് ദേവ്രസ് അതൊരു രാഷ്ട്രീയ തന്ത്രമായി ഏറ്റെടുക്കുകയും അത് വന്‍ നേട്ടങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്തു. താങ്കള്‍ ചൂണ്ടിക്കാണിച്ച രണ്ട് ഉദാഹരണങ്ങള്‍ അതിന്റെ നല്ല തെളിവാണ്. പട്ടികജാതി വിഭാഗത്തിലെയും ഒബിസി വിഭാഗത്തിലെയും ഏറ്റവും പിന്നോക്ക വിഭാഗത്തില്‍ നിന്നുള്ള രണ്ടുപേരെയാണ് ബിജെപി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളാക്കിയത്. മറ്റുള്ള 'മതേതര' കക്ഷികളുടെ ആലോചനയില്‍ പോലും അങ്ങനെ ഒരു പരിഗണന ഇല്ലായിരുന്നു.
2. കീഴാള ഹിന്ദുത്വമെന്ന പ്രയോഗം കീഴാള ബോധത്തിന്റെ അനുയായികള്‍ ഒരു വൈരുദ്ധ്യമായി തോന്നിയേക്കാം. തുടക്കം മുതല്‍ ഹിന്ദുത്വത്തിന്റെ നേര്‍വിപരീതമായിരുന്നു കീഴാളാവബോധം. ബ്രാഹ്‌മണ-സവര്‍ണ മേധാവിത്വത്തിന്റെ പ്രത്യയശാസ്ത്രമായാണ് ഹിന്ദുത്വയെ കാണുന്നത്. ഈയൊരു പശ്ചാത്തലത്തില്‍ കീഴാള ഹിന്ദുത്വത്തെ എങ്ങനെ വിശദീകരിക്കാനാകും. ഹിന്ദുത്വ-കീഴാള ഹിന്ദുത്വ കൂട്ടുകെട്ടിനെ സാധ്യമാക്കിയ ഭൗതിക സാഹചര്യങ്ങളെ എങ്ങനെയാണ് വിലയിരുത്തുക ?
ഈ ചോദ്യത്തിനുള്ള ഉത്തരം ഭാഗികമായി ആദ്യമേ പറഞ്ഞിരുന്നു. കാണപ്പെട്ട ദൈവങ്ങളുടെ വഞ്ചന- അതായത് അധിനായകത്വ കോണ്‍ഗ്രസിന്റെ തകര്‍ച്ചയും, ഇടതുപക്ഷത്തിന്റെ പരാജയവും ക്ഷീണവും ഒരു വശത്തും നവലിബറല്‍ നയങ്ങളുടെ ഭാഗമായി വഷളാകുന്ന ജീവിത-അതിജീവന പ്രതിസന്ധി മറ്റൊരു ഭാഗത്തും ചേരുന്നതാണ് ഈ ഭൗതിക സാഹചര്യം. പട്ടികജാതി, ഒബിസി വിഭാഗക്കാരിലെ മധ്യവര്‍ഗത്തിന്റെ ബ്രാഹ്‌മണവത്കരണവും സംസ്‌കൃതവത്കരണവും ഇതേ കാലയളവില്‍ അരങ്ങേറിയിരുന്നു. കീഴാളരെ സമീപിക്കുവാനും കയ്യിലെടുക്കാവാനും പരിഷ്‌കരിച്ച ഹിന്ദുത്വത്തിന് പറ്റിയ വളക്കൂറുള്ള മണ്ണായി ഇതെല്ലാം മാറി.
3. കേവലമായ വിജയവും പരാജയവുമെന്ന അര്‍ത്ഥത്തില്‍ അല്ലാതെ ഒരു നിശ്ചിത ചരിത്ര സന്ദര്‍ഭത്തില്‍ ഒരു സമൂഹത്തില്‍ നടക്കുന്ന ആഴത്തിലുള്ള മാറ്റങ്ങളുടെ അല്ലെങ്കില്‍ പരിവര്‍ത്തനങ്ങളുടെ പ്രകടനമായി തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പലപ്പോഴും മാറുന്നതായി കാണാം. അങ്ങനെ നോക്കുമ്പോള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അത്തരമൊരു മാറ്റത്തെ കീഴാള ഹിന്ദുത്വം പ്രതിനിധീകരിക്കുന്നതായി കരുതാമോ?
1984 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി 50 ശതമാനം വോട്ടുകള്‍ നേടി 414 സീറ്റുകള്‍ നേടുകയുണ്ടായി. ഇത് സ്വാതന്ത്രാനന്തര ചരിത്രത്തിലെ ഏറ്റവും മികച്ച മുന്നേറ്റമായിരുന്നു. അന്ന് ബിജെപിക്ക് വെറും ഏഴ് ശതമാനം വോട്ടും രണ്ട് സീറ്റുകളും മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂ. 2019 ല്‍ ബിജെപിയുടെ വോട്ട് വിഹിതം 36 ശതമാനമായി ഉയര്‍ന്നപ്പോള്‍ കോണ്‍ഗ്രസിന്റെത് 19 ശതമാനമായി കുറഞ്ഞു. ഹിന്ദി ബെല്‍റ്റ് മേഖല പരിശോധിച്ചാല്‍ 50-65 ശതമാനം വരെ ബിജെപി ക്ക് വോട്ട് വിഹിതമുള്ള അഞ്ച് വലിയ സംസ്ഥാനങ്ങളെങ്കിലും ഉണ്ട്. സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ പോലും 35-45 ശതമാനം വോട്ട് വിഹിതത്തില്‍ 10-15 ശതമാനം മാത്രമാണ് സവര്‍ണ്ണ സമുദായക്കാര്‍. ബാക്കിയുള്ള ഭൂരിപക്ഷവും ദളിതരും, ആദിവാസികളും, ശൂദ്രരുമായ വോട്ടര്‍മാരാണ്. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് തുടങ്ങിയ സ്ഥലങ്ങളില്‍ അടുത്തിടെ നടന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വോട്ട് വിഹിതം 40 ശതമാനത്തില്‍ അധികമായിരുന്നു. ഒബിസികള്‍ക്കും പട്ടികജാതിക്കാര്‍ക്കും ആദിവാസികള്‍ക്കും ഇടയില്‍ 5-10 ശതമാനം വോട്ട് വിഹിതം വര്‍ധിച്ചതാണ് ഇതിനുള്ള കാരണം.
4. തന്റെ കീഴാള കര്‍തൃത്വം ബോധപൂര്‍വം ഉയര്‍ത്തിക്കാട്ടുന്നതില്‍ ബദ്ധശ്രദ്ധനായ നേതാവാണ് നരേന്ദ്ര മോദി. അതിന്റെ പ്രതീകാത്മക മൂല്യം മാറ്റി നിര്‍ത്തിയാല്‍ ഇന്ത്യയിലെമ്പാടുമുള്ള രണ്ടും, മൂന്നും നിരകളിലെ നഗരങ്ങളിലെയും, ഗ്രാമങ്ങളിലെയും യുവജനങ്ങളുടെ അഭിലാഷങ്ങളെയാണ് മോദി ലക്ഷ്യം വയ്ക്കുന്നതെന്നു പറയാമോ. പുതിയ തലമുറയിലെ നല്ലൊരു വിഭാഗവും പരമ്പരാഗത ബ്രാഹ്‌മണ - സവര്‍ണ ജാതികളില്‍ പെട്ടവരല്ല എന്നതും പ്രസക്തമാണല്ലോ. ഇക്കാര്യത്തില്‍ താങ്കളുടെ കാഴ്ചപ്പാട് എന്താണ് ?
ശരിയാണ്. കീഴാളതയ്ക്ക് പാരമ്പര്യ വരേണ്യതയോട് -- മതേതരമായാലും വര്‍ഗീയമായാലും -- പ്രകടമായ വൈരാഗ്യമുണ്ട്. ബ്രാഹ്‌മണ്യവും, ഇംഗ്ലീഷും, മെട്രോ സംസ്‌കാരവും അവരുടെ ആത്മബോധത്തെ വൃണപ്പെടുത്തിയിട്ടുണ്ട്. ഈ അപമാനവീകരണത്തെയും അധികാരാധിപത്യത്തെയും സാമ്പത്തിക ഘടന ഊട്ടിയുറപ്പിക്കുന്നു. അടിസ്ഥാനപരമായി ഈ സംവിധാനങ്ങളില്‍ പുരോഗമനപരമായ ഒരു മാറ്റവും
വരുത്താതെ സൃഷ്ടിപരമായ ചലനങ്ങള്‍ക്കൊന്നും മുതിരാതെ ക്ഷതപ്പെട്ട കീഴാള വിഭാഗത്തെ ചില പ്രതീകാത്മക കാര്യങ്ങള്‍ കൊണ്ടും ചില സൗജന്യങ്ങള്‍ നല്‍കിയും രാമരാജ്യത്തിലേക്കുള്ള സാങ്കല്പിക പൗരത്വം വാഗ്ദാനം ചെയ്തുകൊണ്ടും തന്റെ പിന്തുണക്കാരാക്കുന്നതില്‍ ഇതുവരെ മോദിത്വം വിജയിച്ചിരിക്കുന്നു.
5. ഭരണകൂടത്തെ പരിരക്ഷിക്കുന്നതില്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന സമീപനം കാലഹരണപ്പെട്ടുവെന്നും ഭരണ നീതീകരണത്തിന് പുതിയ ചേരുവകള്‍ ആവശ്യമാണെന്നുമുള്ള അഭിപ്രായം ഭരണവര്‍ഗ്ഗത്തില്‍ പെട്ട വരേണ്യരുടെ ഇടയില്‍ വ്യാപകമായിരുന്നു. ഹിന്ദുത്വത്തിന്റെയും മോദി പ്രതിഭാസത്തിന്റെയും ഉദയത്തിന് അതും ഒരു കാരണമായതായി തോന്നുന്നു. പല പണ്ഡിതന്മാരും ചൂണ്ടിക്കാണിച്ചിട്ടുള്ളതുപോലെ 1947-നു ശേഷമുള്ള മൂന്ന് ദശാബ്ദക്കാലത്തെ കോണ്‍ഗ്രസ് അധിനായകത്വത്തിന്റെ ചേരുവകളായ മെട്രോപോളിസിലെ വന്‍കിട മൂലധനം, ഉന്നതശ്രേണിയിലെ ഉദ്യോഗസ്ഥവൃന്ദം, പ്രാദേശിക നേതാക്കള്‍ എന്നിവ 1980 കളോടെ ഒരു പരിസമാപ്തിയിലെത്തി. അധികാരത്തിന്റെ നെടുകെയും കുറുകെയുമുള്ള ശ്രേണീബന്ധങ്ങളില്‍ പുതിയ കൂടിച്ചേരലുകളെ അത് അനിവാര്യമാക്കി. ഹിന്ദുത്വ അതിനുള്ള ഉത്തരമായിരുന്നു.
പഴയ വരേണ്യ വര്‍ഗത്തോട് മോദിക്ക് വിരോധമുള്ളതായി ഞാന്‍ കരുതുന്നില്ല. വാസ്തവത്തില്‍ ചില പ്രദേശങ്ങളിലെ ജനങ്ങളുടെയും വരേണ്യരുടെയും ചെലവില്‍ ഈ വിഭാഗങ്ങളുടെ വളര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പങ്ക് നിര്‍ണായകമാണ്. രാമായണത്തിലെ രാമനെപ്പോലെ, പ്രാദേശിക തലവന്മാരുടെ സ്ഥാനം മാറ്റി പുനഃക്രമീകരിക്കുന്നതാണ് മോദിത്വം. ഗുജറാത്തികളായ ഉന്നത ഉദ്യോഗസ്ഥരുടെ ബലത്തില്‍
മോദി സര്‍വശക്തനാണ്. ഇഡബ്ല്യുഎസ് റിസര്‍വേഷന്‍, ലാറ്ററല്‍ എന്‍ട്രി മുതലായവ പുതിയ സന്ദര്‍ഭത്തില്‍ പുനര്‍നാമകരണം ചെയ്യപ്പെടുന്നതിന്റെ ഉദാഹരണമാണ്.
6. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് വരാം. മറ്റൊരു തിരഞ്ഞെടുപ്പ് വിജയത്തിന് ബിജെപിയെയും നരേന്ദ്ര മോദിയെയും കീഴാള ഹിന്ദുത്വ ഘടകം സഹായിക്കുമെന്ന് കരുതാമോ?
സാധ്യതയില്ലെന്ന് പറയാനുള്ള കാരണങ്ങളൊന്നും ഞാന്‍ കാണുന്നില്ല. സൗത്ത് ഫസ്റ്റ് എന്ന എന്റെ സമീപകാല ലേഖനത്തില്‍ 2024 ലെ പൊതുതിരഞ്ഞെടുപ്പിനുശേഷം സാധ്യമായ നാല് സാഹചര്യങ്ങള്‍ വിശദീകരിക്കാന്‍ ഞാന്‍ ശ്രമിച്ചു. ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭാവിക്ക് ഒരുപോലെ അപകടകരങ്ങളാണ് ഞാന്‍ പറഞ്ഞ നാല് കാരണങ്ങളും.
7. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയം ഉറപ്പിക്കുന്നതില്‍ വലിയൊരു വിഭാഗം സാമൂഹിക സംഘടനകളും സന്നദ്ധ പ്രവര്‍ത്തകരും വലിയ പങ്കുവഹിച്ചതായി എല്ലാവര്‍ക്കും അറിയാം. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇത്തരമൊരു അണിനിരക്കലിന്റെ സാധ്യതകള്‍ എന്തൊക്കെയാണ് ?
- കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ന്യൂസ് മിനിറ്റിലും ദി വയറിലും എഴുതിയ ലേഖനങ്ങളില്‍ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ ഞാന്‍ വിശകലനം ചെയ്തിട്ടുണ്ട്. അവിടെ പരാജയപ്പെട്ടുവെങ്കിലും ബിജെപിക്ക് വോട്ട് നിലനിര്‍ത്താന്‍ കഴിഞ്ഞു എന്ന വസ്തുത ഊന്നിപ്പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
- മുതിര്‍ന്ന ലിംഗായത്ത് നേതാക്കളെ മോശമായി കൈകാര്യം ചെയ്തിട്ടും ബിജെപി-യുടെ ലിംഗായത്ത് വോട്ടുകളില്‍ രണ്ട് ശതമാനം പോലും കുറവുണ്ടായില്ല. നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന മുതിര്‍ന്ന ലിംഗായത്ത് നേതാക്കളില്‍ ഒരാള്‍ തിരിച്ചുപോവുകയും ചെയ്തു. പരമ്പരാഗതമായി ദുര്‍ബലമായിരുന്ന ഒക്കലിംഗ മേഖലയിലേക്ക് പോലും ബിജെപി കടന്നുകയറി. വര്‍ഗീയ അജന്‍ഡയുമായി എവിടെയൊക്കെ ബിജെപി കടന്നുകയറാന്‍ ശ്രമിച്ചുവോ അവിടെയൊക്കെ വോട്ട് വിഹിതം മെച്ചപ്പെടുത്തിയിട്ടുമുണ്ട്. കോണ്‍ഗ്രസിന് അനുകൂലമായി അഞ്ച് ശതമാനം വോട്ട് ഷിഫ്റ്റ് ഉണ്ടായെങ്കിലും അത് പ്രധാനമായും തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുടെയും കരുത്തുറ്റ പ്രചാരണത്തിന്റെയും ഫലമായിരുന്നു.
ബിജെപി ക്കെതിരായ പ്രചാരണത്തില്‍ സിവില്‍ സമൂഹ സംഘടനകളുടെ പങ്കാളിത്തം ശക്തമായിരുന്നു. അതൊരു പ്രതീക്ഷയാണ്. പ്രത്യേകിച്ചും മുസ്ലീം- ക്രിസ്ത്യന്‍ സമുദായങ്ങളുടെയും മറ്റ് സമുദായാധിഷ്ഠിത സംഘടനകളുടെയും പ്രവര്‍ത്തനത്തിന്റെ ഫലം കോണ്‍ഗ്രസിന് സമാഹരിക്കാന്‍ കഴിഞ്ഞു. മറ്റുള്ള സിവില്‍ സൊസൈറ്റി സംഘടനകളുടെ പ്രവര്‍ത്തനം ഗുണപരമായിരുന്നുവെങ്കിലും അവയുടെ സ്വാധീനം വളരെ മാര്‍ജിനല്‍ മാത്രമായിരുന്നു, സംഘപരിവാര്‍ സംഘടനകളെ പോലെ ഗ്രാസ്‌റൂട് തലത്തില്‍ അവര്‍ക്ക് ബന്ധങ്ങള്‍ ഇല്ലാത്തതാണ് അതിനുള്ള കാരണം.
- ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഇതേ തന്ത്രം തന്നെ പയറ്റാനാണ് ഒരുങ്ങുന്നത്. എന്നാല്‍ വാഗ്ദാനങ്ങള്‍ പലതും നല്‍കിയിട്ടും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ തിളക്കം കുറഞ്ഞു. നവലിബറല്‍ നയങ്ങള്‍ പിന്തുടരുന്ന പാര്‍ട്ടി കൂടിയായ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനവും മുസ്ലീംങ്ങള്‍ക്കും ദളിതര്‍ക്കും ഇടയില്‍ നിരാശ ഉളവാക്കിയിട്ടുണ്ട്. പക്ഷേ, ന്യൂനപക്ഷങ്ങളിലും ഭൂരിപക്ഷം വരുന്ന ദളിതുകളിലും ഉള്ള ശക്തമായ വികാരം ഇപ്പോഴും ബിജെപിയെ എങ്ങനെയെങ്കിലും തോല്‍പ്പിക്കുക എന്നതാണ്.
- എന്നാല്‍ സിവില്‍ സൊസൈറ്റി സംഘടനകള്‍ കോണ്‍ഗ്രസിന്റെ ജിഹ്വകള്‍ ആയി മാറിയത് ബിജെപി-ക്ക് വിശ്വാസ്യതയുള്ള പ്രതിപക്ഷമായി സ്വയം ഉയര്‍ത്തിക്കാണിക്കുവാന്‍ അവസരമൊരുക്കിയിട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍ ഇത് രാഷ്ട്രീയമായും തന്ത്രപരമായും വലിയ മണ്ടത്തരമാണ്.
കോണ്‍ഗ്രസ് സര്‍ക്കാരിന്റെ പരാജയങ്ങളെ പറ്റിയുള്ള ചോദ്യങ്ങള്‍ സിവില്‍ സൊസൈറ്റി സംഘടനകള്‍ ജനങ്ങളെ സമീപിക്കുമ്പോള്‍ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം. എന്നിരുന്നാലും കോണ്‍ഗ്രസിന്റെ വാഗ്ദാനങ്ങള്‍ വലിയൊരു മാറ്റത്തിന് വഴിതെളിച്ചേക്കാം.
- 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 28 സീറ്റുകളില്‍ ബിജെപി 25 സീറ്റുകളിലും ജെഡിഎസ് 1, സ്വതന്ത്രന്‍ 1 എന്ന നിലയിലാണ് വിജയിച്ചത്. ഇപ്പോള്‍ ജെഡിഎസും ബിജെപിയും ഒരുമിച്ചാണ് പോരാടുന്നത്. മോദി പ്രതിഭാസത്തിന് മുമ്പുതന്നെ 2004 മുതല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ ബിജെപിക്ക് കൂടുതല്‍ സീറ്റുകളും വോട്ടുകളും ലഭിക്കുന്നുണ്ട്. ദേശീയ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് എല്ലാത്തവണയും നേട്ടമാണ് ഉണ്ടാകുന്നത്. ഇത്തവണ കോണ്‍ഗ്രസിന് പത്തോളം സീറ്റുകള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.