ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ജാതീയത
ബ്രാഹ്‌മണര്‍ നേരിട്ട് ഭരണം നടത്തിയ ഭരണകൂടങ്ങള്‍ രാജ്യത്ത് അതിവിരളമാണ്. രാജാധികാരങ്ങള്‍ പ്രതിപാദിക്കുന്ന രാമായണം, മഹാഭാരതം, ഭാഗവതം തുടങ്ങിയ പ്രാചീന കൃതികളിലും രാജ്യം ഭരിക്കുന്ന ആളുകള്‍ ക്ഷത്രിയര്‍ തന്നെയാണ്. രാജ്യങ്ങള്‍ അടക്കി ഭരിക്കുമ്പോഴും ക്ഷത്രിയരെ തങ്ങള്‍ക്ക് താഴെ ശ്രേണിപ്പെടുത്തിക്കൊണ്ടാണ് ബ്രാഹ്‌മണാധികാരം എല്ലാത്തിനും മുകളില്‍ നിലനിന്നു പോന്നത്. സര്‍വ്വജനത്തിനും ഹിതംവരുത്താന്‍ ക്ഷത്രിയന്‍ രാജ്യം ഭരിക്കുക എന്നതായിരുന്നില്ല, ബ്രാഹ്‌മണഹിതം നിറവേറ്റാന്‍ ക്ഷത്രിയന്‍ രാജ്യം ഭരിക്കുക എന്നതാണ് ഹിന്ദു പുരാണേതിഹാസ കഥകളുടെ മുഖ്യമായ പ്രത്യയശാസ്ത്രം. രാമന്‍ ശൂദ്രനായ ശംബൂകനെ വധിക്കുന്നത് ബ്രാഹ്‌മണര്‍ക്ക് ഗ്ലാനി സംഭവിക്കാതിരിക്കാനാണെന്നത് ഒരു ഉദാഹരണം മാത്രം.
ബ്രാഹ്‌മണര്‍ക്കും പശുക്കള്‍ക്കും പരിരക്ഷ നല്‍കുന്ന ഭരണാധികാരി നീതിമാന്‍ എന്ന സങ്കല്പം മിക്കവാറും പുരാണേതിഹാസങ്ങളില്‍ വ്യക്തവുമാണ്. പൗരാണിക കാലത്തെ സ്ഥിതി ഇതായിരിക്കെ ആധുനികതയ്ക്ക് തൊട്ടുമുമ്പ് പല ഹിന്ദു നാട്ടുരാജ്യങ്ങളും ഉണ്ടായതും നിലനിന്നതും ദൈവദത്തം എന്നൊക്കെ വിളിക്കുന്ന സവര്‍ണ്ണതയുടെ അധികാര ഘടനകളുടെ തുടര്‍ച്ചകളായിത്തന്നെയാണ്. തിരുവിതാംകൂര്‍ കൊച്ചി മലബാര്‍ രാജ്യങ്ങളുടെ ചരിത്രം പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാണ്. മുസ്ലിം ഭരണാധികാരികള്‍ സര്‍വാധികാരികളായിരുന്ന മുകള്‍ ഭരണത്തില്‍ പോലും ബ്രാഹ്‌മണാധികാരം ഇളക്കംതട്ടാതെ നിലനിര്‍ത്താന്‍ ബ്രാഹ്‌മണ്യത്തിന് കഴിഞ്ഞിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.
ജാതിയില്‍ അധിഷ്ഠിതമായ രാജഭരണം നിലനില്‍ക്കുമ്പോള്‍ സവര്‍ണ്ണ അധികാരത്തിനായി അവര്‍ണ്ണ വിഭാഗങ്ങളുടെയും സമ്മതി ആവശ്യമില്ലായിരുന്നു. ജനങ്ങള്‍ ഭരണാധികാരിയെ തെരഞ്ഞെടുക്കുന്ന ജനായത്ത ഭരണസംവിധാനം നിലവില്‍ വന്നതോടെ സവര്‍ണ്ണ അധികാരം നിലനിര്‍ത്താന്‍ അവര്‍ണ്ണ വിഭാഗങ്ങളുടെ സമ്മതികൂടി അത്യാവശ്യ ഘടകമായി എന്നുള്ളതാണ് ആധുനികതയുടെ സവിശേഷത. അതുകൊണ്ടുതന്നെ ഇന്ത്യയിലുടനീളം ഭരണസംബന്ധമായ ചര്‍ച്ചകളില്‍ അവര്‍ണ്ണ വിഭാഗങ്ങളുടെ താല്പര്യങ്ങളും ചര്‍ച്ചയിലേക്ക് കടന്നുവന്നു.
REPRESENTATIVE IMAGE | WIKI COMMONS
ഇന്ത്യന്‍ ജനസംഖ്യയുടെ 80 ശതമാനത്തിലേറെ വരുന്ന അവര്‍ണ്ണ വിഭാഗങ്ങളുടെ പിന്തുണ എന്നത് സുപ്രധാനമായ രാഷ്ട്രീയഘടകമാണ്. അതുകൊണ്ടുതന്നെ അവര്‍ണ്ണരെ സ്ട്രാറ്റജിക്കലായി കൂടെ നിര്‍ത്തുക എന്നത് ഏതൊരു രാഷ്ട്രീയ പ്രസ്ഥാനത്തിന്റെയും വിജയത്തിന്റെ അനിവാര്യഘടകമായി മാറി. ഹിന്ദുത്വശക്തികള്‍ ഇന്ത്യയില്‍ അധികാരം കയ്യാളുന്നതില്‍ പിന്നാക്കക്കാരെയും ദളിത് വിഭാഗങ്ങളെയുമൊക്കെ പലതരത്തില്‍ കൂടെ നിര്‍ത്തിക്കൊണ്ടു തന്നെയാണ്. ഒരുതരം ജാതി എന്‍ജിനീയറിങ്ങണ് അവിടെ പ്രവര്‍ത്തിക്കുന്നത്. പിന്നാക്ക മുഖമുള്ള നരേന്ദ്ര മോദിയെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള ജാതി എഞ്ചിനീയറിങ് വിജയിപ്പിക്കാന്‍ കഴിഞ്ഞു എന്നിടത്താണ് ഹിന്ദുത്വ രാഷ്ട്രീയത്തിന് പുതിയ കാലത്ത് ഇന്ത്യയില്‍ അടിത്തറ വികസിപ്പിക്കാന്‍ കഴിഞ്ഞത്.
അവര്‍ണ്ണ വിഭാഗങ്ങളെ അനക്‌സുകളായും അധികാരത്തില്‍ ഭാരവാഹി ആക്കിയും കൂടെ നിര്‍ത്തുമ്പോഴും സവര്‍ണ്ണ മേല്‍ക്കോയ്മയെ നിലനിര്‍ത്തുക എന്നതുതന്നെയാണ് ഹിന്ദുത്വം എന്ന പേരില്‍ ഉണ്ടായിവരുന്ന രാഷ്ട്രീയത്തിന്റെ എക്കാലത്തെയും ലക്ഷ്യം. അവര്‍ണ്ണ വിഭാഗങ്ങളുടെ പ്രാതിനിധ്യമായ സംവരണം പോലുള്ള ജനാധിപത്യ അവകാശങ്ങളോട് സവര്‍ണ്ണ ഹിന്ദുത്വം പുലര്‍ത്തുന്ന എതിര്‍പ്പുകളില്‍ തന്നെ വരേണ്യ അധികാരത്തിന്റെ താല്‍പര്യങ്ങള്‍ വ്യക്തമാണ്. മനുഷ്യരുടെ ദൈനംദിന ജീവിതത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് കാര്യമായി ഒന്നും ചര്‍ച്ച ചെയ്യാതെ വിശ്വാസധാരകളെ രാഷ്ട്രീയമായി ഒളിച്ചുകടത്തുന്നതിനെ സാമൂഹിക ചിന്തകനായ കെ.കെ ബാബുരാജ് ഇങ്ങനെ സൂചിപ്പിക്കുന്നു:
'രാമന്‍, പശു മുതലായ ഹൈന്ദവ മിത്തോളജിയിലെ ചിഹ്നങ്ങളെ അവര്‍ വീണ്ടെടുക്കുന്നത് ഹിന്ദുക്കളുടെ വിശ്വാസപരമായ ഏകീകരണത്തിന് വേണ്ടിയല്ല. സവര്‍ണ്ണരെ വംശീയമായി ശക്തിപ്പെടുത്താനും കീഴാളരുടെ മേല്‍ സാംസ്‌കാരികമായ ആധിപത്യമുറപ്പിക്കാനുമാണ്.' കാലഘട്ടങ്ങളിലൂടെ തുടരുന്ന ജാതീയമായ ഉച്ചനീചത്വങ്ങളെ പരിഹരിക്കാന്‍ കഴിയാതിരിക്കുമ്പോള്‍ തന്നെ വോട്ടുകളെ സമാഹരിക്കാന്‍ മറ്റൊരു മതത്തെ അവര്‍ണ്ണരുടെയും സവര്‍ണ്ണരുടെയും പൊതുശത്രു എന്ന പ്രചാരണം നടത്തുക എന്നതാണ് ഹിന്ദുത്വ രാഷ്ട്രീയം എക്കാലത്തും വിജയിച്ചെടുത്ത ജാതി എഞ്ചിനീയറിങ്ങ്.
കെ.കെ ബാബുരാജ് | PHOTO: FACEBOOK
ഡോ. അംബേദ്കറെ ഉദ്ധരിച്ചുകൊണ്ട് ഇക്കാര്യം കെ കെ ബാബുരാജ് ഇങ്ങനെ സൂചിപ്പിക്കുന്നു: 'ഹിന്ദുമതം എന്ന് പറയുന്നത് ജാതികളുടെ ഒരു കൂട്ടമാണ്. മുസ്ലീം വിരുദ്ധ വംശീയ അതിക്രമങ്ങളുടെ സമയത്ത് മാത്രമേ ഈ ജാതികള്‍ ഹിന്ദു എന്ന പൊതുബോധത്തിലേക്ക് ഉണരുകയുള്ളു'.
പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ ഇറച്ചി കഴിക്കുന്നു, മീന്‍ കഴിക്കുന്നു എന്നൊക്കെ പ്രഖ്യാപിക്കുന്നതില്‍, കാലഘട്ടത്തിന്റെ രാഷ്ട്രീയത്തേക്കാള്‍ മതവൈകാരികതയുടെ അബോധ ചോദനകളെ ഉണര്‍ത്തി അത് തങ്ങള്‍ക്ക് അനുകൂലമാക്കുക എന്ന തന്ത്രം വ്യക്തമാണ്. മത ഗ്രന്ഥങ്ങളേക്കാള്‍ ഇന്ത്യന്‍ ഭരണഘടനയെ പ്രാമാണമാക്കുന്ന രാഷ്ട്രീയ ചിന്തയിലേക്ക് എല്ലാ വിഭാഗങ്ങളും പരിവര്‍ത്തനപ്പെടുക എന്നത് സുപ്രധാനമാണ്. രാജ്യത്തിന്റെ ഭൗതിക വികസനത്തോടൊപ്പം മതേതരത്വവും ജനാധിപത്യവും സാഹോദര്യവും നിലനിര്‍ത്തുക എന്നതാണ് അന്തസുറ്റ നിലനില്‍പ്പിന് അനിവാര്യം. അത്തരം നവ സാമൂഹികതയിലേക്ക് ഇന്ത്യന്‍ ജനതയെ പരിവര്‍ത്തിപ്പിക്കാനുതകുന്ന രാഷ്ട്രീയ വിജയങ്ങള്‍ക്കാണ് മുഴുവന്‍ ജനാധിപത്യവാദികളും കാതോര്‍ക്കുന്നത്.