മോദി പ്രഭാവം: കീഴാള-ന്യൂനപക്ഷ വിരുദ്ധ അജന്‍ഡകള്‍ക്ക് മറയിടുന്ന ഫാസിസ്റ്റ് പ്രൊപ്പഗാണ്ട
1970 കള്‍ മുതല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവന്ന പ്രമേയമാണ് കീഴാളരാഷ്ട്രീയം. അംബേദ്കറിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ രാഷ്ട്രീയമായ ലഗസി മുന്നോട്ടുകൊണ്ടുപോകുന്നതിന് ശക്തമായ പ്രസ്ഥാനങ്ങള്‍ അന്‍പതുകളില്‍ രൂപംകൊണ്ടിരുന്നില്ല. ഒരു അംബേദ്കറൈറ്റ് പ്രസ്ഥാനം അന്ന് ശക്തമായി വളര്‍ന്നുവരികയുമുണ്ടായില്ല. എന്നാല്‍ അറുപതുകളില്‍ ഉണ്ടായ ചില മാറ്റങ്ങള്‍, വിശേഷിച്ച് 1964-ല്‍ ജവഹര്‍ലാല്‍ നെഹ്‌റു മരിച്ചതിനുശേഷം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായ ധ്രുവീകരണം വളരെ ശ്രദ്ധേയമായ ഒന്നായിരുന്നു. അദ്ദേഹത്തിന്റെ മരണത്തിന് ശേഷമുണ്ടായ രാഷ്ട്രീയ കാലാവസ്ഥയെ മുതലെടുത്താണ് ഇന്ത്യയില്‍ ഫാസിസ്റ്റ് വലതുപക്ഷം വളര്‍ന്നുവരാന്‍ ശ്രമിച്ചത്. 1965 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ജനസംഘവും സ്വതന്ത്രപാര്‍ട്ടിയും മറ്റ് വലതുപക്ഷ ശക്തികളും ചേര്‍ന്ന് പാര്‍ലമെന്റില്‍ പ്രധാന രാഷ്ട്രീയശക്തിയായി മാറിയത് ശ്രദ്ധിക്കപ്പെടേണ്ട കാര്യമാണ്. അതുവരെ ഏറ്റവും വലിയ ഒറ്റപാര്‍ട്ടിയായി പ്രതിപക്ഷത്ത് നിലകൊണ്ടിരുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയായിരുന്നു. 1964 ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനുശേഷം നടന്ന തിരഞ്ഞെടുപ്പായിരുന്നു. ആ തിരഞ്ഞെടുപ്പിലാണ് ജനസംഘവും സ്വതന്ത്രപാര്‍ട്ടിയും ചേര്‍ന്ന് പാര്‍ലമെന്റില്‍ ഏറ്റവും വലിയ പ്രതിപക്ഷ ബ്ലോക്കായി മാറിയത്. അന്ന് മുതലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ തങ്ങള്‍ക്കൊരു സ്ഥാനമുണ്ടെന്നും വിചാരിച്ചാല്‍ അധികാരം പിടിച്ചെടുക്കാമെന്നുമുള്ള തോന്നല്‍ പ്രതിപക്ഷ ഫാസിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് ഉണ്ടാകുന്നത്. ഇന്ദിരാ ഗാന്ധിയുടെ ഭരണകാലത്ത് എടുത്ത പുരോഗമനപരമായ തീരുമാനങ്ങള്‍ എല്ലാംതന്നെ അവരെ വിറളിപിടിപ്പിക്കുകയും അവയെല്ലാം ഒന്നൊഴിയാതെ വലതുപക്ഷ ശക്തികള്‍ രാഷ്ട്രീയ ആയുധമാക്കുന്ന സാഹചര്യം സംജാതമാവുകയും ചെയ്തു. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസില്‍ വലതുപക്ഷ ആശയങ്ങള്‍ മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ച മൊറാര്‍ജി ദേശായിയും മറ്റും കോണ്‍ഗ്രസില്‍നിന്ന് പിളര്‍ന്ന് സംഘടനാ കോണ്‍ഗ്രസ് രൂപീകരിക്കുന്നത്. ബാങ്ക് ദേശസാല്‍കരണം, പ്രീവിപ്പേഴ്‌സ് നിര്‍ത്തലാക്കല്‍, ഭൂപരിഷ്‌കരണം തുടങ്ങിയ നിലപാടുകളെ എതിര്‍ക്കുന്ന പ്രതിലോമസംഘമായിരുന്നു ഇത്.
1970-കളില്‍ ഇന്ത്യയൊട്ടാകെത്തന്നെ കോണ്‍ഗ്രസിനെ ഭരണത്തില്‍നിന്ന് പുറത്താക്കുക എന്ന ഏകലക്ഷ്യം മുന്‍നിര്‍ത്തി ശക്തമായ സമരത്തിനാണ് ആര്‍എസ്എസിന് നേതൃത്വം നല്‍കിയ വലതുപക്ഷ ശക്തികള്‍ ശ്രമിച്ചത്. എഴുപതുകളുടെ തുടക്കം മുതല്‍ ജയപ്രകാശ് നാരായണന്റെ പ്രസ്ഥാനവും സിപിഐ എം, സംഘടനാ കോണ്‍ഗ്രസ്സ് തുടങ്ങിയവരുമായി ആര്‍എസ്എസ്-ന്റെ നിര്‍ദ്ദേശപ്രകാരം ജനസംഘം രൂപീകരിച്ച സഖ്യം വിപുലമായ രാഷ്ട്രീയ അടിത്തറ ഉത്തരേന്ത്യയില്‍ വലതുപക്ഷ ശക്തികള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുകയുണ്ടായി. ആ വലതുപക്ഷ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയോടുള്ള പ്രതികരണം എന്ന നിലയ്ക്ക് കൂടിയാണ് കീഴാള രാഷ്ട്രീയം ഇന്ത്യയില്‍ ശക്തമാവുന്നത്. പിന്നോക്ക ദളിത് വിഭാഗ നേതാക്കളുടെ സ്വതന്ത്ര രാഷ്ട്രീയ സാന്നിധ്യം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനുഭവപ്പെട്ട് തുടങ്ങിയത് എഴുപതുകളുടെ തുടക്കം മുതലാണ്. എന്നാല്‍ ഈ കീഴാള രാഷ്ട്രീയം ഒരു പാന്‍ ഇന്ത്യന്‍ പ്രതിഭാസമായി മാറിയിരുന്നില്ല. അംബേദ്കറിന്റെ പ്രത്യയശാസ്ത്രവും പരികല്പനകളും പരിപൂര്‍ണമായും ഉള്‍ക്കൊള്ളുവാന്‍ ഇവര്‍ക്ക് കഴിയുമായിരുന്നില്ല. എങ്കിലും 70 കളില്‍ വളരെ ശക്തമായ ഒരു കീഴാള രാഷ്ട്രീയം ഇന്ത്യയില്‍ ഉയര്‍ന്നുവന്നു. അത് വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തിയിരുന്നില്ല. ഉയര്‍ന്നുവന്ന വലതുപക്ഷ രാഷ്ട്രീയത്തോട് പൊരുതുന്നതിന് അത്തരമൊരു രാഷ്ട്രീയമായ കണ്‍സോളിഡേഷന്‍ ആവശ്യമാണ് എന്ന ബോധ്യത്തില്‍ നിന്നുകൂടിയാണ് അത് രൂപംകൊണ്ടത്. ഉയര്‍ന്നുവരുന്ന വലതുപക്ഷ ഫാസിസത്തെ നേരിടാന്‍ അടിയന്തരാവസ്ഥ പോലുള്ള കരിനിയമങ്ങളുടെ വഴിയിലേക്കു ഇന്ദിരാ ഗാന്ധി നീങ്ങിയത് വലിയ ഫലം കണ്ടില്ലെങ്കിലും ദ്വയംഗത്വ പ്രശ്നത്തില്‍ കാലിടറി ജനതാപാര്‍ട്ടി തകര്‍ന്നുപോയതോടെ കോണ്‍ഗ്രസ്സിന്റെ തിരിച്ചുവരവിനുള്ള സാധ്യതകള്‍ തെളിഞ്ഞു.
REPRESENTATIVE IMAGE | WIKI COMMONS
80-കളില്‍ പ്രധാനമായും 70-കളിലുണ്ടായ ഈ രാഷ്ട്രീയത്തിന്റെ അനുരണനങ്ങളാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ആ കാലഘട്ടത്തിലാണ് ജനസംഘം ജനതാ പാര്‍ട്ടിയില്‍ നിന്ന് പുറത്തുവന്ന് ഭാരതീയ ജനതാ പാര്‍ട്ടി രൂപീകരിച്ച് രഥയാത്ര ആരംഭിച്ചു. മണ്ഡല്‍ പ്രശ്‌നവുമായി ബന്ധപ്പെട്ട് വലിയ സംഘര്‍ഷങ്ങള്‍ ഇന്ത്യയിലുണ്ടായി. സംവരണം എന്ന നീതിയുടെ പ്രശ്‌നം അംബേദ്കര്‍ മുന്നോട്ടുവച്ചത് സ്വീകരിച്ചുകൊണ്ടാണ് ഇന്ത്യയില്‍ നെഹ്‌റു തന്റെ ക്ഷേമരാഷ്ട്ര സങ്കല്പം ആവിഷ്‌കരിച്ചത്. എന്നാല്‍ സംവരണത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ തകര്‍ക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങള്‍ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗത്തുനിന്ന് കൂടുതല്‍ സംഘടിതമായി ഉണ്ടാവുന്നത് എണ്‍പതുകളിലാണ്. ഇതിന്റെ ഒരു ഗുണപരമായ പ്രത്യാഘാതമായാണ് 80-കളില്‍ ആഴത്തിലുള്ള ദളിത് ബഹുജന്‍ കീഴാള രാഷ്ട്രീയം ശക്തിപ്പെടുന്നത്. അത് പ്രധാനമായും നിലനിന്നിരുന്നത് വലതുപക്ഷ രാഷ്ട്രീയത്തിന്റെ നിലപാടുകളിലുള്ള കര്‍ശനമായ എതിര്‍പ്പ് മുന്‍നിര്‍ത്തിയായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍കൊണ്ടും രാഷ്ട്രീയമായി അധികാരത്തില്‍ പങ്കെടുക്കുന്നതിന് സജ്ജമാകാന്‍ ഈ പ്രസ്ഥാനങ്ങള്‍ക്ക് കഴിഞ്ഞില്ല. ഉത്തര്‍പ്രദേശില്‍ ബിഎസ്പി കാന്‍ഷി റാമിന്റെ നേതൃത്വത്തിലുണ്ടായതാണ് അധികാരത്തിലേക്ക് അടുത്തുവന്ന ഒരു പ്രസ്ഥാനം. പിന്നീട് മായാവതി അതിന്റെ നേതാവാകുകയും അവര്‍ യുപി മുഖ്യമന്ത്രിയാവുകയും ഒരു ചെറിയ കാലയളവിലേക്കെങ്കിലും ബിഎസ്പി ഉത്തരേന്ത്യയില്‍ വിപുലമായ വേരുകള്‍ ഉണ്ടാക്കുകയും ചെയ്തിരുന്നു. ബിഎസ്പിക്കും അതിന്റെ ആദ്യകാല മൊമന്റം നിലനിര്‍ത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായി. സമജ്വാദി പാര്‍ട്ടി തന്നെ പല പ്രാവശ്യം പിളര്‍ന്നു. മറ്റ് കീഴാള രാഷ്ട്രീയവുമായി ബന്ധപ്പെട്ടിരുന്നവയും ജനതാ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചിരുന്നവയുമായ വിഭാഗങ്ങളൊക്കെത്തന്നെ ഏതാണ്ട് നാമാവശേഷമാവുകയും കോണ്‍ഗ്രസും ബിജെപിയും എന്ന ഒരു ബൈനറിയിലേക്ക് ഇന്ത്യന്‍ രാഷ്ട്രീയം ചുരുങ്ങുന്ന സാഹചര്യം സംജാതമാവുകയും ചെയ്തു. ബിജെപിയോടൊപ്പം പല ഘട്ടങ്ങളിലും സഹകരിച്ചിരുന്ന പല പാര്‍ട്ടികളും അവരില്‍ നിന്ന് വിട്ടുമാറിയെങ്കിലും ബിജെപി കടുത്ത ഹിന്ദുത്വ അജണ്ടയുമായി പുതിയ മുന്നണി രൂപീകരിച്ച് അവരുടെ രാഷ്ട്രീയം മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു 2000 ത്തിനുശേഷം ഉണ്ടായത്. കടുത്ത കോണ്‍ഗ്രസ്സ് വിരുദ്ധരുടെ നേരിട്ടും അല്ലാതെയുമുള്ള പിന്തുണയോടെയാണ് അവര്‍ മുഖ്യ പ്രതിപക്ഷമായി പത്തുവര്‍ഷം സ്വന്തം അജണ്ട വളര്‍ത്തിക്കൊണ്ടുവന്നത്. ഈ പശ്ചാത്തലത്തിലാണ് 2014-ല്‍ മോദിയുടെയും ബിജെപിയുടെയും വിജയം മനസ്സിലാക്കേണ്ടത്. ആ വിജയം നിലനിര്‍ത്തുവാന്‍ കൂടുതല്‍ മതഭൂരിപക്ഷ രാഷ്ട്രീയം പയറ്റുക എന്ന സമീപനമാണ് ബിജെപി സ്വീകരിച്ചത്. സ്ഥാപനങ്ങളും വിദ്യാഭ്യാസവും സാംസ്‌കാരിക രംഗവും പൂര്‍ണ്ണമായും കാവിവല്‍ക്കരിക്കാനുള്ള ശ്രമങ്ങളോടൊപ്പം കടുത്ത ഇസ്ലാമോഫോബിയയും ദളിത് വിരുദ്ധതയും സൃഷ്ടിക്കുന്ന ആള്‍ക്കൂട്ട ഭരണവും ബിജെപി അഴിച്ചുവിട്ടിരുന്നു. ഇത് കോണ്‍ഗ്രസിന്റെ ശിഥിലീകരണത്തിന് കാരണമായി. എങ്കിലും സഖ്യകക്ഷികളുമായി ചേര്‍ന്ന് പല സംസ്ഥാന നിയമസഭകളിലേക്കും വിജയിക്കുവാനും ബിജെപി എതിരെയുള്ള ഏക പാന്‍ ഇന്ത്യന്‍ ബദല്‍ എന്ന രാഷ്ട്രീയ സാധ്യത നിലനിര്‍ത്താനും കോണ്‍ഗ്രസ്സിന് കഴിഞ്ഞിട്ടുണ്ട്.
2014-ലെയും 2019-ലെയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നോക്കിയാല്‍ ആദിവാസി സംവരണ സീറ്റുകളില്‍ പലയിടത്തും വിജയിച്ചത് ബിജെപി യാണ് എന്നുള്ളത് തര്‍ക്കമില്ലാത്ത കാര്യമാണ്. ഇതിനുള്ള പ്രധാന കാരണം കോണ്‍ഗ്രസിന്റെ ശിഥിലീകരണമാണ്. ഹിന്ദുത്വരാഷ്ട്രീയം അതിന്റെ ഏറ്റവും ശക്തമായ ഒരു അടവുതന്ത്രമായി സ്വീകരിച്ചത് പിന്നോക്ക ദളിത് വിഭാഗങ്ങളെ ഒപ്പം നിര്‍ത്തുന്നു എന്ന പ്രതീതി സൃഷ്ടിക്കാനാണ്. മാത്രമല്ല കോണ്‍ഗ്രസ്സുമായി ബന്ധപ്പെട്ട് ഗ്രാമീണ-നഗര മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന വലിയൊരു മധ്യവര്‍ഗ വിഭാഗം ബിജെപി ലേക്ക് ഇക്കാലത്ത് ചായുന്നുണ്ട്. ഫാസിസത്തിന്റെ വളര്‍ച്ചയെ വിശകലനം ചെയ്തിട്ടുള്ള പലരും ചൂണ്ടിക്കാണിച്ചിട്ടുള്ള കാര്യമാണ് അടിസ്ഥാനവര്‍ഗത്തില്‍ നിന്നുള്ള വലിയ വിഭാഗം വോട്ടുകള്‍ ജനാധിപത്യ വിരുദ്ധ ചേരിയിലേക്ക് ചായുന്നു എന്നുള്ളത്. അതുപോലെതന്നെ ഗ്രാമീണ മേഖലയിലെ ജന്മി മുതലാളിത്ത കര്‍ഷകരും ഫാസിസ്റ്റ് ചായ്വ് കാണിക്കുമ്പോഴാണ് ഗ്രാമീണ ദരിദ്ര കര്‍ഷകരും തൊഴിലാളികളും ഫാസിസത്തിന് അനുകൂലമായ നിലപാട് കൈക്കൊള്ളുന്നത്. അത് രാഷ്ട്രീയമായിട്ടുള്ള ഒരു മൈഗ്രേഷനാണ്. ഒരു രാഷ്ട്രീയത്തില്‍ നിന്ന് മറ്റൊന്നിലേക്കുള്ള ഈ മൈഗ്രേഷന്‍ അതിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ കൂലങ്കുഷമായി ചിന്തിച്ച് എടുക്കുന്ന തീരുമാനമല്ല. ഇത്തരത്തിലുള്ളൊരു മൈഗ്രേഷന്റെ കാരണം ആള്‍ക്കൂട്ട മനഃശാസ്ത്രത്തിലാണ് പരതേണ്ടത്. അവരെ തിരിച്ചുകൊണ്ടുവരിക എന്നത് പ്രധാനമാണ്. കാര്‍ഷിക ജന്മിത്വത്തിന്റെയും കാര്‍ഷിക മുതലാളിത്തത്തിന്റെയും രാഷ്ട്രീയമായ ചായ്വ് ബിജെപിയില്‍ ആയതോടുകൂടി ഗ്രാമീണ മേഖലയിലെ കര്‍ഷക തൊഴിലാളികളും അവരുടെ രാഷ്ട്രീയവും അതിലേക്ക് ചായുകയാണ് ഉണ്ടായത്. ഇതാണ് യഥാര്‍ത്ഥത്തില്‍ ബിജെപിയുടെ പിന്നോക്ക മണ്ഡലങ്ങളില്‍ കാണുന്ന ഇന്നത്തെ സ്വാധീനത്തിന്റെ ചരിത്രപരമായ അടിസ്ഥാനം. രാഷ്ട്രീയം ശക്തമായി ബോധ്യപ്പെടുത്തി അവരെ ഹിന്ദുത്വ രാഷ്ട്രീയം സ്വന്തം വഴിയിലേക്ക് കൊണ്ടുപോയതല്ല. ഇത്തരം രാഷ്ട്രീയമായ വന്‍ കൂടുമാറ്റങ്ങള്‍ ഫാസിസം ശക്തിപ്രാപിക്കുന്ന കാലഘട്ടങ്ങള്‍ എല്ലാംതന്നെ ഉണ്ടാകാറുണ്ട്. അതിന്റെ മറ്റൊരു ചിത്രമാണ് യഥാര്‍ത്ഥത്തില്‍ ഈ കാലഘട്ടത്തില്‍ ഇന്ത്യയിലും കാണുന്നത്.
REPRESENTATIVE IMAGE | WIKI COMMONS
എന്നാല്‍ കീഴാളരാഷ്ട്രീയവുമായി ഹിന്ദുത്വം യാതൊരു തരത്തിലുള്ള സന്ധിയും ചെയ്യുന്നില്ല. നമുക്ക് തന്നെ അറിയാം, ഈ കാലഘട്ടത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെട്ടത് ദളിതരാണ്. അപമാനിക്കപ്പെട്ടത് ദളിതരും ന്യൂനപക്ഷവുമാണ്. അതേസമയത്ത് ന്യൂനപക്ഷത്തിന്റെ കാര്യം എടുത്താല്‍ തന്നെയും ഈ ദളിത് രാഷ്ട്രീയത്തിന്റെ കാര്യം പറഞ്ഞതുപോലെ തന്നെ പല ന്യൂനപക്ഷ ഭൂരിപക്ഷ മേഖലകളിലുള്ള പ്രദേശങ്ങളില്‍ ബിജെപി ജയിച്ചിട്ടുണ്ട്. അതിന്റെയും കാരണം ഇത് തന്നെയാണ്. ഫാസിസത്തിന്റെ പരക്കേയുള്ള ഒരു ആക്രമണ കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള രാഷ്ട്രീയമായ കൂറുമാറ്റങ്ങള്‍ ഇത്തരം അടിസ്ഥാനവര്‍ഗ വിഭാഗങ്ങള്‍ക്കിടയില്‍ കാണാന്‍ കഴിയുന്നുണ്ട്. എന്നാല്‍ ഇത് ചരിത്രപരമായി ആകസ്മികവും തിരുത്താവുന്നതുമായ പ്രതിഭാസമാണ്. ഈ തിരഞ്ഞെടുപ്പില്‍ ഇത്തരം തിരിച്ചുവരവിനോട് സൂചനകള്‍ ധാരാളമായി കാണുന്നുണ്ട്. കോണ്‍ഗ്രസ്സും ഇന്ത്യ മുന്നണിയും നിരവധി ദളിത് ന്യൂനപക്ഷ മേഖലകളില്‍ വ്യക്തമായ മുന്നേറ്റം നടത്തുന്നതിന്റെ ശക്തമായ സൂചനകളുണ്ട്. കാരണം, കീഴാളവര്‍ഗ രാഷ്ട്രീയം പ്രധാനമായി ഒരു അടിസ്ഥാനവര്‍ഗ രാഷ്ട്രീയം കൂടിയാണ്. ജാതിയും വര്‍ഗവും ഒന്നല്ലെങ്കില്‍ പോലും ജാതിയും വര്‍ഗവും ഇഴചേര്‍ന്നിരിക്കുന്നത് ഇത്തരം ചില രാഷ്ട്രീയമായ സാധ്യതകള്‍ തുറന്നിടുന്നുണ്ട്. കീഴാളരാഷ്ട്രീയത്തെ ആഗിരണം ചെയ്യുകയല്ല പകരം നശിപ്പിക്കുകയാണ് യഥാര്‍ത്ഥത്തില്‍ ബിജെപി ചെയ്തിട്ടുള്ളത് എന്ന തിരിച്ചറിവ് ഇപ്പോള്‍ ഉണ്ടാകുന്നുണ്ട്. അതിനെ നിര്‍വീര്യമാക്കുക എന്നുള്ള ഒരു പദ്ധതിയാണ് ബിജെപി ആവിഷ്‌കരിച്ചത്. അത് നടപ്പിലാക്കുന്നതില്‍ അവര്‍ ഭാഗികമായി വിജയിച്ചു എങ്കിലും ആ വൈജാത്യം ശാശ്വതമല്ല.
നേരത്തെ പറഞ്ഞതുപോലെ സമീപകാലത്ത് പ്രധാനമായും നാം കാണുന്നത് ബ്രാഹ്‌മണ സവര്‍ണ്ണ ഹിന്ദുത്വം കീഴാള രാഷ്ട്രീയത്തെ സ്വാംശീകരിക്കുന്നു എന്നുള്ളതല്ല. ദ്രൗപതി മുര്‍മു പ്രസിഡന്റ് ആവുന്നതും കീഴാള വിഭാഗങ്ങളില്‍ നിന്നുള്ള ചിലര്‍ക്ക് ചില സ്ഥാനമാനങ്ങള്‍ നല്‍കുന്നതും സ്വാംശീകരണമായി കാണാന്‍ കഴിയില്ല. ബിജെപി കീഴാള രാഷ്ട്രീയത്തെ അപ്രസക്തമാക്കുന്ന തരത്തിലുള്ള പ്രത്യയശാസ്ത്ര മേധാവിത്വം ഉറപ്പിക്കുന്നു എന്നുള്ളതാണ്. കീഴാള രാഷ്ട്രീയത്തെയല്ല കീഴാള വിഭാഗങ്ങളെയും, പ്രസ്ഥാനങ്ങളെയും ന്യൂനപക്ഷ വിഭവങ്ങളെയും പരാതി കൂടെ നിര്‍ത്തുക എന്ന തന്ത്രമാണ് കാണുവാന്‍ കഴിയുന്നത്. ഇങ്ങനെ അടക്കിനിര്‍ത്താന്‍ അവര്‍ക്ക് കഴിയുന്നുണ്ട് എന്നുള്ളത് കീഴാള രാഷ്ട്രീയത്തിന്റെ സ്വാംശീകരണമല്ല. കീഴാള രാഷ്ട്രീയം പറയുന്നത് വളരെ ശക്തമായിത്തന്നെ ഫാസിസ്റ്റ് വിരുദ്ധമായി നില്‍ക്കുന്ന ഒന്നാണ്. സവര്‍ണ്ണ ഹിന്ദുത്വം പ്രധാനമായും ചെയ്യുന്നത് അവരുടെ പ്രത്യയശാസ്ത്ര മേധാവിത്വം ദളിത്, പിന്നോക്ക വിഭാഗങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുകയും അവരെ അത് വിശ്വസിപ്പിക്കാനായി നിര്‍ബന്ധിക്കുകയുമാണ്. അങ്ങനെ ഭാഗികമായി അവരെ ചാതുര്‍വര്‍ണ്യത്തിന്റെ കീഴില്‍ തുടരാന്‍ നിര്‍ബന്ധിതരാക്കുന്ന പ്രക്രിയയാണ് നടക്കുന്നത്. ചാതുര്‍വര്‍ണ്യം എന്ന് പറയുന്നതിന് ലിഖിതമായ ചില ചട്ടങ്ങള്‍ ഉണ്ട്. അതില്‍ നാല് വര്‍ണ്ണങ്ങളെ മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളു. ബ്രാഹ്‌മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍. ബാക്കി ഉള്ളവര്‍ അന്യരാണ്. അവര്‍ അതിന് പുറത്താണ്. അങ്ങനെ പുറത്തായിരിക്കുന്നര്‍, വലിയ ഭൂരിപക്ഷമായിരിക്കുന്ന, ജനാധിപത്യ രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം അവരെ ഒഴിച്ചുനിര്‍ത്തിക്കൊണ്ട് വിജയം സാധ്യമല്ല എന്ന് ബിജെപിക്കറിയാം. അതുകൊണ്ട് അവരെ ജനസംഖ്യാപരമായി കൂടെ നിര്‍ത്തുക എന്നുള്ളതാണ് ബിജെപി ചെയ്യുന്നത്. അതില്‍ യാതൊരു തരത്തിലുളള സ്വാംശീകരണവും നടക്കുന്നില്ല. അതില്‍ അപൂര്‍വമായി ചില കൃത്രിമങ്ങള്‍ നടക്കുന്നതൊഴിച്ചാല്‍ പ്രധാനമായും അവര്‍ എന്ത് ചെയ്യണം ചെയ്യണ്ട എന്നുള്ള ഒരു ബ്രാഹ്‌മണിക്കല്‍ തീരുമാനം അവരുടെമേല്‍ അടിച്ചേല്‍പ്പിക്കുകയും അവരത് സ്വീകരിക്കേണ്ടിവരികയുമാണ് ചെയ്യുന്നത്.
ദ്രൗപതി മുര്‍മു | PHOTO: FACEBOOK
എങ്കില്‍ പോലും ജിഗ്നേഷ് മേവാനിയെ പോലുളള പുതിയ നേതൃത്വങ്ങള്‍ ദളിത് മേഖലയില്‍ ഉണ്ടാകുകയും, ചന്ദ്രശേഖര്‍ ആസാദിനെ പോലെയുള്ള പുതിയ കരുത്തുറ്റ സംഘാടകര്‍ കീഴാള രാഷ്ട്രീയത്തില്‍ ഉയര്‍ന്നുവരുകയും അവര്‍ ശക്തമായി ഇതിനെ ചെറുക്കുകയും ചെയ്യുന്നുണ്ട്. യാഥാര്‍ത്ഥത്തില്‍ കീഴാള രാഷ്ട്രീയത്തെയല്ല സ്വാംശീകരിക്കുന്നത്, കീഴാള രാഷ്ട്രീയത്തെ മറയാക്കിക്കൊണ്ട് കീഴാള ജനതകളെ തന്ത്രപൂര്‍വം തങ്ങളിലേക്ക് കൊണ്ടുവരികയാണ്. അവരുടെ 'സനാതന ധര്‍മ്മ' നിയമങ്ങളോ നിയന്ത്രണങ്ങളോ യാതൊരു തരത്തിലും മാറ്റുന്നില്ല. അത് മാറ്റാതെ തന്നെ അവരെ കൂടെ നിര്‍ത്താനുളള ശ്രമമാണ് കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും ബിജെപി നടപ്പിലാക്കിയത്.
ഈ തിരഞ്ഞെടുപ്പില്‍ പക്ഷേ അതിന് വിള്ളലുകള്‍ ഉണ്ടായിട്ടുണ്ട്. ഇയൊരു യാഥാര്‍ത്ഥ്യം ഇന്ത്യയിലെ ദളിത് മേഖലകളില്‍ ഉള്ള വോട്ടര്‍മാര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് പല മേഖലകളിലും കോണ്‍ഗ്രസുമായി സഖ്യം ഉണ്ടാക്കാനായി ശ്രമിച്ചിട്ടുളളത്. അത് പൂര്‍ണ്ണമായിട്ടും വിജയിച്ചിട്ടില്ല എന്ന് നമുക്കറിയാം. ഈ തിരഞ്ഞെടുപ്പ്, ഈയൊരു പ്രത്യേക കാര്യത്തില്‍ ദളിത്, ന്യൂനപക്ഷ വിഭാഗങ്ങള്‍ എന്ത് നിലപാട് ഭാവിയില്‍ സ്വീകരിക്കും എന്നതിനെ കുറിച്ചുള്ള ഒരു അടയാളപ്പെടുത്തല്‍ കൂടി ആയി മാറാനിടയുണ്ട്.
ബ്രാഹ്‌മണ സവര്‍ണ ഹിന്ദുത്വത്തിന്റെ മേധാവിത്വത്തിനെ എതിര്‍ക്കുന്നതിന് പ്രധാനമായിട്ടും, ഇന്ത്യ മുന്നണി അധികാരത്തിലേക്ക് വരിക എന്നത് പ്രധാനമായിട്ടുളള കാര്യമാണ്. ന്യൂനപക്ഷ രാഷ്ട്രീയവും കീഴാള രാഷ്ട്രീയവും യാഥാര്‍ത്ഥത്തില്‍ അതിനോടൊപ്പമാണ് നില്‍ക്കേണ്ടത്. കോണ്‍ഗ്രസ്സുമായി ഈ വിഭാഗങ്ങള്‍ക്കുണ്ടായ അകല്‍ച്ചയും, വിള്ളലുകളും, ഫലപ്രദമായി ഉപയോഗിച്ചത് കൊണ്ടാണ്, ഹിന്ദുത്വരാഷ്ട്രീയം എക്കാലത്തും ഇന്ത്യയില്‍ വേരുറപ്പിച്ചിട്ടുള്ളത്. ഇപ്പോഴും അവര്‍ അങ്ങനെ തന്നെയാണ് ചെയ്യുന്നത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും തങ്ങള്‍ക്ക് സാന്നിധ്യം നാമമാത്രമായെങ്കിലുമുള്ള സംസ്ഥാനങ്ങളില്‍ ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമായാണ് മല്‍സരിക്കുന്നത്. ബിഹാറില്‍ ഇന്‍ഡ്യാ സഖ്യത്തിന്റെ ഭാഗമായി സി.പി.എം (എല്‍), സിപിഐ, സി.പി.എം തുടങ്ങിയ കക്ഷികള്‍ മല്‍സരിക്കുന്നുണ്ട്. സി.പി.ഐ, സിപിഐഎം എന്നിവര്‍ക്ക് ഓരോ സീറ്റും സി.പി.എം എല്‍-നു അവരുടെ ശക്തിക്കനുസരിച്ച് മൂന്ന് സീറ്റും നല്‍കിയിട്ടുണ്ട്.
REPRESENTATIVE IMAGE | WIKI COMMONS
തമിഴ്‌നാട്ടില്‍ ഡി എം കെ -കോണ്‍ഗ്രസ്സ് നേതൃത്വമുള്ള ഇന്‍ഡ്യാ മുന്നണിയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മല്‍സരിക്കുന്നുണ്ട്. അതുപോലെ പശ്ചിമ ബംഗാളിലും ത്രിപുരയിലും ഒന്നിച്ച് മല്‍സരിക്കുന്നുണ്ട്. രാജസ്ഥാനില്‍ സിപിഎമ്മിന് ഒരു സീറ്റ് നല്‍കിയിട്ടുണ്ട് കോണ്‍ഗ്രസ്. തെലങ്കാനയില്‍ സിപിഐ ഇന്‍ഡ്യാ മുന്നണിയുടെ ഭാഗമായി മത്സരിക്കുന്നുണ്ട്. അങ്ങനെ ഇടതുരാഷ്ട്രീയവും കീഴാളരാഷ്ട്രീയവും ന്യൂനപക്ഷ രാഷ്ട്രീയവുമായി ചേര്‍ന്നുകൊണ്ടുതന്നെയാണ് ഇന്‍ഡ്യാ മുന്നണി യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നത്. മാത്രമല്ല ന്യൂനപക്ഷത്തിന്റെ കോണ്‍ഗ്രസിനോടുള്ള സമീപനത്തില്‍ വ്യാപകമായമാറ്റം ഉണ്ടായിട്ടുണ്ട്. പ്രകടന മാതൃകയില്‍ സിഎഎ പരാമര്‍ശം ഇല്ല എന്ന വിമര്‍ശനം ഉണ്ടെങ്കിലും സിഎഎ സമരകാലത്തുതന്നെ കോണ്‍ഗ്രസ്സ് അതിനോടുള്ള സമീപനം വ്യക്തമാക്കിയിട്ടുള്ളതാണ്. ദേശീയതലത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഉണ്ടായ മാറ്റത്തിന്റെ ഭാഗമായിട്ടുകൂടിയാണ് എസ്ഡിപിഐ പോലും നിലപാട് സ്വീകരിച്ചിട്ടുള്ളത്. ഇസ്ലാമോഫോബിയ ശക്തമായിട്ടുള്ള കേരളത്തില്‍ കോണ്‍ഗ്രസ്സ് മുസ്ലിം ലീഗുമായുള്ള സഖ്യം പോലും ബിജെപി വിമര്‍ശന വിധേയമാക്കുന്നുണ്ട്. ഒരു പാന്‍ ഇന്ത്യന്‍ വീക്ഷണത്തില്‍ കേരളത്തെയും കാണുക എന്നത് പ്രധാനമാണ്.
ആ അര്‍ത്ഥത്തില്‍, ഈ തിരഞ്ഞെടുപ്പ്, 2014 മുതലുള്ള തിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ വിജയത്തില്‍ സവര്‍ണ സമുദായങ്ങളുടെ വോട്ടുകള്‍ കൂടാതെ പിന്നാക്ക, ദളിത്-ആദിവാസി വിഭാഗങ്ങളുടെ പിന്തുണകൂടി ബിജെപിക്ക് ലഭിക്കുന്നു എന്ന താല്‍ക്കാലിക പ്രതിഭാസത്തിന് അന്ത്യം കുറിക്കുന്ന ഒന്നാവാനുള്ള സാധ്യതകള്‍ ഏറെയാണ്. മോദി പ്രഭാവം എന്നൊന്ന് ഒരു കാലത്തും ഉണ്ടായിരുന്നില്ല. മോദി ഇല്ലായിരുന്നെങ്കിലും ബിജെപി 2014 -ല്‍ ജയിക്കുന്ന സാഹചര്യം ഉണ്ടായിരുന്നു. മോദി പ്രഭാവം എന്ന കപട മുദ്രാവാക്യം ഉയര്‍ത്തിക്കാട്ടി തങ്ങള്‍ നടത്തുന്ന ജനാധിപത്യ ധ്വംസനങ്ങള്‍ക്ക് സാധൂകരണം കൊടുക്കുകയാണ് ബിജെപി ചെയ്യുന്നത്. അതിന് കുറെയെങ്കിലും തടയിടാന്‍ ഈ തിരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ മുന്നണിക്ക് കഴിയുമെന്നാണ് ജനാധിപത്യ വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്.