TMJ
searchnav-menu
post-thumbnail

Subaltern & Modi Phenomena

ജാതി ഹിന്ദുത്വയുടെ കീഴാള സങ്കല്പം 

14 Mar 2024   |   5 min Read
ഡോ. പ്രഭാഹരന്‍ കെ മൂന്നാര്‍

ചാതുര്‍വര്‍ണ്യത്താല്‍ കീഴാളരാക്കപ്പെട്ട ജനങ്ങള്‍ ഹിന്ദുക്കള്‍ എന്ന് സ്വയം വിശ്വസിക്കുന്നു. ഹിന്ദു മതത്തിന്റെ മനുസ്മൃതിയില്‍ നീചജന്മങ്ങളായും ഹിന്ദുമത പുരാണങ്ങളില്‍ തൊട്ടുതീണ്ടാന്‍ പറ്റാത്തവരായും ചിത്രീകരിക്കുമ്പോള്‍ ഇവിടത്തെ അടിസ്ഥാന വര്‍ഗ്ഗക്കാര്‍ എങ്ങനെയാണ് ഹിന്ദുക്കള്‍ ആവുന്നത്. ബ്രാഹ്‌മണന്‍, വൈഷ്ണവന്‍, ക്ഷത്രിയന്‍, ശൂദ്രന്‍ എന്ന ഈ വര്‍ണ്ണാശ്രമങ്ങള്‍ ഇന്ത്യന്‍ ജനതയെ പിന്തുടരുന്ന വിഭജന ആയുധങ്ങളാണ്. ജാതി ഹിന്ദുയിസത്തെ തിരിച്ചറിയാത്ത സാധാരണക്കാരാണ് ഇപ്പോഴും തങ്ങള്‍ ഹിന്ദുക്കള്‍ എന്ന് അവകാശപ്പെടുന്നത്. ഇവിടത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും അവരെ അയിത്തം കല്‍പ്പിക്കുന്നു എന്ന് അവര്‍ തിരിച്ചറിയുന്നില്ല. ഇന്ത്യയില്‍ ജനിക്കുന്ന ഓരോരുത്തരും വൈദിക ഹിന്ദു ആചാരയുക്തി ബോധത്തിലാണ് ചിന്തിച്ച് തുടങ്ങുന്നത്. അതുകൊണ്ടാണ് ഹിന്ദു എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ അറിയാതെ യുക്തിബോധത്തിലേക്ക് ലയിച്ചുപോകുന്നത്. എത്രയൊക്കെ മാറ്റാന്‍ ശ്രമിച്ചിട്ടും നമ്മുടെ യുക്തിബോധങ്ങളെ മാറ്റാന്‍ സാധിക്കുന്നില്ല. ഇതിന്റെ പുറകില്‍ ജനിതകമായി അങ്ങനെ ഒരു പ്രക്രിയയും കൂടി നാം അഭിമുഖീകരിക്കേണ്ടി വരുന്നതുകൊണ്ടാണ് മനുഷ്യനെ കീഴാളന്‍, മേലാളന്‍ എന്ന് വിഭജിക്കുന്നത്. ഇതാണ് ഹിന്ദുമതത്തിന്റെ ബോധങ്ങള്‍ എന്ന് തിരിച്ചറിയാതെ ഇവിടത്തെ പൂര്‍വിക തൊഴിലാളികള്‍ തങ്ങളും ഹിന്ദുക്കള്‍ എന്ന ബോധത്തെ ഉള്‍ക്കൊള്ളുന്നു.

കീഴാളര്‍ എന്ന നിര്‍വചനത്തിന് അടിസ്ഥാന ജനതകളുടെമേല്‍ അടിച്ചേല്‍പ്പിച്ചത് ഹിന്ദുത്വയുടെ ശുദ്ധിവാദമാണ്. ഉയര്‍ന്നകുലം എന്നറിയപ്പെടുന്ന ബ്രാഹ്‌മണ വിഭാഗത്തില്‍പ്പെടാത്ത മറ്റെല്ലാവരുംതന്നെ ഹിന്ദു ഐഡിയോളജിക്കല്‍ കോണ്‍സെപ്റ്റ് പ്രകാരം കീഴാളന്മാരാണ്. ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യ എന്ന സങ്കല്പത്തെ രൂപീകരിച്ചതിനുശേഷമാണ് ബ്രാഹ്‌മണര്‍ അല്ലാത്തവര്‍ ബ്രാഹ്‌മണ ബോധത്തിലേക്ക് യാത്രയാവുന്നത്. ദേശീയ സങ്കല്പമാണ് ഇന്ത്യന്‍ ബ്രാഹ്‌മണ്യത്തെ അതിശക്തിയോടെ നിലനിര്‍ത്തിയത്. അതിനുമുമ്പ് തൊഴിലിന്റെ അടിസ്ഥാനത്തില്‍ കുലങ്ങളായും കൂട്ടങ്ങളായും ആണ് ഇന്ത്യന്‍ ജനതകള്‍ ജീവിച്ചിരുന്നത്. ബ്രാഹ്‌മണ ആധിപത്യം നിലയുറപ്പിച്ചിട്ട് ഏതാണ്ട് നൂറ്റാണ്ടുകള്‍ മാത്രം ആവുന്നതേയുള്ളൂ. പത്താം നൂറ്റാണ്ടിന് ശേഷമാണ് വൈഷ്ണവ യുക്തിബോധം ഇന്ത്യയില്‍ നിലയുറപ്പിക്കുന്നത്. അതിനുമുമ്പ് അവര്‍ ആര്യന്‍ മായയെ ഇന്ത്യന്‍ യുക്തിബോധത്തില്‍ കലര്‍ത്തി ഇവിടത്തെ സാധാരണ ജനങ്ങളെ അവരുടെ ചിന്തയിലേക്ക് അടുപ്പിച്ച് നിര്‍ത്താന്‍ ശ്രമിച്ച് പലപ്പോഴും അത് പരാജയപ്പെട്ടു. രാമനെ കുറിച്ചുള്ള സങ്കല്പങ്ങള്‍ വ്യത്യസ്തമായതോടെ രാമായണവും അതിന്റെ മൂലപാഠങ്ങളും ഇന്ത്യയില്‍ വ്യത്യസ്തമായി തുടര്‍ന്നു. കമ്പരാമായണത്തിന്റെ ആഖ്യാനരീതിയില്‍ അത്തരത്തിലുള്ള ബൈനറികളെ കാണാന്‍പറ്റും. എങ്കിലും തെന്നിന്ത്യയില്‍ രൂപപ്പെട്ട ആ രാമായണവും രാമനെയാണ് എപ്പോഴും സംരക്ഷിക്കാന്‍ നോക്കുന്നത്. അപ്പോള്‍ ഹിന്ദു യുക്തിബോധം മനുഷ്യന്റെ അടിസ്ഥാന ചിന്തകളെ എല്ലാം കവര്‍ന്നെടുത്തു എന്നത് ബോധ്യപ്പെടും. ഒമ്പതാം നൂറ്റാണ്ടില്‍ ചോളരാജാക്കളുടെ ഭരണകാലത്ത് കമ്പന്‍ ജീവിച്ചിരുന്നു എന്നാണ് പറയപ്പെടുന്നത്, ആ കാലത്തിലെ വ്യാഖ്യാനങ്ങള്‍ എല്ലാം ശിവനെ കുറിച്ച് ഉള്ളത് മാത്രമായിരുന്നു. കമ്പന്റെ രാമായണം മാത്രം രാമനെക്കുറിച്ച് ആയിരുന്നു. ചോളരാജ വംശത്തോടുള്ള എതിര്‍പ്പും കൂടിയാണ് ഇത്തരത്തിലുള്ള രാമായണം സൃഷ്ടിക്കാന്‍ കാരണമായതെന്ന് സാഹിത്യ വിമര്‍ശനങ്ങള്‍ സൂചിപ്പിക്കുന്നു. എങ്കിലും തമിഴ് പ്രാചീന സാഹിത്യ ഗ്രന്ഥങ്ങളില്‍ രാമന്റെ പേരോ ശ്രീകൃഷ്ണന്റെ പേരോ കാണാന്‍ ഇടയില്ല. കൊറ്റവൈ എന്നറിയപ്പെടുന്ന കാളിയുടെ പേര് മാത്രമാണ് അതില്‍ വ്യക്തമായി സൂചിപ്പിച്ചിട്ടുള്ളത്. മാത്രമല്ല മുരുകന്റെ പേര് ചേയോന്‍ എന്നാണ് സൂചിപ്പിച്ചിരിക്കുന്നത്. അങ്ങനെ തെന്നിന്ത്യയില്‍ ജീവിച്ചിരുന്ന പൂര്‍വ്വ ഇന്ത്യ കുടികള്‍  അവരവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ചാണ് ജീവിതരീതിയെ പിന്തുടര്‍ന്നത്. ആര്യ അധിനിവേശമാണ് അവരില്‍ ഏകദൈവത്തെ അടിച്ചേല്‍പ്പിച്ചത്.

REPRESENTATIONAL IMAGE: WIKI COMMONS
ഭക്തിപ്രസ്ഥാനങ്ങള്‍ ശിവനെയും വിഷ്ണുവിനെയും ഒരേപോലെ പാടിത്തീര്‍ത്തു. ആ കാലഘട്ടത്തില്‍ ഇവിടെ പല്ലവരുടെ പടയെടുപ്പും ഉണ്ടായിരുന്നു. പല്ലവര്‍, കളപ്പിരര്‍ തുടങ്ങിയവര്‍ വടക്കേ ഇന്ത്യയില്‍ നിന്നും പുറപ്പെട്ട് വടവേങ്കടം, തെന്‍ കുമരി അതിര്‍ത്തിവരെ പടയെടുത്ത് അതിനുശേഷം തെന്നിന്ത്യയില്‍ മുഴുവനും ആര്യ ആചാരങ്ങളുടെ കലര്‍പ്പ് ഉണ്ടായി. പില്‍ക്കാല ചോളരാജവംശം ആ ആര്യ കലര്‍പ്പിനെതിരെ പടപൊരുതി എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. പക്ഷേ, ചോളന്മാര്‍ ഉയര്‍ത്തിപ്പിടിച്ച ശൈവ സിദ്ധാന്തരീതികള്‍ വൈഷ്ണവ ആചാരങ്ങളോട് ചേര്‍ന്ന് പോകുന്നതാണ്. നന്ദി കലമ്പകം എന്ന കൃതി പല്ലവ രാജാവായ വിഷ്ണുപല്ലവന്‍, തന്തിവര്‍മ്മന്‍, നന്തിവര്‍മ്മന്‍ തുടങ്ങിയ രാജാക്കന്മാരുടെ പടയെടുപ്പുകളെക്കുറിച്ച് പരാമര്‍ശിക്കുന്നു. അതില്‍നിന്നും പത്താം നൂറ്റാണ്ടില്‍ വിപുലമായ ആര്യ കടന്നുവരവ് തെന്നിന്ത്യയെയും ഇന്ത്യയിലെ മറ്റുള്ള ഭാഗങ്ങളെയും തനതാക്കി മാറ്റിയെന്ന് മനസ്സിലാവുന്നു. ശൈവ, വൈഷ്ണവ ആചാര അനുഷ്ഠാനങ്ങളില്‍ ഇപ്പോഴും ബൈനറി ഓപ്പോസിഷന്‍സ് (Binary opositions )  തുടരുന്നു. എങ്കില്‍പോലും വൈഷ്ണവ ആരാധനകളെ ഇന്ത്യന്‍ മനസ്സില്‍ നിന്നും തിരിച്ചെടുക്കാന്‍ പറ്റാത്ത അവസ്ഥയില്‍ ഇവിടെ നിലനിന്നിരുന്ന എല്ലാ ആരാധനരീതികളെയും ബ്രാഹ്‌മണിസം കവര്‍ന്നെടുത്തു എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കേരളം, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കാളിയും, ഭഗവതിയും, കണ്ണകിയും, മുനീശ്വരനും മറ്റും പേരറിയാത്ത ആയിരമായിരം കാവില്‍ ദൈവങ്ങളും ഇവിടത്തെ സാംസ്‌കാരിക തനിമയുടെ സാക്ഷികളാണ്. ഈ ആരാധനരീതികള്‍ ഒരിക്കലും ഹിന്ദുമതത്തിന്റെ ആരാധനരീതികള്‍ അല്ല. ഹിന്ദുമതം മാംസം കഴിക്കുന്നവരോട് അയിത്തം കല്‍പ്പിക്കുന്ന മതമാണ്. പക്ഷേ, ഇന്നത്തെ കാവില്‍ ദൈവങ്ങള്‍ എല്ലാം തന്നെ ബലി അര്‍പ്പിക്കുന്ന ദൈവങ്ങളാണ്. തമിഴ്‌നാട്ടിലെ കുലദൈവങ്ങള്‍ എന്നും കേരളത്തിലെ കാവില്‍ ദൈവങ്ങള്‍ എന്നും ആണ് ഈ ദൈവങ്ങള്‍ അറിയപ്പെടുന്നത്. ആ ദൈവങ്ങള്‍ ഒരു ചെറിയ മണ്‍തിട്ടയിലോ അല്ലെങ്കില്‍ മരത്തിന്റെ അടിയിലോ ഒക്കെയാണ് പ്രതിഷ്ഠിക്കുന്നത്. പ്രത്യേക രൂപങ്ങളോ ഭാവങ്ങളോ ഒന്നുംതന്നെ ആ ദൈവങ്ങള്‍ക്ക് ഒരിക്കലും ഇല്ലായിരുന്നു. ബ്രാഹ്‌മണിസം ഇന്ത്യയെ കവര്‍ന്നെടുത്തതോടുകൂടി കാവില്‍ ദൈവങ്ങള്‍ക്ക് പേരും ഊരും മേല്‍വിലാസവും ആയി. പിന്നീട് അവയുടെ പൂജകള്‍ക്ക് രീതികളും ഉണ്ടായി. ഒരുപാട് ആര്യ പൂജാ രീതികള്‍ മനുഷ്യ യുക്തിബോധത്തിലേക്ക് കടന്നുവന്നപ്പോഴും കാവില്‍ ദൈവങ്ങള്‍ ഇന്നും നേരിട്ടാണ് നില്‍ക്കുന്നത്. ചാരായം, പുകയില, വെറ്റില, മാംസം തുടങ്ങിയവയെ ഭക്ഷിക്കുന്ന ദൈവങ്ങളാണ് ഇപ്പോഴും നമ്മുടെ കാവില്‍ ദൈവങ്ങള്‍. കാവില്‍ ദൈവങ്ങള്‍ സംസ്‌കാരത്തിന്റെ രൂപങ്ങളാണ്. ബഹുഭൂരിപക്ഷ ദ്രാവിഡ ഗോത്രവര്‍ഗ്ഗക്കാര്‍ക്കും അത്തരത്തിലുള്ള ദൈവ ആരാധനകള്‍ ഇന്നും ഉണ്ട്. ഇന്ത്യന്‍ ദളിത് ചിന്തകനായ കാഞ്ചാ ഇളയ why I am not a  hindu എന്ന പുസ്തകത്തില്‍ കൃത്യമായി ഇത്തരത്തിലുള്ള ദൈവങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. അപ്പോള്‍ വടക്കേ ഇന്ത്യയില്‍ ഗംഗാതടം വരെ പടയോട്ടം നടത്തി പിന്നെ ശ്രീലങ്കയും കമ്പോഡിയയും ഇന്തോനേഷ്യയും എല്ലാം തന്റെ  അധികാരത്തിന്റെ കീഴില്‍ കൊണ്ടുവന്ന രാജരാജചോഴന്റെ പടയോട്ടം വെസ്റ്റ് ബംഗാളിലും ദുര്‍ഗാരാധനയെ സ്ഥാപിച്ചു എന്നൊരു പഴങ്കഥ ഇന്ത്യയില്‍ പ്രചരിപ്പിക്കുന്നു. കാളിയും ദുര്‍ഗ്ഗാദേവിയും ഒന്നാണ് എന്ന വാദം സാംസ്‌കാരിക പണ്ഡിതന്മാര്‍ക്കിടയില്‍ ഉണ്ട്.

ഇത്തരത്തിലുള്ള ദൈവങ്ങളെ ആരാധിക്കുന്ന സാധാരണക്കാരായ ആളുകളെ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാരും ആര്‍എസ്എസ് എന്ന ഹിന്ദുത്വ സംഘടനയും അവരുടെ കീഴില്‍ കൊണ്ടുവരാന്‍ നിരന്തരമായി ശ്രമിക്കുന്നു. തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ ഇത്തരത്തിലുള്ള ശ്രമങ്ങള്‍ അവര്‍ തുടരുന്നു. അതായത് പേരില്ലാത്ത ദൈവങ്ങള്‍ക്ക് ഹിന്ദു ദൈവങ്ങള്‍ എന്ന് പേര് നല്‍കി ഇവിടത്തെ അടിസ്ഥാന വര്‍ഗ്ഗക്കാരെ തങ്ങളുടെ വോട്ട് ബാങ്കായി ഉപയോഗിക്കാനുള്ള തന്ത്രമാണ് തമിഴ്‌നാട്ടില്‍ നടന്നുവരുന്നത്. മാത്രമല്ല കേരളത്തിലും ഈ സ്ഥിതി ഉണ്ട്. അതായത് കാ എന്നാല്‍ കാട് എന്നൊരു അര്‍ത്ഥവും ഉണ്ട്. മുന്നൊരു കാലത്തില്‍ തെന്നിന്ത്യയുടെ അടര്‍ന്ന കാടുകളില്‍ ജീവിച്ചിരുന്ന ജനതകള്‍ തങ്ങളുടെ കൂട്ടത്തില്‍ മൂത്തയാള്‍ മരിച്ചാല്‍ അയാളെ കുഴിച്ചുമൂടി അവിടെ ഒരു നടുക്കല്‍ സ്ഥാപിക്കുമായിരുന്നു. അതായത് നാടോടികളായി അലഞ്ഞുതിരിഞ്ഞ ജനങ്ങള്‍ ഭക്ഷണത്തിനുവേണ്ടി പല പ്രദേശങ്ങള്‍ക്കും സഞ്ചരിക്കുമായിരുന്നു. തിരിച്ചുവരുമ്പോള്‍ അയാളെ ഓര്‍ക്കാന്‍ വേണ്ടിയാണ് അത്തരത്തിലുള്ള കുഴിമാടങ്ങള്‍ അവര്‍ പണിതത്. അങ്ങനെ അലഞ്ഞുതിരിഞ്ഞ് വേറിടങ്ങള്‍ക്ക് ചെന്നുതിരിച്ച് അതേ സ്ഥലത്തേക്ക് എത്തുമ്പോള്‍ വേട്ടയാടി കിട്ടിയ ഇറച്ചിയും മറ്റ് പഴങ്ങള്‍, തേരല്‍ എന്നറിയപ്പെട്ട കള്ള് തുടങ്ങിയവയെ ആ സ്ഥാപിക്കപ്പെട്ട കല്ലില്‍ ഒഴിച്ച് തങ്ങളുടെ മുത്തപ്പന് കൊടുക്കുന്നത് അവര്‍ സങ്കല്‍പ്പിച്ചു. അങ്ങനെയാണ് ഇന്ത്യന്‍ ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ വിശ്വാസം എന്ന സങ്കല്പം ഉടലെടുക്കുന്നത്. അത് അവര്‍ സ്‌നേഹത്തിന്റെ അടയാളമായിട്ടാണ് കരുതിയത്. അതായത് കൂട്ടത്തില്‍ നിന്നും മരിച്ചുപോയവരെ മറക്കാതിരിക്കാന്‍ ചെയ്ത ആരാധനയാണ് പിന്നീട് അവയെല്ലാം ഹിന്ദുമതത്തിന്റെ ആരാധനയായി മാറിത്തീര്‍ന്നു എന്ന് റോമില ഥാപ്പര്‍ വഞ്ചിക്കപ്പെട്ട ചരിത്രം എന്ന തന്റെ പുസ്തകത്തില്‍ അടയാളപ്പെടുത്തുന്നത്.



ഇന്ത്യയില്‍ നാനാഭാഗങ്ങളിലും ജീവിച്ചിരിക്കുന്ന ആയിരക്കണക്കിന് ഗോത്രവര്‍ഗ്ഗക്കാരുടെ അടയാളങ്ങളെ ഇല്ലാതാക്കിയിട്ടാണ് ആധിപത്യ ശക്തിയായ ഹിന്ദുത്വം തനതായ ബ്രാഹ്‌മണിക്ക് മേല്‍ക്കോയ്മയെ സാധാരണക്കാരന്റെ മേല്‍ അടിച്ചേല്‍പ്പിച്ചത് യുക്തി ബോധത്തെയാണ്. ഇന്നും നമ്മള്‍ നമ്മുടേതായ യുക്തിബോധങ്ങള്‍ എന്ന് വിശ്വസിച്ചുകൊണ്ടിരിക്കുന്നത് അതിനെയാണ്. ഇപ്പോള്‍ ഇത്തരത്തിലുള്ള യുക്തിബോധങ്ങള്‍ ആണ് സംഘപരിവാര്‍ ശക്തികള്‍ക്ക് മുതല്‍ക്കൂട്ടാവുന്നത്. ഇവിടത്തെ യഥാര്‍ത്ഥ ചരിത്രങ്ങള്‍ എല്ലാം മായിച്ചിട്ട് പത്താം നൂറ്റാണ്ടിനുശേഷം രൂപപ്പെട്ട വൈദിക ആചാരത്തെ മാത്രം നിലനിര്‍ത്തിയ ഒരു ചരിത്രമാണ് ഇന്ന് ഇന്ത്യയ്ക്ക് ഉള്ളത്. അതുകൊണ്ടാണ് ചരിത്രപണ്ഡിതന്മാര്‍ ഇന്ത്യന്‍ ചരിത്രത്തെ കെട്ടുകഥകള്‍ മാത്രമായി കണക്കാക്കുന്നത്. മായിച്ചുക്കളയപ്പെട്ട ആ സംസ്‌കാരങ്ങളെ വീണ്ടെടുക്കാന്‍ യാതൊരു സാധ്യതയും ഇല്ലാത്ത ഒരു കാലഘട്ടത്തിലാണ് നമ്മള്‍ ഇന്ന് ജീവിക്കുന്നത്. അതുകൊണ്ട് നമ്മള്‍ ഹിന്ദു എന്ന് പറയുമ്പോള്‍ ഉണരുന്നു. ജാതി ഹിന്ദുത്വത്തില്‍ നിന്നും നിരന്തരമായി പുറത്താക്കപ്പെട്ടവര്‍ എങ്ങനെയാണ് ഹിന്ദുക്കള്‍ ആവുന്നത്. കീഴാളരുടെ ചിന്തകളെ കവര്‍ന്ന ഹിന്ദുത്വം അവരെ വെറും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ വോട്ട് ബാങ്കായി മാത്രം കാണുന്നു. വൈദിക ബ്രാഹ്‌മണ്യ മൂല്യങ്ങള്‍ ഇന്ത്യന്‍ ജനതയില്‍ എല്ലാ രീതിയിലും വൈറസ് പോലെ പടര്‍ന്ന് പന്തലിച്ചതുകൊണ്ട് ആ യുക്തിബോധത്തില്‍ നിന്നും രക്ഷനേടാന്‍ നമുക്ക് സാധിക്കുന്നില്ല. നമ്മുടെ തനതായ ചരിത്രത്തെ അല്ലെങ്കില്‍ ഹിന്ദുമതം അടിച്ചേല്‍പ്പിച്ച അയിത്തത്തെ ഹിന്ദുമതംകൊണ്ട് നേരിടുന്ന യുക്തിബോധമാണ് 90% കീഴാള ഹൈന്ദവ ജനങ്ങളിലും പ്രവര്‍ത്തിക്കുന്നത്. അവര്‍ ബ്രാഹ്‌മണ ഹൈന്ദവ മൂല്യങ്ങളെ തങ്ങളുടെ അടയാളങ്ങള്‍ എന്ന് തെറ്റിദ്ധരിപ്പിച്ചിരിക്കുന്ന കാലം വരെ ഇത്തരത്തിലുള്ള അബദ്ധങ്ങള്‍ ഇന്ത്യയില്‍ തുടരുക തന്നെ ചെയ്യും. അമ്പലനടയില്‍ കയറാന്‍ പോലും അവകാശം ലംഘിക്കപ്പെട്ട ഒരുകൂട്ടം ജനതകളാണ് നാമജപ യാത്ര വിളിച്ചത്. ഇവിടത്തെ സാധാരണക്കാരനെക്കൊണ്ട് താന്‍ ഹിന്ദുവാണ് എന്ന് ചിന്തിപ്പിച്ചത്. ഹിന്ദുത്വം ഇന്നും നിലനില്‍ക്കുന്നത് ആചാര അനുഷ്ഠാനങ്ങള്‍ക്ക് അടിമയായ മനുഷ്യന്റെ യുക്തിബോധത്തിന്റെ പിന്‍ബലത്തിലാണ്. ഈ പാതയില്‍ സഞ്ചരിക്കുന്ന കാലംവരെ ഹിന്ദുത്വം ഇവിടെ നിലനില്‍ക്കും. ഇവിടത്തെ അടിസ്ഥാന വര്‍ഗ്ഗക്കാര്‍ അവരുടെ വിയര്‍പ്പ്, അവരുടെ നിറം, അവരുടെ പ്രവര്‍ത്തി എല്ലാം ജാതി ഹിന്ദുത്വവാദികള്‍ക്ക് അയിത്തം ആണെന്ന് തിരിച്ചറിഞ്ഞിട്ടും എന്തോ ഒരു മായയില്‍ അവരുടെ കൂടെ തന്നെ യാത്ര തുടരുന്നു. ഈ യാത്ര അവസാനിക്കുന്ന കാലം വരെ ഇന്ത്യയിലെ അടിസ്ഥാന തൊഴിലാളി വര്‍ഗ്ഗത്തിന് വിമോചനം സാധ്യമല്ല. ഫാസിസ്റ്റ്ശക്തികള്‍ ഈ നിശ്ചയദാര്‍ഢ്യത്തെയാണ് ഇന്ത്യന്‍ കീഴാളവര്‍ഗ്ഗത്തിന്‍മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. ഒരിക്കലും ഹിന്ദു അല്ലാത്ത നിസാര മനുഷ്യരെ ഹിന്ദുമതത്തിന്റെ ക്ലാസിക്കല്‍ സൗന്ദര്യ  സങ്കല്പ യുക്തിബോധങ്ങളാണ് തങ്ങള്‍ ഹിന്ദുക്കള്‍ എന്ന് ചിന്തിപ്പിക്കുന്നത്. അത് ഇവിടത്തെ സാധാരണ ജനങ്ങളുടെ അറിയായ്മ കൂടിയാണ്. അതുകൊണ്ടാണ് ഇന്ത്യയില്‍ കീഴാള ഹിന്ദുത്വം വലിയ രീതിയില്‍ പ്രചരിച്ച് കേള്‍ക്കുന്നത്. 

ഫാസിസം ഇന്ത്യയെ ഇങ്ങനെയാണ് കവര്‍ന്നെടുക്കുന്നത്. അടിസ്ഥാന വര്‍ഗ്ഗക്കാരായ സാധാരണ ജനങ്ങളുടെ സഹായമില്ലാതെ ഹിന്ദുത്വം ഈ രാജ്യത്തില്‍ ഉണരില്ല എന്ന് ഹിന്ദുത്വവാദികള്‍ തിരിച്ചറിഞ്ഞു. അതുകൊണ്ട് ജാതി ഹിന്ദുത്വം എന്ന തന്ത്രത്തെ തല്‍ക്കാലം മരവിപ്പിച്ചുകൊണ്ട് അടിസ്ഥാന ജനവിഭാഗങ്ങള്‍ക്ക് തങ്ങള്‍ ഹിന്ദുക്കളാണെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ട് ഹിന്ദുത്വയുടെ ഏറ്റവും വലിയ അജന്‍ഡയായ ഹിന്ദു രാജ്യത്തെ രൂപപ്പെടുത്തിയെടുത്തത്. അതിലൂടെ വീണ്ടും സനാതന ആചാരങ്ങളെ ഇന്ത്യന്‍ ധര്‍മ്മമായി സ്ഥാപിച്ച് വീണ്ടും അവരെ അടിമകളായി മാറ്റുക എന്ന ലക്ഷ്യത്തോട് കൂടിയാണ് ബ്രാഹ്‌മണിക്ക് ഹിന്ദുത്വശക്തികള്‍ രാജ്യത്തിലെ അടിസ്ഥാന ജനവര്‍ഗ്ഗങ്ങളെ ഹിന്ദുക്കള്‍ എന്ന് പറഞ്ഞ് പറ്റിച്ചുകൊണ്ടിരിക്കുന്നത്.



#Subaltern & Modi Phenomena
Leave a comment