TMJ
searchnav-menu
post-thumbnail

Subaltern & Modi Phenomena

ജനാധിപത്യത്തിന്റെ പിന്നോട്ടടിയും സമഗ്രാധികാരത്തിന്റെ വ്യവസ്ഥാപനവും

22 Mar 2024   |   11 min Read
ദാമോദര്‍ പ്രസാദ്

തിരഞ്ഞെടുപ്പുകളുടെ വര്‍ഷമാണ് 2024. ഇന്ത്യയ്ക്ക് പുറമേ യൂറോപ്യന്‍ യൂണിയന്‍, അമേരിക്ക, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലാണ് വിധിനിര്‍ണായകങ്ങളായ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നത്.  ബംഗ്ലാദേശ്, പാകിസ്ഥാന്‍, ഇന്‍ഡോനേഷ്യ എന്നീ രാജ്യങ്ങളില്‍ തെരഞ്ഞെടുപ്പുകള്‍ നടന്നു. പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ ബഹിഷ്‌ക്കരിച്ച ബംഗ്ലാദേശ് തെരഞ്ഞെടുപ്പില്‍ 91 നു ശേഷമുള്ള രണ്ടാമത്തെ ഏറ്റവും കുറഞ്ഞ വോട്ടിങ് ശതമാനത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്.  എങ്കിലും, ഷെയ്ഖ് ഹസീന വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇന്‍ഡോനേഷ്യയില്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് പ്രതിരോധമന്ത്രി പ്രബോവോ സുബിയാന്തോ അവരോധിക്കപ്പെടുമെന്നാണ് കണക്കാക്കപ്പെടുന്നത്. മനുഷ്യാവകാശ ലംഘനങ്ങളിലെ പ്രബോവോയുടെ മുന്‍കാലങ്ങളിലുള്ള പങ്കാളിത്തം ആശങ്കയുയര്‍ത്തുന്നതാണ്. അമേരിക്കന്‍ പിന്തുണയോടെ അധികാരം പിടിച്ചെടുത്ത പട്ടാള മേധാവി സുഹാര്‍ത്തോയുടെ ഭരണകാലത്ത് മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തിയതിന്റെ പേരില്‍ പ്രബോവോ പരിശോധന നേരിടുന്നു. പാകിസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വ്യാപകമായ അട്ടിമറി നടന്നതായി ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടി ആരോപിച്ചിട്ടുണ്ട്. ഒട്ടേറെ പ്രതിബന്ധങ്ങളിലൂടെയുംപ്രതിസന്ധികളിലൂടെയും കടന്നു പോയതിനുശേഷം സര്‍ക്കാര്‍ രുപീകരണത്തിനായി പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിയും (പിപിപി) പാകിസ്ഥാന്‍ മുസ്ലീം ലീഗ്-നവാസും (പിഎംഎല്‍എന്‍) സമവായത്തിലെത്തിയതിന്റെ ഭാഗമായി ഷെഹ്ബാസ് ഷെരിഫ് പ്രധാനമന്ത്രിയായി ചുമതലയേറ്റു.

ജനാധിപത്യ പ്രക്രിയയുടെ തന്നെ മുതലെടുത്തുകൊണ്ട് തിരയടിച്ചുകയറുന്ന വലതുപക്ഷ വേലിയേറ്റമാണ് ലോകമെമ്പാടും കണ്ടുവരുന്ന പ്രവണത. ഈ വലതുപക്ഷവല്‍ക്കരണത്തിന് ജനസംഖ്യയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ ലഭിക്കുന്നുവെന്നതാണ്. സ്വേച്ഛാധിപത്യ പ്രവണതകള്‍ പ്രകടമാക്കുന്ന വലതുപക്ഷ മുന്നേറ്റത്തിന് ജനസംഖ്യയിലെ ഒരു വിഭാഗം എന്തുകൊണ്ട് പിന്തുണയ്ക്കുന്നു എന്നതിന്റെ കാര്യ കാരണങ്ങള്‍ അന്വേഷിക്കപ്പെടേണ്ടതുണ്ട്. പ്രതിനിധാന ജനാധിപത്യത്തിനെക്കുറിച്ച് യഥാര്‍ത്ഥത്തില്‍ വിശ്വാസകമ്മിയുണ്ടോ, ജനാധിപത്യം പ്രവര്‍ത്തനക്ഷമമല്ലാതായോ തുടങ്ങിയ ചോദ്യങ്ങളെ അധികരിച്ച് അമേരിക്കന്‍ ആസ്ഥാനമായ പ്യു ഗവേഷണ കേന്ദ്രം ലോകരാജ്യങ്ങളില്‍ ഒരു സര്‍വേ നടത്തുകയുണ്ടായി. സര്‍വേ ഫലങ്ങള്‍ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച് ആശങ്കകളുയര്‍ത്തുന്നതാണ്.

ശോഷിച്ചുകൊണ്ടിരിക്കുന്ന ജനാധിപത്യഘടനകളെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്നാണ് പ്യു റിസേര്‍ച് സെന്ററിന്റെ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.   ജനാധിപത്യ വിശ്വാസികളെ നടുക്കുന്നതാണ് ലോകത്തിലെ വിവിധ രാഷ്ട്രങ്ങളിലെയും ഇന്ത്യയിലെയും പ്രതിനിധാന ജനാധിപത്യത്തില്‍ ജനത്തിന് വിശ്വാസം കുറയുന്നുവെന്ന സര്‍വേ ഫലത്തിലെ കണ്ടെത്തല്‍. വിശ്വാസം കുറയുന്നുവെന്ന് മാത്രമല്ല  നേരിട്ടു നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 85 ശതമാനം പേരും പ്രതിനിധാന ജനാധിപത്യത്തിന് പകരമായി ഏകാധിപത്യ ഭരണത്തിനോടാണ് ആഭിമുഖ്യം പുലര്‍ത്തുന്നത് എന്നതാണ് ഏറ്റവും ഉത്കണ്ഠപ്പെടുത്തുന്ന സര്‍വേ ഫലം.  രണ്ടുവിധം സ്വേച്ഛാധിപത്യ മാതൃകകളെക്കുറിച്ചാണ് സര്‍വേ ചോദിച്ചത്. പാര്‍ലമെന്റില്‍ നിന്നോ കോടതികളില്‍ നിന്നോ (''സ്വേച്ഛാധിപത്യ നേതാവ്'') ഇടപെടലുകളില്ലാതെ ഒരു ശക്തനായ നേതാവിന് തീരുമാനങ്ങളെടുക്കാന്‍ കഴിയുന്ന ഒരു സംവിധാനവും അല്ലെങ്കില്‍ ഒരു സൈന്യം രാജ്യം ഭരിക്കുന്ന സംവിധാനവും (സൈന്യാധിപത്യം അല്ലെങ്കില്‍ സൈനിക ഭരണം) എന്നാണ് ഈ മാതൃകകള്‍. ജനാധിപത്യത്തോടുള്ള മടുപ്പും ഏകാധിപത്യത്തോടുള്ള ആഭിമുഖ്യവും ഏറ്റവും കൂടുതല്‍ പ്രകടിപ്പിച്ചത് ഇന്ത്യക്കാരാണ്. പൊതുവില്‍ ഇടത്തരം സമ്പന്ന രാജ്യങ്ങളിലെ സര്‍വേയില്‍ പങ്കെടുത്തവര്‍ ഏകാധിപത്യത്തോടാണ് കൂടുതല്‍ ആഭിമുഖ്യം പ്രകടമാക്കിയത്. (കേരളം ഇടത്തരം സമ്പന്നരാജ്യമാക്കാനുള്ള തീവ്രപ്രയത്‌നങ്ങളിലാണെന്നാണ് കേരളം ഇപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ നേതൃത്വമെന്നത് ഇതിനോട് കൂട്ടിച്ചേര്‍ത്ത് വായിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള ഭരണവര്‍ഗത്തിന്റെ സദൃശ താല്പര്യങ്ങള്‍ എന്താണെന്നു മനസ്സിലാക്കാനും കഴിയുന്നു.)

PHOTO: FACEBOOK
ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ട സ്വേച്ഛാധിപത്യത്തിലേക്ക് (electoral autocracy) രൂപാന്തരപ്പെടുകയാണെന്ന വാദം തെളിവുകളുടെ അടിസ്ഥാനത്തില്‍ സാമൂഹ്യപഠിതാക്കള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനെയാണ് ജനാധിപത്യത്തിന്റെ പിന്നോട്ടടി എന്ന് വിശേഷിപ്പിക്കുന്നത് ( democratic backsliding).  ഔപചാരികതലത്തില്‍ തിരഞ്ഞെടുപ്പുകള്‍ നടക്കുന്നുണ്ടെങ്കിലും ഭരണാധികാരം ഒറ്റ പാര്‍ട്ടിയിലേക്കും അതിന്റെ ഏക നേതാവിലേക്കും കേന്ദ്രീകരിക്കുന്നുവെന്നതാണ് ഇലക്ടറല്‍ ഓട്ടോക്രസിയുടെ പ്രാഥമിക ലക്ഷണം. വിനാശകരമായ വശമെന്നു പറയുന്നത് കോടതി, മാധ്യമങ്ങള്‍. ഭരണഘടനാധിഷ്ഠിത സ്ഥാപനങ്ങള്‍ എന്നിവയുടെ സ്വാതന്ത്ര്യം പരിമിതപ്പെടുന്നുവെന്നതാണ്. ഭരണകൂടം നിയമത്തെ ആയുധവല്‍ക്കരിച്ചുകൊണ്ട് വിമത ശബ്ദങ്ങളെയും പ്രതിപക്ഷത്തെയും നിശ്ശേഷം ഇല്ലാതാക്കുന്നു. വിനാശത്തിനൊപ്പം അത് ഹീനമാകുന്നത് ദേശീയതയെ മതാത്മകമായി നിര്‍വചിച്ചുകൊണ്ട് ലോകത്തില്‍ മുമ്പ് നടന്നിട്ടുള്ള എല്ലാ ഭരണകൂട പിന്തുണയോടെയുള്ള വംശീയ രാഷ്ട്രീയ യുക്തിയെ പിന്തുടര്‍ന്നുകൊണ്ട് ഒരു സവിശേഷ മത ജനവിഭാഗത്തെ രാജ്യശത്രുക്കള്‍ എന്ന നിലയില്‍ വ്യവഹരിച്ചുകൊണ്ട് വംശനാശക പ്രയോഗങ്ങള്‍ ക്രമേണ നടപ്പിലാക്കുന്നുവെന്നാണ്. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ജനപ്രിയ സ്വേച്ഛാധിപത്യമായി  (popular authoritarianism) പരിണമിക്കുന്നു.

ഭൂരിപക്ഷം എന്നത് വംശീയ ഭൂരിപക്ഷമാവുകയും അതിനു ഭാവനാത്മകമായ തദ്ദേശീയത കല്പിക്കുകയും അതിനെ ആധാരമാക്കി സെമിറ്റിക് മത സമുദായങ്ങളെ അപരവല്‍ക്കരിച്ചും വംശീയതയെ സംതൃപ്തമാക്കിയും ഭൂരിപക്ഷത്തിന്റെ പ്രതീതിയും പരിവേഷവും നേടിയെടുക്കുന്നു. 'ജനകീയത' (popular) വംശീയതയാകുന്നു. മാത്രമല്ല, വര്‍ഗ്ഗപരമായി സമൂഹത്തിലെ മധ്യവര്‍ഗ സമൂഹത്തെയാണ് കൂടുതലായും ഇതുകൊണ്ട് സംതൃപ്തമാക്കാന്‍ ഉദ്യമിക്കുന്നത്. ജനാധിപത്യത്തിന് അവലംബമാകേണ്ട സ്വാച്ഛന്ദ്യം, വ്യതിരിക്തത, വിസമ്മതം എന്നത് നിയമപരമായി തന്നെ നിര്‍മൂലനം ചെയ്യപ്പെടുന്നു, പകരമായി, ഏകീകൃത വ്യവസ്ഥ അടിച്ചേല്‍പ്പിക്കപ്പെടുന്നു. ഏകീകൃതയെ വംശീയ ഭൂരിപക്ഷത്തിനും വര്‍ഗ്ഗപരമായി മധ്യവര്‍ഗത്തിനും ഉപോല്‍ബലകമാക്കുകയും ചെയ്യുന്നു. 

ജനാധിപത്യ വ്യവസ്ഥയുടെ അടിസ്ഥാന പ്രേരണകള്‍ എന്താണെന്ന് പ്യു റിസേര്‍ച് അവരുടെ സര്‍വേ ചോദ്യങ്ങളുടെ ഭാഗമായി വ്യക്തമാക്കുന്നുണ്ട്.  സ്വതന്ത്രവും ന്യായയുക്തവുമായ നീതിന്യായ വ്യവസ്ഥ, ലിംഗസമത്വം, കൃത്യമായ ഇടവേളകളില്‍ നടക്കുന്ന പൊതുതിരഞ്ഞെടുപ്പ്, മാധ്യമസ്വാതന്ത്ര്യം, ഇന്റര്‍നെറ്റ് അവകാശം, പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മനുഷ്യാവകാശ സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം, സംഘടിക്കാനുള്ള സ്വാതന്ത്ര്യം. ഇതിന്റെ ഭാഗമായുള്ളതാണ് അന്തഃകരണ സ്വാതന്ത്ര്യം (freedom of conscience). അന്തഃകരണ സ്വാതന്ത്ര്യത്തിന്റെ അവിഭാജ്യഘടകമാണ് മതവിശ്വാസവും മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യവും. എല്ലാ മതത്തിനും തുല്യാവകാശമാണ്.  കൃത്രിമമായി സ്വരുക്കൂടിയിരിക്കുന്ന ഭൂരിപക്ഷം വിശ്വാസ സ്വാതന്ത്ര്യത്തെ കേവലം ന്യൂനപക്ഷ പ്രീണനമായി മനസ്സിലാക്കുമ്പോള്‍ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നു.  രാഷ്ട്രീയാധിപത്യം നേടിക്കഴിഞ്ഞ സാംസ്‌കാരിക ദേശീയത മതാത്മകമായ വ്യവഹാരമാവുകയും ചെയ്യുന്നു. പ്രതീതി മാനിപുലേഷനിലൂടെ രൂപീകൃതമായ 'ഭൂരിപക്ഷം' തങ്ങള്‍ക്ക് നിയമപരമായി ലഭ്യമായിട്ടുള്ള അവകാശങ്ങളെക്കാളും സ്വാതന്ത്ര്യത്തെക്കാളും സാംസ്‌കാരിക ദേശീയതയാണ് പ്രധാനമെന്നതിലേക്ക് പ്രക്ഷാളനം ചെയ്യപ്പെടുന്നു. ഇന്ത്യയെ സംബന്ധിച്ചാണെങ്കില്‍ 85 ശതമാനം എന്ന് പറയുന്നത് ഈ നിലയില്‍ രൂപീകൃതമായ ഭൂരിപക്ഷ ബോധമാണ്. ഇവരുടെ ചിന്താശേഷി പരിവര്‍ത്തിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ ആശങ്കയുളവാക്കുന്ന കാര്യം. എന്തുകൊണ്ടിങ്ങനെ സംഭവിച്ചു എന്നാലോചിക്കുംമുമ്പ് ഇന്ത്യയില്‍ ജനാധിപത്യ വ്യവസ്ഥ കരുപിടിപ്പിക്കുന്നതില്‍ 'ബഹുഭൂരിപക്ഷം' (mass) ജനം വഹിച്ചപങ്ക് ഓര്‍ക്കേണ്ടതാണ്.

REPRESENTATIONAL IMAGE: WIKI COMMONS
ഇന്ത്യയിലെ ജനാധിപത്യം പുഷ്ടിപ്പെട്ടതിനെക്കുറിച്ച് ഓര്‍നിറ്റ് ഷാനി 'How India became democratic: Citizenship and the making of Universal Franchise' എന്ന പുസ്തകത്തില്‍ വിശദീകരിക്കുന്നുണ്ട്. സാര്‍വത്രിക വോട്ടവകാശം ഉറപ്പാക്കുന്നതിലൂടെ ജനാധിപത്യ പ്രക്രിയ സ്ഥാപനവല്‍ക്കരിക്കുന്നതില്‍ സാധാരണ പൗരന്മാരായിരുന്നു ഏറ്റവും വലിയ പ്രേരകശക്തി.

ഓര്‍ണിറ്റ്  ഷാനി പറയുന്നത് ഇപ്രകാരമാണ്: 
'സാര്‍വത്രിക വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ വോട്ടര്‍പട്ടിക തയ്യാറാക്കുമ്പോള്‍ ഉയര്‍ന്നുവന്ന പൗരത്വത്തിനായുള്ള പോരാട്ടങ്ങള്‍ ജനാധിപത്യ പൗരത്വം (democratic citizenship) എന്ന ആശയത്തെ ഭരണഘടന പാസാക്കുന്നതിന് മുമ്പുതന്നെ പൗരത്വസ്ഥാപനത്തിന്റെ ജീവിതരീതിയാക്കി മാറ്റപ്പെട്ടു. വോട്ടര്‍മാരായത് അവരെ തുല്യാവകാശമുള്ള പൗരന്മാരാക്കി മാറ്റി. അവരുടെ ഗവണ്‍മെന്റിനെ തിരഞ്ഞെടുക്കാനുള്ള അധികാരം അവര്‍ക്ക് കൈവന്നു. ശ്രേണീബദ്ധമായ സാമൂഹികക്രമത്തിലെ അംഗമായിരിക്കെത്തന്നെ പൊതുസാമൂഹികതയില്‍ തുല്യതയുള്ള ഒരു സ്ഥാനം അവര്‍ പരിമിതമായെങ്കിലും നേടിയെടുത്തു. ഇന്ത്യയിലെ ജനാധിപത്യ പൗരത്വത്തിന്റെ സ്ഥാപനവല്‍ക്കരണത്തിലെ ഈ ശക്തമായ വശം എന്തൊക്കെത്തന്നെ പോരായ്മകള്‍ക്കിടയിലും നിലനില്പിനുള്ള താക്കോലായി തീര്‍ന്നു. ഭരണഘടനാപരമായ അവകാശങ്ങള്‍ പലതും സ്ഥാപിതമാക്കാതിരിക്കുമ്പോള്‍ത്തന്നെ ജനാധിപത്യ പ്രക്രിയയില്‍ ഇടം ലഭിക്കുകയെന്നത് അവകാശ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നതായിരുന്നു.' 

ഇന്ത്യയിലെ വരേണ്യ സമൂഹം ജനാധിപത്യപ്രക്രിയയെ പലപ്പോഴും സംശയത്തോടെയാണ് അഭിമുഖീകരിച്ചത്. പ്രതിനിധാന ജനാധിപത്യത്തിനെതിരെ അവര്‍ സ്ഥിരമായി ആക്ഷേപങ്ങളും അധിക്ഷേപങ്ങളും ചൊരിഞ്ഞുകൊണ്ടിരുന്നു. സ്‌ക്കൂളിന്റെ പടിപോലും കാണാത്തവര്‍ അധികാര സിംഹാസനത്തില്‍ ആസനസ്ഥരായിരിക്കുന്നുവെന്നും അവരുടെ ഭരണം ശുനകഭരണമാണെന്നുമുള്ള കിംവദന്തികള്‍ പരത്തി. സംവരണത്തെ അവര്‍ എതിര്‍ത്തു. പൊതുസംരംഭങ്ങളെക്കുറിച്ച് അപകീര്‍ത്തികള്‍ പ്രചരിപ്പിച്ചു. വോട്ടെടുപ്പില്‍ നിന്നും മാറി നിന്നു. സ്ഥാനാര്‍ത്ഥികളെ തിരസ്‌ക്കരിക്കാനുള്ള 'നോട്ട' (NOTA) എന്ന സമ്മതിദാനത്തിനായി വളരെ മുമ്പേ വാദം തുടങ്ങി. പ്രതിനിധാന ജനാധിപത്യത്തെക്കുറിച്ചുള്ള അവിശ്വാസം ഇതില്‍ നിഴലിച്ചിരുന്നു. ഏതൊക്കെയോ നിലയില്‍ ജനാധിപത്യം വരേണ്യ സമൂഹത്തിന്  അസക്യത സൃഷ്ടിച്ചുകൊണ്ടിരുന്നു. പട്ടാളഭരണം അല്ലെങ്കില്‍ ഏകാധിപത്യമാണ് ഇന്ത്യപോലെ രാജ്യത്തിന് അഭികാമ്യമെന്നവര്‍ ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുകൊണ്ടുമിരുന്നു. ബൂര്‍ഷ്വാസികളേക്കാള്‍ ഇതിന്റെ പ്രചാരകരായത് വരേണ്യരായ മധ്യവര്‍ഗമാണ്.

75 -77 അടിയന്തരാവസ്ഥ സോഷ്യലിസ്റ്റ് ആശയത്തിനു പ്രാമുഖ്യം നല്കിയിരുന്നപ്പോഴും വരേണ്യ മധ്യവര്‍ഗം ഇതിനെ പിന്തുണച്ചത് രാജ്യം യന്ത്രംപോലെ കര്‍മ്മനിരതമാകാന്‍ ഭയവും ശിക്ഷണസമ്പ്രദായവും കര്‍ക്കശമാക്കി എന്നതിനാലാണ്. അടിയന്തരാവസ്ഥക്കാലത്തെ നിര്‍ബന്ധിത വന്ധ്യംകരണത്തെ വരേണ്യ മധ്യസമൂഹം വിപ്ലവകരമായ നടപടിയായാണ് വിലയിരുത്തിയത്. അടിയന്തരാവസ്ഥാനാന്തരം ഇന്ത്യന്‍ ജനാധിപത്യത്തിലേക്ക് കര്‍ഷകരും തൊഴിലാളികളും ന്യൂനപക്ഷങ്ങളും അവശവിഭാഗങ്ങളും കടന്നുവന്നതോടെ  ജനാധിപത്യപ്രക്രിയ കൂടുതല്‍ വികസ്വരമായത് ഇന്ത്യന്‍ വരേണ്യ മധ്യവര്‍ഗ്ഗത്തെ അസ്വസ്ഥതപ്പെടുത്തി. മണ്ഡല്‍ കമീഷന്‍ നടപ്പാക്കാനുള്ള വിപി സിംഗ് സര്‍ക്കാരിന്റെ തീരുമാനത്തോടെ വരേണ്യ മധ്യവര്‍ഗ്ഗത്തിന്റെ പ്രതിഷേധം അതിന്റെ പാരമ്യത്തിലെത്തി. രാജീവ് ഗാന്ധിക്കെതിരെ നിലയുറപ്പിച്ച കാലത്തില്‍ ഏറെ മാധ്യമ പരിലാളന ഏറ്റുവാങ്ങിയ വി പി  സിങ്ങിനെ  പൊടുന്നനെ ദല്‍ഹി മാധ്യമങ്ങള്‍ ശത്രുവായി മുദ്രകുത്തി. ഭാഗ്യവശാല്‍, രാജ്യദ്രോഹി പദാവലി ഇന്നത്തെ നിലയില്‍ പ്രാബല്യത്തിലെയിരുന്നു. ഉണ്ടായിരുന്നെങ്കില്‍ വി പി സിങ്ങിനും ആ മുദ്രയും ചാര്‍ത്തപ്പെടുമായിരുന്നിരിക്കണം.

വി പി  സിങ്ങ് | PHOTO: WIKI COMMONS
ഇന്ത്യയില്‍ വ്യവസ്ഥാപിതമായ നെഹ്രൂവിയന്‍ ലിബറല്‍ ജനാധിപത്യം ദളിത് ജനവിഭാഗത്തിന്റെ ഉന്നമനത്തിന് പലരീതിയിലും ഗുണകരമായിരിക്കെത്തന്നെ പല പരിമിതികളും സൃഷ്ടിച്ചിരുന്നുവെന്ന് ലിബറല്‍ ജനാധിപത്യത്തെ വിമര്‍ശനപരമായി സമീപിക്കുന്ന ഒരു പ്രബന്ധത്തില്‍ ഗോപാല്‍ ഗുരു വിശദീകരിക്കുന്നുണ്ട്. ഇന്ത്യന്‍ ലിബറല്‍ ജനാധിപത്യത്തെക്കുറിച്ചുള്ള വിമര്‍ശനപരമായ ഉള്‍ക്കാഴ്ചകള്‍ പ്രദാനം ചെയ്യുന്ന ഈ പ്രബന്ധത്തിന്റെ ഉപസമാഹാര നിരീക്ഷണങ്ങള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെക്കുറിച്ചുള്ള വിചിന്തനങ്ങള്‍ക്ക് പരിപ്രേക്ഷ്യം നല്‍കുന്നതാണ്. ഗോപാല്‍ ഗുരുവിന്റെ കാഴ്ചപ്പാട് ചുരുക്കി ഇവിടെ അവതരിപ്പിക്കുന്നു:

'ലിബറല്‍ ജനാധിപത്യം ദലിത് ജനവിഭാഗത്തെ സത്യത്തില്‍ നിന്ന് സത്യത്തിലേക്ക് നീങ്ങാന്‍ സഹായിച്ചു, ചിലര്‍ പ്രധാനപ്പെട്ട 'പൊതു' വ്യക്തികളായി മാറിയിരിക്കുന്നു, ഉദാഹരണത്തിന് തോട്ടിപ്പണിക്കാരന്‍ അല്ലെങ്കില്‍ ദെഡ്ഡ് എന്ന കളങ്കപ്പെടുത്തപ്പെട്ട വ്യക്തിത്വത്തെ മറികടന്ന്. എന്നാല്‍ സത്യത്തില്‍ നിന്ന് സത്യത്തിലേക്കുള്ള ഈ യാത്ര അപൂര്‍ണ്ണമാണ്; അവര്‍ സ്വന്തം ദൃഷ്ടിയില്‍ വളരുമ്പോള്‍, ഉയര്‍ന്ന ജാതിയുടെ കണ്ണില്‍ അവര്‍ വളരുന്നില്ല. ടോണി മോറിസണ്‍ പറഞ്ഞ അമേരിക്കന്‍ വെള്ളക്കാരുടെ കണ്ണില്‍ വളരാതിരിക്കുന്ന അമേരിക്കന്‍ കറുത്തവര്‍ഗ്ഗക്കാരുടേതിന് സമാനമാണ് ദളിത് ജനവിഭാഗത്തിന്റെ ദുരവസ്ഥ.  വേറെ വാക്കുകളില്‍ പറഞ്ഞാല്‍, വ്യക്തിപരമായ നേട്ടങ്ങളിലൂടെ അവര്‍ക്ക് ആത്മാഭ്യൂനതി വര്‍ദ്ധിപ്പിക്കാന്‍ കഴിയുമെങ്കിലും ആത്മാഭിമാനം നേടുന്നതില്‍ പരാജയപ്പെടുന്നു, കാരണം ദളിത് സമൂഹം ഇപ്പോഴും ഇന്ത്യയിലെ ജാതിബദ്ധ സമൂഹത്താല്‍ പീഡിപ്പിക്കപ്പെടുന്നു.

ഇന്ത്യന്‍ ലിബറലിസം ദലിതുകളെ ആത്മാഭ്യൂനതി നേടിയെടുക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കിലും ആത്മാഭിമാനം നേടിയെടുക്കുന്നതില്‍ പിന്തുണച്ചതുമില്ല. ജാതി എന്ന ഇന്ത്യന്‍ ശാശ്വത സത്യത്തിന്റെ നിഴലിലാണ് ഇന്ത്യന്‍ ലിബറല്‍ ജനാധിപത്യം നിലനില്‍ക്കുന്നത്. ദളിത് വിമര്‍ശനം ഉന്നംവെയ്ക്കുന്നത് നരകകുഴിയിലെ അധോജീവിതത്തില്‍ നിന്നും ആത്മബോധമുള്ള ജനതയിലേക്കുള്ള ദളിത് ജനതയുടെ പരിവര്‍ത്തനത്തില്‍ ഇന്ത്യന്‍ ലിബറല്‍ ജനാധിപത്യ ഘടനകള്‍ ഏതുവിധം പരാജയപ്പെട്ടുവെന്നത് ചൂണ്ടിക്കാണിക്കാനാണ്. 'പ്രധാനകാര്യം ഇന്ത്യന്‍ ലിബറല്‍ ജനാധിപത്യ വിമര്‍ശപരമായി സമീപിക്കുന്ന നിലപാടാണ് ദളിത് ചിന്തകരും പ്രസ്ഥാനങ്ങളും സ്വീകരിച്ചിരിക്കുന്നു. ദളിത് പാന്തേഴ്‌സ് പോലുള്ള പ്രസ്ഥാനങ്ങള്‍ വ്യത്യസ്ത സമീപനമാണ് സ്വീകരിച്ചതെന്നു വിസ്മരിച്ചുകൊണ്ടല്ല ഇതു പറയുന്നത്. എന്നാല്‍, ലിബറല്‍ ജനാധിപത്യത്തിന്റെ ഗുണഭോക്താവായ വരേണ്യ മധ്യവര്‍ഗം ജനാധിപത്യ പ്രക്രിയയോട് നിരാസഭാവമാണ് പുലര്‍ത്തിപോന്നത്. ഒരേകാധിപത്യ വ്യവസ്ഥയെക്കുറിച്ചുള്ള അഭിലാഷം ഈ നിരാസത്തിലുണ്ടായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

ഗോപാല്‍ ഗുരു | PHOTO: PTI
ഈ വൈരുധ്യങ്ങള്‍ക്കിടയിലും തിരഞ്ഞെടുപ്പില്‍ സമ്മതിദാന അവകാശം വിനിയോഗിക്കപ്പെടുന്ന തോത് ഉയര്‍ന്നിരിക്കുന്നു. തിരഞ്ഞെടുപ്പുകള്‍ ഉത്സവ പ്രതീതിയില്‍ നടക്കുന്നത് ജനത്തിന്റെ ആഹ്ലാദകരമായ പങ്കാളിത്തം നിമിത്തമാണ്. ഈ പ്രവണതയെ എന്നും അട്ടിമറിക്കാനുള്ള നീക്കങ്ങളുണ്ടായിട്ടുണ്ട്. ആദ്യകാലങ്ങളില്‍ ജന്മിമാരുടെ സൈന്യം ബൂത്ത് പിടിച്ചെടുക്കുകയോ വോട്ടെടുപ്പ് തന്നെ അട്ടിമറിച്ചോ ആണ് തിരഞ്ഞെടുപ്പുകള്‍ അസ്ഥിരപ്പെടുത്തിയതെങ്കില്‍ ജനവിധികളെ പണംകൊടുത്ത് വാങ്ങിയാണ് തിരഞ്ഞെടുപ്പ് വിധികള്‍ ആസൂത്രിതമായി നവലിബറല്‍ ജന്മിത്വ വ്യവസ്ഥ അട്ടിമറിക്കുന്നത്. തിരഞ്ഞെടുപ്പുകള്‍ മാത്രമാണ് ജനാധിപത്യ അളവുകോലായി പരിഗണിക്കാന്‍ പറ്റാത്തവിധമാണ് അട്ടിമറികള്‍ ആവര്‍ത്തിക്കപ്പെടുന്നത്. ആയതിനാല്‍ കൃത്യമായ ഇടവേളകളില്‍ നടക്കുന്ന തിരഞ്ഞെടുപ്പും ജനങ്ങളുടെ സമ്മതിദാന അവകാശവും മുറപോലെ പരിപാലിക്കപ്പെടുന്നു എന്നത് ജനാധിപത്യ ഭദ്രമായി നിലനില്‍ക്കുന്നതിന്റെ സൂചനയായി കാണാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ബോധപൂര്‍വംതന്നെ ജനാധിപത്യത്തോടെ അവമതിപ്പ് സൃഷ്ടിക്കാനുള്ള ആസൂത്രിത ശ്രമമാണോ ജനവിധിയെ അട്ടിമറിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

2024 നു ശേഷമുള്ള ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവിഭാഗധേയമെന്തായിരിക്കുമെന്ന് ആത്യന്തികമായി വ്യക്തമാവുക തെരഞ്ഞെടുപ്പിലെ ജനവിധി എന്തായിരിക്കുമെന്നാശ്രയിച്ചായിരിക്കും എന്ന് പറയുമ്പോഴും പാര്‍ട്ടികളെ പിളര്‍ത്തിയും പണവും ഭീഷണികൊണ്ടും തിരഞ്ഞെടുക്കപ്പെട്ടവരെ പാര്‍ട്ടി മാറ്റിച്ചും മുന്നണി മാറ്റിച്ചും ജനാധിപത്യ പ്രക്രിയയെ അര്‍ത്ഥശൂന്യമാക്കുന്ന പ്രവണത പണ്ടത്തേക്കാള്‍ രൂഢമൂലമായിരിക്കുന്നു. ജനാധിപത്യത്തിന്റെ അട്ടിമറിയില്‍ അസ്വാഭാവികത അനുഭവപ്പെടാതിരിക്കുന്നതുതന്നെ രാഷ്ട്രീയശരീരം രോഗഗ്രസ്തമായിരിക്കുന്നതിന്റെ ലക്ഷണമാണ്. തിരഞ്ഞെടുപ്പുകള്‍, അതായത്, ജനതയുടെ സമ്മതിദാന അവകാശം വിനിയോഗിക്കാനുള്ള അവസരം ഉദാരജനാധിപത്യത്തിന്റെ ഉറപ്പുകളില്‍ പ്രധാനമാണ്. ഉദാരജനാധിപത്യം ഒരു വ്യക്തി സമം ഒരു വോട്ടു എന്നത്  മൂല്യാധിഷ്ഠിതമായ സ്വതന്ത്ര വിപണിയുടെ സങ്കല്പത്തെത്തന്നെ ആധാരമാക്കിയാണ് പരികല്പന ചെയ്തിരിക്കുന്നത്. ലിബറല്‍ ജനാധിപത്യത്തിന്റെ പ്രാരംഭ ഘട്ടങ്ങളില്‍ സമ്മതിദാനാവകാശം പരിമിതപ്പെടുത്തിയിരുന്നു. സ്വത്തവകാശം ഒരു പ്രധാന ഘടകമായിരുന്നപ്പോള്‍ത്തന്നെ സമ്മതിദാനം സ്ത്രീകള്‍ക്ക് നിഷേധിച്ചിരുന്നു. ഉദാര ജനാധിപത്യത്തിലെ ബഹുജനപങ്കാളിത്തം തുലോം തുച്ഛമായിരുന്നയിടത്തു നിന്നും ജനാധിപത്യത്തിനെ ഉള്‍ക്കൊള്ളാന്‍ ശേഷി വര്‍ദ്ധിക്കുന്നത് ജനകീയമായ പ്രക്ഷോഭങ്ങളിലൂടെയാണ്.

സമ്മതിദാനാവകാശങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതായിരുന്നില്ല പ്രക്ഷോഭം. തൊഴിലാളികളുടെ തൊഴില്‍ സമയം നിജപ്പെടുത്താനുള്ള പ്രക്ഷോഭം മുതല്‍ വേതനവര്‍ദ്ധനവിനും ഭേദപ്പെട്ട തൊഴില്‍ സാഹചര്യങ്ങള്‍ക്കും വേണ്ടി നടന്ന വന്‍പ്രക്ഷോഭങ്ങളും ദേശീയ സ്വാതന്ത്ര്യസമരങ്ങളും ഭരണകൂടത്തിന്മേല്‍ ചെലുത്തിയ വന്‍ സമ്മര്‍ദ്ദത്തിന്റെ ഫലമാണ് ഉദാരജനാധിപത്യം വിഭിന്നവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നതിന് കാരണമായത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യഘട്ടങ്ങളില്‍ അടിച്ചമര്‍ത്തപ്പെട്ട ജനതയ്ക്ക് മുമ്പിലുണ്ടായിരുന്ന വിപ്ലവത്തിന്റെ പാതയില്‍ നിന്നും ശ്രദ്ധതിരിച്ചുവിടാന്‍ കൂടിയാണ് ബൂര്‍ഷ്വാ ജനാധിപത്യം കൂടുതല്‍ ഉദാരമാകാന്‍ നിര്‍ബന്ധിതമായത്. ഉള്‍ക്കൊള്ളല്‍ എന്നതിനേക്കാള്‍ ഒതുക്കിനിര്‍ത്തല്‍ (containment) തന്ത്രമാണ് ഉദാരജനാധിപത്യം എന്നും പിന്തുടര്‍ന്നിരുന്നത്. ഭരണഘടന നിര്‍മാണ അസംബ്ലിയിലേക്കുള്ള തിരഞ്ഞെടുപ്പില്‍ സമ്മതിദാനാവകാശം പരിമിതമായിരുന്നെങ്കിലും ഇന്ത്യയുടെ ഭരണഘടനാ നിര്‍മാണസഭ സ്വതന്ത്രമായ രാജ്യം ഭിന്നവിഭാഗങ്ങളില്‍ നിന്നുള്ള വെല്ലുവിളികളെ സൂക്ഷ്മമായി തിരിച്ചറിഞ്ഞിരുന്നു. ഇതിന്റെ ഫലമാണ് മൗലികാവകാശങ്ങള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടും ഫെഡറല്‍ തത്വം അംഗീകരിച്ചുകൊണ്ടും സംവരണത്തിന് ഭരണഘടന സാധുത നല്കിക്കൊണ്ടും സ്വച്ഛന്ദമായി പ്രവര്‍ത്തിക്കാവുന്ന കോടതികളെയും വിഭാവനം ചെയ്തത്. ഉള്‍ക്കൊള്ളല്‍ (inclusion)  ഉദാരജനാധിപത്യത്തിന് പരമപ്രധാനമായിരിക്കെത്തന്നെ ഒതുക്കല്‍ തന്ത്രം (containment strategy) അന്തര്‍ലീനമായി പ്രവര്‍ത്തനക്ഷമമായിരുന്നു.

REPRESENTATIONAL IMAGE: WIKI COMMONS
ഉദാരജനാധിപത്യത്തില്‍ ഉള്‍ക്കൊള്ളല്‍ എന്നത് ഒരേപോലെ ഇന്‍ക്ലൂസിവന്‍സ്സും കണ്ടെയ്ന്‍മെന്റുമാണ്. രാഷ്ട്രീയ സമ്പദ്ശാസ്ത്രപരമായി സമ്പന്നവിഭാഗങ്ങളുടെ താല്പര്യത്തെ പൂര്‍ണമായും സംരക്ഷിക്കുന്നതുമായിരുന്നു ഉദാര ജനാധിപത്യം. കൂടുതല്‍ ഉള്‍ക്കൊള്ളല്‍ ശേഷി പ്രകടമാക്കിയതും നേരത്തെ സൂചിപ്പിച്ചപോലെ അവകാശസമരങ്ങളുടെ ഭാഗമായാണ്. രോഹിത് ഡേ ജനങ്ങളുടെ ഭരണഘടന എന്ന പുസ്തകത്തില്‍ (A People's Constitution) ഇന്ത്യയുടെ ഭരണഘടന ആരംഭംതൊട്ടേ ജനകീയ അവകാശ പോരാട്ടങ്ങള്‍ക്ക് അടിസ്ഥാനപാഠമായതെങ്ങനെയെന്ന് വിശദീകരിക്കുന്നുണ്ട്. ചരിത്രപരമായ യാദൃച്ഛികത കൂടി ഇതില്‍ ഉള്ളടങ്ങിയിട്ടുണ്ട്. സ്വാതന്ത്ര്യാനന്തരം തുടര്‍ച്ചയായി നടന്ന ജനകീയ പ്രക്ഷോഭങ്ങള്‍ ഭരണഘടനയെ മുന്‍നിര്‍ത്തിയാണ് നടന്നിട്ടുള്ളത്. എഴുപതുകള്‍ വരെയെങ്കിലും പ്രബലമായ ദേശീയ ബുര്‍ഷ്വാസിക്ക് ഭിന്നവിഭാഗങ്ങളുമായി നീക്കുപോക്കുകള്‍ നടത്താന്‍ പ്രേരണയായതും ഭരണഘടന തന്നെയാണ്. അതിനാലാണ് ഭരണഘടനയുടെ ആമുഖത്തില്‍  സോഷ്യലിസവും സെക്യുലറിസവും ചേര്‍ത്തതും.

ദേശീയ പ്രസ്ഥാനത്തിന്റെ കാലംമുതല്‍ക്കേ ജനകീയ പങ്കാളിത്തവും ഹിന്ദു മുസ്ലിം സൗഹൃദവും ആധാരമാക്കിയുള്ള സ്വാതന്ത്ര്യ പ്രക്ഷോഭമാര്‍ഗ്ഗത്തോട് ശക്തമായിത്തന്നെ വിമുഖത പുലര്‍ത്തുകയും  അധീശത്വപരമായ ഹിന്ദു ദേശീയതയ്ക്കുവേണ്ടി നിലകൊള്ളുന്നവരുമായിരുന്ന വിഭാഗം ജനാധിപത്യ പ്രക്രിയയെ പ്രത്യയശാസ്ത്ര പ്രചാരണത്തിനായി ഉപയോഗപ്പെടുത്തിയിരുന്നു. ഹിന്ദു മഹാസഭയും രാഷ്ട്രീയ സ്വയം സേവക് സംഘവും ഈ രാഷ്ട്രീയധാരയെ പ്രതിനിധാനം ചെയ്യുന്നു. ഈ സംഘടനകളുടെ സാങ്കല്പിക ചരിത്രത്തില്‍ പതിനൊന്നാം നൂറ്റാണ്ട് മുതല്‍ ഭാരതഭൂഖന്ധം മുസ്ലിം അധിനിവേശത്തിന് കീഴ്‌പ്പെട്ടതാണ്. രജപുത്രരുടെയോ മറാഠികളുടെയോ മുസ്ലിം രാജാധികാരവുമായുള്ള ഏറ്റുമുട്ടല്‍ ചെറുത്തുനില്പുകളായാണ് അവര്‍ കാണുന്നത്. ഹിന്ദു ദേശീയത സംഘടിത രൂപമാര്‍ജ്ജിക്കുന്നതിനും മുമ്പ് ഹൈന്ദവ ദേശീയതയെ പ്രമാണമായി ആവിഷ്‌കരിച്ച ബങ്കിം ചന്ദ്ര ചാറ്റര്‍ജിയെ പോലുള്ളവര്‍ ബ്രിട്ടീഷ് അധിനിവേശം മുസ്ലിം ഭരണത്തില്‍ നിന്നുള്ള വിമുക്തിക്ക് ഹിതകരമായിരുന്നുവെന്നും വ്യാഖ്യാനിച്ചിരുന്നു. ബ്രിട്ടീഷ് ഇന്ത്യാ ചരിത്രത്തിലെ സന്യാസികലാപം മുസ്ലിം ഭരണക്രമത്തിനെതിരെയുള്ളതായിരുന്നുവല്ലൊ.

ചരിത്രതാളുകളിലെ വസ്തുതകള്‍ നമുക്ക് ഉപകാരപ്പെടുന്നത് വര്‍ത്തമാന രാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ മനസ്സിലാക്കാനും രാഷ്ട്രത്തിന്റെ ഭാവിയെക്കുറിച്ചുള്ള സൂചനകള്‍ ഇതില്‍ നിന്നും തിരിച്ചറിയാനും വേണ്ടിയാണ്.  ദേശീയ പ്രസ്ഥാനത്തോടൊപ്പംതന്നെ സമാന്തരധാരയായി ഹിന്ദു വലതുപക്ഷ രാഷ്ട്രീയം ഏറ്റക്കുറച്ചിലുകളോടെ നിലനിന്നിരുന്നു. പ്രത്യയശാസ്ത്രപരമായും രാഷ്ട്രീയ സമ്പദ്ശാസ്ത്രപരമായും ലോകത്തിലെ ഫാസിസ്റ്റ് നാസി തീവ്രവലതുപക്ഷ രാഷ്ട്രീയത്തോട് ഐക്യപ്പെടുന്ന സമീപനവുമായിരുന്നു ഇതിന്റേത്.  ഇന്ത്യന്‍ ഹിന്ദു വലതുപക്ഷത്തിന്റെ ദേശീയതയുടെ പ്രത്യയശാസ്ത്രത്തില്‍ മസ്സിനീനി മുതല്‍ മുസ്സോളനി വരെയുള്ള ഇറ്റലിയില്‍ വികസ്വരമായ വംശീയ ദേശീയതയുടെ സ്വാധീനം പ്രകടമാണ്. സാംസ്‌കാരിക ദേശീയതയ്ക്ക് മതാത്മകമായ പരിവേഷം നല്‍കിയും അതിന്റെ അടിസ്ഥാനത്തില്‍ രാഷ്ട്രത്തെ വിഭാവനം ചെയ്തുമുള്ള ദേശരാഷ്ട്ര ഭരണകൂട സങ്കല്പമാണ് ഹിന്ദു വലതുപക്ഷം മുന്നോട്ടുവെയ്ക്കുന്നത്. ഹിന്ദു സമഗ്രാധികാരമാണ് സാംസ്‌കാരിക ദേശീയതയുടെ പ്രത്യയശാസ്ത്രത്തിന്റെ ഭരണകൂടമാതൃക. ഹിന്ദു സമഗ്രാധികാരത്തിന്റെ പ്രത്യയശാസ്ത്രാധാരശിലയാണ് ഹിന്ദുത്വം.

REPRESENTATIONAL IMAGE: WIKI COMMONS
ഒരു പ്രധാന ധാരയായി ഇത് നിലനിന്നിട്ടും എന്തുകൊണ്ട് ദീര്‍ഘകാലം രാഷ്ട്രീയാധികാരത്തില്‍ നിന്നും അകറ്റിനിര്‍ത്തപ്പെട്ടുവെന്ന ചോദ്യത്തിനുള്ള പ്രധാന ഉത്തരം ഇന്ത്യന്‍ ദേശീയതയുടെ ബഹുല ബഹുത്വ ഘടന ഇതിനെ ആദ്യന്തം ചെറുത്തിരുന്നു എന്നത് തന്നെയാണ്. ദേശീയ മുതലാളിത്തവും തൊണ്ണൂറുകള്‍ വരെയെങ്കിലും തീവ്രദേശീയവാദത്തെ സംശയാസ്പദമായാണ് കണ്ടിരുന്നത്. മാത്രമല്ല, സ്വരാജ്യ സമ്പദ്വ്യവസ്ഥയ്ക്ക് തീര്‍ച്ചയായും അഭിസംബോധന ചെയ്യേണ്ടിയിരുന്നത് ദരിദ്രജനകോടികളുടെ പ്രശ്‌നവുമായിരുന്നു. അല്ലെങ്കില്‍ കലാപോന്മുഖ സാഹചര്യത്തിലേക്ക് ഇത്  നയിക്കാനുമിടയാകുമായിരുന്നു. ഇന്ത്യയെ ഇന്ത്യയായി നിലനിര്‍ത്തിയത് ലിബറല്‍ ജനാധിപത്യമാണ്. അംബേദ്കറിനും നെഹ്രുവിനും പട്ടേലിനും ആസാദിനും ഈ പാതയാണ് രാജ്യത്തിന് അഭികാമ്യം എന്ന് വ്യക്തമായും മനസ്സിലായിരുന്നു. പലവിധ നീക്കുപോക്കുകള്‍ക്കും ജനാധിപത്യം ഗുണം ചെയ്യുമെന്നും ദേശീയ നേതാക്കള്‍ക്ക് അറിയാമായിരുന്നു.

ഗാന്ധിവധത്തിനുശേഷം ദീര്‍ഘകാലം നിര്‍ബന്ധിതമായ അര്‍ദ്ധനിദ്രാവസ്ഥയിലേക്ക് ഒതുക്കപ്പെട്ട ഹിന്ദു വലതുപക്ഷ രാഷ്ട്രീയത്തിന് ജീവശ്വാസപരമായ ഉണര്‍വ് കിട്ടിയത് അടിയന്തരാവസ്ഥയ്ക്കെതിരെയുള്ള പ്രക്ഷോഭത്തിലൂടെയാണ്. മൂലധനാധിഷ്ഠിതമായ രാഷ്ട്രീയ സാമ്പത്തിക ലോകവീക്ഷണമാണ് തീവ്ര വലതുപക്ഷ രാഷ്ട്രീയത്തിന്റേതെങ്കിലും ഇന്ത്യയില്‍ ആദ്യഘട്ടത്തില്‍ വികസ്വരമായിക്കൊണ്ടിരുന്ന മൂലധനശക്തികളുടെ പരിപൂര്‍ണ പിന്തുണയാര്‍ജ്ജിക്കാന്‍ ഹിന്ദു വലതുപക്ഷത്തിന് എണ്‍പതുകള്‍ വരെയെങ്കിലും കഴിഞ്ഞിരുന്നില്ല. പൊതുധാരയില്‍ നിന്നും അകറ്റി നിര്‍ത്തപ്പെട്ട ഹിന്ദു വലതുപക്ഷ രാഷ്ട്രീയം സോഷ്യലിസ്റ്റുകളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ്  രാഷ്ട്രീയ പൊതുമണ്ഡലത്തിലേക്ക് തിരിച്ചുവരവ് നടത്തിയത്. മാത്രമല്ല.  ജനസംഘ രാഷ്ട്രീയത്തിന് ബഹുമാന്യത ലഭിക്കുന്നതോടൊപ്പം ആര്‍ എസ് എസിന് അധികാര രാഷ്ട്രീയത്തില്‍ ഇടപെടാനുമുള്ള അവസരം സിദ്ധിച്ചു. എങ്കില്‍ത്തന്നെയും ഇന്ത്യന്‍ ബൂര്‍ഷ്വാസി ഹിന്ദു വലതുപക്ഷത്തില്‍ വിശ്വാസമര്‍പ്പിക്കാന്‍ മടിച്ചു. കോണ്‍ഗ്രസ്സ് പ്രതിനിധാനം ചെയ്യുന്ന അധികാരഘടന എണ്‍പതുകളില്‍ മാറിക്കൊണ്ടിരിക്കുന്ന ലോകഗതിയോടും സാങ്കേതിക മുന്നേറ്റങ്ങളോടും അതിനനുസൃതമായ മൂലധന ക്രമത്തോടും സഹജമായി പ്രതികരിച്ചത് ഹിന്ദുത്വരാഷ്ട്രീയത്തിന്റെ മുന്നേറ്റത്തെ എണ്‍പതുകളിലും ചെറുത്തു. തുടര്‍ന്നുവന്ന ഇന്ത്യയുടെ സാമ്പത്തിക ഘടനാപരമായ പരിഷ്‌ക്കാരവും ആഗോള നവലിബറല്‍ ക്രമത്തിനുബന്ധമായ വികസനമാര്‍ഗവും യഥാര്‍ത്ഥത്തില്‍ വലതുപക്ഷ രാഷ്ട്രീയത്തിന് ഒരു പുതുപുത്തന്‍ ഊര്‍ജത്തോടെ തിരിച്ചുവരാനുള്ള അവസരവും ഒരുക്കി.

നവലിബറല്‍ വികസനവും ഹിന്ദുത്വവും സമ്മേളിക്കുന്ന ഗുജറാത്ത് മാതൃകയാണ് മൂലധന ശക്തികളെയും വരേണ്യ മധ്യവര്‍ഗ്ഗത്തെയും ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് ശരിക്കും ആകര്‍ഷിക്കുന്നത്. ആജ്ഞാശക്തിയും കേന്ദ്രീകരണ പ്രവണതയും ഇവരില്‍ മോഡി എന്ന ഭരണാധികാരിയെക്കുറിച്ചുള്ള മതിപ്പുള്ളവാക്കി. ഇന്ത്യയിലെ തീവ്രവലതുപക്ഷ രാഷ്ട്രീയത്തിന് പുതിയ പന്ഥാവ് നല്‍കുന്നതില്‍ ഈ മാതൃക പര്യാപ്തമായിരുന്നു. മാധ്യമങ്ങളുടെ പിന്തുണയോടെയും പ്രചുരപ്രചാരണത്തിലൂടെയും ഗുജറാത്ത് മാതൃക ഇന്ത്യയിലെ നവലിബറല്‍ കാലത്തില്‍ ഉയര്‍ന്നുവന്ന പുത്തന്‍ മധ്യവര്‍ഗത്തിന് സ്വീകാര്യമായ മാതൃകയായി. ആസൂത്രണാധിഷ്ഠിതവും സാമൂഹ്യപരിപ്രേക്ഷ്യത്തോടെയുള്ള വികസനത്തിനും ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതുമായ നയസമീപനങ്ങളെയെല്ലാം അപ്രസക്തമാക്കുന്നതായിരുന്നു 2002 - ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപത്തിന് ശേഷം രൂപപ്പെട്ട ഗുജറാത്ത്. വ്യവസായവല്‍ക്കരണത്തിനും സഹകരണ പ്രസ്ഥാനങ്ങള്‍ക്കും പ്രാധാന്യം നല്‍കിയിരുന്ന ചരിത്ര പശ്ചാത്തലം ഗുജറാത്തിനുണ്ടായിരുന്നെങ്കിലും 2002 നു ശേഷം നരേന്ദ മോഡി മുഖ്യമന്ത്രിയായതിനുശേഷമുള്ള ഗുജറാത്തിന്റെ വികസനപരമായും രാഷ്ട്രീയമായുമുള്ള പ്രതിച്ഛായ സമൂലം മാറുകയുണ്ടായി.

2002 ഗുജറാത്ത് കലാപം | PHOTO: PTI
രണ്ടായിരത്തിനുശേഷം അതുവരെ നവലിബറല്‍ വികസനത്തിന്റെ പോസ്റ്റര്‍ ബോയ് എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ചന്ദ്രബാബു നായിഡു തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ നിന്നും പുറന്തള്ളപ്പെട്ടു. ഒറീസ്സ മുഖ്യമന്ത്രിക്ക് തുച്ഛമായേ പ്രാധാന്യം ലഭിച്ചിരുന്നുള്ളൂ. മാധ്യമശ്രദ്ധ മുഴുവന്‍ രണ്ടായിരത്തിനുശേഷം ലഭിച്ചത് നരേന്ദ്ര മോഡിക്കായിരുന്നു. ഗുജറാത്തിലെ  പാര്‍ട്ടിക്കകത്തെ പ്രശ്‌നങ്ങള്‍ അപ്പോഴേക്കും അവസാനിച്ചിരുന്നു. പട്ടേല്‍ വിഭാഗം പൂര്‍ണമായും ഒതുക്കപ്പെട്ടു. വാക്കിന് മറുവാക്കില്ലാതെ ഗുജറാത്തിലെ ബി ജെ പി എന്നാല്‍ നരേന്ദ്ര മോഡിയായി മാറുകയായിരുന്നു. ഒരു എതിര്‍ശബ്ദവും ഉയര്‍ന്നു വന്നില്ല. ആഭ്യന്തര മന്ത്രിയായി ചുമതലയേറ്റ അമിത് ഷാ മോദിക്ക് രണ്ടാമനായി. പുതിയൊരു ഭരണനിര്‍വഹണ രീതിതന്നെ സ്ഥാപിക്കപ്പെട്ടു. ഏകഛത്രാധിപതിയായ കേവലാധികാരമുള്ള ഒരു മുഖ്യമന്ത്രി വികസനത്തിന്റെ ത്വരിതഗതിക്ക് ആവശ്യമാണെന്നുള്ള പ്രചാരവും കൊഴുത്തു.

ഇതിനൊപ്പം പരിഗണിക്കേണ്ട കാര്യമാണ്. ജനാധിപത്യത്തിലെ ഏറ്റവും പ്രതിലോമകരമായ പ്രവണതയായ ഡിസെന്‍ഫ്രാന്‍ഞ്ചൈസിംഗ് (disenfranchising). സമൂഹത്തില്‍ മേധാവിത്തം വഹിക്കുന്ന ഗ്രൂപ്പുകള്‍ക്ക് അധികാരം കൈവന്നു. ന്യൂനപക്ഷ സമൂഹത്തില്‍പ്പെട്ടവരുടെ വിശേഷാവകാശങ്ങള്‍ നിഷേധിക്കുന്നതിലേക്ക് ഇത് നയിച്ചു. ഒടുവിലിത് മുസ്ലിം പ്രാന്തവല്‍ക്കരണത്തിലേക്കാണ് നീങ്ങിയത്. അവകാശ  നിഷേധം ഒരു തുടര്‍പ്രക്രിയയിലൂടെ സംഭവിക്കുന്നതാണ്. അത് ദുര്‍ബല സമുദായങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് അധികാരം നഷ്ടപ്പെടുത്തുന്നതിലേക്ക് നയിക്കുന്നു. വോട്ടര്‍മാരുടെ പട്ടികയില്‍ നിന്ന് മായ്ച്ചുകളയുന്നുവെന്ന് മാത്രമല്ല വോട്ടവകാശം തന്നെ വിനിയോഗിക്കാന്‍ പറ്റാത്ത സ്ഥിതി സംജാതമാക്കുകയും ചെയ്യുന്നു. പോളിങ് സ്റ്റേഷനിലേക്ക് വരാതിരിക്കാന്‍ പല കാരണങ്ങളുമുണ്ടാകാം. ഭയം ഒരു പ്രധാന കാരണമാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയെക്കുറിച്ചുള്ള അജ്ഞാതത്വം മറ്റൊരു സാമൂഹ്യകാരണമാണ്. ക്രമാനുഗതമായി ഇത് അസാധുവാക്കല്‍ പ്രക്രിയയായി പരിണിതപ്പെടുന്നു. കാലക്രമേണ അദൃശ്യരായി തീരുന്നു. ഡിസെന്‍ഫ്രാഞ്ചയ്സ്മെന്റ് (disenfranchisement) ജനാധിപത്യത്തിന്റെ അന്തസത്തയെ ശൂന്യമാക്കുന്ന പ്രവര്‍ത്തനമാണ്.  ഇത് നിമിത്തം ആധിപത്യ സമൂഹം സര്‍വ മേഖലകളിലും മേധാവിത്തം ഉറപ്പിക്കുന്നു.

ഹിന്ദുത്വ സമഗ്രാധികാര ഭരണമാതൃകയ്ക്ക് തുടക്കമിട്ടുവെന്നുവേണം അനുമാനിക്കാന്‍ ഗുജറാത്ത് സര്‍ക്കാരിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍. ഈ ഘട്ടത്തില്‍, അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്ക് അമേരിക്ക വിസ നിഷേധിച്ചിരിക്കുകയായിരുന്നു. എങ്കിലും, ഗുജറാത്തിലേക്ക് മൂലധനം ഒഴുകിയെത്തി. സിംഗൂരില്‍ നിന്നും പുറത്താക്കപ്പെട്ട ടാറ്റായുടെ ഫാക്ടറിക്ക് സ്ഥലം നല്‍കിക്കൊണ്ട് മൂലധന സംരംഭകര്‍ക്കിടയില്‍ വമ്പിച്ച സ്വീകാര്യതയുണ്ടാക്കി. ചങ്ങാത്ത മുതലാളിത്തത്തിനും 'മാതൃക'യായത് ഗുജറാത്ത് തന്നെ. ഒന്നര ദശകത്തിനകം അദാനി എന്റര്‍പ്രൈസ് വമ്പിച്ച നേട്ടങ്ങള്‍ കൊയ്തു. ഒരിക്കല്‍ പാര്‍ലമെന്റില്‍ ഒരു എം പി സൂചിപ്പിച്ചപോലെ നരേന്ദ്ര മോഡിയും അദാനിയും ഒരുമിച്ചാണ് വളര്‍ന്നതും ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതും. വലിയ സാമൂഹ്യ അന്തരം സൃഷ്ടിക്കുന്ന വികസന മാതൃകയില്‍ ചങ്ങാത്ത മുതലാളിമാര്‍ക്ക് നിസ്സങ്കോചം സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധിച്ചു. ഗുജറാത്ത് മാതൃക പാടിപുകഴ്ത്തപ്പെട്ടു. തിരഞ്ഞെടുപ്പുകളില്‍ ഫണ്ട് ചെയ്യാനുള്ള വമ്പന്‍ സ്രോതസ്സായി സ്വകാര്യ കുത്തകകള്‍. ബിഗ് ബിസിനസ്സും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള ബന്ധം പുതിയ കാര്യമല്ല. എന്നാല്‍ ഒരു പ്രധാന വ്യത്യാസം സംഭവിച്ചത്, ഈ ബന്ധം വിഹിതമായി പരിഗണിക്കപ്പെട്ടുവെന്ന് മാത്രമല്ല സര്‍ക്കാരും സര്‍ക്കാരിനെ നയിക്കുന്ന പാര്‍ട്ടിയും ബിഗ് ബിസിനസ്സും തമ്മിലുള്ള ബന്ധം സാധൂകരിക്കപ്പെടുന്ന നിയമങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു.

നരേന്ദ്ര മോദി | PHOTO: PTI
2014 -ല്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുന്‍പേ തന്നെ ദേശീയ അധികാരത്തിലേക്ക് നരേന്ദ്ര മോഡിയെ ദല്‍ഹി മാധ്യമങ്ങള്‍ തിരഞ്ഞെടുത്തുകഴിഞ്ഞിരുന്നു. ഗുജറാത്ത് മാതൃക ദേശീയതലത്തില്‍ ആവര്‍ത്തിക്കുമെന്ന് തന്നെയായിരുന്നു പ്രഖ്യാപനം. അധികാരത്തിലേക്ക് വന്ന ബി ജെ പി സര്‍ക്കാര്‍ 2001 മുതല്‍ അധികാരത്തിലുണ്ടായിരുന്ന വാജ്‌പേയിയുടെ നേതൃത്വത്തിലുണ്ടായിരുന്ന കൂട്ടുകക്ഷി മന്ത്രിസഭയില്‍ നിന്നും വ്യത്യസ്തമായിരുന്നു. ഹിന്ദുത്വ അജണ്ട തുറന്നു തന്നെ നടപ്പാക്കപ്പെട്ടു. ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണക്രമത്തിലെന്നപോലെ ഹിന്ദുത്വ തീവ്ര ഗ്രൂപ്പുകള്‍ സമൂഹത്തില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്ന വിധവും വംശീയ അക്രമങ്ങളും നടപ്പാക്കാന്‍ ആരംഭിച്ചു. ഒരു ചെറിയ എതിര്‍പ്പ് പോലുമുയര്‍ന്നില്ല. കേന്ദ്ര മന്ത്രിസഭയിലെ അംഗങ്ങള്‍ തന്നെ മുസ്ലിം വിരുദ്ധമായ വംശീയ പ്രസ്താവനകള്‍ നിര്‍ലോഭം നിരങ്കുശം നടത്തി. ചങ്ങാത്ത മുതലാളിത്തം അതിന്റെ പരകോടിയിലെത്തി. അദാനിയും അംബാനിയും മിറ്റലും വേദാന്തയുടെ അഗര്‍വാളുമൊക്കെ ചേര്‍ന്നുള്ള വ്യവസായ വാണിജ്യ രംഗത്ത്  ഒലിഗോപോളി സ്ഥാപിതമായി.

ജനാധിപത്യത്തിന്റെ ക്ഷയം വംശീയ പ്രചാരണങ്ങളാല്‍ മറച്ചുവെയ്ക്കപ്പെട്ടു. പാകിസ്താനെതിരെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നരേന്ദ്ര മോഡി സര്‍ക്കാരിന്റെ വന്‍നേട്ടമായി ചിത്രീകരിക്കപ്പെട്ടു. നോട്ട്  നിരോധനം ഒരു കടങ്കഥയായി തുടരുമ്പോഴും അതിനെ സംബന്ധിച്ചുള്ള ചോദ്യങ്ങള്‍ എല്ലാം റദ്ദാക്കപ്പെട്ടു. സമഗ്രാധികാരം രാജ്യനന്മയ്ക്ക് അഭിലഷണീയമായി. മാധ്യമങ്ങള്‍ മധ്യവര്‍ഗ മനസ്സുകളെ പ്രക്ഷാളനം ചെയ്തു. രാജ്യദ്രോഹത്തിന്റെ ആഖ്യാനത്തില്‍ സര്‍ക്കാരിന്റെ നയങ്ങളെയോ സര്‍ക്കാരിനെതിരെയോ പ്രതികരിക്കുന്നവരെ യു എ പി എ ചുമത്തി തടവറയിലേക്ക് തള്ളി. വിമതശബ്ദം രാജ്യദ്രോഹ ശബ്ദമായി വ്യാഖ്യാനിക്കപ്പെട്ടു. ജയിലുകള്‍ അവരെ വിഴുങ്ങുകയും ചെയ്തു. ഭയം പടര്‍ത്തുന്ന രാഷ്ട്രീയം ദേശത്തില്‍ വ്യാപരിച്ചു. കോടതികള്‍ ഇടറാന്‍ തുടങ്ങി. ഐജാസ് അഹമ്മദ് സൂചിപ്പിക്കുന്നത് പോലെ, പരമാധികാര ഇന്ത്യയുടെ സ്വതന്ത്ര സ്ഥാപനങ്ങളിലൂടെ വലതുപക്ഷം അടിവെച്ച് അടിവെച്ച് മുന്നേറി. ഓരോ ജനാധിപത്യ സ്ഥാപനങ്ങളും വലതുപക്ഷ കേന്ദ്രങ്ങളായി. ഭരണഘടന സ്ഥാപനങ്ങളും വിമത സ്വരമുയരേണ്ട സര്‍വ്വകലാശാലകളും കീഴ്‌പ്പെടുത്തപ്പെട്ടു. മാധ്യമങ്ങള്‍ ആദ്യമേ തന്നെ വിധേയത്വവും കൂറും പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു. സമഗ്രാധികാരത്തിന് അനുകൂല മനോഭാവം പൊതുബോധത്തില്‍ രൂപപ്പെടുത്തപ്പെട്ടു.

മാധ്യമങ്ങളുടെ പരിലാളനയോടെ ഗുജറാത്ത് മാതൃകയെ ദേശീയവല്‍ക്കരിച്ചു. മുസ്ലിം വിരുദ്ധത സാംസ്‌കാരിക ദേശീയതയുടെ സവിശേഷ സ്വഭാവമായി. വംശീയമായ അവഹേളനവും ആക്രമണവും ആവര്‍ത്തിക്കപ്പെട്ടു. മുസ്ലിം വിരുദ്ധ ആഖ്യാനങ്ങള്‍ മാധ്യമങ്ങളിലൂടെ സ്വാഭാവികവല്‍ക്കരിക്കപ്പെട്ടു. കൃത്രിമമായി നിര്‍മിക്കപ്പെട്ട ഭൂരിപക്ഷാത്മകതയെ വംശീയതയുടെ അടിസ്ഥാനത്തില്‍ ഏകശിലാരാഷ്ട്രത്തിനുള്ള മാതൃകയാക്കപ്പെട്ടു. ഏക രാഷ്ട്രം, ഏക ഭാഷ, ഏക മതം, ഏക പാര്‍ട്ടി,  ഏകാധിപതി -എന്ന നിലയില്‍ മാനസികമായി പ്രക്ഷാളനം ചെയ്യപ്പെട്ട മധ്യവര്‍ഗത്തിന് ആലംബമാക്കാന്‍ പറ്റുന്നവിധമുള്ള ഒരു ദേശീയതയ്ക്ക് ഭാഷ്യം ചമയ്ക്കപ്പെട്ടു. ഇതില്‍ നിന്നും വ്യതിരിക്തമായ നിലപാടുകള്‍ രാജ്യദ്രോഹപരമായി. ഇത്തരമൊരു ചരിത്ര സന്ധിയിലാണ് ജനാധിപത്യം തന്നെ തിരഞ്ഞെടുപ്പിലൂടെ പരീക്ഷണത്തിന് വിധേയമാകുന്നത്. ഏകാധിപത്യം വരേണ്യത്തിന് പ്രിയകരമായിരിക്കുന്നു എന്ന വസ്തുത ജനാധിപത്യത്തിനുവേണ്ടി നിലകൊള്ളുന്നവര്‍ക്ക് പ്യു സര്‍വേ നല്‍കുന്നത് ഒരു മുന്നറിയിപ്പാണ്. 2024 നു ശേഷമുള്ള രാഷ്ട്രീയ -ജനാധിപത്യ വ്യവസ്ഥയുടെ ഭാവി എന്താകുമെന്നതിന് പ്രേരകമാകേണ്ടത് ഈ മുന്നറിയിപ്പാണ്.

2024 ലോകത്തിന്റെ അന്ത്യമല്ല. മനുഷ്യസമൂഹം പ്രതിസന്ധികളെ അതിജീവിച്ച് തന്നെയാണ് മുന്നേറിയിട്ടുള്ളത്. പക്ഷേ, ഇതിനായി വലിയ വില നല്‍കേണ്ടി വന്നിട്ടുമുണ്ട്. ജനാധിപത്യ വ്യവസ്ഥയുടെ ഏറ്റവും മഹത്തായ പ്രത്യേകത വൈരുധ്യങ്ങളെയും അഭിപ്രായ ഭിന്നതകളെയും സംവാദാത്മക പരിചരണത്തിലൂടെ പരിഹരിക്കാനുള്ള മാര്‍ഗം തുറന്നുതന്നു എന്നതാണ്. എന്നാല്‍ ജനാധിപത്യം ഒരിടത്തും പൂര്‍ണമായി വികാസം പ്രാപിച്ചില്ല. ജനാധിപത്യത്തെ ഭ്രംശിക്കാന്‍ മൂലധന വംശീയ താല്പര്യങ്ങള്‍ ഓരോ കാലയളവില്‍ പല പ്രകാരത്തിലും അധികാരം കൈയാളി. ഇത് നരവംശപരമായ ദൗര്‍ബല്യം തന്നെയാണ്. എന്നാല്‍ ചെറുത്തുനില്പുകളും ആധിപത്യത്തിനെതിരെയുള്ള പോരാട്ടങ്ങളും പല പ്രകാരമായി തന്നെ രൂപപ്പെടുകയുണ്ടായി. ചെറുത്തുനില്പിനെക്കുറിച്ചുള്ള പ്രതീക്ഷയുടെ രാഷ്ട്രീയമാണ് ജനാധിപത്യത്തിനു ജീവസ്സുപകരുന്നത്. മാര്‍ക്‌സിസ്റ്റ് ചിന്തകന്‍ ഏണസ്റ്റ് ബ്ലോഹിന്റെ നല്‍കുന്ന തിരിച്ചറിവ് ഇവിടെ പ്രസക്തമാകുന്നു: 'ഭയത്തേക്കാള്‍ ശ്രേഷ്ഠമായതാണ് പ്രത്യാശ. പ്രത്യാശ  ഭയം പോലെ, നിഷ്‌ക്രിയമോ, ഒന്നുമില്ലായ്മയില്‍ പൂട്ടിയിടുകയോ ചെയ്യുന്നില്ല. പ്രത്യാശയുടെ വികാരം അതില്‍ നിന്നും തന്നെ സ്വയം പുറത്തുവരുന്നു. ആളുകളെ പരിമിതപ്പെടുത്തുന്നതിനുപകരം വിശാലമാക്കുന്നു (The emotion of hope goes out of itself, makes people broad instead of confining them).  പ്രത്യാശയുടെ വൈകാരികത ആന്തരികമായി ലക്ഷ്യംവെയ്ക്കുന്നതും ബാഹ്യമായി ഓര്‍മ്മപ്പെടുന്നതും എന്താണെന്ന് മുന്നേകൂട്ടി നിര്‍ണീതമല്ല.' അടഞ്ഞ ബോധ്യങ്ങളില്‍ നിന്നും സങ്കുചിതത്വത്തില്‍ നിന്നും എത്രയും പെട്ടെന്ന് പുറത്തുകടക്കുക എന്നത് മാത്രമാണ് പ്രധാനമാകുന്നത്.



#Subaltern & Modi Phenomena
Leave a comment