TMJ
searchnav-menu
post-thumbnail

Technotopia

നിര്‍മ്മിത ബുദ്ധി നമുക്ക് 'പണി' തരുമോ?

05 Sep 2023   |   10 min Read
ദീപക് പച്ച
ണ്ണൂര്‍ ഗവണ്‍മെന്റ് എന്‍ജിനീയറിങ് കോളേജില്‍ എന്റെ സഹപാഠിയും പിന്നീട് ഐ.ഐ.ടി ബോംബെയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ എം.ടെക്ക് ബിരുദവുമെടുത്ത സുഹൃത്ത് സുഭാഷിനോട് ഈയടുത്തു നടത്തിയ സൗഹൃദ സംഭാഷണത്തിനിടയില്‍ ഞാന്‍ ചോദിച്ചു ''ഇപ്പൊ എന്ത് പ്രൊജക്റ്റിലാണ് വര്‍ക്ക് ചെയ്യുന്നത്'', ചിരിച്ചുകൊണ്ട് അവന്‍ മറുപടി പറഞ്ഞു ''കുറച്ച് ഹോട്ടല്‍ തൊഴിലാളികളുടെ പണി കളയാനുള്ള പ്രൊജക്റ്റിലാണ് ഞാനിപ്പോ പണിയെടുക്കുന്നത്'' എന്ന്. ഹോട്ടലുകളില്‍ ഭക്ഷണത്തിനുള്ള ഓര്‍ഡര്‍ സ്വീകരിക്കുന്നത് പൂര്‍ണ്ണമായും നിര്‍മ്മിത ബുദ്ധി (Artificial intelligence) ഉപയോഗിച്ച് ഓട്ടോമേറ്റ് ചെയ്യുന്ന പ്രൊജക്റ്റിലാണ് അവന്‍ ഇപ്പൊ ജോലി ചെയ്യുന്നതെന്ന് പിന്നീടുള്ള വിശദീകരണത്തില്‍ നിന്നും ബോധ്യപ്പെട്ടു.

ഇക്കാര്യം ഇവിടെ പറയാന്‍ കാരണം, നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട് ശാസ്ത്ര-സാങ്കേതിക, സാമൂഹ്യ, സാമ്പത്തിക, തത്ത്വചിന്താമണ്ഡലങ്ങളില്‍ പലവിധ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും അതില്‍ പൊതുസമൂഹത്തില്‍ ഏറ്റവും സജീവമായത് നിര്‍മ്മിതബുദ്ധി കൂടുതല്‍ സജീവമാകുന്നതോടെ നിലവിലുള്ള പല തൊഴിലും ഇല്ലാതാകുകയും തൊഴിലില്ലായ്മ വര്‍ദ്ധിക്കുകയും ചെയ്യുമെന്ന ചര്‍ച്ചയാണ്. പക്ഷേ, പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഒരു നെയ്ത്തുയന്ത്ര നിര്‍മ്മാണ ഫാക്ടറിയില്‍ ജോലിചെയ്തിരുന്ന തൊഴിലാളിയും എന്റെ സുഹൃത്ത് പങ്കുവച്ച സമാനമായ അനുഭവം അക്കാലത്തു പങ്കുവച്ചു കാണണം. ഉല്‍പ്പാദന മേഖലയിലെ യന്ത്രവല്‍ക്കരണം മുന്‍പുണ്ടായിരുന്ന പല തൊഴിലുകളെയും ഇല്ലാതാക്കിയിട്ടുണ്ട് എന്നത് പുതുമയുള്ള കാര്യമല്ല. പക്ഷേ, സാങ്കേതിക വിദ്യയുടെ വളര്‍ച്ച പുതിയ ഉല്‍പ്പാദന മേഖലകള്‍ സൃഷ്ടിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ ഉണ്ടാക്കുകയും ചെയ്തിട്ടുണ്ട് എന്നുകൂടി ചരിത്രം നമ്മെ പഠിപ്പിക്കുന്നുണ്ട്. 1960 കളില്‍ ഉണ്ടായിരുന്ന 57% തൊഴിലുകള്‍ നിലവില്‍ ഈ ലോകത്ത് നിന്നും അപ്രത്യക്ഷമായി എന്നതാണ് കണക്കുകള്‍ പറയുന്നത്.


REPRESENTATIONAL IMAGE
എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ സാഹചര്യമാകും നിര്‍മ്മിത ബുദ്ധി വ്യവസായ മേഖലകളില്‍ സജീവമാകുന്നതോടെ സംഭവിക്കുക എന്നാണ് പലരും പറയുന്നത്. സത്യത്തില്‍ അങ്ങനെയൊരു തൊഴില്‍ നഷ്ടം നിര്‍മ്മിത ബുദ്ധിയുടെ വരവോടെ ഉണ്ടാകുമോ? മുന്‍കാലങ്ങളിലെ യന്ത്രവല്‍ക്കരണത്തില്‍ നിന്നും നിര്‍മ്മിത ബുദ്ധി ഉപയോഗിച്ചുള്ള യന്ത്രവല്‍ക്കരണത്തിന് മൗലികമായ എന്തെങ്കിലും വ്യത്യാസമുണ്ടോ? ഉണ്ടെങ്കില്‍ അതെന്താണ്? ഈ സാങ്കേതിക വിദ്യ തൊഴിലുമായി ബന്ധപ്പെട്ടു മനുഷ്യവംശത്തെ വലിയൊരു പ്രതിസന്ധിയിലേക്ക് തള്ളിവിടുമോ? അതിനെന്തെങ്കിലും പരിഹാരമുണ്ടോ?

ഇങ്ങനെകുറേയെറെ ചോദ്യങ്ങള്‍ അന്തരീക്ഷത്തിലുണ്ട്. ഇതിനെല്ലാം ഉത്തരം കണ്ടെത്തുക എന്നത് ഈ ലേഖനത്തിന്റെയും ലേഖകന്റെ അറിവിന്റെ പരിധിയുടെയും പുറത്തായതിനാല്‍ അതിന് ശ്രമിക്കുന്നില്ല. ഇതുമായി ബന്ധപ്പെട്ടു തൊഴിലാളിവര്‍ഗ്ഗ വീക്ഷണത്തിലുള്ള ചില നിരീക്ഷണങ്ങള്‍ മാത്രം പരിചയപ്പെടുത്താനാണ് ഇവിടെ ശ്രമിക്കുന്നത്.

യന്ത്രങ്ങളും തൊഴിലാളികളും

നിര്‍മ്മിത ബുദ്ധിയാല്‍ യന്ത്രവല്‍ക്കരിക്കപ്പെടുന്ന തൊഴിലിനെയും തൊഴില്‍ നഷ്ടത്തെയും വിശദീകരിക്കും മുന്‍പ് യന്ത്രവും തൊഴിലും തൊഴിലാളിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ചിലത് മനസ്സിലാക്കാന്‍ ശ്രമിക്കുന്നത് നന്നാകും. തൊഴിലാളി വര്‍ഗ്ഗ പ്രസ്ഥാനത്തെക്കുറിച്ച് പൊതുബോധത്തിലുള്ള ചിത്രം സാങ്കേതിക വിദ്യയ്ക്കും അതുവഴി തൊഴില്‍മേഖലയില്‍ ഉണ്ടാക്കുന്ന യന്ത്രവല്‍ക്കരണത്തിനും അവരെതിരാണ് എന്നതാണ്. ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന മുതലാളിത്ത വ്യവസ്ഥയില്‍ മുതലാളിത്ത വര്‍ഗ്ഗം സാങ്കേതികവിദ്യയെ കൂടുതല്‍ ലാഭമുണ്ടാക്കാനുള്ള മാര്‍ഗ്ഗം മാത്രമായാണ് കാണുന്നത്. തൊഴിലാളിക്ക് തൊഴില്‍ മേഖലകളില്‍ എന്തെങ്കിലും ആശ്വാസം നല്‍കുന്നതിനല്ല, മറിച്ചു തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും കൂടുതല്‍ ചൂഷണത്തിനുമായാണ് മുതലാളിമാര്‍ പുതിയ സാങ്കേതികവിദ്യയെ വിന്യസിക്കുന്നത്. ഇതാണ് യന്ത്രങ്ങളും തൊഴിലാളികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ അടിസ്ഥാന കാരണം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രിട്ടനിലെ തുണിമില്‍ തൊഴിലാളികള്‍ക്കിടയില്‍ സജീവമായിരുന്ന ലുഡൈറ്റ്‌സ് (Luddite) പ്രസ്ഥാനം നെയ്ത്തുയന്ത്രങ്ങള്‍ നശിപ്പിക്കുന്നത് ഒരു സമരമാര്‍ഗ്ഗമായി സ്വീകരിച്ചത് ആ മേഖലയിലെ യന്ത്രവല്‍ക്കരണം തങ്ങളുടെ തൊഴിലുകള്‍ ഇല്ലാതാക്കും എന്ന യാഥാര്‍ത്ഥ്യ ബോധത്തില്‍ നിന്നാണ്.


കാൾ മാർക്സ് | PHOTO: WIKI COMMONS
എന്നാല്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആചാര്യനായ മാര്‍ക്‌സ് മൂലധനത്തിന്റെ 'Machinery and Modern Industry' എന്ന പതിനഞ്ചാം അദ്ധ്യായത്തില്‍ ലുഡൈറ്റ്‌സുകളെക്കുറിച്ചു പരാമര്‍ശിക്കുന്നത് ഇങ്ങനെയാണ്

''The enormous destruction of machinery that occurred in the English manufacturing districts during the first 15 years of this century, chiefly caused by the employment of the power-loom, and known as the Luddite movement, gave the anti-Jacobin governments of a Sidmouth, a Castlereagh, and the like, a pretext for the most reactionary and forcible measures. It took both time and experience before the workpeople learnt to distinguish between machinery and its employment by capital, and to direct their attacks, not against the material instruments of production, but against the mode in which they are used"

അതായത് തൊഴിലാളികളുടെ ആക്രമണം സാങ്കേതികവിദ്യ സാധ്യമാക്കിയ യന്ത്രങ്ങളുടെ നേരെയല്ല മറിച്ച് അത് ഏതു വിധേന ഉപയോഗിക്കുന്നു എന്നു തീരുമാനിക്കുന്ന മൂലധനത്തിന് നേരെയാണ് വേണ്ടതെന്ന് മനസ്സിലാക്കാന്‍ തൊഴിലാളി വര്‍ഗ്ഗത്തിന് സമയവും അനുഭവവും വേണ്ടിവന്നു എന്ന് മാര്‍ക്‌സ് പറയുമ്പോള്‍ സജീവമായിരുന്ന ലുഡൈറ്റുകളുടെ രീതി തെറ്റായിരുന്നു എന്നത് തന്നെയാണ് സൂചിപ്പിക്കുന്നത്.

മൂലധനത്തിലെ പതിനഞ്ചാം അധ്യായത്തെ അടിസ്ഥാനമാക്കി ആന്റി മേരിഫീല്‍ഡ് എഴുതിയ 'Marx on Technology' എന്ന ലേഖനത്തില്‍ നടത്തുന്ന താഴെപ്പറയുന്ന നിരീക്ഷണം മൂലധനവും -തൊഴിലാളികളും-സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധത്തെ കൂടുതല്‍ മനസ്സിലാക്കാന്‍ സഹായിക്കും 

''Technology may be benign in itself, and commercial proponents of technology always happily insist upon it; but because, in human society, there's no such thing as 'in itself,' technology can never be benign. Its development over time has been something of a 'revealing' social process: from the development of the steam-engine to the ubiquity of the World Wide Web, technology has revealed a certain stage of human advancement, a certain way in which we relate to one another, exploit one another, know one another"

സാങ്കേതിക വിദ്യ ഒരു തൊഴിലാളിയുടെ തൊഴിലിനെ ലഘൂകരിക്കും എന്നത് ഒരര്‍ത്ഥത്തില്‍ ശരിയാണ് എന്നിരിക്കെത്തന്നെ അത് തൊഴിലാളിയെ കൂടുതല്‍ ചൂഷണത്തിന് വിധേയനാക്കുകയാണ് ചെയ്യുന്നത്. അത് സാങ്കേതിക വിദ്യയ്ക്ക് സ്വയമേവയുള്ള എന്തെങ്കിലും പരിമിതിയോ പ്രശ്‌നമോ അല്ല. മറിച്ചു അത് കൈവശമുള്ള മുതലാളിത്തത്തിന്റെ ലാഭ താല്പര്യങ്ങളുടെ പ്രശ്‌നമാണ്. 


REPRESENTATIONAL IMAGE
മാര്‍ക്‌സിന്റെ കാലത്ത് തന്നെ സാങ്കേതിക വിദ്യയും യന്ത്രങ്ങളും മനുഷ്യന്റെ തൊഴില്‍ ഭാരം കുറയ്ക്കും എന്ന് വിശദീകരിച്ചവരും വിശ്വസിച്ചവരുമുണ്ട്. എന്നാല്‍ ഇവരൊന്നും കാണാത്ത നിലയില്‍ സാങ്കേതിക വിദ്യയെ മനസ്സിലാക്കാന്‍ മാര്‍ക്‌സിനു കഴിഞ്ഞു. മൂലധനത്തിന്റെ പതിനഞ്ചാം അധ്യായത്തില്‍ സെക്ഷന്‍ മൂന്നില്‍ യന്ത്രങ്ങള്‍ തൊഴിലാളികളുടെ ജീവിതത്തില്‍ നേരിട്ട് ഉളവാക്കുന്ന മാറ്റങ്ങളെ മാര്‍ക്‌സ് പ്രധാനമായും മൂന്നായാണ് തിരിക്കുന്നത്.

a) അനുബന്ധ തൊഴില്‍ ശക്തിയുടെ വിനിയോഗം (Appropriation of Supplementary labour power by Capital)

b) പ്രവൃത്തി സമയത്തിന്റെ ദൈര്‍ഘ്യം കൂടല്‍ (Prolongation of the Working Day)

c) അധ്വാനത്തിന്റെ തീവ്രത കൂടല്‍ (Intensification of labour)

ഇതില്‍ തൊഴില്‍ സമയം കൂടുന്നതുമായി ബന്ധപ്പെട്ടത് മാര്‍ക്‌സ് ഇങ്ങനെ വിശദീകരിക്കുന്നു.

''If machinery be the most powerful means for increasing the productiveness of labour - i.e., for shortening the working-time required in the production of a commodity, it becomes in the hands of capital the most powerful means, in those industries first invaded by it, for lengthening the working day beyond all bounds set by human nature."

ഒരു ചരക്ക് ഉല്‍പ്പാദിപ്പിക്കുന്നതിന് ആവശ്യമായ തൊഴില്‍ സമയം കുറയ്ക്കുന്നതിനുള്ള (ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുക) ഏറ്റവും ശക്തമായ മാര്‍ഗ്ഗം യന്ത്രങ്ങളാണെങ്കിലും അത് മൂലധനത്തിന്റെ കൈകളില്‍ എത്തുമ്പോള്‍ മനുഷ്യ പ്രകൃതം നിശ്ചയിച്ചിട്ടുള്ള എല്ലാ അതിരുകള്‍ക്കപ്പുറത്തേക്കും പ്രവൃത്തിദിനം ദീര്‍ഘിപ്പിക്കുന്നതിന് അത് കാരണമാകുന്നു എന്ന് മാര്‍ക്‌സ് പറയുമ്പോള്‍, ഇന്നിത് കൂടുതല്‍ വ്യക്തതയോടെ മനസ്സിലാക്കാന്‍ സാധിക്കും. ഉദാഹരണത്തിന്, സാങ്കേതിക വിദ്യയുടെ വളര്‍ച്ചകൊണ്ട് സമീപകാലത്തു രൂപപ്പെട്ട ഗിഗ് ഇക്കോണമിയിലെ തൊഴില്‍ മിക്കതും മുഴുവന്‍ സമയവും ഒരു തൊഴിലാളിയുടെ ജീവിതത്തെ തൊഴില്‍ സമയമാക്കി മാറ്റുകയാണ്. യാത്ര ചെയ്യുമ്പോഴും തൊഴില്‍ സമയം കഴിഞ്ഞു വീട്ടില്‍ ഉള്ളപ്പോഴും തൊഴിലെടുക്കാന്‍ പ്രേരിപ്പിക്കുന്ന സമീപകാല സാഹചര്യം ഉണ്ടായത് ലാപ്‌ടോപിന്റെയും, മൊബൈല്‍ ഫോണിന്റെയും, ഇമെയില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങളുടെയും വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണെന്നത് നമ്മുടെ അനുഭവത്തിലുള്ള കാര്യമാണല്ലോ.

ഹോളിവുഡ് സിനിമയുടെ തിരക്കഥയെഴുത്തില്‍ നിര്‍മ്മിത ബുദ്ധി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് മാസങ്ങളായി അവിടുത്തെ പ്രസിദ്ധ തിരക്കഥാകൃത്തുക്കളടക്കം വന്‍കിട സിനിമാ നിര്‍മ്മാണ കമ്പനികള്‍ക്കെതിരെ സമരത്തിലുള്ള കാര്യം നമ്മുടെ ശ്രദ്ധയിലുണ്ടല്ലോ. അവരാരും തന്നെ സാങ്കേതികവിദ്യ വിരോധികളല്ല. പക്ഷേ, പുതിയ സാങ്കേതിക വിദ്യകളുടെ ഉപയോഗം തങ്ങളുടെ തൊഴിലുമായി ബന്ധപ്പെട്ട കൂലി കുറയ്ക്കാന്‍ മൂലധന ശക്തികള്‍ ഉപയോഗിച്ചതാണ് അവരെ സമരത്തിന് പ്രേരിപ്പിച്ചത്. ഹോളിവുഡിലെ പ്രസിദ്ധ തിരക്കഥാകൃത്ത് സി.റോബര്‍ട്ട് കാര്‍ഗില്‍ ഇതുമായി ബന്ധപ്പെട്ടു ട്വിറ്ററില്‍ എഴുതിയത് ഇങ്ങനെയാണ്.

''The immediate fear of AI isn't that us writers will have our work replaced by artificially generated content. It's that we will be underpaid to rewrite that trash into something we could have done better from the start. This is what the WGA is opposing, and the studios want."


REPRESENTATIONAL IMAGE | WIKI COMMONS
ചുരുക്കത്തില്‍ സാങ്കേതിക വിദ്യയുടെ ചരിത്രം പരിശോധിച്ചാല്‍ കാണുന്ന സംഘര്‍ഷം, യഥാര്‍ത്ഥത്തില്‍ തൊഴിലാളിയും സാങ്കേതികവിദ്യയും തമ്മിലുള്ളതല്ല മറിച്ച് സാങ്കേതിക വിദ്യ കയ്യടക്കിവച്ചിരിക്കുന്ന മൂലധനവും തൊഴിലാളി വര്‍ഗ്ഗവും തമ്മിലുള്ളതാണ്. ആ സംഘര്‍ഷം നിര്‍മ്മിത ബുദ്ധിയുടെ കാലത്തും തുടരും എന്ന് മനസ്സിലാക്കിത്തന്നെ വേണം മുന്നോട്ടുപോകാന്‍.

യന്ത്രവല്‍ക്കരണം എങ്ങനെയാണു തൊഴിലാളികളെ ബാധിക്കുന്നത് എന്നാണ് ഇതുവരെ സൂചിപ്പിച്ചത്. അതോടൊപ്പം നിലവിലെ ഉല്‍പ്പാദന വ്യവസ്ഥയില്‍ എന്താണ് യന്ത്രങ്ങള്‍ എന്നതിനെക്കുറിച്ചും ചില ഉള്‍ക്കാഴ്ചകള്‍ ഉണ്ടാകുന്നത് ആധുനിക കാലത്തെ യന്ത്രങ്ങളെ വിശകലനം ചെയ്യാന്‍ ഉപകരിക്കും.

സാങ്കേതികവിദ്യ അതിന്റെ രൂപത്തില്‍ മൂലധനവും എന്നാല്‍ ഉള്ളടക്കത്തില്‍ അധ്വാനവുമാണ്. തൊഴിലാളികളുടെ ജൈവിക അധ്വാനമാണ് (living labour) സാങ്കേതിക വിദ്യയെ രൂപപ്പെടുത്തുന്നത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഘനീഭവിച്ച ജൈവിക മനുഷ്യാദ്ധ്വാനമാണ് സാങ്കേതിക വിദ്യകളുടെയും യന്ത്രങ്ങളുടെയും ഉള്ളടക്കം. ഇതിനെയാണ് മാര്‍ക്‌സ് അജൈവിക അദ്ധ്വാനം (dead labour) എന്ന് വിളിച്ചത്. 

''By means of its conversion into an automaton, the instrument of labour confronts the labourer, during the labour-process, in the shape of capital, of dead labour, that dominates, and pumps dry, living labour-power. The separation of the intellectual powers of production from the manual labour, and the conversion of those powers into the might of capital over labour, is, as we have already shown, finally completed by modern industry erected on the foundation of machinery' Capital Vol-1

ഉല്‍പ്പാദന പ്രക്രിയയില്‍ ജൈവികമായ മനുഷ്യാദ്ധ്വാനത്തിന്റെ പങ്ക് കുറയ്ക്കുകയും അജൈവികമായ അധ്വാനത്തിന്റെ പങ്ക് കൂട്ടുകയും ചെയ്യാനാണ് മുതലാളിത്തം എപ്പോഴും ശ്രമിക്കുന്നത്. എന്നാല്‍ ജൈവിക അദ്ധ്വാനത്തെ പൂര്‍ണ്ണമായും ഇല്ലാതെ ഉല്‍പ്പാദന പ്രക്രിയ ഒരിക്കലും സാധ്യവുമല്ല. നെയ്ത്തു യന്ത്രങ്ങളുടെ പഴയ കാലവും യന്ത്ര മനുഷ്യന്മാരുടെ പുതിയ കാലവും തമ്മിലുള്ള പ്രധാന വ്യത്യാസം പുതിയ കാലത്ത് ഉല്‍പ്പാദന പ്രക്രിയയില്‍ ജൈവിക അദ്ധ്വാനം രണ്ടു നൂറ്റാണ്ട് മുന്‍പുള്ളതുമായി താരതമ്യം ചെയ്യുമ്പോള്‍ അങ്ങേയറ്റം കുറവാണ്.

'നിര്‍മ്മിത ബുദ്ധി'യോ അതോ വ്യാഖാന യന്ത്രമോ

തൊഴിലിന്റെ യന്ത്രവല്‍ക്കരണം മുകളില്‍ സൂചിപ്പിച്ചതുപോലെ എന്തെങ്കിലും പുതുതായ ഒന്നല്ല. എന്നാല്‍ പത്തൊന്‍പതാം നൂറ്റാണ്ടിലെ യന്ത്രവല്‍ക്കരണത്തിന്റെ തുടക്കകാലത്തില്‍ നിന്നും ഇന്നത്തെ 'നിര്‍മിത ബുദ്ധി' യുടെ കാലത്തെ യന്ത്രവല്‍ക്കരണത്തിന് ചില വ്യത്യാസങ്ങളുണ്ട്. യന്ത്രവല്‍ക്കരണത്തില്‍ പൊതുവെ ചെയ്യുന്നത് ഏതെങ്കിലും ഒരു തൊഴിലിന്റെ ഭാഗമായി ചെയ്യുന്ന നിരവധി പ്രവര്‍ത്തനങ്ങളില്‍ ഒന്നോ-രണ്ടോ എണ്ണം മാത്രമെടുത്തു അതിനെ അസാധാരണമാംവിധം വേഗത്തില്‍ ചെയ്യുക എന്നതാണ്. ഉദാഹരണത്തിന് ഒരു നെയ്ത്തുതൊഴിലാളി നെയ്യുമ്പോള്‍ ഊടും പാവും വേഗത്തില്‍ ചലിപ്പിക്കുക മാത്രമല്ല തന്റെ cognitive ശേഷികൊണ്ട് പല വ്യാഖാന പ്രവര്‍ത്തികളും (Interpretative work) ചെയ്യുന്നുണ്ട്. എന്നാല്‍ ആദ്യകാല യന്ത്രവല്‍ക്കരണത്തിന്റെ ശ്രദ്ധാകേന്ദ്രം ഊടും പാവും ചലിപ്പിക്കുക എന്ന തൊഴിലിന്റെ കായിക ഉള്ളടക്കത്തില്‍ മാത്രമായിരുന്നു. (ഇതിനര്‍ത്ഥം ഇതില്‍ വ്യാഖാനപരമായി ഒന്നുമില്ല എന്നല്ല. എല്ലാ കായികാധ്വാനത്തിലും cognitive ഉള്ളടക്കമുണ്ട് എന്നത് മറ്റൊരു കാര്യം). വ്യാഖാന പ്രവര്‍ത്തി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് തിരിച്ചറിയുക, ഓര്‍മ്മിക്കുക, പഠിക്കുക, കണക്കുകൂട്ടുക, പരിഭാഷപ്പെടുത്തുക തുടങ്ങിയ പ്രവര്‍ത്തികളാണ്. പല ജോലികളും ചെയ്യുമ്പോള്‍ സ്വാഭാവികമെന്നോണം ഓരോ തൊഴിലാളിയും മുകളില്‍ പറഞ്ഞ പല വ്യാഖാന പ്രവര്‍ത്തികളും ചെയ്യുന്നുണ്ട്. 


REPRESENTATIONAL IMAGE

ഈ വ്യാഖ്യാന പ്രവര്‍ത്തികളെ യന്ത്രവല്‍ക്കരിക്കുക എന്നത് ഏറെ ശ്രമകരമായിരുന്ന ജോലിയായിരുന്നു. അത് ഏറെക്കുറെ യന്ത്രവല്‍ക്കരിക്കാന്‍ കഴിഞ്ഞു എന്നതാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലേയും പത്തൊന്‍പതാം നൂറ്റാണ്ടിലേയും യന്ത്രവല്‍ക്കരണങ്ങള്‍ തമ്മിലുള്ള സുപ്രധാനമായ വ്യത്യാസം. ഉദാഹരണത്തിന് ഗൂഗിള്‍ ട്രാന്‍സ്‌ലേറ്റ്, പരിഭാഷപ്പെടുത്തുക എന്ന വ്യാഖ്യാന പ്രവര്‍ത്തിയുടെ യന്ത്രവല്‍ക്കരണമാണ് നടത്തുന്നത്. തൊഴിലിന്റെ ഉള്ളടക്കത്തിലെ ഈ വ്യാഖ്യാനപ്രവര്‍ത്തിയുടെ യന്ത്രവല്‍ക്കരണത്തെയാണ് നാം 'നിര്‍മ്മിത ബുദ്ധി' എന്ന് പേരിട്ട് വിളിക്കുന്നത്.

2021 ലെ സോഷ്യലിസ്റ്റ് രജിസ്റ്ററില്‍ ലാരി ലോമാന്‍ എഴുതിയ ''Interpretation Machines: Contradictions of 'Artificial Intelligence' in 21st-Century Capitalism' എന്ന ലേഖനത്തില്‍ 'നിര്‍മ്മിത ബുദ്ധി' എന്ന പ്രയോഗത്തെ തന്നെ പ്രശ്‌നവല്‍ക്കരിക്കുന്നുണ്ട്. ഇടതുപക്ഷക്കാര്‍ 'നിര്‍മിത ബുദ്ധി' എന്ന വാക്കിന് പകരം 'വ്യാഖ്യാന യന്ത്രം' (Interpretation Machine) എന്ന വാക്ക് ഉപയോഗിക്കണം എന്നാണ് ലോമാന്‍ പറയുന്നത്. നിര്‍മ്മിത ബുദ്ധി എന്ന പ്രയോഗം ഉല്‍പ്പാദന പ്രക്രിയയിലെ മനുഷ്യാധ്വാനത്തെ മറച്ചുവയ്ക്കാന്‍ ഉദ്ദേശിച്ചുള്ളതാണെന്നും മറിച്ചു 'വ്യാഖാന യന്ത്രം' എന്ന പ്രയോഗമാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിലെ രാഷ്ട്രീയവും ചരിത്രപരവുമായ യാഥാര്‍ഥ്യത്തെ തുറന്നുകാട്ടാന്‍ പര്യാപ്തമായത് എന്നതുമാണ് വാക്കുകളിലെ ഈ മാറ്റത്തിന് കാരണമായി അദ്ദേഹം പറയുന്നത്.

''....it may be helpful from a left perspective to avoid the jargon of Artificial intelligence in favour of the term interpretation machine. Since Charles Babage's time, the main jobs of the word 'intelligence' have been to conceal proletarian work, reinforce class, racial, and gender divides, and to justify social surveillance."

ഇരുപത്തി ഒന്നാം നൂറ്റാണ്ടിനു ഈ വ്യാഖ്യാന യന്ത്ര നിര്‍മ്മാണം സാധ്യമായത് നാല് കാര്യങ്ങള്‍ കൊണ്ടാണ്

1. ഡീപ് ലേര്‍ണിംഗ് അല്‍ഗോരിതങ്ങള്‍ (Deep Learning Algorithms)

2. നിരീക്ഷണം (Surveillance)

3. ഉയര്‍ന്ന കമ്പ്യൂട്ടേഷണല്‍ ശേഷി (High Computational Power)

4. വിലകുറഞ്ഞ ഊര്‍ജ്ജം (Cheap Energy)

സോഫ്ട്‌വെയര്‍ കോഡിങ്ങില്‍ പരിശീലനം ലഭിച്ച ഒരു തൊഴിലാളി എഴുതി തയ്യാറാക്കുന്ന അല്‍ഗോരിതത്തിനു പുറമെ, കിട്ടുന്ന ഡാറ്റകളെ അപഗ്രഥിച്ചു ഈ അല്‍ഗോരിതങ്ങള്‍ക്ക് തന്നെ സ്വയമേവ പുതിയ അല്‍ഗോരിതങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുന്നു എന്നതാണ് ഡീപ് ലേര്‍ണിംഗ് സാങ്കേതിക വിദ്യയുടെ പ്രത്യേകത. ഇത് സാധ്യമാക്കിയത്, പലവിധത്തിലുള്ള കോടിക്കണക്കിനു വിവരങ്ങള്‍ക്ക് വേഗത്തില്‍ ശേഖരിക്കാനുള്ള ഒരു നിരീക്ഷണ സംവിധാനം ഉള്ളതുകൊണ്ടാണ്. മെറ്റ, ആല്‍ഫബെറ്റ് തുടങ്ങിയ കമ്പനികള്‍ ഫേസ്ബുക്കിലൂടെയും ഗൂഗിളിലൂടെയുമെല്ലാം ചെയ്യുന്നത് ഈ വിവരശേഖരണമാണ്. മാത്രവുമല്ല, ഇത്രയും വിവരങ്ങളെ പെട്ടെന്ന് പ്രോസസ്സ് ചെയ്യുന്നതിനുള്ള കമ്പ്യൂട്ടേഷണല്‍ പവര്‍ എന്നതും സമീപകാലത്തു ഉണ്ടായതാണ്. അതോടൊപ്പം ശേഖരിക്കപ്പെട്ട ഇത്രയും വിവരങ്ങള്‍ സൂക്ഷിച്ചു വയ്ക്കുന്നതിനായി ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഡാറ്റ സെന്ററുകള്‍ ഭീമമായ ഊര്‍ജ്ജം ആവശ്യപ്പെടുന്ന ഒന്നാണ്. ആ നിലയില്‍ കുറഞ്ഞ ചിലവില്‍ ഊര്‍ജ്ജ ഉല്‍പ്പാദനം നടത്താനും കഴിഞ്ഞു എന്നതാണ് വ്യാഖ്യാന യന്ത്രങ്ങളുടെ വളര്‍ച്ചയിലേക്ക് നയിച്ചത്. 

ഇവിടെ രണ്ടു കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്, ഒന്ന് നിര്‍മ്മിത ബുദ്ധിക്ക് ആവശ്യമായ ഡാറ്റ ശേഖരണം എന്ന തൊഴില്‍ ഈ കമ്പനികള്‍ പലപ്പോഴും കൂലിയില്ലാ പണിയായിട്ടാണ് ചെയ്യിക്കുന്നത് (Unpaid labor). ഉദാഹരണത്തിന് ഫേസ്ബുക്കിന് 2023 മാര്‍ച്ചിലെ കണക്കുപ്രകാരം അവരുടെ തൊഴിലാളികളായി ഏതാണ്ട് 65,000 ആളുകള്‍ മാത്രമേയുള്ളൂ. പക്ഷേ, അവര്‍ക്കുള്ള 300 കോടി ഉപഭോക്താക്കളും കൂലി കിട്ടാതെ അവര്‍ക്കുവേണ്ടി പണി എടുക്കുന്ന തൊഴിലാളികളെ പോലെയാണ് (ചിലര്‍ക്ക് ഫേസ്ബുക്ക് ഇതിനു കൂലി കൊടുക്കുന്നുണ്ട് ). ഫേസ്ബുക്കില്‍ ഇടപെട്ട് കൊണ്ട് ഇവര്‍ കാണുന്ന വീഡിയോയും, ലൈക്കും, ഷെയറും, കമന്റും ഒക്കെയാണ് പല Predictive Modeling നും ആധാരമായ ഡാറ്റകള്‍ (മനുഷ്യനെ പരസ്പരം മുന്‍പെങ്ങും ഇല്ലാത്തവിധം ബന്ധപ്പെടുത്താന്‍ ഇതിനു കഴിയുന്നില്ലേ എന്ന് ചോദിച്ചാല്‍ തീര്‍ച്ചയായും ഉണ്ട്). മുതലാളിത്തത്തിന് ലാഭമുണ്ടാക്കാന്‍ ഒരു സാധ്യതയും ഇല്ലാതിരുന്ന നമ്മുടെ സാമൂഹ്യ ജീവിതത്തിന്റെ ഭാഗമായി കാലങ്ങളായുള്ള മനുഷ്യബന്ധത്തിന്റെ വ്യവഹാര മണ്ഡലത്തെ കഴിഞ്ഞ ഇരുപതുവര്‍ഷംകൊണ്ട് ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാക്കാന്‍ കഴിയുന്ന ഒന്നാക്കാന്‍ കഴിഞ്ഞു എന്നതാണ് ഈ മാറ്റം. 


REPRESENTATIONAL IMAGE
മറ്റൊന്ന് ഡാറ്റ സെന്ററിന്റെ കൂടിയ ഊര്‍ജ്ജ ഉപഭോഗമാണ്. 2022 ലെ കണക്കുകള്‍ പ്രകാരം ആഗോള വൈദ്യുതി ഉപഭോഗത്തിന്റെ 1.4-1.7% നിലവില്‍ തന്നെ ഡാറ്റ സെന്ററുകളും ക്രിപ്‌റ്റോ കറന്‍സി മൈനിംഗും മാത്രം ചേര്‍ന്ന് നടത്തുന്നുണ്ട് എന്നതാണ് കണക്ക്. പത്തൊന്‍പതാം നൂറ്റാണ്ടിലെ യന്ത്രങ്ങളുടെ വ്യാപനം ഊര്‍ജ്ജ ഉല്‍പ്പാദനം കൂട്ടുകയും അതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടായി എന്നതും നമ്മുടെ അറിവിലുള്ള ചരിത്രമാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വ്യാവസായിക യന്ത്രങ്ങള്‍ കൂടിയത് കാരണം ചൈനയിലെ കല്‍ക്കരി ഖനികളില്‍ പണിയെടുക്കുന്ന തൊഴിലാളികളുടെ എണ്ണം കൂടി എന്നത് ഇതിനോട് ചേര്‍ത്ത് വായിക്കാവുന്നതാണ്. യന്ത്രവല്‍ക്കരണം ചില മേഖലകളില്‍ നിന്നും തൊഴിലാളികളെ പുറത്താക്കുമ്പോള്‍ അതിനനുബന്ധമായ മറ്റു പുതിയ മേഖലകളില്‍ തൊഴില്‍ സൃഷ്ടിക്കും എന്നത് മനസ്സിലാക്കാന്‍ ഇത്തരത്തില്‍ നിരവധി ഉദാഹരണങ്ങള്‍ കാണാം.

ഓട്ടോമേഷന്‍ എപ്പോഴും നടക്കുന്നത് ലേബര്‍ കോസ്റ്റ് കൂടുതലായിട്ടുള്ള മേഖലയിലാകും. അതിലാണ് മുതലാളിത്തത്തിനു താല്പര്യം. മറ്റൊരര്‍ത്ഥത്തില്‍ മുഴുവന്‍ ജോലിയെയും ഓട്ടോമേറ്റ് ചെയ്യാനും മുതലാളിത്തത്തിന് താല്പര്യമില്ല. പുതിയ ഒരു സാങ്കേതിക വിദ്യ എല്ലാ ഉല്‍പ്പാദകര്‍ക്കും ഏറെക്കുറെ ലഭ്യമാകുമ്പോള്‍ അതിലും പുതിയ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കാന്‍ മുതലാളിത്തം നിര്‍ബന്ധിക്കപ്പെടും. അങ്ങനെ അല്ലാത്തപക്ഷം കൂടുതല്‍ ലാഭം എന്ന മുതലാളിത്തത്തിന്റെ ആന്തരിക സ്വഭാവത്തെ നിലനിര്‍ത്താന്‍ കഴിയാതെ വരും. അതുകൊണ്ടുതന്നെ പുതിയ തൊഴില്‍ മേഖലകള്‍ സൃഷ്ടിക്കുക എന്നത് മുതലാളിത്തത്തെ സംബന്ധിച്ച് അവരുടെ നിലനില്‍പ്പിന്റെ ആവശ്യമാണ്. നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ടു നിരവധി പുതിയ തൊഴിലുകള്‍ ഇതിനോടകം തന്നെ ഉയര്‍ന്നുവരാന്‍ തുടങ്ങിയിട്ടുണ്ട്. പക്ഷേ, ആ തൊഴില്‍ മേഖല ഏതാണെന്നും അതിലെ തൊഴില്‍ ഏതു വിധത്തിലുള്ളതായിരിക്കുമെന്നും പൂര്‍ണ്ണമായി തെളിഞ്ഞു വരുന്നതേയുള്ളൂ...

ഇതാണ് യാഥാര്‍ഥ്യം എന്നിരിക്കെ ''നിര്‍മ്മിത ബുദ്ധി സജീവമാകുന്ന ഭാവിയില്‍ മനുഷ്യര്‍ക്കൊന്നും തൊഴിലുണ്ടാവില്ല'' എന്ന ഫാന്റസി പറഞ്ഞു നമ്മുടെ തലമുറയെ പേടിപ്പിക്കുന്നതിനു പിന്നില്‍ മുതലാളിത്തത്തിന്റെ സങ്കുചിതമായ പല താല്പര്യങ്ങളുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് നിര്‍മ്മിത ബുദ്ധിയുടെ നിലനില്‍പ്പിനു ആവശ്യമായ, നിലവില്‍ കൂലി ഇല്ലാതെ ചെയ്യിക്കുന്ന പല മനുഷ്യാദ്ധ്വാനത്തെയും മറച്ചുപിടിക്കുക എന്നതാണ്. തൊഴില്‍ ഇല്ലാത്ത ഒരു കാലം വരും എന്ന ആശങ്ക തൊഴിലാളികളെ ചൂഷണം ചെയ്യാനുള്ള ഒരു സാമൂഹ്യ അന്തരീക്ഷവും ഒരുക്കുന്നുണ്ട്.

നിര്‍മ്മിത ബുദ്ധിയുമായി ബന്ധപ്പെട്ട ചില അടിസ്ഥാന കാര്യങ്ങള്‍ വിശദീകരിച്ചത്, നിര്‍മ്മിത ബുദ്ധി എന്ന് വിളിക്കുന്ന വ്യാഖാന പ്രവര്‍ത്തിയുടെ യന്ത്രവല്‍ക്കരണം എന്നത് നെയ്ത്തു പ്രവര്‍ത്തിയുടെ യന്ത്രവല്‍ക്കരണത്തില്‍ നിന്നും മൗലികമായി വ്യത്യാസമുള്ള ഒന്നല്ല എന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ്. ഇവ തമ്മിലുള്ള വ്യത്യാസമെന്നത് അതിന്റെ വേഗതയിലും വ്യാപ്തിയിലും മാത്രമാണ്. അതുകൊണ്ടുതന്നെ നേരത്തെ തൊഴില്‍ മേഖലയില്‍ ഉണ്ടായിരുന്ന ചൂഷണവും, തൊഴിലാളിയും മൂലധനവും തമ്മിലുള്ള സംഘര്‍ഷവും തുടരുക തന്നെ ചെയ്യും. മുകളില്‍ വിശദീകരിച്ചതുപോലെ ആ ചൂഷണത്തിന്റെ തീവ്രത വരുംകാലങ്ങളില്‍ കൂടും എന്നതിനാല്‍ അതിനെ മറികടക്കാനുള്ള രാഷ്ട്രീയത്തിന്റെ പ്രസക്തിയും വര്‍ധിക്കും എന്നത് നിസ്തര്‍ക്കമായ കാര്യമാണ്.

മുകളില്‍ പറഞ്ഞ വാദങ്ങളെ സംഗ്രഹിച്ചാല്‍ 

1. തൊഴിലാളിവര്‍ഗ്ഗത്തിന്റെ സംഘര്‍ഷം യന്ത്രങ്ങളുമായോ സാങ്കേതിക വിദ്യകളുമായോ അല്ല. മറിച്ചു സാങ്കേതിക വിദ്യയെ കൂടുതല്‍ ലാഭത്തിനു വേണ്ടി മാത്രം തൊഴിലാളി വിരുദ്ധമായി വിന്യസിക്കുന്ന മൂലധനത്തിനും അതിനെ കയ്യാളുന്നവര്‍ക്കും എതിരാണ്. 

2. നിര്‍മ്മിത ബുദ്ധി വഴിയുള്ള യന്ത്രവല്‍ക്കരണം പത്തൊന്‍പതാം നൂറ്റാണ്ടിലെ യന്ത്രവല്‍ക്കരണത്തില്‍ നിന്നും മൗലികമായി എന്തെങ്കിലും വ്യത്യാസമുള്ള ഒന്നല്ല. കൂടുതല്‍ ചൂഷണത്തിന് വഴി ഒരുക്കുന്ന നിര്‍മിത ബുദ്ധി പോലുള്ള സാങ്കേതിക വിദ്യയുടെ കാലത്ത് വര്‍ഗ്ഗ സംഘര്‍ഷം കൂടുതല്‍ പ്രകടമാകും. 

3. നിര്‍മ്മിത ബുദ്ധിയുടെ വരവോടെ തൊഴില്‍ മേഖലയില്‍ നിന്നും ഏതാണ്ട് പൂര്‍ണ്ണമായും തൊഴിലാളികള്‍ പുറത്താക്കപ്പെടും എന്ന ചിലരുടെ വാദങ്ങള്‍ സാങ്കേതികത അതിനിര്‍ണ്ണയവാദം മാത്രമാണ്. നിര്‍മ്മിത ബുദ്ധി വഴി ചില മേഖലകളിലെ തൊഴില്‍ നഷ്ടപ്പെടുമ്പോള്‍ മുന്‍കാലങ്ങളില്‍ യന്ത്രവല്‍ക്കരണത്തിന്റെ ഭാഗമായി ഉടലെടുത്തതുപോലെ മറ്റ് ചില മേഖലകളില്‍ പുതിയ തൊഴിലുകള്‍ ഇതുവഴി രൂപപ്പെടും.

പിന്‍കുറിപ്പ്: സാങ്കേതിക വിദ്യ ഇന്ന് കാണുംവിധം ഒട്ടുമേ വികസിക്കാത്ത കാലത്ത് ഒരു തത്ത്വചിന്തകന്‍ നടത്തിയ നിരീക്ഷണങ്ങള്‍ക്ക് എന്ത് പ്രസക്തി എന്ന ചോദ്യം ചിലരുടെ എങ്കിലും മനസ്സിലുണ്ടാകും. 'മൂലധനം' ചര്‍ച്ച ചെയ്യുന്ന ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട അടിസ്ഥാനപ്രമാണങ്ങളെ വിശകലനത്തിനുള്ള ഒരു ഉപകരണം മാത്രമായി കണ്ട് സാങ്കേതിക ലോകത്തെ ഇന്നത്തെ സാഹചര്യങ്ങളെ ശരിയായി വിലയിരുത്തേണ്ടത് ഇക്കാലത്തെ തൊഴിലാളി വര്‍ഗ്ഗ പ്രവര്‍ത്തകരുടെയും അവരുടെ സൈദ്ധാന്തികരുടെയും ജോലിയാണ്.

Reference
 
1. Marx, K. (1867). Capital: A critique of political economy. Volume 1
2. Laary Lohmann (2021). Interpretation Machines: Contradictions of 'Artificial Intelligence' in 21st-Century Capitalism, 
3. Laary Lohmann (2021). Labor, Energy and the Colonial Geography of Artificial Intelligence,
4. https://mronline.org/2021/12/01/130380/
5. https://mronline.org/2021/05/07/marx-on-technology/
#Technotopia
Leave a comment