TMJ
searchnav-menu
post-thumbnail

Technotopia

17 വ‍ർഷങ്ങൾ i Phone 16

07 Sep 2024   |   2 min Read
TMJ News Desk

തിനേഴ് വര്‍ഷം മുമ്പ്, 29 ജൂണ്‍ 2007ല്‍ സ്റ്റീവ് ജോബ്‌സ് ആദ്യമായി ഐഫോണ്‍ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍, അന്നത്തെ പല സ്മാര്‍ട്ട്‌ഫോണ്‍ സങ്കല്‍പ്പങ്ങളും യാഥാര്‍ഥ്യമാവുന്ന കാഴ്ചയ്ക്കാണ് ലോകം സാക്ഷിയായത്. ഒന്നര ദിവസത്തിനുള്ളില്‍ 27 ലക്ഷം ഫോണുകള്‍ വിറ്റ ആപ്പിളന്ന് ചരിത്രം സൃഷ്ടിച്ചു. ഒരു ഗാരേജില്‍ മൂന്ന് പേര് ചേര്‍ന്നാരംഭിച്ച ആപ്പിള്‍ എന്ന സ്ഥാപനത്തിന്, ഐഫോണിന് ശേഷം പിന്നീട് പുറകോട്ട് നോക്കേണ്ടി വന്നിട്ടില്ല.

ഇപ്പോഴിതാ മറ്റൊരു സെപ്റ്റംബര്‍. വീണ്ടുമൊരു ആപ്പിള്‍ ഇവന്റ്. എല്ലാവര്‍ഷത്തെയും പോലെ ഇത്തവണയും പുതിയ ഐഫോണ്‍ 16 തന്നെയാണ് സെപ്റ്റംബര്‍ 9നു നടക്കാന്‍ പോവുന്ന ആപ്പിള്‍ ഇവന്റിന്റെ പ്രധാന ആകര്‍ഷണം. ഐഫോണിനോടൊപ്പം പുതിയ വാച്ച് മോഡലുകളും എയര്‍പോഡുകളും പ്രതീക്ഷിക്കാമെന്ന സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍ സമ്പന്നരുടെ പക്കല്‍ മാത്രമായിരുന്ന ആപ്പിള്‍ ഉല്‍പ്പന്നങ്ങള്‍ ഇപ്പോള്‍ സാധാരണക്കാര്‍ക്കും പ്രാപ്യമായ ഒന്നായി മാറിയിരിക്കുന്നു. അതുകൊണ്ട് തന്നെ ആപ്പിള്‍ ഇവന്റിനായി ടെക് ലോകത്തിന് പുറമെ പൊതുസമൂഹവും ഉറ്റുനോക്കുന്നുണ്ട്.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
ഇത്തവണയും 4 ഐഫോണ്‍ മോഡലുകള്‍ ആണ് പ്രതീക്ഷിക്കുന്നത്. WWDC24 ല്‍ അവതരിപ്പിച്ച പുതിയ IOS18, ഇവന്റിന് ശേഷം ഐഫോണ്‍ SE സെക്കന്റ് ജെനറേഷനും ഐഫോണ്‍ X ഉം അടക്കമുള്ള എല്ലാ ഐഫോണുകളിലും IOS18 ഡൗണ്‍ലോഡ് ചെയ്യാന്‍ ലഭ്യമാവും. അതിന് മുന്നേയുള്ള മോഡലുകളില്‍ IOS18 ലഭ്യമാവില്ല. ഐഫോണ്‍, ഐഫോണ്‍ പ്ലസ്, ഐഫോണ്‍ പ്രോ, ഐഫോണ്‍ പ്രോ മാക്‌സ് എന്നീ ഫോണുകളാവും ആപ്പിള്‍ അവതരിപ്പിക്കുക. അടുത്ത വര്‍ഷം മുതല്‍ പ്ലസ് എന്ന മോഡല്‍ നിര്‍ത്തലാക്കുമെന്നും, ആകര്‍ഷകമായ മെലിഞ്ഞ മോഡലില്‍ എയര്‍ എന്നൊരു ഐഫോണ്‍ മോഡല്‍ അവതരിപ്പിക്കപ്പെട്ടേക്കാം എന്നും അഭ്യൂഹങ്ങളുണ്ട്. 2 കൊല്ലം മുന്നേയാണ് മിനി എന്ന മോഡല്‍ ആപ്പിള്‍ നിര്‍ത്തലാക്കിയത്.

ഐഫോണ്‍ 6.1 ഇഞ്ച് സ്‌ക്രീനിലും ഐഫോണ്‍ പ്ലസ് 6.7 ഇഞ്ച് സ്‌ക്രീനിലും 60 Hz ഡിസ്‌പ്ലേയോടുകൂടെയാവും പുറത്തിറങ്ങുക. ഐഫോണ്‍ പ്രോ 6.3 ഇഞ്ച് സ്‌ക്രീനിലും പ്രോ മാക്‌സ് 6.9 ഇഞ്ച് സ്‌ക്രീനിലും 120 Hz ഡിസ്‌പ്ലേയാവും. ഇത്തവണ എല്ലാ മോഡലുകളിലും പുതിയ A18 ചിപ്പാവും ആപ്പിള്‍ നല്‍കുക എന്നും അഭ്യൂഹങ്ങളുണ്ട്. പ്രോയിലും പ്രോ മാക്‌സിലും ഈ ചിപ്പിന്റെ ഒരു പ്രോ വേരിയന്റാവും നല്‍കുക.

WWDC24 ന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നായിരുന്നു ആപ്പിള്‍ ഉല്‍പന്നങ്ങളിലേക്ക് അവതരിപ്പിക്കപ്പെട്ട AI ഫീച്ചറുകള്‍. അവ പക്ഷേ പ്രോയിലും പ്രോ മാക്‌സ് മോഡലുകളിലും മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഇത്തവണ ഐഫോണ്‍ 16 ന്റെ എല്ലാ മോഡലുകളിലും AI ഫീച്ചറുകള്‍ ആപ്പിള്‍ നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പതിവ് പോലെ പ്രോയിലും പ്രോ മാക്‌സിലും 3 ക്യാമറയും മറ്റു മോഡലുകളില്‍ 2 ക്യാമറയുമാണുണ്ടാവുക. ഐഫോണ്‍ 16 പ്രോ വെര്‍ഷന്‍ ക്യാമറകള്‍ 12 മെഗാപിക്‌സലില്‍ നിന്നും 48 മെഗാപിക്‌സലിലേക്ക് ഉയര്‍ത്തുമെന്നും പ്രതീക്ഷിക്കുന്നു.

REPRESENTATIVE IMAGE | PHOTO : WIKI COMMONS
പുതിയ SE വാച്ച് മോഡലുകളും എയര്‍പോഡ് മോഡലുകളും ഈ ഇവന്റിന്റെ ഭാഗമായി ഉണ്ടാവും. ആപ്പിള്‍ വാച്ച് സീരീസ് 10 41mm കൂടാതെ 45mm മോഡലുകളും, ആപ്പിള്‍ വാച്ച് അള്‍ട്രാ 3 ഉം അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. എയര്‍പോഡുകള്‍ പ്രോ വേര്‍ഷന് പകരം ഒരു ബേസ് വെര്‍ഷന്‍ എയര്‍പോഡ് 4 ആവും അവതരിപ്പിക്കുക എന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ആപ്പിള്‍ സോഫ്റ്റ് വെയറില്‍ എ ഐ ആയ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചേഴ്‌സ് ആവും പ്രധാന ആകര്‍ഷണം. ഹാര്‍ഡ് വെയറില്‍ വന്നാല്‍ ചെറിയ ചില മാറ്റങ്ങള്‍ പുറകിലെ പാനലില്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ക്യാമറയുടെ സ്ഥാനങ്ങളിലെ മാറ്റിമറിക്കലാണ് പ്രധാനമായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഐഫോണുകള്‍ ഇറങ്ങുന്നത്. ഉള്ള ഫീച്ചറുകള്‍ തേച്ച് മിനുക്കിയും സോഫ്റ്റ് വെയര്‍ മെച്ചപ്പെടുത്തിയും ക്യാമറ, പെര്‍ഫോര്‍മന്‍സിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയൊന്നും ചെയ്യാതെ മികച്ച അനുഭവം നല്‍കിക്കൊണ്ട് ആപ്പിള്‍ മുന്നോട്ട് പോവുന്നു. വാച്ചില്‍ കഴിഞ്ഞ വര്‍ഷം അവതരിപ്പിക്കപ്പെട്ട ജെസ്ചര്‍ കണ്ട്രോളുകള്‍, ഐപാഡില്‍ കൊണ്ട് വന്നിട്ടുള്ള കാല്‍ക്കുലേറ്ററിലെ മികച്ച ഫീച്ചറുകള്‍ പോലെ എന്തെങ്കിലും ഫീച്ചറുകള്‍ ഫോണുകളിലും അവതരിപ്പിക്കപ്പെടുമോ ഇല്ലയോ എന്നറിയാന്‍ ടെക് ലോകം ഉറ്റ് നോക്കുന്നു. സെപ്റ്റംബര്‍ 9നു ഇന്ത്യന്‍ സമയം രാത്രി 10 30നു യൂട്യൂബില്‍ ആപ്പിളിന്റെ ചാനലിലും ആപ്പിള്‍ വെബ്‌സൈറ്റിലും ആപ്പിള്‍ ടിവിയിലും ഇവന്റ് ലൈവായി കാണാവുന്നതാണ്.


#Technotopia
Leave a comment