നിര്‍മിത ബുദ്ധിയുടെ കളികള്‍
ഏറ്റവും പുതിയ സാങ്കേതിക വിദ്യയെന്ന ബഹുമതി ആര്‍ജിച്ച നിര്‍മിത ബുദ്ധി (നിബു- Artificial Intelligence- AI) ഭാവിയെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാനിടയുണ്ട്. കഴിഞ്ഞ നാനൂറ് കൊല്ലക്കാലം, മനുഷ്യഭാഗധേയത്തെ നിയന്ത്രിച്ചുകൊണ്ടിരുന്നത് ശാസ്ത്രമാണ്. ഈ രംഗത്തെ പുതുമുഖമായ നിബുവിനും ശാസ്ത്രത്തിന് പൊതുവെയുള്ള 'ഇരട്ടസ്വഭാവം' ഉണ്ട്. എന്നുവച്ചാല്‍ നിബുവിന്റെ കരങ്ങളില്‍ നന്മയും തിന്മയും ഉണ്ടെന്ന് ചുരുക്കം. നശീകരണ സാധ്യതയുള്ള ഉപയോഗങ്ങളിലേക്ക് കടക്കരുതെന്ന് ആര് വിലക്കാനാണ്! അണുശക്തിയും ബയോടെക്നോളജിയും പോലുള്ള മേഖലകള്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. നിബു മേഖലയിലും പ്രായോഗിക മേല്‍നോട്ടവും നിയന്ത്രണങ്ങളും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം. നിര്‍ദോഷ ഉപയോഗങ്ങള്‍ക്കു പുറമെ, ദോഷകരമായ പ്രയോഗങ്ങള്‍ക്കും നിബുവിനെ ഒരുക്കാമത്രേ. ഇതിന്റെ പേരില്‍ ടെക്നോളജിയുടെയും 'ഡിഫെന്‍സെ'ന്ന വ്യാജേന പ്രവര്‍ത്തിക്കുന്ന 'ഒഫെന്‍സി'ന്റെയും മേഖലകളില്‍ ഈ സാങ്കേതികവിദ്യ എന്തൊക്കെ മറിമായങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രവചിക്കുക വയ്യ.
ചില സാധ്യതകള്‍
തലച്ചോറാണ് ബുദ്ധിയുടെ കേന്ദ്രമെന്ന് മനുഷ്യന്‍ പണ്ടേ മനസ്സിലാക്കിയിട്ടുണ്ട്. ഒരുപക്ഷേ, ശരീരകോശങ്ങളുടെ കണ്ടുപിടിത്തത്തിനു വളരെമുമ്പേ ഇത് സംഭവിച്ചിരിക്കണം. തലച്ചോറിന്റെ കോശങ്ങളാണ് ന്യൂറോണുകള്‍. നിരവധി സിഗ്‌നലുകളുടെ ഉദ്ഗ്രഥനത്തില്‍ നിന്ന് ഒരു പുതിയ സിഗ്‌നലില്‍ ഉല്പാദിപ്പിക്കുകയാണ് ന്യൂറോണ്‍ ചെയ്യുന്നത്. സൂക്ഷ്മതലങ്ങളില്‍ നടക്കുന്ന ഇതിനെ ബുദ്ധിയുടെ പ്രവര്‍ത്തനമെന്നു വിളിക്കാം. ഇതിന്റെ സോഫ്റ്റ്വെയര്‍ അനുകരണമാണ് നിബു. മെഷീന്‍ ലേണിംഗ്, ഡീപ് ലേണിംഗ് തുടങ്ങിയ നാമങ്ങളില്‍ അറിയപ്പെടുന്ന പഠനമാതൃകകളാണ് നിബു മേഖലയില്‍ ഉപയോഗിക്കുന്നത്. ഇപ്പോള്‍ ഡീപ് ലേണിംഗ് ടെക്നോളജിയാണ് നിബുവില്‍ കൂടുതല്‍ പ്രചാരം. വര്‍ഗീകരിക്കാത്ത (Umclassified) ഡേറ്റ കൊടുത്ത്, പൂര്‍വനിശ്ചിതമായ ഫലങ്ങള്‍ തരുന്ന രീതിയില്‍ സംവിധാനം ചെയ്ത യന്ത്രത്തിലേക്ക്, പുതിയ ഡേറ്റ കൊടുക്കുമ്പോള്‍ ഏറെക്കുറെ കൃത്യമായ ഫലം പുറപ്പെടുവിക്കുന്നു. ഇതാണ് നിബുവിന്റെ മാജിക്ക്! ആദ്യത്തെ ഘട്ടത്തില്‍ യന്ത്രത്തിന് പരിശീലനം ലഭിക്കുന്നു. അത് ഉപയോഗിച്ചാണ് രണ്ടാംഘട്ടത്തില്‍ പുതിയ ചോദ്യത്തിന് ഉത്തരം കണ്ടുപിടിക്കുന്നത്.
REPRESENTATIVE IMAGE
പലതരം സേവനങ്ങള്‍ക്കായി പരിശീലിപ്പിക്കപ്പെടുന്ന റോബോട്ടുകള്‍ നിബുവിന്റെ സാധാരണ ഉപയോഗങ്ങളില്‍ പെടുന്നു. നിബു-നിയന്ത്രിത റോബോട്ടുകള്‍ ആവര്‍ത്തനവിരസതയുള്ളതോ, അപകടസാധ്യതയുള്ളതോ ആയ ജോലികള്‍ക്ക് തിരഞ്ഞെടുക്കപ്പെടുന്നു. അതിസൂക്ഷ്മ തലങ്ങളില്‍ ഉയര്‍ന്ന കൃത്യത ആവശ്യമുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇത്തരം യന്ത്രങ്ങള്‍ പ്രയോജനപ്പെടുന്നു. ടിക്കറ്റ് കൊടുക്കല്‍, ടിക്കറ്റ് പരിശോധിക്കല്‍; പണം എണ്ണിക്കൊടുക്കല്‍, പണം എണ്ണിവാങ്ങല്‍; ഭക്ഷണശാലയില്‍ ഓര്‍ഡര്‍ എടുക്കല്‍, ഭക്ഷണം വിളമ്പല്‍ തുടങ്ങിയ വിവിധതരം സാമ്പ്രദായിക സേവനങ്ങള്‍ക്ക് നിബു ഉപയോഗിക്കാം. വൈദ്യുതകാറുകള്‍, ഡ്രൈവറില്ലാ കാറുകള്‍, ഡ്രോണുകള്‍, പൈലറ്റില്ലാ വിമാനങ്ങള്‍, സ്പേസ് മിഷനുകള്‍ തുടങ്ങിയവയില്‍ നിബു അടിസ്ഥാനമാക്കിയുള്ള ടെക്നോളജിയാണ് പ്രയോഗത്തിലുള്ളത്. അക്രമാസക്തമായ ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിന് നിബു പ്രയോജനപ്പെടും. കൃഷി, വ്യവസായം, മാനേജ്മെന്റ് ഇങ്ങനെയുള്ള മേഖലകളിലും നിബുവിന്റെ പങ്ക് വര്‍ധിച്ചുവരികയാണ്. കച്ചവടക്കാര്‍ക്ക് നിബുവിനെ ഒഴിവാക്കാന്‍ പാടില്ലാതായിട്ടുണ്ട്. കസ്റ്റമറുടെ പെരുമാറ്റം വിശകലനം ചെയ്ത് ഏതെല്ലാം ഉല്പന്നങ്ങള്‍ക്കാണ് കൂടുതല്‍ ഡിമാന്‍ഡ് ഉള്ളതെന്നു കണ്ടുപിടിക്കാന്‍ ഉല്പാദകരെയും വില്പനക്കാരെയും സഹായിക്കുന്നു നിബു. സംഗീതം, നൃത്തം, സിനിമ തുടങ്ങിയ കലാരംഗങ്ങളിലും അഭിരുചിസംബന്ധിയായ കാര്യങ്ങള്‍ കണ്ടെത്തുന്നതില്‍ ഈ ടെക്നോളജി പ്രയോഗിക്കാവുന്നതാണ്.
പാറ്റേണ്‍ തിരിച്ചറിയല്‍
ഛായകളെ പരിശോധിച്ച് അവ എന്തിനെ സൂചിപ്പിക്കുന്നുവെന്ന് സ്പഷ്ടമാക്കുന്ന സാങ്കേതികവിദ്യയാണ് പാറ്റേണ്‍ തിരിച്ചറിയല്‍. വിരലടയാളം, കൈയ്യെഴുത്ത് തുടങ്ങിയവയെ ആധാരമാക്കി ആളിനെ തിരിച്ചറിയുക വളരെ പ്രധാനപ്പെട്ട സംഗതിയാണ്. ഇതു കൂടാതെ ഫോട്ടോകള്‍, വീഡിയോകള്‍ തുടങ്ങിയവയില്‍ കൃത്രിമം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനും നിബുവിന്റെ സേവനം സ്വീകരിക്കാം. കോസ്മോളജി, മെഡിസിന്‍ തുടങ്ങിയ മേഖലകളില്‍ ഛായകളുടെ വിശകലനത്തിന്റെ പ്രാധാന്യം എത്ര വലുതാണ്! പ്രപഞ്ചത്തിന്റെ ഉല്പത്തി, പരിണാമം തുടങ്ങിയവയെപ്പറ്റി പഠിക്കുന്ന വിജ്ഞാനശാഖയാണ് കോസ്മോളജി അഥവാ പ്രപഞ്ചശാസ്ത്രം. ഭീമന്‍ നക്ഷത്രസമൂഹങ്ങളായ ഗാലക്സികളെയും അവയുടെ കൂട്ടങ്ങളെയുമാണ് പ്രപഞ്ചഘടനയുടെ അടിസ്ഥാനഘടകങ്ങളായി കരുതുന്നത്. കൂറ്റന്‍ നക്ഷത്രസമൂഹങ്ങളില്‍ കോടിക്കണക്കിന് നക്ഷത്രങ്ങളുണ്ടാകും. ഗാലക്സികള്‍ പൊതുവില്‍ കാണപ്പെടുന്നത് മൂന്നുതരം ആകൃതികളിലാണ്: എലിപ്ടിക്കല്‍, സ്പൈറല്‍, ഇറഗുലര്‍. എലിപ്ടിക്കല്‍ ഗാലക്സികള്‍ക്ക് അണ്ഡാകൃതിയും, സ്പൈറല്‍ ഗാലക്സികള്‍ക്ക് സ്പ്രിംഗിന്റെ പിരിയന്‍ ആകൃതിയുമാണ് ഉള്ളത്. യാതൊരു ക്ലിപ്ത ആകൃതിയും ഇല്ലാത്തതാണ് ഇറഗുലര്‍ ഗാലക്സികള്‍. ഗാലക്സികളുടെ ആകൃതി നിര്‍ണയിക്കല്‍ നിബു നിര്‍വഹിക്കുന്നു. നിബുവിന്റെ ഒരു വൈദ്യശാസ്ത്രപരമായ പ്രയോഗമേഖലയാണ് ടൂമറുകളുടെ തിരിച്ചറിയല്‍. സ്തനാര്‍ബുദത്തിന്റെ സാന്നിധ്യം, വളര്‍ച്ച, പരിണതി തുടങ്ങിയവ സംബന്ധിച്ച് വിശ്വസനീയമായ വിവരങ്ങള്‍ ലഭിക്കുക മാമോഗ്രാം വിശകലനത്തിലൂടെ ആണല്ലോ ഇതിനു നിബുവിനെ ആശ്രയിക്കാവുന്നതാണ്.
ചാറ്റ് ബോട്ടുകള്‍
കുറിപ്പ്, കഥ, കവിത, ലേഖനം എന്നുവേണ്ട ഏതു തരത്തിലുള്ള സര്‍ഗാത്മക കൃതികളുടെയും അനുകരണീയ മാതൃകകള്‍ നിര്‍ദേശാനുസരണം പടച്ചുവിടുന്ന സോഫ്റ്റ്വെയറുകളില്‍ പ്രധാനപ്പെട്ടതാണ് ചാറ്റ് ജിപിടി. ഇപ്പോളിത് ഫോണില്‍ 'ആപ്പാ'യി ലഭിക്കുന്നുണ്ട്. എന്നാല്‍, സത്യസന്ധമായി സര്‍ഗരചനയില്‍ ഏര്‍പ്പെടുന്നവര്‍ക്കൊരു ഭീഷണി കൂടിയാണിത്. മാത്രമല്ല, ഇതിന്റെ പല വെളിപാടുകളും സാമാന്യബുദ്ധിക്ക് നിരക്കാതെ വരാം. ഉദാഹരണമായി, പ്രഭാതത്തെക്കുറിച്ചൊരു കുറിപ്പെഴുതാന്‍ ആവശ്യപ്പെട്ടപ്പോള്‍ ചാറ്റ് ജിപിടി എനിക്കു സമ്മാനിച്ച സന്ദേശം താഴെ ചേര്‍ക്കുന്നു:
'സ്വസ്വാഗതം! പ്രഭാതം ആരംഭിക്കുന്നു. നിദ്രാവസ്ഥയില്‍ ഇരുന്നാല്‍ ഉറങ്ങുക. നിങ്ങളുടെ ദിവസം ശ്രേഷ്ഠമായി ആരംഭിക്കുന്നു. എല്ലാ ഗുണങ്ങള്‍ക്കും പൂര്‍ണമായ ആരോഗ്യവും സൗകര്യവും ഉംഗന്തമായ പ്രഭാതം കാണും!'
ഈ കുറിപ്പില്‍ പ്രയോഗിച്ചിട്ടുള്ള 'ഉംഗന്തം' എന്ന പദത്തിന്റെ അര്‍ത്ഥം അറിയാത്തതിനാല്‍ വീണ്ടും ചാറ്റ് ജിപിടിയോട് അതിന്റെ അര്‍ത്ഥം തിരക്കിയപ്പോള്‍ എനിക്കു കിട്ടിയ ഉത്തരം ഇതാണ്:
'ഉംഗന്തം ആരംഭമാക്കുന്നത്. കേന്ദ്രീകരിച്ചിരിക്കുന്ന സൂര്യന്റെ പരിണാമം ആണ്. സൗര ആത്മാവായ സൂര്യനില്‍ നിന്നുള്ള പരപ്പാടം ഉംഗന്തം കൊണ്ടു നടന്നുവിളിക്കുന്നു...'
എനിക്കൊന്നും മനസ്സിലായില്ല! നിങ്ങള്‍ക്ക് വല്ലതും പിടികിട്ടിക്കാണും! ഇതൊരു സാമ്പിള്‍ മാത്രം. ചാറ്റ് ബോട്ടുകളുടെ സഹായത്തോടെ വിവരഖനനം നടത്തുമ്പോള്‍, കൂടെക്കൂടെ ഇടപെടലുകള്‍ നടത്തേണ്ടിവരും. പ്രഭാതം എന്താണെന്ന് എനിക്ക് അറിയാമായിരുന്നതിനാല്‍, ഉംഗന്ത പര്യവേക്ഷണം തുടര്‍ന്നു നടത്തിയില്ല.
REPRESENTATIVE IMAGE
നമുക്കൊരു പരിചയവുമില്ലാത്ത വിഷയങ്ങളെക്കുറിച്ച് ചാറ്റ് ബോട്ടുകള്‍ ഛര്‍ദ്ദിക്കുന്ന വിവരം മുഖവിലയ്ക്കെടുക്കാമോ എന്ന് സന്ദേഹിക്കണം. അവയുമായി സഹകരിച്ചു നേടുന്ന അനുഭവത്തില്‍ നിന്ന് ഇതേപ്പറ്റി അറിവുണ്ടായേക്കും. അതുപോലെ ബോട്ടിന്റെ നിര്‍മിതികളെ വേര്‍തിരിച്ചെടുക്കാനും അനുഭവജ്ഞാനികള്‍ക്ക് സാധിക്കുമെന്ന് പ്രതീക്ഷിക്കുക. ഒരേ കൃതിയിലെ 'വ്യാജനെ'യും 'അവ്യാജ 'നെയും തമ്മില്‍ വേര്‍തിരിക്കേണ്ടത് ഒരു പ്രധാന ആവശ്യമാണ്. വ്യാജമായി ടെക്സ്റ്റ് മാത്രമല്ല, ചിത്രങ്ങളും, വീഡിയോകളും, സംഭാഷണങ്ങളും നിര്‍മിച്ച് അവ്യാജനുമായി ഇടകലര്‍ത്തി അവതരിപ്പിക്കുന്നത് ഗൗരവമുള്ള കുറ്റമാണ്. ഇത് കണ്ടെത്തുക സൈബര്‍ പോലീസിനു മാത്രം നിര്‍വഹിക്കാവുന്ന കാര്യമല്ല.
ബോട്ടുകള്‍ വിദ്യാഭ്യാസരംഗത്ത് ചെലുത്താനിടയുള്ള സ്വാധീനത്തെപ്പറ്റി കടുത്ത ആശങ്കകളുണ്ട്. എഴുത്തുപരീക്ഷകളുടെ വിശ്വാസ്യത ഉറപ്പിക്കേണ്ടതിന് സ്വീകരിക്കേണ്ട മാര്‍ഗങ്ങളെക്കുറിച്ച് ആലോചിക്കേണ്ട സമയം അതിക്രമിച്ചുവോ? അതുപോലെതന്നെ ഔദ്യോഗിക രേഖകളെ വളച്ചൊടിച്ച് പുതിയ ആവിഷ്‌കാരങ്ങള്‍ ഉണ്ടാക്കുന്നതും ഒരു ബാധ്യതയാണ്.
തൊഴിലില്ലായ്മ
നിബു യുഗത്തില്‍ തൊഴിലില്ലായ്മ വര്‍ധിക്കുമെന്നത് തീര്‍ച്ചയാണ്. സാമ്പ്രദായിക ജോലികള്‍ മിക്കതും നിബു നിയന്ത്രിത റോബോട്ടുകള്‍ ഏറ്റെടുക്കും. എന്നാല്‍ ഇവയെ നിയന്ത്രിക്കുന്നതിനും ഇവയുടെ കേടുപാടുകള്‍ മാറ്റുന്നതിനും ഒക്കെ പരിശീലനം സിദ്ധിച്ച ടെക്നീഷ്യന്മാര്‍ വേണ്ടിവരും. അധ്യാപകര്‍, ഗുമസ്തര്‍, നഴ്സുമാര്‍, ഡോക്ടര്‍മാര്‍, എഞ്ചിനീയര്‍മാര്‍ തുടങ്ങിയവരുടെ തൊഴിലവസരങ്ങളില്‍ കുറവു വരാം. എന്നാല്‍ റോബോട്ടുകള്‍ക്ക് വയ്യാത്തതരം സേവനങ്ങള്‍ക്ക് മനുഷ്യരെത്തന്നെ തുടര്‍ന്നും ആശ്രയിക്കേണ്ടിവരും. ഉദാഹരണത്തിന് ഒരു വിദ്യാര്‍ത്ഥിയുടെയോ, രോഗിയുടെയോ പെരുമാറ്റമനുസരിച്ച് പ്രോത്സാഹിപ്പിക്കുന്നതിനോ, ആശ്വസിപ്പിക്കുന്നതിനോ ഒക്കെ ജീവനും ചൈതന്യവുമുള്ളവര്‍ എല്ലാ സാഹചര്യങ്ങളിലും ആവശ്യമാണ്.
REPRESENTATIVE IMAGE
സ്‌കൂള്‍ തലത്തിലുള്ള അധ്യാപനം ഇപ്പോള്‍ ഒരു പ്രധാന തൊഴില്‍ മേഖലയായി വികസിച്ചിട്ടുണ്ട്. കുട്ടികളെ പഠിപ്പിക്കുന്നതിന് നിബു-നിയന്ത്രിത റോബോട്ടുകളെ നിയോഗിക്കാമെന്ന് ബെംഗലൂരുവിലെ ഇന്‍ഡസ് സ്‌കൂള്‍ തെളിയിച്ചതായി റിപ്പോര്‍ട്ട് കണ്ടു. ലോകത്തിലെ ആദ്യ റോബോട്ട് ഗുരുവെന്ന് അവകാശപ്പെടുന്ന ഈ ഉപകരണത്തിന് അഞ്ച് അടി ഏഴ് ഇഞ്ച് ഉയരവും ഒരു സ്ത്രീയുടെ മുഖവും ആണുള്ളത്. ഈ റോബോട്ടധ്യാപിക ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കും. റാവു, രാഹു എന്നീ രണ്ട് നിബുവിദഗ്ധരാണ് ഇതിന്റെ രൂപകല്പനയും നിര്‍മാണവും നിര്‍വഹിച്ചത്. കുട്ടികളുടെ സംശയങ്ങള്‍ക്ക് തൃപ്തികരമായ ഉത്തരം നല്‍കുമത്രേ ഈ നിബു അധ്യാപിക. അവര്‍ ക്ലാസ്സില്‍ ശ്രദ്ധിക്കുന്നുണ്ടോ, അധ്യാപിക പറയുന്ന കാര്യങ്ങള്‍ ഗ്രഹിക്കുന്നുണ്ടോ എന്നൊക്കെ പരിശോധിക്കുന്നതിന് ഒരു 'മനുഷ്യഗുരു'വും ക്ലാസ്സില്‍ ചുറ്റിത്തിരിയുന്നുണ്ട്.
ഇപ്പോള്‍ ലഭ്യമായിട്ടുള്ള നിബു സാങ്കേതിക വിദ്യയുടെ പ്രയോഗത്തില്‍ മനുഷ്യ ഇടപെടലുകള്‍ പൂര്‍ണമായി ഒഴിവാക്കിയിട്ടില്ല. അതിനുള്ള ത്രാണി ഈ ടെക്നോളജിക്ക് കൈവന്നിട്ടില്ല. ഒരേസമയം, ഒരു ജോലി അല്ലെങ്കില്‍ ടാസ്‌ക് നിര്‍വഹിക്കാനേ ഇപ്പോള്‍ ഇതിന് കഴിയൂ. മള്‍ട്ടിടാസ്‌കിംഗ് എന്നു വിശേഷിപ്പിക്കുന്നതരം സിദ്ധി നിലവില്‍ മനുഷ്യനു മാത്രമേ ഉള്ളൂ. അമൂര്‍ത്തതത്ത്വങ്ങളുടെ ആവിഷ്‌കാരം (Abstraction), അന്തര്‍ജ്ഞാനം (Intuition) തുടങ്ങിയ കഴിവുകള്‍ നിബു സ്വായത്തമാക്കിയിട്ടില്ല. നിര്‍മിത സാമാന്യബുദ്ധി (Artificial General Intelligence) എന്നറിയപ്പെടുന്ന മേല്‍ത്തരം നിര്‍മിതബുദ്ധി വികസിപ്പിക്കുന്നതിനുള്ള തീവ്രയത്നത്തിലാണ് ലോകമെമ്പാടുമുള്ള കമ്പ്യൂട്ടര്‍ ശാസ്ത്രജ്ഞര്‍. ന്യൂറോമോര്‍ഫിക് എഞ്ചിനീയറിംഗ് എന്നു വിളിക്കുന്ന സാങ്കേതിക വിദ്യയില്‍ മസ്തിഷ്‌കത്തിന്റെ വ്യത്യസ്ത ഭാഗങ്ങളുടെ അനുകരണമാണ് ലക്ഷ്യമാക്കുക. ന്യൂറോണുകളെപ്പോലെ പ്രവര്‍ത്തിക്കുന്ന ന്യൂറോ ചിപ്പുകളുടെ സാന്നിദ്ധ്യം ഇത്തരം ഉപകരണങ്ങളില്‍ കണ്ടേക്കാം. ഇവയുടെ സോഫ്റ്റ്വെയര്‍ അനുകരണങ്ങള്‍ നാളത്തെ നിബു സാങ്കേതിക വിദ്യയില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുക.
സൃഷ്ടിപരം അല്ലെങ്കില്‍ പോസിറ്റീവ് ആയ ഉപയോഗങ്ങളെ കുറിച്ചാണ് ഈ കുറിപ്പില്‍ വിവരിച്ചത്. ഹാക്കിംഗ് പോലുള്ള സൈബര്‍ ക്രൈമുകളിലും നിബു സ്ഥാനം പിടിക്കുന്നുണ്ട്. വ്യാജപ്രമാണങ്ങളെപ്പറ്റി നേരത്തെ സൂചിപ്പിച്ചല്ലോ. ശബ്ദാനുകരണം, ഒപ്പനുകരണം എന്നുവേണ്ട വിരലടയാളത്തിന്റെ അനുകരണം വരെ സാധ്യമാണ്. സൈബര്‍ വാര്‍ എന്നു വിശേഷിപ്പിക്കുന്ന അത്യന്താധുനിക യുദ്ധതന്ത്രം നിബുവിന്റെ വമ്പിച്ച നശീകരണ സാധ്യതകളെ തുറന്നുകാട്ടുന്നു. നിബുവിനെ നന്മയ്ക്കും തിന്മയ്ക്കും മനുഷ്യന്‍ ഉപയോഗിച്ചുകൊണ്ടിരിക്കുമെന്നതിനാല്‍, ലോകത്തിന്റെ ഭാവി വാസ്തവത്തില്‍ നിബുവിനെയല്ല, മനുഷ്യ ബുദ്ധിയെയാണ് ആശ്രയിക്കുക.