TMJ
searchnav-menu
post-thumbnail

Technotopia

എ ഐ കോളോണിയലിസവും ടെക്നോട്ടോപ്യയും

01 Jul 2023   |   5 min Read
K P Sethunath

AI Colonialism എന്ന പരമ്പര MIT Technology Review പ്രസിദ്ധീകരിക്കുമ്പോൾ ChatGpt-യും ജനറേറ്റീവ് എഐ-യും വൈറൽ ആയിരുന്നില്ല. വൈജ്ഞാനിക മേഖലയിൽ ലോകോത്തരമെന്നു ഖ്യാതിയുള്ള അമേരിക്കയിലെ മസാച്യുസെറ്റ്സ് ഇൻസ്റ്റിട്യൂട്ട് ഓഫ് ടെക്നോളജിയുടെ ഭാഗമാണ് MIT Technology Review. കൊളോണിയൽ അധിനിവേശകർ തദ്ദേശീയരുടെ ഭൂമിയും സമ്പത്തും കവർന്നെടുത്തതുപോലെ ചെയ്യുന്നില്ലെങ്കിലും ലാഭത്തിനായുള്ള അതേ ത്വര തന്നെയാണ് ലോകമാകെ എത്തിപ്പെടാനുള്ള എഐ വ്യവസായത്തിന്റെ ആർത്തിയുടെ അടിത്തറയായി വർത്തിക്കുന്നതായി പരമ്പര തയ്യാറാക്കിയ കാരൻ ഹയോ (Karen Hao) എഴുതുന്നു.  സ്വന്തം ഉൽപ്പന്നം കൂടുതൽ ഉപയോ ക്താക്കളിൽ എത്തിക്കുന്നതിലൂടെ ഒരു കമ്പനി അതിന്റെ അൽഗോരിതങ്ങൾക്കുള്ള കൂടുതൽ വിഭവസ്രോതസ്സുകൾ നിരന്തരം സമാഹരക്കുന്ന ഒരു പ്രക്രിയയിൽ ഏർപ്പെടുകയാണ്. അതായത് ഓരോ ഉപഭോക്താവും ഡാറ്റയായായി പരിവർത്തനം ചെയ്യപ്പെടുന്ന വിഭവസ്രോതസ്സായി മാറുന്നു. കാലദേശങ്ങൾക്കതീതമായി നിരന്തരം ഉപയോഗിക്കാനാവുന്ന ഈ ഡാറ്റയുടെ വിളവെടുപ്പിലൂടെ ഓരോ വ്യക്തിയുടെയും പ്രവർത്തികളും ശരീരവും തന്നെയും കമ്പനികൾ തങ്ങളുടെ നിയന്ത്രണത്തിലാക്കുന്ന പ്രക്രിയ എഐ കൂടുതൽ തീവ്രതയോടെ നടപ്പിലാക്കുന്നതിന്റെ വിശദ വിവരണം MIT Review-ന്റെ എഐ കൊളോണിയലിസമെന്ന പരമ്പര നൽകുന്നു.
  
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മുന്നോട്ടു വയ്ക്കുന്ന സാധ്യതകളും, വെല്ലുവിളികളും ലോകമാകെ ചർച്ച ചെയ്യുന്ന സുപ്രധാന വിഷയങ്ങളിലൊന്നായി മാറിയതിന്റെ പശ്ചാത്തലം വിശദീകരിക്കുന്നതിനാണ് MIT TECNOLOGY R EVIEW 2022- ഏപ്രിലിൽ പ്രസിദ്ധീകരിച്ച പരമ്പര ശ്രദ്ധയിൽ പെടുത്തിയത്. ജനറേറ്റീവ് എഐ അടിസ്ഥാനമാക്കിയുള്ള chatgpt യുടെ വരവാണ് ഇപ്പോഴത്തെ ചർച്ചകളുടെ അടിയന്തര പ്രേരണ. ജനറേറ്റീവ് എഐയും സമാനമായ സാങ്കേതിക വിദ്യകളും ഉയർത്തുന്ന ആശങ്കകൾക്കൊപ്പം തന്നെ പ്രധാനമാണ് കൊളോണിയൽ ആധിപത്യത്തെ ഓർമിപ്പിക്കുന്ന തരത്തിൽ ടെക്നോളോജിയുടെ  മേലുള്ള അധീശത്വം നിലനിർത്താൻ നടക്കുന്ന ശ്രമങ്ങളും ഈ ചർച്ചകളിൽ സുപ്രധാന ഘടകമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് സാങ്കേതിക വിദ്യയിലും ക്വാണ്ടം കമ്പ്യൂട്ടിങ് മേഖലയിലും ഒന്നാമനാവുന്നതിന് അമേരിക്കയും ചൈനയും തമ്മിൽ നടക്കുന്ന മത്സരം അതിന്റെ പ്രതിഫലനമാണ്.  എഐ പോലുള്ള നൂതനമായ സാങ്കേതികവിദ്യകൾ -- സാമൂഹ്യ-സാമ്പത്തിക മേഖലകളിൽ  വളരെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ വരുത്താൻ ശേഷിയുള്ളവ -- തങ്ങളുടെ നിയന്ത്രണത്തിൽ നിന്നും വിടുതൽ നേടുന്നത് അംഗീകരിക്കാൻ ആവില്ലെന്ന അമേരിക്കൻ നയമാണ് ഇപ്പോഴത്തെ ജിയോപൊളിറ്റിക്കൽ സ്ഥിതിഗതികളെ നിർണ്ണയിക്കുന്ന സുപ്രധാന ഘടകം. സ്വതന്ത്ര വിപണിയെക്കുറിച്ചുള്ള അവകാശവാദങ്ങളെ പൂർണ്ണമായും നിരാകരിക്കുന്നതാണ് അതീവശേഷിയുള്ള കമ്പ്യൂട്ടർ ചിപ്പുകളും സമാനമായ മറ്റുള്ള സാങ്കേതിക വിദ്യകളും ചൈനക്ക് വിൽപ്പന നടത്തുന്നതിൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം.  അമേരിക്കയും ചൈനയും തമ്മിലുള്ള സംഘർഷങ്ങളുടെ പ്രധാന മേഖലയായി ടെക്നോളജി മാറിയിരിക്കുന്നു. 


REPRESENTATIVE IMAGE

അങ്ങനെയുള്ള നിരവധി ആശങ്കകൾ നിലനിൽക്കുമ്പോഴും ടെക്നോളജിയെ അടിസ്ഥാനപ്പെടുത്തിയുള്ള ഉട്ടോപ്യകളുടെ വിവിധതരം ഭാവനകൾക്കും കേരളത്തിലും മറ്റുള്ള നാടുകളിലും കുറവൊന്നുമില്ല.  ടെക്നോട്ടോപ്യ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെ ജീവിതചര്യകളെ ഗാഢമായി സ്വാധീനിക്കുന്ന ഒന്നായി മാറിയിരിക്കുന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി. ടെക്നോട്ടോപ്യക്കും ടെക്നോഫോബിയക്കും ഇടയിലൂടെ പായുന്ന ജീവിതങ്ങളെന്ന് സംശയാലുക്കൾക്ക് കവിതയിൽ പാരഡി ചമക്കാവുന്ന അവസ്ഥയും നില നിൽക്കുന്നുവെന്നും പറയാവുന്നതാണ്.

ശാസ്ത്ര-സാങ്കേതിക വിഷയങ്ങളെ പറ്റിയുള്ള മലയാളത്തിലെ എഴുത്തുകളിൽ പൊതുവെ കാണുന്ന ഒരു പ്രവണത അതിഭാവുകത്വങ്ങളും അതിശയോക്തികളും നിറഞ്ഞ അവതരണ ഭാഷയാണ്. എഐ പോലുള്ള സാങ്കേതികവിദ്യകളുടെ കാര്യത്തിൽ അത് വളരെ കൂടുതലായി അനുഭവപ്പെടുന്നു. chatgpt യുമായി ബന്ധപ്പെട്ട മലയാളത്തിലെ എഴുത്തുകളിലും പറച്ചിലുകളിലും ആ പ്രവണത വളരെയധികം മുന്നിട്ടു നിൽക്കുന്നു. ശാസ്ത്ര-സാങ്കേതിക മേഖലയിലെ മൗലികമായ കണ്ടെത്തലുകളുടെയും പ്രയോഗങ്ങളുടെയും കാര്യത്തിൽ പൊതുവെ ശുഷ്കമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. കേരളത്തിൽ മാത്രമല്ല ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും മൂന്നാം ലോക രാജ്യങ്ങൾ എന്നറിയപ്പെടുന്ന ഭൂരിഭാഗം പ്രദേശങ്ങളിലും അതു തന്നെയാണ് സ്ഥിതി. മൗലികതയുള്ള ഉള്ളടക്കവും പ്രായോഗികജ്ഞാനവും ഈ പ്രദേശങ്ങളിൽ നിന്നും ഉയർന്നു വരുന്നതിനുള്ള പരിമിതികൾ വൈജ്ഞാനിക മണ്ഡലത്തിൽ നിലനിൽക്കുന്ന അസുന്തലിതത്വവുമായി ബന്ധപ്പെട്ടിരിക്കുന്ന യാഥാർഥ്യമാണ്. ജ്ഞാനവും ഇൻഫർമേഷനും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയയപ്പെടാതിരിക്കാൻ അത്തരമൊരു പരിമിതി കാരണമാവുന്നതായി കരുതേണ്ടിയിരിക്കിന്നു. ശാസ്ത്ര-സാങ്കേതിക മേഖലകളിൽ മൗലികമായ കണ്ടെത്തലുകളും  അതുവഴിയുള്ള മാറ്റങ്ങൾ  സമൂഹത്തിൽ ചെലുത്താനിടയുള്ള സ്വാധീനങ്ങളും സംബന്ധിച്ച മൗലികമായ പഠന-ഗവേഷണങ്ങളുടെ അഭാവവും ഒരു പക്ഷെ മേൽപ്പറഞ്ഞ അതിഭാവുകത്വങ്ങൾക്കും അതിശയോക്തികൾക്കും കാരണമാകാം.


REPRESENTATIVE IMAGE

മേൽപ്പറഞ്ഞ പരിമിതികൾ നിലനിൽക്കുമ്പോൾ തന്നെ എഐ സംബന്ധമായി ആഗോളതലത്തിൽ നടക്കുന്ന ചർച്ചകൾ കേരളത്തിലും വളരെ പ്രസക്തമാണെന്ന കാര്യത്തിൽ സംശയിക്കേണ്ടതില്ല. ഗതാഗത മേഖലയിലെ നിയമലംഘനങ്ങൾ കണ്ടെത്തുവാനും നടപടികൾ സ്വീകരിക്കുവാനും വേണ്ടി എഐ യുടെ പിൻബലമുള്ള നിരീക്ഷണ ക്യാമറകൾ കേരളത്തിലുടനീളം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട അടുത്ത കാലത്തെ ചർച്ചകൾ ഉദാഹരണമായി കരുതാവുന്നതാണ്. ക്യാമറകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ വലിയ സാമ്പത്തിക ക്രമക്കേടുകൾ നടന്നുവെന്ന ആരോപണങ്ങളിൽ പ്രതിപക്ഷ കക്ഷികളും അവരുടെ പിന്തുണക്കാരും ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ ഭരണപക്ഷവും അവരുടെ അനുകൂലികളും സാങ്കേതികവിദ്യ കൈവരുത്തുന്ന പുരോഗതിയെ വാഴ്ത്തുന്നതിലാണ് പ്രധാനമായും ഊന്നിയത്. എന്നാൽ എഐ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള നിരീക്ഷണ സംവിധാനം വഴി ശേഖരിക്കപ്പെടുന്ന ഡാറ്റയുടെ സുരക്ഷിതത്വവും, ജനങ്ങളുടെ സ്വകാര്യതയിൽ അത്  എത്രത്തോളം കടന്നുകയറുമെന്നുള്ളതിനെക്കുറിച്ചുള്ള ആശങ്കകളും കാര്യമായി പരിഗണിക്കപ്പെട്ടില്ല.  അഴിമതി ആരോപണങ്ങളിലും സാങ്കേതികവിദ്യ കൈവരുത്തുന്ന പുരോഗതിയെക്കുറിച്ചുള്ള വാചാലതകളിലും ഒതുങ്ങുന്നതായിരിന്നു ചർച്ചകളുടെ പൊതുസ്വഭാവം. എഐ ക്യാമറ സംവിധാനം ഏർപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസ്സിൽ ഹൈക്കോടതി നടത്തിയ ചില നിരീക്ഷണങ്ങളും സാങ്കേതികപുരോഗതിയുടെ അനിവാര്യത ഉയർത്തിപ്പിടിക്കുന്നതായിരിന്നു. എഐ-യുമായി ബന്ധപ്പെട്ട ഏറ്റവും നിർണ്ണായകമായ വിഷയങ്ങൾക്ക് സംവാദങ്ങളിൽ വേണ്ടത്ര ശ്രദ്ധ ലഭിക്കാതെ പോവുന്ന സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നുവെന്ന് സൂചിപ്പിക്കുവാനാണ് ക്യാമറ സംവിധാനം ഏർപ്പെടുത്തുന്നതിനെ കുറിച്ചുള്ള വിവാദം പരാമർശിച്ചത്.

ജനറേറ്റീവ് എഐ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട അഞ്ചു പ്രധാന ഉൽക്കണ്ഠകളെ  ഇങ്ങനെ സംഗ്രഹിക്കാം. ജനാധിപത്യത്തിന് സംഭവിക്കുന്ന കോട്ടം, ഉപഭോക്ത താൽപ്പര്യങ്ങളുടെ നിഷേധം, കൂടുതൽ വഷളാകുന്ന അസമത്വം,  തൊഴിൽ അവകാശങ്ങൾ കൂടുതൽ ദുർബലമാകൽ, പാരിസ്ഥിതിക നാശം എന്നിവയാണവ. സൈനിക വ്യവസായവും, സുരക്ഷാ ഭരണകൂടവുമായുള്ള എഐ-യുടെ  ഗാഢബന്ധത്തിൽ അന്തസ്ഥിതമായ അപകടം അതിനെല്ലാമുപരിയായ ആശങ്കയാണ്.

REPRESENTATIVE IMAGE

ഇൻറ്റർനെറ്റ് പോലുള്ള സാങ്കേതികവിദ്യയുടെ ആവിർഭാവം മുതൽ വ്യാജവാർത്തകളും വിവരങ്ങളും വ്യാപകമായി പ്രചരിപ്പിക്കുന്നത്തിനുള്ള സൗകര്യം പ്രകടമായിരുന്നു. തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രചാരണത്തിന്റെ ഭാഗമായി വ്യാജനിർമിതികളുടെ കുത്തൊഴുക്കിന് എസ്എംഎസ് മുതൽ വാട്ട്സ്ആപ് വരെയുള്ളവ ഉപയോഗപ്പെടുത്തിയതിനെ കുറിച്ചുള്ള വിവരണങ്ങൾ നിരവധിയാണ്. അതിനെയെല്ലാം നിഷ്പ്രഭമാക്കുന്നതാണ് ജനറേറ്റീവ് എഐ തുറന്നിടുന്ന സാധ്യതകൾ.  ജനറേറ്റീവ് എഐ-യുടെ വരവോടെ ഒറിജിനിലിനെ വെല്ലുന്ന വ്യാജനിർമ്മിതികൾക്ക് അരങ്ങ് ഒരുങ്ങുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധരുടെ ആശങ്കകൾ. ഒറിജിനലും വ്യാജനും തമ്മിൽ തിരിച്ചറിയാൻ പറ്റാത്ത വിധത്തിലുള്ള ഡീപ്‌ഫേക്കുകൾ നിമിഷങ്ങൾക്കുള്ളിൽ വ്യാപിക്കുന്ന പ്രക്രിയ നിലവിലുള്ള ജനാധിപത്യ സംവിധാനങ്ങളുടെ ഉരകല്ലായ തെരഞ്ഞെടുപ്പുകളെ അന്തസ്സാരശൂന്യമാക്കുന്നതിന് പ്രേരണയാവുമെന്ന
ഉൽക്കണ്ഠകളെ എഐ സംവാദങ്ങൾക്ക് അഭിസംബോധന ചെയ്യാതിരിക്കാനാവില്ല. പണം വാരിക്കോരി ചെലവഴിക്കേണ്ടി വരുന്ന അതിതീവ്രമായ മാർക്കറ്റിംഗ് പ്രകടനം മാത്രമായി തെരഞ്ഞെടുപ്പുകൾ മാറിയെന്ന വിമർശനങ്ങൾ സജീവമായ കാലഘട്ടത്തിൽ ബോധപൂർവം സൃഷ്ടിക്കപ്പെടുന്ന ഡീപ്ഫേക്കുകൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അവശേഷിക്കുന്ന വിശ്വാസ്യത കൂടി ഇല്ലാതാക്കുമെന്ന് ആകുലതകൾ  അവഗണിക്കാനാവില്ല. ഹോളിവുഡ് ഹിറ്റുകളിലെ സന്ദർഭങ്ങളുമായി മമ്മൂട്ടി, മോഹൻലാൽ, വികെ ശ്രീരാമൻ തുടങ്ങിയവരെ കോർത്തിണക്കിയ എഐ ദൃശ്യങ്ങൾ കുറച്ചു ദിവസങ്ങൾക്ക് മുൻപ് വ്യപകമായി പ്രചാരം നേടിയത് വരാനിരിക്കുന്ന നാളുകളിൽ ഡീപ്ഫേക്കുകളുടെ പെരുങ്കളിയാട്ടത്തിന്റെ സാധ്യതകളിലേക്കു വിരൽ ചൂണ്ടുന്നു.

ജനറേറ്റീവ് എഐ-യുടെ പിൻബലത്തിൽ ലാഭം പരമാവധി ഉയർത്തുന്നതിനുള്ള കോർപ്പറേറ്റ് നയങ്ങൾ അവശേഷിക്കുന്ന ഉപഭോക്ത്യ സംരക്ഷണങ്ങൾ കൂടി ഇല്ലാതാക്കുന്നതിന് ഇടവരുത്തുമെന്നാണ് മറ്റൊരു പ്രധാന ആശങ്ക.  നമുക്കെല്ലാം ഊഹിക്കാവുന്നതിനുമപ്പുറം ഡാറ്റയിൽ കൃത്രിമം നടത്തി ഉപഭോക്താക്കളെ കബളിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിന് പുതിയ സാങ്കേതികവിദ്യ കളമൊരുക്കുമെന്ന് കരുതുന്നു. സാമൂഹ്യവും സാമ്പത്തികവുമായ അസമത്വം കൂടുതൽ രൂക്ഷമാക്കുന്നതിന് എഐ നിമിത്തമാവുമെന്ന വിമർശനങ്ങൾ സജീവമാണ്. ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ ഇതുവരെയുള്ള വാഴ്ചയെക്കുറിച്ചുള്ള വിലയിരുത്തലുകൾ ആ വിമർശനങ്ങളെ ശരി വയ്ക്കുന്നു. വംശീയവും, ലൈംഗികവും, ജാതീയവും, സാമ്പത്തികവും, പ്രാദേശികവുമായ വിവേചനങ്ങളെ ഊട്ടിയുറപ്പിക്കാനും പുതിയ രൂപഭാവങ്ങളിൽ പുനഃസൃഷ്ടിക്കാനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചുള്ള നിരവധി പഠനങ്ങൾ ഇപ്പോൾ ലഭ്യമാണ്. എഐയുടെ ആവിർഭാവം ഈ പ്രക്രിയ കൂടുതൽ കാര്യക്ഷമതയോടെ നടപ്പിലാക്കുവാൻ ഇടവരുത്തുമെന്നാണ് വിമർശകരുടെ അഭിപ്രായം.


REPRESENTATIVE IMAGE

ഇപ്പോൾ ഏറെ ചർച്ചയിലുള്ള chatgpt പോലുള്ള ജനറേറ്റീവ് എഐ സംവിധാനങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയടക്കമുള്ള മൂന്നാംലോക രാജ്യങ്ങളിലെ മനുഷ്യശേഷിയെ ഏറ്റവും കുറഞ്ഞ നിരക്കിൽ ചൂഷണം ചെയ്യുന്നതിന്റെ വിവരണങ്ങൾ ധാരാളമായി ലഭ്യമാണ്. chatgpt ലഭ്യമാക്കുന്ന തത്സമയ ഉള്ളടക്കങ്ങളിൽ നിന്നും  അശ്ലീലവും അക്രമവും മറ്റുള്ള വിലക്കപ്പെട്ട വിവരങ്ങളും ഒഴിവാക്കുന്ന വിദ്യ അൽഗോരിതങ്ങൾ സ്വായത്തമാക്കുന്നതിനുള്ള പരിശീലനത്തിന്റെ ഭാഗമായി ദശലക്ഷക്കണക്കിന് വാക്കുകളും ചിത്രങ്ങളും ഫിൽറ്റർ ചെയ്തു ഒഴിവാക്കുന്നത് മനുഷ്യരായിരുന്നു. തൊഴിൽ ചൂഷണത്തിന്റെ ഈ പ്രാഥമിക ഘട്ടത്തിന് പുറമെയാണ് നിരവധി തൊഴിൽ മേഖലകൾക്ക് എഐ ഉയർത്തുന്ന ഭീഷണി. എഐ പോലുള്ള സാങ്കേതിക വിദ്യകളുടെ വ്യാപകമായ വിന്യാസം കമ്പ്യൂട്ടിങ് ശേഷിയുടെ കാര്യമായ വർധന ആവശ്യപ്പെടുന്നു.  കമ്പ്യൂട്ടിങ് ശേഷി ഉയരുന്നതിനൊപ്പം ഊർജ്ജ ഉപഭോഗവും വർധിക്കുന്നതാണ് പരിസ്ഥിതി സംബന്ധമായ ആശങ്കകൾക്ക് കാരണം. തന്മൂലം ടെക് ഭീമൻമാരുടെ കാർബൺ പാദമുദ്ര ഇപ്പോഴത്തെ നിലയിൽ നിന്നും കൾ 4-5 മടങ്ങുകൾ വരെ ഉയരുമെന്ന് കണക്കാക്കപ്പെടുന്നു.

മേൽപ്പറഞ്ഞ നിഷേധ വശങ്ങളുടെ പേരിൽ ജനറേറ്റീവ് എഐ പോലുള്ള സാങ്കേതികവിദ്യകൾക്ക് ഊരുവിലക്ക് ഏർപ്പെടുത്തണമെന്ന് ആരും പറയുന്നില്ല. പ്രസ്തുത സാങ്കേതികവിദ്യകൾ ഏതു തരത്തിൽ ഉപയോഗിക്കപ്പെടുന്നുവെന്ന കാര്യത്തിൽ സുതാര്യവും വ്യക്തവുമായ നയങ്ങൾ ആവശ്യമാണെന്ന നിലപാട് ഉറപ്പിക്കേണ്ടതുണ്ട്. സർക്കാരുകളും, ഉദ്യോഗസ്ഥരും, ടെക്നോളജി ബിസിനസ്സുകാരും ചേർന്ന സ്വകാര്യ സദസ്സുകളിൽ മാത്രമായി ഈ വിഷയം ചുരുക്കാനാവില്ല. മനുഷ്യരുടെ മാത്രമല്ല പ്രകൃതിയുടെ നിലനിൽപ്പിനെ പോലും ദൂരവ്യപകമായി നിലയിൽ ബാധിക്കുന്ന സാങ്കേതികവിദ്യകൾ ഏതു വിധത്തിൽ ഉപയോഗപ്പെടുത്തണമെന്ന കാര്യത്തിൽ വെറും ടെക്നോക്രറ്റിക് പരിഹാരങ്ങൾ മാത്രം മതിയാവില്ല. സമൂഹത്തിലെ വിവിധ മണ്ഡലങ്ങളുടെ പ്രതിനിധികളുമായുള്ള ആശയവിനിമയവും സംവാദങ്ങളും ആവശ്യപ്പെടുന്ന വിഷയമാണത്.


REPRESENTATIVE IMAGE

ടെക്നോളജി ഒരു ന്യൂട്രൽ സ്പേസിൽ നിലനില്കുന്ന ഒന്നാണെന്ന സങ്കല്പം മുതൽ ടെക്നോളോജിക്കൽ ആയ അറിവും അത് വഴി സമാഹരിക്കുന്ന സമ്പത്തും അസാധാരണമായ നിലയിൽ ചുരുക്കം ചില വ്യക്തികളിലും കോര്പറേറ്റുകളിലുമായി കേന്ദ്രീകരിക്കുകയും ---  ആപ്പിൾ,ആമസോൺ, ഗൂഗിൾ, മൈക്രോസോഫ്ട്, ഫേസ്ബുക് --  ലോകം മുഴുവൻ അവരുടെ കീഴിലായി വരുന്ന പ്രവണതകൾ ടെക്നോട്ടോപിയ എന്ന തീമിൽ ഞങ്ങൾ കൈകാര്യം ചെയ്യുന്നു. ടെക്നോളജിയുടെ മേഖലയിൽ നടക്കുന്ന ഈ മാറ്റങ്ങളും കുഴമറിച്ചിലുകളും.

കേരളം പോലെയുള്ള മൂന്നാംലോക ദേശത്തെ ഒരു പ്രവിശ്യയിൽ എങ്ങനെയാണ് അനുഭവപ്പെടുക. സോഷ്യൽ മീഡിയയിൽ നടക്കുന്ന കോലാഹലങ്ങൾക്കപ്പുറം ടെക്നോളജി ഒരു ബ്രേക്‌ത്രൂ കൈവരിച്ച  മേഖലകൾ ഏതെങ്കിലും കേരളത്തിൽ കണ്ടെത്താൻ കഴിയുമോയെന്ന അന്വേഷണങ്ങൾക്കൊപ്പം കേരളത്തിലെ ക്‌നോളഡ്ജ് എക്കണോമിയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ചുള്ള വിലയിരുത്തലും ഞങ്ങൾ ലക്ഷ്യം വയ്ക്കുന്നു.

സേവനമേഖലയിൽ ഊന്നിയ  ഇന്ത്യയുടെ ഐ ടി യുമായി ബന്ധപ്പെട്ട വളർച്ചയെക്കുറിച്ചുള്ള വിലയിരുത്തലുകൾക്കൊപ്പം മാധ്യമങ്ങൾ, സിനിമ, വായന, സംഗീതം, കല തുടങ്ങിയ സാംസ്കാരിക മേഖലയിൽ ഐടി സാങ്കേതികവിദ്യ വരുത്തിയ സ്വാധീനവും പരിശോധിക്കപ്പെടുന്നു. ഉൾക്കാഴ്ച നിറഞ്ഞ ലേഖനങ്ങൾക്കും അഭിമുഖങ്ങൾക്കുമൊപ്പം വീഡിയോ സ്റ്റോറികളും ടെക്നോട്ടോപ്യ തീമിൽ ഉണ്ടാവുന്നതാണ്. ഞങ്ങളുടെ വായനക്കാരുടെയും പ്രേക്ഷകരുടെയും സഹകരണവും പിന്തുണയും   പതിവിലും കൂടുതലായി ഉണ്ടാവുമെന്ന പ്രതീക്ഷയോടെ.

*എംഐടി റിവ്യൂവിലെ എഐ കൊളോണിയലിസം എന്ന പരമ്പരയും, പബ്ലിക് സിറ്റിസണിലെ 'സോറി, ഇൻ അഡ്വാൻസ്'  എന്ന റിപ്പോർട്ടും ഈ കുറിപ്പ് തയ്യാറാക്കുന്നതിന് ഏറെ സഹായിച്ചു. അവയെ അടിസ്ഥാനമാക്കിയുള്ള വിശദമായ ലേഖനങ്ങൾ പ്രത്യേകം നൽകുന്നതാണ്. 

Leave a comment