TMJ
searchnav-menu
post-thumbnail

Technotopia

ഭാവിയിലെ സാഹിത്യ ഭാവന ഒരു എഐ പരിപ്രേക്ഷ്യം

15 Aug 2023   |   5 min Read
The Malabar Journal

2019 ല്‍ കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനുശേഷം സാങ്കേതികവിദ്യയുടെ ഗവേഷണത്തിലും പ്രയോഗത്തിലും വിപ്ലവകരമായ മാറ്റങ്ങളാണ് ലോകത്ത് സംഭവിച്ചത്. കേവലമായ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലത്തുനിന്ന് സാങ്കേതികലോകം ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ് എന്ന അടുത്ത പടിയിലേക്കുതന്നെ കടന്നിരിക്കുന്നു. ഭാഷ ഉള്‍പ്പെടെയുള്ള മനുഷ്യന്റെ സാമാന്യമായ ബൗദ്ധികശേഷികള്‍ തിരിച്ചറിഞ്ഞ് ഉപയോഗിക്കുകയും അതിനോട് പ്രതികരിക്കുകയും ചെയ്യുന്ന AI സംവിധാനമാണ് ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ്. മനുഷ്യനെ സാങ്കേതികതയുമായി കൂടുതല്‍ അടുപ്പിക്കുന്ന ഒരു മുന്നേറ്റമാണിത്. ഇതോടെ നമ്മുടെ ഭാഷയും കമ്പ്യൂട്ടറിന്റെ ഭാഷയും തമ്മില്‍ അധികം അന്തരമില്ലാതാവുകയാണ്. യന്ത്രബുദ്ധിയുടെ അനന്തസാധ്യതകള്‍ക്കു മുന്‍പില്‍ ഭയപ്പെട്ടു നില്‍ക്കുന്നവര്‍ ഇതിനെ അട്ടിമറിയായും മറ്റും കാണുമ്പോള്‍ നവസാങ്കേതികതയെ ഗുണപരമായി വിനിയോഗിക്കുന്നവര്‍ ഇതിനെ ഒരു വഴിത്തിരിവായാണ് പരിഗണിക്കുന്നത്.

കഥ, കവിത, നോവല്‍ മുതലായ അച്ചടിയുമായി ബന്ധപ്പെട്ട വ്യവഹാരരൂപങ്ങളാണ് നാം പൊതുവെ സാഹിത്യം എന്ന ഗണത്തില്‍പ്പെടുത്തുന്നത്. ചരിത്രപരമായി നോക്കിയാല്‍ ഇവയെല്ലാം അച്ചടിയുമായി നേരിട്ട് ബന്ധപ്പെട്ട് വളര്‍ന്നു വികസിച്ച രൂപങ്ങളാണ്. കാലംമാറുന്നതിനനുസരിച്ച് സമൂഹത്തില്‍ ഉണ്ടായ പരിണാമങ്ങളെയും വെല്ലുവിളികളെയും എല്ലാം സാഹിത്യം കൃത്യമായി സംബോധന ചെയ്യുകയും പ്രതിനിധാനം ചെയ്യുകയും ഒക്കെ ഉണ്ടായിട്ടുണ്ട്. ആഖ്യാനത്തിലും ആശയാവതരണത്തിലും വിവിധ സാംസ്‌കാരിക പ്രസ്ഥാനങ്ങള്‍ സ്വാധീനം ചെലുത്തിയിട്ടുമുണ്ട് എന്ന് കാണാം.

സാഹിത്യത്തെപ്പറ്റിയുള്ള ചരിത്രപരമായ ചര്‍ച്ചയില്‍  ആധുനികത, ഉത്തരാധുനികത മുതലായ ഇടങ്ങളിലാണ് നാം നില്‍ക്കുന്നത്. അച്ചടി ആധുനികത പരിപോഷിപ്പിച്ച പ്രിന്റ് സാഹിത്യ വ്യവഹാരങ്ങള്‍ കാലാകാലങ്ങളില്‍ സാങ്കേതികമാധ്യമങ്ങളുമായി തികഞ്ഞ പൊരുത്തത്തില്‍ ആയിരുന്നു എന്നും കാണാം. പ്രിന്റ്, റിക്കാഡിങ്ങ്, റേഡിയോ, സിനിമ എന്നിവയാണ് ആധുനികതയെ ശക്തമായി സ്വാധീനിച്ചതെങ്കില്‍ ഉത്തരാധുനികതയിലേക്ക് കടക്കുമ്പോള്‍ ടെലിവിഷന്‍ ആയിരുന്നു കേന്ദ്രമാധ്യമം. ആധുനികതയില്‍ നിന്ന് ഉത്തരാധുനികതയിലേക്ക് എത്തുമ്പോള്‍ ബൃഹദാഖ്യാനങ്ങള്‍ തകരുകയും ലഘു ആഖ്യാനങ്ങള്‍ പിറവികൊള്ളുകയും ചെയ്തതിനെപ്പറ്റിയുള്ള താത്വിക ചര്‍ച്ചകള്‍ നാം വളരെ നടത്തിയിട്ടുള്ളതുമാണ്.

ഉത്തരാധുനികത രൂപപരവും പ്രമേയപരവും മാത്രമല്ല സാങ്കേതികം കൂടിയായ ചില പരിണാമങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു. രചനാതന്ത്രത്തിന്റെ ഭാഗമായി എഴുത്തുകാരന്‍ കൃതിയിലേക്ക് പ്രവേശിച്ച് സംസാരിക്കുകയും മറ്റുചിലരെ അതിലേക്ക് ക്ഷണിച്ച് സംവാദങ്ങള്‍ രൂപീകരിക്കുകയും ഒരു കൃതിക്ക് ഒന്നിലധികം കഥാന്ത്യങ്ങള്‍ സാധ്യമാക്കുകയും കഥയെ നിര്‍ണയിക്കുവാന്‍ വായനക്കാരന് അവസരം കൊടുക്കുകയും ഒക്കെ ചെയ്ത നിരവധി പരീക്ഷണങ്ങള്‍ ഉത്തരാധുനിക സാഹിത്യത്തില്‍ ഉണ്ടായി. 

REPRESENTATIONAL IMAGE 
ദൃശ്യബോധത്തിന് പ്രാധാന്യം നല്‍കുന്ന ഭാഷാശൈലിയും ആഖ്യാനരീതിയും ഉത്തരാധുനികതയില്‍ അതിപ്രധാനമാണ്. യഥാര്‍ത്ഥത്തില്‍ ഇത് സാഹിത്യത്തെ ഒരു കാലഘട്ടത്തില്‍ നിന്ന് മറ്റൊരു കാലഘട്ടത്തിലേക്ക് മാറ്റി ക്രമീകരിക്കുന്നതിന്റെ ഭാഗമായിരുന്നു.

ഇവിടെയാണ് സൈബര്‍ ആധുനികതയുടെ പ്രാധാന്യം. വര്‍ത്തമാനകാല സാങ്കേതിക സാംസ്‌കാരിക അവസ്ഥയെ സൂചിപ്പിക്കുന്ന പദമാണ് സൈബര്‍ ആധുനികത. ബഹുജന മാധ്യമങ്ങളായ ഇന്റര്‍നെറ്റും മൊബൈല്‍ ഫോണും ആണ് ഈ സാംസ്‌കാരിക പരിസ്ഥിതി നിര്‍മിച്ച പ്രേരകങ്ങള്‍. ഇതിലൂടെ സമൂഹം പൂര്‍ണമായും സ്‌ക്രീനിലേക്ക് സഞ്ചരിച്ചെത്തി എന്നതിനൊപ്പം നിമിഷനേരംകൊണ്ട് പരസ്പര ആശയവിനിമയം സാധ്യമാക്കാം എന്ന നിലയിലേക്കും വളര്‍ന്നു. വ്യക്തിയുടെ അസ്തിത്വം Real Space epw Cyber Space ലും തികച്ചും വ്യത്യസ്തമായാണ് നിലനില്‍ക്കുന്നത്.

പരമ്പരാഗതമായ സാഹിത്യരചനാശൈലിയില്‍ നിന്നും പാരായണശൈലിയില്‍ നിന്നും എല്ലാം നവമാധ്യമ സാക്ഷരത നേടിയ ഈ പുതിയ സമൂഹം സ്വാഭാവികമായും അകലം പാലിച്ചു. പരമ്പരാഗത സാഹിത്യവായനകള്‍ ഈ പരിണാമഘട്ടത്തെ ഭീതിയോടെയാണ് നോക്കിക്കാണുന്നത്. സാഹിത്യത്തിന്റെയും വായനയുടെയും എഴുത്തിന്റെയും ഭാവനയുടെയും സര്‍ഗാത്മകതയുടെയും മരണത്തെപ്പറ്റി അവര്‍ സംവാദങ്ങള്‍ നടത്തിക്കൊണ്ടിരുന്നു.

മുന്‍തലമുറ സാക്ഷരത എന്നാല്‍ എഴുത്തും വായനയും അറിയുക എന്നാണ് വിവക്ഷിച്ചിരുന്നത്. വര്‍ത്തമാനകാല തലമുറ, മാധ്യമസാങ്കേതികത എത്രമാത്രം സര്‍ഗാത്മകമായി ഉപയോഗിക്കും എന്നതിന്റെ അടിസ്ഥാനത്തിലാണ് സാക്ഷരതയെ നിര്‍ണയിക്കുന്നത്. നവമാധ്യമപരിജ്ഞാനം ഉള്ള ഒരാള്‍ തന്റെ ആശയവിനിമയംവഴി ആഗോള സമൂഹത്തിന്റെ ഭാഗമാകുന്നു. ഭൗതിക ജീവിതം പ്രാദേശികമാണെങ്കിലും സൈബര്‍ സ്പേസിലൂടെ ആഗോള വ്യവഹാരങ്ങളെ അനുനിമിഷം അറിയുന്നവരാണ് സൈബര്‍ ആധുനികതയിലെ മനുഷ്യര്‍. ശരീരം മാത്രം പ്രാദേശികമായിരിക്കുകയും ബൗദ്ധികവ്യാപാരം അതിരുകളെ ഭേദിക്കുകയും ചെയ്യുന്നു. ആഗോളഗ്രാമത്തിന്റെ വ്യവഹാരമണ്ഡലങ്ങളില്‍ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ള മനുഷ്യര്‍ വന്നിടപെടുന്നത് ഇങ്ങനെയാണ്.

ഇവിടെ ഭാഷ, സാഹിത്യം, വായനാനുഭവം തുടങ്ങിയവ കാലികപ്രസക്തമായ രീതിയില്‍ പുനര്‍നിര്‍വചനത്തിന് വിധേയമായിക്കഴിഞ്ഞു. ഈ പശ്ചാത്തലത്തില്‍ വേണം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാഹിത്യത്തിലേക്ക് കടക്കുന്നത് ചര്‍ച്ചചെയ്യാന്‍.

REPRESENTATIONAL IMAGE 
ഭാഷ: ആശയവിനിമയോപാധി എന്നതാണ് ഭാഷയുടെ ലളിതമായ നിര്‍വചനം. ലിഖിത ഭാഷ മുതല്‍ കമ്പ്യൂട്ടര്‍ ഭാഷ വരെ ഒരു സംലയനസ്വഭാവത്തില്‍ നില്‍ക്കുന്ന വിപുലമായ ഒരു പ്ലാറ്റ്ഫോമാണ് 'ഭാഷ' എന്നാണ് ഇന്ന് നമുക്ക് പറയാന്‍ സാധിക്കുക. അപ്പോള്‍ ഭാഷ എന്തെങ്കിലും ഏകരൂപമല്ല ബഹു സാധ്യതകളുടെ സംയോജിത രൂപമാണ്. 

സാഹിത്യം: വര്‍ത്തമാനകാല സാഹിത്യത്തെ സൈബര്‍ സാഹിത്യം എന്ന് വിളിക്കുമ്പോള്‍ തന്നെ അതിന്റെ സ്വാഭാവിക രൂപഭാവ പരിവര്‍ത്തനമാണല്ലോ വ്യക്തമാകുന്നത്.  ഏറ്റവും പ്രാഥമികമായി പറഞ്ഞാല്‍ കടലാസില്‍ നിന്നും സ്‌ക്രീനിലേക്കുള്ള ഒരു വളര്‍ച്ച. കടലാസിന്റെ പരിമിതികളെയാണ് സ്‌ക്രീനിന്റെ സാധ്യതകള്‍ അതിജീവിക്കുന്നത്. സ്‌ക്രീന്‍ വായനയുടെ സാധ്യതകള്‍ വര്‍ത്തമാനകാല സാഹിത്യവായനയെ ആഘോഷമാക്കുന്നു. ലിങ്കുകളിലൂടെ ഒരു സൈറ്റില്‍ നിന്നും മറ്റൊന്നിലേക്ക്, അവിടെ നിന്നും വിഭിന്നമായ മറ്റൊന്നിലേക്ക് എന്ന ക്രമത്തിലുള്ള പ്രതലപരിവര്‍ത്തനവും അനുസൃതമായ ആശയപരിവര്‍ത്തനവും ഇക്കാലത്തെ സാഹിത്യഭാവനയെ  സവിശേഷമാക്കുന്നു. 

വായനാനുഭവം: വായന സാങ്കേതികമായി ഒരു കാഴ്ചാനുഭവമാണ്. നാം ചിഹ്നങ്ങളെ നേത്രങ്ങള്‍കൊണ്ടും മസ്തിഷ്‌കംകൊണ്ടും വിശകലനം ചെയ്യുന്നതിലൂടെയാണ് വായന സാധ്യമാവുക. പരമ്പരാഗത അച്ചടി ശൈലിയില്‍ ലിപിയാണ് ചിഹ്നങ്ങളായി പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ സ്‌ക്രീനിലേക്ക് വരുമ്പോള്‍ ഈ ലിപി ചിഹ്നങ്ങള്‍ക്ക് പുറമെ ഇമോജികള്‍, ജിഫുകള്‍, സ്റ്റിക്കറുകള്‍, ദൃശ്യങ്ങള്‍, ശബ്ദം തുടങ്ങിയവ ഇടപെടുകയും ഇവയ്ക്കെല്ലാം കടലാസില്‍ സാധ്യമല്ലാത്തവിധം ചലനസ്വഭാവവും വര്‍ണവിന്യാസസിദ്ധിയും ലഭിക്കുകയും ചെയ്യുന്നു. സാഹിത്യത്തിന് ഇതര കലകളുമായുള്ള സമ്പര്‍ക്കം വായനാനുഭവത്തെ മറ്റൊന്നാക്കി മാറ്റുന്നുണ്ട്. പലപ്പോഴും കലകളും സാഹിത്യവും സംലയന സ്വഭാവത്തോടെ ആസ്വാദനം സാധ്യമാക്കുന്നു. വര്‍ത്തമാനമായ സംസ്‌കാരത്തെ സൂചിപ്പിക്കുവാന്‍ സംലയനസംസ്‌കാരം (Convergence Culture) എന്ന പദമാണ് ഉപയോഗിക്കപ്പെടുന്നത്. മാധ്യമങ്ങളുടെ കാര്യത്തിലേക്ക് വന്നാല്‍ ഏകീകൃത സ്വഭാവമുള്ള ഒരു മാധ്യമവും ഇന്നില്ല എന്ന് കാണാം. അതായത് ശുദ്ധമാധ്യമം എന്നൊന്നില്ല. അനുബന്ധം മാധ്യമങ്ങളുടെ ഒരു സംഘാതമാണ് നാം ഉപയോഗിക്കുന്നത്.  ഒരു സവിശേഷ മനുഷ്യ സംസ്‌കാരത്തില്‍ ഇതര സംസ്‌കാരങ്ങളുടെ സംലയനം മാധ്യമങ്ങളിലൂടെ സാധ്യമാകുന്നത് ഇങ്ങനെയാണ്. സ്വാഭാവികമായും സാഹിത്യത്തെയും ഭാഷയെയും വായനയെയും ഒക്കെ ഈ സമ്മേളനസ്വഭാവം കാര്യമായി സ്വാധീനിക്കും എന്ന് വ്യക്തമാണല്ലോ. 

എഴുത്തിനുണ്ടാകുന്ന പരിവര്‍ത്തനം, ലിപി പരിവര്‍ത്തനം, പ്രതലപരിവര്‍ത്തനം, വിശകലനസ്വഭാവത്തിലെ പരിവര്‍ത്തനം, വായനയിലെ പരിവര്‍ത്തനം ഇവയുടെ തുടര്‍ച്ചയാണ് മനുഷ്യനില്‍ ഉണ്ടാകുന്ന പരിവര്‍ത്തനം. പോസ്റ്റ് ഹ്യൂമന്‍ (Post - Human) എന്നാണ് സംസ്‌കാരത്തില്‍ ഈ പരിവര്‍ത്തന ദശയിലെത്തിയ മനുഷ്യനെ സംബോധന ചെയ്യുന്നത്. യന്ത്രങ്ങള്‍ക്കൊപ്പം ജീവിക്കുന്ന, യന്ത്ര സഹായത്തോടെ ആശയവിനിമയം നടത്തുന്ന, യന്ത്രങ്ങളുമായി സംവദിക്കുന്ന, സാങ്കേതികവിദ്യയുടെ സഹായത്തോടെ ആഗോള പൗരത്വത്തിന്റെ ഭാഗമായ മനുഷ്യനെയാണ് പോസ്റ്റ് ഹ്യൂമന്‍ എന്ന് വ്യവഹരിക്കുന്നത്. പോസ്റ്റ് ഹ്യൂമന്‍ സാഹിത്യം പരമ്പരാഗത സാഹിത്യമല്ല. നവസാങ്കേതികതയുടെ വ്യവഹാരസാമഗ്രികളെയും സാധ്യതകളെയും ഉപയോഗിക്കുന്ന സാഹിത്യഭാവുകത്വവുമായാണ് പോസ്റ്റ് ഹ്യൂമന്‍ ബന്ധപ്പെടുന്നത്. 

REPRESENTATIONAL IMAGE
വര്‍ത്തമാനകാലത്ത് മനുഷ്യന്‍ ജീവിക്കുന്നത് പ്രതിപ്രവര്‍ത്തനക്ഷമമായ യന്ത്രങ്ങള്‍ക്കൊപ്പമാണ്. ഇങ്ങനെയുള്ള മനുഷ്യന്റെ ബുദ്ധിയും ചിന്താശേഷിയും സ്വാഭാവിക പരിവര്‍ത്തനത്തിന് വിധേയമാണല്ലോ. നിലവില്‍ യന്ത്രങ്ങള്‍ക്ക് ഇല്ലാത്ത വൈകാരിക ബുദ്ധിയാണ് മനുഷ്യന്റെ പ്രധാന സവിശേഷത. അതോടൊപ്പം സര്‍ഗാത്മകതയും. യന്ത്രത്തിന്റെ വിപുലമായ ജ്ഞാനസാധ്യതകളിലേക്ക് മനുഷ്യന്‍   വൈകാരികതയും സര്‍ഗാത്മകതയും ആവശ്യാനുസരണം സന്നിവേശിപ്പിച്ച് സാഹചര്യോചിതമായ ഭാഷയും സാഹിത്യവും രൂപപ്പെടുത്തുന്ന കാലമാണ് നമുക്ക് മുന്നിലുള്ളത്. ഇതുതന്നെയാണ് വര്‍ത്തമാനകാലത്തിന്റെ ഭാഷയും സാഹിത്യവും. വര്‍ത്തമാനകാലത്ത് മനുഷ്യന്‍ ജിപിടി പോലെയുള്ള നിര്‍മിതബുദ്ധി സാധ്യതകളെ അഭിസംബോധന ചെയ്യുമ്പോള്‍ നമ്മുടെ ബുദ്ധി യഥാര്‍ത്ഥത്തില്‍ പരിമിതമായി നില്‍ക്കുകയാണ്. എന്നാല്‍ ചലനക്ഷമമായ  സര്‍ഗശേഷികൊണ്ട് മനുഷ്യന്‍ അതിനെ ക്രിയാത്മകമായി വിനിയോഗിക്കുന്നുണ്ട്. യന്ത്രത്തിന്റെ ഭാഷയില്‍ നിന്ന് മനുഷ്യന് മാറിനില്‍ക്കാന്‍ സാധിക്കില്ല.

ഉദാഹരണമായി ചാറ്റ് ജിപിടി;  മനുഷ്യന്റെ സംഭാഷണഭാഷയുടെ മോഡലാണ് ഇതിന്റെ ആധാരം. ഇന്റര്‍നെറ്റില്‍ ലഭ്യമായിട്ടുള്ള അളവറ്റ ടെക്സ്റ്റ് ഡാറ്റ ഉപയോഗിച്ചാണ് ചാറ്റ് ജിപിടി പ്രവര്‍ത്തിക്കുക. അതുതന്നെയല്ലേ ഗൂഗിള്‍ ഉള്‍പ്പെടെയുള്ള സെര്‍ച്ച് എഞ്ചിനുകള്‍ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ അല്ല എന്ന് ഉത്തരം. അവിടെയാണ് വ്യത്യസ്തത. ചാറ്റ് ജിപിടി നമുക്ക് നല്‍കുന്ന പ്രതികരണങ്ങള്‍ തികച്ചും മനുഷ്യസഹജസ്വഭാവമുള്ളവ ആയിരിക്കും. 

ഗൂഗിള്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ നാം ടൈപ്പ് ചെയ്ത് കൊടുത്ത കീ വേഡുകള്‍ അനുസരിച്ച് ഇന്റര്‍നെറ്റില്‍ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന നൂറുകണക്കിന് റിസള്‍ട്ടുകള്‍ ഗൂഗിള്‍ നമുക്കു മുന്‍പില്‍ നിരത്തിവയ്ക്കും.  അതില്‍ ഏറ്റവും നന്നായി ഓപ്ടിമൈസ് ചെയ്യപ്പെട്ടവ ഏറ്റവും മുന്‍പില്‍ വരും.  അതിനു പിന്നാലെ നൂറുകണക്കിന് വെബ്സൈറ്റുകളും പിഡിഎഫുകളും ഇമേജുകളും വീഡിയോകളും ഉള്‍പ്പെടെ തരാതരം അറിവുകള്‍ നിരന്നുകിടക്കും.  മനുഷ്യനെന്ന നിലയില്‍  ബൗദ്ധികശേഷികൊണ്ട് സാധ്യമായ വിധത്തില്‍ പല ലിങ്കുകള്‍ തുറന്ന് സാധ്യമായ വിധത്തില്‍ വായിച്ച്, കണ്ട്, കേട്ട്, വിശകലനം ചെയ്ത് ഒരുവിധം ബോധ്യപ്പെട്ട ഒരു കണ്ടന്റ് നാം നിര്‍മിച്ചെടുക്കും. ഇത്രയും ചെയ്തു കഴിയുമ്പോഴേക്കും സാധാരണ ഒരു മനുഷ്യന്റെ ഊര്‍ജവും സമയവും വലിയ അളവില്‍ ചിലവഴിക്കപ്പെട്ടിട്ടുണ്ടാവും.  

അതേസമയം, അന്വേഷകന് ആവശ്യമുള്ള വിഷയം കാലാകാലങ്ങളായി കൈകാര്യം ചെയ്യുന്ന ഒരു വിദഗ്ധനോട് ഇതേ ചോദ്യം ചോദിച്ചു എന്ന് വിചാരിക്കുക. ആ വിഷയത്തെപ്പറ്റി ചുരുങ്ങിയ വാക്കുകളില്‍ സമഗ്രമായ ഒരു വിവരണം, അതില്‍ ഏതെങ്കിലും ഭാഗങ്ങളില്‍ വിശദീകരണം ആവശ്യമുണ്ടെങ്കില്‍ വീണ്ടും കൂടുതല്‍ സൂക്ഷ്മമായ വിശദീകരണങ്ങള്‍,  വിശദീകരണങ്ങള്‍ തൃപ്തിയായാല്‍ റഫറന്‍സുകള്‍,  ബന്ധപ്പെട്ട ഇതര വിഷയങ്ങള്‍ എന്നിങ്ങനെ വളരെ കൃത്യവും സമഗ്രവുമായ സ്വഭാവമായിരിക്കും വിഷയ വിദഗ്ധന്റെ പ്രതികരണങ്ങള്‍ക്ക് ഉണ്ടാവുക. 

REPRESENTATIONAL IMAGE 
വിഷയവിദഗ്ധനെ പോലെ പ്രതികരിക്കാന്‍ കഴിയുന്ന ഒരു സാങ്കേതികവിദ്യയാണ്   മുന്‍പിലുള്ളതെങ്കിലോ. എല്ലാം വളരെ എളുപ്പം. അതാണ് Chat GPT. ഇന്റര്‍നെറ്റില്‍ ലഭ്യമായ ഒരു വലിയ അളവ് ടെക്സ്റ്റ് ഡാറ്റ ഇപ്പോള്‍ തന്നെ ചാറ്റ് ജിപിടി പഠിച്ച് പരിശീലിച്ചു കഴിഞ്ഞു. ആ ഇന്‍ഫര്‍മേഷന്‍ ക്ലൗഡില്‍ നിന്ന് പ്രത്യേക തരത്തില്‍ തികച്ചും സമഗ്രമായ ഉത്തരങ്ങള്‍ ജനറേറ്റ് ചെയ്തു നല്‍കുവാനും പ്രോഗ്രാമര്‍മാര്‍ പഠിപ്പിച്ചിട്ടുണ്ട്.

വായന എന്ന മനുഷ്യശേഷിയെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചുരുങ്ങിയ കാലംകൊണ്ട് മാറ്റിമറിച്ചത് എങ്ങനെ എന്നതിന് ഒരു ഉദാഹരണമാണ് ഇത്. ഇതുകൂടാതെ PDF reader കളും AI Summarizer സംവിധാനങ്ങളും ഉള്ളടക്കം അറിയുക എന്ന രീതിയിലുള്ള വായനയെ ബഹുദൂരം മുന്നോട്ടുകൊണ്ടുപോയിക്കഴിഞ്ഞു. അപ്പോഴും വായനാനുഭവം, വൈകാരിക വായന എന്നിങ്ങനെയുള്ള ആസ്വാദനവൃത്തികള്‍ മനുഷ്യനു മാത്രം വഴങ്ങുന്നതായി തുടരുന്നു. 

സാഹിത്യത്തില്‍ എഴുത്തുകൂടി ഉള്‍പ്പെടുമല്ലോ. ഒരു പ്രമേയമോ സന്ദര്‍ഭമോ നിര്‍ദേശിച്ചാല്‍ അതനുസരിച്ച് കഥയോ കവിതയുടെ നോവലോ ഒക്കെ എഴുതിത്തരാന്‍ ക്ഷമതയുള്ള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലമാണ് വര്‍ത്തമാനകാലം. എല്ലാക്കാലത്തും മനുഷ്യന്‍ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത് അയത്നലളിതമായി അറിവു നേടുവാനും വിഷയങ്ങള്‍ അപഗ്രഥിക്കാനുമാണ്. കാലോചിതമായി സമൂഹത്തിന്റെ വിജ്ഞാനാവശ്യങ്ങള്‍ മാറുന്നതനുസരിച്ച് സാങ്കേതികവിദ്യയും പരിണമിച്ചുകൊണ്ടിരിക്കും. അതിനോട് ഭീതിയോ വിമുഖതയോ പുലര്‍ത്തുന്നത് അസംഗതമാണ്. ഈ മാറ്റത്തിന്റെ വേഗത ഇടയ്ക്കിടെ നമ്മെ അതിശയിപ്പിക്കാം എന്നുമാത്രം.

ലേഖകർ:

ജോസ് കെ. മാനുവല്‍
പ്രൊഫസര്‍, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി
കൃപ ജോണ്‍
റിസേര്‍ച്ച് സ്‌കോളര്‍, സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ്

#Technotopia
Leave a comment