കൃത്രിമ ബുദ്ധി അത്ര കൃത്രിമമല്ല!
ആര്‍ട്ടിഫിഷ്യല്‍ എന്ന പദത്തെ പൊതുവെ കൃത്രിമം എന്നാണ് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. കൃത്രിമം എന്നു പറഞ്ഞാല്‍ത്തന്നെ പ്രകൃതിദത്തമല്ലാത്തത് അഥവാ പ്രകൃതി ഭദ്രമല്ലാത്തത് എന്ന രീതിയിലാണ് പൊതുവെ നമ്മള്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടായിരിക്കാം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ നാം കൃത്രിമ ബുദ്ധിയെന്നും നിര്‍മിത ബുദ്ധിയെന്നും മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. നിര്‍മിത ബുദ്ധി എന്ന പദം അല്‍പംകൂടി ചേരുന്നതായിരിക്കാം.
ദാര്‍ശനിക ദൃഷ്ടിയില്‍ നോക്കിയാല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ കൃത്രിമ ബുദ്ധിയായിട്ട് കണക്കാക്കുന്നതുതന്നെ വളരെ ഉപരിപ്ലവമായ ഒരു സമീപനമായിട്ടേ കാണുവാനായി സാധിക്കുകയുള്ളൂ. എല്ലാ സാങ്കേതിക വിദ്യയും അടിസ്ഥാനപരമായിട്ട് വിരല്‍ചൂണ്ടുന്നത് പ്രകൃതിയുടെ തന്നെ അത്യഗാധമായ സാങ്കേതിക വിദ്യയിലേക്കാണ്. നിര്‍മിത ബുദ്ധി അഥവാ കൃത്രിമ ബുദ്ധിയില്‍ കൃത്രിമമായിട്ട് ഒന്നുമില്ല. ഇതുതന്നെയാണ് ഈ ലേഖനത്തില്‍ ആദ്യമായി അടിവരയിട്ട് പറയുവാന്‍ ആഗ്രഹിക്കുന്ന കാര്യവും. പ്രകൃതിയുടെ അത്യഗാധമായ സാങ്കേതിക വിദ്യയാണ് നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്തുന്നത്. അതിനാല്‍ തന്നെ പ്രകൃതി വിരുദ്ധമായിട്ടോ പ്രകൃതിദത്തമല്ലാത്തതായിട്ടോ നിര്‍മിതബുദ്ധിയെ ഒരിക്കലും മനസ്സിലാക്കുവാനായി സാധിക്കുകയില്ല. കൃത്രിമ ബുദ്ധി എന്നത് ശാസ്ത്രം അതിന്റെ ഏറ്റവും സമുന്നതവും സുന്ദരവുമായ ഒരാവിഷ്‌കാരം നടത്തിയതായിട്ടുവേണം മനസ്സിലാക്കുവാന്‍. നിര്‍മിത ബുദ്ധി എന്നു പറയുന്നത് ശാസ്ത്രത്തിന്റെ ആവിഷ്‌കാരങ്ങളുടെ പരമോന്നത ഭാവമായിരിക്കുന്നതുപോലെ തന്നെ പ്രകൃതിയുടെ അഗാധസാങ്കേതിക വിദ്യയുടെ ഉദാത്തമായൊരു ആവിഷ്‌കാരവും അതിനെക്കുറിച്ചുള്ള സൂചനകളും പേറുന്നതായി നമുക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. പ്രകൃതിയുടെ അതിപ്രജ്ഞയും അതിബുദ്ധിയുമാണ് മൗലികമായ ദര്‍ശനത്തില്‍ നിര്‍മിതബുദ്ധിയില്‍ വെളിവാകുന്നത്.
പ്രകൃതിയുടെ അപാരമായ വൈജ്ഞാനിക സീമകളെക്കുറിച്ച് ആരും പറഞ്ഞു തരേണ്ടതില്ലല്ലോ. നമ്മുടെ ചുറ്റുപാടും കാണുന്ന സൂര്യകാന്തി പൂവിന്റെ ഇതളുകള്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നത് തന്നെ ഗണിതശാസ്ത്രത്തിലെ അടിസ്ഥാന ശ്രേണിയായ ഫിബോനാചി സീരീസ് (Fibonacci Series) പ്രകാരമാണ് എന്ന് ഗണിതശാസ്ത്രജ്ഞര്‍ കണ്ടെത്തിയിട്ടുണ്ട്. പ്രകൃതി നമുക്ക് ചില കാര്യങ്ങള്‍ പറഞ്ഞു തന്നില്ലായിരുന്നുവെങ്കില്‍ എയര്‍ ബസ് എന്ന രണ്ടു നിലകളുള്ള കൂറ്റന്‍ വിമാനത്തിന്റെ നിര്‍മാണം അസാധ്യമാകുമായിരുന്നോ? ഇത്രയും വലിയൊരു വിമാനത്തിന് ഉയര്‍ന്നുപൊങ്ങുവാന്‍ വേണ്ട ലിഫ്റ്റ് ലഭിക്കണമെങ്കില്‍ ഏത് എയര്‍പോര്‍ട്ടില്‍ ഉപയോഗിക്കുവാന്‍ സാധിക്കും? അതുകൊണ്ടുതന്നെ ആ സാങ്കേതികവിദ്യ അസാധ്യമാകുമായിരുന്നു. പരുന്ത് ഉയര്‍ന്നു പറക്കുമ്പോള്‍ അതിന്റെ ചിറകുകളുടെ അറ്റത്തുള്ള ഏതാനും തൂവലുകള്‍ അല്‍പം ഉയര്‍ത്തി പിടിക്കുന്നത് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചു. ചിറകിന്റെ മുകളില്‍ കൂടി പോകുന്ന വായു പുറകോട്ട് തിരികെ വന്ന് പരുന്തിന്റെ വേഗതയെ കുറയ്ക്കാതിരിക്കാന്‍ വേണ്ടിയാണിത്. വിമാനത്തിന്റെ കാര്യത്തിലും ഈ ഏറോഡൈനമിക് തത്ത്വം ബാധകമാണ്. വിമാനത്തിന്റെ ചിറകുകളില്‍ കൂടി നേരെ പോകുന്ന വായു അഗ്രഭാഗത്ത് പുറകോട്ട് വന്ന് വിമാനത്തിന്റെ വേഗതയെ കുറയ്ക്കുവാനുള്ള സാധ്യതയുണ്ട്. അതു പരിഹരിക്കുന്നതിനാണ് ഇന്ന് വിമാനങ്ങളുടെ ചിറകിന്റെ അഗ്രം വളച്ചുവച്ചിരിക്കുന്നത്. പരുന്തിന്റെ പറക്കലില്‍ നിന്നാണ് മനുഷ്യന്‍ ഈ തത്ത്വം പഠിച്ചതെന്ന് പറയാം. അതായത് പ്രകൃതിയുടെ സാങ്കേതിക വിദ്യയുടെ അനുകരണമാണ് എല്ലാ സാങ്കേതിക വിദ്യയും. ഇതേ തത്ത്വം കൃത്രിമ ബുദ്ധിയുടെ കാര്യത്തിലും ബാധകമാണ്.
FIBONACCI SERIES | PHOTO: WIKI COMMONS
ഒരു ഉദാഹരണം കൂടി കാണാം. താറാവോ മയിലോ വെള്ളത്തില്‍ കിടന്നാല്‍ അവയുടെ ദേഹത്ത് വെള്ളം പറ്റിപ്പിടിക്കുന്നില്ലല്ലോ. ശാസ്ത്രം പറഞ്ഞുതരുന്നു, നാനോ ടെക്‌നോളജിയുടെ രഹസ്യങ്ങള്‍ മയിലിലും താറാവിലുമൊക്കെ പ്രകൃതി വളരെ ഭംഗിയായിട്ട് സമന്വയിപ്പിച്ചിരിക്കുന്നു എന്ന്.
ഓക്‌സ്‌ഫോഡിലെ കടുത്ത നിരീശ്വരവാദിയായിരുന്ന, ദാര്‍ശനിക നിരീശ്വരത്തിന്റെ സാരഥി എന്ന് വിശേഷിപ്പിക്കാവുന്ന അന്തോണി ഫ്ള്യു (Antony Flew) ജീനുകള്‍ എപ്രകാരം നമ്മുടെ കോശങ്ങളില്‍ ക്രമീകരിക്കപ്പെട്ടിരിക്കുന്നു എന്നതിന്റെ രഹസ്യം മനസ്സിലാക്കിക്കഴിഞ്ഞപ്പോള്‍ 'ഇതിന്റെയൊക്കെ പിന്നില്‍ അതിഭൗതികമായിട്ടുള്ള ഒരു അതിബുദ്ധിയുടെ സാന്നിധ്യം നിഷേധിക്കുവാന്‍ സാധിക്കുകയില്ല' എന്നു പറഞ്ഞത് ഓര്‍ക്കണം. പ്രകൃതിയുടെ രഹസ്യങ്ങളാണ് അതിഭൗതിക രഹസ്യങ്ങളിലേക്ക് പോലും നമുക്ക് സൂചനകള്‍ പകര്‍ന്നുതരുന്നത്.
ഇതേ തത്ത്വം തന്നെയാണ് നിര്‍മിത ബുദ്ധിയുടെ കാര്യത്തിലും നമ്മള്‍ കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. നിര്‍മിത ബുദ്ധി ഇന്ന് വളരെ വിശാലമായ സീമകളിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണല്ലോ. നമ്മള്‍ പറയുന്ന നിര്‍മിത ബുദ്ധിയും നാനോ ടെക്‌നോളജിയുമെല്ലാം പ്രകൃതിയുടെ ഡീപ് ടെക്‌നോളജിയുടെ ഭാഗമാകുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. പരമ്പരാഗതമായി നമ്മള്‍ പറയാറുണ്ടല്ലോ മനുഷ്യന്‍ 'ഡിസ്‌കവര്‍' ചെയ്യുന്നതേയുള്ളൂ, 'ഇന്‍വെന്റ്' ചെയ്യുന്നില്ലായെന്ന്. അത് നിര്‍മിത ബുദ്ധിയുടെ കാര്യത്തിലും വളരെ ശരിയാണ്. പ്രകൃതിനിയമങ്ങളുടെ മനസ്സിലാക്കലും അവയുടെ നിയന്ത്രണവുമാണ് നിര്‍മിത ബുദ്ധിയിലൂടെ നമ്മള്‍ സാധിച്ചുകൊണ്ടിരിക്കുന്നത്.
നിര്‍മിത ബുദ്ധിക്ക് ഇപ്പോള്‍ ഒന്നോ രണ്ടോ വയസ്സു മാത്രം പ്രായമുള്ള ഒരു ശിശുവിന്റെ ബുദ്ധിവൈഭവം മാത്രമേ കൈവരിക്കുവാന്‍ സാധിച്ചിട്ടുള്ളൂ എന്ന് പറയുന്നവരുണ്ട്. സാങ്കേതികവിദ്യ മുന്നോട്ടുപോകുമ്പോള്‍ തീര്‍ച്ചയായും വലിയ വികാസങ്ങള്‍ വരുമെന്നുള്ളത് നിസ്സംശയമാണ്. അടിസ്ഥാനപരമായി മനുഷ്യമസ്തിഷ്‌കത്തിന്റെ സങ്കീര്‍ണസീമകളിലേക്കാണ് ഇവ വിരല്‍ചൂണ്ടുന്നത്. മനുഷ്യമസ്തിഷ്‌കം എന്നത് അതിസങ്കീര്‍ണമായ രഹസ്യങ്ങളുടെ കലവറയാണ്. ചെന്നൈയില്‍ നിന്നുള്ള വിശ്വപ്രസിദ്ധ ന്യൂറോ സയന്റിസ്റ്റ് വി.എസ്. രാമചന്ദ്രന്‍ പറയുന്നത് 20,000 കോടി ഗാലക്‌സിയിലുള്ള മുഴുവന്‍ ആറ്റങ്ങളുടെ എണ്ണം എടുത്താല്‍ ഒന്നിനു മുമ്പില്‍ 100 പൂജ്യങ്ങളുടെ സംഖ്യയായിരിക്കാം എകദേശം അത്. എന്നാല്‍ മസ്തിഷ്‌കത്തിലെ ബന്ധങ്ങളുടെ എണ്ണമെടുത്താല്‍, ന്യൂറോണുകളുടെയും പ്രോട്ടീനുകളുടെയും പരസ്പര ബന്ധങ്ങളുടെ എണ്ണമെടുത്താല്‍, ഒന്നിനു മുമ്പില്‍ 800 പൂജ്യങ്ങള്‍ ഇടുന്ന സംഖ്യയായിരിക്കും അതത്രേ. ഒരുപക്ഷേ, ഭാവിയില്‍ നമുക്ക് ലബോറട്ടറിയില്‍ മനുഷ്യമസ്തിഷ്‌കം വികസിപ്പിച്ചെടുക്കാന്‍ സാധിച്ചാല്‍ സൂപ്പര്‍ അതിബുദ്ധിമാന്മാരായ മനുഷ്യരെ നമുക്ക് ജനിപ്പിച്ചെടുക്കാന്‍ സാധിക്കുമെന്ന് സ്റ്റീഫന്‍ ഹോക്കിങ് പറയുന്നു. ഇന്ന് മനുഷ്യബുദ്ധി അതിശ്രേഷ്ഠമാണ് എന്നിരുന്നാല്‍ പോലും അത് പരിമിതമാണ്. ഈ പരിമിതിക്ക് അദ്ദേഹം കാരണമായി പറയുന്നത്, മനുഷ്യരെല്ലാവരും അമ്മമാരുടെ ഉദരങ്ങളില്‍ വളരുന്നവരായതുകൊണ്ടാണ്. അമ്മയുടെ ഗര്‍ഭാപാത്രത്തിന് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന മനുഷ്യന്റെ മസ്തിഷ്‌കത്തിന് പരിമിതിയുണ്ട്. അതുകൊണ്ട് ഭാവിയില്‍ കൃത്രിമമായി മസ്തിഷ്‌കം വളര്‍ത്തിയെടുക്കാന്‍ സാധിച്ചാല്‍ പുതിയ ഒരു വര്‍ഗം മനുഷ്യരെ തന്നെ ഉണ്ടാക്കിയെടുക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്.
അമേരിക്കയിലെ ലൂസിയാനയിലെ പ്രൊഫസര്‍ ഹെന്ററി മക്‌റാം ഗഹനമായ ബ്രയിന്‍ റിസര്‍ച്ച് നടത്തുന്ന ശാസ്ത്രജ്ഞനാണ്. മനുഷ്യമസ്തിഷ്‌കത്തെ ആകമാനം ഒരു കമ്പ്യൂട്ടറിലേക്ക് കോപ്പി ചെയ്‌തെടുക്കുക എന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. നിര്‍മിതബുദ്ധിയുടെ ആദ്യകാല ഗവേഷണ ലക്ഷ്യവും ഇതായിരുന്നു. ഒരു കമ്പ്യൂട്ടറിനെ മനുഷ്യമസ്തിഷ്‌കം പോലെ പ്രവര്‍ത്തിക്കുന്ന രീതിയില്‍ വികസിപ്പിച്ചെടുക്കാന്‍ സാധിക്കണം. ഇന്ന് ആ ഗവേഷണ വഴിത്താരകളെ മാറ്റിവച്ചുകൊണ്ട് കൂടുതല്‍ പ്രായോഗികമായിട്ടുള്ള ഉപവിഭാഗങ്ങളിലൂടെ ഗവേഷണം നടത്തുന്നതാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗവേഷണരീതി. ഹെന്ററി മക്‌റാം അദ്ദേഹത്തിന്റെ ഗവേഷണത്തില്‍ കേവലം 10,000 ന്യൂറോണുകള്‍ മാത്രമുള്ള എലിയുടെ മസ്തിഷ്‌കത്തിന്റെ ഭാഗം ഇലക്ട്രിക്കല്‍ സിഗ്നലുകളായി പുനഃരുത്പാദിപ്പിക്കുവാന്‍ ലബോറട്ടറിയില്‍ ശ്രമം നടത്തി. അതിനുവേണ്ടി ഉപയോഗിച്ചത് ഏകദേശം 8,000 ത്തോളം കമ്പ്യൂട്ടര്‍ പ്രോസസ്സറുകളാണ്. 10,000 ന്യൂറോണുകള്‍ മാത്രമുള്ള എലിയുടെ മസ്തിഷ്‌കം ഇലക്ട്രിക്കല്‍ സിഗ്നലുകളായി സൂക്ഷിക്കുവാന്‍ വേണ്ടി വിശാലമായ ഒരു മുറി മുഴുവന്‍ വേണ്ടി വന്നു. ഈ രീതിശാസ്ത്രം അവലംബിച്ചു കഴിഞ്ഞാല്‍ മനുഷ്യമസ്തിഷ്‌കം മുഴുവന്‍ സൂക്ഷിക്കുന്നതിനു വേണ്ടി ഒരു ഫുട്‌ബോള്‍ കോര്‍ട്ടിന്റെ വലിപ്പമുള്ള ഹാള്‍ തന്നെ ആവശ്യമായി വരുമത്രേ. അതാണ് മനുഷ്യമസ്തിഷ്‌കത്തിന്റെ സങ്കീര്‍ണത.
HENRY JOHN MARKRAM | PHOTO: WIKI COMMONS
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗവേഷണങ്ങള്‍ പ്രകൃതിയുടെ അഗാധസാങ്കേതികതയിലേക്കുള്ള സൂചനകളും ചവിട്ടുപടിയുമാണെങ്കില്‍ പ്രകൃതി ജനിപ്പിച്ച അതിസുന്ദരമായ ഉല്പ്പന്നമായ മസ്തിഷ്‌കം തീര്‍ത്തും അത്ഭുതം കൊള്ളിക്കേണ്ട കാര്യമാണ്. മനുഷ്യമസ്തിഷ്‌കത്തെ പറ്റിയുള്ള അത്ഭുതവും രഹസ്യാത്മകതയുടെ തിരിച്ചറിവുമൊക്കെ ആയിരിക്കും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഗവേഷണങ്ങള്‍ ആത്യന്തികമായി വിരല്‍ചൂണ്ടുന്നത്. ഇതിനര്‍ത്ഥം നിര്‍മിത ബുദ്ധിയുടെ ഇപ്പോഴത്തെ രീതിശാസ്ത്രവും സാങ്കേതികവിദ്യകളും ഉപയോഗിച്ചുകൊണ്ട് മനുഷ്യമസ്തിഷ്‌കത്തെ ഏതെങ്കിലും രീതിയില്‍ അതേപടി അനുകരിക്കാന്‍ സാധിക്കുന്നുണ്ട് എന്നതല്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയില്‍ തന്നെ പ്രചുരപ്രചാരം ആര്‍ജിച്ചിട്ടുള്ള ഡീപ് ലേണിംഗ്, മെഷീന്‍ ലേണിംഗ് മുതലായ സാങ്കേതിക വിദ്യകളെ സൂക്ഷ്മമായി പരിശോധിച്ചു കഴിഞ്ഞാല്‍ മനസ്സിലാക്കാന്‍ സാധിക്കും, മനുഷ്യമസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനരീതിയില്‍ നിന്ന് അവ എത്രയോ ബഹുദൂരം പിന്നിലാണ് എന്ന വസ്തുത.
വര്‍ഗീകരണത്തിനു വേണ്ടി മനുഷ്യരുടെ മുഖങ്ങള്‍ തിരിച്ചറിയുവാന്‍ ഉപയോഗിക്കുന്ന ഡീപ് ലേണിംഗ് (deep learning) ടെക്‌നോളജി ബിഗ് ഡാറ്റയെ അധികരിച്ചുകൊണ്ട് കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുക്കുന്ന ന്യൂറല്‍ നെറ്റ്‌വര്‍ക്കിങ് സംവിധാനത്തിലൂടെയാണ് പ്രവര്‍ത്തിക്കുന്നത്. അതിനര്‍ത്ഥം കമ്പ്യൂട്ടറിന്റെ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് മനുഷ്യ മസ്തിഷ്‌കത്തിന്റെ പരസ്പര ബന്ധങ്ങളെയും നെറ്റ്‌വര്‍ക്കിങ് ശ്യംഖലകളെയും മുഴുവനും വലിയൊരളവുവരെ മനസ്സിലാക്കിയിരിക്കുന്നു എന്നുള്ളതല്ല. അതിനേക്കാളുപരി ബിഗ് ഡാറ്റ വഴി നമ്മുടെ സ്വാഭാവിക സംവേദനങ്ങളിലൂടെ കാണുവാനും കേള്‍ക്കുവാനും മനസ്സിലാക്കുവാനും സാധിക്കാത്ത ഒരുപാട് വിവരങ്ങള്‍ കമ്പ്യൂട്ടറിന് ലഭിക്കുകയാണ്. ഈ ബിഗ് ഡാറ്റ ഉപയോഗിച്ചുകൊണ്ട് കമ്പ്യൂട്ടര്‍ അതിന്റെതായ ഘടനകളും പാറ്റേണുകളും വികസിപ്പിക്കുകയാണ്. അതിനെയാണ് ന്യൂറല്‍ നെറ്റ്‌വര്‍ക്കിങ് എന്നു പറയുന്നത്. മുഖം തിരിച്ചറിയല്‍ നിര്‍മിത ബുദ്ധിയില്‍ സാധ്യമാകുന്നത് മനുഷ്യമസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനരീതി അപ്പാടെ കമ്പ്യൂട്ടര്‍ മനസ്സിലാക്കിയതുകൊണ്ടല്ല, കമ്പ്യൂട്ടര്‍ അതിന്റെതായ ന്യൂറല്‍ നെറ്റ്‌വര്‍ക്കിങ് സംവിധാനങ്ങള്‍ വഴി അതിലേക്ക് നല്‍കപ്പെട്ടിരിക്കുന്ന ബിഗ് ഡേറ്റ ഉപയോഗിച്ചു കൊണ്ട് അതിന്റെ ഘടനകളും സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ഫലം നല്‍കുകയാണ്. ഇത് മനുഷ്യമസ്തിഷ്‌കം വിവരങ്ങള്‍ സ്വാംശീകരിക്കുന്നതിനോ വര്‍ഗീകരിക്കുന്നതിനോ ക്രമീകരിക്കുന്നതിനോ വേണ്ടി ഉപയോഗിക്കുന്ന രീതിശാസ്ത്രത്തില്‍ നിന്നും ബഹുദൂരം അന്യമാണെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
അതോടൊപ്പം തന്നെ ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ധാര്‍മികതയെപ്പറ്റിയും മറ്റും വിമര്‍ശനപരമായി ചിന്തിക്കുന്നവര്‍ പറയുന്ന നിരീക്ഷണങ്ങളും വളരെ പ്രധാനപ്പെട്ടതാണ്. കമ്പ്യൂട്ടര്‍ ബിഗ് ഡാറ്റ ഉപയോഗിച്ചുകൊണ്ട് ഫലം നല്‍കുമ്പോള്‍ അതില്‍ തെറ്റുപറ്റുവാനുള്ള സാധ്യതകളെ നിഷേധിക്കുവാനാകില്ല. കമ്പ്യൂട്ടര്‍ സ്‌ട്രെക്ചറുകള്‍ വലിയൊരളവുവരെ ന്യൂറല്‍ നെറ്റ്‌വര്‍ക്കിങില്‍ ഉപയോഗിക്കുന്ന ഡാറ്റകളില്‍ വലിയൊരളവുവരെ അപചയം സംഭവിക്കാന്‍ സാധ്യതയുള്ളവയാണ്. കമ്പ്യൂട്ടറിന്റെ ഇന്റലിജന്‍സ് അവിടെ ബോധാവസ്ഥയിലല്ല. കമ്പ്യൂട്ടര്‍ ഡാറ്റാ പ്രോസസ് ചെയ്യുമ്പോള്‍ തെറ്റുപറ്റാന്‍ വളരെ സാധ്യതയുണ്ട്. ബിഗ് ഡാറ്റയെ വര്‍ഗീകരണത്തിനുവേണ്ടി ഉപയോഗിക്കുമ്പോള്‍ കമ്പ്യൂട്ടര്‍ അത് എപ്രകാരം ഉപയോഗിക്കുന്നുവെന്നത് ഒരു ശാസ്ത്രജ്ഞനും 100 ശതമാനം മനസ്സിലാക്കിയെടുക്കാന്‍ സാധിച്ചിട്ടില്ല.
ഉദാഹരണം പറഞ്ഞാല്‍, ചാറ്റ് ജിപിടി. പ്രത്യേകമായ അല്‍ഗോരിതം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് ചാറ്റ് ജിപിടി. എന്നാല്‍ മനുഷ്യന്‍ പ്രോഗ്രാം ചെയ്യുന്നതിന് അതീതമായി നമ്മുടെ പ്രോഗ്രാമിനെ കമ്പ്യൂട്ടര്‍ ന്യൂറല്‍ നെറ്റ്‌വര്‍ക്ക് എപ്രകാരം ഉപയോഗിക്കാന്‍ പോകുന്നുവെന്നതിനെപറ്റി ഒരുപാട് അനിശ്ചിതത്വങ്ങളും ആകസ്മികതകളും സാധ്യതകളും ഉണ്ട്. ഇവയെയൊന്നും നമുക്ക് പൂര്‍ണമായും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ചാറ്റ് ജിപിടിയുടെ ഉപജ്ഞാതാക്കള്‍ക്കു തന്നെ എങ്ങനെയാണ് പൂര്‍ണമായും ചാറ്റ് ജിപിടി പ്രവര്‍ത്തിക്കുന്നത് എന്നതിനെ കുറിച്ച് വ്യക്തതയില്ല. അതുകൊണ്ടുതന്നെ തെറ്റുകള്‍ക്കുള്ള സാധ്യത വളരെ അധികമായി ഇതിലുണ്ട് എന്നത് നിഷേധിക്കാന്‍ പറ്റാത്ത കാര്യമാണ്. അതുകൊണ്ട് മനുഷ്യമസ്തിഷ്‌കത്തിന്റെ അനന്തസാധ്യതകളില്‍ നിന്നും ഒത്തിരി വിദൂരത്തിലാണ് നിര്‍മിത ബുദ്ധിയുടെ സാങ്കേതികവിദ്യകളായ ഡീപ് ലേണിംഗ്, ന്യൂറല്‍ നെറ്റ്‌വര്‍ക്കിങ് മുതലായവ. അതുകൊണ്ടാണ് അറിയപ്പെട്ട അജ്ഞാത സീമകളും ഇതുവരെ അജ്ഞാതമായിരിക്കുന്ന അജ്ഞാതസീമകളും നിര്‍മിത ബുദ്ധിയുടെ മേഖലയില്‍ ഒരുപോലെ പരിഗണിക്കപ്പെടേണ്ടതുണ്ട് എന്ന് പറയുന്നത്. (the know unknowns and unknown unknowns). അറിയപ്പെടാത്തവക്ക് ഇന്ന് വളരെ പ്രസക്തമായ ഒരു റോളുണ്ട് നിര്‍മിത ബുദ്ധിയുടെ മേഖലയില്‍. ഡീപ് ലേണിംഗ്, ഡീപ് ഫെയ്കിങ് തുടങ്ങിയ സാങ്കേതിക വിദ്യകള്‍ നിര്‍മിത ബുദ്ധി ഉപയോഗിക്കുന്നതോടൊപ്പംതന്നെ ഡീപ് ഫൂളിങ് സാങ്കേതികവിദ്യയും ഇന്ന് നിര്‍മിത ബുദ്ധിയുടെ മേഖലയില്‍ കടന്നുവരികയാണ്. കമ്പ്യൂട്ടറിനെ എപ്രകാരം നമുക്ക് ഫൂളാക്കുവാനായി സാധിക്കും, കമ്പ്യൂട്ടറിന്റെ ഡാറ്റയെ തന്നെ എപ്രകാരം നിയന്ത്രിക്കുവാനായി സാധിക്കുമെന്നതാണ് ഡീപ് ഫൂളിങ് ടെക്‌നോളജി. ഈ സാങ്കേതികവിദ്യയുടെ വിമര്‍ശകരാണ് പൊതുവെ അത്തരത്തിലുള്ള സമീപനങ്ങളുമായി കടന്നുവരുന്നത്.
REPRESENTATIONAL IMAGE | PHOTO: WIKI COMMONS
2017 ല്‍ ഗൂഗിളിന്റെ ടെക്സ്റ്റ് ഓഫ് ടൈം അവാര്‍ഡ് നേടിയ അലി റഹിമി വിമര്‍ശനാത്മകമായ നിരീക്ഷണമാണ് മെഷീന്‍ ലേണിംഗിനെ കുറിച്ച് നടത്തിയത്: 'മെഷീന്‍ ലേണിംഗ് ഇന്ന് ആല്‍ക്കമി ആയി മാറിയിരിക്കുകയാണ്. നമ്മുടെ ഡാറ്റകള്‍ കൃത്യമായും മനസ്സിലാക്കാനും നിയന്ത്രിക്കാനും അറിയാനും സാധിക്കുന്ന ഒരു ലോകത്ത് ജീവിക്കാനാണ് എനിക്ക് താല്പര്യം. അല്ലാതെ ആല്‍ക്കമിയുടെ ലോകത്ത് ജീവിക്കാനല്ല.' ഇത് നിര്‍മിത ബുദ്ധിയുടെ സാധ്യതകള്‍ നിഷേധിക്കുന്നതിനു വേണ്ടിയല്ല, പ്രത്യുത, നിര്‍മിത ബുദ്ധിയെ നമ്മള്‍ എപ്രകാരം മനസ്സിലാക്കുന്നു എന്നുള്ളതിനെപ്പറ്റി വിമര്‍ശനാത്മകമായ വിചിന്തനങ്ങള്‍ ആവശ്യമാണ് എന്ന് സൂചിപ്പിക്കുന്നതിനുവേണ്ടി ഉദ്ധരിച്ചതാണ്.
നിര്‍മിത ബുദ്ധിയുടെ കാലഘട്ടത്തില്‍ മനുഷ്യന്റെ ഭാവി എന്താകുമെന്നതിനെപ്പറ്റിയുള്ള ഒരുപാട് ചര്‍ച്ചകള്‍ ഇന്ന് നടക്കുന്നുണ്ട്. ദാര്‍ശനിക ദൃഷ്ടിയാല്‍ അതേപ്പറ്റി ചിന്തിച്ചു കഴിഞ്ഞാല്‍ നിര്‍മിത ബുദ്ധി ശാസ്ത്രത്തിന്റെ ഒരു സമുന്നത ഭാവവും ആവിഷ്‌കാരവുമായി മാറിയിരിക്കുന്നതുപോലെ തന്നെ ഫിലോസഫിയും തിയോളജിയുമൊക്കെ അതിന്റെ സമുന്നതമായ ഭാവങ്ങള്‍ കണ്ടെത്തേണ്ടിയിരിക്കുന്നത് ഇനി നിര്‍മിത ബുദ്ധിയുടെ സീമകളില്‍ കൂടി ആകേണ്ടിയിരിക്കുന്നു. കാരണം ദൈവശാസ്ത്രത്തിനും തത്ത്വശാസ്ത്രത്തിനുമൊക്കെ വിശാലമായ ആകാശങ്ങളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്ന് തുറന്നുതന്നുകൊണ്ടിരിക്കുന്നത്. പരമ്പരാഗത വിശ്വാസപ്രമാണങ്ങളൊക്കെ പൊളിച്ചെഴുതപ്പെട്ടേക്കാം. കാഴ്ചപ്പാടുകളും മാറിയേക്കാം. അതോടൊപ്പം തന്നെ ദാര്‍ശനികവും ആത്മീകവും ദൈവശാസ്ത്രപരവുമായ പുതിയ ആകാശങ്ങള്‍ നിര്‍മിത ബുദ്ധിയിലൂടെ തുറക്കപ്പെടുന്നുണ്ട് എന്നത് തുറന്ന മനസ്സോടെ ഈ വിഷയങ്ങളെ സമീപിക്കാന്‍ തയ്യാറുള്ളവരെ സംബന്ധിച്ച് ഒട്ടും അചിന്തനീയമായ കാര്യമല്ല.
എന്തുകൊണ്ടാണ് ഇപ്രകാരം ഒരു അവകാശവാദമുന്നയിക്കുന്നതെന്നാല്‍ മനുഷ്യനെന്നു പറയുന്നതല്ല ഈ പ്രകൃതിക്ക് ജനിപ്പിക്കാന്‍ സാധിക്കുന്ന ഏറ്റവും പരമമായ സൃഷ്ടി എന്നുള്ളതാണ് പൊതുവെ ശാസ്ത്രത്തിന്റെയും ദാര്‍ശനികരുടെയും നിലപാട്. അന്യഗ്രഹങ്ങളില്‍ ജീവനുണ്ടോ, ഇതര ഗ്രഹങ്ങളില്‍ മനുഷ്യരുണ്ടോ എന്നന്വേഷിക്കുന്ന ശാസ്ത്രശാഖയായ എക്‌സോ ബയോളജി, അസ്‌ട്രോ ബയോളജി ഇവയുടെയൊക്കെ ഒരു സുപ്രധാന അനുമാനമാണ് ഭൂമിയിലെ മനുഷ്യരെക്കാളും മികച്ച മനുഷ്യര്‍ (super humans) ഒരുപക്ഷേ, ഉണ്ടാകാനിടയുള്ള സാധ്യതയുണ്ടെന്നത്. അതിന്റെയൊക്കെ വെളിച്ചത്തിലാണ് ഇന്ന് ബ്രെയിന്‍ മെഷീന്‍ സമന്വയത്തിലൂടെ സാധ്യമാകുന്ന ഉത്തരമാനുഷിക മനുഷ്യന്‍ (Post human), മനുഷ്യാന്തര പദ്ധതി (Trans Humanism) മുതലായവയൊക്കെ ഇന്ന് ശാസ്ത്രമേഖലയിലും തത്ത്വശാസ്ത്ര മേഖലയിലും വളരെ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നത്. വത്തിക്കാനില്‍ നടന്ന റോബോട്ടിക്‌സിനെ കുറിച്ചുള്ള ഒരു അന്താരാഷ്ട്ര സെമിനാറില്‍ ജപ്പാന്‍കാരനായ ഇഷിഗോ നടത്തിയ നിരീക്ഷണം വളരെ പ്രധാനപ്പെട്ടതായിരുന്നു. മജ്ജയും മാംസവുമുള്ള, ചോരയും നീരുമുള്ള, ശരീരമുള്ള മനുഷ്യരായി മാത്രം മാനവരാശിയെ നമുക്ക് എന്നും കണക്കാക്കാന്‍ വയ്യ! സിലിക്കോണ്‍ ചിപ്പുകൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്ന സുബോധമുള്ള മനുഷ്യര്‍ ഭാവിയില്‍ ഉണ്ടായാല്‍ അതിനെ മോശമായി കാണേണ്ടതില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം. ഇതു പല നരവംശ, ദൈവശാസ്ത്രജ്ഞരുടെ നെറ്റിചുളിപ്പിക്കുന്ന കാര്യമാകാം. പക്ഷേ, യഥോചിതം കാര്യങ്ങള്‍ മനസ്സിലാക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അവകാശവാദത്തില്‍ ദൈവശാസ്ത്രത്തിനും തത്ത്വശാസ്ത്രത്തിനും ഒക്കെയുള്ള വലിയ സാധ്യതകളാണ് തുറക്കപ്പെടുന്നതെന്ന് നിസംശയം പറയുവാനായി സാധിക്കും.
എപ്രകാരമാണ് നിര്‍മിത ബുദ്ധി ഇത്തരം സാധ്യതകള്‍ തുറന്നുതരുന്നത്? മാസച്ച്യൂസസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഏറ്റവും മികച്ച മസ്തിഷ്‌കങ്ങള്‍ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നത് എങ്ങനെ കമ്പ്യൂട്ടറുകളെ സ്‌നേഹിക്കുന്ന കമ്പ്യൂട്ടറുകളായി മാറ്റിയെടുക്കാമെന്നാണ്. നമുക്കിത് വിചിത്രമായി തോന്നാം. അത് വളരെ നല്ലയൊരു ഗവേഷണ പദ്ധതിയാണ്. കാരണം മാനവരാശിയുടെ തന്നെ ഭാവിഭാഗധേയം നിര്‍ണയിക്കുന്നത് എപ്രകാരം മനുഷ്യര്‍ നൈതികതയിലും ധാര്‍മികതയിലും ഉപവിയിലും സ്‌നേഹത്തിലും സൗഹാര്‍ദത്തിലുമൊക്കെ വളരുന്നുവെന്നതാണല്ലോ. ഒരുപക്ഷേ, മനുഷ്യന്റെ ഇപ്പോഴത്തെ സ്വാര്‍ത്ഥതയൊക്കെ മാറ്റിവയ്ക്കുവാനും കൂടുതല്‍ പരസ്പര സഹായത്തിലേക്കും പരസ്പര സഹകരണത്തിലേക്കും കൊണ്ടുവരുവാനായി ഈ ഉന്നത ബുദ്ധിയുള്ള മികച്ച ബോധമുള്ള കമ്പ്യൂട്ടര്‍-മനുഷ്യര്‍ക്ക് നാളെ സാധിച്ചേക്കാം. അതിനാല്‍ത്തന്നെ ഇക്കാര്യത്തില്‍ ശുഭാപ്തി വിശ്വാസം പുലര്‍ത്തുവാന്‍ ഉള്ള എല്ലാ സാംഗത്യവുമുണ്ട്. സാങ്കേതിവിദ്യയുടെ സഹായത്തോടെ നാളെ കൂടുതല്‍ ഉദാരമതികളും സ്‌നേഹമുള്ളവരുമായ മനുഷ്യര്‍ ഉണ്ടാകുകയാണെങ്കില്‍ അതൊരു നല്ല കാര്യമല്ലേ?
REPRESENTATIONAL IMAGE | PHOTO: WIKI COMMONS
അത് മതവിശ്വാസത്തിനും കൂടുതല്‍ നല്ല കാര്യമാണ്. ചിന്തിക്കുന്ന മനുഷ്യര്‍ ഈശ്വരവിശ്വാസത്തെ ഉപേക്ഷിക്കുന്നതായാണ് പൊതുവെയുള്ള ധാരണ. വിശ്വാസത്തിന്റെ പല കപടതന്ത്രങ്ങളെയും ഉപരിപ്ലവതലങ്ങളെയും അല്‍പബുദ്ധികളായിട്ടുള്ളവര്‍ അംഗീകരിക്കുകയും ചിലരതിനെ നിഷേധിക്കുകയും ചെയ്‌തേക്കാം. കൂടുതല്‍ ബുദ്ധിയുള്ളവര്‍ മതാത്മകതയുടെ ബാഹിക അനുഷ്ഠാനങ്ങളെയൊക്കെ വിമര്‍ശനബുദ്ധ്യാ സമീപിക്കുകയും നിഷേധിക്കുകയും ചെയ്യാം. പലപ്പോഴും അവിശ്വാസത്തിലേക്ക് വ്യക്തികളെ നയിക്കുന്നത് ബുദ്ധി കൂടിയതുകൊണ്ടല്ല, അല്‍പ്പബുദ്ധികളായതുകൊണ്ടാണ്.
സമഗ്രമായി കാര്യങ്ങള്‍ കാണുവാനായി തുറന്ന മനസ്സോടെ വിശാലമായ സംവേദനങ്ങള്‍ സാധിക്കുന്നവരെ സംബന്ധിച്ചിടത്തോളം ബുദ്ധി വര്‍ദ്ധിക്കുമ്പോള്‍ ദൈവവിശ്വാസവും വര്‍ധിക്കുവാനേ സാംഗത്യമുള്ളൂ. ഫ്രഞ്ച് തത്ത്വചിന്തകനും ശാസ്ത്രജ്ഞനുമായ തെയ്യാര്‍ദ് ഷര്‍ദാന്‍ പറയുന്നു: 'അണുവിന്റെയും ആറ്റത്തിന്റെയും കാറ്റിന്റെയും തിരമാലകളുടെയും ഒക്കെ ഊര്‍ജത്തെ മെരുക്കിയശേഷം മാനവരാശി ഈശ്വരനുവേണ്ടി സ്നേഹത്തിന്റെ ഊര്‍ജം വീണ്ടും കണ്ടുപിടിക്കും. ആ കണ്ടുപിടിത്തം മാനവരാശിയുടെ ചരിത്രത്തിലെ അഗ്‌നിയുടെ രണ്ടാമത്തെ കണ്ടുപിടുത്തമായിരിക്കും.' മൗലികമായ ശുഭാപ്തി വിശ്വാസമാണ് തെയ്യാര്‍ദ് ഷര്‍ദാന്‍ വിഭാവനം ചെയ്യുന്നത്. അദ്ദേഹം പറയുന്നത്, ശാസ്ത്രമൊക്കെ കണ്ടുപിടിത്തങ്ങളുടെ പാരമ്യതയില്‍ എത്തിക്കഴിയുമ്പോള്‍ മനുഷ്യരെ കൂടുതല്‍ സ്‌നേഹിക്കുന്നവരാക്കി മാറ്റിയെടുക്കാന്‍ സാധിക്കാമെന്നതാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അതിന്റെ പരമകാഷ്ഠയില്‍ അത്തരമൊരു സാഹചര്യം കൊണ്ടുവരുമെന്നത് പ്രതീക്ഷവയ്ക്കാവുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ ദര്‍ശനങ്ങളും ദൈവശാസ്ത്രങ്ങളുമൊക്കെ പരമമായിട്ട് വിഭാവനം ചെയ്യുന്ന പുതിയ ആകാശത്തിന്റെയും പുതിയ ഭൂമിയുടെയും ഒക്കെ ഒരു ദൂരക്കാഴ്ചകളുടെ പ്രതീകാത്മകമായ ഒരു മുന്നാസ്വാദനം കൂടി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ പറ്റിയുള്ള ഗവേഷണപദ്ധതികള്‍ പങ്കുവയ്ക്കുന്നതായി ചിന്തിക്കുന്നതില്‍ തെറ്റില്ല. അതുകൊണ്ടുതന്നെ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും ആത്മീയതയും മതാത്മകതയുമൊക്കെ കൂടുതല്‍ സ്ഫുടീകരിക്കപ്പെടുകയും നവീകരിക്കപ്പെടുകയും ചെയ്യുവാനുള്ള സാധ്യതയുണ്ട് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗവേഷണങ്ങളിലൂടെ.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രകൃതിയുടെ അഗാധമായ സാങ്കേതികവിദ്യയിലേക്കുള്ള വിരല്‍ചൂണ്ടലാണെന്നുള്ള വ്യാഖ്യാനവും അവ ഒരു പുതിയ മാനവപദ്ധതി തന്നെ കൊണ്ടുവരാനുള്ള സാധ്യതയുണ്ടെന്ന നിരീക്ഷണവും ദൈവശാസ്ത്രത്തിനും മതാത്മകതയ്ക്കും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതോടൊപ്പം തന്നെ പുതിയ ആത്മീയ സീമ തുറന്നുതരുന്നുവെന്ന വാദവുമൊക്കെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നിഷേധാത്മക മാനങ്ങളെ അവഗണിച്ചുകൊണ്ടു പറയുന്ന കാര്യങ്ങളല്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ നൈതിക, ധാര്‍മിക പ്രശ്‌നങ്ങള്‍ വളരെ ഭീമമാണെന്ന് ആര്‍ക്കും എളുപ്പത്തില്‍ മനസ്സിലാക്കുവാന്‍ സാധിക്കുന്നതാണ്. പൊതുവെ പൊതുസമൂഹം ചര്‍ച്ച ചെയ്യുവാന്‍ പരാജയപ്പെടുന്ന ചില ദാര്‍ശനിക മേഖലകള്‍ കൂടി പരിചയപ്പെടുത്തുവാന്‍ മാത്രമേ ഈ ലേഖനത്തിലൂടെ ശ്രമിച്ചിട്ടുള്ളൂ. വളരെ ഉത്തരവാദിത്തത്തോടുകൂടി കൈകാര്യം ചെയ്യേണ്ട കാര്യമാണ് നിര്‍മിത ബുദ്ധിയിലെ ഗവേഷണങ്ങള്‍. ഐന്‍സ്‌റ്റൈന്റെ E=Mc2 എന്ന വിഖ്യാത സൂത്രവാക്യം, ഒരേസമയം തന്നെ ജീവന്റെയും മരണത്തിന്റെയും സൃഷ്ടിയുടെയും സംഹാരത്തിന്റെയും സൂത്രവാക്യമായി കണക്കാക്കപ്പെടാറുണ്ട്. ഊര്‍ജം ദ്രവ്യമായതാണ് സൃഷ്ടി. അതാണ് ബിഗ് ബാംഗ്്. ദ്രവ്യം ഊര്‍ജമാകുന്നതാണ് അണുബോംബ്. അത് നാശമാണ്. എപ്രകാരം ഉപയോഗിക്കുന്നുവെന്നതിനെ ആശ്രയിച്ച് E=Mc2 ല്‍ ജനിയും മൃതിയും സൃഷ്ടിയും സംഹാരവും ഒരുപോലെ സമന്വയിക്കപ്പെട്ടിരിക്കുന്നു. അപ്രകാരം നിര്‍മിത ബുദ്ധിയെ നിരുത്തരവാദപരമായിട്ട് ചൂഷണത്തിനുള്ള ഉപാധിയായിട്ട് നിഷേധാത്മക തലത്തില്‍ വികസിപ്പിച്ചാല്‍, വേണ്ടത്ര ധാര്‍മിക തത്ത്വങ്ങളാല്‍ ഇതിന്റെ ഗവേഷണങ്ങളും വളര്‍ച്ചയും നിയന്ത്രിക്കപ്പെടുന്നില്ലായെങ്കില്‍, നമ്മള്‍ ശുഭാപ്തിപരമായി പങ്കുവയ്ക്കപ്പെട്ട കാര്യങ്ങളായിരിക്കില്ല, മാനവരാശിയുടെ തന്നെ സര്‍വനാശത്തിലേക്കും സാമൂഹിക വ്യവസ്ഥിതികളുടെയുമൊക്കെ അപചയത്തിലേക്കും നയിക്കപ്പെടുവാനുള്ള സാധ്യത അവഗണിക്കാവുന്നതല്ല.