TMJ
searchnav-menu
post-thumbnail

Technotopia

യന്തിരന്‍ വാഴും നാളിലെ സാമൂഹിക ജീവിതം

19 Aug 2023   |   9 min Read
കെ എസ് രഞ്ജിത്ത്
ഒരു അച്ഛനും മകനും കൂടി തുറമുഖത്ത് കപ്പല്‍ കാണാന്‍ പോയി. കപ്പലിന്റെ വലുപ്പം കണ്ട് കുട്ടി അമ്പരന്നു. അവന്‍ ഇന്നേവരെയും കണ്ടിട്ടുള്ള ഏറ്റവും വലിയ വസ്തു. അകത്തേക്ക് കടന്നപ്പോള്‍, കപ്പലിനെ ചലിപ്പിക്കുന്ന കൂറ്റന്‍ യന്ത്രങ്ങള്‍ ഓരോന്നായി കണ്ടപ്പോള്‍ അമ്പരപ്പുകൂടി. യന്ത്രങ്ങളുടെ കരുത്ത് അവനെ അമ്പരപ്പിച്ചു. യന്ത്രമാണ് ലോകത്തെ ഏറ്റവും ശക്തന്‍ എന്നായി ചിന്ത. അച്ഛന്‍ കുട്ടിയെ കൂടുതല്‍ അകത്തേക്ക് കൊണ്ടുപോയി. അതാ അവിടെ കൂറ്റന്‍ യന്ത്രങ്ങളെയും കപ്പലിന്റെ ദിശയെയും നിസ്സാരമായി ഒരു മനുഷ്യന്‍ നിയന്ത്രിക്കുന്നു. അങ്ങനെ  മനുഷ്യനാണ് ആത്യന്തികമായി ലോകത്തെ ഏറ്റവും കരുത്തന്‍ എന്ന് അന്ന് കുട്ടി തിരിച്ചറിഞ്ഞു. 
- ഒരു  റഷ്യന്‍ നാടോടിക്കഥ

പ്രബുദ്ധതയുടെ പ്രാരംഭകാലത്തെ ഈ യുക്തിയോട് നിര്‍മിത ബുദ്ധിയുടെ കാലത്തെ ചിന്തിക്കുന്ന യന്ത്രങ്ങള്‍ക്ക് എന്താണ് പറയുവാനുള്ളത്.  യന്ത്രങ്ങളുടെ നാളിതുവരെയുള്ള ചരിത്രം തിരുത്തിക്കൊണ്ട്  കാര്യങ്ങള്‍ ബുദ്ധിപൂര്‍വം ആലോചിച്ചും നിരീക്ഷിച്ച് പഠിച്ചും പ്രവൃത്തി എടുക്കുന്ന യന്ത്രങ്ങള്‍ സാധ്യമാണ് എന്നാണ് നിര്‍മിത ബുദ്ധിയുടെ ലോകം പറയുന്നത്. യന്ത്രങ്ങളുടെ സ്വഭാവത്തിലെ ഗുണപരമായ ഒരു വിച്ഛേദനമാണിത്. പ്രവൃത്തിയെടുക്കാനുള്ള ശേഷിയിലെ ക്രമാനുഗതമായ ഒരു വര്‍ദ്ധനയല്ല ഇത്, ഗുണപരമായ മാറ്റമാണ്. തീര്‍ത്തും വ്യത്യസ്തമായ പുതിയൊരു യന്ത്രം രൂപപ്പെട്ടിരിക്കുന്നു - ചിന്തിക്കുന്ന യന്ത്രം, ആലോചനാശേഷിയുള്ള യന്ത്രം. മനുഷ്യനെപ്പോലെ ചിന്തിക്കാനും അവന്‍/അവള്‍ ചെയ്യുന്ന എല്ലാ ജോലികളും അതിനേക്കാള്‍ നൂറുമടങ്ങു വേഗത്തില്‍ ഭംഗിയായും ചെയ്യാന്‍  കഴിയുന്ന ഒന്ന്. 

ഇതുവരെയുള്ള യന്ത്രങ്ങളൊക്കെ മുന്‍കൂട്ടി പ്രോഗ്രാം ചെയ്തുവച്ചിരുന്ന കാര്യങ്ങള്‍ നാം നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ച് നിര്‍വഹിക്കുക മാത്രമാണ് ചെയ്തിരുന്നത്. അതില്‍ നിന്നും പൂര്‍ണമായും മാറിക്കൊണ്ട്, സയന്‍സ് ഫിക്ഷന്‍ നോവലുകളില്‍ മാത്രം നാളിതുവരെ നാം പരിചയപ്പെട്ടിരുന്ന ഒരു സങ്കല്പ ജീവി, യന്തിരന്‍, ഇതാ യാഥാര്‍ഥ്യമായിക്കഴിഞ്ഞിരിക്കുന്നു എന്നാണ് Artificial Intelligence വക്താക്കള്‍ നമ്മോട് പറയുന്നത്.

നിര്‍മിത ബുദ്ധിയുടെ പ്രയോഗങ്ങള്‍ തൊഴില്‍ മേഖലയിലെ ഓട്ടോമേഷന്‍ ശ്രമങ്ങളെ വേറൊരു തലത്തിലേക്ക് ഉയര്‍ത്തും. നാളിതുവരെ മനുഷ്യസമൂഹം വിഭാവനം ചെയാത്ത ഒരു സാഹചര്യത്തെ ഇത്  സൃഷ്ടിക്കും (ഇതൊരു സാങ്കേതിക അതിനിര്‍ണയ വാദമാണെന്നും അസാധ്യമാണെന്നും ശക്തമായി വാദിക്കുന്നവരും ശാസ്ത്രലോകത്തും സാമൂഹിക ചിന്തയുടെ ലോകത്തുമുണ്ട്).  നിര്‍മിത ബുദ്ധിയാല്‍ നിര്‍ണയിക്കപ്പെടുന്ന ഇത്തരമൊരു  സമൂഹം ഏതു രൂപത്തിലുള്ളതായിരിക്കും? അത് സൃഷ്ടിക്കാനിടയുള്ള സാഹചര്യങ്ങള്‍ എന്തായിരിക്കും?  ഈ കുറിപ്പിലെ ആലോചനാ വിഷയം ഇതാണ്. 

ഇത്തരമൊരു ചിന്തയുടെ അടിത്തറയായി വര്‍ത്തിക്കുന്നത് മൂന്ന് പരികല്പനകളാണ്. 

ഒന്ന്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന കമ്പ്യൂട്ടിങ് ടെക്‌നോളജി അഴിച്ചുവിടുന്ന സാങ്കേതിക വിപ്ലവം മാനവരാശിയെ അടിമുടി മാറ്റിത്തീര്‍ക്കും.

രണ്ട്, ചിന്താശേഷിയുള്ള, കാര്യങ്ങള്‍ സ്വയം മനസ്സിലാക്കി ചെയ്യാന്‍ ശേഷിയുള്ള,  യന്ത്രങ്ങള്‍ നാളിതുവരെ മനുഷ്യര്‍ ചെയ്തുപോന്നിരുന്ന പണികള്‍ അധികവും  ചെയുവാന്‍ തുടങ്ങും. നിര്‍മിത ബുദ്ധിയുടെ സഹായത്തോടു കൂടിയ ഈ ഓട്ടോമേഷന്‍ പ്രക്രിയ വന്‍തോതിലുള്ള തൊഴില്‍ നഷ്ടത്തിനിടയാക്കും.

മൂന്ന്, ഉല്പാദന പ്രവര്‍ത്തനത്തിലെ നിര്‍മിത ബുദ്ധിയുടെ വന്‍തോതിലുള്ള പ്രയോഗം പുതിയ സാമൂഹിക സംഘാടന രൂപങ്ങള്‍ക്ക് വഴിവയ്ക്കും.

REPRESENTATIONAL IMAGE: WIKI COMMONS
ഇവയുടെ പരിശോധനയ്ക്കാണ് ഇവിടെ തുനിയുന്നത്.

1ഗൂഗിളിന്റെ സിഇഒ സുന്ദര്‍ പിച്ചായി അടുത്തയിടെ ബിബിസിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞത് തീയുടെ കണ്ടുപിടുത്തംപോലെ, വൈദ്യുതിയുടെ കണ്ടുപിടുത്തംപോലെ, മാനവരാശിയുടെ ചരിത്രത്തിലെ ഏറ്റവും നിര്‍ണായകമായ മറ്റൊരു ചുവടുവയ്പാണ് Artificial Intelligence എന്നാണ്.

'I view it as a very profound enabling technology,'. 'If you think about fire or electricity or the internet, it is like that but I think even more profound.  And It can make humans more productive than we have ever imagined,'

എന്നാണ് പിച്ചായിയുടെ വാക്കുകള്‍ പറയുന്നത്. ലോകത്തെ ഏറ്റവും വലിയ സാങ്കേതിക കമ്പനിയെ നയിക്കുന്ന വ്യക്തിയാണ് എന്നതിനാലും നിര്‍മിത ബുദ്ധി സംബന്ധിച്ച ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറ്റവും മുതല്‍മുടക്കുന്ന കമ്പനിയുടെ വക്താവാണ് എന്നതിനാലും വെറുമൊരു അതിശയോക്തിയായി നമുക്കിത് തള്ളിക്കളയാനാവില്ല.

മനുഷ്യനെ മനുഷ്യനാക്കി തീര്‍ത്ത സാങ്കേതികവിദ്യ എന്താണ് എന്ന ചോദ്യത്തിന് നിസ്സംശയമായി പറയാവുന്ന ഉത്തരം തീ എന്നതാണ്. തീയുണ്ടാക്കുന്ന സാങ്കേതിക വിദ്യയെക്കാള്‍ മാനവ ചരിത്രത്തെ മാറ്റിമറിച്ച മറ്റൊരു സാങ്കേതിക വിദ്യയും ഉണ്ടാവില്ല.  അതിനേക്കാള്‍ ആഴത്തിലുള്ള ചലനങ്ങള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉണ്ടാക്കുമെന്നാണ് സുന്ദര്‍ പിച്ചായി  പറയുന്നത്. നമ്മുടെ ചിന്താശേഷി linear ആയിട്ടാണ് വളരുന്നതെങ്കില്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ച exponential ആണ്. അതിനാല്‍  ഇപ്പോഴും ശൈശവ ദശ കടക്കാത്ത നിര്‍മിത ബുദ്ധിയുടെ സാങ്കേതിക വിദ്യ ഏതൊക്കെ വഴികളിലൂടെ, എത്ര കണ്ട് ആഴത്തിലും പരപ്പിലും വ്യാപിക്കുമെന്ന് നമുക്കിനിയും ഉറപ്പിച്ച് പറയാനാവില്ല.

മനുഷ്യന്റെ ഭാഷയില്‍ അവനോടു പ്രതികരിക്കുന്ന, Chat GPT  എന്ന ആപ്ലിക്കേഷന്റെ കടന്നുവരവോടെയാണ് നിര്‍മിത ബുദ്ധി സംബന്ധിച്ച ചര്‍ച്ചകള്‍ സമീപകാലത്ത് വളരെ വ്യാപകമാകുന്നത്. Chat GPT നിര്‍മിച്ച കമ്പനിയായ  Open AI യുടെ സിഇഒ സാം ആള്‍ട് മാന്‍ ഇത് സംബന്ധിച്ച് നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. മാനവചരിത്രത്തില്‍ ഇതുവരെയുണ്ടായ ഏറ്റവും വലിയ സാങ്കേതിക വിപ്ലവങ്ങള്‍ - കാര്‍ഷിക വിപ്ലവം, വ്യവസായിക വിപ്ലവം, കമ്പ്യൂട്ടേഷണല്‍ വിപ്ലവം - അതുപോലെ ഒന്നാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കടന്നുവരവ് എന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. സാമ്പത്തിക രംഗത്ത് ഇതുണ്ടാക്കാന്‍ പോകുന്ന അവിശ്വസനീയമായ കുതിച്ചുചാട്ടം മനുഷ്യസമൂഹത്തില്‍ വരുത്താന്‍ പോകുന്ന മാറ്റങ്ങളെ മുന്‍നിര്‍ത്തിയാണ് ആള്‍ട് മാന്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നത്. അടുത്ത 100 വര്‍ഷത്തിനിടയില്‍ മനുഷ്യസമൂഹം കൈവരിക്കാന്‍ പോകുന്ന സാങ്കേതികമുന്നേറ്റം തീയും ചക്രങ്ങളും നാം കണ്ടുപിടിച്ചത് മുതല്‍ ഇന്നുവരെയുള്ളതിനേക്കാള്‍ വലുതായിരിക്കും എന്നാണ് ആള്‍ട് മാന്‍ ആവേശത്തോടു കൂടി പറയുന്നത്. ഈ പ്രസ്താവന സാങ്കേതികമായി എത്രകണ്ട് ശരിയാണ്?

കമ്പ്യൂട്ടര്‍ സാങ്കേതിക വിദ്യാവളര്‍ച്ചയെ സംബന്ധിച്ച മൂര്‍സ് ലോ പ്രകാരം കമ്പ്യൂട്ടിങ് പവര്‍ 18 മുതല്‍ 24 മാസക്കാലയളവില്‍ ഇരട്ടിയാകും. ഇത്തരമൊരു പ്രസ്താവന പെട്ടെന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടാണ് എന്നതിനാല്‍ ഒരുദാഹരണത്തിലൂടെ അത് വ്യക്തമാക്കാം.

മണിക്കൂറില്‍ 5 മൈല്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഒരു കാറിലാണ് നിങ്ങള്‍ എന്ന് സങ്കല്പിക്കുക. ഒരു മിനിറ്റ് ഓടിച്ചതിനുശേഷം സ്പീഡ് നേരെ ഇരട്ടിയാക്കുന്നു, 10 mph. അടുത്ത ഓരോ മിനിട്ടിലും ഇങ്ങനെ സ്പീഡ് ഇരട്ടിക്കുന്നു എന്നുവിചാരിക്കുക. അങ്ങനെയെങ്കില്‍ നാം ഓടിയെത്തുന്ന ദൂരം ആദ്യ മിനിറ്റില്‍ 440 അടിയും, മൂന്നാമത്തെ മിനിറ്റില്‍ 1760 അടിയും, അഞ്ചാമത്തെ മിനിറ്റില്‍ ഒരു മൈലും  ആയിരിക്കും, കാര്‍ അപ്പോള്‍ മണിക്കൂറില്‍ 80 മൈല്‍ വേഗത്തില്‍ എത്തും. ഇങ്ങനെ 27 തവണ സ്പീഡ് ഇരട്ടിപ്പിച്ചാല്‍ -ഐ സി കണ്ടുപിടിച്ച 1958 നു ശേഷം ഇന്നുവരെ കമ്പ്യൂട്ടിങ് പവര്‍ അത്രയ്ക്ക് വര്‍ധിച്ചിട്ടുണ്ട് - കാറിന്റെ വേഗത മണിക്കൂറില്‍ 671 മൈല്‍ ആയിരിക്കും. ഈ സമയത്തിനകം 11 ദശലക്ഷം മൈലുകള്‍ ആ വാഹനം  സഞ്ചരിച്ചു കഴിഞ്ഞിരിക്കും.  ഇതേ രീതിയിലാണ് കമ്പ്യൂട്ടറുകളുടെ ശേഷി 1950 കളിലെ ആദ്യകാല ഐ സി ചിപ്പുകളുടെ കാലത്തുനിന്നും ഇന്ന് വര്‍ധിച്ചിരിക്കുന്നത്, ഇന്നും വര്‍ധിച്ചുകൊണ്ടിരിക്കുന്നത്. നമുക്ക് മനസ്സില്‍ വിഭാവന ചെയ്യാന്‍ കഴിയുന്നതിനപ്പുറമാണിത്. നിര്‍മിത ബുദ്ധിയെ സാധ്യമാക്കിയ ഏറ്റവും പ്രധാന ഘടകം കമ്പ്യൂട്ടിങ് പവറില്‍ വന്നിരിക്കുന്ന ഈ വര്‍ധനയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ യുഗത്തിലേക്ക് പ്രവേശിച്ചിരിക്കുന്ന കമ്പ്യൂട്ടിങ് ടെക്‌നോളജി സാങ്കേതികമായി മാനവരാശിയെ അടിമുടി മാറ്റിത്തീര്‍ക്കാന്‍ പ്രാപ്തമാണ്  എന്ന നമ്മുടെ ഒന്നാമത്തെ proposition ശരിവയ്ക്കുന്നതാണ് ഈ നിരീക്ഷണങ്ങള്‍. ഇനി ഇതിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ എന്തായിരിക്കും എന്ന രണ്ടാമത്തെ പരികല്പനയിലേക്ക് കടക്കാം.

സുന്ദര്‍ പിച്ചായി | PHOTO: WIKI COMMONS
2ഉല്പാദന പ്രവര്‍ത്തനങ്ങളിലും തൊഴില്‍ മേഖലയിലും നിര്‍മിത ബുദ്ധി സൃഷ്ടിക്കുന്ന ചലനങ്ങളെ ലോകം സാകൂതം നോക്കിക്കൊണ്ടിരിക്കുകയാണ്. നിരവധി സാമ്പത്തിക വിശകലന മാതൃകകളും ഇത് സംബന്ധിച്ച് മുന്നോട്ടുവയ്ക്കപ്പെട്ടിട്ടുണ്ട്. ഉല്പാദനക്ഷമതയിലും സമ്പത്തുല്പാദനത്തിലും നിര്‍മിത ബുദ്ധിയുടെ പ്രയോഗം വന്‍കുതിച്ചുകയറ്റത്തിന് വഴിതെളിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. 2035 ല്‍, അമേരിക്കയിലെ വളര്‍ച്ചാനിരക്ക് ഇരട്ടിയാക്കാന്‍ നിര്‍മിത ബുദ്ധിയുടെ പ്രയോഗങ്ങള്‍ വഴിവയ്ക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്. തൊഴിലാളികളുടെ ഉല്പാദനക്ഷമത 35 ശതമാനം വരെ കൂടും. നിര്‍മിത ബുദ്ധിയുടെ പ്രയോഗങ്ങള്‍ നിമിത്തം 2030 ല്‍ അഭൂതപൂര്‍വമായ സമ്പത്തുല്പാദനത്തിലേക്ക് ലോകം എത്തിച്ചേരും. ഈ സമയത്തിനകം ചൈനയുടെ ജിഡിപി വളര്‍ച്ച 26 ശതമാനവും ആഗോള ജിഡിപിയി വളര്‍ച്ച  14 ശതമാനവും വര്‍ധിക്കുമെന്നാണ് PWC യുടെ റിപ്പോര്‍ട്ട്.

അതേസമയം, തൊഴില്‍ മേഖലയിലേക്കുള്ള നിര്‍മിത ബുദ്ധിയുടെ കടന്നുവരവ് സംബന്ധിച്ച് വലിയ ആശങ്കകളാണ് പരക്കുന്നത്. വേള്‍ഡ് ഇക്കണോമിക് ഫോറത്തിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം 2025 ആകുമ്പോഴേക്കും വിവിധ തൊഴില്‍ മേഖലകളിലെ 50 ശതമാനം ടാസ്‌കുകളും ഓട്ടോമേറ്റ് ചെയ്യപ്പെടും. നിലവിലുള്ളതിനേക്കാള്‍ 30 ശതമാനത്തിലധികം വരുമിത്. ലോകത്തെമ്പാടുമുള്ള  വിവിധ കമ്പനികളിലെ 50 ശതമാനം തൊഴിലാളികള്‍ക്കും പണി നഷ്ടപ്പെടുന്നതിലേക്ക് ഇത് നയിക്കും. ഓട്ടോമേഷനും റോബോട്ടിക്സും നിര്‍മിത ബുദ്ധിയുടെ വ്യാപനവും മൂലം അമേരിക്കയില്‍ തൊഴിലില്ലായ്മ വന്‍തോതില്‍ പെരുകുമെന്നാണ് വിദഗ്ധ നിഗമനം. 2000 ത്തിനു ശേഷം ഇവിടെ 17 ലക്ഷം തൊഴിലുകള്‍ ഓട്ടോമേഷന്‍ മൂലം ഇല്ലാതായിട്ടുണ്ടെന്നാണ് കണക്ക്. 

പുതിയ സാങ്കേതികവിദ്യകളുടെ കടന്നുവരവ് തൊഴില്‍ നഷ്ടത്തിന് ഇടയാക്കുമെന്ന ആശങ്കയ്ക്കെതിരായ ചില മറു വാദങ്ങളുമുണ്ട്. സൃഷ്ടിപരമായ നശീകരണം ( creative destruction ) എന്നാണ് ജോസഫ് ഷുംപ്ടര്‍   ഇതിനെ വിളിക്കുന്നത്.  സാങ്കേതികവിദ്യയുടെ വളര്‍ച്ചയ്‌ക്കൊപ്പം ചില തൊഴില്‍ മേഖലകളുടെ നാശവും, ചില തൊഴിലുകളുടെ ഉന്മൂലനവും അനിവാര്യമാണ് എന്നാണ് ഈ സിദ്ധാന്തം.  ഒരുഭാഗത്ത് തൊഴിലുകള്‍ നഷ്ടപ്പെടുമ്പോഴും അതില്‍പ്പെട്ട തൊഴിലാളികള്‍ പട്ടിണിയിലാകുമ്പോഴും മറ്റു മേഖലകളില്‍ പുതിയ സാധ്യതകള്‍ ഉണ്ടാകുമത്രേ. പക്ഷേ, പഴയ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് പുതിയ തൊഴില്‍ കണ്ടെത്താനും അതിനു തക്ക സാങ്കേതിക വൈദഗ്ദ്യം പുതുതായി ആര്‍ജ്ജിച്ചെടുക്കാനും എത്രകണ്ട് സാധിക്കും എന്ന ഉല്‍ക്കണ്ഠകള്‍ അടിസ്ഥാനരഹിതമല്ല . നമ്മുടെ നാട്ടിലെ അനുഭവം വെച്ചാണെങ്കില്‍  നിലവിലുള്ള ഉപജീവന മാര്‍ഗങ്ങള്‍ നഷ്ടപ്പെടുന്നവര്‍ ആത്മഹത്യ ചെയ്യുകയോ പട്ടിണികിടന്നു മരിക്കുകയോ ആകും ഫലം.

വര്‍ത്തമാനകാല ലോകത്ത് തൊഴില്‍ മേഖലയിലേക്കുള്ള സാങ്കേതികവിദ്യയുടെ കടന്നുവരവ് ഒരു സ്വാഭാവിക പ്രക്രിയ മാത്രമായിട്ടാണ് പൊതുവെ കരുതപ്പെടുന്നത്. ലുഡ്വിറ്റുകളുടെ പുതിയ തലമുറയ്ക്ക് ഇന്നത്തെ ലോകത്ത് ഒരു സാധ്യതയുമില്ല. ഇവിടെ ഉയരുന്ന ചോദ്യം സാങ്കേതികവിദ്യയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയുടെയും വ്യാപകമായ വിന്യാസത്തിന്റെയും ഗുണഫലങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്കാണ് ലഭിക്കുന്നത് എന്നതാണ്.

3വ്യാവസായികയുഗത്തിന്റെ  തുടക്കം,  മൂലധനവും തൊഴിലാളിയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ തുടക്കം കൂടിയാണ്. തൊഴില്‍ നഷ്ടപ്പെടുത്തുന്ന യന്ത്രങ്ങള്‍ ഈ സംഘര്‍ഷ കാരണങ്ങളിലൊന്നാണ്. സമീപദശകങ്ങളില്‍, കൊയ്ത്തു യന്ത്രങ്ങളും ട്രാക്ടറുകളും കാര്‍ഷികമേഖലയില്‍ വന്നപ്പോള്‍, കംപ്യൂട്ടറുകള്‍ ബാങ്കിങ് രംഗത്ത് വന്‍തോതില്‍ തൊഴില്‍ നഷ്ടപ്പെടുത്തും എന്ന ആശങ്ക വ്യാപകമായപ്പോള്‍ മാത്രം തുടങ്ങിയ ഒന്നല്ല ഇത്. 19 -ാം നൂറ്റാണ്ടില്‍ ഇംഗ്ലണ്ടിലെ നെയ്ത്തുശാലകളില്‍ സ്പിന്നിങ് വീലുകളും യന്ത്രങ്ങളും നെയ്തു തൊഴിലാളികളുടെ തൊഴില്‍ നഷ്ടപ്പെടുത്തിയ കാലത്ത് വന്‍തോതിലുള്ള പ്രക്ഷോഭമാണ് ഉണ്ടായത്. ലുഡ്വിറ്റുകള്‍ എന്നറിയപ്പെടുന്ന പ്രക്ഷോഭകാരികള്‍ നെയ്ത്തുയന്ത്രങ്ങള്‍ അടിച്ചു തകര്‍ത്തത് അര്‍ത്ഥശാസ്ത്ര ചരിത്രത്തിലെ സുപ്രധാന സംഭവമാണ്.

സാമൂഹിക പുരോഗതിയില്‍ വിശ്വസിക്കുന്ന ഒരാള്‍ക്കും യന്ത്രവത്ക്കരണത്തെ എതിര്‍ക്കാനാവില്ല എന്നതില്‍ തര്‍ക്കമില്ല. അതേസമയം, തൊഴിലാളികളെ കടുത്ത ആശങ്കയിലേക്കും അരക്ഷിതാവസ്ഥയിലേക്കും എറിഞ്ഞുകൊടുത്തുകൊണ്ട് നടപ്പിലാക്കേണ്ട ഒന്നല്ല തീര്‍ച്ചയായും യന്ത്രവല്‍ക്കരണം. അതുപോലെ സുപ്രധാനമാണ് സാങ്കേതികവിദ്യയുടെ ഗുണഭോക്താക്കള്‍ മൂലധനം കയ്യാളുന്നവര്‍ മാത്രമാവരുത് എന്നത്, സാങ്കേതിക വിദ്യാ വികാസത്തിന്റെ മെച്ചം തൊഴിലാളികള്‍ക്കും ലഭിക്കണം. വന്‍തോതിലുള്ള ഉല്പാദനക്ഷമതയ്ക്കും മിച്ചമൂല്യത്തിന്റെ വന്‍ വര്‍ധനയ്ക്കും വഴിതെളിക്കുന്ന നിര്‍മിതബുദ്ധിയുടെ ഇക്കാലത്ത് ഈ പ്രശ്‌നം വളരെ ഗൗരവത്തില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട ഒന്നാണ്. ഇതിനാവശ്യമായ നിയമ ഭരണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം എന്ന്  സാം ആള്‍ട് മാനെപ്പോലുള്ള എ ഐ ഉപജ്ഞാതാക്കള്‍ തന്നെ ആവശ്യപ്പെടുന്നുണ്ട്. വേണ്ട രീതിയില്‍ കൈകാര്യം ചെയ്തില്ല എങ്കില്‍ സാമൂഹികമായി വലിയ വിനാശം വിതയ്ക്കാന്‍ നിര്‍മിത ബുദ്ധി വഴിവയ്ക്കുമെന്ന് ഈ സാങ്കേതികവിദ്യയ്ക്ക് ഇന്ന് നേതൃത്വം കൊടുക്കുന്നവര്‍ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്. 

REPRESENTATIONAL IMAGE: WIKI COMMONS
അവിദഗ്ധ തൊഴിലാളികളുടെ മേഖലയില്‍ മാത്രമല്ല വിദഗ്ധ തൊഴിലാളികള്‍ പണിയെടുക്കുന്ന മേഖലകളിലും നിര്‍മിത ബുദ്ധിയെ അടിസ്ഥാനമാക്കിയ സംവിധാനങ്ങള്‍ വന്‍തോതില്‍ തൊഴില്‍ ശോഷണമുണ്ടാക്കാന്‍ ഇടയാക്കും. നമ്മുടെ നാട്ടിലെ ഐ ടി മേഖലയിലെ തൊഴില്‍ രംഗത്തെ,  നിര്‍മിത ബുദ്ധിയെ അടിസ്ഥാനമാക്കിയ ഓട്ടോമേഷന്‍ എങ്ങനെ ബാധിക്കുന്നുവെന്ന് നോക്കാം.

75,000 ത്തിലധികം ജീവനക്കാര്‍ നേരിട്ട് ജോലിയെടുക്കുന്ന ഒരു കേന്ദ്രമാണ് തിരുവനന്തപുരം ടെക്‌നോപാര്‍ക്ക്. വികസിത രാജ്യങ്ങളില്‍ നിന്നും ഔട്‌സോഴ്‌സ് ചെയ്യപ്പെട്ടു വരുന്ന ജോലികളെയാണ്  ഇവിടെയുള്ള ചെറുതും വലുതുമായ കമ്പനികള്‍ ഏതാണ്ട് മുഴുവനും ആശ്രയിക്കുന്നത്. വികസിത രാജ്യങ്ങളിലെ വേതന നിരക്കുമായി തട്ടിച്ച് നോക്കുമ്പോള്‍ അതിന്റെ പത്തിലൊന്ന് വേതനത്തില്‍ പണിയെടുക്കാന്‍ ഇന്ത്യയെപ്പോലുള്ള വികസ്വര പിന്നോക്ക രാജ്യങ്ങളില്‍ ആളെക്കിട്ടും എന്നതാണ് ഐടി ജോലികള്‍ ഇവിടേക്ക് ഔട്‌സോഴ്‌സ് ചെയ്യപ്പെടുന്നതിന് അടിസ്ഥാനം. ഇന്ത്യയിലെ ഒരു തൊഴിലാളി  50,000 രൂപ പ്രതിമാസ ശമ്പളത്തില്‍ സന്തോഷത്തോടു കൂടി ജോലി ചെയ്യാന്‍ തയ്യാറാണെന്നിരിക്കെ ഇംഗ്ലണ്ടിലെയോ അമേരിക്കയിലെയോ സമാന സ്‌കില്ലുകള്‍ ഉള്ള ഒരാള്‍ക്ക് അതിന്റെ പത്തിരട്ടിയെങ്കിലും ശമ്പളം നല്‍കേണ്ടി വരും . പ്രതിശീര്‍ഷ വരുമാനത്തിന്റെ കാര്യത്തില്‍ ഈ രാജ്യങ്ങള്‍ തമ്മിലുള്ള അന്തരമാണ് ഇതിന്റെ പ്രധാന കാരണം . (ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം 2700 യു എസ ഡോളറായിരിക്കെ യുകെയില്‍ 47,000 വും അമേരിക്കയില്‍ 65000 വും ആണ്) 

സോഫ്റ്റ്വെയര്‍ നിര്‍മാണ മേഖലയിലെ വിവിധ ജോലികളില്‍ - പ്രോഗ്രാമിങ്, ടെസ്റ്റിംഗ്, ഡോക്യുമെന്റേഷന്‍ തുടങ്ങി - നിര്‍മിത ബുദ്ധിയെ അടിസ്ഥാനമാക്കിയ ഓട്ടോമേഷന്‍ പ്രയോഗത്തില്‍ വന്നാല്‍ ഇന്ത്യയടക്കുള്ള വികസ്വര രാജ്യങ്ങളിലേക്ക് ജോലികള്‍ ഔട്‌സോഴ്‌സ് ചെയ്യപ്പെടുന്നതിന്റെ ആവശ്യകത ഗണ്യമായി കുറയും. സോഫ്റ്റ്വെയര്‍ വികസന രംഗത്തെ പല തൊഴിലുകളും ചെയ്യാന്‍ നിര്‍മിത ബുദ്ധിയെ അടിസ്ഥാനമാക്കിയ സോഫ്ട്‌വെയറുകള്‍ പര്യാപ്തമാണ്. മുന്‍പ് 10 പേര്‍ ചെയ്തിരുന്ന തൊഴിലെടുക്കാന്‍ ഒരാള്‍ മാത്രം മതിയെന്ന സാഹചര്യം ഇതോടെ സംജാതമാകും. വളരെ കൃത്യമായി നിര്‍വചിക്കാനും യാന്ത്രികമായി ആവര്‍ത്തിച്ചു ചെയ്യാനും പറ്റിയ കോഡിങ് പോലുള്ള പണികള്‍ പലതും മനുഷ്യന്‍ ചെയ്യുന്നതിനേക്കാള്‍ സൂക്ഷ്മതയോടെയും കാര്യക്ഷമമായും ചെയ്യാന്‍ നിര്‍മിത ബുദ്ധിയെ അടിസ്ഥാനമാക്കിയ ആപ്ലിക്കേഷനുകള്‍ക്ക് സാധിക്കും. ഇതിനകം തന്നെ പല സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് കമ്പനികളും ഇതുപയോഗപ്പെടുത്തുന്നുണ്ട്. സോഫ്ട്‌വെയര്‍ ടെസ്റ്റിംഗ് പോലുള്ള പണികള്‍ മുന്‍പേ തന്നെ ഓട്ടോമേറ്റ് ചെയ്യപ്പെട്ടതാണ്. മനുഷ്യഭാഷ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യം നേടിയ ചാറ്റ് ജി പി ടി പോലെയുള്ള ആപ്ലിക്കേഷനുകള്‍ ടെക്സ്റ്റ് അടിസ്ഥാനമാക്കിയ പണികള്‍ അനായാസം ചെയ്യുന്ന ഈ കാലത്ത് ഡോക്യുമെന്റേഷന്‍ പോലുള്ള പണികള്‍ ചെയ്യാന്‍ ഒരു തൊഴിലാളിയുടെ നേരിട്ടിടപെടല്‍ ആവശ്യമില്ല.

ഇന്ത്യയിലേക്ക് ഔട്‌സോഴ്‌സ് ചെയ്യപ്പെടുന്ന സോഫ്ട്‌വെയര്‍ പണികളില്‍ നല്ലൊരു പങ്ക് താഴ്ന്ന നിലവാരത്തിലുള്ള, ബുദ്ധിപൂര്‍വം ആലോചിച്ച് കോഡെഴുതേണ്ട ആവശ്യമില്ലാത്ത പണികളാണ് എന്നുകൂടി ഓര്‍ക്കുമ്പോഴാണ് ഇതുണ്ടാക്കാനിടയുള്ള ആഘാതം എത്ര വലുതായിരിക്കുമെന്ന് കാണാനാകുന്നത്. സോഫ്ട്‌വെയര്‍ ഡെവലപ്‌മെന്റ് പ്രോസസ്സിലെ ഡിസൈന്‍, ആര്‍ക്കിടെക്ടിങ് തുടങ്ങിയ സങ്കീര്‍ണ പ്രശ്‌നങ്ങള്‍, സര്‍ഗാത്മക ചിന്ത ആവശ്യമായ കാര്യങ്ങള്‍, ഏതാണ്ട് മുഴുവനും ആദ്യഘട്ടത്തില്‍ തന്നെ പരിഹരിക്കപ്പെട്ടിട്ടുണ്ടാകും. അങ്ങനെ തയ്യാറാക്കപ്പെട്ട ഡോക്യുമെന്റേഷന്‍ നോക്കി സോഫ്ട്‌വെയര്‍ ഡവലപ്‌മെന്റ് നടത്തുന്നവരാണ് മഹാഭൂരിപക്ഷം ഐടി തൊഴിലാളികളും. നിര്‍മിത ബുദ്ധിയെ അടിസ്ഥാനമാക്കിയ യന്തിരന്മാര്‍ പരമ്പരാഗത ഐ ടി തൊഴിലാളികള്‍ക്ക് ഭീഷണിയാകാന്‍ അധികകാലം വേണ്ടി വരില്ല. സൃഷ്ടി സ്രഷ്ടാവിനെ വിഴുങ്ങുന്നതിലേക്കാണ് ഐ ടി രംഗത്തെ നിര്‍മിത ബുദ്ധിയുടെ സ്ഥിതി പോകുന്നത്.

സമാനമായ കാര്യങ്ങള്‍ പല തൊഴില്‍ മേഖലകളിലും സംഭവിച്ചുകൊണ്ടിരിക്കുന്നുണ്ട്. ലഭ്യമായ ഡാറ്റ നോക്കി ഫിനാന്‍ഷ്യല്‍ വിശകലനങ്ങള്‍ നടത്തുക, ലാബ് റിപ്പോര്‍ട്ടുകള്‍ അനലൈസ് ചെയ്യുക, തൊഴിലാളികളുടെ പെര്‍ഫോമന്‍സ് നോക്കി കൂലി തിട്ടപ്പെടുത്തുക, ഉത്പാദനക്ഷമതയുടെ അടിസ്ഥാനത്തില്‍ തൊഴിലാളികളെ വിവിധ വിഭാഗങ്ങളാക്കുക ഇതൊക്കെ ഇതിനകം തന്നെ മനുഷ്യന്‍ നിര്‍മിച്ച യന്ത്രങ്ങള്‍ ഏറ്റെടുത്തു കഴിഞ്ഞു. പല മേഖലകളിലും ഇത് സംബന്ധിച്ച ഗവേഷണങ്ങള്‍ തീവ്രഗതിയില്‍ നടക്കുകയാണ്. സ്വയം ഓടുന്ന വാഹനങ്ങള്‍ നിര്‍മിച്ചെടുക്കാന്‍ ഇന്ന് വന്‍കിട കമ്പനികള്‍ ചിലവഴിക്കുന്ന ഗവേഷണ മൂലധനത്തിന്റെ അളവ് ഭീമമാണ്. ഇത് ഫലപ്രദമായാല്‍ ഡ്രൈവിംഗ് പണികള്‍ തന്നെ ഇല്ലാതായേക്കാം. സയന്‍സ് ഫിക്ഷന്‍ ലോകത്തെ ഭാവനയല്ല ഇതിന്ന്. ഓട്ടോമേഷന്‍ വ്യാപകമായതോടെ, മനുഷ്യന്‍ നേരിട്ട് ചെയ്യുന്ന മെഡിക്കല്‍ ട്രാന്‍സ്‌ക്രിപ്ഷന്‍ പണികള്‍ ഗണ്യമായി ചുരുങ്ങിയിട്ടുണ്ട്. വലിയൊരു വിഭാഗം തൊഴിലാളികള്‍ നമ്മുടെ ഐ ടി പാര്‍ക്കുകളില്‍ ഈ മേഖലയില്‍ വന്‍തോതില്‍ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നു. 

മൂന്നാം ലോക രാഷ്ട്രങ്ങളിലെ സ്വെറ്റ് ഷോപ്പുകളില്‍ തുച്ഛമായ വേതനത്തിന് എല്ലുമുറിയെ പണിയെടുക്കാന്‍ മടിയില്ലാത്തവരുടെ തൊഴില്‍ സേനയാണ് വികസിത രാജ്യങ്ങളിലെ അഭിവൃദ്ധിയെ ഇന്ന് നിലനിര്‍ത്തുന്ന പ്രധാന ഘടകങ്ങളിലൊന്ന്. ഫ്യൂഡല്‍ അര്‍ദ്ധ ഫ്യൂഡല്‍ സാഹചര്യങ്ങളിലെ കൊടിയ ചൂഷണത്തില്‍ നിന്നും രക്ഷപ്പെടാന്‍, വന്‍തോതില്‍ വളര്‍ന്നു വരുന്ന മഹാനഗരങ്ങള്‍ക്കാവശ്യമായ തൊഴില്‍ ശക്തി പ്രദാനം ചെയ്ത, അവിടങ്ങളിലേക്കു കുടിയേറിയ ദരിദ്ര നാരായണന്മാര്‍ക്കും അത് ഒരുപരിധി വരെയെങ്കിലും ഗുണകരമായിരുന്നു. എന്നാല്‍ ആ സാഹചര്യത്തെ മാറ്റിമറിച്ച്, അവികസിത രാജ്യങ്ങളിലെ വില കുറഞ്ഞ  തൊഴില്‍ ശക്തിയെ ആശ്രയിക്കാതെ തന്നെ ആഗോള മൂലധനത്തിന് മുന്‍പോട്ടു പോകാനുള്ള വാതായനങ്ങളാണ് ഇന്ന് തുറക്കപ്പെടുന്നത്. ഇത് മനുഷ്യ സമൂഹത്തെ എവിടെയെത്തിക്കും എന്നതാണ് അടുത്ത ചോദ്യം.

REPRESENTATIONAL IMAGE: WIKI COMMONS
4ഒരു വഴിക്ക് വന്‍തോതില്‍ സാമ്പത്തിക വളര്‍ച്ചയ്ക്കുള്ള സാഹചര്യമുണ്ടാവുക. അതേസമയം, തന്നെ വന്‍തോതില്‍ തൊഴിലുകള്‍ ഇല്ലാതാവുക. ഇത്തരമൊരു സവിശേഷ സാഹചര്യമാണ് നിര്‍മിത ബുദ്ധിയിലെത്തിനില്‍കുന്ന കമ്പ്യൂട്ടിങ് സാങ്കേതിക വിദ്യയുടെ ഈ കാലത്ത് രൂപപ്പെട്ടിരിക്കുന്നത്. തൊഴില്‍ രഹിത സാമ്പത്തിക വളര്‍ച്ച എന്ന ഈ പ്രതിഭാസം 2000 ത്തില്‍ തന്നെ ആരംഭിച്ചതാണ്. വന്‍തോതില്‍ പെരുകുന്ന അസമത്വത്തിന്റെ ഒരു പ്രധാനകാരണമായി സാങ്കേതികവിദ്യയുടെ വളര്‍ച്ചതന്നെ മാറുകയാണ്.

എങ്ങനെയാണ് മനുഷ്യസമൂഹം ഈ പ്രതിസന്ധിയെ നേരിടാന്‍ പോകുന്നത്? ഒരു സാമൂഹിക ഘടനയുടെ സ്വഭാവത്തെയും അവിടെ നിലനില്‍ക്കുന്ന അധികാര ബന്ധങ്ങളെയും നിര്‍ണയിക്കുന്നത് ആ സമൂഹത്തിലെ ഉല്പാദനശക്തികളുടെ വികാസമാണ്, അത് സൃഷ്ടിക്കുന്ന വൈരുധ്യങ്ങളാണ്. ഫ്യൂഡല്‍ കാര്‍ഷിക ബന്ധങ്ങള്‍ തകര്‍ന്നതും അതിനെ ആസ്പദമാക്കി നിലകൊണ്ടിരുന്ന അധികാര സ്ഥാപനങ്ങള്‍ കാലഹരണപ്പെട്ടതും കൂടുതല്‍ ജനാധിപത്യത്തിലധിഷ്ഠിതമായ വ്യാവസായിക സമൂഹം വളര്‍ന്നുവന്നതുമെല്ലാം നമ്മുടെ ചരിത്രത്തിലുണ്ട്. ആ ഒരു കാഴ്ചപ്പാടില്‍ നോക്കിയാല്‍ ഈ പുതിയ കമ്പ്യൂട്ടിങ് സാങ്കേതിക വിദ്യകള്‍, അഭൂതപൂര്‍വമായ സമ്പത്തുല്പാദന ശേഷിയുള്ളത്, അതേസമയം വന്‍തോതില്‍ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാന്‍ പര്യാപ്തമായത്, രൂപപ്പെടുത്തിയെടുക്കാന്‍ പോകുന്നത് ഏതു സ്വഭാവത്തിലുള്ള സമൂഹത്തെ ആയിരിക്കും... ഇവ തമ്മിലുള്ള വൈരുധ്യങ്ങള്‍ നിലവിലുള്ള സാമൂഹിക ബന്ധങ്ങളെ മാറ്റിത്തീര്‍ക്കുമോ. 

അവരവര്‍ക്ക് ആവശ്യമുള്ളത് അത്രയും എടുത്തുപയോഗിക്കാന്‍ പറ്റുന്ന ഒരു സമൂഹത്തെയാണ് കമ്മ്യൂണിസ്റ്റ് സമൂഹമായി മാര്‍ക്‌സ് വിഭാവനം ചെയ്തത്. അളവറ്റ സമ്പത്ത് ഉല്പാദിപ്പിക്കപ്പെടുന്ന ഒരു ലോകത്തെ നിര്‍മിതബുദ്ധിക്ക് സൃഷ്ടിക്കാന്‍ കഴിയും എന്നതില്‍ തര്‍ക്കമില്ല. അതേസമയം, ഈ സമ്പത്തിന്റെ പുനര്‍വിതരണത്തിന്റെ സാധ്യത എത്രത്തോളമുണ്ട്. ഉല്പാദന പ്രക്രിയയില്‍ നിന്ന് തള്ളപ്പെടുന്ന തൊഴിലാളിക്ക്, കൂലിവേലയില്‍ നിന്നും എടുത്തു മാറ്റപ്പെടുന്ന തൊഴിലാളിക്ക് ജീവിക്കാനാവശ്യമായ സാഹചര്യം എങ്ങനെ ഒരുക്കും. തൊഴില്‍ നഷ്ടം ഒരു ഹ്രസ്വകാല പ്രതിഭാസം മാത്രമായിരിക്കുമോ. മൂലധനവും തൊഴില്‍ ശക്തിയും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ പുതിയൊരു സമൂഹ സൃഷ്ടിക്ക് കളമൊരുക്കുമോ? നാളിതുവരെയുള്ള നേരിട്ട പ്രതിസന്ധികളെ മൂലധനം പല രൂപത്തില്‍ മറികടന്നിട്ടുണ്ട്. വരാനിടയുള്ള സാമൂഹിക സംഘര്‍ഷങ്ങളെയും അത് ഇത്തരത്തില്‍ കൈകാര്യം ചെയ്യുമോ? 

14 -ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ യൂറോപ്പിലുണ്ടായ ബ്യൂബോണിക് പ്ലേഗ് യൂറോപ്യന്‍ സാമൂഹിക സാമ്പത്തിക ഘടനയെ എങ്ങനെയാണ് മാറ്റിമറിച്ചതെന്ന ചരിത്രം നമ്മുടെ മുന്നിലുണ്ട്.  അന്ന് പ്ലേഗ് വിതച്ച കറുത്ത മരണത്തില്‍ യൂറോപ്പിലെ ജനതയില്‍ പകുതിയും തുടച്ചുനീക്കപെട്ടു. അതിനുശേഷമുള്ള സമൂഹത്തില്‍ നേരിട്ട തൊഴില്‍ ശക്തിയുടെ കടുത്ത അഭാവം തൊഴിലാളികളുടെ വിലപേശല്‍ ശേഷിയെ കുത്തനെ ഉയര്‍ത്തി. വികസിച്ചു വരുന്ന നഗരങ്ങള്‍ക്കാവശ്യമായ തൊഴില്‍ ശക്തി പ്രദാനം ചെയ്യാന്‍ ഗ്രാമങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് വന്‍തോതിലുള്ള കുടിയേറ്റമുണ്ടായി ഇത് ഗ്രാമീണ മേഖലകളിലെ അടിയാള ഫ്യൂഡല്‍ സമ്പ്രദായത്തെ ഇല്ലാതാക്കി. പൗരോഹിത്യവും രാജഭരണവും ചേര്‍ന്നുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഭരണ സമ്പ്രദായത്തെ അത് തകര്‍ത്തു. പുതിയ ഭരണ സംവിധാനകളിലേക്ക് യൂറോപ്യന്‍ സമൂഹം മാറി. അടിസ്ഥാന ഉല്പാദന ഘടകങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയുന്ന സാമൂഹിക മാറ്റത്തെയാണ് ഈ മഹാമാരി കാട്ടിത്തന്നത്.

നിര്‍മിത ബുദ്ധിയുടെ ലോകത്ത് കാര്യങ്ങള്‍ വ്യത്യസ്തമാണ്. തൊഴില്‍ ശക്തിക്ക് വിലപേശല്‍ ശേഷി നഷ്ടപ്പെടുന്ന വിപരീത സാഹചര്യമാണ് സംജാതമാകുന്നത്. ഉല്പാദനപ്രക്രിയയില്‍ മൂലധനത്തിന്റെ പങ്ക് ഉയരുകയും തൊഴില്‍ ശക്തിയുടേത് കുറയുകയുമാണ്. അതുണ്ടാക്കുന്ന സംഘര്‍ഷങ്ങള്‍ ഭരണമാറ്റങ്ങള്‍ക്ക് വഴി തെളിക്കുമോ? ദേശരാഷ്ട്രങ്ങളുടെ അധികാരത്തില്‍ ഇന്ന് മൂലധനത്തിനുള്ള മേല്‍കൈ നഷ്ടപ്പെടാന്‍ അത് ഇടയാക്കുമോ? എങ്കില്‍ നീതിയുക്തമായവിതരണത്തെ അടിസ്ഥാനമാക്കിയ പുതിയൊരു ലോകം സാധ്യമാകും.  മറിച്ചാണെങ്കില്‍ കറുത്ത നാളുകളിലേക്ക് ഭൂരിപക്ഷം ജനതയും എടുത്തെറിയപ്പെടും. എങ്ങനെയാണ് വര്‍ഗസംഘര്‍ഷങ്ങള്‍ ഉരുത്തിരിഞ്ഞു വരുന്നതെന്നതിനെ അടിസ്ഥാനമാക്കി മാത്രമേ ഈ ദിശാനിര്‍ണയം സാധ്യമാകൂ. അത് കാത്തിരുന്നു കാണുക തന്നെ വേണം.


#Technotopia
Leave a comment