നരവംശ ബുദ്ധിയുടെ പരിമിതികളെ മറികടക്കുന്ന നിർമിത ബുദ്ധി
'In spite of everything, it is moving.' - Galileo Galilei
ജീവിതവ്യവസ്ഥകളെ സമയക്രമത്തിനൊപ്പം ചിട്ടപ്പെടുത്താന്‍ നരവംശത്തെ അനുശീലിപ്പിച്ച ഘടികാരയന്ത്രം ശതകങ്ങള്‍ പിറകോട്ടു പോയാല്‍ നിഗൂഢവും വശ്യവുമെങ്കിലും പ്രയോജനശൂന്യവും അര്‍ത്ഥനിശൂന്യവുമായ കളിക്കോപ്പായി മാത്രം അസ്തിത്വപ്പെടുമെന്ന അവസ്ഥ എം മുകുന്ദന്‍ സമയസഞ്ചാരലീലകളാല്‍ മലയാള ഭാവനയെ ആദ്യമായി അതിശയിപ്പിച്ച 'ആദിത്യനും രാധയും മറ്റു ചിലരും' എന്ന നോവലില്‍ അനുഭവവേദ്യമാക്കുന്നുണ്ട്. ആദിത്യന്‍ ഇരുപതാം നൂറ്റാണ്ടില്‍ നിന്ന് മിയാ താന്‍സെനിനെ കാണാനും കേള്‍ക്കാനും പതിനാറാം ശതകത്തിലെ ഗ്വാളിയാറില്‍ എത്തിച്ചേരുകയാണ്. അവിടെ താന്‍സെനിനെ കാണാന്‍ കഴിയുന്നില്ല. അവിടെ വെച്ച് അയാള്‍ ദുലാരി എന്ന യുവ വിധവയെ പരിചയപ്പെടുന്നു. ദുലാരി ആദിത്യന്‍ ധരിച്ചിരിക്കുന്ന കുപ്പായം കണ്ടു അത്ഭുതപ്പെടുന്നു. അവള്‍ക്ക് വസ്ത്രം തുന്നല്‍ യന്ത്രത്തെക്കുറിച്ചു വിവരിച്ചുകൊടുക്കവേ അവള്‍ ചോദിക്കുന്നുണ്ട് 'യന്ത്രം എന്നുവെച്ചാല്‍ എന്താണ്.' അതിനുശേഷം ദുലാരി ആദിത്യന്റെ കൈയിലെ വാച്ചു കൗതുകത്തോടെ നോക്കി 'ഇത് എന്താണെന്നു' ആരായുന്നുണ്ട്. ആദിത്യന്‍ ഈ യന്ത്രത്തെ വാച്ചെന്ന് വിളിക്കുന്നുവെന്നു പറയുന്നു. അവള്‍ വീണ്ടും കൗതുകം കൊള്ളുന്നു 'ഇത് എന്തിനാണ്? വളയാണോ' എന്നു ചോദിക്കുന്നു. ഇത് സമയം അറിയുവാനുള്ളതാണെന്നു ആദിത്യന്‍ പറയുന്നു. സമയം അത് എന്താണ്? ആ ചോദ്യത്തിന് ഉത്തരം പറയാന്‍ ആദിത്യന് കഴിഞ്ഞില്ല. സമയമെന്നാല്‍ എന്താണ് ആദിത്യന്‍ സ്വയം ചോദിച്ചു. അയാളുടെ കാലത്തിലെ സകല ജീവിതക്രമങ്ങളെയും നിര്‍ണയിക്കുന്ന ഒരു യന്ത്രമാണ് ഈ കൊച്ചുവാച്ചെന്നു ആദിത്യന് ദുലാരിക്ക് വിവരിച്ചുകൊടുക്കാനാകുന്നില്ല. ജീവിതത്തെ പാറപോലെ നിര്‍ജീവമായ ജഡമാക്കാന്‍ കെല്പുള്ളതാണ്, ഈ യന്ത്രം പ്രവര്‍ത്തനരഹിതമായാല്‍ എന്നു ആദിത്യനു മാത്രം മനസ്സിലാകുന്ന കാര്യമാണ്. ദുലാരിക്ക് ഈ യന്ത്രം മറ്റൊരു നിര്‍ജീവ വസ്തു മാത്രമാണ്.
ആധുനികമനുഷ്യരുടെ സമയക്രമ ജീവിതത്തെക്കുറിച്ചു അജ്ഞയാണ് ദുലാരി. അവള്‍ ജീവിക്കുന്നത് പ്രകൃതിയുടെ താളത്തിനൊത്തുള്ള കാലചലനത്തിലാണ്. അവളുടെ കലാബോധം സ്വാസ്ഥ്യം നിറഞ്ഞതായിരിക്കണം. അതേസമയംതന്നെ അവളുടെ പരിമിതമായ അറിവുമാണ് അവളെ നരവംശ നിര്‍മിതമായ ഈ യന്ത്രത്തിന്റെ പ്രവര്‍ത്തനത്തെ മനസ്സിലാക്കാന്‍ അപര്യാപ്തയാക്കുന്നത്. സമാനമായ സ്ഥിതിയാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ നരവംശം ഒന്നാകെ നിര്‍മിത ബുദ്ധിയെ അഭിമുഖീകരിക്കുന്നത്. ഇവിടെ കാലംതെറ്റിയുള്ള സാങ്കേതികവിദ്യ എന്നതിനേക്കാള്‍ നരവംശത്തിന്റെ പരിമിതമായ ജ്ഞാനവും ധാര്‍മിക ബോധവും അവര്‍ക്കാകെയറിയാവുന്ന ചെറുകിട ആശയസംഹിതകളും മുതലാളിത്ത ജീവിതവ്യവസ്ഥയുംവെച്ചു എഐ യെ മനസ്സിലാക്കാനും യന്ത്രത്തോടെ എന്‍ഗേജ് ചെയ്യാനും നരവംശത്തെ ബുദ്ധിപരിമിതരാക്കുന്നു. ആത്മാവിഷ്‌കാരം തുടങ്ങിയ ജടിലമായ സാഹിത്യ കല്പനകളും നരവംശത്തിന്റെ മിഥ്യാബോധ്യങ്ങളുമായി അറിവിന്റെ കൊച്ചു കൊച്ചു ലോകങ്ങളില്‍ പാര്‍ത്തുവരുന്ന നരവംശത്തിന്റെ സങ്കുചിത ബോധമണ്ഡലത്തില്‍ നിര്‍മിത ബുദ്ധി അല്ലെങ്കില്‍ യന്ത്ര ബുദ്ധി നരവംശത്തിന്റെ അപരമായി വ്യാഖ്യാനിക്കപ്പെടുന്നതില്‍ അതിശയമില്ല. കാരണം, അത്രമേല്‍ അല്പരാണ് നരവംശം.
ഒന്ന്
മഹാമാരി വ്യാപകമായി പടര്‍ന്നിരുന്ന ആ സമയവേളയില്‍, മനുഷ്യവംശത്തിന്റെ അന്ത്യം പ്രവചിക്കപ്പെട്ടിരുന്ന ആ കാലത്തില്‍, നിര്‍മിത ബുദ്ധി അഥവാ യന്ത്ര ബുദ്ധിയേക്കാള്‍ ഒരു അതിസൂക്ഷ്മ കീടം അതിജീവനത്തിനുമേല്‍ മഹാഭീഷണി ഉയര്‍ത്തിയിരുന്ന ആ ഘട്ടത്തില്‍, നരവംശത്തെ പൂര്‍ണമായും കീഴ്പ്പെടുത്തുന്നതില്‍ എഐ (AI) കുറച്ചു അകലെയാണെന്നായിരുന്നു പൊതുവായ കാഴ്ചപ്പാട്. ഇതിനെ തകിടംമറിച്ചത് ചാറ്റ് പൊതു ആവശ്യ സാങ്കേതിക വിദ്യയാണ് (chat general purpose technology-CHAT GPT). ഏതാണ്ട് ഒരാറേഴു മാസം മുമ്പ് നിര്‍മിത ബുദ്ധി തിരനോട്ടം കഴിഞ്ഞു ചാറ്റ് ജിപിറ്റി എന്ന പേരില്‍ രംഗപ്രവേശം ചെയ്യുന്നതുവരെ പൊതുവ്യവഹാരങ്ങളില്‍ ശാസ്ത്ര ഫിക്ഷന്റെ തലത്തിലായിരുന്നു എഐ. യന്ത്ര ബുദ്ധിയുടെ ഒരു തുമ്പ് മാത്രമാണ് ചാറ്റ് ജിപിറ്റി എന്നാണ് കരുതപ്പെടുന്നത്. ഉപരിവിതാനത്തില്‍ നിന്നുള്ള കാഴ്ച്ചയില്‍ ഇപ്പോഴും അജ്ഞേയമായിരിക്കുന്ന നിര്‍മിത ബുദ്ധി വൈഞ്ജാനികതയുടെ ഒരു തുമ്പ് കണ്ടതോടെ നിലവിലുള്ള നരവംശ ബുദ്ധിയുടെ ആധികാരികതയില്‍ പ്രവാചകശേഷിയോടെ മനുഷ്യര്‍ ലോകാന്ത്യത്തെ (apocalypse) ദര്‍ശിച്ചു. ഇതോടെ സര്‍വസന്നാഹങ്ങളുമായി നിര്‍മിത ബുദ്ധിയെ നേരിടാന്‍ സജ്ജമായ നരവംശം പൊതുവ്യവഹാരങ്ങളില്‍ മുഖ്യമായും ചര്‍ച്ചാ വിഷയമാക്കിയത് എഐ യുടെ നിയന്ത്രണമാണ്. മനുഷ്യര്‍ സംസ്‌കൃതചിത്തരായി തുടങ്ങിയ ആദ്യയുഗം മുതല്‍ക്കേ അവലംബിച്ചുവരുന്നതും ചരിത്രപരമായി മനുഷ്യര്‍ക്ക് ഏറെക്കുറെ കൈവിരുതുമുള്ള നടപടി എന്ന നിലയില്‍ യന്ത്ര ബുദ്ധിയുടെ വികസനത്തിനും വ്യാപനത്തിനും പ്രവര്‍ത്തനത്തിനുമേല്‍ നിയന്ത്രണ ഉത്തരവുകള്‍ കൊണ്ടുവരാനുള്ള പരിശ്രമങ്ങളിലാണ്. നിയമവ്യവഹാരം നരവംശത്തിന്റെ ആദിമഘട്ടം മുതലേ ലക്ഷ്യംവെച്ചിരുന്നത് നിരോധനങ്ങളും നിയന്ത്രണങ്ങളുമാണ് (prohibitions and regulations). മനുഷ്യര്‍ മനുഷ്യരെ നിയന്ത്രിക്കാന്‍ സൃഷ്ടിച്ചതാണ് നിയമ സംഹിതകള്‍ എല്ലാം തന്നെ - അത് മത സംഹിതകളുടെ പേരിലാണെങ്കിലും സെക്കുലര്‍ സാമൂഹികതയുടെ ഉദ്ദേശത്തിലാണെങ്കിലും. മുതലാളിത്തം ആവിര്‍ഭവിക്കുന്നതോടെ, അതായത് മൂലധന സഞ്ചയനവും സ്വതന്ത്ര വിപണിയും വ്യാപാരവും കൂലിവേലയും (wage labour) ചരക്കുവല്‍ക്കരണവും ബഹുജന ഉത്പാദനവും (mass production) അതിനെ ആസ്പദമാക്കിയുള്ള നിയമനിര്‍മാണങ്ങളും എല്ലാം തന്നെ ഒരേകകത്തിലേക്ക് കേന്ദ്രീകരിക്കുന്നു. അത് സ്വകാര്യ സ്വത്തിന്റെ സംരക്ഷണമാണ്. ഇതിനനുബന്ധമായി നിയമവും നിയമത്താല്‍ നിയന്ത്രിതമായ സാമൂഹികക്രമവും 'വ്യക്തി'യെ സ്ഥാനപ്പെടുത്തുന്നു. നിയമനിര്‍മാണ വ്യവസ്ഥയെ അടക്കി ഭരിക്കുന്ന യുക്തി സ്വകാര്യ സ്വത്തിന്റെ സംരക്ഷണമാണ്. ഇത് ജനാധിപത്യ സ്വരൂപത്തെ എങ്ങനെ നിര്‍ണയിക്കുന്നു, അതിന്റെ ഗുണദോഷ വിചാരങ്ങള്‍ നമ്മുടെ മുമ്പിലെ പ്രസക്ത വിഷയത്തിന്റെ പരിധിക്കപ്പുറമാണ്. എഐ യുടെ നിയന്ത്രണവും നിരോധനവും അഭേദ്യമായി ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു.
REPRESENTATIONAL IMAGE
യന്ത്ര ബുദ്ധിക്കെതിരെയുള്ള ഭരണകൂട നിയന്ത്രണങ്ങളും സര്‍ക്കാര്‍ നേട്ടങ്ങളും ഇതിനു അനുബന്ധമായ ഗുമസ്ത വ്യവഹാരങ്ങളും ധാര്‍മിക സമ്പദ് വിചാരത്തിന്റെ (moral economy) മൂടുപടം അണിഞ്ഞാണ് പ്രത്യക്ഷമാകുന്നതെങ്കിലും ആത്യന്തികമായ ലക്ഷ്യം സ്വകാര്യ സ്വത്തധിഷ്ഠിതമായ മൂലധന വ്യവസ്ഥയെ സംരക്ഷിച്ചു നിര്‍ത്തലാണ്. സാങ്കേതിക മുന്നേറ്റങ്ങളിലൂടെ ഏതാണ്ട് ശിഥിലീകൃതമായ പകര്‍പ്പവകാശ ലംഘനം പോലുള്ള മുതലാളിത്തത്തിന്റെ ഏറ്റവും ദുര്‍ബലവും അപരിഷ്‌കൃതമായ നിയമ വ്യവസ്ഥയെ എങ്ങനെ അതിന്റെ അന്ത്യകര്‍മം അടുക്കും മുമ്പേ പരമാവധി ലാഭം കൊയ്യാമെന്ന ഉദ്ദേശ്യം മാത്രമേ എഐ നിയന്ത്രണ വ്യവഹാരങ്ങള്‍ക്കുള്ളൂ. പൊതു ആവശ്യ സാങ്കേതികവിദ്യകള്‍ (general purpose AI) ലോകത്തെ മാറ്റിമറിക്കാവുന്ന ഭീഷണജന്യമായ സാങ്കേതികവിദ്യകളായി പരിഗണിക്കുന്നതിനുള്ള മറ്റൊരു കാരണം മനുഷ്യര്‍ സ്വരുക്കൂട്ടിവെച്ചിട്ടുള്ള നെറ്റ്‌വര്‍ക്കില്‍ ലഭ്യമായ വിജ്ഞാനം എത്ര ദുര്‍ബലമാണെന്ന ഉത്തമബോധ്യം കൂടിയാകണം. നമ്മുടെ തട്ടിക്കൂട്ടലുകള്‍ കാളത്തീട്ടമായിരുന്നു (bullshit) എന്ന തിരിച്ചറിവ് മനുഷ്യരുടെ ഇഗോസ്റ്റിക്കലും മെഗാലോമാനിയേക്കുമായ അവസ്ഥയ്ക്ക് താങ്ങാനാവുന്നതിലുമപ്പുറമാണ്. നമ്മള്‍ ഉല്പാദിപ്പിച്ചുവിടുന്ന ഏതൊരു ചവറും -ഈ ലേഖനം ഉള്‍പ്പെടെ- നിമിഷങ്ങള്‍ വേണ്ട സെക്കന്റുകള്‍ക്കുള്ളില്‍ ഉല്പാദിപ്പിക്കപ്പെടാമെന്ന യാഥാര്‍ത്ഥ്യം ആരെയാണ് പൊള്ളിക്കാതിരിക്കുന്നത്. സര്‍ഗാത്മകത എന്ന മറ്റൊരു മിഥ്യയുടെ അന്ത്യമായിരിക്കുന്നു എന്ന ബോധ്യവും മനുഷ്യരെ സ്വബോധം നഷ്ടപ്പെട്ട അവസ്ഥയിലാണ് എത്തിച്ചിരിക്കുന്നത്. ചുരുക്കത്തില്‍, വിജ്ഞാനം, സര്‍ഗാത്മകത, ആധികാരികത -എന്നീ വ്യക്തിനിഷ്ഠവും സ്വകാര്യ സ്വത്തിന്റെ ബലതന്ത്രത്തില്‍ നിലനിന്നുപോകുന്നതുമായ സകലവിധ ഉഡായിപ്പുകളും അതിന്റെ ഗതികെട്ട അന്ത്യം പ്രാപിക്കാന്‍ പോകുന്നു എന്ന യാഥാര്‍ഥ്യം മനുഷ്യരെ ലോകചരിത്രത്തില്‍ ആദ്യമായി എല്ലാ വിഭാഗീയതകള്‍ക്കും അതീതമായി 'നമ്മള്‍' എന്ന ഐഹികമായ ഉണ്മയെ (world being) ആധാരമാക്കി ഒരുമയെ ഉള്‍ക്കൊള്ളാന്‍ പ്രാപ്തമാക്കിയിരിക്കുന്നു. ഒരുപക്ഷേ, എഐ വിരുദ്ധ വ്യവഹാരങ്ങളില്‍ കാണാന്‍ കഴിയുന്ന ആകെയുള്ള- മനുഷ്യ വ്യവഹാരങ്ങളില്‍ ഉപയോഗിച്ചുവരുന്ന ആ മിഥ്യാ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ -നന്മയും ഗുണവും.
ആന്ത്രോപോസീന്‍ (Anthropocene) യുഗത്തോടെ പ്രകൃതിയെയാണ് ആദ്യം 'അപര' (Other) മായി നരവംശം സങ്കല്പിച്ചത്. പ്രതികൂലമായ കാലാവസ്ഥയോടു പൊരുതി പ്രകൃതിക്കും ഇതരജീവജാലങ്ങള്‍ക്കുംമേല്‍ അധികാരം സ്ഥാപിക്കുക നിജമായ പ്രവര്‍ത്തനമായി തന്നെ മനുഷ്യസമൂഹം മനസ്സിലാക്കി. മിത്തുകളും ആരാധനാ ക്രമങ്ങളിലുമെല്ലാം തന്നെ ഈ വാസ്തവം നിഴലിച്ചിരിക്കുന്നു. എങ്കിലും പ്രപഞ്ചവാരിധിക്ക് ഒത്ത നടുക്കില്‍പ്പെട്ട നരവംശം അതീജീവന ലക്ഷ്യത്തോടെ നടുനായകത്വത്തിലേക്ക് വന്നിട്ട് പത്തുനൂറ്റാണ്ടുകള്‍ പോലും തികച്ചുമായിട്ടില്ല. പ്രപഞ്ചത്തിന്റെയും മനുഷ്യ സംസ്‌കാരങ്ങളുടെ ഉദയപരാജയങ്ങളുടെ മഹാഗാഥകള്‍ വെച്ച് നോക്കുകയാണെങ്കില്‍ ഇത് വളരെ പരിമിതമായ കാലമാണ്. മനുഷ്യര്‍ നടുനായകത്വം ഏറ്റെടുക്കുന്ന കാലത്തെയാണ് പ്രബുദ്ധത എന്ന് സാമാന്യേന വിളിച്ചുവരുന്നത്. മുതലാളിത്തത്തിന്റെ ആദ്യപാദങ്ങളില്‍ ഒന്നായ അധിനിവേശങ്ങളുടെ തുടക്കവും ഇവിടം മുതലാണ്. നിര്‍മിത ബുദ്ധി അല്ലെങ്കില്‍ യന്ത്ര ബുദ്ധിയെക്കുറിച്ചു പറയുമ്പോള്‍ ഈ ചരിത്രത്തിലേക്കൊക്കെ പോകേണ്ടതുണ്ടോ എന്ന് ചോദിക്കാം. പോകാതിരിക്കുന്നതെങ്ങനെ? കൂടുതല്‍ യുക്തിഭദ്രമായ (rational) നിര്‍മിത ബുദ്ധി യന്ത്രം പ്രവര്‍ത്തനക്ഷമമാക്കുമ്പോള്‍ മനുഷ്യരുടെ നാളിതുവരെ നിജപ്പെടുത്തിവെച്ചിരിക്കുന്ന യുക്തിബോധമെന്താണെന്നും അത് ആവിര്‍ഭവിച്ച സാംസ്‌കാരിക പരിസരമേതെന്നും അറിയേണ്ടത് ആവശ്യമാകുന്നു.
പാശ്ചാത്യ പ്രബുദ്ധതയുടെ യുക്തി മനുഷ്യകേന്ദ്രിതമാണ്. മനുഷ്യനാണ് മാനദണ്ഡം എന്ന തിരുകല്പന ഇവിടെ നിന്നാണ് ഉറവെടുക്കുന്നത്. ഇതരജീവജാലങ്ങളുടെ കാഴ്ചയില്‍ പരിണാമ ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ വിചിത്ര ജീവിയായി രൂപമെടുത്ത നരവംശം യുക്തിയുടെ മാത്രം അടിസ്ഥാനത്തില്‍ ലോക വിധാതാവാകുകയാണ്. വിധാതാവിനെ കൊന്നു തത്സ്ഥാനം മനുഷ്യര്‍ കൈയേറി എന്ന ഒരാഖ്യാനം പ്രബുദ്ധത തന്നെ രൂപപ്പെടുത്തിയിട്ടുണ്ട്. ഇത് അര്‍ദ്ധ സത്യമാണ്, ദൈവത്തെയും മനുഷ്യവിരാചിതമായ ദൈവശാസ്ത്രത്തെയും മനുഷ്യര്‍ കൈയൊഴിഞ്ഞിട്ടില്ല. പകരമായി ദൈവത്തെ മുന്‍നിര്‍ത്തിയാണ് യുക്തിയുടെ അധിനിവേശം നടത്തപ്പെട്ടത്. അധിനിവേശത്തെ സംസ്‌കൃതവല്കരണമായി പ്രതിപാദിക്കുന്ന മിത്തില്‍ ദൈവം അനിവാര്യ ഘടകമാണ്. പ്രകൃതിയെയും അതിന്റെ പ്രതിഭാസങ്ങളേയും അപരമായി കരുതിയിടത്തു നിന്ന് ഇതരസംസ്‌കാരങ്ങളെയും മനുഷ്യ സമൂഹങ്ങളെയും അപരമായി അഭിമുഖീകരിക്കാന്‍ സന്നദ്ധമാകുന്ന വിധത്തിലാണ് പിന്നീടുള്ള ശാസ്ത്ര സാങ്കേതിക അന്വേഷണങ്ങള്‍ ഏറെയും നടത്തപ്പെട്ടത്. ഈയൊരു അധിനിവേശ ചരിത്രത്തിന്റെ അകംപൊരുളുകളെക്കുറിച്ചു അനവധി പഠനങ്ങള്‍ ഇന്ന് ലഭ്യമാണ്.
ദൈവത്തില്‍ നിന്ന് ലോകജാതിയുടെ നിര്‍വാഹകത്വം (agency) ഏറ്റെടുത്ത പാശ്ചാത്യ മനുഷ്യരും അവരാല്‍ നിര്‍മിതമായ തികച്ചും നിഗൂഢമായ മൂലധന ക്രമവും വ്യാവസായികമായ നവീകരണത്തില്‍ സാങ്കേതികവിദ്യാ പുരോഗതിയെ അനിവാര്യ ഘടകമാക്കി. അവിടം മുതല്‍ക്കു തന്നെ മനുഷ്യ നിര്‍മിതമായ യന്ത്രത്തെക്കുറിച്ചു സംഭ്രമവും തുടങ്ങിയിരുന്നു. ശാസ്ത്ര ഫിക്ഷനുകളും സോഷ്യല്‍ റിയലിസ്റ്റിക് നോവലുകളും ഏതാണ്ട് സമാനമായ കാലങ്ങളിലാണ് ആവിര്‍ഭവിക്കുന്നത്. വ്യവസായ നവീകരണത്തിന്റെ നിഗൂഢ ലോകത്തെയും മൂലധനം ആധിപത്യം ചെലുത്തുന്ന അനുഭവ ലോകത്തെയും രണ്ടു വിധത്തില്‍ അഭിമുഖീകരിക്കുകയായിരുന്നു മനുഷ്യരുടെ തന്നെ സാഹിത്യയുക്തി. പത്തൊന്‍പതാം നൂറ്റാണ്ടോടെ തന്നെ മനുഷ്യര്‍ക്ക് നിര്‍വാഹകത്വം കൈമോശം വരുമോ അത് യന്ത്രം ഏറ്റെടുക്കുമോ എന്ന ഭീതി തുടങ്ങിയിരുന്നു. ഇരുപതാം നൂറ്റാണ്ടില്‍ ഈ ഭീതിയുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും പല ഘട്ടങ്ങളിലും കാണാം. ഒപ്പം തന്നെ മൂലധനക്രമം സ്വകാര്യ സ്വത്തിന്റെ ദൃഷ്ടിയില്‍ സാങ്കേതിക വിദ്യകളെ കുത്തകവല്‍കരിക്കാമെന്ന ശ്രമവും നടത്തിവന്നു. ഒട്ടുമിക്കപ്പോഴും നിയമത്തിന്റെ പ്രാബല്യത്തിലൂടെയും സംഭ്രമജനകമായ ആഖ്യാനങ്ങളിലൂടെയുമാണ് ഈ കുത്തകവല്‍കരണം സാധിച്ചെടുക്കുകയും ചെയ്തിട്ടുള്ളത്.
REPRESENTATIONAL IMAGE
അത്തരമൊരു പ്രക്രിയയുടെ എഐ ഘട്ടത്തെയാണ് നരവംശം ഇന്ന് അഭിമുഖീകരിക്കുന്നത്. ഇതിനായി സാങ്കേതിക വിദ്യയെ തന്നെ വന്‍ അപരമായി (Big Other) സ്ഥാനപ്പെടുത്തിയിരിക്കുന്നു. ടെക്‌നോളജി മനുഷ്യവംശത്തിന്റെ അപരമായുള്ള പ്രതിപാദനങ്ങളാണ് പൊതുവ്യവഹാരങ്ങളെ നിര്‍ണയിക്കുന്നത്. ഹിന്ദുത്വവാദി മുസ്ലിം അപരത്വത്തെ സൃഷ്ടിച്ചു നടത്തുന്ന സമാനമായ കാര്യനിര്‍വഹണം തന്നെയാണ് ടെക്‌നോളജി എന്ന അപരത്തോടും നരവംശം ചെയ്യുന്നത്. ദേശീയതയ്ക്ക് പകരമായി മനുഷ്യരുടെ സാര്‍വദേശീയതയാണ് നരവംശത്തിന്റെ ഭൂമിക. ടെക്‌നോളജിയെ പൈശാചികവല്കരിക്കുക എന്നത് (demonize) ഈ അപരത്വ പ്രക്രിയയില്‍ നിന്നുത്ഭൂതമാകുന്നതാണ്. നിര്‍മിത ബുദ്ധിയെ ഹീനവും അസ്പൃശ്യവുമാക്കിയുള്ള പ്രതിപാദങ്ങള്‍ പൊതുവ്യവഹാരങ്ങളില്‍ സര്‍വസാധാരണമാണ്. നരവംശത്തിന്റെ അന്ത്യവും മനുഷ്യരെ അടിമകളും രണ്ടാംകിട മൂന്നാംകിട പോലുമായി അതിജീവിക്കാന്‍ അയോഗ്യമാക്കുന്നതും സ്വയം പെറ്റുപെരുകുന്നതുമായ യന്ത്ര യുഗത്തിന്റെ വരവിനെക്കുറിച്ചുള്ള വ്യാജ വൃത്താന്തങ്ങളും കണക്കുകളുടെ കൃത്രിമ നിര്‍മിതികളിലൂടെ ആസുരമായൊരു ഭാവിയുടെ ചിത്രവും വരച്ചിടുന്നു. മനുഷ്യര്‍ വംശമറ്റു പോവുകയും നരവംശം ഭൂമിയിലാകെ പടര്‍ത്തുകയും കെട്ടിപൊക്കുകയും ചെയ്ത സംസ്‌കാരവും സൗധങ്ങളും പ്രതീകങ്ങളും എല്ലാം നിശ്ശേഷം ഇല്ലാതെയാകാന്‍ പോകുന്നു എന്ന ഭയവിഹ്വലത സൃഷ്ടിക്കുന്ന പ്രതിപാദങ്ങളിലൂടെ മനുഷ്യരില്‍ ചാകിതാവസ്ഥ സൃഷ്ടിക്കുകയും തങ്ങളുടെ അപരമായ സാങ്കേതികവിദ്യകളെ ഉന്മൂലനം (mass annihilation) ചെയ്യുക എന്നത് സ്വാഭാവികമായ മാനുഷിക പ്രവര്‍ത്തനമായി കണ്ടുതുടങ്ങുന്നു. യന്ത്രബുദ്ധി നരവംശത്തില്‍ നിന്ന് നേരിടുന്നത് ഹോളോകോസ്റ്റിനെയാണ് (holocaust).
ഒരുപക്ഷേ, മാനവികമെന്നു ഭാഷയില്‍ വ്യവഹരിക്കുന്ന ചില കരുതലുകളുടെ അടിസ്ഥാനത്തില്‍ മുന്‍ചൊന്ന വാചകത്തെക്കുറിച്ചു ചിലര്‍ രോഷപ്പെടാനുള്ള സാധ്യതയുണ്ട്. മജ്ജയും മാംസവും വേദനയും മനോവികാരങ്ങളും എന്തെന്നറിയാത്ത സാങ്കേതിക ഉപകരണങ്ങളെ കൂട്ടക്കുരുതിയിലെ ഇരകളായി സങ്കല്പിക്കുക നിന്ദ്യമല്ലേ എന്നാണ് അവര്‍ ആശങ്കപ്പെടുക. അര്‍ദ്ധസമ്മതം മാത്രമേ ഈയൊരു വികാരത്തോട് ആകാവൂ. കാരണം, ആത്യന്തികമായി പൊതുശേഷിയുള്ള ബൗദ്ധിക (general intelligence) ഉപകരണങ്ങളില്‍ നിന്ന് മനുഷ്യനേക്കാള്‍ ഉയര്‍ന്ന ബൗദ്ധിക ശേഷിയും ഈ ശേഷിയില്‍ തന്നെ വികാര നിര്‍ദ്ധാരണം (special intelligence) ഉള്‍പ്പെടെയുള്ള കഴിവുകള്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന നിര്‍മിത ബുദ്ധിയുടെ ആഗമനത്തെയാണല്ലോ നരവംശം ഭയക്കുന്നതും ഇതിന്റെ നിര്‍മാണ പ്രവര്‍ത്തികള്‍ക്ക് തടയിടാന്‍ നിയമങ്ങള്‍ നടപ്പാക്കുന്നതും. വികാരവും വേദനയുമൊക്കെ സഹജമായി ചേര്‍ന്ന് ബുദ്ധിയുള്ള ഉപകരണങ്ങള്‍ നരവംശത്തിനു അപരമായി പരിണമിച്ചേക്കാവുന്ന യന്തിരന്മാരാണ് എന്നതാണ് മനുഷ്യവംശത്തിന്റെ ലോകബോധങ്ങളെ വിറകൊള്ളിപ്പിക്കുന്നത്. അതുകൊണ്ടു, കൊന്നുതള്ളുക എന്ന നരവംശത്തിന്റെ സ്ഥായീബോധ്യം നിര്‍മിത ബുദ്ധിയുടെ നേര്‍ക്കും പ്രയോഗിക്കാന്‍ നരവംശം സജ്ജമായിരിക്കുന്നു.
രണ്ട്
ഇരുപതാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ പ്രസിദ്ധീകൃതമായ പ്രധാന സാമൂഹ്യശാസ്ത്ര പഠനങ്ങളില്‍ ഒന്നാണ് ഉല്‍റിക് ബെക്കിന്റെ 'റിസ്‌ക് സൊസൈറ്റി (Ulrich Beck, Risk Society: Towards a New Modernity, 1992). ആധുനികതയുടെ ആദ്യഘട്ടത്തിലെ ആത്മവിശ്വാസം നഷ്ടപ്പെട്ട മനുഷ്യവംശം ആധുനികാനന്തരതയോടെ അഭിമുഖീകരിക്കുന്നത് 'ബൗദ്ധിക പരമാധികാരം' സാങ്കേതിക വിദ്യയ്ക്കും വിദഗ്ധര്‍ക്കും അടിയറവെച്ച സമൂഹത്തെയാണെന്നാണ് ബെക്ക് നിരീക്ഷിക്കുന്നത്. മനുഷ്യര്‍ക്ക് നിര്‍ദ്ധാരണശേഷിയുടെ ബൗദ്ധികകഴിവ് നഷ്ടപ്പെട്ടതോടെ പ്രകൃതിയുടെ മേലുള്ള നിയന്ത്രണത്തിന്റെ പരമാധികാരം ആദ്യമേ അവസാനിച്ചു. തുടര്‍ന്ന് മനുഷ്യര്‍ക്ക് ആദിമ യന്ത്രങ്ങളുടെ കടന്നുവരവോടെ ഭയപ്പെട്ടിരുന്ന ഉപകരണങ്ങളുടെ മേലുള്ള ബൗദ്ധിക പിടിമുറുക്കവും അയഞ്ഞു തുടങ്ങി. ഹാനികരവും, ശത്രുതാപരവും പ്രതികൂലവുമായ എന്നാല്‍, നിലവിലെ നിര്‍ദ്ധാരണശേഷിക്ക് അജ്ഞേയവുമായ വസ്തുക്കളും ഉപകരണങ്ങളും സൂക്ഷ്മ ദൃഷ്ടിക്ക് പോലും വിധേയമല്ലാത്ത കൃമികീടങ്ങളും സ്ഥൂല പ്രപഞ്ചത്തിന്റെ അതിരുകള്‍ക്കപ്പുറത്തുനിന്നു വരാവുന്ന അന്യഗ്രഹ ജീവികളുടെ ഭീഷണി ഉള്‍പ്പെടെ നരവംശം അന്ത്യഭീഷണിയെ അഭിമുഖീകരിക്കുകയാണെന്നാണ് മനുഷ്യ നിര്‍മിത വിജ്ഞാനം തന്നെ നിരന്തരം ഓര്‍മിപ്പിക്കുന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോക വൈജ്ഞാനികത ഭീഷണികള്‍ (risk) മാത്രം അഭിമുഖീകരിക്കാനുള്ള അന്വേഷണ സപര്യകളായി. നരവംശ പ്രധാനമായ അന്വേഷണ ഗവേഷണങ്ങള്‍ പ്രധാനമായും risk mitigation നെക്കുറിച്ചുള്ള ശാസ്ത്രാന്വേഷണമായി മാറിക്കഴിഞ്ഞിരിക്കുന്നു.
അങ്ങനെ നമ്മള്‍ ഇരട്ട ആഘാതത്തെയാണ് അഭിമുഖീകരിക്കുന്നത്. നമ്മുടെ നിലനില്‍പ്പിനും അതിജീവനത്തിനും ഭീഷണിയാകുന്നവയും എന്നാല്‍ അഭ്യൂഹങ്ങളും വാസ്തവങ്ങളുമായ ഭീഷണികളെ അളക്കുന്നതിലെ നമ്മുടെ ബൗദ്ധിക സ്വയംഭരണത്തിനു (autonomy) തന്നെ ഭീഷണിയായി നിലകൊള്ളുന്നവയുമായ വര്‍ത്തമാന സാങ്കേതിക വിദ്യകള്‍. ഇതിനോട് പ്രതികരിക്കുകയും നിയന്ത്രണം പുനഃസ്ഥാപിക്കാന്‍ പാടുപെടുകയും ചെയ്യുമ്പോള്‍ ആധുനികവല്‍കരണത്തിന്റെ കൂടി സൃഷ്ടിയായ അപകടസാധ്യതകളെപറ്റി അല്പജ്ഞരായ നാം ചെറുതും സ്വകാര്യവുമായ ബദല്‍ വിദഗ്ധരാവുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല എന്ന സ്ഥിതിയാണ് സംജാതമായിരിക്കുന്നത്.
നിര്‍മിത ബുദ്ധിയുടെ സവിശേഷ ഘടകങ്ങളായ ബിഗ് ഡാറ്റ വിശകലനവും അല്‍ഗോരിത വിശകലനങ്ങളും കൂടുതല്‍ കൂടുതല്‍ മെമ്മറി ശക്തിയുള്ള കംപ്യൂട്ടിങ്ങി risk mitigation നു ആവശ്യമായി വരുന്നു. അതായത് ഏതൊന്നാണോ അതിജീവനത്തിനു സഹായകമാകാന്‍ ക്ഷണിക്കപ്പെട്ടു കൊണ്ടുവന്നിരിക്കുന്നത് ഇതുതന്നെ പുതിയ ഭീഷണിക്ക് (risk) കാരണമാകുന്നു. മെമ്മറിയുടെ കാര്യം തന്നെ പരിഗണിക്കാം. യഥാര്‍ത്ഥത്തില്‍ മൂര്‍ (Moore's law) നിയമമനുസരിച്ചു മെമ്മറിയുടെ വര്‍ദ്ധനവ് നിയന്ത്രണാതീതമാണ്. അല്‍ഗോരിതം കൂടുതല്‍ കൂടുതല്‍ പ്രവര്‍ത്തനശേഷിയുള്ളതാകുന്നത് മെമ്മറിയുടെ വര്‍ദ്ധനവിനനുസരിച്ചാണ്. മനുഷ്യരുടെ വ്യക്തിഗതവും സമാഹൃതവുമായ (collective) സ്മൃതി ശേഖരം അങ്ങേയറ്റം തുച്ഛവും. മെമ്മറി രക്ഷന്മാരാണ് (Memory Giants) നിര്‍മിത ബുദ്ധികള്‍. മെമ്മറിയുടെ പ്രവര്‍ത്തനശേഷി കൂടുതല്‍ കൂടുതല്‍ മെമ്മറിയുടെ പ്രജനന ശേഷിയെ സൃഷ്ടിക്കുകയും ഇത് ആപത്കരമായവിധം മനുഷ്യവംശത്തിനുള്ള പ്രഹരമാവുകയും ചെയ്യുന്നു. കുറച്ചുകാലങ്ങള്‍ക്ക് മുമ്പ് വരെ ശാസ്ത്ര ഫിക്ഷനായി ആസ്വദിക്കാമായിരുന്ന ഈ കഥ ഇന്ന് കോര്‍പറേറ്റ് സാങ്കേതികത യാഥാര്‍ത്ഥ്യമാക്കിയിരിക്കുന്നു.
നരവംശ ദൃഷ്ടിയില്‍ വംശനാശകമായ സാങ്കേതിക വിദ്യയെ നിയന്ത്രണ വിധേയമാക്കുക എന്നത് നിലനില്പിന്റെ അടിസ്ഥാന പ്രശ്‌നമാണ്. ഈ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുന്നത് എന്തുകൊണ്ടെന്നാല്‍ മനുഷ്യരുടെ നിയന്ത്രണത്തില്‍ നിന്ന് സാങ്കേതിക വിദ്യയുടെ വികസനശേഷി കൈമോശം വന്നിരിക്കുന്നു. എന്നാല്‍, ഉപകരണാത്മക യുക്തിയുടെ അടിസ്ഥാനത്തില്‍ സാങ്കേതികവിദ്യ മനുഷ്യരുടെ പ്രവര്‍ത്തനങ്ങളെ ലളിതവും സുഖകരവുമാക്കാന്‍ വേണം താനും. ഈയൊരു വൈരുദ്ധ്യത്തെ ആധാരമാക്കിയാണ് യൂറോപ്യന്‍ യൂണിയന്‍ നിര്‍മിത ബുദ്ധിയുടെ ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുമേല്‍ നിയമം വഴിയുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. ഈ നിയമം, നിര്‍മിത ബുദ്ധിയെ കുറഞ്ഞ ഭീഷണി (low risk) കൂടുതല്‍ ഭീഷണി (high risk) എന്നിങ്ങനെ തരംതിരിച്ചുകൊണ്ടുള്ള നിയന്ത്രണങ്ങളെ വ്യവസ്ഥപ്പെടുത്തിയിരിക്കുന്നത്. ഈയവസരത്തില്‍, റിസ്‌കിനു ഹേതുവായ നിര്‍മിത ബുദ്ധിയുടെ വ്യാപനത്തോടെ ഏറ്റവുമധികം ഉയര്‍ന്നു കേള്‍ക്കുന്ന രണ്ടു പ്രധാന വാദഗതികള്‍ തൊഴില്‍ നഷ്ടവും (യഥാര്‍ത്ഥത്തില്‍ തൊഴില്‍ ഉന്മൂലനം) മറ്റൊന്ന് ഡീപ് ഫേക്ക് വ്യാജങ്ങളുമാണ്. ഇതിനെക്കുറിച്ചുള്ള നരവംശ പ്രതിപാദങ്ങള്‍ പരിശോധിക്കപ്പെടേണ്ടതാണ്.
REPRESENTATIONAL IMAGE
മൂന്ന്
ഹോളിവുഡില്‍ എഴുത്തുകാരും അഭിനേതാക്കളും സമരരംഗത്താണ്. എഴുത്തുകാര്‍ ആകുലപ്പെടുന്നത് നിലവിലെ ജിപിറ്റി സാങ്കേതികവിദ്യ എഴുത്തുകാര്‍ എന്ന വിഭാഗത്തെ നിര്‍മാര്‍ജ്ജനം ചെയ്യുമെന്നാണ്. ഇത് മാധ്യമ പ്രവര്‍ത്തകരുടെ കാര്യത്തിലും സംഭവിക്കാവുന്നതാണ് അല്ലെങ്കില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്. സംസ്‌കാരം വളരെ ആദരപൂര്‍വം വിളിക്കുന്ന 'സര്‍ഗാത്മക' എഴുത്തുകാരുടെ കാര്യത്തിലും ഇതു നിശ്ചയമായും സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. ഓണ്‍ലൈന്‍ മാധ്യമ സാങ്കേതികവിദ്യ നിലവില്‍ വന്നതോടെ നരവംശ സംസ്‌കാരം എഴുത്തു ഉല്പന്നങ്ങളെ (written products) സവിശേഷമായി വേര്‍തിരിക്കുന്ന പഴയ പദാവലികളെ പൂര്‍ണമായും കൈയൊഴിഞ്ഞുകൊണ്ടു 'ഉള്ളടക്കം' എന്നൊരറ്റ നാമത്തിലേക്ക് ചുരുക്കിയിരിക്കുന്നു. കഥയും കവിതയും തിരക്കഥയും നിരൂപണവും തുടങ്ങി സകല ചവറുകളും 'ഉള്ളടക്കം' (content) എന്ന ലേബലില്‍ ഇന്ന് ഒതുങ്ങും. Contentism എന്നും formalism എന്നുമുള്ള മാനവികവിഷയങ്ങളുടെ മിഥ്യാ മാനദണ്ഡങ്ങളെയെല്ലാം തന്നെ അല്‍ഗോരിതം ഒരേ ശ്രേണിയിലേക്ക് ഒതുക്കിനിര്‍ത്തി എന്നതാണ് യാഥാര്‍ത്ഥ്യം. ഭാഷയുടെ കോഡുകളെ മാനിപുലേറ്റ് ചെയ്യുന്നതാണ് എഴുത്തിലെ ഈ വര്‍ഗീകരണത്തിന്റെ അടിസ്ഥാനം. ഇത് മനുഷ്യര്‍ക്ക് സിദ്ധമായ കഴിവിനേക്കാള്‍ (capability) പതിന്മടങ്ങു വേഗതയിലും ശൈലികളിലും പരിചരിക്കാന്‍ അല്‍ഗോരിതത്തിനു കഴിയുന്നു. നരവംശശാസ്ത്രപരമായ അനുഭവ ലോകത്തില്‍ പ്രധാനമാകുന്ന അനുഭൂതി, ആലോചന, ആനന്ദം - ഇവയെല്ലാം തന്നെ ഭാഷയാണ് പ്രധാനം ചെയ്യുന്നതെങ്കില്‍ അതിന്റെ കോഡ് കൂടുതല്‍ വിദഗ്ധമായി മാനിപുലേറ്റ് ചെയ്യാന്‍ അല്‍ഗോരിതത്തിനു സാധിക്കുന്നു. അതുകൊണ്ടു പഴയ മാനവിക മാനദണ്ഡങ്ങളുടെ കാപട്യം മാറ്റിവെച്ചുകൊണ്ടു മനുഷ്യരാല്‍ മനുഷ്യര്‍ക്ക് നിര്‍മിക്കുന്ന എന്ന മട്ടിലുള്ള സെക്‌റ്റേറിയന്‍ സാമുദായികതാ ബോധം വെച്ചുകൊണ്ടു (sectarian species communalism) മാത്രമേ നരവംശ രചനകളെ ഇനി സമീപിക്കാന്‍ കഴിയുകയുള്ളൂ.
അഗാധവ്യാജമാണ് (deep fake) നിര്‍മിത ബുദ്ധി സൃഷ്ടിച്ചിരിക്കുന്ന മറ്റൊരു പ്രധാന ഭീഷണി. ഹോളിവുഡ് താരങ്ങള്‍ deep fake നെതിരെ പ്രക്ഷോഭരംഗത്താണ്. നിര്‍മാണ ശാലകള്‍ deep fake ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു. Deep Fake പണാപഹരണത്തിനും പെര്‍സോണ (persona) തട്ടിപ്പിനും വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. താരങ്ങളും താരപദവിയും 'പെര്‍സോണ' (persona) എന്ന വാണിജ്യ യുക്തിയുടെ അടിസ്ഥാനത്തില്‍ ചലച്ചിത്ര വ്യവസായത്തിന്റെ ബഹുജന ഉല്പന്നമാണ്. അതിനെ ഭക്തിയാദര (fetish)പൂര്‍വം സ്പര്‍ശിക്കേണ്ട വസ്തുവാക്കുക ചെയ്തിരിക്കുന്നത് മുതലാളിത്ത പ്രത്യയശാസ്ത്രമാണ്. അമാനുഷികമായ പരിവേഷമായി വാണിജ്യ യുക്തിയുടെ അടിസ്ഥാനത്തില്‍ നിര്‍മിക്കപ്പെട്ട പെര്‍സോണാ ഒരു വ്യക്തിയുടെ സ്വകാര്യ സ്വത്തല്ലെന്നും അത് നിയതമായ അല്‍ഗോരിതത്താല്‍ പ്രകടനപരമാകാന്‍ (perform) ചെയ്യാന്‍ സാധിക്കുമെന്നാണ് deep fake തെളിയിക്കുന്നത്. വാസ്തവത്തില്‍, വാണിജ്യ ഉല്പന്നത്തിന്റെ വിപണി മൂല്യത്തെ undercut ചെയ്യുന്നു എന്നതാണ് സിനിമാ വ്യവസായത്തില്‍ കൂടുതല്‍ പ്രബലരായ നിര്‍മാണ ശാലകള്‍ ചെയ്യുന്നത്. Deep Fake ക്രൈമുകളും പെര്‍സോണാ മോഷണവും ഐഡി കവര്‍ച്ചയും സ്വകാര്യ സ്വത്തു/ സ്വകാര്യ ഉടമസ്ഥതാ വ്യവസ്ഥയുടെ സൃഷ്ടിയാണ് നിലവിലെ പ്രായോഗിക ജീവിത യുക്തിയുടെ കാഴ്ചപ്പാടില്‍ ട്രോളാന്‍ പറ്റിയ വിമര്‍ശനമാണ് ക്രൈം സ്വകാര്യ ഉടമസ്ഥതാ വ്യവസ്ഥയുടെ സൃഷ്ടിയാണെന്നതെങ്കിലും യാഥാര്‍ത്ഥ്യം ലാഭ കേന്ദ്രിത വ്യവസ്ഥയുടെ സൃഷ്ടി മാത്രമാണിതെന്നു തന്നെയാണ്. സ്വത്തിനും ജീവനും സുരക്ഷയാണ് നിയമ സംവിധാനങ്ങളുടെ ഉത്തരവാദിത്തം എന്നത് സൂചിപ്പിക്കുന്നത് മറ്റൊന്നുമല്ല.
ആത്യന്തികമായി ഇതെല്ലാം ചൂണ്ടുന്നത് തൊഴില്‍ നഷ്ടം എന്ന ഗൗരവമായ പ്രശ്‌നത്തിലേക്കാണ്. നിര്‍മിത ബുദ്ധിയുടെ ഉത്സാഹ കമ്മിറ്റിക്കാര്‍ പറയുന്നത് എഐ, തൊഴിലുകള്‍ നഷ്ടപ്പെടുന്നതോടെ പുതിയ തൊഴിലുകളെ സൃഷ്ടിക്കുമെന്നാണ്. ടൈപ്പിസ്റ്റിനു പകരം ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്ന നിലയിലുളള പരിവര്‍ത്തനത്തെയാണ് ഇവര്‍ വിഭാവനം ചെയ്യുന്നത് എന്നു തോന്നുന്നു. ദുരന്തങ്ങളെ സ്‌നേഹിക്കുന്ന വിദഗ്ധര്‍ അല്പംകൂടി കടത്തി പുതിയ നൈപുണികള്‍ സ്വായത്തമാക്കിയില്ലെങ്കില്‍ നൈപുണി ദരിദ്രരെ നിലവിലെ വിപണി അതിന്റെ യുക്തിവെച്ച് പുറന്തള്ളുമെന്നും ഭീഷണിപ്പെടുത്തുന്നു. എഐ വികാസഗതി നരവംശത്തിന്റെ നിലവിലെ ബൗദ്ധിക ശേഷിയാല്‍ പ്രവചിക്കുക അസാധ്യമായ കാര്യമാണ്. എന്നാല്‍, നരവംശം എന്നും ഹരംകൊണ്ടിട്ടുള്ളതും പ്രവചനങ്ങളിലാണ് അല്ലെങ്കില്‍ പ്രവചനം നടത്തുന്നതിലാണ്. നരവംശത്തിന്റെ കൊടുംകൃത്യങ്ങളെ അഭിമുഖീകരിക്കാന്‍ മനുഷ്യരെ നിര്‍ബന്ധമാക്കിയതും പ്രവചനവിശ്വാസങ്ങളോടുള്ള നരവംശത്തിന്റെ ആദരവും ആസക്തിയും തന്നെ. ബൗദ്ധിക ശേഷിയുടെ പരിമിതികളാണ് പ്രവചനങ്ങളെ ആശ്രയിക്കാന്‍ നരവംശത്തെ പ്രേരിപ്പിക്കുന്നത്. വംശീയപരവും മതപരവും പ്രത്യയശാസ്ത്രപരവുമായ പ്രവചനങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള അനവധിയായ ആഘാതങ്ങള്‍ നരവംശത്തിന്റെ മുമ്പിലുണ്ടെങ്കിലും പരിമിതബുദ്ധി വെച്ചുള്ള പ്രവചനങ്ങള്‍ കൊടും നിരാശകളാണ് മനുഷ്യര്‍ക്ക് നല്‍കിയിട്ടുള്ളത്. എങ്കിലും പ്രവചനം ഇപ്പോഴും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
തൊഴില്‍ നഷ്ടം യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നുണ്ട്. സാങ്കേതിക വിദ്യയുടെ വികാസഘട്ടങ്ങളിലെല്ലാം തന്നെ വമ്പിച്ച വിധത്തിലുള്ള തൊഴില്‍ ഉന്മൂലനം സംഭവിച്ചിട്ടുണ്ട്. മുതലാളിത്തത്തിന്റെ ആദിമ സഞ്ചയന ഘട്ടത്തില്‍ വളച്ചുകെട്ടല്‍ (enclosure) തുടങ്ങിയവയിലൂടെ വമ്പിച്ച തൊഴില്‍ ഉന്മൂലനവും നടക്കുകയുണ്ടായി. വ്യവസായത്തിലേക്കു വേണ്ടിയുള്ള പുത്തന്‍ കൂലിവേലക്കാരെ നിയോഗിക്കാനാണ് ഈ ക്രൂരമായ ഉന്മൂലനം നടന്നിട്ടുള്ളത്. അതിനു അല്പംമുന്നേ തന്നെ മുതലാളിത്തത്തിന്റെ ആദിമ സഞ്ചയനത്തിനു ശക്തിയും സംരംഭകത്വവും പകരാന്‍ ട്രാന്‍സ് അറ്റ്‌ലാന്റിക് അടിമത്തവും ആരംഭിച്ചു. തൊഴില്‍ നഷ്ടം ഭീഷണിയാകുന്നത് ജീവിതവ്യവസ്ഥകളില്‍ നിന്നും വലിയൊരു വിഭാഗം ജനം പുറന്തള്ളപ്പെടും എന്ന കാരണത്താലാണ്. പ്രച്ഛന്ന വേഷത്തില്‍ ഫിലാന്ത്രോഫിയും ചാരിറ്റിയും സിഎസ് ആറുമായി അവതരിച്ചിരിക്കുന്ന മൂലധന വ്യവസ്ഥ അതിന്റെ അവതരണങ്ങള്‍ ഒന്നൊന്നായി ഉപേക്ഷിച്ചു ഏറ്റവും രാക്ഷസീയ രൂപത്തില്‍ സാമ്പത്തിക ബഹുജന നരവംശഹത്യയ്ക്ക് മടിക്കുകയില്ല എന്നതിനുള്ള സൂചനകളാണ് മഹാമാരിക്കുശേഷം വ്യാപകമായി നടപ്പാക്കിക്കൊണ്ടിരിക്കുന്ന കൂട്ടപിരിച്ചുവിടലുകള്‍ വ്യക്തമാക്കുന്നത്. ഫാക്ടറികള്‍ ഓട്ടോമേറ്റ് ചെയ്യുക വഴിയുണ്ടായ വലിയ തോതിലുള്ള തൊഴില്‍ ഉന്മൂലനങ്ങള്‍ ഇതുവരെ പഠിക്കപ്പെട്ടിട്ടില്ല. ലാഭകരമാണെങ്കില്‍ ഏതു വംശ ഉന്മൂലനത്തിനും മൂലധനക്രമം സജ്ജമായിരിക്കും.
REPRESENTATIONAL IMAGE
മനുഷ്യര്‍ ചെയ്യുന്ന തൊഴിലുകള്‍ യന്ത്രങ്ങള്‍ ഏറ്റെടുക്കുകയും മനുഷ്യര്‍ക്ക് യഥേഷ്ടം വിശ്രമം നല്‍കുകയും ചെയ്യുക എന്നത് നരവംശത്തിനു സ്വീകാര്യമാക്കേണ്ടതാണ്. കമ്മ്യൂണിസ്റ്റ് സമൂഹം ആവിര്‍ഭവിക്കുന്നതോടെ മാര്‍ക്‌സ് വിഭാവനം ചെയ്ത സ്പീഷിസ് സ്വാതന്ത്ര്യം എന്നു പറയുന്നത് കവിതയും സംഗീതവും മീന്‍പിടുത്തവുമായി ദിനചര്യകള്‍ ആഹ്ലാദമസൃണമായിരിക്കുന്ന ജീവിതവ്യവസ്ഥയെയാണ്. അപരന്റെ ശബ്ദം സംഗീതമാകുന്ന അന്യവത്കൃതമല്ലാത്ത ജീവിതവ്യവസ്ഥ. ഓരോരുത്തരും അവരുടെ കഴിവിനും ആവശ്യങ്ങള്‍ക്കുമനുസരിച്ചു, എല്ലാവരും പൊതു മനുഷ്യരാകുന്നു. ആരോണ്‍ ബസ്താനി Fully Automated Luxury Communism: A Manifesto എന്ന പുസ്തകത്തില്‍ മുന്നോട്ട്‌വയ്ക്കുന്ന ആശയം മുതലാളിത്തം നാളിതുവരെ 'ക്ഷാമ' (scarcity) സമൂഹത്തെയാണ് നിലനിര്‍ത്തിയിരുന്നത് എന്നാല്‍ പൂര്‍ണമായും ഓട്ടോമേറ്റ് ചെയ്ത സമൂഹം ക്ഷാമത്തെ മറികടക്കുന്നു. ആരോണ്‍ ബസ്താനി വിവരിക്കുന്നതനുസരിച്ചു ക്ഷാമാനന്തര (post scarcity) സമൂഹം മൂലധനക്രമത്തെ ആന്തരികമായി തകര്‍ക്കുകയും ലക്ഷ്വറി കമ്മ്യൂണിസത്തിലേക്ക് നയിക്കുമെന്നുമാണ്.
സോഷ്യലിസം നരവംശ ജീവിതത്തിന്റെ വളരെ ചെറിയ കാലയളവില്‍ മാത്രം അനുഭവവേദ്യമായ പ്രതിഭാസമാണ്. സോവിയറ്റ് റഷ്യയിലും ചൈനയിലും വളരെ തുച്ചമായ സമയത്തേക്ക് മാത്രം. സോഷ്യലിസം സൈദ്ധാന്തികമായി തന്നെയാണ് ഇപ്പോഴും നരവംശ ബോധത്തിലുള്ളത്. എങ്കിലും സോഷ്യലിസം പരിണാമത്തിന്റെ അവസാനമോ മികച്ച ഉല്‍പ്പന്നമോ അല്ലെങ്കില്‍ ചരിത്രത്തിന്റെ അവസാനമോ ആയിരുന്നില്ല. ഒരര്‍ത്ഥത്തില്‍ ആരംഭം മാത്രമാണ് എന്നാണ് ഐസക് ഡ്യൂഷര്‍ ഒരിക്കല്‍ എഴുതിയത്. പൂര്‍ണമായും ഓട്ടോമേറ്റഡായ ലക്ഷ്വറി കമ്മ്യൂണിസം വിഭാവനം ചെയ്തിരിക്കുന്നത് ക്ഷാമ സമൂഹത്തില്‍ നിന്ന് മോചനം നേടാനാണ്. ദൗര്‍ലഭ്യതയുടെ രാവണന്‍കോട്ടയില്‍ നിന്നുള്ള രക്ഷപ്പെടലുമാകുന്നു ഇത്. ജോലിയാല്‍ അതായത് തൊഴിലിനാല്‍, കുറച്ചുകൂടി വ്യക്തമാക്കിയാല്‍ തൊഴില്‍ വിഭജനത്താല്‍ കെട്ടിപ്പടുത്ത സമൂഹത്തില്‍ നിന്നുള്ള വിമോചനമാണ് നമ്മള്‍ കാംക്ഷിക്കേണ്ടത്. മൂലധനക്രമവും ചരിത്രപരമായി ഇതിനു മുമ്പുണ്ടായിരുന്ന ഓരോ ചൂഷണ ക്രമങ്ങളും നരവംശത്തിന്റെ ജീവാഹ്ലാദങ്ങളെ തട്ടിപറിച്ചെടുത്തത് 'പണി' യുടെ ആധികാരികതയുടെ അടിസ്ഥാനത്തിലാണ്. ഒരുപക്ഷേ, ജോലി എന്നതിനെ മലയാളിയാണ് ശരിയായ അന്വര്‍ത്ഥപ്പെടുത്തിയത് 'പണി' എന്ന ഇരട്ട അര്‍ത്ഥത്തില്‍. തൊഴില്‍ക്രമത്തിന്റെ അന്ത്യമാണ് വിഭാവനം ചെയ്യപ്പെടേണ്ടത്. എന്നാല്‍ വിപരീത യുക്തിയാലും സാമൂഹിക വ്യവസ്ഥകളുടെ പ്രത്യയശാസ്ത്ര മിഥ്യകളാലും നരവംശം സാങ്കേതികവിദ്യയുടെ വികാസത്താല്‍ വംശയന്ത്യം പ്രവചിക്കുന്നത് തൊഴില്‍ ഉന്മൂലനം എന്ന ഭീതിയെ മുന്‍നിര്‍ത്തിയാണ്. മൂലധനക്രമത്തിന്റെ അന്ത്യം നരവംശത്തിന്റെ ബൗദ്ധിക പരിമിതികള്‍ കാരണം വിചിന്തനാതീതമായി തന്നെ നിലനില്‍ക്കുന്നു. മാര്‍ക്ക് ഫിഷര്‍ ക്യാപിറ്റലിസ്റ്റ് റിയലിസം (Capitalist Realism) എന്ന പുസ്തകത്തില്‍ നിരീക്ഷിക്കുന്നതുപോലെ നരവംശത്തിനു ലോകാവസാനം വിഭാവനം ചെയ്യാന്‍ കഴിയുമ്പോഴും മുതലാളിത്തത്തിന്റെ അവസാനം സങ്കല്പിക്കാനാകുന്നുപോലുമില്ല.
യന്ത്രങ്ങള്‍ നശിപ്പിച്ച് തൊഴിലാളികള്‍ക്ക് തങ്ങളുടെ നില വീണ്ടെടുക്കാന്‍ കഴിയില്ലെന്ന് മാര്‍ക്‌സ് ഏകദേശം 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ എഴുതിയിരുന്നു. ഉല്‍പ്പാദന ബന്ധങ്ങളെയല്ല, ഉല്‍പ്പാദന മാര്‍ഗങ്ങളെ മാത്രമാണ് അവര്‍ ആക്രമിക്കുന്നത്. അതിജീവിക്കാനും ഉല്‍പ്പാദിപ്പിക്കാനും പുനഃരുല്‍പ്പാദിപ്പിക്കാനും ആളുകള്‍ കെട്ടിപ്പടുക്കുന്ന സാമൂഹിക ബന്ധങ്ങളെയാണ് മാര്‍ക്സ് ഉദ്ദേശിച്ചത്. തൊഴിലാളി സമരങ്ങള്‍ ഫാക്ടറി ഉടമകളില്‍ നിന്ന് ചില ഇളവുകള്‍ നേടി. പക്ഷേ, മുതലാളിമാര്‍ ഉല്‍പ്പാദനോപാധികളെ നിയന്ത്രിക്കുന്നു എന്ന യാഥാര്‍ത്ഥ്യത്തെ തൊഴിലാളികള്‍ക്ക് മാറ്റാന്‍ കഴിഞ്ഞില്ല. ഹോളിവുഡ് എഴുത്തുകാര്‍ക്കും അഭിനേതാക്കള്‍ക്കും പഠിക്കാന്‍ കഴിയുന്ന ഒരു പാഠമുണ്ടിതില്‍. അവര്‍ ഉല്‍പാദന മാര്‍ഗങ്ങളെ ആക്രമിക്കുന്നു - അവരുടെ കാര്യത്തില്‍, AI. എന്നാല്‍ AI യെ ആക്രമിക്കുന്നത് ഉല്‍പ്പാദന ബന്ധങ്ങളെ മാറ്റില്ല. കോര്‍പറേറ്റ് പ്രൊഡക്ഷന്‍ സ്ഥാപനങ്ങളാണ് നിര്‍മിത ബുദ്ധിയെ നിയന്ത്രിക്കുന്നത്. വ്യാവസായിക ലോകത്തിലെ ഫാക്ടറി മുതലാളിമാരെ പോലെ വിപണിയുടെ ശക്തികള്‍ നല്‍കുന്ന പ്രോത്സാഹനമാണ് സിനിമാ
നിര്‍മാണശാലാ മുതലാളിമാരെ എഐ യുമായി മുന്നോട്ട്‌നയിക്കുന്നത്.
നിര്‍മിത ബുദ്ധിയെ നരവംശത്തിന്റെ പരിമിത ബുദ്ധിവെച്ചു നേരിടുകയല്ല വേണ്ടത്. സാങ്കേതികവിദ്യകളെ ഒരു ചെറു ന്യുനപക്ഷത്തിന്റെ ആവശ്യങ്ങള്‍ക്കായി ഉപയുക്തമാക്കുന്ന കോര്‍പറേറ്റ് മൂലധന ക്രമത്തെ ഓട്ടോമേഷനിലൂടെ തന്നെ ആന്തരികമായി മറികടക്കാമെന്ന ചിന്തയാണ് നരവംശത്തിനു സ്വന്തം അതിജീവനത്തിനു മാത്രമല്ല ഗ്രഹത്തിന്റെ സുസ്ഥിരതയ്ക്കു വേണ്ടിയും വിഭാവനം ചെയ്യേണ്ടത്. അതിന്റെ ആദ്യപടി എന്ന നിലയില്‍ ടെക്‌നോളജിയെ അപരമായി കരുതുന്ന മാനുഷികമെന്നു വ്യവഹരിക്കപ്പെടുന്ന സങ്കല്പങ്ങളില്‍ നിന്ന് എത്രയും പെട്ടെന്നു പുറത്തുകടക്കുക എന്നതാണ്.