TMJ
searchnav-menu
post-thumbnail

Technotopia

നിര്‍മ്മിതബുദ്ധി; ചതിക്കാത്ത ചന്തുവും ചതിക്കുന്ന ചന്തുവും

26 Jul 2023   |   6 min Read
എതിരന്‍ കതിരവന്‍

റൈറ്റ് സഹോദരര്‍ വിമാനം കണ്ടുപിടിച്ചപ്പോള്‍ അമേരിക്കയിലെ യുദ്ധമേധാവികള്‍ പ്രത്യേകിച്ചും പെന്റഗണിലുള്ളവര്‍ ആ വാഹനം കൊണ്ട് ബോംബ് ഇട്ട് ഒരുപാടുപേരെ എളുപ്പം കൊല്ലാമല്ലോ എന്നാണ് ആലോചിച്ചത്. അവര്‍ റൈറ്റ് സഹോദരരെക്കൊണ്ട് ചില ഉടമ്പടികളില്‍ ഒപ്പിടുവിച്ച് വാങ്ങിച്ച് യുദ്ധവിമാനങ്ങളുണ്ടാക്കാന്‍ ഒരുമ്പെടു. അണുഭേദനം (Atomic fission) സാധ്യമാകുമെന്ന് അറിഞ്ഞപ്പോള്‍ അതില്‍നിന്നുളവാകുന്ന അപരിമേയമായ ഊര്‍ജ്ജം ബോംബുകളില്‍ ഉള്‍ക്കൊള്ളിച്ച് കൂടുതല്‍പേരെ ഇല്ലാതാക്കാമെന്ന ആലോചനയാണ് ആദ്യം ഉണ്ടായത്. വിമാനസൗകര്യവും അണുഭേദനവും കണ്ടുപിടുത്തങ്ങള്‍ എന്ന നിലയ്ക്ക് മനുഷ്യരാശിക്ക് നല്‍കിയ സൗഭാഗ്യങ്ങള്‍ ധാരാളമാണ്, പക്ഷേ, തിന്മയ്ക്ക് വേണ്ടിയും ഉപയോഗിക്കപ്പെട്ടവയാണ്, ഇന്നും ഉപയോഗിക്കുന്നവ ആണ്. അറ്റോമിക് ബോംബ് രണ്ട് ലക്ഷത്തോളം പേരേ കൊന്നൊടുക്കി, അതില്‍ക്കൂടുതല്‍ ആള്‍ക്കാരെ ജീവച്ഛവങ്ങളോ രോഗികളോ ആക്കി മാറ്റി.

ആധുനിക കണ്ടുപിടുത്തമായ നിര്‍മ്മിതബുദ്ധി സമൂഹപരിണാമത്തെ ശീഘ്രമായാണ് അതിക്രമണം ചെയ്യിപ്പിച്ചത്. ഇങ്ങനെ വരാത്തവണ്ണം സമൂഹക്രയവിക്രയങ്ങള്‍ മാറിമറിഞ്ഞിരിക്കയാണ്. അലെക്‌സായും സിറി (Siri) യും ഗൂഗിള്‍ പേയുമായി അത് സാധാരണക്കാരുടെയും ദൈന്യംദിനജീവിതത്തില്‍ ഇടപെട്ട് കഴിഞ്ഞിരിക്കുന്നു, ആഗോളപരമായി ഭരണകൂടതന്ത്രങ്ങളെയും വിനിമയങ്ങളെയും രാഷ്ട്രീയപരതയെയും ബാധിച്ചും കഴിഞ്ഞു. റോബോട്ടുകള്‍ ശസ്ത്രക്രിയ ചെയ്യുകയും കാര്‍ നിര്‍മ്മിക്കുകയും പുസ്തകശാലയില്‍ പുസ്തകങ്ങള്‍ എടുത്തുകൊടുക്കുകയും ചെയ്ത് മനുഷ്യയത്‌നങ്ങള്‍ക്ക് പുനഃര്‍നിര്‍വ്വചനങ്ങളും സാധ്യമാക്കിയിട്ടുണ്ട്. സര്‍ഗ്ഗാത്മകത എന്നതിന്റെയും നിര്‍വ്വചനങ്ങള്‍ പുനഃപരിശോധിപ്പിക്കപ്പെടുന്നു. നെറ്റ്ഫ്‌ളിക്‌സ് തുറക്കുമ്പോള്‍ത്തന്നെ നിങ്ങളുടെ അഭിരുചിക്കനുസരണമായി മലയാളം സിനിമകള്‍ മുന്നിലെത്തുന്നു. അദൃശ്യമായി ഒരു വന്‍ ശക്തി, ഒരു മായാമാനുഷന്‍ അതീവബുദ്ധിചാതുര്യത്തോടെ എങ്ങും നിറഞ്ഞുനില്‍ക്കുന്ന വേളയാണിത്.

യന്ത്രബുദ്ധിയുടെ ഒരു ലോകം ഭാവിയില്‍ എങ്ങനെയുള്ളതായിരിക്കും? AI അല്ലെങ്കില്‍ നിര്‍മ്മിത ബുദ്ധിക്ക് ജീവന്റെ പ്രതിഭാസങ്ങള്‍ പലതും വഴങ്ങുന്നതല്ല, മനുഷ്യനൊപ്പം എത്തുകയില്ല, ഒരിക്കലും. മണമറിയാനുള്ള കഴിവില്ല, ഒരുമിച്ച് ഒരു കൂട്ടമായി ജോലി ചെയ്യാന്‍ പറ്റില്ല, വികാരങ്ങള്‍ എന്തെന്ന് ഒരു പിടിയുമില്ല, നവീന ആവിഷ്‌കാരങ്ങളോ ഒന്നുമില്ലായ്മയില്‍ നിന്ന് പുതിയ കണ്ടുപിടുത്തങ്ങള്‍ക്കുള്ള ഭാവനയോ ഇല്ല, കല്‍പ്പനാകാകളികള്‍ മൂളി വന്നെത്തുകയില്ല, സര്‍വ്വോപരി  വാദാനുവാദത്തിലൂടെ തര്‍ക്കത്തിലേര്‍പ്പെട്ട് ഉണ്മ തേടാനോ കഴിവില്ല. പക്ഷേ, ഇടപെടലുകള്‍ തീവ്രവും ഗാഢവുമാണ്, നമ്മെ അത് മുന്നോട്ടുനയിക്കുന്നു, അസാധ്യമായത് പലതും സാധ്യമാക്കുന്നു, സമൂഹരീതികളും നീതികളും മാറിമറിയുന്നു.

REPRESENTATIONNAL IMAGE: WIKI COMMONS
പക്ഷേ, ചോദ്യങ്ങള്‍ ഇല്ലാതില്ല. നഷ്ടപ്പെടുന്ന ജോലിക്ക് ആര് ഉത്തരവാദി? നൂറ്റാണ്ടുകളായി മനുഷ്യന്‍ ആര്‍ജ്ജിച്ചെടുത്ത നിപുണതയും പ്രവീണതയും വെറുതെ പാഴാക്കിക്കളയണമോ? നിര്‍മ്മിതബുദ്ധിയുടെ അസ്തിത്വവാദപരമായ ഭീഷണികളെ നേരിടേണ്ടതല്ലെ, അതിന്റെ വ്യവസ്ഥകള്‍ ജനാധിപത്യത്തിനു, സമൂഹനീതിക്ക്, മനുഷ്യാവകാശങ്ങള്‍ക്ക് സുരക്ഷയേകുന്നതാണോ, സുതാര്യമായി ഇത് കൈകാര്യം ചെയ്യപ്പെടേണ്ടതല്ലെ എന്നൊക്കെ. പക്ഷേ, ശാസ്ത്രത്തിലും ചികിത്സാരംഗത്തും വിപണിയിലും മാര്‍ക്കറ്റിങ്ങിലും വ്യവസായത്തിലും വരുന്ന മാറ്റങ്ങള്‍ തീര്‍ച്ചയായും സമൂഹത്തെ തിരിച്ചുപോക്കിനു അനുവദിക്കുകയില്ല. യാന്ത്രികതയോട് ബുദ്ധി ചേര്‍ന്നാല്‍ അപകടങ്ങളുണ്ട്. സ്വയം തീരുമാനങ്ങള്‍ എടുക്കുന്ന നിര്‍മ്മിതബുദ്ധി പ്രോഗ്രാമുകള്‍ ഉണ്ട്. സാങ്കേതികതയെ ദുഷ്ടലാക്കിനു പ്രയോഗിക്കുന്ന ഭരണകൂടം ഉണ്ടെന്ന് ചരിത്രം പ്രഖ്യാപിച്ചു കഴിഞ്ഞതാണ്. ഇവരുടെ കരുക്കള്‍ ആകില്ലേ AI? ഇതോടൊപ്പം നിര്‍മ്മിതബുദ്ധിയും സ്വയം അതിന്റെ സൃഷ്ടാവിനെതിരെ തിരിഞ്ഞാലോ? അപകടങ്ങള്‍ ഇങ്ങനെ രണ്ട് തരത്തില്‍ നമുക്ക് മുന്നില്‍ തെളിയുന്നുണ്ട്.

ഇനിയും സൗഭാഗ്യങ്ങള്‍

നിര്‍മ്മിതബുദ്ധി അപരിമേയമായ സുവിധാസൗകര്യങ്ങളെ പ്രദാനം ചെയ്യുന്നുണ്ട്, സംശയമില്ല. 2030 ഓടെ ആഗോള സാമ്പത്തികനിലവാരത്തിനു വന്‍ കുതിച്ചുചാട്ടമാണ് സംഭവിക്കുന്നത്, ജിഡിപി 14% ആണ് വര്‍ധിക്കുന്നത്. എന്നുവച്ചാല്‍ 15.7 ട്രില്ല്യണ്‍ ഡോളറിന്റെ വര്‍ധനവ്. വിപണി മൊത്തം ഉടച്ചുവാര്‍ക്കപ്പെടുന്നതിന്റെ പരിണതി. സാങ്കേതിക വ്യവസായങ്ങളുടെ ആന്തരിക ആത്മാവ് നിര്‍മ്മിതബുദ്ധിയും മെഷീന്‍ ലേണിങ്ങുമായി മാറിക്കഴിഞ്ഞു, കമ്പനികള്‍ക്ക് നിശ്ചിത ഉദ്ദേശങ്ങള്‍ സാധിച്ചെടുക്കാന്‍ കുറഞ്ഞ സമയവും പണച്ചെലവും മതി എന്നത് വികസനത്തെ ത്വരിതവല്‍കരിക്കയാണ്. വിപണിയുടേയും ഇ-കൊമേഴ്‌സിന്റേയും കാര്യങ്ങളില്‍ കൃത്യമായ തീരുമാനങ്ങള്‍ ഉടനടി എടുക്കാന്‍ പ്രാപ്തമാക്കുകയാണ് നിര്‍മ്മിതബുദ്ധിയുടെ ഇടപെടലുകള്‍. ആശയങ്ങളും അവയുടെ നടപ്പിലാക്കലും തമ്മിലുള്ള അസന്തുലിതാവസ്ഥ ന്യൂനീകരിക്കാന്‍ ഇത് ഇടയാക്കുന്നുണ്ട്. 2023 ല്‍ റീടെയ്ല്‍ വില്‍പ്പന ആറ് ട്രില്ല്യണ്‍ ഡോളര്‍ കടക്കുമെന്നാണ് അമേരിക്കന്‍ കണക്കുകൂട്ടല്‍. മെഷീന്‍ ലേണിങ്ങ് വിദ്യകള്‍കൊണ്ട് ഉപഭോക്താക്കള്‍ക്ക് വ്യക്തിപരമായ അനുഭവമാണ് ലഭിക്കുന്നത്, പരസ്പരസമ്പര്‍ക്കം അവാസ്തവികം (virtual) ആണെങ്കിലും ആ ധാരണയിലെത്തുകയാണ്. വിപണി/നിര്‍മ്മാണ മേഖലയില്‍ ഇപ്പോഴുള്ള 40% നിര്‍മ്മിതബുദ്ധി പ്രയോഗം മൂന്നുകൊല്ലത്തിനുശേഷം 80% ആയി വര്‍ധിക്കുമത്രേ. വ്യവസായരീതികളും നിര്‍മ്മിതബുദ്ധിപ്രയോഗങ്ങളുമായി ബന്ധപ്പെടുത്താന്‍ കഴിവുള്ളവരെ ലഭിക്കാന്‍ എളുപ്പമായിരിക്കില്ല എന്നൊരു ആശങ്ക നിലവിലുണ്ട്.

2023 ല്‍  കൂടുതല്‍ നിര്‍മ്മിതബുദ്ധി പ്രോഗ്രാമുകള്‍, വിപണിയേയും മാര്‍ക്കറ്റിങ്ങിനെയും ഉപഭോക്താവിന്റെ വിവരങ്ങളേയും ബന്ധിപ്പിച്ചുകൊണ്ടുള്ളവ, ആവിഷ്‌കരിക്കപ്പെട്ടിട്ടുണ്ട്. 'സപ്‌ളൈ ചെയിന്‍' വിശകലനങ്ങള്‍ക്ക് Davinci എന്നൊരു നിര്‍മ്മിതബുദ്ധി പ്രോഗ്രാം നിലവിലുണ്ട്. കൂടുതലും പ്രവചനാത്മകമായ രീതിയാണിതിന്. ഉപഭോക്താവിനു ഷോപ്പിങ്ങും തിരഞ്ഞെടുക്കലും തീരുമാനങ്ങളെടുക്കലും എളുപ്പമാക്കാന്‍ 'മാസ്റ്റര്‍കാര്‍ഡ്' പുതിയൊരു പ്രോഗ്രം ആവിഷ്‌കരിച്ചിട്ടുണ്ട്: 'Drive Through' എന്നാണ് ഇതിന്റെ പേര്. ഒരു വീട്ടിലെ ഉപകരണസാമഗ്രികളെ നിയന്ത്രിക്കാനും വിവരങ്ങള്‍ നല്‍കാനും പ്രാപ്തമാക്കുന്ന 'Internet of Things' വിപുലമായി പ്രൊഡക്ഷന്‍ കമ്പനികളും നഗരങ്ങളും നിയോജിതമാക്കുന്നതാണ് സമീപഭാവിയില്‍ നടപ്പാകുന്നത്. മനുഷ്യന്റെ ബോധജ്ഞാനത്തിന്റെ പരിമിതികള്‍ മറികടക്കുന്നതാണിത്, അവനു സാധിക്കാത്തതാണിത്. മനുഷ്യരുടെ ചിന്താപദ്ധതികളേയും പ്രശ്‌നപരിഹാരക്ഷമതയേയും അനുകരിക്കുകയാണിവിടെ. പക്ഷേ, അത് അതീവ വേഗതയിലും കൂടുതല്‍ കൃത്യതയോടും കൂടിയാണ് നിര്‍വ്വഹിക്കപ്പെടുന്നത്.

REPRESENTATIONAL IMAGE: PIXABAY
ആരോഗ്യപാലന-ചികിത്സാരംഗം നിര്‍മ്മിതബുദ്ധി ഏറ്റെടുക്കുന്നു

തീര്‍ച്ചയായും ആരോഗ്യപാലനരംഗത്ത് ഒരു പുതിയ യുഗം തന്നെ സൃഷ്ടിക്കപ്പെട്ടിരിക്കുകയാണ്. മരുന്നുകള്‍ രൂപകല്‍പ്പന ചെയ്യുകയും പുതിയ മരുന്നുകള്‍ നിര്‍ദ്ദേശിക്കുകയും നേരത്തെ തന്നെ നിര്‍മ്മിതബുദ്ധിയുടെ മാന്ത്രികവിദ്യകളില്‍പ്പെട്ടതു തന്നെ ആയിരുന്നു. പ്രതിരോധ തന്മാത്രകള്‍ ഡിസൈന്‍ ചെയ്യപ്പെടുന്നത് മനുഷ്യനു അസാധ്യമായ രീതികളിലാണ് ഇന്ന്. എക്‌സ് റേ, എംആര്‍ഐ, സിടി സ്‌കാനിങ്ങ് മറ്റ് സ്‌കാനിങ്ങ് നടപടികള്‍ക്കുശേഷം ഇവയില്‍ നിന്ന് ഒക്കെ ലഭിക്കുന്ന പ്രതിരൂപങ്ങള്‍ (images) വിശകലനം ചെയ്യുന്നത് മെഷീന്‍ ലേണിങ്ങ് വിദ്യകളാണ്. അസുഖം കണ്ടുപിടിക്കുന്നതും നിര്‍മ്മിതബുദ്ധിക്ക് സാധ്യമാണ്, ചികിത്സാപദ്ധതികള്‍ തീരുമാനിക്കുന്നതും. യന്ത്രസംവിധാനങ്ങള്‍ രോഗിയുടെ മേല്‍നോട്ടം ഏറ്റെടുക്കുമ്പോള്‍ ചെലവ് ഗണ്യമായി കുറയുകയാണ്.

'സ്മാര്‍ട്ട്' ആയ മെഡിക്കല്‍ റോബോട്ടുകള്‍

ഏറ്റവും വിപ്ലവാത്മകരമായ അതിനൂതനമായ നിര്‍മ്മിതിബുദ്ധി ഇടപെടലുകളിലെ പ്രത്യക്ഷോദാഹരണമാണ് റോബോട്ടുകളുടെ ക്ലിനിക്കല്‍ പ്രവേശനം. അവര്‍ രോഗം നിര്‍ണ്ണയിക്കും, ശസ്ത്രക്രിയ നടത്തും, സംവേദനക്ഷമതയുള്ള, പ്രായോഗികമായി വര്‍ത്തിക്കുന്ന, പൊയ്ക്കാലുകളോ കൈകളോ ആയി ഉപയോഗക്ഷമമാകും, ദേഹചലനം നഷ്ടപ്പെട്ടവര്‍ക്ക് കൃത്രിമമായി അത് സാധിച്ചെടുക്കും, അങ്ങനെ നിര്‍മ്മിതബുദ്ധി നമുക്ക്  അസാധ്യമായ ചികിത്സാ രോഗപീഡിതര്‍ക്ക് നല്‍കുകയാണ്. കമ്പ്യൂട്ടര്‍ വിഷന്‍ (Computer Vision) എന്ന പുതിയ മായാചക്ഷുസ് ഇതില്‍ ഉപയോഗിക്കപ്പെടുന്നു. വസ്തുക്കളുടെയും മനുഷ്യരുടെയും പ്രതിരൂപങ്ങളും മറ്റ് സൂക്ഷ്മതകളും പഠിച്ചെടുക്കും ഈ പുതിയ വിദ്യ. ചലനങ്ങള്‍ പഠിച്ചെടുത്ത് പിന്നീട് അതേപടി ആവര്‍ത്തിക്കാനും കമ്പ്യൂട്ടര്‍ വിഷനു സാധ്യമാണ്. മനുഷ്യന്റെ പല വൃത്തികളും പ്രാപ്തികളും ഇത് നിര്‍വ്വഹിക്കുകയും സ്വയം യാന്ത്രികമായി ആവര്‍ത്തിക്കുകയും ചെയ്യും. കൃത്രിമക്കാലോ കൈയോ തലച്ചോറിന്റെ  നിര്‍ദ്ദേശത്താല്‍ ചലിപ്പിക്കാന്‍ സാധിക്കുന്നത് ഒരു ഉദാഹരണമാണ്. തോന്നലുകളെ ആണ് ചലനങ്ങളായി മാറ്റുന്നത്. കൈകള്‍ ഇല്ലാത്തവര്‍ കൃത്രിമകൈകള്‍ കൊണ്ട് സ്പര്‍ശം എന്ന അനുഭൂതി അറിയുന്നു. മെഷീന്‍ ലേണിങ്ങ് അല്‍ഗോരിതങ്ങളും Deep learning പ്രോഗ്രാമുകളും ആണ് ഇതിന്റെ പ്രാവര്‍ത്തികതയുടെ പിന്നില്‍. കൃത്രിമകൈകളും കാലുകളും കൈകാര്യം ചെയ്യേണ്ട വസ്തുക്കളേയോ പ്രതലത്തേയോ സെന്‍സറുകള്‍ വഴി 'കണ്ടിട്ട്' ആണ് പ്രവര്‍ത്തിക്കുന്നത്. സംസാരശേഷി ഇല്ലാത്തവരുടെ മനസ്സില്‍ തോന്നുന്ന വാക്കുകള്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തെളിയുന്ന വിദ്യയും പ്രചലിതമാകുന്നുണ്ട്. മനുഷ്യനെക്കാള്‍ പതിന്മടങ്ങ് സൂക്ഷ്മതയോടെയും വൈദഗ്ധ്യത്തോടെയുമാണ് റോബോട്ടുകള്‍ ശസ്ത്രക്രിയ ചെയ്യുന്നത്. വിറയ്ക്കുന്ന കൈകളോ പരിക്ഷീണമായ മനസ്സോ അവര്‍ക്കില്ല. ദൂരെ നിന്നുള്ള നിര്‍ദ്ദേശങ്ങളാല്‍ 'ടെലിസര്‍ജറി'യും സാധ്യമാണ്. ജാതി-മത-ദേശ-വര്‍ഗ്ഗപരമായ മുന്‍ വിധികള്‍ ഒന്നുമില്ലാത്ത ഒരു സര്‍ജനാണ് റൊബോട്ട്, അതുകൊണ്ട് തികച്ചും ജനായത്തപരമാണ്. ചെലവും കുറവാണ്.

മനുഷ്യവംശത്തിന്റ അസ്തിത്വത്തിനു ഇളക്കം?

ആറ്റോമിക് ഭേദനം (atomic fission) വും വിമാനവും കണ്ടുപിടിച്ചപോലെ അല്ലെങ്കില്‍ അതില്‍ക്കൂടുതലായി മനുഷ്യനെ അതിജീവനത്തിനു സഹായിക്കുന്നതായി തെളിഞ്ഞു കഴിഞ്ഞു. ആ രണ്ട് കണ്ടുപിടിത്തങ്ങള്‍ മനുഷ്യനാശത്തിനു വഴിവെച്ചപോലെ AI ഇന്ന് അപകടം വിതയ്ക്കുന്ന മാരകവിത്ത് എന്ന വിശേഷണം പേറിക്കഴിഞ്ഞിരിക്കുന്നു. ഗവണ്മെന്റുകളുടെ പിടിയില്‍ നില്‍ക്കാതെ ടെക് രാക്ഷസരാണ് ഇന്ന് മനുഷ്യരെ വെല്ലുന്ന, മനുഷ്യരെ അതിജീവിക്കുന്ന മഹാശക്തി (super power) യെ കൂട് തുറന്നുവിട്ടിരിക്കുന്നതെന്ന ആക്ഷേപം ഉയര്‍ന്നും കഴിഞ്ഞു. ''മൂകം കരോതി വാചാലം പംഗും ലംഘയതേ ഗിരിം'  (മൂകനെ വാചാലനാക്കുന്ന, മുടന്തനെ മലകയറ്റാന്‍ പ്രാപ്തനാക്കുന്ന) എന്ന ദൈവനിര്‍വ്വചനം ഇന്ന് നിര്‍മ്മിതബുദ്ധിക്കാണ് ഏറ്റവും ചേരുന്നതെന്നത് അദ്ഭുതമല്ല. മനുഷ്യവംശനാശം വന്നുഭവിച്ചേക്കുമെന്ന ഉത്ക്കണ്ഠ ഹോളിവുഡ് സിനിമയുടെ ആശയാനുകരണം മാത്രമാണെന്നും അങ്ങനെയൊരു സാധ്യതയ്ക്ക് യാതൊരു സാംഗത്യവുമില്ലെന്നും വാദങ്ങള്‍ ശക്തിയായുണ്ട്. പക്ഷേ, അപകടം പതിയിരിക്കുന്നു എന്ന് പരക്കെ ബോധ്യമുണ്ടുതാനും. സ്വന്തം ഉല്‍പ്പന്നം മാരകമായേക്കാം എന്ന് വ്യവസായ നേതൃത്വത്തിനു തന്നെ ആശങ്ക തോന്നുന്നത് അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. ടെക് ഇന്‍ഡസ്ട്രിയിലെ അകത്താളുകള്‍ നിര്‍മ്മിതബുദ്ധിയുടെ മനുഷ്യാസ്തിത്വ വിപത്ത് സാധ്യതയെക്കുറിച്ച് സംഭ്രമത്തിലാണ്. ഇലോണ്‍ മസ്‌കും കൂട്ടരും ഒപ്പിട്ട ഒരു തുറന്ന കത്തിലെ ഉള്ളടക്കം ഭീമന്‍ നിര്‍മ്മിതബുദ്ധിവ്യവസ്ഥ മാനവതയ്ക്ക് ഏല്‍പ്പിക്കുന്ന പ്രഗാഢമായ ആഘാതത്തെക്കുറിച്ച് മുന്നറിയിപ്പ് തരുന്നതാണ്. ഗൂഗിളില്‍ നിര്‍മ്മിതബുദ്ധി ടൂളുകള്‍ ആവിഷ്‌കരിച്ചിരുന്ന ജെഫ്രി ഹിന്റന്‍ അവരുടെ ടെക്‌നോളജിയെക്കുറിച്ച് താക്കീത് നല്‍കിക്കൊണ്ട് ജോലി രാജിവയ്ക്കുകയുണ്ടായി. 500 ഓളം വ്യവസായ/ശാസ്ത്രഗവേഷണ നേതാക്കള്‍- പ്രസിദ്ധമായ Open AI ഉം Deepmind ഉം ഉള്‍പ്പെടെ-പുറത്തിറക്കിയ പ്രസ്താവനയില്‍ മാരക സാംക്രമിക രോഗത്തോടും അറ്റോമിക് യുദ്ധത്തോടുമാണ് നിര്‍മ്മിതബുദ്ധിയുടെ പ്രത്യാഘാതങ്ങളെ ഉപമിച്ചിരിക്കുന്നത്.

REPRESENTATIONAL IMAGE: WIKI COMMONS
ആറ്റം ബോംബിന്റെയും വിമാനത്തിന്റെയും ദുരുപയോഗങ്ങള്‍ മനുഷ്യന്റെ സ്വന്തം തീരുമാനങ്ങളാണ്. പക്ഷേ, നിര്‍മ്മിതബുദ്ധിയുടെ കാര്യം വേറിട്ടതാണ്. സ്വയം തീരുമാനങ്ങളില്‍ എത്താന്‍ പ്രാപ്തമാണത്. മാത്രമല്ല അതിന്റെ 'ബുദ്ധി' എന്നത്  ശരിക്ക് പ്രവര്‍ത്തിക്കുന്നത് ആയിരിക്കണമെന്നില്ല. ഏകപക്ഷീയമായ (biased) വീക്ഷണങ്ങള്‍ ഉള്‍ക്കൊണ്ടേക്കാം. അത്തരം നിര്‍മ്മിതബുദ്ധികള്‍ മറവിലുള്ള അല്‍ഗോരിതമുകള്‍ (Opaque algorithms) ഉപയോഗിച്ചേക്കാം, ക്ഷേമ/സാമ്പത്തിക സഹായങ്ങളോ ആരോഗ്യപരിപാലനമോ അഭയമോ അര്‍ഹിക്കുന്നവര്‍ക്ക് വിലക്കിയേക്കാം. ചാറ്റ് ജിപിറ്റി, ഡാല്‍-ഇ പോലത്തെ 'Generative AI' വ്യാജമോ തെറ്റായതോ ആയ വിവരങ്ങള്‍ വ്യാപിപ്പിച്ചേക്കാം. വിഷയങ്ങളോ (text) ചിത്രങ്ങളോ വീഡിയോകളോ ഒക്കെ ഇതിലുള്‍പ്പെടാം. ഇത് ആവിഷ്‌കരിക്കപ്പെടുന്നത് സത്യമെന്ന് ബോധിപ്പിക്കുന്ന രീതിയിലാണെന്നുള്ളത് പ്രശ്‌നങ്ങള്‍ക്ക് ആക്കം കൂട്ടുന്നു. എന്ത്, ഏത് വിശ്വസിക്കണം എന്നത് ആശയക്കുഴപ്പം ഉണ്ടാക്കുന്നു. സമൂഹത്തെ അസ്ഥിരവും ചാഞ്ചല്യമുള്ളതുമാക്കി മാറ്റുന്നു. ചില AI ആപ്പുകള്‍ പലപ്പോഴും ദുരുപയോഗപ്പെടുത്താറുണ്ട്. മുഖം തിരിച്ചറിയാനുള്ള പ്രോഗ്രാം പ്രത്യേകതരത്തിലുള്ളവരെ പിടികൂടാന്‍ ഉപയോഗിക്കുന്നത് ഒരു ഉദാഹരണം മാത്രം. പ്രതിരോധത്തിനും ആക്രമണത്തിനും വേണ്ടി റോബോട്ടുകള്‍ നിര്‍മ്മിക്കപ്പെടുന്നുണ്ട്. ഇവയ്ക്ക് പലതിനും സ്വയം തീരുമാനാധികാരവും ഉണ്ട്. മനുഷ്യപ്രേരിതമായോ സ്വയം തീരുമാനത്താലോ ഇവ മറ്റ് മനുഷ്യര്‍ക്കെതിരെ തിരിയുക എന്ന സാധ്യത നിലനില്‍ക്കുന്നു എന്നത് ഓര്‍മ്മയിരിക്കേണ്ടതാണ്. ദുരധികാരപ്രമത്തതയോ അനുദാര സമൂഹനീതികളൊ ഭരണകൂടത്തിനു ഉണ്ടെങ്കില്‍ ഇവയൊക്കെ പ്രയോഗത്തില്‍ വരുത്തുക എന്നത് സാധ്യമാകുന്നു, അത് ഭയകാരിയുമാണ്. വര്‍ഷങ്ങളായുള്ള സമൂഹ സാങ്കേതിക (sociotechnical) ഗവേഷണങ്ങള്‍ വിരല്‍ചൂണ്ടുന്നത് അതിപുരോഗതിയാര്‍ജ്ജിച്ച ഡിജിറ്റല്‍ സാങ്കേതികവിദ്യ, അത് നിയന്ത്രിക്കപ്പെടുന്നില്ലെങ്കില്‍, അധികാരവും ശക്തിയും കൊള്ളലാഭവും ലാക്കാക്കി പെരുമാറും, അത് മനുഷ്യാവകാശത്തെ റദ്ദ് ചെയ്തുകൊണ്ടായിരിക്കും എന്നാണ്. പക്ഷേ, മനുഷ്യവംശത്തെ ഇല്ലാതാക്കും എന്ന പേടി, അതിനെക്കുറിച്ചുള്ള ആലോചനകള്‍,  ഒക്കെ ശരിയായ പ്രശ്‌നങ്ങളില്‍ നിന്ന് ശ്രദ്ധതിരിയാന്‍ പര്യാപ്തമാകുന്നു എന്ന അഭിപ്രായം ആണ് ഇപ്പോള്‍ പ്രബലമായിട്ടുള്ളത്.

ഇന്ന് രാജ്യങ്ങള്‍ തമ്മില്‍ കിടമത്സരമാണ് നിര്‍മ്മിതബുദ്ധിയുടെ പുരോഗതിയില്‍ ഒന്നാം സ്ഥാനം നേടാന്‍. ഇത് ടെക് വ്യവസായികള്‍ക്കും ടെക്‌നോക്രാറ്റുകള്‍ക്കും നിയന്ത്രണങ്ങളില്ലാതെ സൗകര്യങ്ങളൊരുക്കാന്‍ വഴിവയ്ക്കുകയാണ്. ഇപ്പോള്‍ ആവശ്യമുള്ളത് ഭരണകൂടങ്ങളും സമൂഹനേതാക്കളും സാമൂഹ്യപാഠവിചക്ഷണരും ജനങ്ങളും ഉള്‍പ്പെട്ടവരുടെ ഒരു പൊതു സംവാദത്തിനും ചര്‍ച്ചയ്ക്കും വഴിയൊരുക്കുക എന്നതാണ്. ടെക് കമ്പനികള്‍ ഓരോ പുതിയ നിര്‍മ്മിതബുദ്ധി പദ്ധതിയും പുറത്തിറക്കുന്നതിനു മുന്‍പ് തന്നെ സസൂക്ഷ്മം പരിശോധിച്ച് പരീക്ഷണങ്ങള്‍ നടത്തിയ ശേഷം മാത്രമേ പൊതുജനത്തിനു സമര്‍പ്പിക്കാവൂ എന്നത്  നിര്‍ബന്ധമാക്കേണ്ടിയിരിക്കുന്നു. AI പദ്ധതികളും പ്രോഗ്രാമുകളും ടൂളുകളുമൊക്കെ നിര്‍മ്മിക്കാന്‍ വ്യവസായാടിസ്ഥാനത്തില്‍ നിലവാരം നിശ്ചയിക്കേണ്ടിയിരിക്കുന്നു. ഇത് നടപ്പാക്കാന്‍ പല കമ്മിറ്റികള്‍ വേണ്ടി വരും. സുരക്ഷ ഉറപ്പു വരുത്തിയിട്ടു മാത്രമേ പദ്ധതികള്‍ പൊതുജനങ്ങള്‍ക്ക് സമര്‍പ്പിക്കാവൂ എന്ന് നിയമങ്ങളും വേണ്ടിയിരിക്കുന്നു. ഈയടുത്തകാലത്ത് യൂറോപ്യന്‍ പാര്‍ലമെന്റ് 'AI Act' എന്നൊരു നിയമം പാസാക്കിയിട്ടുണ്ട്, പല നിര്‍മ്മിതബുദ്ധി പദ്ധതികള്‍ക്കും കടിഞ്ഞാണിട്ടുകൊണ്ടു തന്നെ. ഉദാഹരണത്തിനു പൊതുഇടങ്ങളില്‍  ആളുകളുടെ മുഖങ്ങള്‍ 'മുഖപരിചയ നിജപ്പെടുത്തല്‍' (Facial recognition) നു ഉപയോഗിക്കാന്‍ പാടില്ല എന്ന നിയമത്തിനു.

ഇത്തരം നിയമങ്ങള്‍ നിര്‍മ്മിക്കുന്നതും പരിപാലിക്കുന്നതും ടെക് ഭീമന്മാരോ സാങ്കേതിക വിദഗ്ധരോ മാത്രം ആയിരിക്കരുത്, അവര്‍ക്ക് സ്ഥാപിത താല്‍പര്യങ്ങള്‍ ഉണ്ടായിരിക്കാം, എന്ന് പൊതുവായി നിര്‍ദ്ദേശിക്കപ്പെടുന്നുണ്ട്. സമൂഹത്തിന്റെ പല തുറയിലുള്ളവര്‍ക്കും പങ്കെടുക്കുവാന്‍ സൗകര്യം ഒരുക്കേണ്ടതാണ്. ഇപ്പോള്‍ നിര്‍മ്മിതബുദ്ധി പദ്ധതികളില്‍ മേല്‍ക്കൈ നേടിയിരിക്കുന്നത് കൂടുതലായും വെള്ളക്കാരാണ്, അതും ആണുങ്ങള്‍, അമേരിക്കയിലും യൂറോപ്പിലും ഉള്ളവര്‍ എന്നത് പരിഗണിക്കേണ്ട വിഷയമാണ്. ഒരു 'monoculture' എന്ന് വിളിക്കാവുന്ന വാതാവരണം.  സുരക്ഷ ലോകത്താകമാനം മനുഷ്യരേയും ബാധിക്കേണ്ടതാണ്, എല്ലാവരും സ്ത്രീകള്‍ അടക്കം- AI ബന്ധപ്പെട്ട നിയമനിര്‍മ്മാണത്തിലും സാമൂഹ്യ/രാഷ്ട്രീയ പരിണിതഫലങ്ങള്‍ വിലയിരുത്തുന്നതിലും പങ്കെടുക്കേണ്ടതുണ്ട്. ലോകത്തെ ഏറ്റവും പ്രസിദ്ധമായ രണ്ട് ശാസ്ത്രമാസികകള്‍ -നേച്ചര്‍, സയന്‍സ് എന്നിവ- ഇക്കാര്യം ഈയിടെ കൃത്യമായി അവരുടെ എഡിറ്റോറിയലില്‍ വിശദമാക്കിയിട്ടുണ്ട്. 

References

1.    It is time to talk about the known risks of AI. Nature 18:885-886 2023 June
2.    Lazer, S. and Nelson, A. AI safety on whose terms? Science 381: 138  2023 July
3.    Shadbolt, N. 'From so simple a beginning': Species of artificial intelligence.Daedalus, The Journal of American Academy of Arts and Science 151:28-42 2022

#Technotopia
Leave a comment