TMJ
searchnav-menu
post-thumbnail

Technotopia

ബോബും, ആലീസും ചാറ്റ്ബോട്ടുകളും

06 Jul 2023   |   3 min Read
തോമസ് ക്ലിക്കാവര്‍

രസഹായമില്ലാതെ സ്വന്തം നിലയില്‍ മുന്‍കൂറായി നിശ്ചയിച്ച പ്രവര്‍ത്തികള്‍ ചെയ്യാനും ചെയ്യിക്കാനും കഴിയുന്ന കമ്പ്യൂട്ടര്‍ പ്രോഗാമുകളാണ് ബോട്ടുകള്‍ (bot). റോബോട്ട് എന്ന വാക്കിന്റെ കുട്ടിരൂപമെന്ന നിലയിലാണ് കമ്പ്യൂട്ടര്‍ വിദഗ്ധരുടെ ഭാഷയില്‍ ബോട്ട് കടന്നുവന്നതെന്ന് സെര്‍ച്ച് എന്‍ജിന്‍ പുരാണങ്ങള്‍ വെളിപ്പെടുത്തുന്നു. ഓട്ടോമാറ്റിക് ആയി പ്രവര്‍ത്തികള്‍ നടത്തും എന്ന അര്‍ത്ഥത്തിലാണ് അതിന്റെ ആദ്യകാല അരങ്ങേറ്റം. ടെക് കമ്പനികളുടെ ബിസിനസ്സിന്റെ അടുത്ത വിഹായസ്സായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പ്രാമുഖ്യം നേടിയതോടെ ബോട്ടിന്റെ അര്‍ത്ഥവ്യാപ്തികളും അലങ്കാരങ്ങളും പുതിയ രൂപഭാവങ്ങള്‍ കൈവരിച്ചു. അതിലെ പ്രധാന താരമാണ് Chatbot. മനുഷ്യര്‍ തമ്മില്‍ പരസ്പരം സംസാരിക്കുന്നതുപോലെ മനുഷ്യരും യന്ത്രങ്ങളും തമ്മില്‍ പരസ്പരം സംസാരിക്കുക. ലളിതമായി പറഞ്ഞാല്‍ അതായിരുന്നു ചാറ്റ്ബോട്ടുകളുടെ തുടക്കം. മനുഷ്യരും യന്ത്രങ്ങളും തമ്മിലുള്ള ഈ സംവേദനം യന്ത്രങ്ങളും യന്ത്രങ്ങളും തമ്മിലും സാധ്യമാണെന്ന കണ്ടെത്തല്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ വ്യാപക ശ്രദ്ധ നേടിയിരുന്നു.

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സോഷ്യല്‍ മീഡിയ സ്ഥാപനമായ ഫേസ്ബുക് ആയിരുന്നു അതിന്റെ ഉപജ്ഞാതാക്കള്‍. യന്ത്രങ്ങള്‍ തമ്മിലുള്ള ചാറ്റ്ബോട്ടുകളുടെ വര്‍ത്തമാനം ഫേസ്ബുക് അവതരിപ്പിച്ചത് അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പായിരുന്നു. നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തി രണ്ട് ചാറ്റ്ബോട്ടുകളെ ബോബും ആലീസും എന്ന പേരുകളില്‍ തമ്മില്‍ പരസ്പരം സംസാരിപ്പിക്കുകയായിരുന്നു. ഒരു എഐ മറ്റൊരു എഐ യോട് സംസാരിക്കുന്ന ആദ്യ സംഭവം ഇതാണെന്നു കണക്കാക്കപ്പെടുന്നു. പക്ഷേ, അധികകാലം അത് നീണ്ടുനിന്നില്ല. ഫേസ്ബുക്കിന്റെ നിര്‍മിതബുദ്ധി ഗവേഷണ ലാബ് 2017 ല്‍ നിര്‍മിച്ച ബോബും ആലീസും താമസിയാതെ അപ്രത്യക്ഷരായി. മനുഷ്യര്‍ക്ക് പരിചിതമല്ലാത്ത ഏതോ ഒരു ഭാഷയില്‍ ഇരുവരും തമ്മില്‍ സംസാരിക്കുവാന്‍ തുടങ്ങിയതാണ് പരീക്ഷണം പിന്‍വലിക്കുവാന്‍ പ്രേരിപ്പിച്ചതെന്ന് കരുതപ്പെടുന്നു.


Mark Zuckerberg| Photo: PTI
മനസ്സിലാവാത്ത ഭാഷയിലുള്ള വിനിമയം കണ്ട ഭയമാണ് പരീക്ഷണം ഉപേക്ഷിക്കുവാന്‍ കാരണമെന്ന് വലിയ സംസാരമുണ്ടായി. നിര്‍മിതബുദ്ധി മനുഷ്യനെ കീഴടക്കുന്ന ഭീകരസത്വമായി മാറുന്നതിനെക്കുറിച്ചുള്ള സെന്‍സേഷണലായ വിവരണങ്ങള്‍ മാധ്യമങ്ങളില്‍ നിറയുന്നതിനും അത് വഴിതെളിച്ചു. മാധ്യമങ്ങളിലെ അതിശയോക്തികളും സര്‍വനാശത്തെക്കുറിച്ചുള്ള മുന്നറിയിപ്പുകളും മാറ്റിനിര്‍ത്തിയാല്‍ എഐ-യും എഐ-യും തമ്മില്‍ സംസാരിച്ചപ്പോള്‍ എന്താണ് സംഭവിച്ചത്? മുന്‍കൂട്ടി നിശ്ചയിച്ച അല്‍ഗോരിതത്തിന്റെ നിയന്ത്രണത്തിലുള്ള ചാറ്റ്ബോട്ടുകള്‍ എങ്ങനെയാണ് മനസ്സിലാവാത്തതും അപരിചിതവുമായ ഭാഷയില്‍ സംസാരിക്കുന്നത്. സ്വന്തം നിലയില്‍ ഒരു ഭാഷ രൂപപ്പെടുത്തുന്നതിന് ചാറ്റ്ബോട്ടുകള്‍ക്ക് കഴിഞ്ഞതിന്റെ പൊരുള്‍ എന്താണ് എന്നിങ്ങനെയുള്ള ചോദ്യങ്ങളും അതോടെ സജീവമായി.

ഒരു കൊടുക്കല്‍ വാങ്ങല്‍ സിമുലേറ്റ് ചെയ്യുക എന്നതായിരുന്നു ഈ രണ്ടു ചാറ്റ്ബോട്ടുകളെ നിയോഗിച്ചതിന്റെ പിന്നിലുള്ള പ്രേരണ. ഫേസ്ബുക്കിന്റെ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ആശയവിനിമയത്തിനായി യന്ത്രബുദ്ധിയുടെ മേഖലയില്‍ ഒരു ടെക്നോളജി വികസിപ്പിക്കുന്നതിന്റെ ഭാഗമായിരുന്നു അത്. മനുഷ്യരുടേതുപോലുള്ള ഭാഷയെ അനുകരിക്കുകയായിരുന്നു ചാറ്റ് ബോട്ടുകള്‍ക്ക് നല്‍കിയ നിര്‍ദേശം.

അഞ്ചു കാര്യങ്ങള്‍ ഫേസ്ബുക് പരീക്ഷണത്തില്‍ നിന്നും കണ്ടെത്തി

1: ബോബും ആലീസും കൂടിയാലോചനകള്‍ വഴി കൊടുക്കല്‍ വാങ്ങലില്‍ എത്തി.
2: ഒരു മാതിരി സുഗമമായ ഭാഷ ഇരുവരും സൃഷ്ടിച്ചു.
3: കൂടിയാലോചനകളില്‍ ഇരുവരും മോശമായിരുന്നു.      
4: ഒത്തുതീര്‍പ്പുകള്‍ക്കു ഇരുവരും അമിതതാല്പര്യം പുലര്‍ത്തി.
5: ഇരുവരുടെയും പ്രകടനം കൂടിയാലോചനകളെ അതിന്റെ പരമാവധിയിലെത്തിച്ചു.

കൂടിയാലോചനകള്‍ക്ക് ഇരുവരും നൂതനമായ ചില തന്ത്രങ്ങള്‍ ഉപയോഗിച്ചുവെന്നതാണ് ശ്രദ്ധേയം. എന്നു മാത്രമല്ല കൂടിയാലോചനകള്‍ക്കായി രണ്ടു ബോട്ടുകളും ഒരേ സാധനങ്ങള്‍ തന്നെയാണ് തെരഞ്ഞെടുത്തത്. രണ്ടു പുസ്തകങ്ങള്‍, ഒരു തൊപ്പി, മുന്ന് പന്തുകള്‍. അവ ഇരുകൂട്ടര്‍ക്കുമായി പങ്കുവയ്ക്കുന്നതിനായിരുന്നു കൂടിയാലോചന. ഈ കടമ പൂര്‍ത്തിയാക്കുന്നതിന് ഇരു എഐ യന്ത്രങ്ങളും ഉപയോഗിച്ച ആവിഷ്‌കരണങ്ങള്‍ ഒരു സമയം പിന്നിടുമ്പോള്‍ മനുഷ്യര്‍ക്ക് തിരിച്ചറിയാന്‍ പറ്റാത്ത ഭാഷയിലായിരുന്നു. ഏല്‍പ്പിച്ച ദൗത്യം നിറവേറ്റുന്നതിനായി ഇരു ബോട്ടുകളും അവര്‍ക്ക് ഏറ്റവും ഉചിതവും പ്രായോഗികവുമായ കോഡുകള്‍ കണ്ടെത്തുകയായിരുന്നു. മനുഷ്യരുടെ ഭാഷയില്‍ നിന്നും തെന്നിമാറിയ ഇരു ബോട്ടുകളും ആശയവിനിമയത്തെ അതിന്റെ പ്രയോജനത്തില്‍ മാത്രമായി പരിമിതപ്പെടുത്തി. അവയുടെ നിയോഗം അത് മാത്രമായിരുന്നു എന്നായിരുന്നു ചാറ്റ് ബോട്ടുകളുടെ ധാരണ.


Representative Image
ഒരുതരം ഷോര്‍ട്ട്ഹാന്‍ഡ് മാത്രമായിരുന്നു ഇരുവരും ഉപയോഗിച്ചുവെന്നു കരുതുന്ന മുന്തിയ കോഡുകള്‍. അതായത് തങ്ങളെ ചുമതലപ്പെടുത്തിയ നിയോഗം പൂര്‍ത്തിയാക്കുന്നതിന് ആവശ്യമായ കോഡുകള്‍ മാത്രമായി തങ്ങളുടെ ഭാഷയെയും വിനിമയത്തെയും പരിമിതപ്പെടുന്ന കൃത്യമായിരുന്നു ഇരുവരും നിറവേറ്റിയത്. എന്നാല്‍ അതൊരു പുതിയ ഭാഷയായിരുന്നു. ചാറ്റ്ബോട്ടുകളുടെ നിര്‍മാതാക്കള്‍ക്ക് പിടികിട്ടാത്ത നിഗൂഢവും രഹസ്യവുമായ എന്തെങ്കിലും ചെയ്യുക ആയിരുന്നില്ല പുതിയ ഭാഷയുടെ ഉദ്ദേശം. തങ്ങളെ ഏല്‍പ്പിച്ച കര്‍ത്തവ്യം ഏറ്റവും കാര്യക്ഷമമായി പൂര്‍ത്തീകരിക്കുവാന്‍ അല്‍ഗോരിതങ്ങള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ നടപ്പിലാക്കുക മാത്രമായിരുന്നു അവ.  
 
പലപ്പോഴും പുതിയ ഭാഷയെന്നു വിളിക്കുന്നതിനേക്കാള്‍ അത്തരം സന്ദര്‍ഭങ്ങളില്‍ കൂടുതല്‍ ഉചിതമായ പ്രയോഗം ഡാറ്റ ചുരുക്കല്‍ (ഡാറ്റ കംപ്രഷന്‍) എന്നാണ്. വിനിമയ സംവിധാനങ്ങളില്‍ വളരെ സ്വാഭാവികമായ ഒന്നാണ് അത്തരം പ്രക്രിയകള്‍. അതില്‍ അത്ഭുതമോ നിഗൂഢമോ ആയി ഒന്നുമില്ല. ബോബും ആലീസും നിര്‍മിച്ച രഹസ്യ ഭാഷയെക്കുറിച്ചുള്ള മാധ്യമ കോലാഹലങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഒരു നിശ്ചിത അല്‍ഗോരിതം തയ്യാറാക്കിയ മെഷീന്‍ ലേര്‍ണിംഗും മെഷീന്‍ കോഡും തമ്മിലുള്ള ഒരു മുഷിപ്പന്‍ പരസ്പര വിനിമയം മാത്രമായിരുന്നു അത്. സാമുവല്‍ മോഴ്സ് രൂപകല്പന നടത്തി ടെലിഗ്രാഫ് സിസ്റ്റത്തില്‍ ഉപയോഗിച്ച മോഴ്സ് കോഡിനോളം പഴക്കമുള്ള പ്രവര്‍ത്തിയോട് സമാനമായ മറ്റൊരു പ്രവര്‍ത്തി.

Representative Image
പരിചിതമായ വ്യാകരണത്തെ മാറ്റി ഭാഷയുടെ ആവര്‍ത്തനങ്ങള്‍ ഒഴിവാക്കിയ ബോബ്- ആലീസ് വിനിമയം യുക്തിഭദ്രവും ഡീകോഡ് ചെയ്യാവുന്നതുമായിരുന്നു. ഓര്‍വെല്‍ ഭയപ്പെട്ട മാതിരി അധികാരത്തിനായുള്ള അല്ലെങ്കില്‍ അധികാരം നിലനിര്‍ത്താനുള്ള ന്യൂസ്പീക് ആയിരുന്നില്ല. ഏല്‍പ്പിച്ച ദൗത്യം കാര്യക്ഷമമായി പൂര്‍ത്തീകരിക്കുന്നതിനായി മുന്‍കൂട്ടി തയാറാക്കിയ നിര്‍ദേശങ്ങള്‍ അനുസരിച്ചാണ് ബോബും ആലീസും തങ്ങളുടെ പദാവലികള്‍ ചുരുക്കിയത്, അതില്‍ നിഗൂഢമായി ഒന്നുമില്ല. പദവിന്യാസത്തില്‍ (syntax) പ്രാമുഖ്യം നല്‍കി അര്‍ത്ഥവിജ്ഞാനത്തെ (semantics) അവഗണിച്ചതായിരുന്നു ബോബ്-ആലീസ് പരീക്ഷണത്തിന്റെ രത്‌നച്ചുരുക്കം എന്ന് പറയാം. 'കൊലയാളി റോബോട്ടിനെയും', 'എഐ മഹാദുരന്തത്തെയും' പറ്റി നിരന്തരം ആകുലപ്പെടുന്നവര്‍ കരുതുന്നതുപോലെ ആയിരുന്നില്ല ഈ പരീക്ഷണഫലം. ചുരുക്കത്തില്‍ അല്‍ഗോരിതം നിര്‍ണയിക്കുന്നതിനപ്പുറം ബോബിനും ആലീസിനും പുതുതായി ഒന്നും സൃഷ്ടിക്കാനായില്ല എന്നു പറയേണ്ടിവരും. ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സും (AGI)  ആര്‍ട്ടിഫിഷ്യല്‍ സൂപ്പര്‍ ഇന്റലിജന്‍സും (ASI) ലോകത്തെ ഉടന്‍ കീഴടക്കുമെന്ന ഭയാശങ്കകള്‍ അസ്ഥാനത്താണെന്ന് കരുതിയാല്‍ അത്ഭുതപ്പെടേണ്ടി വരില്ല.

*എഐ  സാങ്കേതികവിദ്യ ലോകമേ തറവാടായി വാഴുന്ന നാളുകള്‍ അത്ര അടുത്തല്ല എന്നാണ് തോമസ് ക്ലിക്കാവറിന്റെ വിലയിരുത്തല്‍. ഓസ്‌ട്രേലിയയിലെ വെസ്റ്റേണ്‍ സിഡ്നി യൂണിവേഴ്സിറ്റിയുടെ ഭാഗമായ സിഡ്നി ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് മാനേജ്മെന്റില്‍ സീനിയര്‍ ലക്ചറായ ക്ലിക്കാവര്‍ സമകാലിക വിഷയങ്ങളെ പറ്റി നിരന്തരം എഴുതുന്ന വ്യക്തിയാണ്. ജനറേറ്റീവ് എഐ-യെ പറ്റിയുള്ള കോലാഹലങ്ങളുടെ പശ്ചാത്തലത്തില്‍ അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക് ചാറ്റ്ബോട്ടുകളെ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചതിനെപ്പറ്റി അദ്ദേഹം അടുത്തിടെ എഴുതിയ Bob & Alice's Cryptic AI Talk എന്ന ലേഖനത്തിന്റെ പ്രസക്ത ഭാഗങ്ങളുടെ സ്വതന്ത്ര പരിഭാഷ.


Leave a comment