ശരീരമില്ലാത്ത നിര്‍മിത ബുദ്ധിക്ക് ജ്ഞാനം സാധ്യമോ? AI നേരിടുന്ന ചില വെല്ലുവിളികള്‍
നിര്‍മിത ബുദ്ധി എന്ന ശാസ്ത്രാദ്ഭുതത്തെ ചുറ്റിപ്പറ്റിയാണ് ഒട്ടുമിക്കവാറും ചര്‍ച്ചകളും. AI യുടെ മികവുകളെ ഉപയോഗപ്പെടുത്തി എങ്ങനെ കച്ചവടസാധ്യതകള്‍ മെച്ചപ്പെടുത്താം എന്ന അച്ചുതണ്ടിന് ചുറ്റും കറങ്ങുന്ന മറ്റ് ഉപവിഷയങ്ങള്‍ മാത്രമാണ് മിക്കപ്പോഴും അതിന്റെ സൈദ്ധാന്തിക ചര്‍ച്ചകളും (അത് ശാസ്ത്രീയമായാലും താത്വികമായാലും) അതുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നയരൂപീകരണവും മറ്റും നിര്‍മിത ബുദ്ധിയുടെ നൂതന സാധ്യതകളെക്കുറിച്ചുള്ള ശാസ്ത്രസാങ്കേതിക ഗവേഷണങ്ങള്‍പോലും കോര്‍പ്പറേറ്റ് താത്പര്യത്തിന് വിധേയമാണെന്നിരിക്കെ, അതിന്റെ താത്വികാവലോകനങ്ങളുടെ ഗതി പറയേണ്ടതില്ലല്ലോ. AI യിലൂടെയുള്ള മനുഷ്യ സമൂഹത്തിന്റെ കുതിപ്പിന് ഒരു തടയിടല്‍, ഒരു ഗിയര്‍ താഴ്ത്തല്‍ സംരംഭമായി മാത്രമേ ഇത്തരം ചര്‍ച്ചകളെ പൊതുവില്‍ കാണാറുള്ളൂ. എന്നാല്‍ രസകരമായ കാര്യം, തികച്ചും അനാവശ്യവും അപ്രസക്തവും എന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും മനുഷ്യചേതനയുമായി AI യ്ക്ക് പറയപ്പെടുന്ന സാമ്യം, അറിയാതെയാണെങ്കില്‍പോലും പലപ്പോഴും ഇവരെ തത്ത്വചിന്തയുടെ പടിവാതില്‍ക്കല്‍ കൊണ്ടെത്തിക്കുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ മനുഷ്യചേതനയുടെ സ്വഭാവം നിര്‍ണയിക്കാന്‍ കഴിയാത്തതാണ് AI യെക്കുറിച്ചുള്ള മിക്ക വേവലാതികളുടെയും ഉറവിടം. മനുഷ്യചേതന എന്താണെന്ന വ്യക്തമായ ഒരു ധാരണ മറ്റെന്തില്‍നിന്നും അതിനെ വേര്‍തിരിച്ച് കാണാന്‍ നമ്മെ സഹായിച്ചേനെ. നിര്‍ഭാഗ്യവശാല്‍ ചേതനാ നിര്‍വചനത്തിലെ ഹാര്‍ഡ് പ്രോബ്‌ളം വര്‍ഷങ്ങള്‍ക്കിപ്പുറവും ഹാര്‍ഡായി തന്നെ നിലനില്‍ക്കുന്നു. പാശ്ചാത്യതത്ത്വശാസ്ത്രം അങ്ങനെ ഇരുട്ടില്‍ തപ്പുമ്പോള്‍ ഭാരതീയ തത്ത്വശാസ്ത്രത്തില്‍ മനുഷ്യചേതനയുടെ സ്വഭാവത്തെയും സാധ്യതകളെയും കുറിച്ച് സൈദ്ധാന്തികവും പ്രായോഗികവുമായ പഠനങ്ങളുടെ ഒരു നിരതന്നെയുണ്ട്. ചേതനയ്ക്ക് സ്വാഭാവികമായി തന്നെ അതിന്റെ ജൈവിക അതിര്‍വരമ്പുകളെ ഭേദിച്ച് വ്യാപിക്കാന്‍ കഴിവുണ്ടെന്നും, അതിന്റെ വ്യാപനശക്തിക്ക് പരിമിതികളില്ല എന്നും, യഥാര്‍ത്ഥ ഉണ്മയുടെ സത്തയായ മഹദ് ചേതനയുടെ സ്വരൂപമായതിനാല്‍ അതിന്റെ മാഹാത്മ്യങ്ങളെല്ലാം മനുഷ്യചേതനയ്ക്കും അവകാശപ്പെടാമെന്നും ഒക്കെയുള്ള വിവിധങ്ങളായ ഭാരതീയ ചിന്താസരണികളെക്കുറിച്ച് അടുത്തിടെ മറ്റൊരു ലേഖനത്തില്‍ പ്രതിപാദിച്ചിട്ടുള്ളതിനാല്‍ (എഴുത്ത് പുസ്തകം 8- ലക്കം 9: 2023 ജൂലൈ) അതിലേക്ക് കടക്കുന്നില്ല. ഇവയൊക്കെ പൊതുവില്‍ നമ്മെ ചേതനയുടെ ബദ്ധാവസ്ഥയിലെ പരിമിതികളും സാധ്യതകളുമൊക്കെ മനസ്സിലാക്കാന്‍ പ്രാപ്തരാക്കുന്നു. നല്ലത്. ഈ ചിന്താസരണിയിലൂടെ മുന്നേറുമ്പോള്‍ കൃത്രിമ ചേതനയ്ക്ക് മനുഷ്യചേതനയുമായി വസ്തുതാപരമായ വ്യത്യാസം വെളിവാക്കപ്പെടുന്നു എന്നതും അംഗീകരിക്കാവുന്നതാണ്. എങ്കിലും അഭൗതിക വാദത്തിലൂന്നിയ ചേതനയുടെ ഈ സിദ്ധാന്തങ്ങള്‍ക്ക് പരിമിതികള്‍ ഉണ്ടെന്നുള്ള കാര്യം നാം ഓര്‍ക്കേണ്ടതുണ്ട്. ചേതനയ്ക്ക് ഏറ്റവും മുന്തിയസ്ഥാനം കല്‍പിക്കുന്ന വേദാന്ത ചിന്താ പദ്ധതികളെയെടുക്കാം: അവയിലൊക്കെ ചേതനയെ അത് കൂടിക്കലര്‍ന്ന് കിടക്കുന്ന ഭോഗ്യവസ്തുക്കളില്‍ നിന്ന് വേര്‍തിരിച്ചെടുത്ത് ശുദ്ധീകരിക്കുന്ന പ്രക്രിയയ്ക്കാണ് മുന്‍തൂക്കം. ആത്മാവിനെ അനാത്മാവില്‍ നിന്ന് വേര്‍തിരിക്കുന്ന ഈ പ്രക്രിയയെപ്പറ്റി ശ്രീ ശങ്കരന്‍ തന്റെ ഭാഷ്യ, പ്രകരണ ഗ്രന്ഥങ്ങളില്‍ ആവര്‍ത്തിച്ച് പ്രതിപാദിക്കുന്നുണ്ട്. പഞ്ചഭൂതാത്മകങ്ങളായ ശരീരം, ജഗത് എന്നിവയില്‍ നിന്ന് വേറിട്ട് കാണേണ്ട അഭൗതികമായ ചേതനാ സ്വഭാവത്തിനാണിവിടെ മുന്‍തൂക്കം. എന്നാല്‍ ഇതില്‍ നിന്നും തുലോം വ്യത്യസ്തമായ മറ്റൊരു ഭാരതീയ സിദ്ധാന്തം AI യുടെ ചര്‍ച്ചാ പരിസരത്തില്‍ അവതരിപ്പിക്കുക എന്നതാണ് ഈ ലേഖനത്തിന്റെ ഉദ്ദേശ്യം.
ബൗദ്ധചിന്ത, അതിന്റെ ഉദയം മുതല്‍ പിന്നിട്ട നാള്‍വഴികളിലൊക്കെ നിലനിര്‍ത്തിപ്പോന്ന വളരെ സ്വതന്ത്രവും സര്‍ഗാത്മകവുമായ ഒരു ചേതനാസിദ്ധാന്തം അടുത്തിടെ ആഗോളതലത്തില്‍തന്നെ വലിയ ചര്‍ച്ചയ്ക്ക് വഴിവച്ചു. ചേതനയുടെയും അതിന്റെ കര്‍മമണ്ഡലത്തേയും കുറിച്ച് പുറത്തുവന്നിട്ടുള്ള ചില അത്യാധുനിക ചിന്തകള്‍ ബൗദ്ധചിന്തയുമായി അടുത്തസാമ്യം പുലര്‍ത്തുന്നവയാണ് എന്ന് കരുതപ്പെടുന്നു. ശരീരാത്മക ജ്ഞാനവാദം (embodied cogniton) എന്ന ആധുനിക കോഗ്നിറ്റീവ് സയന്‍സിന്റെ രണ്ടാംതരംഗചിന്ത ബൗദ്ധചിന്തയുടെ ഒരു ആധുനിക പകര്‍പ്പാണെന്ന് വേണമെങ്കില്‍ പറയാം. ബൗദ്ധചിന്തയാകട്ടെ, അതിന്റെ ആധുനിക പതിപ്പാകട്ടെ AI യുടെ സാധ്യതയെ കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇവരുടെ ശരീരാത്മകവാദം AI യുടെ ജ്ഞാനാര്‍ജന രീതികളെ ഇകഴ്ത്തിക്കാണിക്കുന്നു.
REPRESENTATIONAL IMAGE
പരമ്പരാഗത ജ്ഞാനാര്‍ജന ശൈലി വസ്തുചേതനാ ദ്വന്ദ്വത്തിലൂന്നിയതാണെന്ന് നമുക്കറിയാം; ഈ സിദ്ധാന്തപ്രകാരം ചേതന വസ്തുവിന്റെ പ്രതിരൂപം മനസ്സില്‍ സൃഷ്ടിക്കുന്നതുവഴി വ്യക്തിക്ക് വസ്തുവിന്റെ ജ്ഞാനം ലഭിക്കുന്നു. ഇതില്‍ നിന്ന് ഭിന്നമായി വസ്തു-ചേതനാ ഐക്യത്തിലൂന്നിയ ജ്ഞാനാര്‍ജന പദ്ധതികള്‍ക്ക് അടുത്തിടെ പ്രാമുഖ്യം ലഭിച്ചിട്ടുണ്ട്. ഈ പുതിയ ജ്ഞാന ശാസ്ത്രത്തില്‍ ഭാഷയ്ക്ക് പരമ്പരാഗത വസ്തുസൂചക ചിഹ്നങ്ങളെ വഹിക്കുക എന്ന ധര്‍മമല്ല ഉള്ളത്. ഭാഷാപ്രയോഗത്തിലൂടെ വസ്തുതാവല്കരിക്കപ്പെട്ടിരുന്ന ലോകവും അതിലെ വസ്തുക്കളും ചേതനയുടെ ഭാഗമാകുന്നതുവഴി വലിയൊരു മാറ്റത്തിന് വിധേയമാവുകയാണ്. പദചിഹ്നങ്ങള്‍ക്ക് അര്‍ത്ഥം നല്‍കാന്‍ മാത്രം കല്പിക്കപ്പെട്ടിരുന്ന ഭൗതികവും സ്ഥാവരങ്ങളുമായ വസ്തുക്കള്‍ എന്നതില്‍ നിന്ന് മാറി അവ വ്യക്തി ജീവിതത്തില്‍ പ്രാധാന്യതയോടെ ഇടപെടുന്ന ചേതനാവ്യവഹാരികളായി മാറുന്നു. ഇക്കൂട്ടര്‍ക്ക് ചേതനയെന്നാല്‍ ശരീരത്തില്‍ നിന്ന് ഭിന്നമായ, അഭൗതികമായ ഒരു ആദ്ധ്യാത്മിക വസ്തു അല്ല, മറിച്ച് ശരീരത്തിലൂടെ ഒഴുകി ചുറ്റുപാടും പരക്കുന്ന, ചലനാത്മകവും പ്രയോഗാത്മകവുമായ ഒരു ശക്തിയാണ്. ജ്ഞാനത്തിന്റെ ഈ ശരീരാത്മകവാദത്തില്‍, ജ്ഞാനം മസ്തിഷ്‌കത്തിലൂന്നിയ ഒരു പ്രക്രിയയാണെന്ന പരമ്പരാഗതവും, കമ്പ്യൂട്ടേഷന്‍ മോഡല്‍ പിന്നീട് ഏറ്റെടുത്തതുമായ ആശയം ചോദ്യം ചെയ്യപ്പെടുന്നു. പുതിയ സിദ്ധാന്തപ്രകാരം വസ്തുവിനെ, വ്യക്തിയില്‍ നിന്ന് വേറിട്ട് മനസ്സിലാക്കുന്ന രീതിയില്‍ നിന്നും ഭിന്നമായി ചേതനാവ്യവഹാരത്തില്‍ വസ്തു എങ്ങനെ വിവക്ഷിക്കപ്പെടുന്നു, അഥവാ പ്രാധാന്യത കൈവരിക്കുന്നു, അതുമല്ലെങ്കില്‍ ഇടപെടുന്നു എന്നതാവും അതിന്റെ സ്വത്വം തീരുമാനിക്കുന്നത്. ഇത്തരമൊരു ചിന്ത ചേതനയെയും, പരമ്പരാഗത ജ്ഞാനശാസ്ത്രം അവലംബിച്ചുപോന്ന വിശ്വാസപ്രമാണങ്ങളെയും അട്ടിമറിക്കുന്നതായി കാണാം. ഉദാഹരണത്തിന് പരമ്പരാഗത ജ്ഞാനശാസ്ത്രരീത്യാ ജ്ഞാനോല്പാദനത്തില്‍ ശരീരത്തിനോ, അവയവങ്ങള്‍ക്കോ, ജ്ഞാനനിര്‍മാണ പ്രക്രിയയ്ക്കാവശ്യമായ അസംസ്‌കൃത വിഭവങ്ങളെത്തിച്ച് കൊടുക്കുക എന്നതിലുപരി മറ്റൊരു പങ്കുമില്ല. ജ്ഞാനോല്പാദന പ്രക്രിയ തികച്ചും ബൗദ്ധികമാണെന്നിരിക്കെ ശരീരത്തിനതില്‍ പങ്കില്ല. ഈ സമ്പ്രദായത്തില്‍ ഇന്ദ്രിയ ജ്ഞാനം -> ബൗദ്ധിക നിര്‍ണയം -> പ്രവൃത്തി എന്ന ക്രമമാണ് പാലിക്കപ്പെടുന്നത്. ഇങ്ങനെ ഉല്പാദിപ്പിക്കപ്പെടുന്ന ജ്ഞാനം പ്രസ്താവങ്ങളായി പുറത്തുവരുന്നു; ഇവയുടെ കൃത്യവും വ്യക്തവുമായ അര്‍ത്ഥം ഈ പ്രസ്താവങ്ങളിലെ പദചിഹ്നങ്ങള്‍ വിവക്ഷിക്കുന്ന വസ്തുക്കളില്‍ നിന്നും വെളിവാക്കപ്പെടും ഈ പരമ്പരാഗത ജ്ഞാനശാസ്ത്രത്തില്‍ യൂറോപ്യന്‍ ക്ലാസ്സിക്കല്‍ ചിന്തയുടെ ബാക്കിപത്രമായ ശരീര-മനോ ദ്വന്ദ്വചിന്ത ഒളിഞ്ഞിരിപ്പുണ്ടെന്ന് വ്യക്തം. ജ്ഞാനാര്‍ജന പ്രക്രിയ ചേതനയുടെ ഒരു പ്രവര്‍ത്തി എന്ന നിലയില്‍ അതില്‍മാത്രം ഒതുങ്ങി നില്‍ക്കേണ്ട ഒന്നാണെന്നും, അതുകൊണ്ടുതന്നെ അതിനെ ശാരീരിക വ്യവഹാരങ്ങളില്‍നിന്ന് വേര്‍തിരിച്ച് കാണേണ്ടതാണെന്നുമുള്ള അടിസ്ഥാനതത്ത്വം ഇതില്‍ നമുക്ക് വായിച്ചെടുക്കാം. കോഗ്നിറ്റീവ് സയന്‍സിന്റെ ആദ്യ അലയൊലിയായി വിശേഷിപ്പിക്കപ്പെടുന്ന 'കമ്പ്യൂട്ടര്‍ തിയറി ഓഫ് മൈന്‍ഡ്'(മനസ്സിനെ അഥവാ ബോധത്തെ കമ്പ്യൂട്ടറുമായി താദാത്മ്യവല്കരിക്കല്‍) യഥാര്‍ത്ഥത്തില്‍ ഈ യൂറോപ്യന്‍ ക്ലാസ്സിക്കല്‍ ചിന്തയുടെ ഒരു പിന്തുടര്‍ച്ചയായി വേണം കരുതാന്‍, അതേപാതയിലൂടെ അത് ബഹുദൂരം മുന്നോട്ട് നീങ്ങുകയും ചെയ്തു. എന്നാല്‍ ക്രമേണ കമ്പ്യൂട്ടറും മനസ്സുമായുള്ള ഈ ഉല്‍പ്രേക്ഷ്യത്തിലുള്ള പാകപ്പിഴകള്‍ ഉയര്‍ന്ന് കേള്‍ക്കാന്‍ തുടങ്ങി. എങ്ങനെയാണ് ജൈവീകചിന്ത ചിഹ്നവിനിമയത്തിലൂടെ ജ്ഞാനോല്പാദനം നടത്തുന്നത്, എങ്ങനെയാണ് ഭാഷയിലെ പദങ്ങള്‍ വസ്തുചിഹ്നങ്ങളാകുന്നത്, എന്തുകൊണ്ടാണ് നാം 'മേശ' എന്ന പദംകൊണ്ട് 'മേശ' എന്ന വസ്തുവിനെ പ്രതിനിധീകരിക്കുന്നത്, എന്നീ ചോദ്യങ്ങള്‍ കോഗ്നിറ്റീവ് ശാസ്ത്രജ്ഞരുടെ ഉറക്കംകെടുത്തി. ഇവ തമ്മില്‍ പ്രകൃത്യനുസരണമായ ബന്ധങ്ങള്‍ (കാര്യ-കാരണ ബന്ധം പോലുള്ളവ) ഒന്നുമില്ല എന്നിരിക്കെ, ഒരു പദത്തിന് തികച്ചും കൃത്രിമമായി എങ്ങനെ ഒരു വസ്തുവിന്റെ സൂചകമാകാനാവും, എന്നിങ്ങനെ ആശങ്കകള്‍ പലതായിരുന്നു. ഇവയൊക്കെതന്നെ മനുഷ്യന്റെ ബോധമണ്ഡലത്തെയും, ജ്ഞാനോല്പാദന പ്രക്രിയകളെയും കുറച്ചുകൂടി ജൈവീകമായി കാണുക എന്ന ബദല്‍ ചിന്തയ്ക്ക് ജന്മം നല്‍കി. ഇവര്‍ മനുഷ്യബോധത്തെ കമ്പ്യൂട്ടര്‍ എന്ന യന്ത്രത്തോട് ഉപമിക്കുന്നതിന് പകരം അതിന്റെ ജ്ഞാനോല്പാദന പ്രക്രിയകളെ കൂടുതല്‍ ജൈവവല്കരിക്കാനും, അതിന് ശരീരവും അതിന്റെ പരിസരവുമായുള്ള ചലനാത്മക ബന്ധത്തെ ഈ പ്രക്രിയയുടെ മൂലക്കല്ലായി കാണാനും ഒരുങ്ങി.
ജ്ഞാനോല്പാദനപ്രക്രിയയില്‍ ശരീരത്തിനും അതിന്റെ പ്രകൃതി പശ്ചാത്തലത്തിനും ഇടംനല്‍കുന്ന ഈ ചിന്താരീതി കോഗ്നിറ്റീവ് സയന്‍സിന് ഒരു പുത്തന്‍ ഉണര്‍വേകി. പോയ നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ AI ശാസ്ത്രജ്ഞരും ഈ മാറിയ പ്രവണത സ്വീകരിക്കാന്‍ മുന്നോട്ടുവന്നു. പക്ഷേ, അവരുടെ മുന്നിലെ വെല്ലുവിളികള്‍ വലുതായിരുന്നു. ഒരുപരിധിവരെ ചുറ്റുപാടുകളോട് വേണ്ടവിധം (സാമാന്യമായ രീതിയില്‍ എങ്കിലും) പ്രതികരിക്കാന്‍ സമര്‍ത്ഥരായ നിര്‍മിതബുദ്ധികളെ വാര്‍ത്തെടുക്കാന്‍ ഇത് സഹായകമാവുകയും ചെയ്തു. ശരീരാത്മക ചേതനയുടെയും ശരീരത്തെക്കൂടി ഭാഗഭാക്കാക്കി നടത്തുന്ന ജ്ഞാന സമ്പാദന രീതികളുമൊക്കെ അങ്ങനെ ചേതനയെ മസ്തിഷ്‌കജന്യവും മസ്തിഷ്‌കപരവുമായ ഒന്ന് എന്നതിന് പകരം നമ്മുടെ കര്‍മ്മേന്ദ്രിയങ്ങളിലും ജ്ഞാനേന്ദ്രിയങ്ങളിലും വ്യാപിച്ചുകിടക്കുന്ന, സ്വജീവിതചുറ്റുപാടുകളെക്കൂടി ഉള്‍ക്കൊള്ളുന്ന, ചലനാത്മകവും, പരിവര്‍ത്തനാത്മകവുമായ ഒന്നായി ചിത്രീകരിച്ചു. ഇവിടെ ചേതനയെന്നത് വ്യക്തിയുടെ മസ്തിഷ്‌ക പ്രവര്‍ത്തനങ്ങളില്‍ ഒതുങ്ങിനില്ക്കുന്ന, ചുറ്റുപാടുമുള്ള എല്ലാറ്റിനേയും വസ്തുവത്കരിക്കുന്ന ഒരു കര്‍ത്താവല്ല, മറിച്ച് ശരീരംകൊണ്ട് കൂടി ചുറ്റുപാടുമായുള്ള ഇടപഴകലിലൂടെ ജ്ഞാനസമ്പാദനം നടത്തുന്ന വ്യക്തിയെയാണ്. ഇതിലൂടെ മസ്തിഷ്‌കത്തിന് വിഭവങ്ങള്‍ സമാഹരിച്ച് കൊടുക്കുന്ന നിഷ്‌ക്രിയവും ജഡവുമായ ഒരു 'ജ്ഞാനസാമഗ്രി സമ്പാദക' എന്ന നിലയില്‍ നിന്ന് ശരീരം ജ്ഞാനോല്പാദന പ്രക്രിയയിലെ സജീവപങ്കാളിയായി മാറുന്ന കാഴ്ചയാണ് നാം കാണുന്നത് (ലിംഗ വിവേചനത്തിനെതിരെയുള്ള പ്രതികരണമായും ഈ സിദ്ധാന്തത്തെ വ്യാഖ്യാനിക്കാവുന്നതാണ്).
REPRESENTATIONAL IMAGE
ശരീരാത്മകം കൂടിയാവുന്ന ജ്ഞാനത്തിന്റെ ഈ പുനര്‍നിര്‍മിതിയില്‍ ശരീരം, അതിന്റെ ചലനങ്ങള്‍, ശാരീരികമായ ആംഗ്യങ്ങള്‍, മുദ്രകള്‍ ഇവയ്‌ക്കൊക്കെ അര്‍ഹിക്കുന്ന പ്രാധാന്യം ലഭിക്കുന്നു എന്നതാണിതിന്റെ സവിശേഷത. സത്യത്തില്‍ ഒരു വ്യക്തിയുടെ ശബ്ദകോശം പരിശോധിച്ചാല്‍ വെളിവാകുന്ന ഒന്നുണ്ട്: അതവളുടെ ചുറ്റുപാടുമായുള്ള നാളിതുവരെ നടത്തിയിട്ടുള്ള ഇടപെടലുകളുടെ നേര്‍ക്കാഴ്ചയാവും. ഉദാഹരണത്തിന് ജന്മനാ അന്ധയായ ഒരു വ്യക്തിക്ക് നിറങ്ങള്‍, നിറഭേദങ്ങള്‍, ആകൃതി, ആകൃതി ഭേദങ്ങള്‍ ഇവയെ കുറിക്കുന്ന പദങ്ങള്‍ അവളുടെ ശബ്ദകോശത്തില്‍ കുറവായിരിക്കും. ഇനി മറ്റൊരുദാഹരണമെടുക്കാം: നമ്മില്‍ പലരും സംസാരിക്കുമ്പോള്‍ ആംഗ്യം കാട്ടാറുണ്ട്, അതിന്റെ ആവശ്യമില്ല എന്നറിഞ്ഞുകൊണ്ടുതന്നെ. നമ്മുടെ വാക്കുകള്‍ വഴി ശ്രോതാവിന് കാര്യം മനസ്സിലാവുമെന്നിരിക്കെ എന്തിനാണ് നാം ആംഗ്യം കാട്ടുന്നത്? ആംഗ്യസംഭാഷണം യഥാര്‍ത്ഥത്തില്‍ ഒരു ക്ഷണമാണ്: അതിലൂടെ വ്യക്തി അവളുടെ സംവേദനങ്ങള്‍ പങ്കുവയ്ക്കുന്നതോടൊപ്പം ചുറ്റുപാടില്‍ നിന്നും അതിനുള്ള പ്രതികരണങ്ങള്‍ ആരായുന്നതാണിത്. സ്ത്രീകളിലാണ് ഈ ആംഗ്യഭാഷണം കൂടുതലായി കണ്ടുവരുന്നത്: പുരുഷമേധാവിത്വ ഇടങ്ങളില്‍ ഇത് ഒരു മോശം പ്രവണതയായി ചിത്രീകരിക്കപ്പെടുന്നുമുണ്ട്. എന്നാല്‍ വസ്തുത മറിച്ചാണ്: അവളാണ് യഥാര്‍ത്ഥത്തില്‍ ജ്ഞാനാര്‍ജന-വിനിമയ പ്രക്രിയ ഒരു സംഭാഷണമാക്കി മാറ്റുന്നത്. വ്യക്തിയും ചുറ്റുപാടും തമ്മിലുള്ള നിരന്തര സംഭാഷണത്തിന്റെ ഫലമാവണം 'അറിവ്' എന്നാണ് ആധുനിക കോഗ്നിറ്റീവ് സയന്‍സിന്റെ മതം. ശരീരത്തിന്റെ ജ്ഞാനാര്‍ജന പ്രക്രിയയിലെ ഇടപെടലുകള്‍ക്ക് മറ്റൊരു ഉദാഹരണം നല്‍കാം: ഓര്‍മകള്‍ പലപ്പോഴും നാം വീണ്ടെടുക്കുന്നത് നമ്മുടെ ശരീരത്തോടും പരിസരത്തോടും ബന്ധപ്പെടുത്തിയാണ്. ഇനി മറ്റൊന്ന്: പന്തുകള്‍ തുരുതുരാ എറിഞ്ഞ് പിടിക്കുന്ന ball juggliers നെ നിങ്ങള്‍ സര്‍ക്കസിലും മറ്റും കണ്ടിരിക്കും. നമുക്കദ്ഭുതം ദ്യോതിപ്പിക്കുന്ന ഈ പ്രവൃത്തി ശരീരം വെറും രണ്ടാഴ്ചത്തെ പ്രാക്ടീസ് കൊണ്ട് എളുപ്പത്തില്‍ പഠിച്ചെടുക്കുന്ന ഒന്നാണ്. പന്തുകള്‍ പൊങ്ങി താഴാനെടുക്കുന്ന സമയം, അവയുടെ ദിശ ഇവ ശരീരം മനസ്സിലാക്കി എടുക്കുന്നതോടെ അനായാസം ഇത് ചെയ്യാനാവും.
ഇപ്രകാരം ശരീരത്തിലേക്ക് കൂടി വ്യാപിപ്പിക്കപ്പെടുന്ന ചേതനയ്ക്ക് മസ്തിഷ്‌കത്തിന്റെ സഹായമില്ലാതെതന്നെ ചിന്തിക്കാനും തീരുമാനം എടുക്കാനും അത് പ്രാവര്‍ത്തികമാക്കാനും കഴിയും. ഇതിന് ഏറ്റവും നല്ല ഉദാഹരണമായി പറയാവുന്ന മറ്റൊന്ന് സൈക്കിളിംങാണ്. ബുദ്ധിപരമായ ഒരു ഇടപെടലും ഇല്ലാതെ ശരീരത്തിന് സ്വന്തമായി ചെയ്യാവുന്ന ഒരു പ്രക്രിയയായി ഇതിനെ കണക്കാക്കപ്പെടുന്നു. ചുരുക്കത്തില്‍ എങ്ങനെ സൈക്കിള്‍ ചവിട്ടണം എന്ന അറിവ് ശരീരത്തില്‍ നിക്ഷിപ്തമാണെന്ന് വരുന്നു. ഇങ്ങനെ ശരീരത്തെ മനസ്സിന്റെ ഒരു എക്‌സ്റ്റന്‍ഷന്‍ (നീട്ടല്‍) ആയി ഉപയോഗിക്കുന്നതിന് ദൈനംദിന ജീവിതത്തില്‍ ഇനിയും ധാരാളം ഉദാഹരണങ്ങള്‍ ഉണ്ട്: ടൈപ്പ് ചെയ്യുമ്പോള്‍ വിരലുകള്‍ക്ക് അക്ഷരമുളള കീകളെ വ്യക്തമായി അറിയാമെന്നത് കൊണ്ട് നാം കീബോര്‍ഡിലേക്ക് നോക്കാറില്ല. ഇങ്ങനെ നമ്മുടെ പല കര്‍മങ്ങളിലും മസ്തിഷ്‌കത്തിന് പങ്കില്ല എന്ന് മനസ്സിലാക്കാം. ശരീരത്തിലൂടെ ഒഴുകിയിറങ്ങി ശരീരത്തിന് പുറത്ത് പരക്കുന്ന ഒരു വ്യാപൃതമായ ചേതന നമ്മുടെ ജീവിതാനുഭവങ്ങളില്‍ ഒന്നാണ്. കാറോടിക്കുമ്പോള്‍ നാം നമ്മുടെ ശരീരം കാറിന്റെ ശരീരവുമായി താദാത്മ്യപ്പെടുത്താറുണ്ട്. ഒന്ന് വ്യക്തം: നമ്മുടെ ചേതന നമ്മുടെ മസ്തിഷ്‌കത്തിലോ നമ്മുടെ ശരീരത്തില്‍ പോലുമോ ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല. നാം നമുക്ക് ചുറ്റും സ്വന്തമായ ഒരിടം (private space) കല്പിച്ച് വച്ചിരിക്കുന്നത് ഈ വ്യാപനത്തിന്റെ അഥവാ ഒഴുക്കിന്റെ ഒരു ദൃഷ്ടാന്തമായി കാണിക്കാവുന്നതാണ്. ആ സ്വകാര്യഇടത്തിലേക്ക് മറ്റൊരാള്‍ കടന്നുകയറുമ്പോള്‍ നമുക്കുണ്ടാവുന്ന അസ്വസ്ഥത നാം ശരീരഭാഷയിലൂടെ വ്യക്തമാക്കാറുമുണ്ട്. ലിഫ്റ്റ് പോലുള്ള പൊതു ഇടങ്ങളില്‍ ഇത്തരം കടന്നുകയറ്റങ്ങള്‍ സ്വാഭാവികമാണ്.
സത്യത്തില്‍ ശരീരത്തിന്റെ ചിന്തിക്കാനുള്ള ഈ കഴിവിനെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. അപകടങ്ങളെ നേരിടുമ്പോള്‍ ശരീരത്തിന് നേരിട്ട് ബുദ്ധിയുടെ നിര്‍ദേശങ്ങള്‍ക്ക് കാതോര്‍ക്കാതെ തീരുമാനങ്ങള്‍ എടുക്കേണ്ടതായി വരും. മൃഗങ്ങളില്‍ ഈ ശരീരാത്മക ചേതനയുടെ പ്രവര്‍ത്തനം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ചുറ്റുപാടുകളുമായി സംവദിക്കാന്‍ കഴിയുന്നുണ്ട്. ഒന്നോര്‍ക്കുക: ആദ്യമായി ഇന്ത്യയുടെ തെക്കന്‍ തീരങ്ങളില്‍ സുനാമി ആഞ്ഞടിച്ചപ്പോള്‍ മിക്ക മൃഗങ്ങളും അപകടം തിരിച്ചറിയുകയും സ്വയരക്ഷ നേടുകയും ചെയ്തു. വിശേഷബുദ്ധിയുള്ള മനുഷ്യന് മാത്രം പ്രകൃതിയുടെ മാറ്റങ്ങള്‍ക്ക് കാതോര്‍ക്കാന്‍ കഴിഞ്ഞില്ല. യഥാര്‍ത്ഥത്തില്‍ ചിന്തിക്കാന്‍ 'മാത്രം' ശേഷിയുള്ള ജീവിയായി മനുഷ്യന്‍ മാറിയതിന്റെ പരിണിതഫലങ്ങളാണ് നാം ഇന്നനുഭവിക്കുന്ന ഒട്ടുമിക്ക ദുരന്തങ്ങളും.
ഗ്രീക്ക് തത്ത്വചിന്തയില്‍ ശരീരംമാത്രം പങ്കെടുക്കുന്ന ജ്ഞാനപ്രക്രിയകളെ (Connaitre) യുക്ത്യാധിഷ്ഠ ജ്ഞാന (Savoir) ത്തില്‍ നിന്ന് വേര്‍തിരിച്ചിരുന്നു. ഈ രണ്ടു രീതികളും വ്യത്യസ്തമായാണ് ജ്ഞാനത്തെ സമീപിക്കുന്നത്: ആദ്യത്തേതില്‍ ജ്ഞാനം എങ്ങനെ നേടാം എന്ന പ്രായോഗിക ചിന്തയാണ് വിഷയം, രണ്ടാമത്തേതില്‍ ജ്ഞാനത്തെ എങ്ങനെ നിര്‍വചിക്കാമെന്ന താത്വിക പ്രശ്‌നമാണ് വിഷയീഭവിക്കുന്നത്.
REPRESENTATIONAL IMAGE
ശരീരത്തിന് ജ്ഞാതാവിന്റെ സ്ഥാനം നേടിക്കൊടുക്കാന്‍ അക്ഷീണമായി യത്‌നിച്ച മെര്‍ലോപോണ്ടി എന്ന തത്ത്വചിന്തകനെ ഇത്തരുണത്തില്‍ മറന്നുകൂടാ. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ യൂറോപ്യന്‍ ക്ലാസ്സിക്കല്‍ രീതിക്ക് ബദലായി 'ശരീരം' എന്ന ജ്ഞാതാവിനെ സധൈര്യം അവതരിപ്പിച്ച പോണ്ടി കാലത്തിനു മുന്‍പേ നടന്നയാളായിരുന്നെങ്കിലും, പില്ക്കാലത്ത് കോഗ്നിറ്റീവ് സയന്‍സിന്റെ രണ്ടാംതരംഗമെന്ന് വിശേഷിപ്പിക്കുന്ന ശരീരാത്മകജ്ഞാനത്തിന്റെ വക്താക്കളുടെ ദൈവമായി മാറി. ജ്ഞാനത്തെ ബുദ്ധിയുടെ അച്ചുതണ്ടില്‍ നിന്നും മോചിപ്പിച്ച് അതിനെ ജൈവികവും സ്വാഭാവികവുമായ 'ശരീരം' എന്ന അച്ചുതണ്ടിലേക്ക് അദ്ദേഹം മാറ്റിക്കെട്ടി. 'I think therefore I am' എന്ന ഡേകാര്‍ട്ട്‌സിന്റെ ചിന്താകേന്ദ്രീകൃതമായ അസ്തിത്വ സങ്കല്‍പനത്തില്‍ നിന്ന് 'I can therefore I am' എന്ന മാറ്റം ശരീരാത്മകജ്ഞാനത്തിന്റെ വക്താക്കള്‍ക്ക് ആവശ്യമായ ഭവശാസ്ത്രഅടിത്തറ നല്‍കി എന്ന് കരുതാം.
ഇനി നമുക്ക് ബൗദ്ധചിന്തയിലേക്ക് കടക്കാം. ഭാരതീയ തത്ത്വചിന്താപദ്ധതികളില്‍ ബൗദ്ധചിന്തയ്ക്കാണ് പാശ്ചാത്യരാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ പ്രചാരവും സമ്മതിയും. ഇതിനു കാരണങ്ങള്‍ പലതാണ്: അവയില്‍ പ്രധാനം ബൗദ്ധചിന്ത മനുഷ്യന്റെ യുക്തിക്കതീതമായി നില്ക്കുന്ന ഒന്നിനും വിലകല്പിക്കുന്നില്ല എന്നത് തന്നെ. ബുദ്ധന്റെ തന്നെ പ്രശസ്തമായ വചനം ഇത്തരുണത്തില്‍ പ്രസ്താവ്യമാണ്: 'ഭിക്ഷുക്കളെ, നിങ്ങള്‍ എന്റെ വാക്കുകളെ പരീക്ഷിച്ച് മാത്രം സ്വീകരിക്കുവിന്‍; എന്റെതെന്ന കാരണം കൊണ്ടരുത്'. ഈ അടിസ്ഥാനതത്ത്വം ബൗദ്ധചിന്തകളില്‍ ഉടനീളം, അത് പല കൈവഴികളായി പിരിഞ്ഞപ്പോഴും, പരിപാലിക്കപ്പെട്ടിരുന്നു. യാഥാസ്ഥിതിക മതത്തിന്റെ ചട്ടക്കൂട്ടില്‍ നിന്നും വിട്ട്, സ്വതന്ത്രമായി നടത്തുന്ന ഒരാത്മാന്വേഷണത്തിന്റെ മാതൃകയായി ബൗദ്ധചിന്ത ഇന്നും ഏഷ്യന്‍ രാജ്യങ്ങളിലും പാശ്ചാത്യരാജ്യങ്ങളിലും പരിഗണിക്കപ്പെടുന്നു. ബൗദ്ധചിന്തയിലെ ചേതനയെ അപഗ്രഥിക്കുക അത്ര എളുപ്പമല്ല, കാരണം ശാശ്വതമായ ഒരു ആത്മതത്ത്വത്തെ അവര്‍ നിഷേധിക്കുന്നു എന്നതുതന്നെ. ഇവിടെ ജ്ഞാനാനുഭവങ്ങളുടെ ഉടമസ്ഥനായ ചേതനാവിശേഷിയായ ഒരു ആത്മതത്ത്വമില്ല, പകരം നാമരൂപാദി പഞ്ചസ്‌കന്ദങ്ങളുടെ ചേരുംപടിയുള്ള ചേര്‍ച്ച, അതാണ് വ്യക്തിക്ക് രൂപംനല്‍കുന്നത്. ബൗദ്ധചിന്തയുടെ മറ്റൊരടിസ്ഥാന പ്രമാണമായ ക്ഷണികവാദത്തിന്റെ പ്രഭാവം ഈ ആത്മതത്ത്വത്തിലും പ്രകടമാകുന്നുണ്ട്. പ്രാപഞ്ചികമായതൊക്കെ മാറ്റത്തിനു വിധേയമാണ്, കൂട്ടത്തില്‍ വ്യക്തിചേതനയും. മാറിക്കൊണ്ടിരിക്കുന്ന ബാഹ്യ-ആന്തരിക ശരീരങ്ങള്‍ക്കൊപ്പം വ്യക്തിയും മാറിക്കൊണ്ടിരിക്കുന്നു. മനുഷ്യന്റെ ബോധം അഥവാ ചേതന ഒരു സ്ഥിരം സംവിധാനമല്ല, മറിച്ച് അനുഭവങ്ങളുടെ ഒരു നീണ്ട അണമുറിയാത്ത ഒഴുക്കാണെന്ന് അഭിധമ്മചിന്തയുടെ വക്താക്കളായ ബുദ്ധഘോഷനും, അസംഗനും, വാസുബന്ധുവുമൊക്കെ വാദിക്കുന്നു. ചേതന, അഥവാ വിജ്ഞാനം ആറു തരത്തില്‍ പ്രവര്‍ത്തിക്കുന്നതായി ആദ്യകാല അഭിധമ്മഭിക്ഷുക്കള്‍ അഭിപ്രായപ്പെട്ടു: അഞ്ച് ഇന്ദ്രിയങ്ങളുടെയും മനസ്സിന്റെയും പ്രവര്‍ത്തനഫലമായി ഉടലെടുക്കുന്ന ജ്ഞാനബോധങ്ങളാണിത്. അസംഗന്‍ ഇവയോട് ആലയവിജ്ഞാനം, ക്ലിഷ്ടവിജ്ഞാനം എന്നീ രണ്ടു ചേതനാവിശേഷങ്ങള്‍ കൂടി കൂട്ടിച്ചേര്‍ത്തു. ഇതില്‍ ആലയവിജ്ഞാനം എന്നത് ചേതനയുടെ ഒരു കലവറ സങ്കല്പമാണ്. മനോവ്യാപരങ്ങള്‍ക്ക് ഒരു തുടര്‍ച്ച കിട്ടാന്‍ ചേതനയുടെ ഒരു കലവറ (Store house) ആവശ്യമാണെന്ന് അസംഗന്‍ കരുതി. ക്ലിഷ്ടമനോവിജ്ഞാനം ഓരോ ക്ഷണത്തിലും മനസ്സിന് ലഭിക്കുന്ന ചേതനാനിര്‍മിതമായ വസ്തുസങ്കല്പനങ്ങളാണ്. ജ്ഞാനാര്‍ജന പ്രക്രിയയില്‍ ഓരോ സന്ദര്‍ഭത്തിലും വസ്ത്വധിഷ്ഠിത ജ്ഞാനത്തോടൊപ്പം വ്യക്ത്യധിഷ്ഠിത ജ്ഞാനവും ഉല്പന്നമാവുന്നു എന്നവര്‍ കരുതി. ഇവിടെ വ്യക്തി എന്നതുകൊണ്ട് ജ്ഞാനബോധങ്ങളുടെ തുടര്‍ച്ച എന്ന് മാത്രമേ അര്‍ത്ഥമാക്കേണ്ടതുള്ളൂ; ബൗദ്ധന്മാര്‍ ചേതനാവ്യക്തിക്ക് പകരം ചേതനയെ മുന്നില്‍ നിര്‍ത്തി ജ്ഞാനോല്പാദനത്തെക്കുറിച്ച് മാത്രം പറയുന്ന രീതിയാണ് അവലംബിക്കുന്നത്.
രണ്ടാംതരംഗ കോഗ്നിറ്റീവ് ശാസ്ത്രജ്ഞന്മാര്‍ ബൗദ്ധജ്ഞാനശാസ്ത്രത്തിലെ സിദ്ധാന്തങ്ങളെ അവര്‍ കാലങ്ങളായി അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടെത്താനായി ഉപയോഗിക്കുന്നുണ്ട്. ഉദാഹരണത്തിന് എങ്ങനെയാണ് വിവിധങ്ങളായ ഇന്ദ്രിയജ്ഞാനങ്ങള്‍ കോര്‍ത്തിണക്കി മനസ്സ് അതിനെ ഒറ്റക്കെട്ടായി അവതരിപ്പിക്കുന്നതെന്ന് വിശദീകരിക്കാന്‍ അവര്‍ അഭിധമ്മ സ്‌കൂളിലെ ക്ഷണിക പ്രത്യക്ഷങ്ങളുടെ ബോധത്തെക്കുറിച്ചുള്ള സിദ്ധാന്തം പ്രയോജനപ്പെടുത്തുന്നു. ഇങ്ങനെ ശാശ്വതമായ ഒരു ആത്മാവ് എന്ന കല്‍പനയുടെ സഹായമില്ലാതെ തന്നെ ഇന്ദ്രിയ സംവേദനങ്ങളുടെ ഏകോപിതരൂപം കൈവരിക്കാമെന്ന് ബൗദ്ധചിന്ത വ്യക്തമാക്കുന്നു. ഓരോ പുതിയ വസ്ത്വാനുഭവവും പൂര്‍വാനുഭവങ്ങളുടെ തുടര്‍ച്ചയായ ബോധപ്രവാഹത്തെ ഉത്തേജിപ്പിക്കുന്നു. ചുരുക്കത്തില്‍ ചേതനയെന്നത് വസ്ത്വാനുഭവങ്ങളുടെ തുടര്‍ച്ചയാണെന്നും, അതുപോലെ വസ്തു എന്നത് വിജ്ഞപ്തി മാത്രമാണെന്നും വരുന്നു.
മുന്‍പറഞ്ഞ ജ്ഞാനത്തിന്റെ ശരീരവത്കരണം ബൗദ്ധചിന്തയിലുടനീളം കാണാം. എഡി അഞ്ചും ഏഴും നൂറ്റാണ്ടുകളില്‍ ജീവിച്ച ദിക്‌നാഗനും ധര്‍മകീര്‍ത്തിയും നളന്ദ സര്‍വകലാശാല കേന്ദ്രമാക്കി ഒരു 'ലോജിക്കല്‍ സ്‌കൂള്‍ ഓഫ് ബുദ്ധിസം' വികസിപ്പിച്ചിരുന്നു. ദിക്‌നാഗന്‍ അദ്ദേഹത്തിന്റെ വിശ്വവിഖ്യാതമായ 'പ്രമാണസമുച്ചയ'ത്തില്‍ ജ്ഞാനത്തെ എങ്ങനെ ബുദ്ധിയുടെ കാരാഗൃഹത്തില്‍ നിന്ന് മോചിപ്പിക്കാമെന്ന് വിവരിക്കുന്നു. ബൗദ്ധചിന്തയിലെ ഒരടിസ്ഥാനാശയമായ 'ക്ഷണികവാദ' പ്രകാരം വസ്തുക്കള്‍ ക്ഷണഭംഗുരങ്ങളാണ്, ഇവ തുടര്‍ച്ചയായി മാറ്റത്തിന് വിധേയമാണെന്നിരിക്കെ വസ്തുവിന്റെ ഇന്ദ്രിയസംവേദനങ്ങളെ മനസ്സ് നാമം, ജാതി തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വര്‍ഗീകരണത്തിന് വിധേയമാക്കി, ആ ഏകതാനമായ ജ്ഞാനത്തെ ഭാഷയിലൂടെ പ്രകടമാക്കുമ്പോഴേക്കും അത് പരാമര്‍ശിക്കുന്ന വസ്തു മാറ്റത്തിന് വിധേയമായി കഴിഞ്ഞിരിക്കും. അതുകൊണ്ടുതന്നെ അതേക്കുറിച്ചുള്ള പ്രസ്താവം അസത്യമായി വരുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മനസ്സിന്റെ മുറപ്രകാരമുള്ള വര്‍ഗീകരണത്തിന് വിധേയമാക്കപ്പെടുന്ന ഇന്ദ്രിയസംവേദനങ്ങള്‍ വസ്തുക്കളെ അവയുടെ തനത് സ്വഭാവത്തില്‍ പ്രതിനിധീകരിക്കുന്നതില്‍ പരാജയപ്പെടുന്നു. അങ്ങനെ വെറും ശരീരംകൊണ്ടുള്ള അറിവ് മാത്രമാണ് യഥാര്‍ത്ഥജ്ഞാനം എന്ന് വരുന്നു. കാരണം ബുദ്ധി ലോകത്തെയല്ല, സ്വയം കല്‍പ്പനയിലൂടെ സൃഷ്ടിച്ചെടുക്കുന്ന മറ്റൊരു ലോകത്തെയാണ് ജ്ഞാനമായി പുറത്തുവിടുന്നത്. നാലുതരത്തിലുള്ള പ്രത്യക്ഷജ്ഞാനത്തെക്കുറിച്ച് ഇവര്‍ പറയുന്നുണ്ട്: ആദ്യത്തേത് ഇന്ദ്രിയ പ്രത്യക്ഷം: ഇതിനെ സ്വലക്ഷണ പ്രത്യക്ഷമെന്നും പറയാം. ഇത് ശരീരം അഥവാ ഇന്ദ്രിയങ്ങള്‍ ലോകവുമായി നടത്തുന്ന വ്യവഹാരത്തിന്റെ ഫലമായി ലഭിക്കുന്ന ശരീരാനുസാരിയായ ജ്ഞാനമാണ്. രണ്ടാമത്തേത് മാനസ പ്രത്യക്ഷം: ഇതിനെ സാമാന്യലക്ഷണ പ്രത്യക്ഷം എന്നു വിളിക്കാം. ഇതില്‍ ഇന്ദ്രിയസംവേദനങ്ങളെ വ്യക്തി അവന്റെ ഇച്ഛാ-രാഗ-ദ്വേഷങ്ങള്‍ക്ക് വിധേയമാക്കി, മുന്‍ അനുഭവങ്ങളുമായി താരതമ്യപ്പെടുത്തി, അതില്‍ യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത നാമം, വര്‍ഗം എന്നിവ കൂട്ടിക്കലര്‍ത്തി ഭാഷയിലൂടെ പ്രസ്താവനമായി പുറത്തുവിടുന്നു. ഇതിന് കല്പനയുടെ വിലയെ ബൗദ്ധര്‍ നല്‍കുന്നുള്ളൂ. സ്വസംവേദനവും യൗഗിക പ്രത്യക്ഷവുമാണ് മറ്റ് രണ്ട് പ്രത്യക്ഷജ്ഞാനങ്ങള്‍. ബൗദ്ധചിന്ത പൊതുവില്‍ ഉണ്മയെ അഥവാ യാഥാര്‍ത്ഥ്യത്തെ (Reality) സംവൃത സത്യമെന്നും പരമാര്‍ത്ഥ സത്യമെന്നും രണ്ടായി തരംതിരിച്ചിരിക്കുന്നു. ഇതില്‍ സംവൃതസത്യത്തിന്റെ ലക്ഷണം അതിന്റെ പ്രവൃത്തി സാമര്‍ത്ഥ്യമാണ്. ചുട്ടുപഴുത്തുകിടക്കുന്ന റോഡില്‍ കാറോടിച്ച് വരുമ്പോള്‍ മുന്നില്‍ വെള്ളത്തിന്റെ പ്രതീതി ഉണ്ടായേക്കാം. എന്നാല്‍ ഈ ജ്ഞാനാനുഭവം സത്യമാവണമെങ്കില്‍ അതിന് അര്‍ത്ഥക്രിയാകാരിത്വമുണ്ടാവണം; കുറച്ചുകൂടി ലളിതമായി പറഞ്ഞാല്‍ ആ ജ്ഞാനാനുഭവം വ്യക്തിക്ക് ഉപയോഗപ്രദമാവണം. ഈ ജലംകൊണ്ട് നമുക്ക് ദാഹം നിവര്‍ത്തിക്കാനോ ജലത്തിന്റെ മറ്റുപയോഗങ്ങള്‍ക്കോ സാധ്യമല്ല എന്നതുകൊണ്ടു അത് അസത്യമാണെന്ന് വരുന്നു.
ചുരുക്കിപ്പറഞ്ഞാല്‍ മനസ്സ് ഒരു കമ്പ്യൂട്ടറിനെപ്പോലെ ലോജിക്കല്‍ ആപ്ലിക്കേഷന്‍ വഴി ലോകത്തിലെ വസ്തുക്കളെ ഒന്നിനൊന്ന് എന്ന രീതിയില്‍ മനസ്സിലാക്കലല്ല ജ്ഞാനം, മറിച്ച് വ്യക്തി ചേതന അഥവാ ഗ്രാഹക- ചേതന ഗ്രാഹ്യ-ചേതനയായി മാറി, ഈ ഗ്രാഹ്യ-ഗ്രാഹക ചേതനങ്ങള്‍ സമഞ്ജസമായി അവയുടെ അനുഭവതലത്തെ സ്പര്‍ശിക്കുമ്പോഴാണ് ജ്ഞാനം സൃഷ്ടമാകുന്നത്. ഇങ്ങനെ പുനര്‍നിര്‍വചിക്കപ്പെട്ട ജ്ഞാനത്തില്‍ വസ്തുക്കളുടെ ബോധ്യം അതുള്‍പ്പെടുന്ന ചുറ്റുപാടുകളുടെ സാക്ഷ്യപ്പെടുത്തലുകളിലൂടെ മാത്രമാണ് എന്ന് വരുന്നു. ഇങ്ങനെ ചുറ്റുപാടുകളോട് സൃഷ്ടിപരവും ക്രിയാത്മകവുമായി ഇടപെടാന്‍ നിര്‍മിതബുദ്ധിക്ക് കഴിയില്ല, കാരണം അതിന് ഇടപെടാന്‍ ഒരു ശരീരമില്ല എന്നതുതന്നെ.
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല ഫിലോസഫി വിഭാഗം മേധാവിയാണ് ലേഖിക.
ഇ-മെയിൽ വിലാസം
sree_kala_nair@yahoo.com