TMJ
searchnav-menu
post-thumbnail

Technotopia

അടിതെറ്റി ടെക് യൂട്യൂബ് സൂപ്പര്‍ സ്റ്റാര്‍, MKBHDക്കെതിരെ സൈബര്‍ ആക്രമണം

28 Sep 2024   |   3 min Read
ഹരിനാരായണന്‍ കെ

സ്റ്റാര്‍ വാര്‍സ് സിനിമ പരമ്പരയിലെ ആറാമത്തെ സിനിമയായ ''എപ്പിസോഡ് 3: റിവെഞ്ച് ഓഫ് ദി സിത്തി''ലെ പ്രശസ്തമായ സംഭാഷണങ്ങളിലൊന്നാണ് ഓബി വാന്‍ കെനോബിയുടെ ''നീ നശിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്തതെന്തോ, അത് തന്നെയായി നീ മാറിയിരിക്കുന്നു'' എന്നത്. പ്രമുഖ ടെക് യൂട്യൂബറായ MKBHDക്കും അത് തന്നെയാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്ന് അഭിപ്രായപ്പെടുകയാണ് അദ്ദേഹത്തിന്റെ വിമര്‍ശകരും ആരാധകരും. സെപ്റ്റംബര്‍ 24ന് ഐഫോണ്‍ 16ന്റെ റിവ്യൂവിനൊപ്പം MKBHD പുറത്തിറക്കിയ ''പാനല്‍സ്'' എന്ന മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനാണ് വിമര്‍ശനങ്ങള്‍ക്കുപരി ഇന്നിപ്പോള്‍ അദ്ദേഹത്തിനെതിരെയുള്ള സൈബറാക്രമണത്തിലേക്ക് കൊണ്ടെത്തിച്ചിരിക്കുന്നത്. 

ടെക് യൂട്യൂബ് ലോകത്തെ സൂപ്പര്‍സ്റ്റാറുകളിലൊരാളാണ് MKBHD എന്ന മാര്‍ക്കെസ് ബ്രൗണ്‍ലീ. ടെക് ഉത്പന്നങ്ങള്‍, പ്രധാനമായും ഫോണുകളും കമ്പ്യൂട്ടറുകളും അതിന്റെ സാമഗ്രികളും മറ്റും നിരൂപണം ചെയ്താണ് മാര്‍ക്കെസ് പ്രസിദ്ധിയാര്‍ജിച്ചത്. ശേഷം മാര്‍ക്കെസിന് മോട്ടോര്‍വാഹനങ്ങള്‍ റിവ്യു ചെയ്യുന്നതിന് ''ഓട്ടോ ഫോക്കസ്'' എന്ന പേരിലും, തന്റെ സ്റ്റുഡിയോയ്ക്ക് വേണ്ടി ''ദി സ്റ്റുഡിയോ'' എന്ന പേരിലും, വേവ്‌ഫോറം എന്ന പേരിലുള്ള തന്റെ പോഡ്കാസ്റ്റിനുമായി മറ്റു യൂട്യൂബ് ചാനലുകളുണ്ട്. 19 മില്യണിലധികം സബ്‌സ്‌ക്രൈബേഴ്‌സാണ് യൂട്യൂബില്‍ അദ്ദേഹത്തിന്റെ ടെക് ചാനലിനുള്ളത്. റിവ്യു മാത്രമല്ല, ടെക് ലോകത്തെ ഭീമന്മാരും മറ്റു സെലിബ്രിറ്റികളുമായുള്ള അഭിമുഖങ്ങളും അദ്ദേഹത്തിന്റെ ചാനലില്‍ വരുന്ന സ്ഥിരം ഉള്ളടക്കങ്ങളാണ്.

മാർക്വെസ് ബ്രൗൺലീ | PHOTO -FACEBOOK
റിവ്യു ചെയ്യുമ്പോള്‍ തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതില്‍ യാതൊരു മടിയും വച്ചുപുലര്‍ത്താത്ത മാര്‍ക്കെസ്, അടുത്തിടെ ''ഹ്യുമെയ്ന്‍'' എന്ന കമ്പനിയുടെ AI പിന്‍ എന്ന ഉല്‍പ്പന്നത്തെ റിവ്യു ചെയ്ത വീഡിയോ, താന്‍ റിവ്യു ചെയ്തതിലെ ഏറ്റവും മോശം ഉല്‍പ്പന്നമെന്ന തലക്കെട്ടോടു കൂടെയാണ് യൂട്യൂബില്‍ പ്രസിദ്ധീകരിച്ചത്. ഒരു സ്ഥാപനത്തിന്റെ നടത്തിപ്പിനെ സാരമായി ബാധിക്കുന്ന, സ്ഥാപനത്തിനെ തകര്‍ക്കാന്‍ പോലും കെല്‍പ്പുള്ള ഇത്തരത്തിലുള്ള അഭിപ്രായങ്ങള്‍, പ്രത്യേകിച്ചും ഇങ്ങനെയുള്ള ഒരു തലക്കെട്ടോടുകൂടി നല്‍കുന്നത് കുറച്ച് കടന്നുപോയെന്ന് സമൂഹമാധ്യമങ്ങളില്‍ ചെറിയൊരു വിഭാഗം ആളുകള്‍, പ്രത്യേകിച്ച് മാര്‍ക്കെസിന്റെ വിമര്‍ശകര്‍ ആ സമയത്ത് അഭിപ്രായപ്പെട്ടിരുന്നു.

''ഫിസ്‌കര്‍'' എന്ന അമേരിക്കന്‍ ഇലക്ട്രിക്ക് കാര്‍ നിര്‍മ്മാതാക്കളുടെ 2022 മോഡലായ ഓഷ്യന്‍ കാര്‍, തന്റെ മോട്ടോര്‍വാഹന റിവ്യു ചാനലില്‍ താന്‍ റിവ്യു ചെയ്തതിലെ ഏറ്റവും മോശം കാര്‍ എന്ന തലക്കെട്ടോട് കൂടി ഒരു യുട്യൂബ് വീഡിയോ മാര്‍ക്കെസ് പ്രസിദ്ധീകരിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസിദ്ധീകരിച്ച വീഡിയോ, ആറ് മില്യണ്‍ വ്യൂസോടെ വൈറലായി. പിന്നാലെ ഫിസ്‌കറിന്റെ ഓഹരികളുടെ മൂല്യം വിപണിയില്‍ കുത്തനെ ഇടിഞ്ഞു. അതിന് കാരണം മാര്‍ക്കെസിന്റെ വീഡിയോ ആണെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. മാര്‍ക്കെസിന്റെ വീഡിയോയില്‍ ഫിസ്‌കറിനെയും അവരുടെ കാറിനെയും കുറിച്ച് പറഞ്ഞ കാര്യങ്ങളെല്ലാം വാസ്തവങ്ങളായിരുന്നു. വീഡിയോയ്ക്ക് മുന്നെ തന്നെ ഫിസ്‌കര്‍ പല പ്രതിസന്ധികളിലൂടെയും കടന്നുപോവുകയായിരുന്നു. അത് തന്നെയാണ് അവരുടെ തകര്‍ച്ചയുടെ കാരണവും. ഇതേ വിശദീകരണവുമായി മാര്‍ക്കെസും രംഗത്തെത്തിയിരുന്നു.

ഹൈസ്‌കൂള്‍ പഠനകാലത്ത്, തന്റെ കൈവശമുണ്ടായിരുന്ന ടെക് ഉല്‍പ്പന്നങ്ങളെ റിവ്യു ചെയ്യുന്ന വീഡിയോ യൂട്യൂബില്‍ പ്രസിദ്ധീകരിച്ചു കൊണ്ടാണ് മാര്‍ക്കെസ് യൂട്യൂബ് ലോകത്തോട്ട് കാലെടുത്തുവെയ്ക്കുന്നത്. വെബ്ക്യാമറയിലൂടെ സ്‌ക്രീന്‍കാസ്റ്റ് എന്ന ആപ്ലിക്കേഷന്‍ ഉപയോഗിച്ച് കൊണ്ട് കമ്പ്യൂട്ടര്‍ സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്തു വീഡിയോസ് ചിത്രീകരിച്ചു തുടങ്ങിയ മാര്‍ക്കെസ്, ഇന്ന് ഏറ്റവും നൂതനവും മികച്ചതുമായ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചു വീഡിയോസ് ചിത്രീകരിക്കുവാന്‍ പ്രാപ്തനായിരിക്കുന്നു. മികച്ച ഒരു സ്റ്റുഡിയോയും അതിലും മികച്ച ഒരു ടീമും ഇതിനായി മാര്‍ക്കെസിനൊപ്പമുണ്ട്. അള്‍ട്ടിമേറ്റ് ഫ്രിസ്ബീ എന്ന കായികമത്സരത്തിന്റെ അമേരിക്കന്‍ ടീമിലെ അംഗവും കൂടെയാണ് മാര്‍ക്കെസ്.

REPRESENTATIVE IMAGE | WIKI COMMONS
മനോഹരമായ വീഡിയോസ് പുറത്തിറക്കുന്ന മാര്‍ക്കെസിനോട് ആളുകള്‍ സ്ഥിരം ആവശ്യപ്പെടുന്ന കാര്യങ്ങളിലൊന്നാണ് അദ്ദേഹം ഉപയോഗിക്കുന്ന ഫോണുകളിലെ വോള്‍പേപ്പറുകളുടെ ഉറവിടം. അതിനായി സ്വതന്ത്ര കലാകാരെ കൂട്ടുപിടിച്ച് ''പാനല്‍സ്'' എന്ന പേരില്‍ സെപ്റ്റംബര്‍ 24നു മാര്‍ക്കെസ് തന്റെ പുതിയ വോള്‍പേപ്പര്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ ആന്‍ഡ്രോയിഡിനും IOSനുമായി പുറത്തിറക്കി. ഒരുപാട് പരസ്യങ്ങള്‍ കുത്തിനിറച്ച ആപ്ലിക്കേഷന്റെ ഡിസൈന്‍ ആദ്യമേ തന്നെ വിമര്‍ശനങ്ങള്‍ക്ക് വിധേയമായി. ശേഷം പരസ്യങ്ങള്‍ ഒഴിവാക്കാനുള്ള പ്രോ വേര്‍ഷന് വര്‍ഷത്തില്‍ 50 യുഎസ് ഡോളര്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കും പ്രഖ്യാപിച്ചു. മറ്റു സ്ഥാപനങ്ങള്‍ പുറത്തിറക്കുന്ന വിലയേറിയതും പക്ഷേ ഇടത്തരവും മോശവുമായ ഉല്‍പ്പന്നങ്ങളെ ഒരു ദയാദാക്ഷിണ്യവും കൂടാതെ വിമര്‍ശിക്കുന്ന മാര്‍ക്കെസിന്റെ ഭാഗത്ത് നിന്നും ഇത്തരമൊരു ഉത്പന്നം വന്നത് വലിയ വിമര്‍ശനങ്ങള്‍ക്കും, അതിന് പിന്നാലെ സൈബറാക്രമണത്തിനും വഴിവെച്ചു. പിഴവുകള്‍ തിരുത്തി അപ്പപ്പോള്‍ ആപ്ലിക്കേഷന്‍ മെച്ചപ്പെടുത്തുമെന്ന് മാര്‍ക്കെസ് പിന്നീട് പ്രതികരിച്ചു.


REPRESENTATIVE IMAGE | WIKI COMMONS
ടെക് ലോകത്ത് ഇത്രയും അനുഭവസമ്പത്തുള്ള മാര്‍ക്കെസിനെപ്പോലെയുള്ള ഒരാള്‍ക്ക് വെറുമൊരു വോള്‍പേപ്പര്‍ ആപ്ലിക്കേഷനാണോ പുതുതായി കൊണ്ട് വരാന്‍ സാധിച്ചതെന്ന് ഒരു കൂട്ടര്‍ സമൂഹമാധ്യമങ്ങളില്‍ ചോദ്യം ചെയ്തു. നിരൂപണം നടത്താന്‍ എളുപ്പമാണ്, പക്ഷേ നൂതനമായ ഒരു ആശയം കൊണ്ട് വരാനും അതൊരു ഉല്പന്നമാക്കി മാറ്റി വിജയിപ്പിക്കാനും അത്ര എളുപ്പമല്ല എന്ന പാഠം മാര്‍ക്കെസ് ഇതിനോടകം പഠിച്ചു കഴിഞ്ഞിട്ടുണ്ടാകുമെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു. മാര്‍ക്കെസിന്റെ എതിരാളികള്‍ ഒരവസരം കിട്ടിയപ്പോള്‍ ആക്രമിക്കുകയാണെന്നും, ഇത്രമാത്രം ആക്രമിക്കപ്പെടാന്‍ ഒരു പാതകവും മാര്‍ക്കെസ് ചെയ്തിട്ടില്ലെന്നും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു.

സൈബര്‍ലോകത്തെ ജനപ്രിയരായ ഇത്തരം ആളുകളെ എത്രത്തോളം വിശ്വാസ്യയോഗ്യമായി കണക്കിലെടുക്കാന്‍ പറ്റുമെന്ന ചോദ്യങ്ങളും ഇതിനൊപ്പം തന്നെ ഉയര്‍ന്നുവരുന്നുണ്ട്.


#Technotopia
Leave a comment