TMJ
searchnav-menu
post-thumbnail

Technotopia

എഐ യിലൂടെ വളരുന്ന ചൂഷണത്തിന് ബദല്‍ സാധ്യമാണ്

20 Jul 2023   |   4 min Read
സോണാലി കോല്‍ഹത്കര്‍

ര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) ലോകത്തെ എങ്ങനെ സ്വാധീനിക്കുന്നുവെന്നതാണ് ഇപ്പോഴത്തെ സുപ്രധാനമായ ഒരു ചര്‍ച്ചാ വിഷയം. ജനജീവിതത്തെ ബാധിക്കുന്ന തരത്തിലും ആളുകള്‍ക്കിടയില്‍ ഭീതി പരത്തുന്ന രീതിയിലും എഐ ഉപയോഗപ്പെടുത്തി ദൃശ്യങ്ങള്‍ നിര്‍മിക്കപ്പെട്ടേക്കാമെന്ന ആശങ്കയോടൊപ്പം ഈ മേഖലയിലെ പുരോഗതി മനുഷ്യരുടെ വംശനാശത്തിന് കാരണമാകുമോ എന്ന ഭയവും നിലനില്‍ക്കുന്നു. ഈ ആശങ്കകളെല്ലാം വെല്ലുവിളി ഉയര്‍ത്തുന്നവയാണ്.

അതിന് പുറമെ തൊഴില്‍ രംഗത്തും AI  ഭീഷണികള്‍ സൃഷ്ടിക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലൂടെ നഷ്ടപ്പെടാന്‍ സാധ്യതയുള്ള ജോലികളെ കുറിച്ചുള്ള തലക്കെട്ടോടെ വരുന്ന വാര്‍ത്തകളും മാധ്യമങ്ങളില്‍ ദിവസവും നിറയുകയാണ്. ഗ്രാഫിക് ഡിസൈനര്‍, കോപ്പിറൈറ്റര്‍, കസ്റ്റമര്‍ സര്‍വീസ് ഏജന്റ്‌സ്, ടെലിമാര്‍ക്കറ്റര്‍ എന്നീ മേഖലകളിലെ ജോലികള്‍ക്ക് AI ബദലായി മാറുമെന്നാണ് വിദഗ്ധ പ്രവചനം. അതും കടന്ന് അധ്യാപകരെയും മനഃശാസ്ത്രജ്ഞരെയും AI ഉപയോഗിച്ച് പുനഃസൃഷ്ടിക്കാന്‍ ശ്രമിക്കുന്ന വാര്‍ത്തകളും സുലഭമാണ്.  

തൊഴില്‍ രംഗത്ത് ഭാവിയില്‍ വരാനിരിക്കുന്ന പ്രതിസന്ധികളെ പ്രവചിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഇത്തരം വാര്‍ത്തകള്‍ എഴുതപ്പെടുന്നത്. അതിലൂടെ ആളുകള്‍ക്ക് ഭാവിയിലേക്കുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിച്ചേക്കും. എന്നാല്‍ 'ക്ലിക്ക് ബൈറ്റിനായി' എഴുതപ്പെടുന്ന വാര്‍ത്തയുടെ തലക്കെട്ടുകള്‍ വായനക്കാരില്‍ ആശങ്കയുളവാക്കുന്നു. വരുംവര്‍ഷങ്ങളില്‍ സ്വന്തം ജോലി AI വരുന്നതിലൂടെ നഷ്ടമാകുമോ എന്നറിയാന്‍ വായനക്കാര്‍ ഇത്തരം വാര്‍ത്തകളുടെ പുറകെ പോകാറുണ്ട്. അത്തരത്തിലുള്ള നിരവധി വാര്‍ത്തകള്‍ ഞാനും വായിച്ചു. എന്റെ സ്വന്തം മേഖലയായ മാധ്യമപ്രവര്‍ത്തനവും AI വഴി നഷ്ടപ്പെടുമെന്ന വാര്‍ത്ത അതില്‍ പ്രധാനപ്പെട്ടതായിരുന്നു.  


ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക AI വാർത്താ അവതാരക ലിസ

'AI നിങ്ങളുടെ ജോലി നഷ്ടപ്പെടുത്തുമോ എന്ന ചോദ്യം നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒന്നാണ്. അതിനാല്‍ത്തന്നെ നമ്മുടെ ജോലി, വിദ്യാഭ്യാസം, തൊഴില്‍, ഉപജീവനമാര്‍ഗം എന്നിവ ചെലവ് കുറച്ച് ലാഭം വര്‍ദ്ധിപ്പിക്കുന്ന ഒരു മുതലാളിത്ത വ്യവസ്ഥിതിയുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് യാഥാര്‍ത്ഥ്യമാകുന്നതിലൂടെ മാധ്യമപ്രവര്‍ത്തന മേഖലയില്‍ ജോലി  നഷ്ടമാകുമെന്ന മുന്നറിയിപ്പ് പൊളിറ്റിക്കോയുടെ ഉടമസ്ഥരായ ജര്‍മന്‍ മീഡിയ ഗ്രൂപ്പിന്റെ സിഇഒ മത്യാസ് ഡോപ്ഫ്‌നര്‍ നല്‍കുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെ എന്നത്തേക്കാളും മികച്ചതാക്കാനോ മനുഷ്യ ബുദ്ധിക്കതീതമായി മാറ്റിയെടുക്കാനോ സാധിക്കും. അതിനാല്‍, 'മികച്ച  ഉള്ളടക്കങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്ക് മാത്രമേ ഈ മേഖലയില്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കൂ എന്നാണ് അദ്ദേഹം പറഞ്ഞുവെക്കുന്നത്,'' മനുഷ്യരുടെ സഹജമായ സര്‍ഗ്ഗാത്മകതയെ മറികടക്കാന്‍ AI സംവിധാനങ്ങള്‍ക്ക് സാധിക്കില്ല എന്ന വാദമാണ് വിമര്‍ശകര്‍ മുന്നോട്ട്‌വെക്കുന്നത്.

എന്നാല്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കണ്ടുപിടുത്തത്തിലൂടെ ജനങ്ങളുടെ ജോലി സാധ്യതകള്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കുന്നതും ഒരുകൂട്ടം മനുഷ്യര്‍ തന്നെയാണെന്നുള്ള വസ്തുത പലപ്പോഴും ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നു. സമ്പന്ന വര്‍ഗത്തില്‍ ഉള്‍പ്പെടുന്ന ഒരുകൂട്ടം മനുഷ്യര്‍ ബോര്‍ഡ് റൂമുകളിലിരുന്ന് AI-യുടെ സാധ്യതകള്‍ ഉപയോഗിച്ച് മനുഷ്യസേവനം കുറച്ച്, ലാഭവിഹിതം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യുകയാണ്.  

മനുഷ്യനെ മാറ്റിനിര്‍ത്താന്‍ AI-ക്ക് കഴിയുമോ എന്നതല്ല നമ്മള്‍ ചോദിക്കേണ്ട ചോദ്യം. മറിച്ച്, എന്തുകൊണ്ടാണ് ഒരു കൂട്ടം മനുഷ്യര്‍ AI ഉപയോഗിച്ച് മറ്റുള്ളവരുടെ ജോലികള്‍ നഷ്ടപ്പെടുത്താന്‍ ശ്രമിക്കുന്നു എന്നതാണ് അറിയേണ്ടത്. അതിലുപരിയായി, മനുഷ്യന് സ്വയം നിയന്ത്രണം നഷ്ടപ്പെടുന്ന ലോകത്തില്‍ ജീവിക്കുന്നത് എന്തിനാണ്?

മനുഷ്യരുടെ അധ്വാനഭാരം കുറയ്ക്കാന്‍ സാധിക്കുന്ന/സഹായിക്കുന്ന മറ്റ് യന്ത്രവല്‍കൃത ഉപകരണങ്ങള്‍പോലെ ജീവിതം എളുപ്പമാക്കാന്‍ സഹായിക്കുന്ന ഒന്ന് മാത്രമാണ് AI. വസ്ത്രങ്ങളും പാത്രങ്ങളും കഴുകാന്‍ മെഷീനുകള്‍ ഉപയോഗിക്കുന്നതിലൂടെ സമയലാഭമുണ്ടാകുന്നു. അതുപോലെ ചിത്രങ്ങള്‍ കൈകൊണ്ട് വരയ്ക്കുന്നതിന് പകരം ഗ്രാഫിക് ഡിസൈനേഴ്സ് ഡിജിറ്റലായി വരയ്ക്കാന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുന്നു. AI ഉപയോഗിച്ച് ചില ജോലികള്‍ എളുപ്പമാക്കാന്‍ സാധിക്കുന്നതിലൂടെ മനുഷ്യര്‍ക്ക് ആവശ്യത്തിന് വിശ്രമവും ഒഴിവുസമയവും ലഭിക്കുന്നെങ്കില്‍ ഈ നീക്കം വളരെ ഉപകാരപ്രദമാണ്. എന്നാല്‍ കോര്‍പ്പറേറ്റ് ഉടമകള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയോ മനുഷ്യസേവനം പൂര്‍ണ്ണമായും ഒഴിവാക്കുകയോ ചെയ്യുന്നത് സ്വീകാര്യമല്ല. മനുഷ്യന്റെ ക്ഷേമത്തേക്കാളുപരി ലാഭവിഹിതം ഉയര്‍ത്താന്‍ മാത്രം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരു മുന്നേറ്റം മാത്രമായിരിക്കുമത്.


REPRESENTATIONAL IMAGE: PEXELS

അധ്വാന വിപണി എന്ന വലിയ ചക്രത്തിലെ ഓരോ ഇഴകള്‍ പോലെയാണ് ഓരോ തൊഴില്‍ മേഖലയെയും സമ്പന്ന വര്‍ഗം കണക്കാക്കുന്നത്. തൊഴില്‍ മേഖലയില്‍ സംഭവിക്കുന്ന പുതിയ മാറ്റങ്ങള്‍ മനുഷ്യര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയുക പ്രയാസകരമാണ്. എന്നാല്‍ AI-യുടെ സഹായത്തോടെ മാറ്റങ്ങള്‍ കണ്ടെത്താന്‍ സാധിക്കും. അതിലൂടെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്ക് ഏറെ സാധ്യത നല്കുന്ന ഒന്നായി AI മാറുകയാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വിപണി വരുംദശകത്തില്‍ ഏകദേശം 100 ബില്യണ്‍ ഡോളറിന്റെ വളര്‍ച്ച പ്രതീക്ഷിക്കുന്നു. 2030-ഓടെ ഇരുപത് മടങ്ങ് (ഏകദേശം 2 ട്രില്യണ്‍ ഡോളര്‍) വരെ വളര്‍ച്ച നേടുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ പ്രവചനം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു വലിയ ബിസിനസ്സാണ്. ഒരുപക്ഷേ, ഇപ്പോള്‍ നിലനില്‍ക്കുന്നതില്‍ വെച്ച് ഏറ്റവും വലിയ ബിസ്സിനസായി അത് കണക്കാക്കപ്പെടുന്നു. അനിയന്ത്രിതമായ മുതലാളിത്തവല്കരണത്തിന്റെ സാഹചര്യങ്ങളാണ് അതിലൂടെ നടപ്പിലാകുന്നത്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ മറപിടിച്ച് ഇത്തരം മാറ്റങ്ങള്‍ കൊണ്ടുവരുന്നവരെ എന്തുകൊണ്ട് ഒറ്റപ്പെടുത്താന്‍ സാധിക്കുന്നില്ല എന്നതും ചോദ്യങ്ങളുയര്‍ത്തുന്നു.

'ഒരു മുതലാളിത്ത സാമ്പത്തിക മേഖല മനുഷ്യന്റെ ക്ഷേമം കേന്ദ്രീകരിച്ചാണോ പ്രവര്‍ത്തിക്കുക'' എന്ന ചോദ്യം ചാറ്റ് ജിപിടിയായ AI ചാറ്റ്ബോട്ടിനോട് ഞാന്‍ ചോദിച്ചു. 'മുതലാളിത്ത വ്യവസ്ഥ പൊതുസമൂഹത്തിന്റെ ക്ഷേമം അതിന്റെ പ്രാഥമിക ലക്ഷ്യമായി കേന്ദ്രീകരിക്കുന്നില്ല' എന്നതായിരുന്നു ചാറ്റ് ജിപിടിയുടെ നീണ്ട പ്രതികരണത്തിന്റെ ആദ്യ വാചകം.

ലോകവ്യാപകമായുള്ള സാമ്പത്തിക വളര്‍ച്ചയ്ക്കും പുരോഗതിക്കും പ്രവര്‍ത്തിക്കുന്നുവെന്ന വ്യാജേന, മുതലാളിത്ത കോര്‍പ്പറേറ്റുകള്‍ വ്യക്തിഗത സാമ്പത്തിക സ്വാതന്ത്ര്യത്തിനും സ്വാര്‍ത്ഥതാത്പര്യങ്ങള്‍ക്കുമായി ഊന്നല്‍നല്‍കുന്നുവെന്നും ചാറ്റ് ജിപിടി എന്നോട് പറഞ്ഞു. 'വിശ്വാസം' എന്ന മൂല്യത്തിനാണ് ഈ മേഖലയില്‍ ഊന്നല്‍നല്‍കുന്നത്. മുതലാളിത്തം എല്ലാ ജന വിഭാഗങ്ങളെയും അഭിവൃദ്ധിയിലേക്ക് നയിക്കുന്നുവെന്ന വിശ്വാസത്തിലാണ് വളര്‍ച്ച നേടുന്നത്.

ലോകവ്യാപകമായുള്ള സാമ്പത്തിക പ്രവണതകള്‍ പരിശോധിക്കുമ്പോള്‍, 1979 നും 2019 നും ഇടയില്‍ യുഎസിലെ സാമ്പത്തിക അസമത്വം ഗണ്യമായി വര്‍ദ്ധിച്ചതായി കോണ്‍ഗ്രസ് ബജറ്റ് ഓഫീസ് (CBO) കണ്ടെത്തി. CBO റിപ്പോര്‍ട്ട് പ്രകാരം, 'വിപണിയില്‍ വിതരണം കൂടിയതോടെ വരുമാനത്തില്‍ വര്‍ധനവുണ്ടായി. അക്കാലത്ത് വരുമാനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ക്ക് കാരണമായി. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കൂടുതല്‍ സമ്പത്ത് പൂഴ്ത്തിവച്ചതിലൂടെ സമ്പന്നര്‍ കൂടുതല്‍ സമ്പന്നരായി.


REPRESENTATIONAL IMAGE: PEXELS
ഏറ്റവും കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങള്‍ക്കിടയില്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനനുസരിച്ച് അവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെട്ടു. പ്രത്യേകമായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിച്ചതിലൂടെ പാവപ്പെട്ട കുടുംബത്തിന്റെ വരുമാനം വര്‍ദ്ധിച്ചുവെന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നത്.

ജനങ്ങളെ നേരിട്ട് പ്രതിനിധീകരിക്കുന്ന സര്‍ക്കാര്‍ സംവിധാനത്തില്‍ ജനക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതാണ്. അതിനായി  പ്രത്യേക വിശ്വാസം ജനങ്ങളുടെ ഇടയില്‍ രൂപപ്പെടുത്തേണ്ട ആവശ്യമില്ല. എന്നാല്‍ എല്ലാ ജനങ്ങള്‍ക്കും അഭിവൃദ്ധി ഉറപ്പാക്കുന്നത് മുതലാളിത്ത സമ്പദ്‌വ്യവസ്ഥയാണെന്ന വിശ്വാസം ഒരു നുണപ്രചാരണത്തിന്റെ ഫലമാണ്. സാമൂഹികക്ഷേമം ഉറപ്പാക്കാന്‍ ശരിയായ മാര്‍ഗ്ഗങ്ങളുണ്ട്. ചൈല്‍ഡ് ടാക്സ് ക്രെഡിറ്റ് പുതുക്കല്‍, സ്വകാര്യ ആരോഗ്യ പരിരക്ഷയ്ക്ക് പകരം എല്ലാവര്‍ക്കുമായി നികുതി ഫണ്ട് നല്‍കുന്ന മെഡികെയര്‍, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കല്‍, കൂടാതെ അടിസ്ഥാന വരുമാനം ഉറപ്പുനല്‍കുക എന്ന ക്ഷേമ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നത് ജനങ്ങളുടെ സംരക്ഷണത്തിനും സേവനത്തിനും വേണ്ടി മാത്രമാണ്.

മുതലാളിത്ത ഭരണത്തെ മാറ്റിസ്ഥാപിച്ചുകൊണ്ട് സാമൂഹിക ക്ഷേമം ഉറപ്പാക്കാന്‍ ഏത് തരം സാമ്പത്തിക വ്യവസ്ഥയിലൂടെ  കഴിയുമെന്ന് ഞാന്‍ ChatGPT യോട് ചോദിച്ചു. സോഷ്യലിസം മുതല്‍ 'വിഭവാധിഷ്ഠിത' സമ്പദ്വ്യവസ്ഥ വരെയുള്ള അഞ്ച് വ്യത്യസ്ത ഓപ്ഷനുകള്‍ AI പങ്കുവെച്ചു. ഭൂമിയിലെ വിഭവങ്ങളുടെ ലഭ്യത മനസ്സിലാക്കി ജനങ്ങള്‍ക്ക് തുല്യപങ്ക് നല്‍കുകയാണ് ഈ സംവിധാനങ്ങളിലൂടെ ലക്ഷ്യം വെക്കുന്നത്. നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്ന നിലവിലെ സംവിധാനത്തിന് ബദലുകളുണ്ടെന്ന് AI യ്ക്ക് പോലും അറിയാം. മുതലാളിത്തത്തിന് നമ്മെ മാറ്റിസ്ഥാപിക്കാന്‍ കഴിയുമെങ്കില്‍, തീര്‍ച്ചയായും നമുക്ക് മുതലാളിത്തത്തെ മാറ്റിസ്ഥാപിക്കാന്‍ കഴിയുന്നതല്ലെ?


( ഇക്കണോമി ഫോര്‍ ഓള്‍ എന്ന ഇന്‍ഡിപെന്‍ഡന്റ് മീഡിയ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി തയാറാക്കിയ ലേഖനം. ഫ്രീ സ്പീച്ച് ടിവിയിലും (Dish Network, DirecTV, Roku) Pacifica സ്റ്റേഷനുകളായ KPFK, KPFA, അഫിലിയേറ്റുകളിലും സംപ്രേക്ഷണം ചെയ്യുന്ന ടെലിവിഷന്‍, റേഡിയോ ഷോയായ 'റൈസിംഗ് അപ്പ് വിത്ത് സൊനാലി'യുടെ സ്ഥാപകയും അവതാരകയും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമാണ് സോണാലി കോല്‍ഹത്കര്‍.)


പരിഭാഷ: അനിറ്റ് ജോസഫ് 



#Technotopia
#AI
Leave a comment