TMJ
searchnav-menu
post-thumbnail

Technotopia

സ്ട്രാറ്റജിക് ഇന്‍ഫ്‌ലക്ഷന്‍ പോയിന്റിലൂടെ കടന്നുപോകുന്ന ഇന്റല്‍

23 Oct 2024   |   3 min Read
ഹരിനാരായണന്‍ കെ

ന്റല്‍ കോര്‍പറേഷന്റെ സ്ഥാപകരില്‍ മുഖ്യനും, ഇന്റലിന്റെ മൂന്നാമത്തെ ജീവനക്കാരനും, മൂന്നാമത്തെ സിഇഒയുമായ ആന്‍ഡ്രൂ ഗ്രോവിന്റെ പ്രശസ്തമായ തിയറികളിലൊന്നാണ് സ്ട്രാറ്റജിക് ഇന്‍ഫ്‌ളക്ഷന്‍ പോയിന്റ്. ഒരു ബിസിനസ്സിന്റെ അടിസ്ഥാനപരമായ പല സിദ്ധാന്തങ്ങളെയും മാറ്റിമറിക്കാന്‍ കെല്‍പ്പുള്ള സംഭവമാണ് സ്ട്രാറ്റജിക് ഇന്‍ഫ്‌ലക്ഷന്‍ പോയിന്റ്. മറ്റു ബിസിനസ്സുകളുടെ സമ്മര്‍ദ്ദമോ, വ്യവസായമേഖലയിലെ പുതിയ സാങ്കേതികവിദ്യകളുടെ അവതരണമോ ഒരു ബിസിനസ്സിനെ പുതിയ തന്ത്രപ്രധാനമായ പാത സ്വീകരിക്കാന്‍ പ്രേരിപ്പിക്കുന്നു. അത്തരത്തിലൊരു മാറ്റത്തിലേക്ക് കടക്കണമോ വേണ്ടയോ എന്ന് ഒരു ബിസിനസ് തീരുമാനിക്കുന്ന സമയത്തെയാണ് സ്ട്രാറ്റജിക് ഇന്‍ഫ്‌ലക്ഷന്‍ പോയിന്റെന്ന് ആന്‍ഡ്രൂ ഗ്രോവ് വിശേഷിപ്പിക്കുന്നത്. അവിടെ നിന്ന് ബിസിനസ് തകര്‍ച്ചയിലേക്കോ അല്ലെങ്കില്‍ പുതിയ പരിണാമങ്ങളിലേക്കോ എത്തിച്ചേരുമെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. അത്തരത്തിലൊരു ഇന്‍ഫ്‌ലക്ഷന്‍ പോയിന്റിലൂടെയാണ് കുറച്ച് വര്‍ഷങ്ങളായി ഇന്റല്‍ കോര്‍പ്പറേഷന്‍ കടന്നുപോവുന്നത്.

ബിസിനസ്സുകള്‍ തകരുന്നത് സ്ഥാപനങ്ങള്‍ അവരുടെ ഉപഭോതാക്കളെ ഉപേക്ഷിക്കുന്നത് കൊണ്ടോ അല്ലെങ്കില്‍ ഉപഭോക്താക്കള്‍ കമ്പനിയെ ഉപേക്ഷിക്കുന്നത് കൊണ്ടോ ആവാമെന്നും ഗ്രോവ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇന്റലുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവവികാസങ്ങളില്‍, ഗ്രോവിന്റെ വാക്കുകള്‍ക്കുള്ള പ്രസക്തി വളരെ വലുതാണ്. ചിപ് നിര്‍മ്മാണത്തിലെ രാജാക്കന്മാരായിരുന്ന ഇന്റല്‍ തുടര്‍ച്ചയായി അവരുടെ മുഖ്യ എതിരാളികളോട് പരാജയപ്പെടുകയാണ്.

REPRESENTATIVE IMAGE | WIKI COMMONS
ഏറെ പ്രതിസന്ധികളിലൂടെയാണ് ഇന്റല്‍ കടന്നുപ്പോയിക്കൊണ്ടിരിക്കുന്നത്. ആപ്പിളിന്റെ മാക്ബുക്കുകളില്‍ ആപ്പിള്‍ തന്നെ സ്വന്തം സിലിക്കണ്‍ ചിപ്പുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതും, ഫോണുകളില്‍ ക്വാല്‍കോമ്മിന്റെ സ്‌നാപ്ഡ്രാഗണ്‍ ചിപ്പുകള്‍ വളരെ വ്യാപകമായതും, വിന്‍ഡോസ് ലാപ്‌ടോപ്പുകളില്‍ എഎംഡിയുടെ ചിപ്പുകള്‍ വ്യാപകമായതും ഇന്റലിനു തിരിച്ചടികളാണ് സമ്മാനിച്ചത്. ഈയിടെ ക്വാല്‍കോം സ്‌നാപ്ഡ്രാഗണിന്റെ സിലിക്കണ്‍ ചിപ്പുകള്‍ വിന്‍ഡോസ് ലാപ്‌ടോപ്പുകള്‍ക്ക് വേണ്ടിയും അവതരിപ്പിച്ചിരുന്നു. സിലിക്കണ്‍ ചിപ്പിലേക്ക് മാറിയതിന് ശേഷം ലോകത്തെ മറ്റു ലാപ്‌ടോപ്പുകളേക്കാള്‍ മികച്ച പ്രവര്‍ത്തനക്ഷമത കാഴ്ചവെച്ചിരുന്ന മാക്ബുക്കുകളോടും മാക് കമ്പ്യൂട്ടറുകളോടും കിടപിടിക്കാന്‍ കഴിയുന്ന തരത്തിലേക്ക് വിന്‍ഡോസ് ലാപ്‌ടോപ്പുകളെ ഉയര്‍ത്താന്‍ കഴിവുള്ളതാണ് സ്‌നാപ്ഡ്രാഗണിന്റെ എക്‌സ് എന്ന പുതിയ ചിപ്പുകള്‍. സ്‌നാപ്ഡ്രാഗണ്‍ എക്‌സോടുകൂടി പുറത്തിറങ്ങിയിട്ടുള്ള വിന്‍ഡോസ് ലാപ്‌ടോപ്പുകളുടെ പ്രവര്‍ത്തനശേഷിയുടെ കണക്കുകള്‍ നല്‍കുന്ന സൂചനകളും മറിച്ചല്ല. ആപ്പിള്‍ കമ്പ്യൂട്ടറുകള്‍ പോലെ വിന്‍ഡോസ് ലാപ്‌ടോപ്പുകള്‍ക്കും ഫലപ്രദമായി ബാറ്ററി ഉപയോഗിക്കാന്‍ സ്‌നാപ്ഡ്രാഗണിന്റെ എക്‌സ് ചിപ് മൂലം സാധ്യമാവുകയാണ്. ആയതിനാല്‍ ലാപ്‌ടോപ് നിര്‍മാതാക്കള്‍ ചിപ്പിനായി ഇന്റലിനെ കയ്യൊഴിയുന്ന കാഴ്ചയാണ് കുറച്ച് നാളുകളായി കാണുന്നത്.

സോണിയുടെ പ്ലേസ്റ്റേഷന്‍ 6നു വേണ്ടി ചിപ്പുകള്‍ പരികല്പന ചെയ്യാനും നിര്‍മ്മിക്കാനുമുള്ള കരാര്‍ പൂര്‍ത്തീകരിക്കാനാവാതായിരിക്കുകയാണ് ഇന്റലിനിപ്പോള്‍. പകരം പ്ലേസ്റ്റേഷന്‍ 6ന്റെ ചിപ്പുകളുടെ കരാര്‍ എഎംഡിക്കാണ് ലഭിച്ചിരിക്കുന്നത്. സ്വന്തമായി ചിപ്പുകള്‍ രൂപകല്‍പ്പന ചെയ്ത് വില്‍ക്കുന്ന ഇന്റല്‍, അടുത്തിടെയാണ് മറ്റു കമ്പനികള്‍ രൂപകല്‍പ്പന ചെയ്ത ചിപ്പുകള്‍ നിര്‍മ്മിക്കുന്ന ബിസിനസ്സിലേക്കും കടന്നുവന്നിട്ടുള്ളത്. അതിലേക്കുള്ള കടന്നു വരവിനെ സാരമായി ബാധിക്കുന്ന വാര്‍ത്തയാണ് റോയ്‌റ്റേഴ്‌സ് ഇപ്പോള്‍ പുറത്തു കൊണ്ടുവന്നിരിക്കുന്നത്. 2022ലാണ് കരാറിനായുള്ള അവസാന ഘട്ടത്തില്‍ നിന്നും ഇന്റല്‍ പുറത്ത് വന്നതെന്ന് റോയ്‌റ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സോണിക്ക് വില്‍ക്കുന്നത് ഒരോ ചിപ്പിനുമുള്ള ലാഭവിഹിതത്തിന്റെ കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളാനാവാഞ്ഞതാണ് എഎംഡിക്ക് കരാര്‍ നേടിയെടുക്കാന്‍ സഹായകമായത്. ഇന്റലിനേക്കാള്‍ കുറഞ്ഞ ലാഭവിഹിതമേ എഎംഡി ആവശ്യപ്പെട്ടുള്ളൂ. അനേകം ബില്യണ്‍ ഡോളറുകള്‍ റവന്യൂ ഇനത്തില്‍ ഉല്‍പ്പാദിപ്പിക്കാമായിരുന്ന കരാറാണ് ഇന്റലിന് നഷ്ടമായത്. മാസത്തില്‍ ആയിരക്കണക്കിന് സിലിക്കണ്‍ ചിപ്പുകള്‍ നിര്‍മ്മിക്കാന്‍ പറ്റുമായിരുന്ന കരാറാണ് പ്ലേസ്റ്റേഷന്റേത്.

REPRESENTATIVE IMAGE | WIKI COMMONS
ഇന്റല്‍ സിഇഒ പാറ്റ് ഗെല്‍സിംഗറിന്റെ ഇന്റലിനെ ചിപ്പ് നിര്‍മ്മാണ മത്സരരംഗത്തേക്ക് തിരികെക്കൊണ്ടുവരാനുള്ള പദ്ധതികളില്‍ പ്രധാനപ്പെട്ടതായിരുന്നു കരാറുകളിലൂടെ ചിപ്പ് നിര്‍മാണം ഏറ്റെടുത്ത് നടത്തുന്നത്. അതിനേറ്റ വലിയ തിരിച്ചടിയാണ് പ്ലേസ്റ്റേഷന്‍ കരാര്‍ നഷ്ടപ്പെട്ടത്. 2021ലാണ് കരാറുകളിലൂടെ ചിപ്പുകള്‍ക്കു രൂപകല്പന ചെയ്യുന്നതും നിര്‍മ്മിക്കുന്നതിനുമായുള്ള ഒരു യൂണിറ്റ് എന്ന പദ്ധതി ഗെല്‍സിംഗര്‍ മുന്നോട്ടുവെയ്ക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ സാന്‍ ഹോസെ, കാലിഫോര്‍ണിയയില്‍ നടന്ന പരിപാടിയില്‍ ഔദ്യോഗികമായി ഈ പദ്ധതി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇന്റലിനു സാമ്പത്തികമായി ഒരു അനുഗ്രഹമായി മാറേണ്ടിയിരുന്നതാണ് പ്ലേസ്റ്റേഷന്റെ കരാറ്.

അര ദശാബ്ദത്തിനുള്ളില്‍ 100 മില്യണില്‍പരം പ്ലേസ്റ്റേഷനുകളാണ് പൊതുവില്‍ വില്‍ക്കപ്പെടുന്നത്. ചിപ്പ് രൂപകല്‍പ്പനയും നിര്‍മ്മാണവും ചെയ്യുന്ന കമ്പനിക്ക്, AI ചിപ്പുകളില്‍ നിന്നും ലഭിക്കുന്നതിനേക്കാള്‍ ചെറിയ ലാഭം മാത്രമേ പ്ലേസ്റ്റേഷന്‍ കണ്‍സോള്‍ ചിപ്പുകളിലൂടെ ലഭിക്കുകയുള്ളൂ. ചിപ്പിന്റെ രൂപകല്‍പ്പന സോണി നേരത്തെതന്നെ ചെയ്ത് നിര്‍മ്മാണകമ്പനിക്ക് കൈമാറുന്നതിനാല്‍ അതിനുള്ള ചിലവ് കുറയ്ക്കാന്‍ സാധിക്കും. കൂടാതെ ദൃഢമായ, സ്ഥിരമായൊരു വരുമാനവും ലഭ്യമാകുമെന്ന ഉറപ്പും പ്ലേസ്റ്റേഷന്‍ കണ്‍സോള്‍ വില്‍പ്പനകളുടെ എണ്ണം ചൂണ്ടിക്കാട്ടുന്നു. ഇന്റലിന്റെ കരാര്‍ ഏറ്റെടുത്ത് നടത്തുന്ന ബിസിനസ്സിന്, സോണിയുടെ കരാര്‍ ലഭിച്ചിരുന്നെങ്കില്‍ ഒരു ഉത്തേജനമാവുമായിരുന്നു. കരാറിടസ്ഥാനത്തില്‍ ഇടപാടുകാരെ കിട്ടാന്‍ ഇന്റല്‍ വളരെയേറെ പ്രയാസപ്പെടുകയാണ്. സോണിയും ഇന്റലുമായി മാസങ്ങളോളം നീണ്ട ചര്‍ച്ചകളാണ് 2022ല്‍ നടന്നത്. ചര്‍ച്ചകളില്‍ രണ്ട് കമ്പനികളുടെയും സിഇഒമാരും, രൂപകല്‍പ്പന ചെയ്യുന്ന ഒരു ഡസനിലധികം ജീവനക്കാരുമെല്ലാം പങ്കെടുത്തിരുന്നു. വിഷയത്തില്‍ പ്രതികരിക്കാന്‍ സോണിയോ എഎംഡിയോ ഇന്റലോ തയ്യാറായില്ല.

REPRESENTATIVE IMAGE |WIKI COMMONS
ഇപ്പോഴുള്ള സോണിയുടെ പ്ലേസ്റ്റേഷനുകളുടെ ചിപ്പുകള്‍ നിര്‍മ്മിക്കുന്നത് എഎംഡിയാണ്. കഴിഞ്ഞയാഴ്ച സോണി പുതിയ ഗെയിമിങ് കണ്‍സോള്‍ ആയ പ്ലേസ്റ്റേഷന്‍ 5 പ്രോ പ്രഖ്യാപിച്ചിരുന്നു. 2020ല്‍ അവതരിപ്പിച്ചതിനു ശേഷം 2023ഓടെ 20.8 മില്യണ്‍ പ്ലേസ്റ്റേഷന്‍ 5 വില്‍ക്കാനായെന്ന് സോണി പറയുന്നു. അമേസോണും ഗൂഗിളും ചെയ്യുന്ന പോലെ ചിപ്പ് നിര്‍മാണത്തിന് മറ്റൊരു കമ്പനിയെയാണ് സോണി ആശ്രയിക്കാറുള്ളത്. പ്രൊസസറുകളുടെ നിര്‍മാണത്തിനും രൂപകല്‍പ്പനക്കും അനുഭവസമ്പത്തുള്ള കമ്പനികളുമായാണ് സോണി കരാറിലേര്‍പ്പെടാറുള്ളത്.

ലിപ്-ബു ടാന്‍ എന്ന ഇന്റലിലെ ഒരു ഉയര്‍ന്ന ബോര്‍ഡ് അംഗം, ഇന്റലിന്റെ ഭാവിയെക്കുറിച്ച് കമ്പനിയുമായുള്ള അഭിപ്രായവ്യത്യാസങ്ങള്‍ മൂലം അടുത്തിടെ രാജിവെച്ചിരുന്നു. ശേഷം ഗെല്‍സിംഗര്‍ അടക്കമുള്ളവര്‍ പല പദ്ധതികളും ബോര്‍ഡിനു മുന്നില്‍ അവതരിപ്പിച്ചിരുന്നു. ലാഭമില്ലാത്തതും, താങ്ങാനവാത്തതുമായുള്ള ബിസിനസ്സുകള്‍ അവസാനിപ്പിക്കുന്നതാണ് അതിലെ ഒരു പ്രധാന പദ്ധതി. അല്‍റ്ററ എന്ന ഇന്റലിന്റെ ചിപ് യൂണിറ്റിന്റെ നിര്‍മാണം അവസാനിപ്പിക്കുന്നതിലും അധികം വൈകാതെ ഇന്റല്‍ തീരുമാനം കൈക്കൊള്ളും.


#Technotopia
Leave a comment