TMJ
searchnav-menu
post-thumbnail

Technotopia

റോബോടാക്സികള്‍: ഭൂതം, ഭാവി, വര്‍ത്തമാനം

22 Oct 2024   |   5 min Read
ഹരിനാരായണന്‍ കെ

പുതിയ കാലത്തെ കാറുകളില്‍ പരീക്ഷിക്കപ്പെടുന്ന ആധുനിക സംവിധാനങ്ങള്‍ കൗതുകമുണ്ടാക്കുന്നതോടൊപ്പം ആശങ്കയുമുയര്‍ത്തുന്നുണ്ട്. കാറുകളില്‍ കൊണ്ട് വരുന്ന മാറ്റങ്ങളും പുതുമകളും ''കാര്‍ ഭ്രാന്തന്മാര്‍''ക്കിടയില്‍(Car enthusiasts) മാത്രമല്ല, സാധാരണക്കാര്‍ക്കിടയിലും ചര്‍ച്ചയാവുന്ന വിഷയമാണ്. ഹോളിവുഡ് സിനിമകള്‍ മുതല്‍ മലയാള സിനിമയായ സിഐഡി മൂസയില്‍ വരെ കണ്ടിട്ടുള്ള കാര്‍ അഭ്യാസങ്ങളും ഫീച്ചറുകളും ആളുകളെ എന്നും ഭ്രമിപ്പിക്കാറുണ്ട്. 1980കളില്‍ പുറത്തിറങ്ങിയ റോബര്‍ട്ട് സെമക്കിസിന്റെ ''ബാക്ക് ടൂ ദി ഫ്യൂച്ചര്‍'' സിനിമ പരമ്പരകളില്‍ കണ്ടിട്ടുള്ള, ടൈം ട്രാവല്‍ ചെയ്യാന്‍ കഴിയുന്ന ഡെലോറിയന്‍(DeLorean) കാറും, പറക്കുന്ന കാറുകളും, റിമോട്ട് കണ്‍ട്രോളില്‍ പ്രവര്‍ത്തിക്കുന്ന ജെയിംസ് ബോണ്ടിന്റെ ഡ്രൈവറില്ലാതെ ഓടുന്ന ബിഎംഡബ്ല്യൂ കാറും, മാര്‍വലിന്റെ ''ക്യാപ്റ്റന്‍ അമേരിക്ക: ദി വിന്റര്‍ സോള്‍ജര്‍'' എന്ന ചിത്രത്തില്‍ നിക് ഫ്യൂരി എന്ന കഥാപാത്രം കാറില്‍ ആക്രമിക്കപ്പെടുമ്പോള്‍, ഫ്യൂരിയെ ആക്രമണത്തില്‍ നിന്നും രക്ഷിച്ചുകൊണ്ട് ഓടി പോവുന്ന കാറുമെല്ലാം അത്ഭുതത്തോടെയാണ് ആളുകള്‍ എന്നും കണ്ടിട്ടുള്ളത്. ഇത്തരത്തിലുള്ള കാറുകള്‍ എന്നാവും നിരത്തിലിറങ്ങുക എന്ന് ഈ സിനിമകള്‍ കണ്ട മിക്കവരുടെയും മനസ്സില്‍ എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടാവണം. സിനിമ കണ്ടവര്‍ക്കിടയില്‍ ഒരിക്കലെങ്കിലും ഈ കാറുകള്‍ ചര്‍ച്ചാവിഷയമാവുകയും ചെയ്യും.

ആളുകള്‍ക്ക് എന്നും ആശ്ചര്യമുള്ള ആശയമാണ്  ഡ്രൈവറില്ലാതെ സ്വയം ഓടുന്ന വാഹനങ്ങള്‍ (driverless vehicles). അത് സാധ്യമാകുമോ, അതിന് വേണ്ട സൗകര്യങ്ങള്‍ എന്തൊക്കെ, അതിന് വേണ്ട സാങ്കേതികവിദ്യകളെന്തൊക്കെ എന്ന് ലോകം സ്ഥിരം ചര്‍ച്ചചെയ്യാറുണ്ട്. കോര്‍പ്പറേറ്റ് ഭീമനായ ഇലോണ്‍ മസ്‌കിനെയും വളരെയധികം ഉത്തേജിപ്പിക്കുന്ന ആശയമാണ് ഡ്രൈവറില്ലാതെ സ്വയം ഓടാന്‍ കഴിയുന്ന വാഹനങ്ങള്‍. അത്തരത്തിലൊരു ഭാവിയാണ് നമ്മള്‍ക്ക് മുന്നില്‍ കാത്തിരിക്കുന്നതെന്ന് മസ്‌ക് അടിയുറച്ച് വിശ്വസിക്കുന്നു.

ഒക്ടോബര്‍ 10നാണ് 'വീ, റോബോട്ട്'' എന്ന ടെസ്ല കാര്‍ നിര്‍മാണ കമ്പനിയുടെ പരിപാടിയില്‍ ടെസ്ലയുടെ ആദ്യത്തെ റോബോടാക്സിയായ(Robotaxi) 'സൈബര്‍കാബ്''(Cybercab) ഇലോണ്‍ മസ്‌ക് അവതരിപ്പിച്ചത്. ഡ്രൈവറില്ലാതെ ഓടുന്ന ടാക്സിയെയാണ് റോബോടാക്സിയെന്ന് വിളിക്കുന്നത്. പരിപാടിയില്‍ ഹ്യൂമനോയിഡ് റോബോട്ടുകളായ(മനുഷ്യരൂപത്തിന് സമാനമായ റോബോട്ടുകള്‍) ''ടെസ്ല ബോട്ട്''(Bot), കൂടാതെ ''റോബോവാന്‍''(Robovan) എന്നിവയുടെ അവതരണവും പ്രധാന ആകര്‍ഷകഘടകങ്ങളായി. ഡ്രൈവര്‍ ആവശ്യമില്ലാതെ സ്വയം ഓടാന്‍ കഴിയുന്ന ടാക്സികളാണ് റോബോടാക്സി. റോബോവാനിനും ഇതേ പ്രത്യേകതയാണുള്ളത്. അത് പക്ഷേ 20ഓളം മനുഷ്യരെ കൊണ്ട് പോവാന്‍ കഴിയുന്നതും, കൂടാതെ ചരക്കുകടത്തലിനും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള വാഹനമാണ്. ''ഓട്ടോപ്പൈലറ്റ്''ന് (autopilot - സ്വയം ഓടാന്‍ കഴിയുന്ന കാറിന്റെ ഫീച്ചര്‍) ശേഷിയുള്ളതാണ് ടെസ്ലയുടെ കാറുകള്‍. പൂര്‍ണമായും ഓട്ടോപ്പൈലറ്റ് ചെയ്യാന്‍ കഴിയുമെന്ന അവകാശവാദത്തോടെയാണ് പല കാറുകളും ടെസ്ല വില്‍ക്കുന്നത്. ഭാവിയില്‍ ഒരു സോഫ്റ്റ് വെയര്‍ അപ്ഗ്രേഡിലൂടെ ഇത് സാധ്യമാകുമെന്നാണ് ടെസ്ല അവകാശപ്പെടുന്നത്.
ടെസ്‌ലയുടെ റോബോടാക്‌സി | PHOTO: WIKI COMMONS
ഓട്ടോപ്പൈലറ്റ് പല തവണ പരീക്ഷണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. നിരത്തുകളില്‍ പല അപകടങ്ങളും ഇതിന്റെ ഫലമായി ഉണ്ടായിട്ടുണ്ട്. അത് പക്ഷേ സാങ്കേതിക വിദ്യയുടെ പരിമിതി മൂലം മാത്രമാണെന്ന് പറയാന്‍ സാധിക്കില്ല. ട്രാഫിക് നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെടാത്തതും, ആളുകളുടെ നിരത്തുകളിലെ പെരുമാറ്റവുമെല്ലാം ഈ അപകടങ്ങള്‍ക്ക് സ്വാധീനമാവും. എന്നിരുന്നാലും സാങ്കേതികവിദ്യയുടെ പോരായ്മയും പ്രധാന ഘടകം തന്നെയാണ്.

യുഎസില്‍ മാത്രം ഒന്നോ അതിലധികമോ ആളുകളുടെ മരണത്തിന് കാരണമായ 13 അപകടങ്ങളാണ് ടെസ്ലയുടെ ഓട്ടോപ്പൈലറ്റ് ഫീച്ചര്‍ ഉപയോഗിച്ച് വാഹനം ഓടിച്ചപ്പോഴുണ്ടായതെന്ന് നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്റെ കണക്കുകള്‍ പറയുന്നു. അതോടൊപ്പം പരിഗണിക്കേണ്ട വിഷയമാണ് വാഹന അപകടത്തിന്റെ നിയമപരമായ വശങ്ങള്‍. ഡ്രൈവര്‍ ഇല്ലാത്ത വാഹനവും ഡ്രൈവര്‍ ഉള്ള വാഹനവും തമ്മില്‍ അപകടമുണ്ടായാല്‍ ഉത്തരവാദിത്തം ആര്‍ക്കാണെന്ന് നിര്‍ണ്ണയിക്കുന്നത് മുതല്‍ കുറ്റം ചുമത്തുന്നത് വരെയുള്ള കാര്യങ്ങളില്‍ നിലവിലുള്ള നിയമ സംവിധാനം പര്യാപ്തമല്ല എന്ന വസ്തുത യാഥാര്‍ഥ്യമാണ്. ഇത് കൂടാതെ റോബോടാക്സി സ്ഥാപനങ്ങളായ, ഗൂഗിളിന്റെ പാരന്റ് കമ്പനിയായ അല്‍ഫബെറ്റിന്റെ ഉടമസ്ഥതയിലുള്ള ''വെയ്മോ''(Waymo), ജനറല്‍ മോട്ടോഴ്സിന്റെ 'ക്രൂസ്''(Cruise) കൂടാതെ ഡ്രൈവറില്ലാതെ ഓടുന്ന കാറുകളും മോട്ടോര്‍ബൈക്കുകളും പുറത്തിറക്കുന്ന അമേസോണിന്റെ 'സൂക്സ്''(Zoox) എന്നിവയ്ക്കെതിരെ നിരത്തിലെ പല അപകടങ്ങള്‍ കാരണം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡ്രൈവറില്ലാതെ ഓടുന്ന കാറിന്റെ സാങ്കേതികവിദ്യയുടെ പരിമിതികള്‍ ഇതിലൂടെ വീണ്ടും സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാവുകയാണ്. കമ്പനികള്‍ നല്‍കിയ സുരക്ഷാവാഗ്ദാനങ്ങള്‍ തെറ്റായിരുന്നുവെന്ന് ഇത്തരം അപകടങ്ങള്‍ വ്യക്തമാക്കുന്നു. ചൈനയിലും യുഎസിലും റോബോടാക്സികള്‍ പല നഗരങ്ങളിലും സജീവമായിക്കഴിഞ്ഞു. അബുദാബിയില്‍ ചൈനീസ് കമ്പനിയായ 'വീറൈഡ്''(WeRide) റോബോടാക്സികളുടെ പരീക്ഷണ ഓട്ടം നടത്തിയിട്ടുണ്ട്. കൂടാതെ സിംഗപ്പൂരില്‍ 'റോബോബസ്''(Robobus) സേവനവും ഇതേ സ്ഥാപനം നടത്തുന്നുണ്ട്.

അപകടങ്ങള്‍ തുടര്‍ക്കഥയാവുമ്പോഴും ഡ്രൈവറില്ലാതെ കാറുകള്‍ കൃത്യമായി ഓടുന്നത് സാങ്കേതികവിദ്യയുടെ വളര്‍ച്ചയെയാണ് ചൂണ്ടിക്കാണിക്കുന്നത്. ക്യാമറകളും, റഡാറുകളും, ലേസര്‍ സിസ്റ്റമുള്ള ലൈഡാറുകളുമെല്ലാം (LiDar) ചേര്‍ന്നാണ് ഇത് സാധ്യമാവുന്നത്. ഇതിനൊപ്പം തന്നെ വളരെ വേഗതയില്‍ നടക്കുന്ന കമ്പ്യൂട്ടിങ് സംവിധാനവും ആവശ്യമാണ്. മുന്നിലും പിന്നിലുമുള്ള വാഹനങ്ങളും അവയുടെ വേഗതയും, മനുഷ്യര്‍, മൃഗങ്ങള്‍, വളവുകള്‍, തിരിവുകള്‍, ട്രാഫിക് ബോര്‍ഡുകള്‍, സിഗ്നലുകള്‍, റോഡിലെ വരകള്‍, മറ്റു തടസങ്ങള്‍ എന്നിവയെല്ലാം സെന്‍സറുകള്‍ ഉപയോഗിച്ച് ഗ്രഹിക്കുകയും ഉടന്‍ തന്നെ ഇവയുടെ വിവരങ്ങള്‍ അതിവേഗതയില്‍ കണക്കുകൂട്ടി ഒരു വാഹനം എന്ത് ചെയ്യണമെന്ന് വാഹനത്തിലെ സോഫ്റ്റ് വെയര്‍ തീരുമാനിക്കുന്നു. എഐയും(Artificial Intelligence - AI) ഇത്തരം സോഫ്റ്റ് വെയറുകളുടെ പ്രധാന ഘടകമാണ്. മില്ലീ സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഈ കണക്കൂട്ടലുകളും തീരുമാനമെടുക്കലും സോഫ്റ്റ് വെയര്‍ ചെയ്യുന്നത്. മറ്റെല്ലാ സോഫ്റ്റ് വെയര്‍ ഹാര്‍ഡ് വെയര്‍ സാങ്കേതികവിദ്യകള്‍ പോലെ തന്നെ ഇതിലും തെറ്റ് സംഭവിക്കാനുള്ള സാധ്യതകളുണ്ട്. തെറ്റുകള്‍ സംഭവിച്ചിട്ടുമുണ്ട്. പല അപകടങ്ങളും, പലരുടെ മരണത്തിനും കാരണമായ ഈ തെറ്റുകള്‍ മൂലമാണ് യുഎസിലെല്ലാം റോബോടാക്സികള്‍, കൂടാതെ ഡ്രൈവറില്ലാതെ ഓടാന്‍ കഴിയുന്ന മറ്റു വാഹങ്ങളെല്ലാം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായിരിക്കുന്നത്. എന്നിട്ടും പല വാഹനനിര്‍മാതാക്കളും യുഎസിലും മറ്റും ഈ സാങ്കേതികവിദ്യക്കായി നിരത്തുകളില്‍ പരീക്ഷണ ഓട്ടം നടത്തുന്നുമുണ്ട്.

സ്വയം ഓടാന്‍ കഴിവില്ലെങ്കിലും ഇന്നത്തെ മിക്ക കാറുകളിലും വളരെ നൂതനമായ, സ്വയം തീരുമാനമെടുത്ത് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാങ്കേതിക വിദ്യകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഡാസ്(ADAS) എന്ന സാങ്കേതികവിദ്യ അതിനേറ്റവും മികച്ച ഉദാഹരണമാണ്. ഇന്ത്യന്‍ വിപണിയിലുള്ള പുത്തന്‍ കാറുകളിലും ഈ ഫീച്ചര്‍ സുലഭമായിക്കഴിഞ്ഞു. റോഡിലെ വരകളും, മുന്നില്‍ പോവുന്ന വാഹനത്തിന്റെ വേഗതയും, വാഹനത്തിന്റെ പുറകിലുള്ള തടസ്സങ്ങളും സെന്‍സറുകള്‍ ഉപയോഗിച്ച് കണക്കുകൂട്ടി തീരുമാനമെടുക്കാന്‍ ഡ്രൈവറെ സഹായിക്കുന്ന സാങ്കേതികവിദ്യയാണിത്. ഉദാഹരണത്തിന്, ചില സമയങ്ങളില്‍ അപകടം ഒഴിവാക്കാന്‍, ഡ്രൈവര്‍ക്ക് മുന്നേ തന്നെ ഒരു വാഹനം അഡാസ് ഉപയോഗിച്ച് ബ്രേക്കിടും. ഡ്രൈവര്‍ ഉറങ്ങിപ്പോയോ എന്ന തിരിച്ചറിയാന്‍ പാകത്തിലുള്ള സാങ്കേതികവിദ്യ വരെ കാറുകളില്‍ അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. റോബോടാക്സികളിലെന്ന പോലെ തന്നെ ഈ സാങ്കേതികവിദ്യയ്ക്കും ക്യാമറകളും മറ്റു സെന്‍സറുകളുമാണ് ആവശ്യം. വേണമെങ്കില്‍ എയ്റോപ്ലേനുകള്‍ക്ക് പോലും പൈലറ്റ് ഇല്ലാതെ പറക്കാന്‍ കഴിയുമെന്ന് മനസ്സിലാക്കണം. അതിനാവശ്യമായ സാങ്കേതികവിദ്യ നേരത്തേതന്നെയുണ്ട്. 

ഇലോണ്‍ മസ്‌ക് |PHOTO: FACEBOOK
ഇലോണ്‍ മസ്‌ക് അവതരിപ്പിച്ച സൈബര്‍കാബിന്റെ പ്രത്യേകതകളിലൊന്ന് അതിന് സ്റ്റിയറിംഗ് വീല്‍, ആക്സിലറേറ്റര്‍ പെഡല്‍, ബ്രേക്ക് പെഡല്‍ എന്നിവയില്ലെന്നതാണ്. ഇവയെല്ലാം ഉള്ള റോബോടാക്സികളാണ് പല അപകടങ്ങളും നിരത്തില്‍ ഉണ്ടാക്കി വയ്ക്കുന്നത്. അത്തരം സാഹചര്യത്തിലാണ് ഇതൊന്നുമില്ലാത്ത കാറുകള്‍ നിരത്തുകളില്‍ ഇറങ്ങാന്‍ തയ്യാറാവുന്നത്. ടെസ്ല കൂടാതെ അമേസോണിന്റെ ''സൂക്സ്'' എന്ന സ്ഥാപനവും സ്റ്റിയറിംഗ് വീലും പെടലുകളുമില്ലാതെ ഓടുന്ന കാറുകളുടെ പരീക്ഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. സ്റ്റിയറിംഗ് വീലും പെടലുകളുമുണ്ടെങ്കില്‍, എന്തെങ്കിലും അപകടസാധ്യതയുണ്ടായാല്‍ വേണമെങ്കില്‍ മനുഷ്യര്‍ക്ക് ഈ വാഹനങ്ങള്‍ ഓവര്‍റൈഡ് (override) എന്ന ഫീച്ചര്‍ ഉപയോഗിച്ച് നിയന്ത്രിക്കാന്‍ സാധിച്ചേക്കും. ഇവയൊന്നുമില്ലാത്ത കാറുകളില്‍ ഓവര്‍റൈഡ് എങ്ങനെ സാധ്യമാവുമെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

ഇത്തരം വാഹനങ്ങള്‍ പ്രാവര്‍ത്തികമായിട്ടുള്ള നഗരങ്ങള്‍ ശ്രദ്ധിച്ചാല്‍ ഒരു പൊതുസ്വഭാവം കാണാന്‍ കഴിയും. കര്‍ശനമായ ട്രാഫിക് നിയമങ്ങളും, വ്യക്തമായ ട്രാഫിക് അടയാളങ്ങളുമുള്ള, ലെയ്ന്‍ ഡിസിപ്ലിന്‍ (lane discipline) പോലുള്ള നിയമവും മര്യാദയും പാലിക്കപ്പെടുന്ന, ഇവ ലംഘിച്ചാല്‍ വലിയ നിയമനടപടികള്‍ നേരിടേണ്ടി വരുന്ന നഗരങ്ങളാണ് ഇവയെല്ലാം. ഇതിലൊന്നും നിയന്ത്രണമില്ലാത്തതോ, ഇതിന്റെ ലംഘനങ്ങള്‍ക്ക് കര്‍ശനമായ നിയമനടപടികളോ ഇല്ലാത്ത നഗരങ്ങളില്‍ റോബോടാക്സികള്‍ പ്രാവര്‍ത്തികമാക്കാന്‍ ബുദ്ധിമുട്ടാണ്. വേണമെങ്കില്‍ അസാധ്യമെന്ന് തന്നെ പറയാം. വ്യക്തമായ അടയാളങ്ങളും ട്രാഫിക് ബോര്‍ഡുകളും സിഗ്നലുകളും കൂടാതെ ലെയ്ന്‍ ഡിസിപ്ലിനും ഇല്ലാത്ത ഒരു സമൂഹത്തില്‍ അഡാസിന് പോലും കൃത്യമായി പ്രവര്‍ത്തിക്കാനാവില്ല. ഇന്ത്യ പോലൊരു സമൂഹത്തില്‍ റോബോടാക്സികള്‍ വരുന്നത് ഒരു വിദൂരസ്വപ്നമായി കണക്കാക്കേണ്ടി വരും.

റോഡപകടങ്ങള്‍ മാത്രമല്ല റോബോടാക്സികള്‍ മൂലമുണ്ടാവുന്ന വെല്ലുവിളി. മറ്റൊരു പ്രധാന വെല്ലുവിളി ടാക്സി ഡ്രൈവര്‍മാരുടെ തൊഴിലിനെയും ഇത് ബാധിക്കുമെന്നതാണ്. കൃത്യമായി പറഞ്ഞാല്‍ ടാക്സി ഡ്രൈവര്‍ എന്ന തൊഴില്‍ ഗ്രാമങ്ങളിലും മറ്റും നിലനില്‍ക്കുമെങ്കിലും, മെട്രോ നഗരങ്ങളില്‍ ടാക്സി ഡ്രൈവര്‍മാരുടെ എണ്ണം കുറയും, ചിലപ്പോള്‍ തീര്‍ത്തും ഇല്ലാതായേക്കാം. ഇപ്പോള്‍ നമ്മള്‍ കടന്നു പോവുന്നത് എഐയുടെ അതിവേഗത്തിലുള്ള വളര്‍ച്ചയുടെ കാലഘട്ടത്തിലൂടെയാണ്. ഇത് മൂലം ഐടി മേഖലകളിലടക്കം വളരെയേറെ തൊഴിലുകളാണ് ഇല്ലാതെയാവുന്നത്. ലക്ഷകണക്കിനാളുകള്‍ക്ക് തൊഴില്‍ നഷ്ടമായി, പലരേയും കമ്പനികള്‍ പിരിച്ചുവിട്ടു. തൊഴില്‍ നിയമങ്ങള്‍ കൃത്യമായി അനുഷ്ഠിക്കപ്പെടാത്ത ഇന്ത്യ പോലൊരു രാജ്യത്തില്‍ തൊഴില്‍ നഷ്ടം സംഭവിച്ച തൊഴിലാളികളുടെ സ്ഥിതി അതീവദുരിതമാണ്. റോബോടാക്സികളിലെ സാങ്കേതികവിദ്യ ഇന്ത്യന്‍ നിരത്തുകളിലോടുന്ന ഓട്ടോകളിലും വന്നേക്കാം. അത് മൂലം ഓട്ടോത്തൊഴിലാളികള്‍ക്കും തൊഴില്‍ നഷ്ടം സംഭവിക്കാം. ഇതിന്റെ ഭവിഷ്യത്ത് വളരെ ഭീകരമായിരിക്കും.

REPRESENTATIVE IMAGE | WIKI COMMONS
ഇന്ത്യ പോലൊരു രാജ്യത്ത് പുതിയൊരു പൊതുസംവിധാനം വരുമ്പോള്‍ അതിനെ സംരക്ഷിക്കുക, നല്ല രീതിയില്‍ നിലനിര്‍ത്തിക്കൊണ്ടുപോവുക എന്ന മനോഭാവം പൊതുവെ കുറവാണ്. ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ പോലെയുള്ള പൊതു ഇടങ്ങള്‍ നമ്മളെങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ശ്രദ്ധിച്ചാല്‍ ഇത് മനസിലാവും. ഇത് കൂടാതെ റെയില്‍ പാളങ്ങളില്‍ കല്ലും മറ്റും വച്ച് ട്രെയിന്‍ അട്ടിമറിക്കാനുള്ള ശ്രമങ്ങളും, വന്ദേഭാരത് ട്രെയിനുകള്‍ക്ക് നേരെയുള്ള കല്ലേറും, അവയുടെ പരിപാലനവുമെല്ലാം ഇത്തരത്തില്‍ ഒരു നൂതന വിദ്യ നിരത്തില്‍ ഇറങ്ങുമ്പോള്‍ ഉണ്ടായേക്കാന്‍ സാധ്യതയുള്ള പ്രതികരണങ്ങളുടെ സൂചന നല്‍കുന്നുണ്ട്. റോബോടാക്സികള്‍ നിരത്തിലൂടെ ഓടുമ്പോള്‍ അതിനു നേരെയും കല്ലെറിയാനുള്ള കൗതുകം ചിലരിലെങ്കിലും ഉടലെടുത്തേക്കാം. ഇത് മൂലമുണ്ടാവുന്ന ധനനഷ്ടവും മറ്റു അപകടങ്ങളും വേറെ. സാധാരണ കാറുകളില്‍ നിന്ന് വിഭിന്നമായി ഡ്രൈവറില്ലാതെ ഓടുന്ന കാറുകളെയും റോബോടാക്സികളെയും വളരെ പെട്ടെന്ന് തന്നെ തിരിച്ചറിയാനുമാകും.

മനുഷ്യന്റെ ജീവിതം അനായാസമാക്കാന്‍ വേണ്ടിയാവണം സാങ്കേതികവിദ്യകളുടെ വളര്‍ച്ച. എന്നാല്‍ ഇത്തരം മുന്നേറ്റങ്ങളെല്ലാം കോര്‍പ്പറേറ്റുകള്‍ ആളുകളുടെ അവകാശങ്ങളെ റദ്ദ് ചെയ്യാനും, അവരെ ദുരിതങ്ങളുടെ ആഴക്കടലിലേക്ക് തള്ളിയിടാനും ഉപയോഗിക്കുന്നു. ഒരു ഉദാഹരണത്തിന് വീട്ടുജോലിയും വൃത്തിയാക്കലും പോലെയുള്ള പ്രവര്‍ത്തികള്‍ക്ക് സഹായമേകി മനുഷ്യന് കൂടുതല്‍ ഒഴിവ് സമയം നല്‍കാനും, സര്‍ഗാത്മകമായ കൂടുതല്‍ പ്രവര്‍ത്തികളിലേര്‍പ്പെടാനും കൈതാങ്ങാവാന്‍ കെല്‍പ്പുള്ള സാങ്കേതികവിദ്യയാണ് എഐ. എന്നാല്‍ അതേ വിദ്യ ഇന്ന് ഉപയോഗിക്കപ്പെടുന്നത് തൊഴിലില്ലാതെയാക്കാനും, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാനും, സാമ്പത്തിക തട്ടിപ്പുകള്‍ക്കും, ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കുമായാണ്. സാങ്കേതിക മുന്നേറ്റങ്ങള്‍ ആധുനിക ലോകത്ത് എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്നതിന്റെ തെളിവുകളാണിത്.

പട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും ഇനിയുമേറെ ജനങ്ങള്‍ റോബോടാക്സികളുടെ വരവോടു കൂടെ വലിച്ചെറിയപ്പെടും. ഇതില്‍ കുറച്ച് പേരെങ്കിലും സംഘടിക്കും, സംഘടനകളുടെ ഭാഗമാവും. എന്നാല്‍ ലോകത്തെ പല അനീതികളെയും പോലെ ഇതിനെയും അടിച്ചമര്‍ത്താന്‍ കെല്‍പ്പുള്ളതായി മാറിയിരിക്കുന്നു ഇന്നത്തെ ഭീമന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍. അവര്‍ക്ക് കുടപിടിക്കുന്ന സര്‍ക്കാരുകളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കാനായുള്ള നടപടികള്‍ പ്രതീക്ഷിക്കേണ്ടതുണ്ടോ എന്ന് ചിന്തിക്കണം. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു സമൂഹവും ഇതിന് സഹായമായി മാറിയിട്ടുണ്ട്. എഐ മൂലം തൊഴില്‍ നഷ്ടപ്പെട്ട ലക്ഷക്കണക്കിനാളുകളുള്ള ലോകത്ത് ഇതിനെതിരെ ഒരു സമരമോ പ്രതിഷേധമോ ശക്തമായി നടക്കാത്തതില്‍ തന്നെയുണ്ട് ഇത്തരം സൂചനകള്‍. വംശഹത്യക്ക് നേരെപോലും കണ്ണടച്ച് നില്‍ക്കുന്ന ഒരു ലോകത്തില്‍ നിന്ന് ഇതിലുമധികം പ്രതീക്ഷിക്കേണ്ടതില്ലെന്ന് വേണം മനസിലാക്കാന്‍.


#Technotopia
Leave a comment