
1000 കിമീ റേഞ്ചുമായി സോളിഡ് സ്റ്റേറ്റ് ബാറ്ററികൾ
തെറ്റാൻ സാധ്യതയുള്ള എന്തും തെറ്റിപ്പോകുമെന്നാണ്(anything that can go wrong, will go wrong) മർഫിയുടെ ഒരു നിയമം (Murphy's Law). എന്നാൽ ‘ഇന്റർസ്റ്റെല്ലാർ’ എന്ന സിനിമയിൽ ‘മർഫി നിയമ’ത്തിന് നൽകുന്ന ഒരു വ്യാഖ്യാനമുണ്ട്. സംഭവിക്കാൻ സാധ്യതയുള്ളത് സംഭവിക്കുമെന്നാണ് അതിനർത്ഥം എന്ന് ചിത്രത്തിലെ പ്രധാനകഥാപാത്രമായ കൂപ്പർ തന്റെ മകൾ മർഫിയോട് പറയുന്നു. അത്തരത്തിൽ ചില പോരായ്മകൾ ഉള്ള, എന്നാൽ വളരെ വേഗം പലവിധ വികസനങ്ങളും; പുതിയ, മെച്ചപ്പെട്ട സാങ്കേതിക വിദ്യകളും ഉണ്ടാവുന്ന ഒരു മേഖലയാണ് ബാറ്ററികൾ, പ്രത്യേകിച്ച് ലിക്വിഡ്-ഇലക്ട്രോലൈറ്റ് സാങ്കേതിക വിദ്യ ആയിട്ടുള്ള ലിഥിയം-അയോൺ ബാറ്ററികൾ. ഇലക്ട്രിക് വാഹനങ്ങളിലേക്ക് ലോകം പൂർണമായും പരിവർത്തനം ചെയ്യപ്പെടുന്ന ഈ കാലത്ത്, ഇതിന്റെ പ്രാധാന്യം വളരെ വലുതാണ്.
സാങ്കേതിക വിദ്യകളുടെ വളർച്ച പരിശോധിച്ചാൽ പലപ്പോഴും അതിലെ വികാസത്തിന്റെ വേഗത അത്ഭുതപ്പെടുത്തുന്നതാണ്. ഒരു മേഖലയെ മാത്രം സംബന്ധിച്ചുള്ള ഒരു കാര്യവുമല്ല അത്. ബാറ്ററികളുടെ കാര്യത്തിലും ഇത് കാണാൻ കഴിയും. റീചാർജ്ജ് ചെയ്യാൻ കഴിയുന്ന ബാറ്ററികളിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന സാങ്കേതിക വിദ്യ ആണ് ലിഥിയം-അയോൺ ബാറ്ററികൾ(Lithium-ion). ഇവ മുഖ്യധാരയിലേക്ക് വന്നപ്പോൾ ഊർജ്ജ സംഭരണം എന്ന പ്രശ്നത്തിന് ആത്യന്തിക പരിഹാരമാവും ഈ ബാറ്ററി ടെക്നോളജി എന്ന് കരുതിയെങ്കിൽ തെറ്റ് പറയാനാവില്ല. സ്മാർട്ട്ഫോണുകൾ, ഗ്രിഡ് സ്റ്റോറേജുകൾ, ഇലക്ട്രിക്ക് വാഹനങ്ങൾ എന്നിവയിലേക്കെല്ലാം ലിഥിയം-അയോൺ ബാറ്ററികൾ കടന്നുവന്നു, അവ വളരെ വ്യാപകമായി ഉപയോഗിക്കപ്പെടാൻ തുടങ്ങി. ലിഥിയം-അയോൺ ടെക്നോളജി ഇന്നും കൂടുതൽ വികസിക്കുന്ന പാതയിലാണ്. അങ്ങനെയിരിക്കെയാണ് അവയ്ക്ക് പകരമാവാൻ സാധ്യതയുള്ള പുതിയൊരു ബാറ്ററി ടെക്നോളജി വരുന്നത് - സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ(Solid-state batteries).
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ലിഥിയം-അയോൺ ബാറ്ററികളുടെ പല പോരായ്മകളെയും ഇല്ലാതാക്കാൻ കഴിയും എന്ന വാഗ്ദാനത്തോടെയാണ് സോളിഡ്-സ്റ്റേറ്റ് ബാറ്ററി ടെക്നോളജി എത്തുന്നത്. പെട്ടെന്ന് തീപിടിക്കാൻ സാധ്യതയുള്ള ലിഥിയം-അയോൺ ബാറ്ററികളിലെ ലിക്വിഡ് ഇലക്ട്രോലൈറ്റ്(liquid electrolyte) എന്ന പ്രധാന ഘടകത്തിന് പകരം, തീപിടിത്തത്തിനുള്ള സാധ്യത തീരെ കുറയ്ക്കുന്ന ഒരു സോളിഡ് മെറ്റീരിയലാണ് സോളിഡ്-സ്റ്റേറ്റ് ബാറ്ററികളിൽ ഉപയോഗിക്കുന്നത്. മികച്ച ഊർജ്ജ സാന്ദ്രതയും(energy density), വളരെ വേഗം ചാർജ് ചെയ്യാൻ കഴിയുകയും, തീപിടിത്തമെന്ന അപകടം തീരെ കുറയ്ക്കാൻ കഴിയുകയും ചെയ്യുന്ന ബാറ്ററി. മികച്ച സുരക്ഷയും, ഒപ്പം ചില ഡിസൈനുകളിൽ, വളരെ കുറഞ്ഞ ഭാരവും സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ തുറക്കുന്ന സാധ്യതകളാണ്.
ഉദാഹരണത്തിന്, ഇലക്ട്രിക്ക് വാഹനങ്ങളുടെ കാര്യമെടുത്താൽ, സോളിഡ്-സ്റ്റേറ്റ് ബാറ്ററികളിലൂടെ ഒരു ഇലക്ട്രിക്ക് കാറിൽ ഒരൊറ്റ ചാർജിങ്ങിൽ 1000 കിലോമീറ്ററിലധികം സഞ്ചരിക്കാൻ കഴിയും. ഒപ്പം ബാറ്ററി റീചാർജ്ജ് ചെയ്യാൻ കാറിൽ പെട്രോളോ, ഡീസലോ നിറയ്ക്കുന്ന സമയം മാത്രമേ വേണ്ടി വരുള്ളൂ. പ്രമുഖ വാഹന നിർമ്മാതാക്കളായ ടൊയോട്ടയുടെ ആരാധകർ അടുത്തകാലത്ത് പുറത്തുവിട്ട ചില റീലുകൾ സോളിഡ് സ്റ്റേറ്റ് ബാറ്ററിയുമായി ടൊയോട്ട ഈ മേഖലയിൽ വലിയ കുതിപ്പിന് ഒരുങ്ങുന്നതായി ചൂണ്ടിക്കാട്ടി. ടൊയോട്ട മാത്രമല്ല, ചൈനയിൽ നിന്നും സിഎടിഎൽ(CATL), അമേരിക്കയിൽ നിന്നും ക്വാണ്ടംസ്കേപ്പ് (QuantumScape), യൂറോപ്പിൽ നിന്നും വോക്സ്വാഗന്റെ പവർക്കോ(Volkswagen’s PowerCo) എന്നിവരെല്ലാം ഈ ടെക്നോളജി ആരാണ് ആദ്യം വലിയ തോതിൽ വിപണിയിൽ എത്തിക്കുക എന്നതിലുള്ള മത്സരത്തിലാണ്.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ലിഥിയം-അയോൺ ടെക്നോളജി മൂലമുണ്ടായ ഗുണങ്ങളും, അവയിൽ സംഭവിച്ചിട്ടുള്ള പല വികാസങ്ങളും ശ്രദ്ധേയമാണ്. 1990കൾ മുതൽ ഗവേഷകരും ശാസ്ത്രജ്ഞരും ലിഥിയം-അയോൺ ബാറ്ററിയിൽ ഒരുപാട് മുന്നേറ്റം കൊണ്ടുവന്നിട്ടുണ്ട്. നിക്കൽ-മാംഗനീസ്-കോബാൾട്ട്(nickel-manganese-cobalt), ലിഥിയം അയേൺ ഫോസ്ഫേറ്റ്(lithium iron phosphate), സിലിക്കൺ ആനോഡുകൾ(silicon anodes) തുടങ്ങിയവ എല്ലാം ലിഥിയം-അയോൺ ബാറ്ററി ടെക്നോളജിയിൽ വന്നിട്ടുള്ള വികാസങ്ങളാണ്. അതിന്റെ ഭാഗമായി ഇവയുടെ നിർമ്മാണച്ചെലവും വിലയും കുറയുകയും, പെട്ടെന്നുള്ള ഇലക്ട്രിക്ക് വാഹനങ്ങളുടെ പ്രചാരത്തിന് കാരണമാവുകയും ചെയ്തു. ബാറ്ററി ലൈഫ് വർധിപ്പിക്കുന്നതിനും, കോബാൾട്ട് പോലുള്ള മെറ്റീരിയലുകൾക്ക് പകരമുള്ള മെറ്റീരിയലുകൾ കണ്ടെത്തുവാനും, ബാറ്ററികളുടെ പുനരുപയോഗത്തിനും പലവിധ മുന്നേറ്റങ്ങളും ഗവേഷണങ്ങളും ഇപ്പോഴും തുടരുന്നു. ലിഥിയം-അയോൺ ബാറ്ററികൾ ആത്യന്തികമായ(ultimate) ഒരു സ്റ്റേജിൽ എത്തുന്നതിന് മുൻപ് തന്നെ ഒരു പകരക്കാരൻ എന്ന് വിളിക്കാവുന്ന ഒരു സാങ്കേതിക വിദ്യയെ കണ്ടെത്തിയിരിക്കുകയാണ് സോളിഡ്-സ്റ്റേറ്റ് ബാറ്ററികളിലൂടെ ശാസ്ത്രലോകം.
2010ൽ അമേരിക്കയിലെ സിലിക്കൺ വാലിയിൽ സ്ഥാപിതമായ ക്വാണ്ടംസ്കേപ്പ്, ലിഥിയം-അയോൺ ബാറ്ററികളേക്കാൾ എല്ലാത്തിലും മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നുവെന്ന ഉറപ്പോടെ അവരുടെ സോളിഡ്-സ്റ്റേറ്റ് ബാറ്ററികളുടെ ഡിസൈൻ വെളിപ്പെടുത്തി. അതിലൂടെ ഊർജ്ജ സംഭരണത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ഒരു സ്റ്റാർട്ടപ്പായി ബിൽ ഗേറ്റ്സിന്റെയും, വോക്സ്വാഗൻ ഗ്രൂപ്പിന്റെയും നിക്ഷേപമുള്ള ഈ സ്ഥാപനം മാറി. ബാറ്ററി നിർമാണപ്രവർത്തനങ്ങൾക്കും മറ്റുമായി ക്വാണ്ടംസ്കേപ്പിന്റെ സാധ്യതകളെ മുന്നിൽ കണ്ടുകൊണ്ട് വോക്സ്വാഗൻ ഗ്രൂപ്പ് പവർക്കോ(PowerCo) എന്ന കമ്പനിയും ആരംഭിച്ചു. എന്നാൽ ലാബുകൾക്ക് അപ്പുറത്തേക്ക്, പ്രോട്ടോടൈപ്പുകൾക്ക് പുറമെ, ഇവ എന്നെങ്കിലും യാഥാർഥ്യമാവുമോ എന്ന് പലരും സംശയം പ്രകടിപ്പിച്ചു. എന്നാൽ സംശയങ്ങളെ അസ്ഥാനത്താക്കി, ചോദ്യങ്ങൾക്ക് മറുപടിയായി ക്വാണ്ടംസ്കേപ്പും പവർകോയും കൂടെ ചേർന്ന് സോളിഡ്-സ്റ്റേറ്റ് ബാറ്ററികളിൽ ഓടുന്ന ഡുക്കാട്ടി(Ducati) മോട്ടോർസൈക്കിൾ ഈ വർഷം അവതരിപ്പിച്ചു.
സോളിഡ്-സ്റ്റേറ്റ് ബാറ്ററിയുള്ള ഡുക്കാട്ടി V21L | PHOTO: WIKI COMMONS
ഡുക്കാട്ടി V21L എന്ന മോട്ടോ-ഇ(MotoE) റേസിംഗ് ബൈക്ക് സോളിഡ് സ്റ്റേറ്റ് ബാറ്ററികളിൽ ഓടുന്ന ആദ്യത്തെ മോട്ടോർസൈക്കിളായി മാറി. ജർമനിയിലെ മ്യൂണിക്കിൽ വച്ച് നടന്ന ഐഎഎ മൊബിലിറ്റി(IAA Mobility) ഷോയിൽ ക്വാണ്ടംസ്കേപ്പിന്റെ QSE-5 സെല്ലുകളുമായി ഒരു വർക്കിംഗ് പ്രോട്ടോടൈപ്പായി ഡുക്കാട്ടി ബൈക്ക് അവതരിപ്പിക്കപ്പെട്ടു. ലിറ്ററിന് 844 വാട്ട്-ഹൗർസ്(Watt hour per Liter - Wh/L) ഊർജ്ജ സാന്ദ്രതയും, 10ഇൽ നിന്നും 80 ശതമാനം ചാർജിങ്ങിന് വേണ്ടി 12 മിനിറ്റിനടുത്ത് സമയവും, അധികം ചൂട് പിടിക്കാതെ ഊർജം ഡിസ്ചാർജ് ചെയ്യാൻ കഴിയുന്നതും ബൈക്കിലെ ബാറ്ററിയുടെ പ്രത്യേകതകളായി അവതരിപ്പിച്ചു. സാധാരണ ഒരു സ്കൂട്ടറിലോ, ബൈക്കിലോ അവതരിപ്പിക്കുന്നതിന് പകരം, ഒരു റേസിംഗ് ബൈക്കിൽ തന്നെ ക്വാണ്ടംസ്കേപ്പും പവർകോയും അവതരിപ്പിച്ചത് തന്നെ ഈ ബാറ്ററിയുടെ കാര്യക്ഷമതയെ കൂടെ കാണിക്കുവാൻ വേണ്ടിയാണെന്ന് മനസിലാക്കാവുന്നതാണ്. തങ്ങളുടെ മോട്ടോ-ഇ പ്രോഗ്രാമിനെ ഒരു ഗവേഷണ ലാബായും ഉപയോഗിക്കുന്ന ഡുക്കാട്ടിക്ക്, V21Lന്റെ സോളിഡ്-സ്റ്റേറ്റ് വേർഷനിലൂടെ ബൈക്കിന്റെ ഭാരം കുറയ്ക്കാൻ കഴിഞ്ഞതായും, ഇതിലൂടെ മെച്ചപ്പെട്ട പ്രകടനം ബൈക്കിലൂടെ കാഴ്ചവയ്ക്കാൻ കഴിയുന്നതിനെയും തുറന്നുകാണിച്ചു.
ഡുക്കാട്ടിയെ പോലെ റേസിംഗ് ബൈക്കുകളും, സൂപ്പർ ബൈക്കുകളും നിർമിക്കുന്നവർ സോളിഡ്-സ്റ്റേറ്റ് ബാറ്ററി ടെക്നോളജിയെ അവരുടെ ബൈക്കിൽ അവതരിപ്പിച്ചത്, ഒരു ഗിമ്മിക്ക് ആയിട്ടല്ല. സോളിഡ്-സ്റ്റേറ്റ് ബാറ്ററികളുടെ റിയൽ വേൾഡ് ആപ്ലിക്കേഷനുകൾക്ക്(real world applications) സമയമായെന്ന് ലോകത്തിനോട് വിളിച്ച് പറയുകയും കൂടെയാണ് ഡുക്കാട്ടി. വർഷങ്ങളുടെ ഗവേഷണത്തിനുള്ള ഫലം ക്വാണ്ടംസ്കേപ്പിന് ലഭിക്കുകയും, നെക്സ്റ്റ് ജനറേഷൻ ടെക്നോളജിയെ കൃത്യമായി തിരിച്ചറിഞ്ഞ് അതിൽ നിക്ഷേപം നടത്തിയതിലൂടെ വോക്സ്വാഗന്റെ പവർകോയ്ക്ക് പ്രോട്ടോടൈപ്പിൽ നിന്നും പ്രൊഡക്ടിലേക്ക് പെട്ടെന്ന് എത്തിക്കാനും, അതിലൂടെ, വളർന്നുവരാനും ഒരുപാട് നേട്ടങ്ങളും കൊയ്യാൻ സാധ്യതയുള്ള ഒരു മേഖലയിലെ വലിയൊരു വിജയം കൈവരിക്കാനും, പ്രധാനപ്പെട്ട ഒരു ഭാഗമാവാനും, ഒരു കീ-പ്ലെയർ(key-player) ആവാനും കഴിഞ്ഞു.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ക്വാണ്ടംസ്കേപ്പിനും പവർക്കോയ്ക്കും ഒപ്പം ഈ ദശാബ്ദം അവസാനിക്കുന്നതിന് മുൻപ് തന്നെ സോളിഡ്-സ്റ്റേറ്റ് ബാറ്ററികളിൽ ഓടുന്ന വാഹനങ്ങൾ നിരത്തിലിറക്കാനുള്ള പരിശ്രമങ്ങളിലാണ് ജപ്പാനിൽ നിന്നുമുള്ള ടൊയോട്ട. ഇന്നത്തെ ലിഥിയം-അയോൺ ബാറ്ററി സാങ്കേതികവിദ്യയിലല്ല, ബാറ്ററി മേഖലയിലെ നാളത്തെ മുന്നേറ്റങ്ങളിലാവും പ്രധാനപ്പെട്ട മാറ്റങ്ങളുണ്ടാവുക എന്ന് വിശ്വസിക്കുന്ന ടൊയോട്ട, ഇലക്ട്രിക്ക് കാർ നിർമ്മാണത്തിലേക്ക് സമയമെടുത്തും, ശ്രദ്ധയോടെയുമാണ് ചുവടെടുത്ത് വച്ചത്. ലോകത്തിലെ ഏറ്റവും വലിയ ലിഥിയം-അയോൺ നിർമ്മാതാക്കളായ ചൈനയിലെ സിഎടിൽ(CATL), സോളിഡും ലിക്ക്വിഡും(liquid) കൂടെ കലർന്ന ഒരു ഹൈബ്രിഡ്(hybrid) ബാറ്ററി ഡിസൈനിലേക്ക് ഒരുപാട് നിക്ഷേപം നടത്തിയതായും, ഇവ നിർമ്മിക്കുന്ന പ്രവർത്തനങ്ങളിലുമാണെന്നാണ് റിപ്പോർട്ടുകൾ. ഈ ഹൈബ്രിഡ് ബാറ്ററി മോഡലുകൾ പൂർണമായും സോളിഡ്-സ്റ്റേറ്റ് ബാറ്ററികളിലേക്കുള്ള പരിവർത്തനത്തിന് സഹായിക്കുമെന്ന് സിഎടിൽ വിശ്വസിക്കുന്നു. ചൈനീസ് സർക്കാരിന്റെ പിന്തുണയും, സമാനതകളില്ലാത്ത അവരുടെ പ്രൊഡക്ഷൻ സ്കെയിലും(scale) സോളിഡ്-സ്റ്റേറ്റ് ബാറ്ററികളുടെ വൻതോതിലുള്ള ഉത്പാദനത്തിന് കാരണമാവുമെന്ന് തീർച്ച.
ലിഥിയം-അയോൺ ബാറ്ററി സാങ്കേതികവിദ്യ നിലനിൽക്കുകയും, പരക്കെ ഉപയോഗത്തിൽ ഇരിക്കുമ്പോഴുമാണ് സോളിഡ്-സ്റ്റേറ്റ് ബാറ്ററി ടെക്നോളജിയിലെ ഈ മുന്നേറ്റം. മൂന്ന് ദശാബ്ദത്തിനുള്ളിൽ കാംകോർഡറുകളിലെ ബാറ്ററികളിൽ നിന്നും ഇലക്ട്രി വാഹനങ്ങൾക്ക് പുറകിലുള്ള പ്രധാന ടെക്നോളജി ആവാൻ ലിഥിയം-അയോൺ ബാറ്ററികൾക്ക് കഴിഞ്ഞു. ഡിവിഡികൾക്ക്(DVD) സ്ട്രീമിംഗ് സർവീസുകൾ(streaming services) പകരമായത് പോലെ, എംപിത്രീ പ്ലേയറുകൾക്ക്(MP3 players), ഡിജിറ്റൽ ക്യാമറകൾക്ക് സ്മാർട്ട്ഫോണുകൾ പകരമാവുന്നത് പോലെ സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ ലിഥിയം-അയോൺ ബാറ്ററികൾക്ക് പകരമാവുന്നു. മർഫി നിയമത്തിന്റെ മറ്റൊരു വ്യാഖ്യാനമായി ഇതിനെ കാണാം, ടെക്നോളജി എത്രത്തോളം ശക്തമെന്ന് തോന്നിയാലും, അതിലും മെച്ചപ്പെട്ട മറ്റൊരു ടെക്നോളജി കടന്നുവരും.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
സോളിഡ്-സ്റ്റേറ്റ് ബാറ്ററികളിലേക്കുള്ള പരിവർത്തനം ഒരിക്കലും എളുപ്പമുള്ള ഒന്നല്ല. വലിയതോതിൽ ഇവയെ നിർമ്മിക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ആയിരത്തിലധികം ചാർജ് സൈക്കിളുകൾ(charge cycles) പൂർത്തീകരിച്ച് കഴിഞ്ഞാലും സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ ഈട് നിൽക്കുമെന്നത് ഇനിയും തെളിയിക്കേണ്ടി ഇരിക്കുന്നു. പ്രവർത്തിക്കുന്ന പ്രോട്ടോടൈപ്പുകൾ ആവേശം നൽകുമെങ്കിലും ലക്ഷക്കണക്കിന് കസ്റ്റമേഴ്സിലേക്ക് വിശ്വസിക്കാവുന്ന പ്രോഡക്റ്റ് ആക്കി നൽകുക എന്നത് വെല്ലുവിളികൾ നിറഞ്ഞ ഒരു ജോലി തന്നെയാണ്. ക്വാണ്ടംസ്കേപ്പിന് കാലതാമസം നേരിടേണ്ടി വന്നിട്ടുണ്ട്, ടൊയോട്ട പല തവണ അവർ സോളിഡ്-സ്റ്റേറ്റ് ബാറ്ററികളോട് കൂടെയുള്ള വാഹനങ്ങൾ നിരത്തിലിറക്കാൻ ഉദ്ദേശിക്കുന്ന സമയത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്, സിഎടിൽ വലിയ തോതിലുള്ള ഇവയുടെ ഉത്പാദനത്തിന് ഇനിയും സമയമെടുക്കുമെന്നും തുറന്ന് സമ്മതിച്ചിട്ടുണ്ട്. ഇവിടെയും മർഫി നിയമം നമുക്ക് കാണാൻ കഴിയും.
കാണാൻ കഴിയുമെന്ന് ഉറപ്പുള്ള കാര്യം, ലിഥിയം-അയോൺ ബാറ്ററികൾക്കൊപ്പം തന്നെ സോളിഡ്-സ്റ്റേറ്റ് ബാറ്ററികളും ഒരുമിച്ചുണ്ടാവുന്ന കുറച്ച് കാലമുണ്ടാവുമെന്നാണ്. മുഖ്യധാരാ വിപണികളെ തുടർന്നും ലിഥിയം-അയോൺ ബാറ്ററികൾ തന്നെ ഭരിക്കും, പ്രത്യേകിച്ച് കസ്റ്റമേഴ്സിന് താങ്ങാൻ കഴിയുന്ന വിലയുള്ള ഇലക്ട്രിക്ക് വാഹനങ്ങളിൽ, മറ്റ് ഉപഭോക്തൃ ഉപകരണങ്ങളിലുമെല്ലാം. കാരണം ഇവയുടെ വിലയും, സപ്ലൈ ചെയിനും എല്ലാം ഇപ്പോൾ കൃത്യമാണ്. ലിഥിയം-അയോൺ ബാറ്ററികളുടെ നിർമാണം ഇപ്പോൾ തന്നെ വലിയതോതിലാണ് നടക്കുന്നത്. മിക്കവാറും പ്രീമിയം ഉപകരണങ്ങളിലാവും തുടക്കത്തിൽ സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ അവതരിപ്പിക്കപ്പെടുക, പ്രധാനമായും അതിന്റെ കാരണം അതിന് നിശ്ചയിക്കാൻ പോവുന്ന വില തന്നെ ആവും. നിർമ്മാണത്തിന്റെ തോത് വർധിപ്പിക്കുമ്പോൾ എല്ലാ വാഹനങ്ങളിലേക്കും ഇവ വ്യാപിക്കപ്പെടും, നിക്കൽ-കാഡ്മിയത്തിന്(nickel-cadmium) ലിഥിയം-അയോൺ പകരമായത് പോലെ.
REPRESENTATIVE IMAGE | PHOTO: WIKI COMMONS
ലിഥിയം-അയോണിന്റെയും സോളിഡ്-സ്റ്റേറ്റ് ബാറ്ററികളുടെയും വികാസം സൂചിപ്പിക്കുന്നത് സാങ്കേതികവിദ്യകളിൽ ഉണ്ടാവുന്ന തുടർച്ചയെയാണ്. ഒരു സാങ്കേതിക മുന്നേറ്റം അല്ലെങ്കിൽ കണ്ടുപിടിത്തം ഉണ്ടാവുന്നു, അത് വിപണിയെ കീഴടക്കുന്നു, ഇതിൽ പല പരിണാമങ്ങളും മെച്ചപ്പെടലുകളും ഉണ്ടാവുന്നു, അവസാനം അടുത്ത, മെച്ചപ്പെട്ട മറ്റൊരു സാങ്കേതിക വിദ്യ അതിന് പകരമാവുന്നു. നിലനിൽക്കുന്ന ഒരു സാങ്കേതികവിദ്യക്ക്, ഒരു വെല്ലുവിളി ഉണ്ടാക്കാൻ കഴിയുമെന്ന് ഡുക്കാട്ടിയുടെ പ്രോട്ടോടൈപ്പ് തെളിയിക്കുന്നു. ഒരു കണ്ടുപിടിത്തത്തിനോ, ഒരു മുന്നേറ്റത്തിനോ, ഒരു വഴിതിരിവിനോ എല്ലാക്കാലത്തും അതിന്റെ ആധിപത്യം നിലനിർത്തിക്കൊണ്ട് പോവാനാവില്ല എന്ന് സോളിഡ്-സ്റ്റേറ്റ് ബാറ്ററികൾ വീണ്ടും നമ്മളെ ഓർമിപ്പിക്കുന്നു.
സോളിഡ്-സ്റ്റേറ്റ് ബാറ്ററികളുടെ വിപണി നിയന്ത്രിക്കാൻ കെൽപ്പുള്ള ശക്തിയാവാൻ ക്വാണ്ടംസ്കേപ്പ്, പവർക്കോ, സിഎടിഎൽ, ടൊയോട്ട എന്നിവർ മത്സരിക്കുകയാണ്. മർഫി നിയമത്തെ ഒന്നും പെർമനന്റ് അല്ല എന്നും വ്യാഖ്യാനിക്കാം. ആകെ ഉറപ്പുള്ള കാര്യം മാറ്റങ്ങൾ ഉണ്ടാവുമെന്നതാണ്. ബാറ്ററി ലോകത്തെ മാറ്റങ്ങൾ വളരെ വേഗത്തിൽ സംഭവിച്ച് കൊണ്ടിരിക്കുന്നു. ഈ മേഖലയിൽ മറ്റ് രാജ്യങ്ങളും, പ്രത്യേകിച്ച് ഇന്ത്യയും എന്താണ് ചെയ്യാൻ പോവുന്നതെന്ന് കാണേണ്ടിയിരിക്കുന്നു. സോളിഡ്-സ്റ്റേറ്റ് ബാറ്ററി ടെക്നോളജിയിലേക്ക് ഇനിയും ഒരുപാട് നിക്ഷേപങ്ങൾ ഉണ്ടാവുമെന്ന് നിസ്സംശയം പറയാം.


