
AI കാലത്തെ 'ഡെർട്ടി പിക്ചർ': ഭാഗം 2 - മോഡേൺ ലവ്
പഴയ കാലത്തെ റൊമാൻസ് ഇന്നില്ല. മരംചുറ്റി പ്രണയവും, പ്രേമലേഖനങ്ങൾ എഴുതുന്നതും, മില്ലെനിയൽസിനും (Millenials - 1981 നും 1996 നുമിടയിൽ ജനിച്ചവർക്കുള്ള ആധുനിക ഇന്റർനെറ്റ് നാമം), തുടക്കകാലത്തെ ജെൻ സീക്കും (Gen Z - 1997 നും 2012 നുമിടയിൽ ജനിച്ചവർ) നൊസ്റ്റാൾജിയയും, പിന്നീടുള്ള ജെൻ സീക്കും, അതിന് ശേഷമുള്ളവർക്ക് പ്രാചീനകാലത്തെ ആചാരങ്ങളായി മാറിയിരിക്കുകയാണ്. ഇന്നത്തെ റൊമാൻസിലെ പ്രധാന ഘടകമാണ് സ്മാർട്ട്ഫോണും ഇന്റർനെറ്റുമെല്ലാം. ഇതൊന്നുമില്ലാതെ ഇന്നത്തെ കാലത്ത് ഒരു പ്രണയബന്ധം സ്ഥാപിക്കുന്നതും നിലനിർത്തി കൊണ്ടുപോവുന്നതും അസാധ്യമെന്ന് തന്നെ പറയാം.
പലരും ഇന്ന് ഗേൾഫ്രണ്ടിനേയും ബോയ്ഫ്രണ്ടിനേയും കണ്ടെത്തുന്നത് ഡേറ്റിംഗ് ആപ്പുകളിലൂടെയാണ്. അവിടുന്ന് സമൂഹമാധ്യമങ്ങളിലൂടെ പരിചയം സ്ഥാപിച്ച്, പിന്നീട് അവർ ഡേറ്റിംഗിലേക്ക് (Dating) കടക്കുന്നു. പിന്നീടവർ ജീവിത പങ്കാളികളാവുന്നു അല്ലെങ്കിൽ ബ്രേക്കപ്പിനു (Breakup) ശേഷം പൂർവ കാമുകി-കാമുകന്മാരാവുന്നു. ടെക്സ്റ്റ് മെസേജിംഗിലൂടെയും (Text Message) വാട്സാപ്പ് (WhatsApp), ടെലിഗ്രാം (Telegram) തുടങ്ങിയ ഇൻസ്റ്റന്റ് മെസേജിങ് (Instant Message - IM) ആപ്പുകളിലൂടെയുമാണ് നേരംപോക്കും അല്ലാത്തതുമായ ബന്ധങ്ങൾ വളരുന്നത്. ആൺ-പെൺ ബന്ധങ്ങൾ കൂടാതെ സ്വവർഗാനുരാഗ ബന്ധങ്ങൾക്കും ഇന്ന് ആശ്രയം സ്മാർട്ട്ഫോണുകളും ഇന്റർനെറ്റുമൊക്കെ തന്നെ. പാട്ടുകളെല്ലാം ഉൾപ്പെടുത്തി സ്റ്റോറികളിലൂടെയും സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളിലൂടെയും മറ്റും ആധുനിക കാലത്തെ പ്രേമബന്ധങ്ങൾ റൊമാൻസിലെ പുതിയ വഴികൾ കണ്ടെത്തുന്നു. തങ്ങളുടെ പല സ്വകാര്യ നിമിഷങ്ങളും സന്തോഷപൂർവ്വവും, ചില സമയങ്ങളിൽ മറ്റുള്ളവരെ കാണിക്കാൻ വേണ്ടിയും സമൂഹമാധ്യമങ്ങളിൽ അവർ പങ്കുവെക്കുന്നു. ഒരു വശത്ത് സ്വകാര്യതയെ തീരെ മാനിക്കാതെ തങ്ങളുടെ ജീവിതത്തിൽ നടക്കുന്ന ചെറുതും വലുതുമായ എല്ലാ സംഭവങ്ങളും ചിലയാളുകൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുമ്പോൾ, ബാക്കിയുള്ളവർക്ക് അവരുടെ സന്തോഷകരമായ സ്വകാര്യ നിമിഷങ്ങൾ കുറച്ചെങ്കിലും പങ്കുവെച്ചില്ലെങ്കിൽ തങ്ങൾക്കെന്തോ നഷ്ടം സംഭവിക്കുന്നു, അല്ലെങ്കിൽ മറ്റുള്ളവർ തങ്ങളെക്കുറിച്ച് എന്താവും കരുതുക എന്ന തരത്തിലുള്ള ചിന്തകളും ഇന്ന് മിക്ക ആളുകളെയും ബാധിക്കുന്ന കാര്യമാണ്. ഇതെല്ലാം പങ്കുവെക്കാൻ ഉപകരിക്കുന്ന, പ്രണയബന്ധങ്ങളും സുഹൃത്ബന്ധങ്ങളും സ്ഥാപിക്കാനും വളർത്തിയെടുക്കാനും സഹായിക്കുന്ന, സ്മാർട്ഫോണിന്റെയും, ഇന്റർനെറ്റിന്റെയും ഉപയോഗം അതിനൊപ്പം തന്നെ അതിന്റെ അപകടങ്ങളെയും ബന്ധങ്ങളിലോട്ട് കൊണ്ട് വരുന്നു.
സ്വയം നഗ്നദൃശ്യങ്ങൾ ചിത്രീകരിക്കുന്നതും, ചിത്രങ്ങൾ എടുക്കുന്നതും, അത് പങ്കാളികൾക്കും മറ്റും നൽകുന്നതും ഇന്ന് വളരെ വ്യാപകമായിട്ടുള്ളൊരു കാര്യമാണ്. സുഹൃത്തുക്കൾക്കിടയിൽ വരെ ഇത് നടക്കുന്നുണ്ടെന്ന് പറഞ്ഞാൽ അത് അതിശയോക്തി നിറഞ്ഞൊരു കാര്യമല്ല. ഇന്റർനെറ്റിൽ ഒരു വിവരം എത്തിക്കഴിഞ്ഞാൽ അത് അവിടെ എല്ലാക്കാലത്തും എവിടെയെങ്കിലും ഒക്കെ ഉണ്ടാവും എന്നത് ഒരു സത്യമാണ് (Digital Footprint). എത്രത്തോളം അത് പറ്റാവുന്ന ഇടങ്ങളിൽ നിന്നെല്ലാം ഡിലീറ്റ് (Delete) ചെയ്തു കളഞ്ഞാലും അത് ഡൗൺലോഡ് ചെയ്തു വച്ച ഒരാൾ വിചാരിച്ചാൽ അത് വീണ്ടും ഇന്റർനെറ്റിൽ എത്തിയേക്കാം. ഇത് കൂടാതെ ഇന്റർനെറ്റിന്റെ ഏതെല്ലാം കോണുകളിൽ ഇവ എത്തിക്കാണുമെന്നത് കണ്ടെത്തുക എന്നത് വളരെ ബുദ്ധിമുട്ടേറിയതോ അല്ലെങ്കിൽ അസാധ്യമോ ആയ കാര്യമാണ്. വലിയൊരു അധ്വാനം തന്നെ ഇതിനായി നടത്തേണ്ടി വരും. ഇത് കൂടാതെ ഡാർക്ക് വെബ് (Dark Web) പോലുള്ള സ്ഥലങ്ങളിൽ എത്തി ചേർന്നാൽ അത് പിന്തുടർന്ന് (Track) പോവുക എന്നത് അസാധ്യമെന്ന് തന്നെ വിശേഷിപ്പിക്കാം.REPRESENTATIVE IMAGE | WIKI COMMONS
ഒരാളുടെ നഗ്ന ചിത്രങ്ങളും, ദൃശ്യങ്ങളും എഐ (Artificial Intelligence - AI) ഉപയോഗിച്ച് വളരെ എളുപ്പം നിർമ്മിക്കാൻ കഴിയുന്ന കാലത്താണ് നമ്മളെത്തിയിരിക്കുന്നത്. മുൻപ് മോർഫിംഗ് (Morphing), ഫോട്ടോഷോപ്പ് (Photoshop) പോലുള്ള വിദ്യകൾ അറിഞ്ഞാൽ മാത്രം സാധ്യമായ ഒന്ന് ഇപ്പോൾ ഒരാളുടെ ഫോട്ടോ ഇന്റർനെറ്റിൽ അപ്‌ലോഡ് (Upload) ചെയ്തോ അല്ലെങ്കിൽ ഡിസ്കോർഡ് (Discord), ടെലിഗ്രാം ബോട്ടുകൾക്കു (Bots) നൽകിയോ വളരെ എളുപ്പം നിർമ്മിച്ചെടുക്കാൻ പറ്റും. അടുത്തിടെ ദക്ഷിണ കൊറിയ നേരിട്ട ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് എഐ ഉപയോഗിച്ച് സ്ത്രീകളുടെയും കൗമാരക്കാരുടേയും നഗ്നദൃശ്യങ്ങൾ നിർമ്മിച്ചെടുക്കുന്നതായിരുന്നു. ദക്ഷിണ കൊറിയ ഒട്ടാകെ, പ്രത്യേകിച്ച് സ്ത്രീകളിൽ നിന്നും ഇതിനെതിരെ വലിയ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളുമാണ് തെരുവുകളിൽ നടന്നത്. ഇതിനർത്ഥം ഒരാൾ അറിഞ്ഞു കൊണ്ട് തന്റെ നഗ്നചിത്രങ്ങളോ ദൃശ്യങ്ങളോ കൈമാറണമെന്നില്ല പലതരം സൈബർ ലൈംഗിക ആക്രമണങ്ങൾ അവർക്ക് നേരെയുണ്ടാവാൻ.
സാങ്കേതിക വിദ്യകളുടെ വളർച്ച എത്രത്തോളം മനുഷ്യ ജീവിതത്തെ സഹായിക്കുന്നുവോ അത് പോലെ തന്നെ ഇത്തരത്തിലുള്ള പല അപകടങ്ങളും വരുത്തി വയ്ക്കുന്നുണ്ട്. ഇത് സാങ്കേതിക വിദ്യയുടെ പ്രശ്നമല്ല, മറിച്ച് അത് എന്തിന് വേണ്ടി ഉപയോഗിക്കുന്നു എന്ന മനുഷ്യന്റെ പ്രശ്നമാണ്. മാത്രമല്ല ഇന്നത്തെ പല ലൈംഗിക രീതികൾക്കും വലിയ പ്രചാരം ഇന്റർനെറ്റിലൂടെ ലഭിക്കുന്നു. ഒരു പങ്കാളി മാത്രമെന്ന (Monogamy) ബന്ധങ്ങളിൽ നിന്നും പങ്കാളികളുടെ അറിവോടു കൂടെയും അല്ലാതെയും ഒരേസമയം പല പങ്കാളികളും പ്രണയ ബന്ധങ്ങളും, ലൈംഗിക പങ്കാളികളും (Polygamy, Polyamoury) ഉണ്ടാവുന്ന തരത്തിലേക്ക് ആധുനിക കാലത്തെ പ്രണയബന്ധങ്ങൾ എത്തിച്ചേർന്നു. ഇത് ആധുനിക കാലത്ത് മാത്രം നടക്കുന്ന ഒന്നെന്നല്ല, പക്ഷേ ഇപ്പോൾ ഇതിനെല്ലാം ലഭിക്കുന്ന പ്രചാരം മുൻപെങ്ങും ഇല്ലാത്ത തരത്തിലുള്ളതാണ്. ഇതിന്റെ ഭാഗമായി തന്നെ ഉടലെടുക്കുന്ന പലതരം ലൈംഗിക വ്യവഹാരങ്ങൾക്കും (Sexual Practices) ഇന്ന് വലിയ പ്രചാരം ലഭിക്കുന്നു.
പങ്കാളികളെ പങ്കുവയ്ക്കുന്ന സ്വിങ്ങിങ് (swinging), ഭാര്യയേയും കാമുകിയേയും മറ്റൊരാൾക്ക് ലൈംഗികബന്ധത്തിലേർപ്പെടാൻ നൽകുകയും അത് ചിത്രീകരിക്കുകയും ചെയ്യുന്ന കുക്കോൾഡ് (cuckold) എന്നീ തരത്തിലുള്ള ലൈംഗിക ശീലങ്ങൾ ഇന്ന് കമിതാക്കൾക്കിടയിൽ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഇത് പ്ലാൻ ചെയ്യുന്നതെല്ലാം ഭൂരിഭാഗവും ഇന്റർനെറ്റിലൂടെ തന്നെ. ഇതിന്റെ ചിത്രങ്ങളും, ദൃശ്യങ്ങളും മറ്റും പങ്ക് വെക്കുന്നതും ഇന്റർനെറ്റിലൂടെ തന്നെ. ഓൺലിഫാൻസ് (OnlyFans) പോലുള്ള സൈറ്റുകളിൽ നിന്നും ഇതിലൂടെ വലിയൊരു വരുമാനവും ലഭിക്കുമെന്നറിഞ്ഞതിനു ശേഷം പലർക്കും ഇതൊരു സൈഡ് ബിസിനസോ (Side Business) അല്ലെങ്കിൽ പ്രധാന വരുമാന മാർഗമോ ആയി മാറുകയാണ്. മാസ്കുകൾ വെച്ച് കൊണ്ടും അല്ലാതെയും ലൈംഗിക ബന്ധത്തിലേർപ്പെടുന്ന ദൃശ്യങ്ങൾ സ്വയം പോൺ സൈറ്റുകളിൽ (Porn Sites) അപ്‌ലോഡ് ചെയ്തിരുന്നവർക്ക് ഇന്നതൊരു വരുമാനമാർഗം കൂടിയായി മാറിയിരിക്കുന്നു. ഓൺലിഫാൻസ് മാത്രമല്ല, പല ലൈവ് ചാറ്റ് ആപ്പുകളിലും ഇതെല്ലാം നടക്കുന്നുണ്ട്. അതിന് പണം നൽകാനും കാഴ്ചക്കാരുമായി വളരെ അധികം ആളുകൾ ഇന്ത്യയടക്കമുള്ള സമൂഹങ്ങളിലുണ്ട്. ഇതിന്റെയൊക്കെ സുരക്ഷിതത്വം എത്രയാണെന്നത് വലിയൊരു ചോദ്യമാണ്. പങ്കാളിയുടെ അനുവാദമില്ലാതെ ഇതിൽ പലതിനും വഴങ്ങേണ്ടി വന്ന പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള കേസുകൾ പോലീസിലും കോടതിയിലും ഫയൽ ചെയ്യപ്പെട്ടിട്ടുണ്ട്. അത്തരത്തിലുള്ള കുറ്റകൃത്യങ്ങളും ഇതിന്റെയെല്ലാം ഭാഗമായി സംഭവിക്കുന്നു.REPRESENTATIVE IMAGE | WIKI COMMONS
ഇന്ന് സ്വകാര്യത എന്നൊന്നില്ല എന്ന് പറയപ്പെടുമ്പോഴും സ്ത്രീകളടക്കമുള്ള വലിയൊരു വിഭാഗം ആളുകളും ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുന്നു. എൻഡ് ടു എൻഡ് എൻക്രിപ്ഷൻ (End to End Encryption), ഒരു തവണ മാത്രം കാണാൻ കഴിയുന്ന, സ്ക്രീൻഷോട്ട് എടുക്കാൻ കഴിയാത്ത തരത്തിൽ പങ്കു വെക്കാൻ കഴിയുന്ന ദൃശ്യങ്ങളും, ചിത്രങ്ങളും (View Once) പോലുള്ള സുരക്ഷാ ഫീച്ചറുകൾ ഇന്നത്തെ ചാറ്റിംഗ് ആപ്പുകളിലുണ്ടെങ്കിലും നമ്മുടെ വിവരങ്ങൾ ഏത് നിമിഷവും ശേഖരിച്ച് കൊണ്ടിരിക്കുന്ന കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഉറപ്പ് നൽകുന്ന സുരക്ഷയുടെ വിശ്വാസ യോഗ്യതയെന്തെന്നതും ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഇതെല്ലാം ഉള്ളപ്പോഴും പലരുടെയും ദൃശ്യങ്ങളും, ചിത്രങ്ങളും ചോരുന്നു. സമൂഹമാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിക്കുന്നു. എന്നിട്ടും ഇത്തരം വ്യവഹാരങ്ങൾ വർധിക്കുകയല്ലാതെ അവയിൽ കുറവൊന്നും സംഭവിക്കുന്നില്ല.
ഇതിലെ മറ്റൊരു പ്രധാന അപകടമാണ് പ്രണയബന്ധം തകർന്നതിന് ശേഷമുള്ള മുൻ കാമുകി കാമുകന്മാരുടെ പ്രതികാര നടപടികൾ. അവരുടെ കൈയിലുള്ള നഗ്നചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുകയും, ഓൺലിഫാൻസ് പോലുള്ള സൈറ്റുകളിൽ വിൽക്കുകയും ചെയ്യുന്നു. ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങൾ പാശ്ചാത്യ രാജ്യങ്ങളിലും ഇന്ത്യ പോലുള്ള മൂന്നാംലോക രാജ്യങ്ങളിലും വളരെ വ്യാപകമാണ്. ഒരുപാട് കേസുകൾ ഇതിന്റെ പേരിൽ കേരളത്തിലടക്കം സൈബർ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്യപ്പെടുന്നുണ്ട്. പ്രധാനമായും സ്ത്രീകളെ വ്യക്തിഹത്യ ചെയ്യാനും, അവരുടെ ആത്മഹത്യക്ക് വരെയും ഇത്തരം സംഭവങ്ങൾ കാരണമായിട്ടുണ്ട്. ഇതിലെങ്ങും ചിത്രങ്ങൾ ചോർത്തി സമൂഹമാധ്യമങ്ങളിൽ മറ്റും പ്രചരിപ്പിക്കുന്ന പുരുഷന്മാർ ചോദ്യം ചെയ്യപ്പെടുന്നില്ല. ഇപ്പോഴും സ്ത്രീകളാണ് കുറ്റക്കാർ. അവരുടെ ശ്രദ്ധക്കുറവാണ് അതിന് പുറകിലെന്ന രീതിയിലുള്ള കഥകൾക്കും വിശദീകരണങ്ങൾക്കുമാണ് ഇവിടെ പ്രസക്തി.
സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴും ഒരിക്കലും നമ്മൾ മറക്കരുതാത്ത ഒരു യാഥാർഥ്യം കൂടെ ഇന്നത്തെ ലോകത്തുണ്ട്. പ്രത്യേകിച്ച് ഇന്ത്യയിൽ. സ്ത്രീകൾക്കും കൗമാരക്കാരായ പെൺകുട്ടികൾക്കും നേരെയുള്ള ശാരീരികമായ ആക്രമണങ്ങൾ ഇതിന്റെയൊപ്പം തന്നെ ഇന്നും വളരെ വ്യാപകമാണ്. ഇതിൽ പലപ്പോഴും സ്ത്രീകളുടേയും മറ്റും നഗ്നദൃശ്യങ്ങളോ ചിത്രങ്ങളോ സംഘടിപ്പിച്ച് അത് ഉപയോഗിച്ച്, അവരെ ഭീഷണിപ്പെടുത്തി, ലൈംഗിക ആവിശ്യങ്ങൾക്കായി അവരെ വഴങ്ങാൻ നിർബന്ധിതരാക്കുന്നു. അവിടെയും സമൂഹത്തിൽ പുരുഷന്മാർ ചോദ്യം ചെയ്യപ്പെടാതെ വരുന്നത് കൊണ്ട് സമൂഹത്തെ ഭയന്നും, ഭാവി ജീവിതത്തെക്കുറിച്ച് വ്യാകുലപ്പെട്ടും സ്ത്രീകൾക്കിതിനെല്ലാം വഴങ്ങേണ്ടി വരുന്നു. എങ്കിലും ഈ സാഹചര്യത്തിൽ മാറ്റം വരുന്നില്ലെന്ന് പറയുന്നില്ല. മീ ടൂ (Me Too) പോലുള്ള പല മുന്നേറ്റങ്ങളിലൂടെ സ്ത്രീകളുടെ കഥകൾ അറിയാനും പറയാനും കേൾക്കാനും ചർച്ചയാവാനും ലോകം തയ്യാറാവുന്നു. ഹേമ കമ്മീഷൻ പോലുള്ള അന്വേഷണങ്ങളിലൂടെ സ്ത്രീകളുടെ അവസ്ഥകൾ ധൈര്യത്തോടെ തുറന്ന് പറയാൻ, സ്ത്രീകൾക്ക് മുന്നോട്ട് വരാൻ അവസരങ്ങളുണ്ടാവുന്നു. പുരുഷന്മാരുടെ പ്രവർത്തികൾക്ക് അവർ കൂടുതൽ ചോദ്യം ചെയ്യപ്പെടുന്നു, കണക്ക് പറയേണ്ടി വരുന്നു. പൂർണമായും അത്തരത്തിലൊരു സമൂഹമായി മാറുവാൻ ഇന്ത്യക്കു ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കേണ്ടി വരും.
നഗ്നദൃശ്യങ്ങളും ചിത്രങ്ങളും ചോരുന്നതോ, ഇന്റർനെറ്റിൽ പ്രചരിക്കപ്പെടുന്നതോ, കുടുംബങ്ങളേയും സ്ത്രീകളെയും എത്ര ആഴത്തിലാണ് ബാധിക്കുക എന്നതിന്റെ ഉദാഹരണം ഏറ്റവും പുതിയ ലോൺ ആപ്പ് (Loan App) തട്ടിപ്പുകളിൽ കാണാൻ കഴിയും. ആപ്പുകളിലൂടെ പൈസ വാങ്ങി തിരിച്ചടച്ചാലും അടച്ചില്ലേലും പൈസ ചോദിച്ച് ഭീഷണിപ്പെടുത്തൽ സ്ഥിരമാണ്. ഭീഷണി എന്ന് പറയുമ്പോൾ മോർഫ് ചെയ്ത നഗ്ന ചിത്രങ്ങളുപയോഗിച്ചാണ് ചെയ്യുന്നത്. ചിത്രങ്ങൾ യഥാർഥത്തിലുള്ളവയല്ലെന്നും മോർഫ് ചെയ്തതാണെന്ന് അവർക്കും അത് കണ്ടാൽ ആർക്കും മനസ്സിലാവുന്നതാണ്. എങ്കിലും അപമാനം ഭയന്ന് പലരും അവർ ചോദിച്ച തുക നൽകുന്നു. പലരുടേയും ആത്മഹത്യയ്ക്ക് വരെ ഇത് വഴിയൊരുക്കിയിട്ടുണ്ട്. ഈ തട്ടിപ്പുകളിൽ പുരുഷന്മാരും ഇരകളാണ്. നഗ്നത പലർക്കും ഒരു അപമാനവും. പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യം വരുമ്പോൾ, അവരുടെ ശരീരം ഒരു ഉൽപ്പന്നമായോ ഒരു വസ്തുവായോ മാത്രം കണക്കാക്കപ്പെടുമ്പോൾ, ഒരു സമൂഹമെന്ന നിലയ്ക്ക് ആധുനിക ലോകം എത്രത്തോളം വളർന്നിട്ടുണ്ടെന്ന് ചർച്ച ചെയ്യപ്പെടേണ്ടതാണ്.