
AI കാലത്തെ 'ഡെര്‍ട്ടി പിക്ചര്‍': ഭാഗം 3 - ലോണ്‍ ആപ്പുകളെന്ന ഡിജിറ്റല്‍ ബ്ലേഡുകള്‍
ഒരു ലോണ്‍ ലഭിക്കുക എന്നത് ഇന്ന് തീരെ ബുദ്ധിമുട്ടില്ലാത്ത കാര്യമാണ്. മുന്‍കാലങ്ങളില്‍ ബാങ്കുകളില്‍ കേറിയിറങ്ങി ഫോം സമര്‍പ്പിക്കുന്നതും, ബാങ്കിന് ആവശ്യമുള്ള രേഖകള്‍ സമര്‍പ്പിക്കുന്നതും, അവയെല്ലാം പരിശോധിച്ച് ബാങ്ക് ഒരു ലോണ്‍ അനുവദിക്കുക എന്ന് പറഞ്ഞാല്‍ നടക്കുമോ എന്ന തീരെ ഉറപ്പില്ലാത്ത ഒരു കാര്യമായിരുന്നു. അവിടെ നിന്നെല്ലാം കാലം ഒരുപാട് സഞ്ചരിച്ച്, ഇന്ന് വെറും ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത് വിവരങ്ങള്‍ കൊടുത്താല്‍ അഞ്ചു തൊട്ട് പത്ത് മിനിറ്റിനുള്ളില്‍ ലോണ്‍ തുക നമ്മുടെ ബാങ്ക് അക്കൗണ്ടിലേക്ക് എത്തുകയായി. ബാങ്കുകളില്‍പ്പോലും ഇന്നത്തെ കാലത്ത് ലോണുകള്‍ ലഭിക്കുക എന്നത് എളുപ്പമുള്ള കാര്യമായി മാറിയിരിക്കുകയാണ്. ഇത് കൂടാതെ ഇപ്പോള്‍ ഫോണ്‍ കോളായും, ടെക്സ്റ്റ് സന്ദേശങ്ങളായും, വാട്‌സാപ്പ് സന്ദേശങ്ങളായും, ലോണ്‍ വേണോ ക്രെഡിറ്റ് കാര്‍ഡ് വേണോ, ഇവയെല്ലാം ''പ്രീ-അപ്രൂവ്ഡ്''(Pre-approved) ആണ് എന്ന തരത്തിലുള്ള സന്ദേശങ്ങളുടെ കുത്തൊഴുക്കാണ്.
ഏതെങ്കിലും ഒരു ഉല്പ്പനം സൗജന്യമായി ലഭിക്കുകയാണെങ്കില്‍ അതിന്റെ വില അത് ഉപയോഗിക്കുന്ന ഉപഭോക്താവ് തന്നെയാണെന്നാണ് ഇന്ന് ലോകത്ത് പറയപ്പെടുന്നത്. ഉപഭോക്താവിന്റെ വിവരങ്ങള്‍ (Data) എന്നത് വിലമതിക്കാനാവാത്ത വസ്തുവാണ്. ജിപിഎസ്(GPS) പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് നമ്മളുടെ ഓരോ ചലനങ്ങള്‍ വരെ നിരീക്ഷിക്കപ്പെടുന്ന, പിന്തുടരപ്പെടുന്ന ലോകത്താണ് നാം ഇന്ന് ജീവിക്കുന്നത്. ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ നമ്മളുടെ ഫോണിന്റെ വിവിധ പെര്‍മിഷനുകളാണ് ആപ്പ് ചോദിക്കുന്നത്. കോണ്ടാക്ട്‌സ്, ഗാലറി, ലൊക്കേഷന്‍ തുടങ്ങിയവയെല്ലാമാണ് ഈ പെര്‍മിഷനുകളില്‍പ്പെടുന്നത്. ഒരു കാല്‍ക്കുലേറ്റര്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താലും ഈ പെര്‍മിഷനുകള്‍ ഉപയോഗിക്കുന്നത് കാണാം. എന്തിനാണ് കാല്‍ക്കുലേറ്ററിന് ഗാലറിയും ലൊക്കേഷനും കോണ്ടാക്ടുകളുമൊക്കെ?
ഒരു ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്തു ആദ്യമായി ഓപ്പണ്‍ ചെയ്തതിനു ശേഷം ആപ്പ് ചോദിക്കുന്ന പെര്‍മിഷനുകള്‍ കണ്ടാല്‍ ഈ ആപ്പിന് ഇത്രയും പെര്‍മിഷനുകളുടെ ആവശ്യമുണ്ടോ എന്ന് പലരും സംശയിക്കും. പല ആപ്പുകളിലും ഈ പെര്‍മിഷനിലൂടെ വലിയ അപായങ്ങളിലേക്കാണ് ഉപഭോക്താക്കള്‍ ചെന്നു കേറുന്നത്. അത്തരത്തിലാണ് പലരും ലോണ്‍ ആപ്പുകളുടെ ചതിക്കുഴികളിലും വീഴുന്നത്. പ്രത്യേകിച്ച് കോണ്‍ടാക്ടുകളുടെ പെര്‍മിഷന്‍ നേടിയാണ് പല ഭീഷണികളും ആളുകള്‍ക്ക് നേരെ ഇവരുയര്‍ത്തുന്നത്. നോ യുവര്‍ കസ്റ്റമറിലൂടെയാണ്(Know Your Customer - KYC) ആളുകളുടെ പല വിവരങ്ങളും ലോണ്‍ ആപ്പുകള്‍ ശേഖരിക്കുന്നത്. പൈസയ്ക്ക് അത്യാവശ്യം വരുമ്പോഴാണ് പലരും ഇത്തരം ആപ്പുകളെ ആശ്രയിക്കുന്നത്. ആയതിനാല്‍ ആപ്പുകള്‍ ചോദിക്കുന്ന എല്ലാ വിവരങ്ങളും യാതൊന്നും ആലോചിക്കാതെയും, യാതൊരു മടികൂടാതെയും അവര്‍ക്ക് നല്‍കുന്നു. ഫോണ്‍ നമ്പര്‍, ഇമെയില്‍ അഡ്രസ്സ്, പാന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് തുടങ്ങിയവയുടെ വിവരങ്ങളും അവര്‍ ശേഖരിക്കുന്നു. കൂടാതെ നമ്മുടെ ചിത്രവും കെവൈസിയുടെ ഭാഗമായി അവര്‍ ശേഖരിച്ചു വയ്ക്കും. വളരെ കുറഞ്ഞ രേഖകള്‍ മാത്രം നല്‍കിക്കൊണ്ട്, ക്രെഡിറ്റ് സ്‌കോര്‍ പോലും നോക്കാതെ ഉടനെ തന്നെ പണം ലഭിക്കുന്ന ലോണ്‍ ആപ്പുകള്‍ സാധാരണക്കാരെ സംബന്ധിച്ച് വളരെ ആകര്‍ഷണീയമായ ഒന്നായി മാറുകയാണ്. ഇതെല്ലാം ഉപയോഗിച്ചാണ് ഭാവിയില്‍ പലതരത്തിലുള്ള ഭീഷണികളും ഇവരുയര്‍ത്തുന്നത്. ഉയര്‍ന്ന പലിശയ്ക്ക് പുറമെയാണ് മറ്റു പല അപകടങ്ങളും ലോണ്‍ ആപ്പുകള്‍ക്കുള്ളിലിരിക്കുന്നത്. ഡിജിറ്റല്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ആളുകളുടെ ജീവിതം തകര്‍ക്കുന്ന പുതിയ ബ്ലേഡ് മാഫിയയായി ലോണ്‍ ആപ്പുകള്‍ മാറുന്നു.REPRESENTATIVE IMAGE | WIKI COMMONS
5000 രൂപ മുതല്‍ ലക്ഷകണക്കിന് രൂപ വരെ പല ആപ്പുകളില്‍ നിന്നും ലോണായി ലഭിക്കും. ഇതില്‍ ചെറിയ തുകകള്‍ നല്‍കുന്ന ആപ്പുകളാണ് ഏറ്റവും വലിയ ഭീഷണികള്‍ ഉയര്‍ത്തുന്നത്. ലോണ്‍ എടുത്തതിനു ശേഷം തിരിച്ചടച്ചതും ഇല്ലെങ്കിലും ഇവര്‍ ഭീഷണിയുമായെത്തും. തുക അടച്ച് തീര്‍ത്തിട്ടുണ്ടെങ്കില്‍ തുക അടച്ചിട്ടില്ല എന്ന് പറഞ്ഞാവും ഇവരുടെ ഭീഷണികള്‍. ഇവരുടെ സ്വരം ഭീഷണിയിലേക്ക് മാറുന്നതിന് മുന്‍പ് തന്നെ പൈസ തിരിച്ചടയ്ക്കാമെന്ന് പറഞ്ഞാലും ഇവര്‍ അടങ്ങില്ല. എപ്പോഴും ഇവര്‍ ഭീഷണി തുടരും. കെവൈസി സമയത്ത് ശേഖരിച്ച ചിത്രങ്ങള്‍ ഉപയോഗിച്ച് നഗ്‌ന ചിത്രങ്ങളും മറ്റും മോര്‍ഫ് ചെയ്ത് അയച്ചു കൊണ്ടാണ് ഇവരുടെ ഭീഷണികള്‍. അത് കൂടാതെ കോണ്ടാക്ട് പെര്‍മിഷന്‍ കൊടുത്തതിലൂടെ നമ്മുടെ കോണ്‍ടാക്ടിലുള്ള പലര്‍ക്കും ഇവര്‍ ഈ ചിത്രങ്ങള്‍ അയക്കും. ഇത്തരത്തില്‍ ആളുകളെ അപമാനിച്ച് കൊണ്ടും പൈസ തട്ടിയെടുക്കാന്‍ ഇവര്‍ ശ്രമിക്കും. മാന്യമായ ഭാഷയില്‍ സംസാരിച്ചു തുടങ്ങി പിന്നീട് അസഭ്യം പറഞ്ഞു കൊണ്ടാവും ഇവരുടെ സംസാരം. പ്രധാനമായും ചാറ്റുകളായും ഫോണ്‍ കോളുകളിലൂടെയുമാവും ഇവരുടെ ആശയവിനിമയം. ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ സൈബര്‍ അപകടങ്ങളിലൊന്നാണ് ലോണ്‍ ആപ്പ് സ്‌കാമുകള്‍.
ഇത്തരത്തിലുള്ള പല ആപ്പുകളും ഗൂഗിളിന്റെ പ്ലേ സ്റ്റോറിലോ ആപ്പിളിന്റെ ആപ്പ് സ്റ്റോറിലോ ലഭ്യമല്ല. സമൂഹമാധ്യമങ്ങളില്‍ മറ്റും കാണുന്ന പരസ്യങ്ങളിലൂടെ വെബ്‌സൈറ്റുകളില്‍ പോയി ആപ്ലിക്കേഷന്റെ ഫയലുകള്‍ ഉപയോഗിച്ചാണ് ഫോണില്‍ പലരും ഇത്തരം ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഒരു കടം വീട്ടാന്‍ മറ്റൊരു കടം വാങ്ങി, അത് വീട്ടാന്‍ വേറൊരു കടം വാങ്ങി അങ്ങനെ ആളുകള്‍ കടക്കെണിയിലാകുന്നു. ഇത്തരം ചതിക്കുഴികളില്‍ വീണതിന്റെയും മോര്‍ഫ് ചെയ്തതാണേല്‍ പോലും തങ്ങളുടെ നഗ്‌നദൃശ്യങ്ങളും മറ്റും പരിചയക്കാര്‍ കാണുമെന്ന അപമാനഭാരത്താല്‍ പലരും ആത്മഹത്യ ചെയ്ത സംഭവം വരെ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ആളുകളെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിച്ച ഫോണ്‍ കോളിലെ നമ്പര്‍ പിന്തുടര്‍ന്ന് പോയാല്‍ അവ പാക്കിസ്ഥാനിലോ ശ്രീലങ്കയിലോ മറ്റോ രജിസ്റ്റര്‍ ചെയ്തതായാണ് പല കേസുകളിലും കാണാന്‍ സാധിക്കുന്നത്.
അടുത്തിടെ ആഗസ്റ്റില്‍ എറണാകുളത്തെ വേങ്ങൂരിലെ വീട്ടമ്മയുടെ ആത്മഹത്യ ലോണ്‍ ആപ്പുകള്‍ മൂലമാണെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം. വീട്ടമ്മയുടെ മൊബൈലില്‍ 32 സംശയാസ്പദമായ മൊബൈല്‍ ആപ്ലിക്കേഷനുകളാണ് കണ്ടെത്തിയത്. ഇവയില്‍ പലതും ലോണ്‍ ആപ്പുകളായിരുന്നു. പ്രാഥമികാന്വേഷണത്തില്‍ പലതരത്തിലുള്ള ഭീഷണി സന്ദേശങ്ങളും ഫോണ്‍ കോളുകളും തുടര്‍ച്ചയായി വീട്ടമ്മയ്ക്ക് ലഭിച്ചിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. വീട്ടമ്മയുടെ ബാങ്കിടപാടുകള്‍ പരിശോധിച്ചപ്പോള്‍ ചെറുതും വലുതുമായ പല ഇടപാടുകളും കണ്ടെത്താന്‍ കഴിഞ്ഞിരുന്നു. ആധാര്‍ കാര്‍ഡില്‍ നിന്നും മറ്റും എടുത്ത ചിത്രങ്ങള്‍ ലൈംഗികചിത്രങ്ങളിലും മറ്റും മോര്‍ഫ് ചെയ്താണ് വീട്ടമ്മയെ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. സ്ത്രീകളും പുരുഷന്മാരും, വിദ്യാര്‍ത്ഥികളും ദമ്പതികളും തുടങ്ങി ഇന്ത്യയില്‍ പലയിടങ്ങളിലായി ലോണ്‍ ആപ്പുകളുടെ ഭീഷണി മൂലമുള്ള ആത്മഹത്യകളും,ആത്മഹത്യ ശ്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് തടയാന്‍ സ്വതന്ത്രമായി പോലീസിന്റെ ഭാഗത്ത് നിന്നും പ്രത്യേകിച്ച് വല്ലതും ചെയ്യാന്‍ കഴിയുമോ എന്ന് ചോദിച്ചാല്‍ ഒരു പരിധി വരെ ഇല്ലെന്ന് പറയാം. പൂര്‍ണ്ണമായ സര്‍ക്കാര്‍ പിന്തുണയോടു കൂടെ പല നടപടികള്‍ക്കും ഭരണകൂടം തയ്യാറായെങ്കില്‍ മാത്രമേ ഇത്തരം കുറ്റകൃത്യങ്ങള്‍ തടയാന്‍ കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളൂ.REPRESENTATIVE IMAGE | WIKI COMMONS
ഇതില്‍ കൗതുകകരമായ വസ്തുതയെന്തെന്നാല്‍ ഭീഷണിപ്പെടുത്താനായി ഇവര്‍ ഉപയോഗിക്കുന്ന മോര്‍ഫ് ചെയ്ത ചിത്രങ്ങളും മറ്റും ഒറ്റനോട്ടത്തില്‍ തന്നെ അവ മോര്‍ഫ് ചെയ്തത് തിരിച്ചറിയാനാവുമെന്നതാണ്. ഇതിന് എഐ പോലുള്ള നൂതനമായ വിദ്യകള്‍ പോലും ഉപയോഗിക്കുന്നില്ലെന്ന് ഇത്തരത്തിലുള്ള പല ചിത്രങ്ങളും പരിശോധിച്ചാല്‍ മനസിലാവും. വളരെ അടിസ്ഥാനപരമായ ഫോണിലും മറ്റുമുള്ള ഫോട്ടോഷോപ്പ് ഉപയോഗിച്ചാണ് പല ചിത്രങ്ങളും ആളുകളെ ഭീഷണിപ്പെടുത്താന്‍ ഇവര്‍ നിര്‍മ്മിച്ചെടുക്കുന്നത്. ആരോടും ഇത് തന്റെ ചിത്രമല്ലെന്ന് വാദിച്ചാല്‍ ചിത്രങ്ങള്‍ കണ്ട ഉടനെ തന്നെ ആളുകള്‍ക്ക് മനസ്സിലാക്കാം, അവയെല്ലാം മോര്‍ഫ് ചെയ്തവയാണെന്ന്. എങ്കില്‍ പോലും അപമാനഭാരത്താലും മറ്റും, പോലീസില്‍ പോലും പരാതിപ്പെടാതെ പലരും ആത്മഹത്യയിലേക്ക് കടക്കുന്നു. അടുത്ത ബന്ധുക്കളോടോ സുഹൃത്തുക്കളോടോ പോലും പറയാന്‍ ഇവര്‍ മടികാണിക്കുന്നു, അല്ലെങ്കില്‍ ഭയപ്പെടുന്നു. ആധുനികമെന്ന് വിശേഷിപ്പിക്കുന്ന ലോകത്ത് നഗ്നത എങ്ങനെയാണ് അപമാനമായി മാറുന്നത്
ചെറിയൊരു വിഭാഗം ആളുകളല്ല ഇത്തരം ചതിക്കുഴികളില്‍ വീഴുന്നത്. കണക്കുകള്‍ പരിശോധിച്ചാല്‍ വളരെ വലുതാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ എണ്ണം. അപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാത്തവയുടെ കാര്യം ആലോചിക്കാവുന്നതേയുള്ളൂ. ഇവിടെ പരിശോധിക്കപ്പെടേണ്ട മറ്റൊരു വിഷയം, എങ്ങനെയാണ് ഇത്രയും ആളുകള്‍ക്ക് ചെറുതും വലുതുമായ തുകകള്‍ക്ക് അത്യാവശ്യം വരുന്നത് എന്നാണ്. സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ ആവശ്യമായ പണം അവര്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് അതിന് പുറകിലെ വസ്തുത. അതായത് ജീവിത ചിലവ് അത്രയേറെ വര്‍ധിച്ച ഒരു കാലഘട്ടത്താണ് നമ്മള്‍ ജീവിക്കുന്നത്. തൊഴിലില്ലായ്മയും, പണപ്പെരുപ്പവും മറ്റും മൂര്‍ച്ഛിച്ചു നില്‍ക്കുന്ന സാമ്പത്തികവ്യവസ്ഥയില്‍ ഒരു നേരത്തെ ഭക്ഷണത്തിനു പോലും പല ആളുകള്‍ കഷ്ടപ്പെടുകയാണ് എന്ന് പറഞ്ഞാല്‍ അതിലൊട്ടും അത്ഭുതപ്പെടേണ്ടതില്ല. ഇത് കൂടാതെ അത്യാഗ്രഹവും ആഡംബരവും പല ആളുകളെ ഇത്തരം കുറ്റകൃത്യങ്ങളില്‍ ഇരകളാവാന്‍ കാരണമായിട്ടുണ്ട്.
ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ സൈബര്‍ പോലീസില്‍ പരാതിപ്പെടാന്‍ ചെന്നാല്‍ ചെറിയ വല്ല തുകയും മറ്റുമാണ് നഷ്ടപ്പെട്ടതെങ്കില്‍ അത്രയല്ലേ നഷ്ടപ്പെട്ടുള്ളൂ എന്ന് കരുതി ആശ്വസിക്കാനാണ് അവര്‍ പറയുന്നത്. ഇനി അഥവാ പൈസ കൊടുത്തിട്ടില്ലെങ്കില്‍ കൊടുക്കണ്ടായെന്നും, ഇത്തരത്തിലുള്ള ആപ്പുകള്‍ ഫോണില്‍ നിന്നും അൺഇൻസ്റ്റാൾ ചെയ്തു കളയുകയാണ് ആദ്യം തന്നെ ചെയ്യണ്ടെത്തെന്നും അവര്‍ പറയുന്നു. കൂടാതെ ഇവരുടെ ഭീഷണി ഫോണ്‍ കോളുകളും സന്ദേശങ്ങളും മറ്റും തുടരുമെന്നും, അവയെല്ലാം വന്ന ഉടന്‍ തന്നെ ബ്ലോക്ക് ചെയ്യുകയാണ് വേണ്ടതെന്നും സൈബര്‍ പോലീസ് പറയുന്നു. ഇവയ്ക്ക് പുറകില്‍ പല വലിയ പല സംഘങ്ങളുമാണ് പ്രവര്‍ത്തിക്കുന്നതെന്നും എന്നാല്‍ മോര്‍ഫ് ചെയ്ത ചിത്രങ്ങളും മറ്റും അയച്ച് ഭീഷണിപ്പെടുത്തുക എന്നതിനപ്പുറം ഇവര്‍ക്ക് മറ്റൊന്നും ചെയ്യാന്‍ സാധിക്കില്ലെന്നും പോലീസ് അവകാശപ്പെടുന്നു. ഇവരുടെ ഭീഷണികളില്‍ വീഴാതിരിക്കുക, അവയില്‍ ഭയപ്പെടാതിരിക്കുക, അവയ്ക്ക് വഴങ്ങിക്കൊടുക്കാതിരിക്കുക എന്നതാണ് ആളുകള്‍ ആദ്യം ചെയ്യേണ്ടത്. ഇതിന് സ്വല്പം ആത്മാവബോധം മാത്രമാണ് ആവശ്യം. എങ്കിലും ഇവരുടെ ഭീഷണികള്‍ കൊണ്ടെത്തിക്കുന്ന മാനസികാവസ്ഥയില്‍ പലരും അവയ്‌ക്കെല്ലാം വഴങ്ങി, പൈസ തിരിച്ചടച്ചിട്ടുണ്ടെങ്കിലും വീണ്ടും നല്‍കാന്‍ തയ്യാറാവുന്നു. അതുമല്ലെങ്കില്‍ ആത്മഹത്യ പോലുള്ള കടുത്ത തീരുമാനങ്ങളിലേക്ക് അവര്‍ നീങ്ങുന്നു.REPRESENTATIVE IMAGE | WIKI COMMONS
ഇപ്പോള്‍ ഏറ്റവും പുതിയ ചില സൈബര്‍ സാമ്പത്തിക തട്ടിപ്പുകളാണ് ഡിജിറ്റല്‍ അറസ്റ്റ്, കൂടാതെ കുട്ടികളുടെ പോണ്‍ വീഡിയോ നിങ്ങള്‍ കണ്ടതായി തെളിവ് ലഭിച്ചിട്ടുണ്ട് എന്ന തരത്തില്‍ പോലീസ് നോട്ടീസ് പോലെ ലഭിക്കുന്ന ഇമെയിലുകള്‍. ഇവയ്ക്കും ആളുകള്‍ വളരെ എളുപ്പത്തില്‍ ഇരകളാവുന്നു. സാങ്കേതികവിദ്യകള്‍ അതിവേഗത്തില്‍ വളരുന്ന കാലത്ത്, ഇന്റര്‍നെറ്റ് അത്രയേറെ വ്യാപിച്ചിരിക്കുന്ന സമയത്ത്, അവബോധം ഉണ്ടാക്കിയെടുക്കുകയും ഇത്തരം ചതിക്കുഴികളില്‍ വീഴാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുകയുമാണ് ഉപഭോക്താക്കള്‍ അല്ലെങ്കില്‍ സാധാരണ ജനങ്ങള്‍ എന്ന നിലയില്‍ ആളുകള്‍ക്ക് ചെയ്യാന്‍ കഴിയുന്നത്. ഇത് കൂടാതെ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റാറിലും ലഭ്യമല്ലാത്ത ആപ്പുകള്‍, പ്രത്യേകിച്ച് ലോണ്‍ ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യാതിരിക്കുക. അത് കൂടാതെ പൈസയ്ക്ക് അത്യാവശ്യം വന്ന ലോണ്‍ എടുക്കേണ്ട സാഹചര്യം വന്നാല്‍ അത് ബാങ്ക് മുഖേനയോ സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സാമ്പത്തിക സ്ഥാപനങ്ങള്‍ മുഖേനയോ എടുക്കുക. തിരിച്ചടയ്ക്കാന്‍ കഴിയുമെന്ന് ഉറപ്പുള്ള തുക മാത്രം ലോണ്‍ ആയി എടുക്കുക, അത് വിശ്വസ്ത ബാങ്കുകളില്‍ നിന്നാണെങ്കില്‍ പോലും. ആയിരക്കണക്കിന് കോടി ബാങ്കിന് ബാധ്യത വരുത്തിവെച്ച് നാടുവിടാന്‍ കോടീശ്വരന്മാര്‍ക്ക് കഴിയും, പക്ഷേ സാധാരണക്കാര്‍ക്ക് അതിന് കഴിയില്ല. പണക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ മടിക്കുന്ന, വൈകുന്ന ബാങ്കുകളും മറ്റു സംവിധാനങ്ങളും, സാധാരണക്കാര്‍ക്കെതിരെ നടപടികളെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കുകയില്ലെന്നതും വസ്തുതയാണ്.
ഇവയില്‍ കാര്യമായി എന്തെങ്കിലും മാറ്റം കൊണ്ടുവരികയോ, ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുകയോ ചെയ്യണമെങ്കില്‍ അത് സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ചുകൊണ്ട് മാത്രമേ നടക്കുകയുള്ളൂ. ഇത്തരം കുറ്റകൃത്യങ്ങള്‍ നടത്തുന്ന സംഘങ്ങളെ കണ്ടെത്തുകയും അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടെത്തിക്കുകയും ചെയ്യുന്നതാവണം ആദ്യത്തെ നടപടി. അതിനൊപ്പം തന്നെ പൊതുജനങ്ങളില്‍ ഇത്തരം കുറ്റകൃത്യങ്ങളെക്കുറിച്ച് അവബോധം വളര്‍ത്തിയെടുക്കാനുള്ള നടപടികളും സ്വീകരിക്കണം. ഡിജിറ്റല്‍ ഇന്ത്യ സൃഷ്ടിച്ചുവെന്ന് ഊറ്റം കൊള്ളുന്ന സര്‍ക്കാരിന് ഡിജിറ്റല്‍ മാര്‍ഗങ്ങളില്‍ കൂടെയുള്ള കുറ്റകൃത്യങ്ങളില്‍ നിന്നും ജനങ്ങളെ സംരക്ഷിക്കുക എന്ന ഉത്തരവാദിത്തവുമുണ്ട്.