TMJ
searchnav-menu
post-thumbnail

Religion & Politics

'ബിംബങ്ങള്‍' രാഷ്ട്രത്തിന് അവകാശവാദം ഉന്നയിക്കുമ്പോള്‍

20 Oct 2023   |   11 min Read
ഡോ. ബിജു ആര്‍ ഐ

മകാലിക ഇന്ത്യന്‍ സാഹചര്യത്തില്‍ ഭാഷ, ആചാരങ്ങള്‍, വസ്ത്രം, ഭക്ഷണം, എഴുത്ത്, ചിന്ത, സംവാദങ്ങള്‍, സിനിമ തുടങ്ങി പൗരന്റെ ദൈനംദിന ജീവിതക്രമംപോലും ദേശീയതയുമായി ബന്ധപ്പെടുത്തുവാന്‍ ഭരണകൂടം ശ്രമിക്കുന്നുണ്ട്. ഇത്തരമൊരു സാമൂഹിക - രാഷ്ട്രീയ സാഹചര്യത്തില്‍ സകലതിനെയും നിര്‍ണയിക്കുന്ന ദേശീയത എന്ന ആശയവും ദേശരാഷ്ട്രരൂപവും സവിശേഷ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. ദേശീയതയും ദേശരാഷ്ട്രങ്ങളും എപ്പോഴാണ്, എങ്ങനെയാണ് രൂപപ്പെട്ടത്, ഇതൊരു ആധുനിക പ്രതിഭാസമാണോ അതോ പൗരാണികകാലം മുതല്‍ക്കേ തുടര്‍ച്ച അവകാശപ്പെടാന്‍ പറ്റുന്ന ഒന്നാണോ, എങ്ങനെയെല്ലാം മറ്റ് പ്രദേശങ്ങളില്‍ നിന്നും പ്രത്യേകിച്ച് യൂറോപ്യന്‍ ദേശരാഷ്ട്രങ്ങളില്‍ നിന്നും ഇന്ത്യയിലെ ദേശീയതാ സങ്കല്പവും ദേശരാഷ്ട്രവും വ്യത്യസ്തമാണ് തുടങ്ങിയവയെല്ലാം പ്രശ്നവല്‍കരിക്കേണ്ട കാലത്താണ് നാം ജീവിക്കുന്നത്. ഇന്ത്യന്‍ ദേശരാഷ്ട്രത്തെ സംബന്ധിച്ച് ഉപയോഗിച്ചിരുന്ന ചിഹ്നങ്ങള്‍, ബിംബങ്ങള്‍ എന്നിവയില്‍ കഴിഞ്ഞ ദശകങ്ങളില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ വികസിച്ചു വന്ന കൊളോണിയല്‍ വിരുദ്ധ ബഹുസ്വര ദേശീയതാ സങ്കല്പവും, അതിനെതിരായി വളര്‍ന്നുവന്ന മത രാഷ്ട്രവാദ ഹിന്ദുത്വദേശീയതയും, സ്വാതന്ത്രാനന്തര ഇന്ത്യന്‍ ഭരണഘടന ജനാധിപത്യ റിപ്പബ്ളിക്കന്‍ ദേശരാഷ്ട്ര സങ്കല്പവും, ഈ ദേശരാഷ്ട്രത്തിന്റെ സ്വഭാവത്തെ സംബന്ധിച്ചുള്ള സമീപനങ്ങളില്‍ വന്ന മാറ്റങ്ങളും പരിശോധിക്കുന്നതാണ് ലേഖനം. 

ദേശീയതയെപ്പറ്റിയുള്ള സൈദ്ധാന്തിക സമീപനങ്ങള്‍ 

മറ്റേതൊരു ആധുനിക ആശയത്തെയും പോലെ ദേശീയത അഥവാ നാഷണലിസം എന്ന സങ്കല്പം ഉരുവംകൊണ്ടത് യൂറോപ്യന്‍ പരിസരത്തിലാണ്. ഫ്യൂഡല്‍കാല പ്രാദേശികതയെയും, ക്രിസ്ത്യന്‍ സാര്‍വത്രിക വിശ്വാസ കൂട്ടായ്മയെയും പരിവര്‍ത്തിപ്പിച്ചുകൊണ്ട് യൂറോപ്പില്‍ 18-ാം നൂറ്റാണ്ടോടുകൂടി ഉയര്‍ന്നുവന്ന ശക്തിയേറിയ സംഘടനയാണ് ദേശരാഷ്ട്രങ്ങള്‍. ന്യൂട്ടോണിയന്‍ ശാസ്ത്ര വൈജ്ഞാനിക ചിന്തയുടെ ഉദയത്തോടെ സൃഷ്ടിപ്രപഞ്ചത്തിലെ സകല വസ്തുക്കള്‍ക്കും ഘടനയും ചലനവഴിയും നിര്‍ണയിക്കപ്പെട്ടു. ചരിത്രപ്രക്രിയ പോലും അതില്‍ നിന്നും പുറത്തുപോയില്ല. വ്യക്തികളുടെ കൂട്ടായ്മ എന്ന അമൂര്‍ത്ത സങ്കല്പത്തിന്റെ സ്ഥാനത്ത് മൂര്‍ത്തമായ അതിരുകളും, സാമൂഹിക നിയന്ത്രണ സ്ഥാപനങ്ങളുമുള്ള രാഷ്ട്രരൂപം ദേശരാഷ്ട്ര ഘടനയായി രൂപപ്പെട്ടു. ജ്ഞാനോദയകാലത്തെ ചിന്തകന്മാര്‍ ദൈവദത്തമായ രാജാധികാര കേന്ദ്രീകൃത ഭരണരൂപത്തെ വിമര്‍ശന വിധേയമാക്കി പുതുദേശരാഷ്ട്ര സങ്കല്പത്തിന് അടിത്തറ പാകിയപ്പോള്‍, യൂറോപ്യന്‍ കാല്പനികര്‍ പുതുതായി രൂപംകൊള്ളുന്ന രാഷ്ട്രരൂപത്തിന് നിര്‍മിത പാരമ്പര്യത്തിന്റെ (Invented Tradition) പിന്തുണ നല്‍കി. പൊതുവില്‍ മതാതീത യൂറോപ്യന്‍ സെക്കുലര്‍ പരിസരത്തിലാണ് ദേശീയതയുടെ വളര്‍ച്ചയും കണ്ടെത്തുന്നത്. 

ഫ്രഞ്ച് ഭാഷാപണ്ഡിതനായ ഏണസ്റ്റ് റെനനാണ് ദേശരാഷ്ട്രത്തെ സംബന്ധിച്ചുള്ള യൂറോപ്യന്‍ സൈദ്ധാന്തിക ചിന്തകള്‍ക്ക് തുടക്കം കുറിക്കുന്നത്. 1882 ല്‍ നടത്തിയ 'What is A Nation' എന്ന പ്രഭാഷണ പരമ്പരയില്‍ രാഷ്ട്രത്തെ തന്റേതായ രീതിയില്‍ നിര്‍വചിക്കുവാനും അടയാളപ്പെടുത്തുവാനും റെനന്‍ ശ്രമിക്കുന്നുണ്ട്. ജനതയുടെ ഒരുമിച്ചു പാര്‍ക്കുവാനുള്ള ഇച്ഛയാണ് ദേശരാഷ്ട്രത്തിന്റെ യഥാര്‍ത്ഥ മാനദണ്ഡമെന്നാണ് റെനന്റെ വാദം. ഇത്തരം ഇച്ഛ രൂപപ്പെടുന്നത് ഭൂതകാല - വര്‍ത്തമാനകാല മൂല്യങ്ങളില്‍ നിന്നാണ്. അതായത് ഭൂതകാല യാതനകളും, പൊതുവായി കാണുന്ന മൂല്യങ്ങളും, പാരമ്പര്യങ്ങളും അനുസ്യൂതം തുടരാനുള്ള വര്‍ത്തമാനകാല അഭിവാഞ്ഛയും ചേര്‍ന്നാണ് പ്രസ്തുത ഇച്ഛ രൂപപ്പെടുത്തുന്നത്. റെനന്റെ ആശയങ്ങളെ ഇന്ത്യന്‍ സാഹചര്യത്തില്‍ വായിക്കുമ്പോള്‍ കാണേണ്ട സംഗതി പൗരത്വ ഭേദഗതി നിയമം പോലുള്ള കരിനിയമങ്ങളെക്കാളും, നീണ്ടകാലത്തെ കൊളോണിയല്‍ വിരുദ്ധ സമരപോരാട്ടവും അതിന്റെ പാരമ്പര്യവുമാണ് ദേശീയതയുടെ അടിസ്ഥാനം.

ഏണസ്റ്റ് റെനൻ | PHOTO: WIKI COMMONS
ദേശരാഷ്ട്രത്തെപ്പറ്റിയുള്ള സംവാദങ്ങള്‍ അക്കാദമിക വൃത്തങ്ങളില്‍ ഒരുനൂറ്റാണ്ടിനുശേഷം 1980 കളിലാണ് വീണ്ടും പ്രത്യക്ഷപ്പെടുന്നത്. ആദ്യപകുതി ലോക മഹായുദ്ധങ്ങളും, രണ്ടാം പകുതിയുടെ ആദ്യ മൂന്നുപതിറ്റാണ്ടുകള്‍ അപകോളനീകരണവും അരങ്ങേറിയ കാലമാണ് ഇരുപതാം നൂറ്റാണ്ട്. സോഷ്യലിസ്റ്റ് സ്വാധീനവും, മഹാസാമ്പത്തിക മാന്ദ്യവും, കെയിനേഷ്യന്‍ സാമ്പത്തിക ശാസ്ത്രവും ചേര്‍ന്ന് ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ നവീനമായ ഒരു ക്ഷേമരാഷ്ട്ര മാതൃക നിര്‍മിക്കുകയുണ്ടായി. യുദ്ധാനന്തരലോകത്തിന് കോളനിവല്‍കരിക്കപ്പെട്ട ദേശീയതകളുടെ സ്വയം നിര്‍ണയ അവകാശത്തെ അത്ര ഉള്ളുതുറന്ന് അല്ലെങ്കിലും കുറെയൊക്കെ അംഗീകരിക്കേണ്ടതായി വന്നു; അതിന്റെ ഭാഗമായി ലോകഭൂപടത്തെ കീറിമുറിച്ചുകൊണ്ട് കുറെയേറെ ദേശരാഷ്ട്രങ്ങള്‍ രൂപംകൊള്ളുകയുണ്ടായി. രാഷ്ട്രപുനര്‍നിര്‍മാണം മുഖ്യ അജണ്ടയായ ഈ കാലത്ത് ദേശീയതാ വ്യവഹാരങ്ങള്‍ മിക്കവാറും നീണ്ടകാലത്തെ കൊളോണിയല്‍ വിരുദ്ധ സമരങ്ങളിലും, യുദ്ധകാല അനുഭവങ്ങളിലും അടിസ്ഥാനമാക്കപ്പെട്ടവയായിരുന്നു.

ഇത്തരുണത്തില്‍ മാറിയ ദേശരാഷ്ട്ര സ്വഭാവത്തെപ്പറ്റി പുതിയ ജ്ഞാനപരമായ നിലപാടുകളുമായി ഒരുകൂട്ടം ചിന്തകന്മാര്‍ മുന്നോട്ട് വരുകയുണ്ടായി. ഇക്കൂട്ടരില്‍ എടുത്തുപറയേണ്ടയാള്‍ കേംബ്രിഡ്ജ് സര്‍വകലാശാലയിലെ നരവംശശാസ്ത്ര അധ്യാപകനായിരുന്ന ഏണസ്റ്റ് ഗെല്‍നറാണ്. Nation and Nationalism, Encounters with Nationalism, Nationalism തുടങ്ങിയ കൃതികളിലൂടെ യൂറോപ്യന്‍ ദേശീയതയെ അദ്ദേഹം പ്രശ്നവല്‍കരിക്കുന്നുണ്ട്. ദേശീയതയെ സംബന്ധിച്ചുള്ള ഗെല്‍നറിന്റെ സൈദ്ധാന്തിക ചിന്ത പൊതുവില്‍ അറിയപ്പെടുന്നത് Mobility and Cultural Homogenization (ചലനാത്മകവും സാംസ്‌കാരിക ഏകത്വവും) എന്നാണ്. ചലനാത്മകത എന്നതിലൂടെ സാര്‍വത്രിക സാക്ഷരതത്വവും, ഭാഷയുടെ ക്രമവല്‍കരണം, ഒരു നവീന പൊതുസാമൂഹിക ക്രമം രൂപപ്പെടുത്തുക എന്നതാണ്. കുറേക്കൂടി പ്രധാനപ്പെട്ട സാംസ്‌കാരിക ഏകജാതീയതയിലൂടെ ഒരേ സംസ്‌കാരം, ഒരേ വിനിമയ രീതി, ഒരേ തരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായം രൂപപ്പെടുത്തുക എന്നതാണ് വിവക്ഷിക്കുന്നത്. ദേശീയതയുമായി ബന്ധപ്പെട്ട് ഗെല്‍നര്‍ നിരീക്ഷിച്ച സംഗതികള്‍ ആര്‍എസ്എസ് സര്‍സംഘചാലക് കേശവ് ബലിറാം ഹെഡ്ഗേവാര്‍ ദേശത്തെ നിരീക്ഷിച്ചുകൊണ്ട് പറഞ്ഞ വാക്കുകളില്‍ കണ്ടെത്താവുന്നതാണ്; 'ഏതെങ്കിലും ഒരു കേവല ഭൂപ്രദേശത്തെ ദേശരാഷ്ട്രമെന്ന വിശേഷണം ചേരില്ല. അനാദിയായ കാലം മുതല്‍ക്കേ ഒരേ ആചാരം, ഒരേ സംസ്‌കാരം, ഒരേ പാരമ്പര്യം എന്നിവ പേറുന്നതാണ് ഒരു രാഷ്ട്രം.' ഇതിന്റെ പ്രായോഗികവല്‍കരണം എന്ന നിലയില്‍ 1991ലെ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഒരു ദേശം, ഒരു ജനത, ഒരു സംസ്‌കാരം എന്നിവയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഉറപ്പിച്ചുപറയുന്നുണ്ട്. വൈവിധ്യങ്ങളെ നിഷേധിക്കുന്ന ഏകത്വ സങ്കല്പം 2014ല്‍ ഭരണത്തില്‍ എത്തിയ ബിജെപി സര്‍ക്കാര്‍ ഭരണനയ പരിപാടികളിലേക്ക് കൂടി സന്നിവേശിപ്പിക്കുകയുണ്ടായി. ഒരു രാജ്യം ഒരു ജനത എന്ന ആദ്യകാല മുദ്രാവാക്യത്തിന് ഒപ്പം ഒരു രാജ്യം ഒരു ഭാഷ (ദേവനാഗരിക ലിപിയിലുള്ള ഹിന്ദി), ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, ഒരു രാജ്യം ഒരു വിദ്യാഭ്യാസം (ദേശീയ വിദ്യാഭ്യാസ നയം), ഒരു രാജ്യം ഒരു പൗരത്വം (സിഎഎ - എന്‍ആര്‍സി), ഒരു രാജ്യം ഒരു കമ്പോളം (കാര്‍ഷിക നിയമ ഭേദഗതി) എന്നു തുടങ്ങി ഒരു രാജ്യം ഒരു ഗ്യാസ് (പ്രകൃതിവാതക പൈപ്പ്ലൈന്‍) വരെ സമഗ്രാധിപത്യത്തെ ലക്ഷ്യംവയ്ക്കുന്ന ആശയങ്ങളായി ദേശീയതയുടെ പേരില്‍ പ്രചരിപ്പിക്കുന്ന നിലയിലെത്തി കാര്യം.

അച്ചടി സാങ്കേതിക വിദ്യയുടെ ജനകീയത ഇന്ത്യയിലെ ഹിന്ദുത്വ ശക്തികളും കാര്യമായിത്തന്നെ ഒരുനൂറ്റാണ്ടായി തങ്ങളുടെ ദേശീയതാ സങ്കല്പ പ്രചാരണത്തിനായി ഉപയോഗിക്കുന്നുണ്ട്. 1923 ല്‍ ജയദ്ലാല്‍ ഗോയങ്ക, ഹനുമന്‍ പ്രസാദ് പോഡ്ദാര്‍ എന്നീ രണ്ട് മാര്‍വാടി കച്ചവടക്കാര്‍ തുടക്കം കുറിച്ച ഗീത പ്രസ് എന്ന സ്ഥാപനവും, 1926 ല്‍ പ്രസിദ്ധീകരണം ആരംഭിച്ച അവരുടെ തന്നെ കല്യാണ്‍ മാസികയും പില്‍ക്കാല ഹൈന്ദവ രാഷ്ട്ര രൂപീകരണത്തിന്റെ അടിത്തറയായ ഹിന്ദുമത സാംസ്‌കാരിക സ്വത്വത്തെ നിര്‍മിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഹിന്ദി ഹൃദയഭൂമിയില്‍ സവര്‍ണ്ണ ഹൈന്ദവ മൂല്യങ്ങളെ സ്വാംശീകരിക്കാനും പില്‍ക്കാല ഹിന്ദു ദേശരാഷ്ട്ര രൂപീകരണത്തിനും ഒരുപക്ഷേ ഗീതാ പ്രസ്സിനോളം സഹായകമായ മറ്റൊരു സ്ഥാപനമുണ്ടാവില്ല. ഇന്ത്യന്‍ ജാതി - ഫ്യൂഡല്‍ സാമൂഹിക പശ്ചാത്തലത്തില്‍ വാണിജ്യ ലാഭത്തിനുമപ്പുറം ഹൈന്ദവതയില്‍ വേരൂന്നിയ ഒരു ദേശരാഷ്ട്ര നിര്‍മിതിക്ക് വേണ്ടി ഭാഷയെ (ഹിന്ദി) ബോധപൂര്‍വം മതവുമായി സമന്വയിപ്പിച്ചുകൊണ്ട് മതബോധത്തില്‍ അധിഷ്ഠിതമായ ഒരു ജനസമൂഹത്തെ നിര്‍മിച്ചെടുക്കുവാനുള്ള ബോധപൂര്‍വമായ ഇടപെടലാണ് നടന്നത്. ഹിന്ദി ഭാഷയെ മുഖ്യസ്ഥാനത്ത് പ്രതിഷ്ഠിച്ചപ്പോള്‍ ബഹുജന സംസാര ഭാഷയായ ഉര്‍ദുവിനെ അപരവല്‍കരിക്കാനും അതിനുമപ്പുറം ഹിന്ദു മുസ്ലിം വൈരുദ്ധ്യം വര്‍ധിപ്പിക്കാനും ഇത്തരം പ്രതിലോമ സാംസ്‌കാരിക ഇടപെടല്‍ കാരണമായി. 1925 ല്‍ രാഷ്ട്രീയ സ്വയംസേവക് സംഘത്തിന്റെ രൂപീകരണത്തോടെ ഗീതാ പ്രസ് സംഘപരിവാറിന്റെ മുഖ്യ ആശയ പ്രചാരകനും ഹിന്ദുത്വ രാഷ്ട്രനിര്‍മിതിയിലെ കലാള്‍പ്പടയുമായി മാറുകയാണ് ഉണ്ടായത്. ഹിന്ദി-ഹിന്ദു-ഹിന്ദുസ്ഥാന്‍ എന്ന ഒരു നൂറ്റാണ്ട് കാലമായി സംഘപരിവാര്‍ വിവിധ തലങ്ങളില്‍ പ്രയോഗിച്ചുകൊണ്ടിരുന്ന തന്ത്രം തന്നെയാണ് ഭരണതലത്തില്‍ എത്തിയ നാള്‍ മുതല്‍ ബിജെപി സര്‍ക്കാരും പ്രയോഗിക്കുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടായി സംഘപരിവാര്‍ ആശയങ്ങള്‍ ജനങ്ങളുടെ പൊതുബോധത്തിലേക്ക് സന്നിവേശിപ്പിക്കുന്നതില്‍ ഗീതാപ്രസിനോളം പ്രാമുഖ്യം മറ്റൊന്നിനും അവകാശപ്പെടാനാവില്ല. അതുകൊണ്ട് തന്നെയാണ് ഈ വര്‍ഷത്തെ ഗാന്ധി സമാധാന സമ്മാനം ഇന്ത്യയുടെ ഭരണകൂടം ഗീതാപ്രസിന് നീക്കിവച്ചത്.

ഗീതാപ്രസ്സ് | PHOTO: WIKI COMMONS
കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യയില്‍ എത്തിയ പത്രപ്രവര്‍ത്തകനും Indian Unrest, India Today and Tomorrow എന്നീ കൃതികളുടെ കര്‍ത്താവുമായ വലന്റയിന്‍ ഷിറോളിനെ പോലെയുള്ളവര്‍ ഇന്‍ഡ്യന്‍ ദേശീയതയെ സംബന്ധിച്ചുള്ള സാമ്രാജ്യത്വപരമായ കാഴ്ചപ്പാട് വച്ചുപുലര്‍ത്തിയവരുടെ വാദങ്ങള്‍ തുലോം വ്യത്യസ്തമായിരുന്നു. അവരുടെ അഭിപ്രായത്തില്‍ ഇന്ത്യ എന്നത് ഭൂമിശാസ്ത്രപരമായ ഒരാവിഷ്‌കാരം മാത്രമാണ്. വ്യത്യസ്തവും വംശീയപരവുമായി ഭിന്നരായ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന, യൂറോപ്യന്‍ ഭൂഖണ്ഡത്തില്‍ ആകെയുള്ള ഭാഷകളെക്കാള്‍ അധികം സംസാരഭാഷകളുള്ള, ഏത് വര്‍ഗ വ്യത്യാസത്തേക്കാളും ഭീകരമായ ജാതി വൈജാത്യങ്ങളുള്ള ഭൂപ്രദേശമായാണവര്‍ ഇന്ത്യയെ കണ്ടത്. ഇന്ത്യയെന്ന ദേശരാഷ്ട്രത്തെ ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെ ഉത്പന്നമെന്ന നിലയ്ക്കാണ് അവര്‍ നിരീക്ഷിക്കുന്നത്. ഇതില്‍ നിന്നും വ്യത്യസ്തമായൊരു നിലപാടാണ് ഇന്ത്യന്‍ ദേശരാഷ്ട്രത്തെപ്പറ്റി ദേശീയപ്രസ്ഥാനം അതിന്റെ സംഘടിത മുന്നേറ്റത്തിന്റെ ആദ്യകാലം മുതല്‍ വച്ചുപുലര്‍ത്തുന്നത്. 1885 ല്‍ കോണ്‍ഗ്രസിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സുരേന്ദ്രനാഥ് ബാനര്‍ജി ഒരു ദേശരാഷ്ട്രമെന്ന നിലയ്ക്ക് ഇന്ത്യ നിര്‍മാണ പ്രക്രിയയിലാണെന്നാണ് (India as a nation in the process of making) പറയുന്നത്. സ്വാതന്ത്ര്യലബ്ധിയുടെ ആദ്യ മുഹൂര്‍ത്തത്തില്‍ തന്നെ നെഹ്റു നടത്തിയ ചരിത്ര പ്രസിദ്ധമായ വിധിയുമായുള്ള സമാഗമ (Trust with Destiny') പ്രസംഗത്തിലും ഇതുതന്നെ അടിവരയിടുന്നുണ്ട്. പൊതുവെ ദേശീയതയുമായി ബന്ധപ്പെട്ട ആഖ്യാനങ്ങളും വാദങ്ങളും പരിഗണിക്കുമ്പോള്‍ ദേശരാഷ്ട്ര രൂപീകരണം എന്ന പ്രക്രിയയില്‍ വ്യത്യസ്ത സൈദ്ധാന്തിക പരിസരങ്ങളുമായി ബന്ധപ്പെടുത്താവുന്നതും കണ്ടെടുക്കാവുന്നതുമാണ്. അവിടെ പ്രിന്റ് കാപ്പിറ്റലിസം, ഭാഷ - സാഹിത്യം, സെന്‍സസ്, മ്യൂസിയം, മാപ്പുകള്‍ തുടങ്ങിയവയെല്ലാം സ്വാധീന/ നിര്‍ണയ ഘടകങ്ങളായി വര്‍ത്തിക്കുന്നുണ്ട്.

ഇന്ത്യന്‍ ദേശീയതയുടെ ബിംബവല്‍കരണം

ഇന്ത്യന്‍ ദേശീയതയെപ്പറ്റി വളരെ വ്യത്യസ്തവും മൗലികവുമായ കാഴ്ചപ്പാട് മുന്‍പോട്ടുവയ്ക്കുന്നത് സാമൂഹിക ചിന്തകനായ പാര്‍ത്ഥ ചാറ്റര്‍ജിയാണ്. ഇന്ത്യന്‍ ദേശീയതയെ ഒരു നിഷ്പന്ന വ്യവഹാരമായാണ് (Derivative Discourse) ചാറ്റര്‍ജി കാണുന്നത്. ഇന്ത്യയെപ്പോലെ ബഹുഭൂരിപക്ഷം ആളുകളും നിരക്ഷരരായ ഒരു നാട്ടില്‍ ആന്‍ഡേഴ്സന്‍ മുന്‍പോട്ടുവയ്ക്കുന്ന പ്രിന്റ് കാപ്പിറ്റലിസം മാതൃക പ്രായോഗികമല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. പിന്നെയോ, ദേശ രാഷ്ട്രങ്ങളുടെ രൂപീകരണം ഒരു ഏകതാന (homogeneous empty time) ഉരുവം കൊള്ളലല്ലെന്നും മറിച്ചതൊരു ആധുനിക കാലത്തെ ബഹുസ്വരതയുടെ (heterogeneous time of modernity) ഉത്പന്നമെന്നുമാണ്.

വീണ്ടും പാര്‍ത്ഥ ചാറ്റര്‍ജി നിരീക്ഷിക്കുന്നു, കൊളോണിയല്‍ വിരുദ്ധ ദേശീയ പോരാട്ടങ്ങള്‍ കൊളോണിയല്‍ സമൂഹത്തിനുള്ളില്‍ തന്നെ അതിന്റെതായ സ്വയാധികാര മണ്ഡലം രൂപപ്പെടുത്തുന്നുണ്ട്. സാമൂഹിക സ്ഥാപനങ്ങളുടെയും പതിവുകളുടെയും ലോകത്തെ അത് ഭൗതികം എന്നും ആത്മീയമെന്നും രണ്ട് മണ്ഡലങ്ങളാക്കി പകുക്കുന്നു. അതില്‍ ഭൗതിക മണ്ഡലമെന്ന ആശയത്തിലൂടെ ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യയില്‍ മേധാവിത്തമുള്ള പാശ്ചാത്യനേയും അതിന് മുന്‍പില്‍ വഴങ്ങുന്ന പൗരസ്ത്യനെയുമാണ് വിവക്ഷിക്കുന്നത്, എന്നാല്‍ മറുഭാഗത്ത് ആത്മീയ മണ്ഡലം എന്നാല്‍ സാംസ്‌കാരിക ചിഹ്നങ്ങള്‍ പേറുന്ന ആന്തരിക തലമാണ്. അവിടെ ഇന്ത്യക്കാരന്‍ തന്റേതായ ഒരു പ്രതലം സൃഷ്ടിച്ചുകൊണ്ട് കൊളോണിയല്‍ വിരുദ്ധ പോരാട്ടത്തിന് കളമൊരുക്കുകയാണ്. സമാനമായ ചിന്താഗതി തന്നെയാണ് ദിപേഷ് ചക്രബര്‍ത്തിയും മുന്‍പോട്ടുവയ്ക്കുന്നത്; ദേശം എന്നാല്‍ ബൗദ്ധികവും, യുക്തിപരവുമായി ഭാവന ചെയ്യുന്നതിനുമപ്പുറം ആന്തരിക മണ്ഡലത്തില്‍ ആത്മീയ തലത്തില്‍ അനുഭവിക്കുന്നതാണത്രേ. ഈ ചിന്തകന്മാരുടെ അഭിപ്രായമനുസരിച്ച് ആത്മീയ ഭാവനയിലൂടെയാണ് പലതട്ടിലുള്ള സാമാന്യ ജനബോധത്തിലേക്ക് ഇന്ത്യന്‍ ദേശീയത ബോധം കിനിഞ്ഞിറങ്ങുന്നത്. ഈ പശ്ചാത്തലത്തില്‍ വേണം ഇന്ത്യന്‍ ദേശീയതയുമായി ബന്ധപ്പെട്ട് നിര്‍മിക്കപ്പെട്ട ആത്മീയ ബിംബങ്ങളെ നോക്കേണ്ടത്.

പാര്‍ത്ഥ ചാറ്റര്‍ജി | PHOTO: WIKI COMMONS
1873 ഫെബ്രുവരി 10-ാം തീയതി ബംഗാളില്‍ നടന്ന മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഭാരതമാതാ എന്ന ചിത്രം ആദ്യമായി പ്രത്യക്ഷപ്പെടുന്ന 1882 ആയപ്പോഴേക്കും ബങ്കിം ചന്ദ്ര ചതോപാധ്യായ അദ്ദേഹത്തിന്റെ ബംഗാളി നോവലായ ആനന്ദമഠ് എന്ന കൃതിയിലൂടെ മാതൃദേവത സമാനമായ ഭരതമാതാവിനെ വൈകാരികമായി വരച്ചുകാണിക്കുന്നുണ്ട്. വൈകാരിക വിക്ഷുബ്ധതയോടെ മാതൃദേവത (ദേശരാഷ്ട്രം) ഒരിക്കല്‍ എങ്ങനെയായിരുന്നു, ഇപ്പോള്‍ എങ്ങനെയാണ്, നാളെ എന്തായിരിക്കും എന്ന മൂന്ന് വ്യത്യസ്ത ഭാവങ്ങളെ അവതരിപ്പിക്കുകയാണ്, അതോടൊപ്പം വന്ദേമാതരം എന്ന വിളിയോടെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യഘട്ടത്തിലുള്ള വൈകാരികതലം കൂടിയാണ് രൂപപ്പെടുത്തിയത്. നിരക്ഷരരായ ഒരു വലിയ ജനസമൂഹത്തെ ദേശീയ പ്രസ്ഥാനത്തിന്റെ ആദ്യനാളുകളില്‍ ചേര്‍ത്തുനിര്‍ത്തുന്നത് ഇത്തരം ജനകീയ ബിംബങ്ങളിലൂടെയാണ്. ഒരു സവര്‍ണ സങ്കല്പത്തില്‍ നിന്ന് ഭിന്നമായി ഏതൊരു ഇന്ത്യക്കാരനും ജീവിതത്തില്‍ കണ്ടെത്താവുന്ന ഇന്ത്യന്‍ സ്ത്രീയുടെ രൂപമാണ് ഇവിടെ ഭാരതമാതാവായി ചിത്രീകരിക്കപ്പെട്ടിട്ടുള്ളത്. സ്വദേശി പ്രസ്ഥാനത്തിന്റെ ഭാഗമായി രൂപപ്പെട്ട ബംഗാളി ചിത്രകലാ പ്രസ്ഥാനത്തിലെ അബനീന്ദ്രനാഥ ടാഗോര്‍ ഭാരതമാതാ സങ്കല്പത്തിന് കുറേക്കൂടി മാതൃദേവതാഭാവം നല്‍കുന്നുണ്ട്. ചരിത്രകാരിയായ തനിക സര്‍ക്കാര്‍ ബംഗാളി ദേശീയതയുടെ സാംസ്‌കാരിക മാതൃകയായാണ് ഈ ചിത്രത്തെ കാണുന്നത്. അതേസമയം, പുരുഷകേന്ദ്രീകൃത കൊളോണിയല്‍ സമൂഹത്തിന്റെ ഉല്‍ക്കണ്ഠകള്‍ കൂടി ഈ ചിത്രം പ്രതിഫലിപ്പിക്കുന്നുണ്ടെന്നും തനിക സര്‍ക്കാര്‍ നിരീക്ഷിക്കുന്നു. ഇതിന്റെ ചുവടുപിടിച്ചുകൊണ്ട് ബാല്‍ ഗംഗാധര തിലക് അടക്കമുള്ള ആദ്യകാല ദേശീയ നേതാക്കള്‍ മേളകള്‍, ഗണപതി ഫെസ്റ്റുകള്‍ തുടങ്ങിയ പ്രാദേശിക മതബിംബങ്ങളെ നിരക്ഷരരായ ആളുകളെ ദേശീയ പ്രസ്ഥാനത്തിലേക്ക് ആകര്‍ഷിക്കുന്നതിന് വേണ്ടി ഉപയോഗിച്ചിരുന്നു.

ബംഗാളിലെ സ്വദേശി മുന്നേറ്റത്തോടെ ഇന്ത്യന്‍ ദേശീയ പ്രസ്ഥാനം വലിയ തോതില്‍ ജനസഞ്ചയത്തെ ആകര്‍ഷിക്കുന്നുണ്ട്. വലിയ ജനസഞ്ചയത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്ന ഒരു ചിഹ്നം എന്നോണം മതബിംബങ്ങളുടെ സ്ഥാനത്ത് ഇക്കാലത്ത് വിവിധതരം പതാക മാതൃകകള്‍ ഉപയോഗിക്കുന്നുണ്ട്. തൊള്ളായിരത്തി ഇരുപതുകളില്‍ ആരംഭിക്കുന്ന ഗാന്ധിയന്‍ കാലഘട്ടത്തോടെ ദേശീയ പ്രസ്ഥാനമൊരു ബഹുജന മുന്നേറ്റമായി മാറുന്നുണ്ട്. പ്രാദേശിക സാംസ്‌കാരിക ചിഹ്നങ്ങള്‍ക്കും മതബിംബങ്ങള്‍ക്കും അപ്പുറം വ്യത്യസ്ത തുറകളില്‍ നില്‍ക്കുന്ന ജനങ്ങളെ ഉള്‍ക്കൊള്ളാന്‍ പര്യാപ്തമായ കൂട്ടായ്മയുടെ ചിഹ്നങ്ങള്‍ ഇതോടെ ആവശ്യമായി വരുകയുണ്ടായി. അതോടെ മത ചിഹ്നങ്ങളില്‍ നിന്ന് ഒഴിവാക്കപ്പെടുകയും ഇന്ത്യന്‍ സ്വാഭിമാനത്തിന്റെയും സ്വയം പര്യാപ്തതയുടെയും ചിഹ്നമായ ചര്‍ക്ക ആ സ്ഥാനത്തേക്ക് വരുകയും ചെയ്യുന്നു. 1931 ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സമ്മേളനം ചര്‍ക്ക ആലേഖനം ചെയ്ത പതാകയെ അതിന്റെയും സമരത്തിന്റെയും ഔദ്യോഗിക മുദ്രയായി സ്വീകരിക്കുകയും ചെയ്യുന്നുണ്ട്. അരുന്ധതി വിര്‍മാനിയുടെ നിരീക്ഷണത്തില്‍ കൊളോണിയല്‍ പ്രതിരോധത്തിന്റെയും മതേതരത്വത്തിന്റെയും ചിഹ്നമായി ഈ പതാക മാറ്റപ്പെട്ടു.

REPRESENTATIONAL IMAGE: WIKI COMMONS
ഹിംസാത്മക പുരുഷ ദേശീയത

ഭരതമാതാ ബിംബത്തിന്റെ ജനകീയത മനസ്സിലാക്കിയ സംഘപരിവാര്‍ നേതൃത്വം തങ്ങളുടെ അക്രമോത്സുക ദേശീയതയിലേക്ക് അതിനെ ഉള്‍ച്ചേര്‍ക്കാന്‍ ശ്രമിക്കുകയുണ്ടായി. ക്രൗര്യഭാവത്തോട് കൂടിയുള്ള മാതൃദേവതാ സങ്കല്പങ്ങളെ ഇവര്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും വേണ്ടരീതിയില്‍ അത് ഫലം ചെയ്യുകയുണ്ടായില്ല. ദേശീയ പ്രസ്ഥാനത്തിന്റെ മതേതര ചിഹ്നങ്ങള്‍ക്ക് പകരം പുതിയ മത രാഷ്ട്രീയ ബിംബങ്ങള്‍ സൃഷ്ടിക്കുകയെന്നത് സംഘപരിവാറിനെ സംബന്ധിച്ചിടത്തോളം വലിയ രാഷ്ട്രീയ ആവശ്യമായി മാറി. വിഡി സവര്‍ക്കര്‍ തന്റെ Hindutva: Who is a Hindu എന്ന കൃതിയില്‍ പറയുന്നുണ്ട്, 'ഇന്നാട്ടിലെ ഓരോ കല്ലിനും മണ്ണിനും രക്തസാക്ഷിത്വത്തിന്റെയും ത്യാഗത്തിന്റെയും അനുഭവങ്ങള്‍ പറയാനുണ്ടാകും, സാധു മുതല്‍ സന്താള്‍ വരെയുള്ളവര്‍ കശ്മീര്‍ മുതല്‍ സിംഹാര്‍ വരെയുള്ള ബലിഭൂമിയെ പിതൃഭൂമിയും പുണ്യഭൂമിയുമായാണ് കാണുന്നത്'. രാഷ്ട്രത്തെപ്പറ്റിയുള്ള കാഴ്ചപ്പാടില്‍ ഗുണപരമായ വലിയ മാറ്റത്തിന്റെ തുടക്കം ഈ വാക്കുകളിലുണ്ട്. ദേശരാഷ്ട്രത്തെ സംബന്ധിച്ച മാതൃസങ്കല്പത്തിന് നല്‍കാന്‍ കഴിയാതിരുന്ന ഹിംസാത്മക രണോത്സുകത നല്‍കാന്‍ പിതൃഭൂമിയെന്ന പുരുഷ സങ്കല്‍പത്തെ ഉപയോഗിക്കുകയാണിവിടെ. 

വാസ്തവത്തില്‍ ഇന്ത്യന്‍ ചരിത്രത്തില്‍ ഹിംസാത്മക പുരുഷ വീരകഥാപാത്രങ്ങള്‍ നന്നേ കുറവാണ്. ബുദ്ധന്‍ മുതല്‍ ഗാന്ധി വരെയുള്ള ചരിത്ര വ്യക്തിത്വങ്ങള്‍ ഹിംസയ്ക്കെതിരായ മൂല്യവ്യവസ്ഥയുടെ ഭാഗവും, അഹിംസ പ്രചരിപ്പിച്ചവരും, രാണോത്സുകതയെ ചോര്‍ത്തിക്കളഞ്ഞവരുമാണ്. ഇന്ത്യന്‍ സംസ്‌കാരത്തെപ്പറ്റി ഊറ്റംകൊള്ളുന്ന ആര്‍എസ്എസ് - സംഘപരിവാര്‍ അതിന്റെ വ്യവഹാരങ്ങളില്‍ നിന്നും ബുദ്ധ ജൈന പാരമ്പര്യങ്ങളെ ഒഴിവാക്കുന്നത് ബോധപൂര്‍വ്വമാണ്. കരുണ, മാനവികത, അഹിംസ എന്നീ ശ്രമണതത്ത്വങ്ങള്‍ ആര്‍എസ്എസിന്റെ ദേശീയതാ മൂല്യസങ്കല്പത്തിന് കടകവിരുദ്ധമാണ്. ഗാന്ധിയെ ഒരെതിരാളി ആയി കാണുന്നതും പിന്നീട് കൊല്ലുന്നതിന്റെയും കാരണമായി കോടതി വിചാരണ വേളയില്‍ പോലും പ്രതികള്‍ പറയുന്നത് ഗാന്ധിയുടെ അഹിംസാ സിദ്ധാന്തം ഇന്ത്യന്‍ ജനതയെ പാദസേവ ചെയ്യുന്ന ഒരു സമൂഹവും, ദാസ്യ ശരീരവും മനസ്സുമുള്ളവരാക്കി മാറ്റിയെന്നതാണ്. സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാവും, ഗാന്ധിയുടെ ശരീരം ഒരു കര്‍ഷക ശരീരത്തെയും, അയിത്ത ശരീരത്തെയുമാണ് പ്രതീകവല്‍കരിച്ചത്. ഗാന്ധിയുടെ വാക്ക് മാത്രമല്ല, നോട്ടത്തില്‍ കാണുന്ന ഗാന്ധിയുടെ ശരീരം പോലും അഹിംസാത്മകതയില്‍ അധിഷ്ഠിതമായതാണ്. അടിസ്ഥാനപരമായി ഹിന്ദു ചരിത്രത്തില്‍ എവിടെയും തന്നെ ഒരു യുദ്ധപാരമ്പര്യം ഇല്ല. പൊതുവില്‍ യുദ്ധം ക്ഷത്രിയര്‍ക്ക് നല്കപ്പെട്ടിട്ടുള്ളതും ബഹുഭൂരിപക്ഷം വരുന്ന അയിത്ത ജാതിക്കാരും, ശൂദ്ര, വൈശ്യ വിഭാഗങ്ങളും ബ്രാഹ്‌മണരും ഇതില്‍ നിന്ന് മാറിനില്‍ക്കുകയുമാണ് ചെയ്തത്. യുദ്ധരണോത്സുകത പ്രദര്‍ശിപ്പിക്കാനോ, എല്ലാ വിഭാഗം ആളുകളെയും ഉള്‍ക്കൊള്ളാനോ ബ്രാഹ്‌മണ്യത്തിനായില്ല. ബഹുഭൂരിപക്ഷം വരുന്ന ഇന്ത്യന്‍ ജനവിഭാഗത്തെയും സ്മൃതികളും നിയമസംഹിതകളും ഉപയോഗിച്ചുകൊണ്ടവര്‍ ആയുധം കയ്യില്‍ കരുതാനുള്ള അവകാശം നിഷേധിച്ചു, ബ്രാഹ്‌മണ്യം അവരെ ജാതി അടിമത്തത്തിന് മാത്രമല്ല കായികപരമായി നിരായുധരാക്കുക കൂടിയാണ് ചെയ്തത്. 

ദേശീയ പ്രസ്ഥാനത്തില്‍ കാര്യമാത്ര പ്രസക്തമായ പങ്കൊന്നും ഇല്ലാതിരുന്ന സംഘപരിവാര്‍ പില്‍ക്കാലത്ത് കണ്ടെത്തുന്ന ദേശീയതാ പുരുഷ ബിംബങ്ങളാണ് ശ്രീരാമനും, ശിവജിയും. ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിന്റെ കാലത്ത് ഒരിക്കലും ഉയര്‍ന്ന് കേള്‍ക്കാത്ത ഒരു മുദ്രാവാക്യമാണ് വര്‍ത്തമാനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ ദേശീയതയുടെ യുദ്ധകാഹളം പോലെ ഉയരുന്ന ജയ് ശ്രീറാം വിളി. ഉത്തരേന്ത്യന്‍ സാഹചര്യത്തില്‍ ഉടനീളം കഴിഞ്ഞ നാളുകളില്‍ മതന്യൂനപക്ഷങ്ങളെ നിര്‍ബന്ധമായി തടഞ്ഞുനിര്‍ത്തി ജയ് ശ്രീറാം വിളിപ്പിച്ച സംഭവങ്ങള്‍ അനേകമാണ്.


REPRESENTATIONAL IMAGE: WIKI COMMONS
മുഗളന്‍മാരോട് പോരാടിയ ശിവജിയില്‍ മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിന്റെ, അക്രമണോത്സുക രാഷ്ട്രീയത്തിന്റെ ബിംബവല്‍ക്കരണം സംഘപരിവാര്‍ നടത്തുകയാണ്. സംഘപരിവാര്‍ തങ്ങളുടെ രാഷ്ട്രീയ മുദ്രാവാക്യങ്ങളില്‍ ഏറ്റവുമധികം എടുത്തുപയോഗിച്ചത് ശ്രീരാമന്‍ ആവുമ്പോള്‍ തന്നെ ശ്രീരാമന്റെ കണ്ടുപരിചയിച്ച ചിത്രങ്ങളിലെ രൂപം ഹിംസാത്മക ദേശീയതാ വികാരത്തെ സ്ഫുരിപ്പിക്കുന്ന ഒന്നായിരുന്നില്ല. കൊളോണിയല്‍ കാലത്ത് വെള്ളക്കാരന്റെ പൊക്കമുള്ള വിരിഞ്ഞ വെളുത്ത പുരുഷ ശരീരത്തിന് മുന്‍പില്‍ സ്ത്രൈണവല്‍കരിക്കപ്പെട്ട ഇന്ത്യന്‍ പുരുഷ ശരീര മാതൃക തന്നെയായിരുന്നു ഇന്ത്യന്‍ ദൈവരൂപങ്ങള്‍ക്കും. യുദ്ധവീരനും രണോത്സുകത പ്രദര്‍ശിപ്പിക്കുന്നവനുമായ ഒരു വീരപുരുഷനുവേണ്ടിയുള്ള അന്വേഷണം ഹിന്ദുത്വവാദികളെ ശിവജിയില്‍ എത്തിച്ചു.

ചരിത്രത്തിലെ ശിവജി കൊങ്കന്‍ പ്രദേശത്തുള്ള ഒരു ഗോത്രത്തലവന്‍ ആയിരുന്നു. പില്‍ക്കാലത്ത് മറാത്താ പ്രദേശത്തെ ഒരു ഭൂഭാഗം വെട്ടിപ്പിടിച്ചതിന്റെ രാജാവായി ശിവജി മാറുമ്പോഴും ശൂദ്രനായ ശിവജിയെ ഒരു ക്ഷത്രിയനായി അംഗീകരിക്കാനോ, അഭിഷേകം നടത്താനോ മഹാരാഷ്ട്രയിലെ പൗരോഹിത്യ വിഭാഗമായ ചിത്പവന്‍ ബ്രാഹ്‌മണര്‍ തയ്യാറാവുന്നില്ല. അതുകൊണ്ടുതന്നെ പുറത്തുനിന്നുള്ള പുരോഹിതരെ കൊണ്ടുവന്നാണ് ശിവജി തന്റെ കിരീടധാരണം നടത്തുന്നത്. ആര്‍എസ്എസിന്റെ ആദ്യ അഞ്ച് സര്‍സംഘചാലകുമാരും ഇതേ ചിത്പവന്‍ ബ്രാഹ്‌മണര്‍ ആയിരുന്നു. പില്‍ക്കാലത്ത് ഇതേ ചിത്പവന്‍ പേഷ്വാ ബ്രാഹ്‌മണര്‍ ശിവജിയുടെ മറാത്താ പാരമ്പര്യം തങ്ങളുടെ അധികാര പൂരണത്തിനായി ഏറ്റെടുക്കുകയാണ്. ശിവജിക്കുശേഷം മനുസ്മൃതിയില്‍ അധിഷ്ഠിതമായ ഹിന്ദുരാഷ്ട്ര സങ്കല്‍പവും ജാതി ഹിന്ദുത്വവുമാണ് പേഷ്വ ഭരണാധികാരികള്‍ വിഭാവനം ചെയ്ത് നടപ്പിലാക്കിയത്. ഇതേ ചിഹ്നങ്ങളും മാതൃകയുമാണ് പില്‍ക്കാലത്തു ആര്‍എസ്എസ് ഹിന്ദു രാഷ്ട്രനിര്‍മാണത്തിന്‌വേണ്ടി ഉപയോഗിക്കുന്നത്. ശിവജിയുടെ ഗോത്രീയ യുദ്ധ പാരമ്പര്യത്തെ ഒരു ഹിന്ദുത്വ രണാത്മക യുദ്ധ പൈതൃക സൃഷ്ടിക്ക് ഉപയോഗിക്കുകയാണ് സംഘപരിവാര്‍ ചെയ്തത്. 

ശിവജിയുടെ ബിംബത്തെയും രാഷ്ട്രസങ്കല്പത്തെയും ആര്‍എസ്എസിന്റെ നാഗ്പൂര്‍ ബ്രാഹ്‌മണ്യം തങ്ങള്‍ക്ക് ഉപയുക്തമായ രീതിയില്‍ കയ്യടക്കുകയാണ്. മഹാരാഷ്ട്രയില്‍ മഹാത്മാ ഫൂലെയുടെ നേതൃത്വത്തില്‍ കീഴാള ജനവിഭാഗം ബ്രാഹ്‌മണ വിരുദ്ധ മുന്നേറ്റത്തിന്റെ ഭാഗമായി സംഘടിച്ച കാലത്ത് ശിവജി ബിംബം ഉപയോഗിച്ചുകൊണ്ട് ഉയര്‍ന്നുവരുന്ന കീഴാളരെ മുസ്ലിം വിരുദ്ധ രാഷ്ട്രീയത്തിലേക്ക് വഴിതിരിച്ചുവിടാന്‍ ശ്രമിക്കുകയാണ് നാഗ്പൂര്‍ ആര്‍എസ്എസ് ബ്രാഹ്‌മണ്യം. തൊള്ളായിരത്തി ഇരുപതുകളിലും മുപ്പതുകളിലും മഹാരാഷ്ട്രയിലെ മുസ്ലീം വിരുദ്ധ കലാപത്തിന്റെ ചിഹ്നമായി ശിവജിയെ ഉയര്‍ത്തിക്കൊണ്ട് വര്‍ഗീയ വിഭജന രാഷ്ട്രീയവുമായി വന്നവരാണ് ആര്‍എസ്എസ് നേതാക്കള്‍. ശിവജിയുടെ സൈന്യത്തിലെ പ്രധാന പദവികള്‍ വഹിച്ചിരുന്നത്, പ്രത്യേകിച്ചും കപ്പല്‍പടയുടെ പൂര്‍ണ നിയന്ത്രണം മുസ്ലിം കമാണ്ടര്‍മാര്‍ക്കായിരുന്നെന്നും, ശിവജിക്കെതിരെ മുഗളന്‍മാര്‍ക്ക് വേണ്ടി യുദ്ധത്തിന് വന്നത് രജപുത്രന്മാര്‍ ആയിരുന്നുവെന്നുമുള്ള വസ്തുതകള്‍ തമസ്‌കരിക്കുകയാണ് സംഘപരിവാര്‍. ചരിത്രത്തിലെ ശിവജി ഒരിക്കലും മുസ്ലിം വിരുദ്ധനോ, ബ്രാഹ്‌മണ്യവുമായി കൂട്ടുചേര്‍ന്നയാളോ അല്ല.


REPRESENTATIONAL IMAGE: WIKI COMMONS
ഒരു ബ്രാഹ്‌മണമേല്‍ക്കോയ്മ വിരുദ്ധ ചരിത്ര വ്യക്തിത്വത്തെ സംഘപരിവാര്‍ ബ്രാഹ്‌മണ്യം ദീര്‍ഘകാല ബിംബനിര്‍മിതിയിലൂടെ തങ്ങളുടെ യുദ്ധചിഹ്നമാക്കി മാറ്റിയെടുക്കുകയാണ് ഉണ്ടായത്. രണധീരതയുള്ള ഒരു നേതാവിനെ തങ്ങളുടെ ചരിത്രത്തില്‍ കണ്ടെത്തുന്നതില്‍ പാപ്പരത്തം നേരിട്ട ആര്‍എസ്എസ് അതിന്റെ സാംസ്‌കാരിക ബൗദ്ധിക തലസ്ഥാനമായ നാഗ്പൂരിനുള്ളില്‍ നിന്നുമൊരു ഹിംസാത്മക ദേശീയതയുടെ പുരുഷ മാതൃകയെ കണ്ടെത്താന്‍ നടത്തുന്ന ശ്രമമാണ് ശിവജിയില്‍ എത്തിനിന്നത്. പഴയ പേഷ്വാ ബ്രാഹ്‌മണ്യത്തിന്റെ പൂനാ കേന്ദ്രീകൃത മഹാരാഷ്ട്രയില്‍ തന്നെ തങ്ങളുടെ ആധുനിക ആര്യാവൃത്തം നിര്‍മിച്ചെടുക്കാനുള്ള ശ്രമമാണിത്. അത് ഹിന്ദു രാഷ്ട്രത്തില്‍ ഇല്ലാത്തവരെ പുറത്താക്കാനുള്ള ശ്രമത്തിന്റെ ഭാഗവും ആധുനിക ആര്യാവൃത്ത നിര്‍മിതിയുടെ ഉല്‍ഘോഷണവും കൂടിയാണ്. 

അതിന്റെ അടുത്ത കാലത്തുണ്ടായ ഏറ്റവും സുപ്രധാന കാല്‍വയ്പ്പാണ് രാജ്യത്തിന്റെ പേര് ഇന്ത്യയില്‍ നിന്നും ഭാരതത്തിലേക്ക് മാറ്റുന്നതിനായി നടത്തുന്ന പരിശ്രമങ്ങള്‍. ആദ്യ പടിയെന്നോണം ഇന്ത്യയില്‍ നിലവിലുണ്ടായിരുന്ന ശിക്ഷാവിധികളുടെ നാമമാറ്റം. ഇക്കഴിഞ്ഞ ആഗസ്റ്റ് 11 ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഒരു ബില്ലിലൂടെ ഇന്ത്യന്‍ പീനല്‍ കോഡ് (IPC) ഭാരതീയ ന്യായ സംഹിത (BNS) എന്ന പേരില്‍ പരിവര്‍ത്തനപ്പെടുത്തുകയുണ്ടായി. മാത്രവുമല്ല ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക ക്രയവിക്രയങ്ങളില്‍ ഇന്ത്യയ്ക്കുപകരം ഭാരതം എന്ന നാമം ബോധപൂര്‍വ്വം ഉപയോഗിക്കുന്നു. ഇതിലൂടെ ഔദ്യോഗികമായും അനൗദ്യോഗികമായും ഭരണകൂടവും ഭരണകൂട അനുകൂല പ്രചാരകരും മുന്നോട്ടുവയ്ക്കുന്നത് ഇന്ത്യ എന്നത് ഒരു കൊളോണിയല്‍ സൃഷ്ടിയാണെന്നാണ്. അതുകൊണ്ടുതന്നെ സ്വാതന്ത്രാനന്തര ഇന്ത്യ, കൊളോണിയല്‍ പാരമ്പര്യങ്ങളെയും പൈതൃകങ്ങളെയും തള്ളിക്കളഞ്ഞുകൊണ്ട് തനതായ ഭാരതീയ സംസ്‌കൃതിയിലേക്ക് എത്തപ്പെടണമെന്നും അതിലാണ് നാം അഭിരമിക്കേണ്ടവരെന്നും ഉദ്‌ഘോഷിക്കുകയാണ് ഇന്ത്യയിലെ വലതുപക്ഷ പ്രചാരകരായ സംഘപരിവാര്‍. ഭരണഘടന വിഭാവനം ചെയ്യുന്ന ബഹുസ്വര സങ്കല്‍പ്പങ്ങളെയും, വൈവിധ്യങ്ങളെയും നിഷ്‌കാസനം ചെയ്തുകൊണ്ട് അതിവേഗം ഏകാത്മകമായ ഹിന്ദുത്വത്തിലേക്ക് നമ്മുടെ രാജ്യത്തെ കൊണ്ടെത്തിക്കുക എന്ന സംഘപരിവാര്‍ പ്രത്യയശാസ്ത്രം തന്നെയാണ് ഈ സംഘടിത പ്രചരണത്തിന്റെയും ഔദ്യോഗിക നടപടിക്രമങ്ങളുടെയും അടിസ്ഥാനം. ചരിത്രം മനസ്സിലാക്കാന്‍ സാധിക്കുന്ന ഓരോ മനുഷ്യനും തിരിച്ചറിയാന്‍ സാധിക്കുന്നത് ഇന്ത്യ എന്ന നാമം അത് കേവലം കൊളോണിയല്‍ പാരമ്പര്യത്തില്‍ രൂപപ്പെട്ടതല്ലെന്നും ആര്യവര്‍ത്തത്തിനും പതിറ്റാണ്ടുകള്‍ക്ക് മുമ്പ് സൈന്ധവ നാഗരികതയില്‍ സമ്പന്നമായ ഒരു സംസ്‌കാരത്തിന്റെ ശേഷിപ്പില്‍ നിന്നും ഉരുവം പ്രാപിച്ചതാണ് എന്ന് സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ കാലം മുതല്‍ ഓരോ ഇന്ത്യക്കാരനും പഠിച്ചിട്ടുള്ളതാണ്. ആ ചരിത്ര പൈതൃകത്തെ ഉന്‍മൂലനം ചെയ്തുകൊണ്ട് ആര്യവര്‍ത്തത്തില്‍ അധിഷ്ഠിതമായതും വംശീയ പാരമ്പര്യത്തിന്റെ ശ്രേണിയില്‍ ബന്ധിപ്പിക്കാന്‍ ഉതകുന്നതുമായ ഭാരതം എന്ന നാമമാറ്റം സംഘപരിവാറിന്റെ പ്രഖ്യാപിത ഹിന്ദു രാഷ്ട്രത്തിലേക്കുള്ള അവസാനത്തെ ആശയം മാത്രമാണ്. ഇന്ത്യയില്‍ നിന്നും ഭാരതത്തിലേക്കുള്ള പരിവര്‍ത്തനം മതനിരപേക്ഷതയില്‍ നിന്നും മതാധിഷ്ഠിതമായ ഹിന്ദുത്വത്തിലേക്കുള്ള മാറ്റം തന്നെയാണ്.

നീണ്ടകാലത്തെ കൊളോണിയല്‍ വിരുദ്ധ പോരാട്ടങ്ങളാണ് ഇന്ത്യന്‍ ദേശരാഷ്ട്രത്തെയും അതിന്റെ ദേശീയതയെയും നിര്‍മിച്ചെടുത്തത്. ഭൂതകാല പൊതുപാരമ്പര്യമോ, ഏക മത-ഭാഷാ സ്വത്വമോ ഇല്ലാത്ത ഇന്ത്യന്‍ ജനസമൂഹത്തെ ഒന്നിപ്പിച്ചത് നൂറ്റാണ്ടുകാലം നീണ്ടുനിന്ന കൊളോണിയല്‍ വിരുദ്ധ സമരമായിരുന്നു. അതിലൂടെ സൃഷ്ടിച്ച പൊതുസമര പൈതൃകവും അതിന്റെ മൂല്യങ്ങളുമാണ് ഇന്ത്യന്‍ ദേശീയതയെ നിര്‍മിച്ചത്. ഈ പൊതു സമര പൈതൃകത്തില്‍ ഒരുകാലത്തും ഭാഗമാകാതിരുന്ന ആര്‍എസ്എസ് - സംഘപരിവാറാണ് ഇപ്പോള്‍ ദേശീയതയുടെ കുത്തക അവകാശപ്പെട്ടുകൊണ്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്ത്യന്‍ ദേശരാഷ്ട്രമെന്നത് ബഹുസ്വരതയില്‍ അധിഷ്ഠിതമാണെന്നും, എണ്ണമറ്റ മടക്കുകളുള്ള ഒരുടയാട കണക്കെ വൈവിധ്യമുള്ളതാണ് ഇന്ത്യന്‍ ദേശീയതയുടെ സ്വഭാവമെന്നും സുനില്‍ ഖിലാനി തന്റെ Idea of India യില്‍ നിരീക്ഷിക്കുന്നുണ്ട്. യൂറോപ്യന്‍ ദേശരാഷ്ട്രങ്ങളില്‍ ആരോപിക്കുന്ന സൈദ്ധാന്തിക പരികല്പനകളാല്‍ ഇന്ത്യന്‍ ദേശരാഷ്ട്രത്തെ നിര്‍വചിക്കാനാവില്ല. ഒരുപക്ഷേ, രാമചന്ദ്ര ഗുഹ പറയും പോലെ തികച്ചും അസ്വാഭാവികമായൊരു ഭൂമികയാണ് ഇന്ത്യയുടേതെന്ന്. നിര്‍മിച്ചെടുത്ത വാര്‍പ്പുമാതൃകകളെക്കാളും ഉണ്മയുള്ള മനുഷ്യ വിമോചനപോരാട്ടത്തിന്റെ ജൈവികതയോടാണ് ഇന്ത്യന്‍ ദേശീയതയ്ക്ക് അടുപ്പം. ഉത്പന്നം എന്നതിനേക്കാള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്ന പ്രക്രിയയോടാണത് ചേര്‍ന്നിരിക്കുന്നത്. അതായത് ദേശരാഷ്ട്രങ്ങളല്ല ദേശീയതയെ നിര്‍ണയിക്കുന്നത്, മറിച്ചു ദേശീയതകളാണ് ദേശരാഷ്ട്രത്തെ നിര്‍ണയിക്കുന്നതും രൂപപ്പെടുത്തുന്നതും. ഒരുകണക്കിന് വര്‍ത്തമാനകാല ഇന്ത്യന്‍ ഭരണാധികാരികള്‍ മനഃപൂര്‍വ്വം അവഗണിക്കുന്നതും ഇതുതന്നെയാണ്.

റഫറന്‍സ്:

1.    Ernest Renan, What is A Nation, Paris Presses Pocket, 1992
2.    Eric Hobsbwam et al, Invention of Tradition, Cambridge University Press, 1983
3.    Ernest Gelner,Nations and Nationalism, Wiley Blackwell, 1983
4.    Ernest Gelner, Encounters with Nationalism, Wiley Blackwell, 1994
5.    Benedict Anderson, Imagined Political Community, Verso, 1983
6.    Partha Chatterjee, Nationalist Thought and Colonial World A Derivative Discourse, University of Minnesota Press, 1986.
7.    Partha Chatterjee, The Truths and Lies of Nationalism, Permanent Black, Ashoka University, 2022.
8.    Dipesh Chakrabarty, Provincializing Europe: Historical Thought and Historical Difference, Princeton University Press, 2009
9.    Tanika Sarkar, Nationalist Iconography: Image of Women in 19th Century Bengali Literature, Economic and Political Weekly, 1 November 1987, Vol. 22 No. 47
10.    Arundhathi Virmani,A Symbol of Freedom: Indian Flag and the Transformermation of Nationalism 1906 - 2002, Cambridge University Press, 2007
11.    Sunil Khilani, The Idea of India, Penguin India, 2004
12.    Govind Panasare, Who was Shivaji, Leftword Books, 2015



#Religion & Politics
Leave a comment