TMJ
searchnav-menu
post-thumbnail

Travel

പ്രകൃതി സൗന്ദര്യം നിറഞ്ഞൊഴുകുന്ന വിയറ്റ്നാം ഗ്രാമങ്ങളിലൂടെ ഒരു ബോട്ട് യാത്ര

17 May 2023   |   3 min Read
അഭിലാഷ് എ എം

പ്രകൃതിയുടെ വശ്യസൗന്ദര്യം കൊണ്ടുനിറഞ്ഞതാണ് വിയറ്റ്നാം ഗ്രാമങ്ങള്‍. വിയറ്റ്നാമില്‍ എത്തിയ മൂന്നുദിവസവും നഗരവും സമീപപ്രദേശങ്ങളും മാത്രമാണ് സന്ദര്‍ശിച്ചത്. അതില്‍ നിന്നും മാറി ഗ്രാമങ്ങളിലേക്ക് സഞ്ചരിക്കാന്‍ തീരുമാനിച്ചു. നല്ല പ്രകൃതി ദൃശ്യങ്ങള്‍ കണ്ടാല്‍ ഡൗണ്‍ലോഡ് ചെയ്തു സൂക്ഷിക്കുക എന്ന സ്വഭാവം എനിക്ക് ഉണ്ടായിരുന്നു. അങ്ങനെ കിട്ടിയ നൂറുകണക്കിന് ഫോട്ടോകള്‍ക്ക് ഇടയില്‍ ശ്രദ്ധപിടിച്ചുപറ്റിയ ഒരു ചിത്രം ആയിരുന്നു വിയറ്റ്നാമിലെ നിന്‍ ബിന്‍ ഗ്രാമം. പച്ചപ്പുനിറഞ്ഞ നെല്‍പ്പാടങ്ങള്‍, അതിനിടയിലൂടെ വിയറ്റ്നാം തൊപ്പി ധരിച്ച് സഞ്ചാരികള്‍ ചെറുബോട്ടുകളില്‍ നീങ്ങുന്നു. ഇരുവശവും ഉയര്‍ന്നുനില്‍ക്കുന്ന മലനിരകള്‍. ഈ അപൂര്‍വ കാഴ്ചകള്‍ എന്നെങ്കിലും കാണാന്‍ സാധിക്കുമെന്ന് കരുതിയതല്ല. അങ്ങനെ ഒരു സ്വപ്നത്തിന്റെ സാക്ഷാത്കാരം പൂര്‍ത്തിയായി. വിയറ്റ്നാമിന്റെ പ്രകൃതി ഭംഗിയിലേക്കുള്ള  യാത്രയ്ക്കുവേണ്ടി ഹോട്ടലില്‍ നിന്നും രാവിലെ നേരത്തെ ഇറങ്ങി. നഗരത്തില്‍ നിന്നും ദൂരെ നിന്‍ ബിന്‍ ലേക്ക് പോകാന്‍ വാഹനം എത്തിയിരുന്നു. ചെറിയൊരു മിനി വാന്‍, ഞങ്ങളെ കൂടാതെ വേറെയും ചിലര്‍ വാഹനത്തില്‍ ഉണ്ട്.

നിന്‍ ബിന്‍ ഒരു ഗ്രാമപ്രദേശമാണ്. ഹരിതാഭനിറഞ്ഞ മലകള്‍ അതിരുകാക്കുന്ന ഉള്‍നാടന്‍ പ്രദേശം. ഗ്രാമത്തിലൂടെ ഡോങ്ങ് നദി ഒഴുകുന്നു. നദിയുടെ ഇരുകരയില്‍ നിന്നും നെല്‍പ്പാടങ്ങള്‍ നദിയിലേക്ക് ഇറങ്ങിനില്‍ക്കുന്ന കാഴ്ച മനോഹരമാണ്. വെള്ളത്തില്‍ പൊങ്ങിനില്‍ക്കുന്ന ജലസസ്യങ്ങള്‍പോലെ അപൂര്‍വ കാഴ്ചയാണ് ഈ പ്രദേശത്തെ മറ്റു സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഇതിനിടയിലൂടെയുള്ള ബോട്ട് യാത്രയാണ് പ്ലാന്‍. ഗൈഡ്, പോകുന്ന സ്ഥലത്തെക്കുറിച്ച് പറഞ്ഞു തന്നു. 'Halong bay on earth' എന്നാണ് അവര്‍ ഈ സ്ഥലത്തെ വിശേഷിപ്പിക്കുന്നത്. ഞങ്ങള്‍ ഹാലോങ്ങ് ബെയില്‍ പോയിട്ടില്ലെങ്കിലും ചിത്രങ്ങളില്‍ അറിയാം. Kong : Skull Island എന്ന ഹോളിവുഡ് സിനിമ ഇവിടെയാണത്രേ ചിത്രീകരിച്ചത്. വാഹനം നഗരം വിട്ട് പോകുന്തോറും മഴ ജനല്‍ ചില്ലുകളില്‍ പൊഴിഞ്ഞു വീണുകൊണ്ടിരുന്നു. ഹാനോയില്‍ വന്ന് ഇറങ്ങിയത് മുതല്‍ സൂര്യനെ മറച്ച് മഞ്ഞുപൊതിയുന്ന അന്തരീക്ഷം ആയിരുന്നു. ഒപ്പം നല്ല തണുപ്പും. നാട്ടില്‍ ഇപ്പോള്‍ ചൂടുകൊണ്ട് തിളച്ചുമറിയുകയാകും എന്ന ചിന്ത മനസ്സിലേക്ക് ഓടിയെത്തി. റോഡിന് ഇരുവശവും പച്ചപ്പുനിറഞ്ഞ നെല്‍പ്പാടങ്ങള്‍, വാഴത്തോപ്പുകള്‍ അവയ്ക്ക് ഇടയില്‍ കാണുന്ന ചെറിയ ഫ്ളാറ്റുകള്‍ എന്നിവയാണ് പ്രധാന കാഴ്ചകള്‍. നമ്മുടെ നാട്ടിലൂടെ പോകുന്ന ഫീല്‍ ആണ് ഇവിടെയും ലഭിച്ചത്. പ്രധാന പാതയില്‍നിന്ന് തിരിഞ്ഞ് കുറച്ചു ദൂരം ഓടി പച്ചപ്പാര്‍ന്ന പ്രദേശത്ത് വണ്ടി നിര്‍ത്തി.


ഹാവോ ലു പഴയകാല നിര്‍മിതി
ഹാവോ ലു എന്ന സ്ഥലത്താണ് എത്തിയിരിക്കുന്നത്. രാജഭരണ കാലത്ത് വിയറ്റ്നാമിന്റെ തലസ്ഥാനം ഇവിടെ ആയിരുന്നു. 1968 ല്‍ രാജാവ് Dai Co Vet ആണ് ഇവിടം ആസ്ഥാനമാക്കി ഭരണം തുടങ്ങിയത്. 42 വര്‍ഷത്തോളം ഇവിടെ ഇരുന്നാണ് തലമുറകളായി പലരും രാജ്യം ഭരിച്ചത്. തുടര്‍ന്നുവന്ന ലൈ രാജവംശം ഈ പ്രദേശത്തിലെ ഭൂപ്രകൃതിയുടെ പ്രത്യേകത കാരണം തലസ്ഥാനം കുറച്ചുകൂടി വ്യാവസായിക വികസനം നടത്താന്‍ സാധിക്കുന്ന ഹാനോയ് ലേക്ക് മാറ്റാന്‍ തീരുമാനിച്ചു. പഴയകാല കൊട്ടാര നിര്‍മിതികള്‍ നിറഞ്ഞ ഇവിടം ഇന്ന് ഹെറിറ്റേജ് സൈറ്റ് ആണ്. കുന്നിന്‍ മുകളിലെ അമ്പലങ്ങളും, പഗോഡകളും കൊട്ടാരങ്ങളും കൊണ്ട് സമ്പന്നമായിരുന്നു ഈ പ്രദേശം. ഇന്ന് അവയില്‍ ചിലത് മാത്രം അവശേഷിക്കുന്നു. 

ഹാവോ ലു വിലെ പ്രധാന വരുമാനമാര്‍ഗം കൃഷിയാണ്. വര്‍ഷങ്ങളായുള്ള രാജഭരണം ഗ്രാമ ഘടനയില്‍ ഒട്ടും മാറ്റം വരുത്തിയിട്ടില്ല. പോത്തുകളെ ഇന്നും ഇവിടെ കൃഷിക്കുവേണ്ടി ഉപയോഗിക്കുന്നുണ്ട്. ചെറിയൊരു തുക നല്‍കിയാല്‍ അതിന്റെ പുറത്തുകയറി ഗ്രാമ പശ്ചാത്തലത്തില്‍ ഒരു ഫോട്ടോ എടുക്കാം. അതിന് നിന്നില്ല. തൊട്ടടുത്തെ ലി ഡെയ് ഹാന്‍ ടെമ്പിള്‍ കാണാന്‍ തീരുമാനിച്ചു. പ്രവേശന കവാടം കടന്ന് ഉള്ളില്‍ കയറിയാല്‍ കല്ലുകള്‍ പാകിയ അമ്പലമുറ്റം. ചാറ്റല്‍ മഴയില്‍ മുറ്റം നനഞ്ഞിട്ടുണ്ട്. ഒരുപാട് സാമ്പ്രാണികള്‍ കത്തിച്ച ഗന്ധം പരിസരമാകെ തങ്ങിനില്‍ക്കുന്നു. അമ്പലത്തിന് അകത്ത്  Le dai hanh, Duong vang Nga എന്നീ രണ്ടു രാജാക്കന്മാരുടെ പ്രതിമകളാണുള്ളത്. അകം മനോഹരമായി അലങ്കരിച്ചിട്ടുണ്ട്. പഴമയുടെ ഗന്ധം  നിറഞ്ഞുനില്‍ക്കുന്നു. ടെമ്പിളും പരിസരവും കുറച്ചുനേരം കണ്ട് പുറത്തിറങ്ങി. അടുത്ത് ഒരിടത്ത് ആയി സൈക്കിള്‍ വച്ചിട്ടുണ്ട്.  ടൂറിസ്റ്റുകള്‍ക്ക് സൈക്കിള്‍ വാടകയ്ക്ക് എടുത്ത് ഗ്രാമത്തിലൂടെ കറങ്ങാം. ഗ്രാമം കാണാന്‍ ആഗ്രഹം ഉണ്ടെങ്കിലും മഴച്ചാറലില്‍ യാത്ര ചെയ്യാന്‍ സുഖം തോന്നിയില്ല. അതുകൊണ്ട് തിരിച്ച് വണ്ടിയില്‍ കയറി ഇരുന്നു.


ക്ഷേത്രത്തിലേക്കുള്ള പ്രധാന കവാടം

ഹാവോ ലു വില്‍ നിന്നും പുറപ്പെട്ട് ടാം കോക്ക് എന്ന മനോഹര ഭൂപ്രദേശത്ത് വാഹനം എത്തിച്ചേര്‍ന്നു. 'tam coc' എന്ന വാക്കിന്റെ അര്‍ത്ഥം മൂന്നു ഗുഹകള്‍ എന്നാണ്. ഡോങ്ങ് റിവര്‍ ലൈം സ്റ്റോണ്‍ പാറകള്‍ക്ക് അടിയിലൂടെ ഒഴുകി സൃഷ്ടിക്കപ്പെട്ടതാണ് ഈ മൂന്നു ഗുഹകള്‍. നദിയിലൂടെയുള്ള ബോട്ടിങ്ങില്‍ ഇതിന് അടിയിലൂടെ കടന്നുപോകാം. നിന്‍ ബിന്‍ പ്രദേശത്താണ് എത്തിയിരിക്കുന്നത്. വെള്ളത്തില്‍ നില്‍ക്കുന്ന നെല്‍പ്പാടങ്ങള്‍ക്ക് ഇപ്പോള്‍ പച്ചപ്പാണ്. മെയ് ജൂണ്‍ ആകുന്നതോടെ പച്ച, മഞ്ഞ നിറത്തിലേക്ക് മാറും. അപ്പോള്‍ ഈ പ്രദേശത്തിന് മറ്റൊരു ഭംഗിയാണ്. വെള്ളത്തിലെ നെല്‍ക്കൊയ്ത്ത് കാണാന്‍ ധാരാളം സഞ്ചാരികള്‍ ഇവിടെ എത്തുന്നു. പുഴയിലൂടെ ചെറു ബോട്ടില്‍ കാഴ്ചകള്‍ കണ്ട് നീങ്ങിത്തുടങ്ങി. ലൈംസ്റ്റോണ്‍ പാറക്കെട്ടുകള്‍ നിറഞ്ഞ ഭാഗത്ത് എത്തുമ്പോള്‍ അവയ്ക്ക് അടിയിലൂടെ തല തട്ടാതെ അപ്പുറം കടക്കാം. ഇവിടെ എല്ലാവരും പങ്കായം തുഴയുന്നത് കാലുകൊണ്ടാണ് എന്നതാണ് പ്രത്യേകത. യാത്രയ്ക്കിടയില്‍ പല ഇടത്തായി ചെറിയ ചെറിയ അമ്പലങ്ങള്‍ കാണാം. ഇറങ്ങി കണ്ട് തിരിച്ചു കയറാം. ഞങ്ങളുടെ ബോട്ട് ഒരിടത്ത് നിര്‍ത്തിയപ്പോള്‍ കൂള്‍ ഡ്രിംഗ്സ് വില്‍പ്പനക്കാര്‍ വന്ന് പൊതിഞ്ഞു. എന്തെങ്കിലും വാങ്ങാതിരിക്കാന്‍ വയ്യ. ഒരു ബോട്ടില്‍ Sprite വാങ്ങിയപ്പോള്‍ നല്ലൊരു പുഞ്ചിരി നല്‍കി അവര്‍ മടങ്ങി. 


ടെമ്പിളില്‍ രാജാവിന് അര്‍പ്പിക്കാനായി വച്ചിരിക്കുന്ന പഴങ്ങളും പൂക്കളും

ഡോങ്ങ് നദിയിലൂടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ച രണ്ടുമണിക്കൂര്‍ യാത്രയ്ക്കുശേഷം പുറത്തിറങ്ങി. നിന്‍ ബിന്‍ ലും പരിസരത്തും ടൂറിസ്റ്റുകളുടെ ആധിക്യം ഇല്ല. പ്രകൃതിയും പരിസരവും വളരെ വൃത്തിയുള്ളതാണ്. ഹാനോയില്‍ നിന്നും വന്ന് ഭൂപ്രകൃതി ആസ്വദിച്ച് ബോട്ടിങ്ങ് ചെയ്ത് പലരും തിരിച്ചുപോകുന്നു. ഇവിടെ രാത്രി താമസിക്കാന്‍ Home Stay കളും ലഭ്യമാണ്. ഞങ്ങള്‍ തിരികെ ഹാനോയ് ലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. നിന്‍ ബിന്‍ യാത്രയില്‍ ക്ഷീണം ബാധിച്ചതായി തോന്നിയില്ല. പ്രകൃതിയില്‍ ലയിച്ച്  ഇരുന്നപ്പോള്‍  സമയം കടന്നുപോയത് അറിഞ്ഞില്ല. നല്ലൊരു ദിനം ആസ്വദിച്ച് തിരികെ യാത്രയ്ക്കായി വാഹനത്തിലേക്ക് മടങ്ങി.



#travel
Leave a comment