TMJ
searchnav-menu
post-thumbnail

Travel

യിന്‍ചുവാന്‍: മിനാരങ്ങള്‍ ഇല്ലാത്ത മുസ്ലിം പള്ളികളും ടാഗോറിനെ വായിക്കുന്ന ചൈനക്കാരും

05 Jan 2024   |   4 min Read
അരുൺ ദ്രാവിഡ്

 വടക്കു പടിഞ്ഞാറന്‍ ചൈനയിലേക്ക് ഒരു യാത്ര 

മ്മുടെ ധാരണകള്‍ തിരുത്തുന്ന രാജ്യമാണ് ചൈന. ഈ രാജ്യത്തെപ്പറ്റി ലോകം അതിഭീമമായ നുണകള്‍ പറയുമ്പോള്‍, വന്നു കാണുവിന്‍ എന്നെ പറയാനുള്ളു. അനുദിനം വളരുന്ന അതിഭീകരമായ സാങ്കേതിക തികവുള്ള സമ്പന്നമായ, വികസിതമായ ചൈന. സന്തോഷ് ജോര്‍ജ് കുളങ്ങര പറഞ്ഞത് പോലെ ചൈന അക്ഷരാര്‍ദ്ധത്തില്‍ ഒരു അത്ഭുതമാണ്. ചൈന ആദ്യം വന്ന് കാണേണ്ടത് കമ്മ്യൂണിസ്റ്റ് അനുഭാവികള്‍ ആകണമെന്ന് ഞാന്‍ കരുതുന്നു. ഒരു ആശയത്തിനുമേല്‍ ഇവര്‍ ഇവിടെ തീര്‍ത്തിരിക്കുന്ന അതിഭീമമായ അടിസ്ഥാന സൗകര്യങ്ങളും അനുദിനം ജനതയെ സാംസ്‌കാരികമായി നവീകരിക്കുന്ന സാമൂഹ്യ നിലയും എങ്ങനെയാണ് ഒരു കമ്മ്യൂണിസ്റ്റ് രാജ്യം മുന്നോട്ട് കൊണ്ട് പോകുന്നത് എന്ന് കമ്മ്യൂണിസ്റ്റ്കാര്‍തന്നെ മനസ്സിലാക്കേണ്ടതുണ്ട്. 

ഞാന്‍ താമസിക്കുന്നത് ചൈനയുടെ വടക്കന്‍ പ്രവിശ്യയായ നിങ്ഷിയാ സ്വയംഭരണ പ്രവിശ്യയുടെ തലസ്ഥാന നഗരിയായ യിന്‍ചുവാന്‍ ആണ്. മുസ്ലിം ജനത കൂടുതലുള്ള പ്രവിശ്യയാണിത്. ഈ പ്രവിശ്യയിലെ 34% ആളുകള്‍ മുസ്ലിം വിഭാഗക്കാരാണ്. മൂവായിരത്തി എഴുന്നൂറില്‍ അധികം മുസ്ലിം ആരാധനാലയങ്ങള്‍ ഈ പ്രവിശ്യയിലുണ്ട്. യിഞ്ചുവാന്‍ സിറ്റിയിലെ ചില ആരാധനാലയങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ കണ്ടൊരു കാഴ്ച അത് ലോകത്തിന്റെ ഇതര ഭാഗത്തുള്ള മുസ്ലിം മോസ്‌ക്കുകള്‍ക്ക് സമാനമായല്ല നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് എന്നതാണ്. വലിയ മിനാരങ്ങള്‍ ഉള്ള പള്ളികള്‍ നമ്മുടെ നാട്ടില്‍ സാധാരണയാണ് എന്നാല്‍ അങ്ങനെയൊന്ന് ഇവിടെ കണ്ടില്ല. ചില പള്ളികളില്‍ ഉണ്ടായിരുന്ന മിനാരങ്ങള്‍ വളരെ അടുത്ത വര്‍ഷങ്ങളിലാണ് നീക്കം ചെയ്തത് എന്ന് അറിയാനായി. 

ചൈനയിലെ 56 പ്രധാന നാഷണാലിറ്റികളിലുള്‍പ്പെട്ട ഹുയെ (hui) വിഭാഗക്കാര്‍ ഏറ്റവും അധികം താമസിക്കുന്നത് ഈ പ്രവിശ്യയിലാണ്. സെന്‍ട്രല്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ധാരാളം ഹുയെ വംശജര്‍ അധിവസിക്കുന്നുണ്ട്. അവരുടെ സാംസ്‌കാരിക പ്രത്യേകതകള്‍ ഈ മനുഷ്യരിലുമുണ്ട്. അവരുടെ സാംസ്‌കാരിക വൈവിധ്യം കാത്തുസൂക്ഷിക്കാന്‍ ഈ രാജ്യം ഈ പ്രവിശ്യയ്ക്ക് പ്രത്യേക പരിഗണ- സ്വയംഭരണം-നല്‍കിയിട്ടുണ്ട്. ഇതര ഭാഗങ്ങളില്‍ എന്നതുപോലെ പ്രവിശ്യാ ഭരണം ഗവണ്‍മെന്റും പാര്‍ട്ടിയും ചേര്‍ന്നതാണ്. 

ഹുയെ വംശജര്‍ | PHOTO: WIKI COMMONS
വടക്കു പടിഞ്ഞാറന്‍ ചൈന, സൗത്ത് ചൈനയേക്കാള്‍ വിഭിന്നമായ സാംസ്‌കാരിക പ്രത്യേകതകള്‍ ഉള്ളവയാണ്. പൊതുവെ പിന്നോക്കമെന്ന് തോന്നുന്ന പ്രദേശങ്ങള്‍. നിങ്ഷിയായുടെ അറുപതു ശതമാനത്തില്‍ അധികം ജനങ്ങളും കാര്‍ഷികവൃത്തി ചെയ്യുന്നവരാണ്. പ്രത്യേക സാമ്പത്തിക മേഖലകളും വ്യാവസായിക മേഖലകളും ഇവിടെയുണ്ട്. ഇന്നാട്ടിലെ കച്ചവടക്കാര്‍ ഏറിയ പങ്കും മുസ്ലിങ്ങളാണ്, തൊപ്പിയും ഹിജാബുമണിഞ്ഞവര്‍. ഷിന്‍ജിയാങ് പ്രവിശ്യയിലെ മുസ്ലിം സമൂഹം കച്ചവടത്തിന് എത്തുന്ന വലിയ മാര്‍ക്കറ്റുകള്‍ ഇവിടെയുണ്ട്. അവര്‍ സ്വയം ഷിന്‍ജിയാങ് ആണെന്ന് പറയാറില്ലെങ്കിലും. അങ്ങനെയൊന്ന് - ഒരുതരം ഇന്റേണല്‍ മൈഗ്രേഷന്‍ ഇവിടെയുണ്ട്. മുസ്ലിം പള്ളികളും അവരുടെ കുപ്പായങ്ങള്‍ വില്‍ക്കുന്ന; ഭക്ഷണം വില്‍ക്കുന്ന അനേകം കടകളും ഇവിടെയുണ്ട്. വൈവിധ്യങ്ങളെ അംഗീകരിക്കുന്ന, അവരുടെ പൈതൃകത്തെ സംരക്ഷിക്കുന്ന നിയമങ്ങള്‍ ഇവിടെയുണ്ട്. സാങ്കേതിക വിദ്യയും ശാസ്ത്രവും ഈ മനുഷ്യരെ പഠിപ്പിക്കുന്നതില്‍ സ്റ്റേറ്റിനു നല്ല പങ്കുണ്ട്. അവ ജനതയെ ആധുനികമാക്കുകയും നവീനമാക്കുകയും ചെയ്യുന്നു. ഓരോ തൊഴിലും മാന്യത ഉറപ്പാക്കുന്ന എല്ലാവരും ഏറെക്കുറെ തുല്യതയോടെ കഴിയുന്ന സമൂഹം. ക്ഷീണിച്ചുവരുന്ന തൊഴിലാളികള്‍ക്ക് ബസില്‍ പ്രത്യേക പരിഗണന നല്‍കുന്ന മനുഷ്യരുള്ള, അനാവശ്യമായി ഒരു മിഠായികടലാസ് പോലും റോട്ടിലേക്ക് വലിച്ചെറിയാത്ത, ലെവല്‍ ക്രോസില്‍ മാത്രം വഴി മുറിച്ചു കടക്കുന്ന അത്യന്തം സിവിലൈസ്ഡായ ജനത. ഏറെ സംസാരിക്കാന്‍ തോന്നുക ഈ മനുഷ്യരെപ്പറ്റി തന്നെയാണ്. ആധുനിക മനുഷ്യസങ്കല്‍പ്പത്തിന്റെ പര്യായമായി യൂറോപ്യന്‍ ജനതയെ കാണുന്നവരുണ്ടാവും അവരോട് ചൈനക്കാര്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് കാണുക എന്ന് പറയേണ്ടി വരും.

കഠിനാധ്വാനികളാണ് ചൈനക്കാര്‍. പണിയെടുക്കാന്‍ സമയം കണ്ടെത്തുന്നതുപോലെ ഉല്ലാസത്തിനും സമയം കണ്ടെത്തുന്നവര്‍. അവധികള്‍ കുടുംബമായി ആഘോഷിക്കാന്‍ ഇഷ്ടമുള്ളവര്‍. ചൈനീസ് ന്യൂ ഇയര്‍, നാഷണല്‍ ഡേ, മിഡ് ഓട്ടം ഫെസ്റ്റിവല്‍ ഒക്കെ ഇവിടെ ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന വലിയ ആഘോഷങ്ങളാണ്. ഉദാഹരണമായി, നമ്മള്‍ ക്രിസ്മസിന് കേക്കുകള്‍ പങ്കുവെക്കുന്നത് പോലെ, മിഡ് ഓട്ടം ഫെസ്റ്റിവലിന് കേക്ക് (മൂണ്‍ കേക്ക്) കഴിക്കുന്നത് ഇവിടെ പതിവാണ്. നിരവധി ഗിഫ്റ്റുകള്‍ ആ ദിവസങ്ങളില്‍ ആളുകള്‍ പരസ്പരം പങ്കുവെക്കും. വീട്ടില്‍ നിന്നും ജോലിക്കും പഠനത്തിനും ഒക്കെയായി മാറിനില്‍ക്കുന്നവര്‍ തിരികെ വീട്ടിലെത്തി എല്ലാവരും ഒന്നിച്ചാണ് ആഘോഷങ്ങളില്‍ പങ്കുകൊള്ളുന്നത്. ആ ദിവസങ്ങളില്‍ വലിയ അമ്പിളി മാമനെ ചൈനയുടെ വിശാലമായ ആകാശത്ത് നമുക്ക് കാണാം.

എന്നാല്‍ ക്രിസ്മസ് ചൈനയില്‍ ഒരു പ്രധാന ആഘോഷ ദിനമല്ല. ഡിസംബര്‍ 25 ഏതൊരു സാധാരണ ദിനം പോലെയും കടന്നു പോകും. അവധിയോ വലിയ ആഘോഷങ്ങളോ ഉണ്ടാവാറില്ല. പക്ഷെ ഒരു ഷോപ്പിംഗ് സീസണ്‍ ആയി ക്രിസ്മസ് ഉയര്‍ന്നു വരുന്നുണ്ട്. യിഞ്ചുവാനിലെ പ്രധാന മാളുകളില്‍ ക്രിസ്മസ് അനുബന്ധ അലങ്കാരങ്ങളും പലവര്‍ണങ്ങളിലുള്ള ലൈറ്റുകളും തൂക്കിയിട്ടിരിക്കുന്നത് കണ്ടിരുന്നു. ക്രിസ്മസ് വിപണി സജീവമായിരുന്നു. അലങ്കാരവസ്തുക്കള്‍ വില്‍ക്കുന്ന ചെറുതും വലുതുമായ കടകള്‍ കണ്ടിരുന്നു. ലോകത്ത് വിറ്റഴിക്കപ്പെടുന്ന ക്രിസ്മസ് ഐറ്റങ്ങളുടെ എണ്‍പത് ശതമാനവും നിര്‍മ്മിക്കുന്നത് ചൈനയിലാണ്. ഒരുപക്ഷെ ക്രിസ്മസ് കൊണ്ട് ഏറ്റവും ലാഭംകൊയ്യുന്ന രാജ്യം ചൈനയായിരിക്കണം. 

REPRESENTATIVE IMAGE: WIKI COMMONS
സംസ്‌കാരത്തിനും പൈതൃകത്തിനും വലിയ വില നല്‍കുന്നവരാണ് ചൈനക്കാര്‍ എന്ന് തോന്നിയിട്ടുണ്ട്. അവസാന യിന്‍ചുവാന്‍ ബിനാലെ ഇത്തരത്തില്‍ ഈ നാടിന്റെ ഇന്നലകളെ സംബന്ധിക്കുന്ന നിരവധി ഇന്‍സ്റ്റല്ലേഷന്‍ നിറഞ്ഞതായിരുന്നു. ആകസ്മികമെന്ന് പറയട്ടെ, അത് ക്യുറേറ്റ് ചെയ്തത് ബോസ് കൃഷ്ണമാചാരി ആയിരുന്നു. കലയെ സൗന്ദര്യത്തെ സംസ്‌കാരത്തെ ഒക്കെ ഈ സംവിധാനം അതിസൂക്ഷ്മമായി സംരക്ഷിക്കുന്നുണ്ട്. ഈ മനുഷ്യരും അതില്‍ നിന്നും വിഭിന്നമല്ല.

ചൈനയിലെ ഏറ്റവും വലിയ പബ്ലിഷിങ് ഹൗസാണ് ഷിന്‍ഹുവ. ചൈനയിലെമ്പാടും വ്യാപിച്ചുകിടക്കുന്ന ഏറ്റവും ബൃഹത്തായ ഒന്ന്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രോപഗണ്ട വിഭാഗത്തിന്റെ കീഴിലുള്ളത്.
എന്റെ ക്രിസ്മസ് സായാഹ്നം യിന്‍ചുവാന്‍ സിറ്റിയിലെ ഏറ്റവും വലിയ ഷിന്‍ഹുവ ബുക്ക് സ്റ്റോറില്‍ ആയിരുന്നു. നമ്മുടെ നാട്ടിലെ DC ബുക്‌സിന്റെ പുസ്തക കട പോലെ തന്നെയെന്നാണ് ആദ്യം കരുതിയത്. മൂന്നു നിലയുള്ള വലിയ പുസ്തകശാല. വിശാലമായ അകത്തളം. വാതില്‍ തുറന്ന് അകത്തു കയറിയാല്‍ ഒരു ലൈബ്രറിയുടെ പ്രതീതി. പുസ്തകം നിരത്തിവെച്ചിരിക്കുന്ന വലിയ ഷെല്‍ഫുകള്‍ക്ക് സമീപം വിശാലമായ ഇരിപ്പിടങ്ങള്‍. അതില്‍ കിടന്നു വായിക്കാന്‍ പാകത്തിന് ക്രമീകരിക്കാവുന്ന ഇരിപ്പിടങ്ങള്‍, മറ്റിരിപ്പിടങ്ങള്‍ എന്നിവയുണ്ട്. ആളുകള്‍ വരുന്നു ഇഷ്ടമുള്ള പുസ്തകങ്ങള്‍ എടുത്തു സമീപത്തെ ഇരിപ്പിടങ്ങളില്‍ ഇരുന്നു വായിക്കുന്നു. പുസ്തകം വാങ്ങണം എന്ന് നിര്‍ബന്ധമേയില്ല.  കുട്ടികള്‍ക്ക് വീഡിയോ ഗെയിം കളിക്കാനുള്ള സൗകര്യങ്ങള്‍, അവിടെ കുഞ്ഞുങ്ങളെ ഇരുത്തിയിട്ട്, പുസ്തകം വായിക്കുന്ന അമ്മമാര്‍. സ്റ്റോറിന്റെ എല്ലാ ഫ്‌ലോറിലും വായനാമുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. ഓരോന്നും ക്ലാസ്സിക് ലുക്കുള്ളവ. സോഫ്റ്റ് ഡ്രിങ്‌സ്, കോഫി എന്നിവ ലഭ്യമാകുന്ന ചെറിയ കാബിനുകള്‍, നോട്ടുകള്‍ തയ്യാറാക്കാന്‍ വരുന്നവര്‍ക്കായി അതിനുള്ള സൗകര്യം, അകത്തു തന്നെയുള്ള -ബുക്കും പേനയും ഒക്കെയുള്ള- ചെറിയ സ്റ്റേഷനറി ഷോപ്പ് ആകെമൊത്തം ഒരു ആധുനിക ലൈബ്രറി.

സ്റ്റോറിലേക്ക് കയറുമ്പോള്‍തന്നെ കാണുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസിദ്ധീകരണങ്ങളാണ്. പാര്‍ട്ടി ഭരണ ഘടന, പരിപാടി, വിവിധ പാര്‍ട്ടി കോണ്‍ഗ്രസ് റിപ്പോര്‍ട്ടുകള്‍, മാവോയും ചിയങ് കൈഷേക്കും മുതല്‍ ഷി ജിങ് പിങ് വരെയുള്ള ചൈനയിലെ സകല ഭരണാധികാരികളുടെയും പുസ്തകങ്ങള്‍, നിലവിലെ പ്രസിഡന്റ് ഷി ജിങ് പിങ്ങിന്റെ വിവിധ ആശയങ്ങള്‍, ചൈനയെപ്പറ്റിയുള്ള സങ്കല്‍പ്പങ്ങള്‍, സാമ്പത്തിക നയം തുടങ്ങിയ എല്ലാത്തിനെയും പറ്റിയുള്ള പുസ്തകങ്ങള്‍ പ്രത്യേകമായി സജ്ജീകരിച്ചിട്ടിട്ടുണ്ട്. കൂടാതെ ജീവചരിത്രങ്ങള്‍, ദര്‍ശനങ്ങള്‍, ചൈനയെപ്പറ്റിയുള്ള വിവിധ നേതാക്കന്മാരുടെ കാഴ്ചപ്പാടുകള്‍ തുടങ്ങിയവ പ്രത്യേകമായി അടുക്കി വെച്ചിട്ടുണ്ട്. മാര്‍ക്‌സിസ്റ്റ് സാഹിത്യത്തിന്റെ വലിയൊരു ശേഖരം തന്നെ അവിടെയുണ്ട്. ഓരോ ഷെല്‍ഫിലും വിവിധ ഴോണര്‍ തിരിച്ച് അടുക്കിവെച്ചിരിക്കുന്ന ആയിരക്കണക്കിന് പുസ്തകങ്ങള്‍. എല്ലാം ചൈനീസ് ഭാഷയിലുള്ളവ. നാട്ടുവൈദ്യം മുതല്‍ ലോകസാഹിത്യം വരെ അക്കൂട്ടത്തിലുണ്ട്. ഷേക്‌സ്പിയര്‍ മുതല്‍ 2021 ലെ നോബല്‍ പുരസ്‌കാര ജേതാവായ ടാന്‍സാനിയന്‍ ഇംഗ്ലീഷ് നോവലിസ്റ്റ് അബ്ദുല്‍റസാഖ് ഗുര്‍ണയുടെ വരെ ലോക സാഹിത്യ കൃതികള്‍ ചൈനീസ് ഭാഷയിലേക്ക് മൊഴിമാറ്റം ചെയ്ത് വായനക്കാരിലേക്ക് എത്തിച്ചിട്ടുണ്ട്. ആല്‍ബര്‍ കാമുവും കാഫ്കയും എന്തിനേറെ നെല്‍സന്‍ മണ്ടേല വരെ അതിലുണ്ട്. 

REPRESENTATIVE IMAGE: WIKI COMMONS
എന്റെ കൗതുകം ഏതെങ്കിലും ഇന്ത്യക്കാരന്‍ ഉണ്ടോ എന്നായിരുന്നു. രണ്ടേ രണ്ടുപേര്‍, എന്നാലും നിരാശപ്പെടുത്തിയില്ല, ലോക ക്ലാസ്സിക് കൃതികളുടെ കൂട്ടത്തില്‍ രവീന്ദ്ര നാഥ ടാഗോറിന്റെ വിവിധ കൃതികള്‍ ചൈനീസ് ഭാഷയില്‍ അച്ചടിച്ചു വെച്ചിരിക്കുന്നു. രണ്ടാമത്തെയാള്‍ സാക്ഷാല്‍ അമീര്‍ ഖാന്‍, അതും ജീവചരിത്ര വിഭാഗത്തിലുള്ള ഒരേയൊരു ഇന്ത്യക്കാരന്‍. അടുത്ത സ്റ്റോറില്‍ ഒരുപക്ഷെ കൂടുതല്‍ ഇന്ത്യക്കാര്‍ ഉണ്ടായേക്കാം. നോര്‍ത്ത് വെസ്റ്റ് ചൈനയുടെ ഏറ്റവും അറ്റത്തുള്ള പ്രൊവിസിലെ ഒരു ബുക്ക് സ്റ്റോറില്‍ ടാഗോറിനെയും അമീര്‍ ഖാനെയും ഒക്കെ കാണുക എന്നതൊക്കെ വളരെ കൗതുകമുള്ള കാര്യമാണ്. പൊതുവെ വായിക്കുന്നവരാണ് ചൈനക്കാര്‍ എന്നാണ് തോന്നുന്നത്. സ്റ്റോറിലെ വിവിധ വായനാമുറികളില്‍ പല പ്രായത്തില്‍ പെട്ടവരെ കണ്ടിരുന്നു. നഗരത്തിന്റെ മധ്യത്തില്‍ സ്ഥിതിചെയ്തിട്ടും, നിശബ്ദത നിറഞ്ഞ അന്തരീക്ഷത്തില്‍ സുഖമായിരുന്ന് വായിക്കാനാവുന്ന സുന്ദരമായ സ്ഥലം.

രണ്ട് പുസ്തകങ്ങളാണ് അവിടെ നിന്നും വാങ്ങിയത്, ഒന്ന് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടന, രണ്ട് 'socialism with Chinese characteristics'  എന്ന ആശയത്തെ പറ്റിയുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ട്. ചൈനയെപ്പറ്റിയുള്ള ഏറ്റവും ആശാവഹമായ സംഗതി വല്ലാത്ത രീതിയില്‍ അവര്‍ പ്രീപ്ലാന്‍ഡ് ആണെന്നതാണ്. അന്‍പതു വര്‍ഷത്തിന് ശേഷം എങ്ങനെ ആയിത്തീരണം എന്നത് ഇന്നേ നിര്‍ണയിക്കുകയും അതിനായി പണിയെടുക്കുകയും ചെയ്യുന്ന ആളുകള്‍. അതില്‍ ഏറ്റവും പ്രധാനം അവര്‍ കൈവരിച്ചിരിക്കുന്ന ആശയ വ്യക്തതയാണ്. ഒരു ഐഡിയോളജി എങ്ങനെയാണു ഭൗതികശക്തി ആയി മാറുന്നത് എന്ന് ചൈന നമുക്ക് കാണിച്ചു തരുന്നു.


#travel
Leave a comment