TMJ
searchnav-menu
post-thumbnail

Travel

പഴമതേടി ഒരു ചെട്ടിനാട് യാത്ര

13 Apr 2023   |   5 min Read
ജ്യോതി മദൻ

ര്‍ഷങ്ങള്‍ക്കുമുമ്പേ മനസ്സില്‍ കയറിക്കൂടിയ യാത്രകളുടെ ബക്കറ്റ് ലിസ്റ്റില്‍ ഇടംപിടിച്ച സ്ഥലമാണ് ചെട്ടിനാട്. ഇടക്കാലത്ത് ആ സ്ഥലത്തെപ്പറ്റി തന്നെ മറന്നുപോയെങ്കിലും തെങ്കാശി യാത്രയ്ക്കുശേഷം വീണ്ടും തമിഴ്നാട് യാത്രയ്ക്ക് കൊതി മൂത്തപ്പോള്‍ മറവിയുടെ മണിമാളിക ഉപേക്ഷിച്ച് ചെട്ടിനാട് പുറത്തു ചാടി.

തമിഴ്‌നാടിന്റെ മാപ്പ് നോക്കിയപ്പോള്‍ മധുരയ്ക്ക് അപ്പുറത്തായി ഏതാണ്ട് കൊച്ചിക്ക് സമാന്തരമായി കിടക്കുകയാണ് ചെട്ടിനാട് എന്ന് കണ്ടു. ഏറെ നാളായി കമ്പം-തേനി വഴി യാത്ര ചെയ്തിട്ട് എന്നതിനാല്‍ ചെട്ടിനാടേക്കുള്ള  യാത്ര ആ വഴിക്ക് തന്നെയാകാമെന്ന് തീരുമാനിക്കുകയായിരുന്നു. ഈ റൂട്ടില്‍ ബോഡിമെട്ട് വരെ ഏതാണ്ട് വനക്കാഴ്ചകള്‍ മാത്രമാണെങ്കിലും അതു കഴിഞ്ഞ് ഏറെദൂരം മലകളും അടിവാരവും നീലാകാശവും യാത്രയില്‍ നമ്മളെ അകമ്പടി സേവിക്കും.


തിരുമയം കോട്ട
ചെട്ടിനാട് എന്നത് യഥാര്‍ത്ഥത്തില്‍ ഒരു സ്ഥലപ്പേരല്ല. നമ്മള്‍ വയനാട്, മലബാര്‍ എന്നൊക്കെ പറയുന്നതുപോലെ ഒരു ഭൂവിഭാഗമാണ്. തമിഴ്നാട്ടിലെ ശിവഗംഗ, പുതുക്കോട്ടൈ ജില്ലകളിലായി 96 ഗ്രാമങ്ങളിലായി വ്യാപിച്ചിരുന്ന ഭൂഭാഗമാണ് ചെട്ടിനാട് എന്ന് അറിയപ്പെടുന്നത്. അതില്‍ 74 ഗ്രാമങ്ങളാണ് ഇപ്പോള്‍ അവശേഷിക്കുന്നത്.

ചെട്ടിനാടെത്തിയാല്‍ എവിടെ താമസിക്കണം എന്നതിനെ പറ്റി രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. ചെട്ടിയാന്മാര്‍ താമസിച്ചിരുന്ന, ഇപ്പോള്‍ ചെട്ടിനാട് മാന്‍ഷന്‍സ് എന്നറിയപ്പെടുന്ന കൊട്ടാരസദൃശമായ വീടുകളാണല്ലൊ ചെട്ടിനാടിനെ ലോകപ്രശസ്തമാക്കുന്നത്. അത്തരം പല വീടുകളും ഇപ്പോള്‍ ഹോട്ടലുകളാക്കിയിട്ടുണ്ട്. അങ്ങനെ റിസോര്‍ട്ടുകളാക്കി മാറ്റിയിട്ടുള്ള ഏതെങ്കിലും ചെട്ടിയാര്‍  ഭവനത്തില്‍ തന്നെ താമസിക്കാന്‍ തീരുമാനിച്ചു. ഈ ഹോട്ടലില്‍ കൃത്യസമയത്ത് തന്നെ ചെക്കിന്‍ ചെയ്യണം എന്ന ഉദ്ദേശത്തോടെയാണ് ആദ്യ ദിവസം തേനിയില്‍ തങ്ങി പിറ്റേ ദിവസം യാത്ര തുടരാന്‍ തീരുമാനിച്ചത്. അതേതായാലും നന്നായി. തേനിയില്‍ ഞങ്ങള്‍ താമസിച്ച ഹോട്ടലിന് അടുത്തുണ്ടായിരുന്ന വൈഗൈ ഡാം  മനോഹരമായ ഒരു അസ്തമയം ഞങ്ങള്‍ക്കായി കരുതിവച്ചിട്ടുണ്ടായിരുന്നു.


വി വി ആർ എന്ന ചെട്ടിനാട് ഭവനം

തമിഴ്നാട്ടിലെ വൈഗൈ നദിക്ക് കുറുകെ നിര്‍മിച്ചിട്ടുള്ള വൈഗൈ ഡാം 1959 ലാണ് ഉദ്ഘാടനം ചെയ്തത്. രണ്ട് മലകള്‍ക്ക് ഇടയിലല്ലാതെ നിര്‍മിക്കപ്പെട്ടിട്ടുള്ള അപൂര്‍വം ഡാമുകളില്‍ ഒന്നാണ് ഇത്. തേനിക്ക് അടുത്തുള്ള ആണ്ടിപ്പെട്ടിയില്‍ സ്ഥിതി ചെയ്യുന്ന ഈ ഡാമില്‍ നിന്നുള്ള ജലമാണ് മധുര, ശിവഗംഗ ജില്ലകളിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ കുടിവെള്ളത്തിനായും കൃഷിക്കായും ഉപയോഗിക്കുന്നത്. മൂന്നര കിലോമീറ്ററോളം നീളമുള്ള വൈഗൈ ഡാമിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശിക്കുന്നതിന് 20 രൂപ ടിക്കറ്റ് ചാര്‍ജ് ഉണ്ട്.

വൈകുന്നേരമായതിനാല്‍ ഞങ്ങള്‍ ചെന്ന സമയത്ത് ഡാമിനോട് ചേര്‍ന്നുള്ള പാര്‍ക്കില്‍ സാമാന്യം നല്ല തിരക്കുണ്ടായിരുന്നു. പാര്‍ക്കില്‍ നിന്ന് നേരിട്ട് ഡാമിലേക്ക് കയറാന്‍ പടികളുണ്ട്. തദ്ദേശീയരായ ആളുകളെ മാത്രമേ പാര്‍ക്കിലും ഡാമിലും കണ്ടുള്ളൂ. ഡാമിലേക്ക് കയറി ചെല്ലുന്ന ഭാഗത്ത് ചെറിയ തിരക്ക് അനുഭവപ്പെട്ടെങ്കിലും അവിടുന്നങ്ങോട്ട് കിലോമീറ്ററുകളോളം ഡാം വിജനമായി കിടന്നു. ഡാമും ഡാമിലെ വെള്ളത്തിന് അതിരിട്ടെന്നപോലെ ദൂരെയായി കാണുന്ന മലനിരകളുമൊക്കെ ഞങ്ങളുടെ ക്യാമറയ്ക്ക് വിരുന്നൊരുക്കി. ആകാശത്തെ ചെഞ്ചായം ചാര്‍ത്തി സൂര്യന്‍ അസ്തമയത്തിനൊരുങ്ങിയപ്പോള്‍ ഡാമിലെ നടത്തം അവസാനിപ്പിച്ച് ഞങ്ങളും റൂമിലേക്ക് മടങ്ങി.

ചെട്ടിയാര്‍ ഭവനത്തിലെ (കൊട്ടാരത്തിലെ) താമസം പരമാവധി ആസ്വദിക്കാനായി കൃത്യസമയത്ത് തന്നെ ചെട്ടിനാട് ഹെറിറ്റേജിലെത്തണം എന്ന് കരുതിയാണ് തലേദിവസം തേനിയില്‍ തങ്ങിയതെങ്കിലും പിറ്റേന്ന് രാവിലെ അവിടെ നിന്നും ഇറങ്ങാന്‍ ലേശം വൈകിയപ്പോള്‍ തന്നെ ചെട്ടിനാട് എത്താനും വൈകും എന്നുറപ്പായി.  വഴിയില്‍ 'മധുരൈ ജിഗര്‍തണ്ട' യുടെ പ്രലോഭനം കൂടിയായപ്പോള്‍ ഞങ്ങള്‍ ചെട്ടിനാടെത്തിയത് വൈകുന്നേരമാണ്.


ചെട്ടിനാട് ഹെറിറ്റേജ് ഹോട്ടൽ

തേനിയിലെ ഹോട്ടലില്‍ നിന്ന് ചെക്കൗട്ട് ചെയ്ത് ചെട്ടിനാടേക്ക് യാത്ര തുടരുന്നതിനിടയില്‍ മധുരയ്ക്ക് മുമ്പായി പെട്രോള്‍ പമ്പില്‍ കയറിയപ്പോഴാണ് തലേദിവസം മുതല്‍ വല്ലാതെ കൊതിപ്പിച്ചു കൊണ്ടിരുന്ന ജിഗര്‍തണ്ടയെ കുറിച്ചോര്‍ത്തത്. ജിഗര്‍തണ്ട കഴിക്കുന്നെങ്കില്‍ മധുരൈ ജിഗര്‍തണ്ട തന്നെ കഴിക്കണം എന്ന് പെട്രോള്‍ പമ്പിലെ ജീവനക്കാരനും പറഞ്ഞപ്പോള്‍ പിന്നെ കൂടുതലൊന്നും ആലോചിക്കാതെ മധുരൈ ജിഗര്‍തണ്ടയിലേക്ക് ഗൂഗിള്‍ മാപ്പ് സെറ്റ് ചെയ്തു. ചെട്ടിനാടെത്താന്‍ വൈകും എന്നതൊക്കെ തല്ക്കാലം മറന്നു.

മധുരയുടെ തനത് ജിഗര്‍തണ്ട തേടിയുള്ള വട്ടംചുറ്റല്‍ അവസാനിച്ചത് മധുരമീനാക്ഷി ക്ഷേത്രത്തിന് അധികം അകലെയല്ലാത്ത  തെരുവിലെ Famous Jigar Thanda എന്ന കൊച്ചു കടയ്ക്ക് മുന്നിലാണ്. പാല്‍ കുറുക്കിയത് ഉപയോഗിച്ചുണ്ടാക്കുന്ന പ്രത്യേക ഐസ്‌ക്രീമും കുറുക്കിയ പാലും ബദാം പീസും നന്നാറി സര്‍ബത്തും ചേര്‍ത്തുണ്ടാക്കുന്ന ജിഗര്‍തണ്ടയുടെ ജന്മദേശം തന്നെ മധുരയാണ്. ആദ്യരുചിയില്‍ പാലട പായസത്തെ ഓര്‍മിപ്പിക്കുന്ന ജിഗര്‍തണ്ട ഒരു ഗ്ലാസ് കുടിച്ചപ്പോഴേക്കും ഉച്ചയൂണ് വേണ്ടാത്ത വിധം വയറ് ഫുള്‍.

വണ്ടി പിന്നെ നേരെ പാഞ്ഞത് ചെട്ടിനാട് ഹെറിറ്റേജ് റിസോർട്ട് ലക്ഷ്യമിട്ടാണ്. ഹൈവേയില്‍ രണ്ട് മൂന്നിടത്തായി ടോള്‍ ബൂത്തുകള്‍. ഹൈവേ പിന്നിട്ടതോടെ ചെറിയ ഗ്രാമവഴികളായി. ഇരുവശവും ഏക്കറുകണക്കിന് വിസ്തൃതിയില്‍ തരിശായി കിടക്കുന്ന ഭൂമിക്ക് നടുവിലൂടെ നെടുങ്കന്‍ നീളത്തില്‍ കിടക്കുകയാണ് പല ഗ്രാമവഴികളും. കരിമ്പനകള്‍ പലയിടങ്ങളിലും ഈ റോഡിന് ഇരുവശവും കാവല്‍ നില്ക്കുന്നു. മറ്റ് വാഹനങ്ങള്‍ തീരെ ഇല്ലെന്ന് തന്നെ പറയാം. ഇടയ്ക്കെങ്ങാനും ഒന്നോ രണ്ടോ ബൈക്കോ കാളവണ്ടിയോ കണ്ടാലായി. നമുക്ക് തീര്‍ത്തും അപരിചിതമായ ആ വിജനതയെ ആവോളം മനസ്സിലേക്കാവാഹിച്ചു. ജലക്ഷാമം പരിഹരിക്കാനായി പണ്ടുകാലത്ത് നിര്‍മിച്ച വലിയ കുളങ്ങള്‍ വഴിയോരത്ത് പലയിടത്തും കണ്ടു.


ചെട്ടിനാട് പ്രദേശത്ത് ധാരാളമായി കാണുന്ന കുളങ്ങളില്‍ ഒന്ന്

മൂന്നുമണിയോടെ ചെട്ടിനാട് ഹെറിറ്റേജ് എന്ന, നൂറ്റാണ്ട് പഴക്കമുള്ള ചെട്ടിയാര്‍ ഭവനത്തില്‍ (ഞങ്ങള്‍ book ചെയ്ത ഹോട്ടല്‍ ) എത്തിയപ്പോഴേക്കും വിശപ്പിന്റെ വിളി പാരമ്യത്തിലെത്തിയിരുന്നു. ലഞ്ച് വേണ്ടെന്ന് ഹോട്ടലില്‍ നേരത്തേ പറഞ്ഞിരുന്നു. ഒറിജിനല്‍ ചെട്ടിനാട് ഗ്രാമീണ ഭക്ഷണം കഴിക്കണം എന്ന പ്ലാന്‍ കൂടിയായിരുന്നു ആ തീരുമാനത്തിന് പിന്നില്‍. പക്ഷേ, ആ തീരുമാനം ഞങ്ങളുടെ കുറച്ചധികം സമയം അപഹരിക്കുകയും തിരുമയം കോട്ട എന്ന അത്ഭുതക്കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്തു. തിരുമയം കോട്ടയെ പശ്ചാത്തലമാക്കി 2022 ലെ അവസാന സന്ധ്യയെ ക്യാമറയിലാക്കി ഞങ്ങള്‍ റൂമിലേക്ക് മടങ്ങി.

120 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് ഞങ്ങള്‍ താമസിച്ച ദ ചെട്ടിനാട് ഹെറിറ്റേജ്. പണ്ടത്തെ, മറ്റേത് വീടുകളിലും എന്നപോലെ ചെട്ടിയാര്‍ ഭവനങ്ങളിലും വീടിനകത്ത് ടോയ്‌ലറ്റ് ഉണ്ടായിരുന്നില്ല. മാത്രമല്ല വീട് എത്ര വലുതായിരിക്കുമ്പോഴും മുറികള്‍ ചെറുതായിരുന്നത്രെ. എന്നാല്‍ വരാന്തകളും തളങ്ങളും നടുമുറ്റങ്ങളുമൊക്കെ വളരെ വിശാലമാണ്.

ചെരുപ്പ് ഹോട്ടലിന് പുറത്ത് അഴിച്ചുവച്ചിട്ട് വേണം അകത്തുകയറാന്‍. അതിനായി പ്രത്യേക ഷൂ സ്റ്റാന്‍ഡ് ഹോട്ടലിന് പുറത്ത് വച്ചിട്ടുണ്ട്. 14 മുറികള്‍ മാത്രമാണ് ഈ ഹോട്ടലിലുള്ളത്. ഇതുവരെയുള്ള യാത്രകളില്‍ ആദ്യമായാണ് ചെരുപ്പ് പുറത്ത് അഴിച്ചു വച്ച് ഒരു ഹോട്ടലില്‍ കയറുന്നത്.

ഹോട്ടല്‍ അതിന്റെ വ്യത്യസ്തതയാലും പൗരാണികതയാലും ഗാംഭീര്യത്താലും മനംനിറച്ചു. ഏതാണ്ട് നമ്മുടെ കൈപ്പത്തിയുടെയത്ര വലുപ്പം വരുന്ന പഴയ താക്കോലാണ് മുറിക്ക്. (എല്ലാ ചെട്ടിയാര്‍ ഭവനങ്ങളിലെയും ഓരോ മുറിക്കും ഇത്തരം താക്കോലാണത്രെ) എത്രയെത്ര കാലഘട്ടങ്ങളില്‍ എത്രയെത്ര പേര്‍ എന്തെല്ലാമോ ആവശ്യങ്ങള്‍ക്ക് പൂട്ടിത്തുറന്ന താക്കോല്‍.


സി വി ആർ എന്ന ചെട്ടിനാട് ഭവനത്തിന്റെ ഉൾവശം 

രണ്ട് നടുമുറ്റങ്ങളുണ്ട് ഈ കെട്ടിടത്തിന്. മൂന്ന് നിലകള്‍. ഒരു നടുമുറ്റത്തോട് ചേര്‍ന്നുള്ള വിശാലമായ ഒരു തളം ആട്ടുകട്ടിലൊക്കെയിട്ട് ഗ്രാമഫോണ്‍ ഉള്‍പ്പെടെയുള്ള പഴയകാല നിര്‍മിതികള്‍കൊണ്ട് മനോഹരമാക്കിയിരിക്കുന്നു. മറ്റേ നടുമുറ്റത്തോട് ചേര്‍ന്ന തളമാണ് ഹോട്ടലിന്റെ റെസ്റ്ററന്റ് ആക്കിയിരിക്കുന്നത്. ഒരുദിവസമെങ്കില്‍ ഒരു ദിവസം ആ ചെട്ടിയാര്‍ ഭവനത്തിന്റെ തണുപ്പില്‍ ആത്തന്‍ഗുഡി ടൈലിന്റെ പളപളപ്പില്‍ ഒരു കുഞ്ഞു കൊട്ടാരത്തിന്റെ ഗരിമയില്‍ കിടന്ന് ഞങ്ങളുറങ്ങി.

ചെട്ടിനാട് മാന്‍ഷന്‍സ് എന്നറിയപ്പെടുന്ന ചെട്ടിയാര്‍ ഭവനങ്ങളാണ് ചെട്ടിനാട്ടിലെ പ്രധാന കാഴ്ച. കാനാടുകാത്തന്‍, ആത്തന്‍ഗുഡി, കാരൈക്കുടി തുടങ്ങി നിരവധി ഗ്രാമങ്ങളിലായി കൊട്ടാരതുല്യമായ ഇത്തരം വീടുകള്‍ നിരവധിയുണ്ട്. തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിലെ കാരൈക്കുടി താലൂക്കിലാണ് ഈ സ്ഥലങ്ങള്‍. കാനാടുകാത്തന്‍, ആത്തന്‍ഗുഡി എന്നത് ഇപ്പോഴും വികസനം ഒട്ടും സംഭവിച്ചിട്ടില്ലാത്ത ഗ്രാമീണ പ്രദേശങ്ങളാണ്. കാനാടുകാത്തനടുത്തുള്ള  നേമാത്തന്‍പട്ടിയിലാണ് ഞങ്ങള്‍ താമസിച്ച ഹോട്ടല്‍. ഈ പ്രദേശങ്ങളില്‍ ചെട്ടിയാര്‍ ഭവനങ്ങള്‍ രൂപാന്തരം പ്രാപിച്ച ഇത്തരം ഹോട്ടലുകള്‍ മാത്രമേയുള്ളൂ.


ആത്തന്‍ ഗുഡി പാലസ്
എന്നാല്‍, കാരൈക്കുടി സാമാന്യം വലിയ ടൗണും താമസിക്കാന്‍ ധാരാളം ഹോട്ടലുകളുമുള്ള സ്ഥലവുമാണ്. കാനാടുകാത്തന്‍ വീഥികളിലാണ് സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിച്ചിട്ടുള്ള സിവിആര്‍, വിവിആര്‍ എന്നീ ചെട്ടിയാര്‍ ഭവനങ്ങള്‍. ഒരാള്‍ക്ക് 50 രൂപയാണ് അവര്‍ അതിന് ഈടാക്കുന്നത്. ഗംഭീര നിര്‍മിതികള്‍. ധാരാളം അവകാശികളുണ്ട് എന്നതുകൊണ്ടുതന്നെ ചെട്ടിയാര്‍ ഭവനങ്ങളില്‍ പലതും ആര്‍ക്കുമാര്‍ക്കും നോക്കിനടത്താനാവാതെ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. നാശോന്മുഖമായ ഇത്തരം പഴയ പല കെട്ടിടങ്ങളും വഴിനീളെ കാണാം. കരളലിയിക്കുന്ന കാഴ്ചയാണത്.  പുരാവസ്തു വകുപ്പ് ഈ ചെട്ടിയാര്‍ ഭവനങ്ങളെ സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുന്നുണ്ട് എന്നതാണ് ആശ്വാസം. കൊട്ടാരസദൃശമായ ഇത്രയധികം വീടുകള്‍ ഒരേയിടത്ത് സ്ഥിതി ചെയ്യുന്നത് ലോകത്തുതന്നെ മറ്റെവിടെയുമില്ല എന്നാണ് വിലയിരുത്തപ്പെടുന്നത്.

ആത്തന്‍ഗുഡി പാലസ് എന്നും പെരിയവീട് എന്നുമൊക്കെ അറിയപ്പെടുന്ന ചെട്ടിയാര്‍ ഭവനവും ലോകപ്രശസ്തമായ ആത്തന്‍ഗുഡി ടൈല്‍ നിര്‍മാണവും കൂടി കണ്ട് ചെട്ടിയാര്‍ കോട്ടണ്‍ സാരികളും വാങ്ങിയശേഷമാണ് ഞങ്ങള്‍ ചെട്ടിനാട് നിന്നും മടങ്ങിയത്. നൂറ്റാണ്ടോളം തെളിമ മങ്ങാതെ നില്ക്കുന്നവയാണ് ആത്തന്‍ഗുഡി ടൈലുകള്‍ എന്നതിന് ചെട്ടിയാര്‍ ഭവനങ്ങള്‍ തന്നെയാണ് തെളിവ്. ആത്തന്‍ഗുഡിയിലെ പ്രത്യേകതരം മണ്ണാണ് ഇങ്ങനെയൊര് ടൈല്‍ നിര്‍മാണരീതി അവിടെ രൂപപ്പെട്ടു വരാന്‍ കാരണമത്രെ. പ്രകൃതിദത്തമായ കളര്‍ ചേരുവകളാണ് പണ്ട് ഈ ടൈലുകളെ കൂടുതല്‍ മിഴിവുറ്റതാക്കിയത്. ചില്ല് പ്രതലത്തിന് മുകളില്‍ പൂര്‍ണമായും കൈകൊണ്ട് തയ്യാറാക്കുന്നവയാണ് ഈ ടൈലുകള്‍. ടൈല്‍ ഫാക്ടറികള്‍ നിരവധിയുണ്ട് ആത്തന്‍ഗുഡിയില്‍. അതിവൈദഗ്ധ്യത്തോടെയുള്ള ഈ ടൈല്‍ നിര്‍മാണരീതി നമുക്ക് നേരില്‍ ചെന്ന് കാണാവുന്നതാണ്.

ഒരേക്കറോളം സ്ഥലത്ത് വിശാലമായി കിടക്കുന്ന ആത്തന്‍ഗുഡി പാലസ് യഥാര്‍ത്ഥത്തില്‍ പാലസല്ല, വീടാണ് എന്നറിയുമ്പോള്‍ നാമല്പം ഞെട്ടും. 50 രൂപ ഫീസാണ് ഈ അത്ഭുത നിര്‍മിതി അകത്ത് കയറി കാണാന്‍. ഒരു നൂറ്റാണ്ടോളം പഴക്കവുമായി ഡച്ച് മാര്‍ബിളിന്റേയും ബെല്‍ജിയന്‍ ഗ്ലാസിന്റേയും  ബര്‍മന്‍ തേക്കിന്റേയും ഗരിമയില്‍ അതങ്ങനെ സൗന്ദര്യത്തികവോടെ തലയുയര്‍ത്തി നില്ക്കുകയാണ്.


ആത്തന്‍ഗുഡി പാലസിലെ ടൈലുകള്‍

കാനാടുകാത്തനടുത്തുള്ള കൊച്ചു കവലയിലെ രത്നവിലാസം എന്ന കുഞ്ഞു മെസിലായിരുന്നു മിക്കവാറും നേരങ്ങളില്‍ ഞങ്ങളുടെ ഭക്ഷണം. ഭക്ഷണം കഴിക്കാനായി ഹോട്ടലുകള്‍ക്ക് പകരം ഇത്തരം ചെറിയ ചെറിയ മെസുകളാണ് ഈ ഗ്രാമങ്ങളില്‍ അധികവുമുള്ളത്. നമ്മുടെ ഹോട്ടലുകളില്‍ സാമ്പാര്‍ കിട്ടുന്നതുപോലെ ഈ മെസുകളില്‍ ചിക്കന്‍ കറി ഇലയില്‍ ഒഴിച്ച് തരും. ചോറിന്റെയും ചപ്പാത്തിയുടെയും പൊറോട്ടയുടെയുമൊക്കെ കൂടെ മാത്രമല്ല, ദോശയുടേയും ഇഡ്ഡലിയുടേയും കൂടെ വരെ ചിക്കന്‍ ചാറ് ധാരാളമായി കിട്ടും. നല്ല അസ്സല്‍ ചെട്ടിനാടന്‍ ചിക്കന്‍.

ഞങ്ങളുടെ യാത്ര ചെട്ടിനാടിനെ മാത്രം ലക്ഷ്യമാക്കിയായിരുന്നുവെങ്കിലും മധുര-രാമേശ്വരം യാത്രയോടോ, തഞ്ചാവൂര്‍ ചിദംബരം യാത്രയോടോ ഒപ്പം ചേര്‍ത്ത് ഒരു ദിവസം അധികമെടുത്താല്‍ കൂടുതല്‍ ആസ്വാദ്യകരമാക്കാം.



#travel
Leave a comment