TMJ
searchnav-menu
post-thumbnail

Travel

അജ്‌നാസും അന്‍ഫുസും

30 Sep 2023   |   7 min Read
ശ്രീദേവി പി അരവിന്ദ്

തൊരു കഥയല്ല ജീവിതമാണ്. കുറ്റിപ്പുറത്തു നിന്ന് ട്രെയിനില്‍ ഞാന്‍ കോഴിക്കോട് പോവുകയായിരുന്നു. കയറാന്‍ പറ്റാത്തത്ര തിരക്കായിരുന്നു ട്രെയിനിലന്ന്. തിരക്കില്‍ എങ്ങനെയോ ഉന്തിതള്ളി കയറി. വാതിലിനടുത്തു നിന്ന് യാത്ര ചെയ്യുകയായിരുന്നു. എന്റെ മുന്നില്‍ വാതിലില്‍ പിടിച്ചു നില്‍ക്കുന്ന രണ്ടു കുട്ടികള്‍ ഉണ്ടായിരുന്നു. 
''നിങ്ങള്‍ ഏത് സ്‌കൂളിലാ പഠിക്കുന്നത്.'' ഞാനവരോട് ചോദിച്ചു.
''വളാഞ്ചേരി' ചിരിച്ചു കൊണ്ട് ഒരാള്‍ പറഞ്ഞു
 ''സ്‌കൂളില്‍ ആണോ?'
''അല്ല. പ്ലസ് ടു കഴിഞ്ഞു.'' 
''പുത്തനത്താണി സ്‌കൂളിലാണ്'' എന്ന് കൂടെയുള്ള പയ്യന്‍ പറഞ്ഞു. അവനും പ്ലസ്ടു കഴിഞ്ഞ് ഏതാണ്ട് രണ്ട് മൂന്ന് വര്‍ഷമായി. ട്രെയിനിന്റെ ഡോറില്‍ നിന്ന് ഞങ്ങള്‍ വര്‍ത്തമാനം തുടങ്ങി. സ്‌കൂളില്‍ പഠിക്കുകയാണെന്നെ അവരെ കണ്ടാല്‍ തോന്നൂ. കട്ടപ്പല്ലുള്ള നീളന്‍ മുടിയുള്ള ക്യൂട്ട് ആയി ചിരിക്കുന്ന പയ്യനെയും അവന്റെ കൂടെ നല്ല ഉയരത്തില്‍ മെലിഞ്ഞു, ഇടതൂര്‍ന്ന തലമുടിയുള്ള ഉണ്ട കണ്ണുള്ള ചെക്കനെയും ഞാന്‍ കൗതുകത്തോടെ കേട്ടു.

''എങ്ങോട്ടാ പോകുന്നത്'' ഞാന്‍ ചോദിച്ചു. 
''കറങ്ങാന്‍''
എന്തൊരു തിരക്കാണ് എന്റെ ആത്മഗതം ഉച്ചത്തിലായി.
''ഇന്ന് ഇത്തിരി കുറവാ ചിലപ്പോള്‍ ഇതിലും തിരക്കുണ്ടാവാറുണ്ട്.''
''കുറേക്കാലത്തിനുശേഷം ഞാന്‍ ആദ്യമായാണ് ഇങ്ങനെ നിന്നു പോകുന്നത്.''
''ഞങ്ങള്‍ക്കിത് പതിവാ. ടിക്കറ്റ് എടുക്കാതെ ട്രെയിനിന്റെ ഡോറില്‍ നിന്നുള്ള ഈ പോക്ക്.''
''അത് ശരി, നിങ്ങള്‍ ഇതില്‍ സ്ഥിരക്കാരാണോ?''
''അതെ ഞങ്ങള്‍ ടിക്കറ്റ് എടുക്കാതെ തിരുവന്തൂരം വരെ പോയിട്ടുണ്ട്. ജനറല്‍ കമ്പാര്‍ട്ട്‌മെന്റിന്റെ തിരക്കിനിടയില്‍ തൂങ്ങി നിന്നുകൊണ്ട് ഇങ്ങനെ കറങ്ങലാണ് പണി.''
''അപ്പ ശരിക്കും പണിയൊന്നുമില്ലേ? പഠിക്കുന്നുമില്ലേ?''
പഠിത്തമൊക്കെ കഴിഞ്ഞില്ലേ തെല്ലൊരു ലാഘവത്തോടെ അവന്‍ പറഞ്ഞു.
''അതെന്തേ തോറ്റോ ?''
''ഇവന്‍ തോറ്റു'' ഞാന്‍ കട്ടപ്പല്ലുള്ള ചെറിയവനെ നോക്കി ചിരിച്ചു. ഉടന്‍ അവന്‍ പറഞ്ഞു 
''ഇവന് മൂന്നു വിഷയം കിട്ടാനുണ്ട്. ഞാന്‍ തോറ്റതല്ല കൊറോണ ആയതുകൊണ്ട് പരീക്ഷ എഴുതാന്‍ പറ്റിയില്ല. പിന്നെ എഴുതിയതും ഇല്ല.'' 
''എഴുതീട്ടും കാര്യമൊന്നും ഇല്ല'' 
''അത് ശരിയാണ്'' ചെറിയവന്‍ തോറ്റു എന്നു സമ്മതിച്ചില്ലെങ്കിലും ജയിക്കാന്‍ പൊണില്ലെന്ന് സമ്മതിച്ചു.
''ഞങ്ങള്‍ക്ക് ഇങ്ങനെ കറങ്ങി നടക്കാനാ ഇഷ്ടം.''
''നിങ്ങളുടെ വീട്ടുകാര്‍ സമ്മതിക്കുമോ.''
''ആ അവര്‍ക്ക് കുഴപ്പമൊന്നുമില്ല. ആദ്യമൊക്കെ ഉപദേശിച്ചു നോക്കുമായിരുന്നു. ഇപ്പൊ അതൂല്യ.''
''അതു കൊള്ളാം. നിങ്ങള്‍ തൊപ്പിടെ ടീം ആണോ''
''ആ ഏതാണ്ട് അതുപോലെ. ഓന്റെ അവസ്‌തേം ഞങ്ങള്‍ടെ പോലെന്നെ.''
ഒരുത്തന്‍ പറയുന്നു: ''എടാ നോക്കണേ.''
ഞാന്‍ ചോദിച്ചു ''ഏതാ ക്യാമറ''.
''സോണി സിക്‌സ് തൗസന്റ്.''
''സെക്കന്‍ഡ് ഹാന്‍ഡ് ആണോ''.
''അതെ. നമ്മള്‍ പാവങ്ങളാണ്.'' 


REPRESENTATIONAL IMAGE: WIKI COMMONS
എന്റെ ചോദ്യങ്ങള്‍ അവരില്‍ ചെറുതായൊരു അപകര്‍ഷത ഉണ്ടാക്കിയ പോലെ തോന്നി. ഞങ്ങള്‍ ചോദ്യങ്ങളില്‍ നിന്നും വര്‍ത്തമാനത്തിലേക്ക് നീങ്ങി. അങ്ങനെ ട്രെയിനിന്റെ വാതിലില്‍ നിന്ന് ഞങ്ങള്‍ വര്‍ത്തമാനം പറയാന്‍ തുടങ്ങി വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പരദൂഷണങ്ങളുമായി സമയം പോയത് അറിഞ്ഞില്ല. ഒരുത്തന്‍ പറഞ്ഞു. ''ഞങ്ങള്‍ തള്ളി തള്ളി ട്രെയിന്‍ നല്ല സ്പീഡില്‍ ഓടുന്നുണ്ട്.''
''ഞങ്ങള്‍ ഇങ്ങനെ കറങ്ങും സ്ട്രീറ്റ് ഫോട്ടോഗ്രാഫി ആണ് പ്രിയം. പിന്നെ ഓരോ യാത്രയിലും കൊറെ ചെക്കന്മാരെ കിട്ടും അവമ്മാരുമായി സെറ്റായി കമ്പനി അടിച്ചു നടക്കും.''
പെട്ടെന്ന് എനിക്ക് ജനറേഷന്‍ ഗ്യാപ്പ് ഫീല്‍ ചെയ്തു. എനിക്ക് ഒരു തരത്തിലും കണക്ട് ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ ആയിരുന്നു അവര്‍ പറയുന്നത്. ഒരുപക്ഷേ പുതിയ കാലത്തിന്റെ രീതികള്‍ എനിക്ക് അപരിചിതമായിരിക്കാം. ഈ ജനറേഷനിലെ കുട്ടികളെക്കുറിച്ച് കേള്‍ക്കുന്ന പല കഥകളും എന്റെ മനസ്സിലേക്ക് കടന്നു വന്നു. എം ഡി എം എ പോലുള്ള ഡ്രഗ്ഗിന്റെ ഉപയോഗത്തെ കുറിച്ച് പലതരം കഥകളും പറഞ്ഞുകേട്ടിട്ടുണ്ട്. അടിച്ചാ പിന്നെ ഫുള്‍ എനര്‍ജി ആണത്രേ. രണ്ടുമൂന്നു ദിവസം വരെ ഉറങ്ങാതെ ഇരിക്കും. ഈശ്വരാ ഒരു ജനറേഷന്‍ മുഴുവന്‍ നശിച്ചു പോവുകയാണോ? എന്ന് മനസ്സില്‍ വിചാരിച്ചുകൊണ്ട് ഞാന്‍ ഇവരില്‍ നിന്നും കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ തുടങ്ങി. 
''നിങ്ങള്‍ എങ്ങനെയാണ് സാധാരണ യാത്ര പോകാറ് ?''
''ഞങ്ങള്‍ അധികം ട്രെയിനിലാണ് പോകാറ്. ചിലപ്പോള്‍ ബൈക്ക് എടുത്ത് പറക്കും.''
''ബൈക്കിലുള്ള യാത്ര വന്‍ വൈബ് ആണ്. പിന്നെ ഇടയ്ക്ക് വഴിയില്‍ വച്ച് പെട്രോള്‍ തീര്‍ന്ന് ബൈക്ക് നില്‍ക്കും. പിന്നെ ബാക്കിയുള്ള കാശിന് പെട്രോള്‍ അടിച്ചു തിരിച്ചു പോരും.'' ഒരാള്‍ പറയുന്നതിനെ പൂര്‍ണമാക്കുന്നത് മറ്റേ ആളാണ്. ഒരാള് നിര്‍ത്തുമ്പോ മറ്റേ ആള്‍ തുടങ്ങും.
''ഇടയ്ക്ക് വഴിയില്‍ വെച്ച് ചെലവന്മാര് കേറി തല്ലും.'' അടിയുടെ വേദനയില്‍ അവനൊന്നു നിര്‍ത്തി.
''ഇപ്പൊ തല്ലു കൊള്ളാതെ രക്ഷപ്പെടാന്‍ പഠിച്ചിക്ക്ണ്.'' മറ്റവന്‍ അടിയില്‍ നിന്നു മോചിപ്പിച്ച പോലെ പറഞ്ഞു.
''എന്നാലും ഞങ്ങള്‍ പിന്നേം യാത്ര പോകും. പോലീസുകാരെ പേടിയാണ്. അവന്മാര് വൃത്തികെട്ടവന്മാരാ. നമ്മളെ പിടിച്ചിട്ട് ബാഗില്‍ കഞ്ചാവ് ഇടും. എന്നിട്ട് ജയിലില്‍ വിടും. എന്റെ ഒരു കസിന്‍ ഇതുപോലെ ജയിലില്‍ പോയി 12 കൊല്ലത്തേക്ക്''
''അതോണ്ട് പോലീസിനെ കാണുമ്പോഴേക്കും ഞങ്ങള്‍ സ്‌കൂട്ടാവും.''
ഞാന്‍ വീണ്ടും ഉപദേശം തുടങ്ങി. ''കുട്ടികളെ ശ്രദ്ധിക്കണേ പോലീസ് പിടിച്ചാല്‍ ജീവിതം പോകും. എത്ര വേണെങ്കിലും ആഘോഷിച്ചോളൂ, പക്ഷേ ഡ്രഗ്‌സ് ഉപയോഗിക്കുകയോ പോലീസിന്റെ മുന്നില്‍ പെടുകയോ ചെയ്യരുത്.''
''അതൊന്നുമില്ല. ഞങ്ങള്‍ എപ്പോഴും സ്‌കൂട്ടാവും. പിന്നെ ഞങ്ങള്‍ പോലീസുകാരോടാണ് വഴി ചോദിക്കാറ്. ഞങ്ങള്‍ടെ ചുണ്ട് കണ്ടാല്‍ അറിഞ്ഞൂടെ ഞങ്ങള്‍ ഡ്രഗ്‌സ് യൂസ് ചെയ്യില്ലെന്ന്.''
''പക്ഷേ നാട്ടുകാര് കഞ്ചാവാണ് ന്നാണ് ഞങ്ങളെ പറ്റി പറയുന്നേ.''
''നാട്ടുകാര്‍ അങ്ങനെതന്നെയാണ്. കഥകള്‍ ഉണ്ടാക്കും''. എന്നിലെ ഉപദേശി പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ''നിങ്ങള്‍ നാട്ടുകാരെ കൊണ്ട് പറയിപ്പിക്കാന്‍ നില്‍ക്കരുത്. ശ്രദ്ധിക്കണം. അവര് പറഞ്ഞു പറഞ്ഞു നിങ്ങളെ പോലീസില്‍ പിടിപ്പിക്കും.'' 

എനിക്ക് പോലീസ് എന്ന് കേട്ടാലേ പേടിയാണ്. ലോകത്തിലെ എല്ലാ കുറ്റങ്ങളും ചെയ്തത് ഞാനാണ് എന്ന് തോന്നും. പോലീസിനെ കാണുമ്പോഴേക്കും അത് ഏറ്റു പറയാന്‍ ഞാന്‍ തയ്യാറാവും. ഒരുപക്ഷേ പോലീസിനോടുള്ള പേടി കൊണ്ടാവാം പോലീസിന്റെ കാര്യം പറഞ്ഞപ്പോള്‍ എന്റെ ഉള്ളില്‍ വല്ലാത്ത ഭയം നിറഞ്ഞു.
''ഇപ്പൊ നാട്ടാരും വീട്ടുകാരും ഒക്കെ ഞങ്ങളെ വിട്ടു. പറഞ്ഞിട്ട് കാര്യല്യാ തോന്നീണ്ടാവും. ന്നാലും ഞങ്ങള്‍ ഒരു കഞ്ചാവ് സെറ്റിലും ഇല്ല. ഞങ്ങള്‍ക്ക് ഈ നടപ്പാണ് ഹരം.''
''നിങ്ങള്‍ക്ക് യൂട്യൂബ് ചാനല്‍ ഉണ്ടോ.'' യൂത്തന്‍മാരുടെ ട്രെന്‍ഡ് അതാണല്ലോന്ന് വിചാരിച്ചു ഞാന്‍ ചോദിച്ചു.
''ഇല്ല. ഫയസിനെ അറിയോ. ഓന് വണ്‍ ബില്യണ്‍ ആണ് ഫോളോവേഴ്‌സ്.''
''അപ്പൊ വരുമാനമൊക്കെ ഉണ്ടാവും ല്ലേ?''
''ഓന്‍ റിച്ച് ആണ് റിച്ച്. ഫുള്‍ റിയാക്ഷന്‍ ആണ്''
''അതെന്താ റിയാക്ഷന്‍?''


REPRESENTATIONAL IMAGE: WIKI COMMONS
എനിക്ക് റീല്‍സ് ഒരു അഡിക്ഷന്‍ ആണ്. ക്ലാസ് വിട്ടു വന്നാല്‍ മണിക്കൂറുകളോളം റീല്‍സും കണ്ടിരിക്കും. ഒന്നില്‍ നിന്നും മറ്റൊന്നിലേക്ക് അനായാസം ഞാന്‍ നീങ്ങി പോകും. മണിക്കൂറുകള്‍ കടന്നു പോകുന്നത് അറിയാറെയില്ല. ഞാനിതുവരെ ഫയാസിനെ കണ്ടിട്ടില്ല. റിയാക്ഷന്‍ റീല്‍സ് എന്താന്ന് മനസ്സിലായും ഇല്ല. ഇവര്‍ എനിക്ക് അറിയാത്ത ഒരു ലോകം പരിചയപ്പെടുത്താന്‍ തുടങ്ങി. റിയാക്ഷന്‍ റീല്‍സ്. ഓരോ മാളിലൊക്കെ കയറി ഓരോരോ വഷളത്തരങ്ങള്‍ കാണിക്കും. അപ്പോള്‍ ആളുകള്‍ക്ക് ഉണ്ടാകുന്ന റിയാക്ഷന്‍ ആണിത്. ചെക്കന്മാരു മുഴുവന്‍ ഇപ്പോള്‍ അതിന്റെ പുറകില്‍ ആണത്രേ. അവര്‍ക്കും അതുപോലെ റീല്‍ മേയ്‌ക്കേഴ്‌സ് ആവണം. ഫോളോവേഴ്‌സ് ഉള്ള റില്‍ മേയ്‌ക്കേഴ്‌സ്.
ഞാന്‍ പറഞ്ഞു: ''കൊള്ളാം നല്ല ആഗ്രഹം.''

തിരൂര് എത്തിയപ്പോള്‍ വീണ്ടും കുറെ പേര്‍ കേറി. ഞാന്‍ ഡോറില്‍ നിന്നും നീങ്ങി കുറെ ആളുകളുടെ ഇടയില്‍ ആയി. ആളുകളുടെ ഇടയില്‍ നിന്ന് എനിക്ക് ശ്വാസംമുട്ടാന്‍ തുടങ്ങി. ഇവന്‍മാര്‍ അപ്പോഴും ഡോറിനടുത്ത് നില്‍ക്കുകയാണ്. ഓക്കേ അല്ലേ എന്ന് ഇടയ്ക്കിടെ അവര്‍ ചോദിച്ചുകൊണ്ടിരുന്നു. കാറ്റിന് കടക്കാന്‍ ഇടമില്ലാത്ത ആളുകളുടെ തിരക്കിനിടയില്‍ അമരുമ്പോള്‍ ഞാന്‍ അവരെ നോക്കി. അവര്‍ കാറ്റേറ്റ് സ്വന്തം കഥകളില്‍ മുഴുകി നില്‍ക്കുന്നു. കാറ്റില്‍ അവര്‍ സഞ്ചരിച്ച ദൂരം എനിക്കളക്കാന്‍ കഴിഞ്ഞില്ല. പരപ്പനങ്ങാടി എത്തിയപ്പോള്‍ കുറച്ച് ആളുകള്‍ ഇറങ്ങി. ഞാന്‍ അവരുടെ കൂടെ വീണ്ടും ഡോറിനടുത്ത് നില്‍പ്പായി. ഞാന്‍ ചോദിച്ചു. 
''നിങ്ങളുടെ ഈ നടപ്പൊക്കെ അടിപൊളി തന്നെ പക്ഷേ പഠിക്കേണ്ട.''
ഒരുത്തന്‍: ''അതിന് പഠിച്ച മനസ്സിലാവണ്ടേ. ഞങ്ങള്‍ക്ക് ഇതൊന്നും പഠിച്ച മനസ്സിലാകാറില്ല. പിന്നെന്തിനാ പഠിക്കുന്നെ. സ്‌കൂളില്‍ പഠിപ്പിക്കുന്ന ഒന്നും ഞങ്ങള്‍ക്ക് തലേകേറില്ല. വേറെ ഏതോ ഭാഷയാണ്. ഞങ്ങള്‍ക്ക് യാത്രയില്‍ കുറേ കമ്പനിക്കാരെ കിട്ടും. ഓര് പറയുന്നതൊക്കെ ഞങ്ങള്‍ക്ക് മനസിലാവാറുണ്ട്.''
മനുഷ്യന്മാരുടെ ഭാഷ ഇവര്‍ക്ക് മനസ്സിലാകുന്നുണ്ടെങ്കില്‍ പിന്നെ എന്തിനാണ് പഠിക്കുന്നത് എന്ന് ഞാനും ആലോചിച്ചു. ഓരോ യാത്രയിലും ഇവരു പഠിച്ച പാഠങ്ങളെക്കുറിച്ചും ഇവര്‍ക്ക് ലോകത്തെക്കുറിച്ചുള്ള അറിവിനെ കുറിച്ചും ആലോചിച്ചപ്പോള്‍ എന്തിനാണ് സ്‌കൂളിലും കോളേജിലും ഒക്കെ പഠിക്കുന്നത് എന്നൊക്കെ ഓര്‍ത്തു ഞാന്‍ എന്നില്‍ നഷ്ടപ്പെട്ട് നിന്നു. എന്നെ തിരിച്ചെടുത്തുകൊണ്ട് ആ ചോദ്യം എത്തി.
''നിങ്ങള്‍ എവിടെയാ പണിയെടുക്കുന്നത്?''
''യൂണിവേഴ്‌സിറ്റിയില്‍''
''അതെന്താ സാധനം''
''യൂണിവേഴ്‌സിറ്റി എന്ന് കേട്ടിട്ടില്ലേ?''
''കേട്ടിട്ടുണ്ട് തോന്നുന്നു.''
''കോളേജ് ഒക്കെ പോലെ തന്നെ.''
''ഇങ്ങക്ക് ഇന്‍സ്റ്റ ഉണ്ടോ''
''ആ .... ണ്ട്''
''ഫോളോവേഴ്‌സോ''
''ഇല്ലടെ...''
''ഞങ്ങള്‍ക്കും ഇല്ല.''
''നിങ്ങള്‍ കോഴിക്കോട്ന്ന് എപ്പോ തിരിച്ചു പോകും?'' ഞാന്‍ ചോദിച്ചു.
''അവിടെ ഇറങ്ങിയിട്ട് അവസാനത്തെ വണ്ടി എപ്പോഴാ ചോദിക്കണം അതിനു തിരിച്ചുപോരും.''
''അതുവരെ എന്തുചെയ്യും''
''അതുവരെ അങ്ങനെ കറങ്ങി നടക്കും''
''ഇങ്ങനെ കറങ്ങി നടക്കാന്‍ പൈസ വേണ്ടേ?''
''ഞങ്ങള്‍ പണിക്കു പോകും. ഹോട്ടലില്‍ നില്‍ക്കും. വാര്‍പ്പിന്റെ പണിക്ക് പോകും. നാട്ടില്‍ ഇഷ്ടം പോലെ പണിയുണ്ട് ഞങ്ങള്‍ നല്ലോണം പണിയെടുക്കുന്നോണ്ട്. ആള്‍ക്കാര്‍ എപ്പോഴും വിളിക്കാറുണ്ട്. കറങ്ങാനുള്ള കാശ് ആയാല്‍ പണി നിര്‍ത്തും എന്നിട്ട് കറങ്ങി നടക്കും.'' 
പെട്ടെന്ന് ഞാന്‍ എന്റെ കുട്ടിക്കാലത്തെക്കുറിച്ച് ഓര്‍ത്തു. ആരുമറിയാതെ നാടുവിട്ടു പോകാന്‍ കൊതിക്കുന്ന ഒരു കുട്ടി ഉണ്ടായിരുന്നു എന്റെ ഉള്ളില്‍. ആരുടെയും നിയന്ത്രണങ്ങള്‍ ഇല്ലാതെ നഗര മധ്യത്തില്‍ അലഞ്ഞുതിരിഞ്ഞു നടക്കുന്നത് ഞാന്‍ സ്വപ്നം കണ്ടിട്ടുണ്ട്. തെരുവിലെ കുട്ടികളെ കാണുമ്പോള്‍ എനിക്ക് കനത്ത അസൂയ തോന്നിയിട്ടുണ്ട്. അവരുടെ അവസ്ഥയൊന്നും മനസ്സിലാക്കാനുള്ള പ്രായം അന്നെനിക്കില്ലായിരുന്നു. ഇവര്‍ക്കൊക്കെ എന്ത് സുഖമാണ് ഇങ്ങനെ നടന്നാല്‍ പോരെ പഠിക്കേണ്ട സ്‌കൂളില്‍ പോണ്ട തല്ലു മേടിക്കേണ്ട അച്ഛനും അമ്മയും പറയുന്നത് കേള്‍ക്കണ്ട എന്നിങ്ങനെ ആലോചിച്ചിരുന്ന ഒരു കുട്ടി. ഓരോ ആള്‍കൂട്ടത്തില്‍പ്പെടുമ്പോഴും എന്നെ കാണാതാവണേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചിട്ടുണ്ട്. ആ കുട്ടി ഇപ്പോഴും എന്റെ മനസ്സില്‍ ഉണ്ട് എന്ന് തോന്നുന്നു. ഞാന്‍ പെട്ടെന്ന് ഇവരുടെ ഒരാളായി മാറി. അവന്മാരുടെ ഒപ്പം എത്രയോ യാത്രകള്‍ ഒന്നിച്ചു പോയിട്ടുണ്ട് എന്ന് എനിക്ക് തോന്നി. ബൈക്കില്‍ പെട്രോള് കഴിഞ്ഞ് ബൈക്കുന്തി നടക്കുന്ന ചെക്കന്മാരെ ഞാന്‍ മനസ്സില്‍ കണ്ടു. 
നീളമുള്ള കട്ടി തലമുടിയുള്ള ചെറുക്കന്‍ വാതിലില്‍ ചാരി എന്റെ അടുത്തേക്ക് വളഞ്ഞു വന്ന് കഥകള്‍ പറയാന്‍ തുടങ്ങി. അവന്‍ മറ്റവനെ പറ്റി പറഞ്ഞു.
''ഇവനിക്കൊരു ലൈന്‍ ഉണ്ടായിരുന്നു. ഓള് തേച്ചേല്‍ പിന്നെയാ ഓനിങ്ങനെ ആയത്.''
അന്‍ഫൂന്റെ നിഷ്‌കളങ്കമായ മുഖത്തേക്ക് നോക്കി ഞാന്‍ ചോദിച്ചു. ''എന്താ ഉണ്ടായത് പറ.''
''ഒന്നൂല്യ. ഞങ്ങള്‍ ഇങ്ങനെ യാത്രയല്ലേ. എപ്പോഴും ഫോണ്‍ എടുക്കാന്‍ ഒന്നും പറ്റില്ല. ഓളാണെങ്കില്‍ എപ്പളും വിളിച്ചോണ്ടിരിക്കും. അങ്ങനെ ബ്രേക്ക് അപ്പ് ആയി.''
''വീട്ടുക്കാര്‍ ഇവന് ഭ്രാന്താന്ന് പറഞ്ഞിട്ട് കുമ്പിടീല്ള്ള ആശുപത്രിയില്‍ കൊണ്ടിട്ട്.''
''ആശുപത്രിയില്‍ കൊണ്ട് ഇടേ?''
''ആ അതെ എത്രകാലാന്ന് ഓര്‍മ്മയില്ല. മൂന്നുമാസാറ്റെ കെടന്ന്ണ്ടാവും. ബ്രേക്ക് അപ്പ് ആയപ്പോള്‍ എനിക്ക് നല്ല സങ്കടായി. ഓളോട് പറയാനും പറ്റിയില്ല. എനക്ക് മിണ്ടാന്‍ പറ്റാണ്ടായി.
ഞാന്‍ കുറെ പറഞ്ഞ് ഇക്ക് ഒന്നുല്ലാന്ന്.....ഓരൊന്നും കേട്ടില്ല...നട്ടെല്ലിന് ഒക്കെ ഇഞ്ചക്ഷന്‍ കുത്തിക്ക്.....പിന്നെ ആദ്യമൊക്കെ ചാടണം എന്ന് തോന്നി.....ഗുളിക കുടിച്ചേന്റെ ക്ഷീണം കൊണ്ട് ഒന്നും തിരിഞ്ഞില്ല......അവിടുത്തെ സെക്യൂരിറ്റിക്കാരന്‍ പറഞ്ഞു നല്ലപോലെ നിന്ന വീട്ടില്‍ പോവാണ്...''


REPRESENTATIONAL IMAGE: WIKI COMMONS
പിന്നെ അവന്‍ പറഞ്ഞ കഥകളിലൊന്നും എന്റെ മനസ്സ് നിന്നില്ല. കുമ്പിടിയിലെ മാനസികരോഗ ആശുപത്രിയില്‍ അവനെ കൊണ്ട് ചെന്നിട്ടു എന്നുകേട്ട ഭീകരതയില്‍ ഞാന്‍ അങ്ങനെ നിന്നു. സ്വന്തം വീട്ടുകാര് ഭ്രാന്താശുപത്രിയിലാക്കിയ ആ കുട്ടിയെ ഞാന്‍ സൂക്ഷിച്ചു നോക്കി. ഫ്രണ്ടിലെ മുടി നീട്ടി വളര്‍ത്തിയിട്ടുണ്ട്. പിന്നിലും സൈഡിലും പറ്റെ വെട്ടിയിരിക്കുന്നു. മുടി അഴിച്ചിടുമ്പോള്‍ സൈഡില്‍ പറ്റെ വെട്ടിയത് മനസ്സിലാവില്ല എന്ന് അവന്‍ പറഞ്ഞപ്പോള്‍ ഞാന്‍ അവനെ സൂക്ഷിച്ചു നോക്കി. ശരിയാണ്. അവന്‍ മുടിയെടുത്ത് നെറുകയില്‍ കെട്ടി. നിഷ്‌കളങ്കമായി ചിരിച്ചു. ഞാന്‍ അവനെ വീണ്ടും നോക്കിയപ്പോള്‍ അവന്‍ എന്നോട് പറഞ്ഞു. ''ഇപ്പോ വീട്ടുകാര് മന്ത്രവാദികളെ കാണിക്കുകയാണ്. അവര്‍ക്കാണ് പ്രാന്ത് എനിക്കല്ല. പക്ഷേ ആരോട് പറയാന്‍. ഈ മന്ത്രവാദികള്‍ ഒക്കെ ഫുള്‍ തട്ടിപ്പാണ് എന്നുള്ളത് ഞാന്‍ കുറെ പറയാന്‍ നോക്കി എന്ത് കാര്യം ആര്‍ക്ക് മനസ്സിലാവാനാ...'' 

എനിക്ക് ഉള്ളില്‍ കടുത്ത സങ്കടം വന്നു. ഞാന്‍ പഠിപ്പിക്കുന്ന വിദ്യാര്‍ത്ഥികളേക്കാള്‍ കൊച്ചുകുട്ടികള്‍ ആണ് ഇവര്‍. യൂണിവേഴ്‌സിറ്റിയില്‍ വലിയ വര്‍ത്താനം പറഞ്ഞിരിക്കുന്ന എന്നേം എന്റെ സ്റ്റുഡന്‍സിനെയും കുറിച്ച് ഞാന്‍ ഓര്‍ത്തു. ജീവിതം ഒരു സമരമായി ചുമ്മാ യാത്ര പോകാന്‍ ആഗ്രഹിച്ച ഈ കുട്ടികളെ ഭ്രാന്തരാക്കിയ സമൂഹത്തെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. എന്തൊക്കെയോ ആലോചിച്ചു നില്‍ക്കുമ്പോഴേക്കും ഞങ്ങള്‍ കോഴിക്കോട് എത്തി. ഞങ്ങള്‍ മൂന്നുപേരും കൂടി ഒരു ചായ കുടിച്ചു. അവര്‍ എന്റെ കൂടെ നടന്നു. എനിക്ക് മെഡിക്കല്‍ കോളേജ് ബസ്സിലാണ് കയറേണ്ടത്. ഞങ്ങള്‍ നാലാമത്തെ പ്ലാറ്റ്‌ഫോം വഴി ഇറങ്ങി പാലം കയറി നടന്ന് റെയില്‍വേ സ്റ്റേഷന്റെ മുന്നില്‍ എത്തി. അവര്‍ക്ക് പോകാന്‍ പ്രത്യേക ലക്ഷ്യം ഒന്നുമുണ്ടായിരുന്നില്ല എങ്കിലും ബീച്ചില്‍ പോകണം എന്ന ആഗ്രഹത്തോടെയാണ് അവര്‍ ട്രെയിനില്‍ കയറിയത്. ചേച്ചി പോയിട്ട് ഞങ്ങള്‍ പൊക്കോളാം എന്നും പറഞ്ഞ് എന്റെ കൂടെ അവര്‍ നടന്നു. റെയില്‍വേ സ്റ്റേഷനു മുന്നില്‍ എന്റെ കൂടെ ബസ്സ് കാത്തുനിന്നു. ഞാന്‍ ചോദിച്ചു ''നിന്റെ പേര് എന്താണ്''
നീണ്ട കട്ടി മുടിയുള്ളവന്‍ പറഞ്ഞു ''അജ്‌നാസ്'' 
വെളുത്ത നിഷ്‌കളങ്കമായി ചിരിക്കുന്ന മുടി കെട്ടിവെച്ചവന്‍ പറഞ്ഞു ''അന്‍ഫുസ്. അന്‍ഫുന്ന് വിളിക്കും''.
കുമ്പിടിയിലെ ഭ്രാന്താശുപത്രിക്കുള്ളില്‍ വിളറിയ അന്‍ഫുസിന്റെ ചിരി ഞാന്‍ കണ്ടു. നാട്ടുകാര്‍ അവനെ മക്കാറാക്കിയ കാര്യം അവിടെ നില്‍ക്കുമ്പോള്‍ അവന്‍ എന്നോട് പറഞ്ഞു. അവന്റെ വര്‍ത്തമാനത്തില്‍ നിന്ന് എല്ലാവരും അവനെ തള്ളിക്കളഞ്ഞ പോലെ എനിക്ക് തോന്നി. 

''ഞങ്ങള്‍ക്ക് തൊപ്പിയെ ഇഷ്ടമാണ് ഓനും ഞങ്ങളെപ്പോലെ'' എന്ന് പറഞ്ഞതിന്റെ പൊരുള്‍ എനിക്ക് അപ്പോഴാണ് പിടികിട്ടിയത്. തൊപ്പിയുടെ തെറിവിളികള്‍ കേട്ട് പുതിയ തലമുറ എന്തേ ഇങ്ങനെയായി എന്ന് പരിതപിച്ച ഞാന്‍. പുതിയ തലമുറയെ മക്കാറാക്കുന്ന നമ്മളെക്കുറിച്ച് ഓര്‍ത്തു. അച്ഛന്റെയും നാട്ടിലെ എല്ലാ അച്ഛന്മാരുടെയും, മറ്റ് ആണുങ്ങളുടെയും വീരസാഹസിക കഥകള്‍, അവരുടെ ചെറുപ്പകാലത്ത് അവര്‍ കാട്ടിക്കൂട്ടിയ സാഹസിക കഥകള്‍ കേട്ടാണ് ഞാന്‍ വളര്‍ന്നത്. ആണത്ത ബഡായികള്‍ക്ക് ധാരാളം കാതുകള്‍ ഉണ്ടായിരുന്നു. ആണത്ത കഥകള്‍ മെനയല്‍ ഒരു തലമുറയുടെ ഹരമായിരുന്നു. അതിനായി കവലകള്‍, അമ്പല പറമ്പുകള്‍, ചായക്കടകള്‍ തുടങ്ങി സ്ഥലങ്ങള്‍ ഉണ്ടായി. ഈ കഥകളിലെ വീരനായകന്‍മാര്‍ക്ക് താരപരിവേഷമായിരുന്നു. ഈ ചെറിയ പയ്യന്മാര്‍ ആരോടും പറയാതെ സ്ഥലം കാണാന്‍ ഇറങ്ങിയതിന് പഠിക്കാതിരുന്നതിന് കാരണങ്ങള്‍ പലതും നിരത്തി സമൂഹം അവരെ പുറത്താക്കി. ഉള്ളില്‍ കലശലായ സങ്കടം വന്നു. ഞാനവരോട് പറഞ്ഞു ''നിങ്ങളെ എനിക്ക് നല്ല ഇഷ്ടായി. എന്നാലും പഠിക്കണം പഠിച്ചാല്‍ ഒരു വിലയുണ്ടാവും. എങ്ങനെയെങ്കിലും ഒരു ഡിഗ്രി എടുക്ക്.'' അവന്മാര്‍ക്ക് ആഗ്രഹമുണ്ടായിരുന്നു. ഞങ്ങള്‍ അങ്ങനെ പറഞ്ഞു പറഞ്ഞു നില്‍ക്കുമ്പോള്‍ അവര്‍ എന്നോട് പേര് ചോദിച്ചു. ഞാന്‍ ശ്രീദേവി എന്ന് പറഞ്ഞു.

മക്കരപ്പറമ്പ് ബസ്സുകള്‍ കുറെ കടന്നുപോയി. കുറച്ചു സമയം നിന്നപ്പോള്‍ മെഡിക്കല്‍ കോളേജ് വണ്ടി വന്നു.
''ഞാന്‍ ഇതില്‍ കയറട്ടെ'' എന്ന് ചോദിച്ചപ്പോള്‍.
''ചേച്ചി പെട്ടെന്ന് പോവുകയാണോ'' എന്ന് അവന്‍ ചോദിച്ചു. ആ വിളിയില്‍ ഞാന്‍ ശരിക്കും അലിഞ്ഞു പോയി. ചേച്ചി എന്ന് അവന്‍ വിളിച്ചപ്പോള്‍ അവന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു.
ഞാന്‍ രണ്ടിനെയും ചേര്‍ത്തുപിടിച്ചു. ബസ്സില്‍ കയറിപ്പോന്നപ്പോഴും ഞാന്‍ ആ പിടി വിട്ടിട്ടുണ്ടായിരുന്നില്ല. ബസ്സിലിരുന്ന് ഞാന്‍ തിരിഞ്ഞു നോക്കിയപ്പോള്‍ എനിക്ക് കൈവീശി കാണിച്ചു കൊണ്ട് അവര്‍ നടന്നു പോയി.

#travel
Leave a comment