TMJ
searchnav-menu
post-thumbnail

Travel

പലായനപ്പാതയിലൂടെ: ഒരു അട്ടാരി യാത്ര

11 Jun 2024   |   4 min Read
സുരേഷ് നാരായണന്‍

'That evening for the first time in the memory of Mano Majra,  Imam Baksh's sonorous cry  did not rise to the heavens to  proclaim the glory of God'
Page 89/ Train to Pakistan - Khushwant Singh.

ഡല്‍ഹിയില്‍ വന്നിട്ട് രണ്ടുവര്‍ഷമായി. അതിനിടയ്ക്ക് രണ്ട് പ്രാവശ്യം അമൃത്സര്‍ പോയി വന്നു. അപ്പോഴൊന്നും അവിടെ നിന്ന് അട്ടാരി വഴി ലാഹോറിലേക്ക് നീണ്ടുകിടക്കുന്ന റെയില്‍പ്പാതയെപ്പറ്റി, മുറിപ്പാതയെപ്പറ്റി ആലോചിച്ചിരുന്നതേയില്ല. 'Train to Pakistan' ഒരു നെടുവീര്‍പ്പോടെ വായിച്ച് അടച്ചുവയ്ക്കുന്നതുവരെ.

തണുത്ത വെളുപ്പാന്‍ കാലവും ചൂടുകുള്‍ച്ചയും

അമൃത്സറിന്റെ മൂടിക്കെട്ടിയ പുലരിയാകാശത്തിലേക്ക് അങ്ങനെ വണ്ടിയിറങ്ങി. മിനിറ്റുകള്‍ കഴിഞ്ഞില്ല, ആഷിഷ് തന്റെ ബൈക്കുമായ് വന്നു. ജുഗ്ഗാസിങ്ങിന്റെയും നൂറാന്റെയും ഹുക്കും ചന്ദിന്റെയുമൊക്കെ അപൂര്‍ണ്ണമായ നൃത്തം അപ്പോഴും അബോധത്തിന്റെ പാളികളില്‍ തുടര്‍ന്നുകൊണ്ടിരുന്നു. അത് മുഖത്തുനിന്ന് വായിച്ചിട്ടാവണം അവന്‍ പറഞ്ഞു, 'സര്‍ജി, പ്രഭാതഭക്ഷണം എന്റെ വക. ഒരു സര്‍പ്രൈസ് നിങ്ങളെ കാത്തിരിക്കുന്നു!'

ഹോട്ടലില്‍ ചെക്കിന്‍ ചെയ്യലും ഫ്രഷാകലും ഒക്കെ ഒരു മണിക്കൂര്‍ കൊണ്ട് കഴിഞ്ഞു. ആശിഷ് അക്ഷമനായിക്കൊണ്ടിരുന്നു. 'പെഹല്‍വാന്‍ കുള്‍ച്ചാ ഷോപ്പ്'; അവന്‍ വണ്ടിയെടുക്കുമ്പോള്‍ പറഞ്ഞു. 70 വര്‍ഷമായി നിലനില്‍ക്കുന്ന ഒരു ഹെറിറ്റേജ് ഹോട്ടല്‍. ഞായറാഴ്ച. കഴിക്കാന്‍ വന്നവരും പാഴ്‌സല്‍ വാങ്ങിക്കാന്‍ വന്നവരും തിക്കിതിരക്കുന്നു.


പുഷ്പവൃഷ്ടിയിലേക്ക്

'വൈകിട്ടുവരെ ഞാനിനി ശല്യപ്പെടുത്തില്ല' ചൂടു കുള്‍ച്ച 2, 3 അല്ല നാലെണ്ണം ഉള്ളില്‍ച്ചെന്നപ്പോള്‍ വയറ് പറഞ്ഞു. 
'മറ്റൊരു സര്‍പ്രൈസ് ഉണ്ട്, സുവര്‍ണ്ണ ക്ഷേത്രത്തില്‍! അത് പക്ഷേ, ഞാനല്ല ഏര്‍പ്പാടാക്കിയത്!' പുറത്തിറങ്ങവേ ഒരു ചിരിയോടെ ആഷിഷ് പറഞ്ഞു.

കുളത്തിലെ സ്‌നാനം കഴിഞ്ഞ് പടികള്‍ കയറിയതും ഒരു മുഴക്കം കേട്ടു തുടങ്ങി. 'ഊപ്പര്‍ ദേഘോ സാര്‍' എന്നവന്‍ പറഞ്ഞതും ഹെലികോപ്റ്റര്‍ പുഷ്പവൃഷ്ടി തുടങ്ങി. വലിയ വലിയ കുടന്നകളായ് റോസാളങ്ങള്‍ കുളത്തിലേക്ക് ചിതറിവീഴുന്നു...
അപ്പോള്‍ ഇതായിരുന്നു സര്‍പ്രൈസ്. ശരിയാണ്; കഴിഞ്ഞപ്രാവശ്യം വന്നപ്പോള്‍ ഇങ്ങനെയൊരു പരിപാടി ഉണ്ടായിരുന്നില്ല.

റോസാപ്പൂമഴ തോര്‍ന്നപ്പോള്‍ പദ്ധതികള്‍ക്ക് കുറച്ചുകൂടി വ്യക്തത വന്നു. തൊട്ടടുത്ത് തന്നെയാണ് പാര്‍ട്ടീഷന്‍ മ്യൂസിയം. അത് കണ്ടതിനുശേഷം അവിടെ നിന്ന് ടാക്‌സി വിളിച്ച് അട്ടാരിയിലേക്ക് പോകാം.

ഇരുമ്പു പല്ലുകളുടെ സ്വാഗതം

ഭീമാകാരമായ ഒരു അറക്കവാള്‍. മ്യൂസിയത്തിനുള്ളിലെ തുളച്ചു കയറുന്ന ആദ്യ കാഴ്ച. ചുവരുകളിലുടനീളം പത്രക്കട്ടിങ്ങുകള്‍. 'സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയിലെ' ഏതോ ഒരധ്യായം ഓര്‍മ്മ തപ്പിയെടുത്തു. ഭൂട്ടാസിങ്ങും, സൈനബും; അവരുടെ പ്രണയം, ജീവിതം, വേര്‍പിരിയല്‍ (അല്ല വേര്‍പെടുത്തല്‍...) ലാഹോറിലേക്കുള്ള അയാളുടെ ഭ്രാന്തമായ യാത്രയും തുടര്‍ന്നുള്ള ആത്മഹത്യയും... മുക്തമാകാത്ത മുറിവുകള്‍.

പത്രക്കട്ടിങ്ങുകള്‍ നമ്മളെ പതിറ്റാണ്ടുകള്‍ക്കുള്ളിലേക്ക് വലിച്ചുകൊണ്ടുപോകും. അമൃത്സറും ലാഹോറും:  ഇരട്ട നഗരങ്ങള്‍ എന്നറിയപ്പെടുമ്പോള്‍ തന്നെ, 'ഹിന്ദു പാനി'യും 'മുസ്ലിം പാനിയും' വേര്‍തിരിച്ച് വെച്ചിരുന്ന റെയില്‍വേ സ്റ്റേഷനുകള്‍. അകത്തുള്ളതിനേക്കാള്‍ ഇരട്ടി ആള്‍ക്കാര്‍ മുകളില്‍ കയറുന്ന, കയറിക്കൊണ്ടേയിരിക്കുന്ന വിഭജനത്തീവണ്ടികള്‍. വെറും ആറ് വര്‍ഷങ്ങളുടെ ഇടവേളയില്‍ മൂന്ന് സ്ഥലത്തുനിന്ന് അടിച്ചിറക്കേണ്ടി വന്ന 'ട്രിബ്യൂണ്‍' പത്രം. (1942 ലാഹോര്‍, 1947 സിംല, 1948 അംബാല)



ചലോ അട്ടാരി
 
വരണ്ടചുണ്ടുകള്‍ തുടച്ച് അവിടെ നിന്നിറങ്ങി. അട്ടാരി റെയില്‍വേ സ്റ്റേഷനിലേക്ക് ടാക്‌സി വിളിക്കണം. ഓല ആപ്പ് ഓണ്‍ ചെയ്ത് വണ്ടി വിളിച്ചുവരുത്തി. ആള്‍ക്ക് പക്ഷേ 300 രൂപ കൂടുതല്‍ വേണമത്രേ. 34 കിലോമീറ്റര്‍ ഉണ്ട്. അവസാനം 200 രൂപ എന്ന് പറഞ്ഞൊതുക്കി. 

അഞ്ചരയോടടുപ്പിച്ച് അവിടെ എത്തിച്ചേര്‍ന്നു. അസ്തമയത്തിന് ഇനിയും ഒത്തിരി സമയം ബാക്കിയുണ്ട്. കൂറ്റന്‍ ആല്‍മരവും കടന്ന് മുന്നോട്ട് നടന്നു. പ്ലാറ്റ്‌ഫോമിന്റെ അങ്ങേയറ്റത്ത് ഇളകുന്ന ഒരു കാക്കി യൂണിഫോം;  വേറെയാരുമില്ല. തിരിച്ചു പോകേണ്ട ട്രെയിന്‍  വരുന്നത്  7 മണിക്കാണ് അമൃത്സറില്‍ നിന്ന്.

അവസാന റെയില്‍വേ സ്റ്റേഷനിലെ കാഴ്ചകള്‍

മൂന്ന് പ്ലാറ്റ്‌ഫോമുകള്‍ ഉള്ള വലിയൊരു റെയില്‍വേ സ്റ്റേഷന്‍. പോലീസുകാരന്‍ അപ്പോഴേക്കും നടന്ന് ഞങ്ങളുടെ അടുത്തെത്തിയിരുന്നു. 'ബോര്‍ഡര്‍' എന്ന് ചോദിച്ചതും അയാള്‍ വലതുവശത്തേക്ക് വിരല്‍ചൂണ്ടി. രണ്ടുമൂന്നു കിലോമീറ്റര്‍ അപ്പുറമാണ് വാഗ അതിര്‍ത്തി.

'ദില്ലിവാല' എന്നു ഞാന്‍ എന്നെ പരിചയപ്പെടുത്തി. 'കൂടുതല്‍ ചുറ്റിത്തിരിയരുത്, പാളത്തിലേക്കിറങ്ങരുത്, വലതുവശത്തേക്ക് പോകരുത്' എന്നീ ഗൗരവമാര്‍ന്ന നിര്‍ദ്ദേശങ്ങള്‍ക്കുശേഷം അയാള്‍ വശത്തേക്കുള്ള ക്വാര്‍ട്ടേഴ്‌സിലേക്കോ മറ്റോ കയറിപ്പോയി. 

ഞാന്‍ ഇടത്തേക്ക് തിരിഞ്ഞ് ബുക്കിംഗ് ഓഫീസും കടന്ന് അങ്ങനെ മുന്‍പോട്ട് നടന്നു. ആരും എത്തിയിട്ടില്ല. രണ്ടാമത്തെ പ്ലാറ്റ്‌ഫോമിലുള്ള വലിയ കെട്ടിടം എന്താണ്?  സംശയിച്ച് നിന്ന ആഷിഷിനെ വിട്ട് ഞാന്‍ തുരുമ്പിച്ച ഓവര്‍ ബ്രിഡ്ജ് കയറി.

'Indian customs welcomes you'  പടികള്‍ ഇറങ്ങിച്ചെന്നതും ബോര്‍ഡ് കണ്ടു. കൂറ്റന്‍ കസ്റ്റംസ് ഓഫീസ്. കറുത്ത ചില്ലുകള്‍ക്ക് മുകളില്‍ 'ഇമിഗ്രേഷന്‍ ഹാള്‍' എന്ന എഴുത്ത്. 



August 11 2019

August 11 2019: അന്നാണ് ഈ പടുകൂറ്റന്‍ ഹാള്‍ എന്നെന്നേക്കുമായി അടച്ചുപൂട്ടിയതും കാലം അതിന്റെ ഭിത്തികളിലിരുന്ന് വീണ്ടുകീറാന്‍ തുടങ്ങിയതും. 'സംഝോദ എക്‌സ്പ്രസ്' അന്നുവരെ രണ്ട് കഷണങ്ങളായ് സര്‍വീസ് നടത്തിയിരുന്നു. ലാഹോര്‍ മുതല്‍ അട്ടാരി വരെ പാകിസ്ഥാന്‍ റെയില്‍വേയുടെയും, കസ്റ്റംസ് നടപടികള്‍ പൂര്‍ത്തിയാക്കിയതിനുശേഷം ഇവിടെ നിന്ന് അമൃത്സറിലേക്ക് ഇന്ത്യന്‍ റെയില്‍വേയുടെയും.

തിരിച്ചുനടന്ന് ഓവര്‍ ബ്രിഡ്ജിന്റെ പടികളിറങ്ങി. ലാഹോര്‍ ഭാഗത്തേക്കുള്ള പാതയിലെ ചുവന്ന സിഗ്‌നല്‍; അത് എന്നെന്നേക്കുമായി അങ്ങനെതന്നെ കത്തിക്കിടക്കുന്നു. സമീപത്തുള്ള ഗുരുദ്വാരയില്‍ നിന്ന് ഏതോ പ്രാര്‍ത്ഥനാഗാനം ഒഴുകിവരുന്നു. സിഗ്‌നല്‍ മറികടന്ന് ഏതാനും ചുവടുകള്‍ വെച്ചപ്പോഴേക്കും 'വാപ്പസ് ആവോ സാര്‍' എന്ന് ആഷിഷിന്റെ പരിഭ്രാന്തമായ വിളി പുറകേയെത്തി.

വൃദ്ധന്റെ വേദനകള്‍

അപ്പോഴേക്കും ഇരുള്‍ വീണുതുടങ്ങി; വിളക്കുകള്‍ തെളിഞ്ഞു. ആല്‍മരച്ചുവട്ടില്‍ ഒരു വൃദ്ധന്‍. സന്ധ്യാ നടത്തത്തിന് ഇറങ്ങി വിശ്രമിക്കുകയാവണം. അദ്ദേഹത്തെ പരിചയപ്പെട്ടു. കുശലാന്വേഷണം ചരിത്രന്വേഷണമായി മാറി. ചരിത്രവിവരണം പക്ഷേ പെട്ടെന്നാണ് രോഷപ്രകടനമായി മാറിയത്. ഇങ്ങനെയൊരു തന്ത്രപ്രധാനമായ സ്ഥലമായതുകൊണ്ടു മാത്രം വികസനം മുരടിച്ചുപോയ തന്റെ പാവം ഗ്രാമത്തെപ്പറ്റി അദ്ദേഹം പുലമ്പി. 

അപ്പോഴേക്കും ബുക്കിംഗ് ഓഫീസുകളില്‍ വെളിച്ചം എത്തി. എങ്ങുനിന്നോ മൂന്നാല് യാത്രക്കാരും വന്നുചേര്‍ന്നു. ദിവസവും അമൃത്സറില്‍ നിന്ന് പോയിവരുന്ന ജോലിക്കാര്‍ ആയിരിക്കണം. ആഷിഷിന് കാഴ്ചകള്‍ കാണാനല്ല, സംസാരിക്കാനാണ് താല്പര്യം. അവനെ വീണ്ടും ഉപേക്ഷിച്ച് ഞാന്‍ ബുക്കിംഗ് ഓഫീസിനടുത്തേക്ക് നടന്നു.

14607/14608

ചുവപ്പും മഞ്ഞയും കലര്‍ന്ന അക്ഷരങ്ങളില്‍ തീര്‍ത്ത ട്രെയിന്‍ ടൈം ടേബിള്‍. ഈ രണ്ട് സംഖ്യകള്‍ ഇപ്പോഴും അതില്‍ വിറങ്ങലിച്ച് നില്‍ക്കുന്നുണ്ട്. 
14607 :  തിങ്കളാഴ്ചകളിലും വ്യാഴാഴ്ചകളിലും ഇവിടെ നിന്ന് പുറപ്പെട്ട് ലാഹോറിലേക്ക് പോയിരുന്ന ലാഹോര്‍ എക്‌സ്പ്രസ് . പത്തുമണി മുതല്‍ ഒന്നര വരെ കസ്റ്റംസ് ചെക്കിംഗ് സമയമാണ്; അതിനുശേഷമാണത് അതിര്‍ത്തി കടക്കുക.

14608 : അതേ ദിവസങ്ങളില്‍ പന്ത്രണ്ടരയ്ക്ക് ലാഹോറില്‍ നിന്ന് എത്തി രണ്ടുമണിക്കൂര്‍ കസ്റ്റംസ് നടപടിക്രമങ്ങള്‍ തീര്‍ത്ത് അമൃത്സറിലേക്ക് തിരിക്കുന്ന തീവണ്ടി.

രണ്ട് നമ്പറുകള്‍ ; രണ്ട് മരിച്ചുപോയ ട്രെയിനുകള്‍. വലതുവശത്തുള്ള പാതകള്‍ക്ക് അതിന്റെ അതിദീര്‍ഘമായ മയക്കം തുടരാം, അനന്തകാലത്തേക്ക്.



ഏഴുപതിനഞ്ചിന്റെ ഡെമു

ഏഴ് മണിയാകാറാകുന്നു. രണ്ട് ടിക്കറ്റ് എടുത്തുകൊണ്ട് ഞാന്‍ വീണ്ടും പ്ലാറ്റ്‌ഫോമിലേക്കിറങ്ങി. അറിയാതെ മുകളിലേക്ക് നോക്കിപ്പോയി; പൂര്‍ണ്ണ ചന്ദ്രന്‍ ജ്വലിക്കുന്നു. ഇന്ന് പൗര്‍ണമിയാണ്. പാതകള്‍ മുഴുവന്‍ ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കുന്ന, തിരക്കുന്ന ആള്‍ക്കാരെക്കൊണ്ട് നിറയുമ്പോള്‍ അതിരുകള്‍ വരയ്ക്കാത്ത ആകാശത്ത് അമ്പിളി!  അതെന്നെ പ്രലോഭിപ്പിച്ച് പ്ലാറ്റ്‌ഫോമിന്റെ അറ്റംവരെ കൂട്ടിക്കൊണ്ടുപോയപ്പോഴേക്കും ചൂളംവിളി കേട്ടുതുടങ്ങി. ട്രെയിന്‍ വരുന്നുണ്ട്.

ബല്‍ജിത് സിംഗ്

ഒന്നാം പ്ലാറ്റ്‌ഫോമിലേക്ക് വരുന്ന ട്രെയിനിനെ സ്വീകരിക്കുവാന്‍ തന്റെ ചുവപ്പും പച്ചയും കൊടികള്‍ എടുത്തുകൊണ്ട് ബല്‍ജിത് സിംഗ് പുറത്തേക്കിറങ്ങി. 'സോറി,ഞാനിവിടെ വന്നിട്ട് രണ്ടുവര്‍ഷമേ ആയുള്ളൂ' ലാഹോര്‍ എക്‌സ്പ്രസ്സിനെപ്പറ്റി ചോദിക്കാന്‍ തുടങ്ങിയതും അയാള്‍ പറഞ്ഞു. അപ്പോഴേക്കും, 'കുറെ നേരമായല്ലോ കറങ്ങി നടക്കുന്നു; കുറച്ചുനേരം ഇവിടെയിരിക്ക്' എന്ന് ആഷിഷ് എന്നെ പിടിച്ചുവലിച്ചു.

തിരിച്ചുപോക്ക്

15 മിനിറ്റ് ആണ് ട്രെയിനിന് ഇവിടെ നിര്‍ത്തി തിരിച്ചു പോകാനുള്ള സമയം. 4-5 ആള്‍ക്കാര്‍ മാത്രം പുറത്തേക്ക്. അത്രയും തന്നെ പേര്‍ അകത്തേക്കും. തണുപ്പ് പതുക്കെ അരിച്ചുകയറിത്തുടങ്ങി. കോച്ചുകള്‍ -ബ്രൗണ്‍ നിറത്തില്‍ കാലിയായ വെളിച്ചക്കുഴലുകള്‍. ഞങ്ങള്‍ ഏറ്റവും മുമ്പിലുള്ള ബോഗിയില്‍ കയറിയിരുന്നു. 10 മിനിറ്റ് വൈകി ട്രെയിന്‍ പുറപ്പെട്ടു. ഞാന്‍ വാതില്‍ക്കലെത്തി വീണ്ടും ക്യാമറ തുറന്നു; സ്റ്റേഷന്‍ ഉറങ്ങിത്തുടങ്ങുന്നു; അമ്പിളി ഞങ്ങളുടെ കൂടെ ഓടിവരുന്നു.


 

 

#travel
Leave a comment