TMJ
searchnav-menu
post-thumbnail

Travel

കാവേരിയിലെ കുട്ടവഞ്ചികള്‍

03 Jun 2023   |   4 min Read
ജ്യോതി മദൻ

ക്ഷിണേന്ത്യയിലെ അതിപ്രശസ്തമായ കുട്ടവഞ്ചി സവാരി എവിടെയാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ... തമിഴ്‌നാട്ടിലെ ഹൊഗനക്കല്‍ (Hoggenekkal). കര്‍ണാടകയില്‍ നിന്നുത്ഭവിക്കുന്ന കാവേരി നദി തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നിടത്താണ് ''ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാട്ടം'' എന്നറിയപ്പെടുന്ന Hoggenekkal falls. സേലം ജില്ലയോട് ചേര്‍ന്നുകിടക്കുന്ന, കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന ധര്‍മപുരി ജില്ലയിലാണ് ഈ വെള്ളച്ചാട്ടം. (1965 ല്‍ സേലം ജില്ല വിഭജിച്ചാണ് ധര്‍മപുരി ജില്ല രൂപീകൃതമായത്).

വാളയാര്‍ ചുരം കഴിയുന്നതോടെ തമിഴകക്കാഴ്ചകള്‍ തുടങ്ങുകയായി. കോയമ്പത്തൂര്‍, ഈറോട്, സേലം തുടങ്ങിയ തമിഴ്‌നാടിന്റെ വ്യവസായ ജീവനാഡികളായ നഗരങ്ങളെ തൊട്ടുതീണ്ടാതെ നെടുനീളത്തില്‍ കിടക്കുന്ന കൊച്ചി-സേലം ഹൈവേയിലൂടെയുള്ള കാര്‍ യാത്ര, ഓട്ടപ്പന്തയത്തിലെ കുതിരയുടേതിന് സമാനമാണ്. സേലവും കഴിയുന്നതോടെ തമിഴ് ഗ്രാമവഴികളിലൂടെയായി യാത്ര. കൃഷിയും പച്ചപ്പും കാളവണ്ടിയും കൃഷിക്കാരെയും വഴിക്ക് കാവല്‍നില്ക്കുന്ന കരിമ്പനകളെയും മുട്ടിന് മുട്ടിനുള്ള അമ്പലങ്ങളെയും കണ്ടുകൊണ്ടും വഴിയരികിലെ ഉന്തുവണ്ടിയില്‍ നിന്ന് 10 രൂപയ്ക്ക് കിട്ടുന്ന കമ്പക്കൂള്‍* കഴിച്ച് വിശപ്പും ദാഹവും മാറ്റിയും യാത്ര തുടര്‍ന്നു. കോണകം മാത്രം ധരിച്ച് വടിയും കുത്തിപ്പിടിച്ച് ആടുകളെ മേച്ച് നടന്ന 90-95 വയസ് പ്രായം തോന്നുന്ന അപ്പൂപ്പന്‍ ഇതുവരെ നടത്തിയ തമിഴ്‌നാട് യാത്രകളിലെ ആദ്യ കാഴ്ചയായിരുന്നു.


കൊച്ചി-സേലം ഹൈവേയില്‍ നിന്നുള്ള കാഴ്ച

ഹെയര്‍പിന്‍ പോലുള്ള റോഡുകളിലൂടെ മലകള്‍ കയറി മറിഞ്ഞ് ഹൊഗനക്കല്‍ എത്തുന്നതോടെ കാഴ്ചകള്‍ ആകെ മാറുകയായി. തമിഴ്‌നാടിനെയും കര്‍ണാടകയെയും വേര്‍തിരിച്ചുകൊണ്ട് വെള്ളിയരഞ്ഞാണം പോലെ നീണ്ടുകിടക്കുന്ന കാവേരിക്ക് വെള്ളച്ചാട്ടത്തിനടുത്തെത്തുമ്പോള്‍ ഈ കൊടുംവേനലിലും എന്തൊര് ഉശിരാണ്! മഴക്കാലത്താകട്ടെ മഹാകാളിയെപോലെ രൗദ്രഭാവത്തിലാകുമത്രെ ഇവിടെ കാവേരി. വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം അനുവദിക്കില്ല, ആ മാസങ്ങളില്‍. കിലോമീറ്ററുകള്‍ക്കപ്പുറത്ത് ഹൊഗനക്കലിലേക്ക് പാസെടുക്കേണ്ട ടോള്‍ ഗേറ്റ് തന്നെ അടയ്ക്കും അപ്പോള്‍. (100 രൂപയാണ് കാറിന് എന്‍ട്രി ഫീസ് ഈടാക്കിയത്. പാര്‍ക്കിങ് ഫീസും ഇതില്‍ ഉള്‍പ്പെടുന്നുണ്ടെന്നാണ് അവര്‍ പറഞ്ഞത്).

കാര്യം കാവേരിയും കുട്ടവഞ്ചിയാത്രയുമൊക്കെ സുന്ദരികളാണെങ്കിലും ഹൊഗനക്കല്‍ വെള്ളച്ചാട്ടത്തിന്റെ പരിസരമാകെ വല്ലാതെ വൃത്തിഹീനമാണ്. 'കണ്ടാല്‍ തന്നെ അറയ്ക്കും' എന്ന് ഒറ്റവാക്കില്‍ പറയാം. മസാജിങ്ങും കുളിയും നനയും തീറ്റയുമൊക്കെയായി കാവേരിയെ തമിഴര്‍ ആഘോഷമാക്കുന്നതിന്റെ ബാക്കിപത്രമാണ്.  വെള്ളം കാണുമ്പോള്‍ തമിഴര്‍ക്കുള്ള ഭ്രാന്ത് കഴിഞ്ഞ വേനലിലെ തെങ്കാശി യാത്രയുടെ ഭാഗമായി കുറ്റാലത്ത് പോയപ്പോഴും കണ്ടതാണ്.

മത്സ്യസമ്പത്തിനാല്‍ അനുഗ്രഹീതമാണ് കാവേരിയുടെ ഈ ഭാഗങ്ങള്‍. കാവേരിയില്‍ നിന്നും പിടിച്ചെടുക്കുന്ന മത്സ്യങ്ങളെ വെട്ടിനുറുക്കി കഴുകി വൃത്തിയാക്കി മുളകും മസാലയും പുരട്ടിവച്ചിരിക്കുന്ന വില്പന കേന്ദ്രങ്ങള്‍ കാവേരിയോട് ചേര്‍ന്നുള്ള മിക്ക വിനോദസഞ്ചാരയിടങ്ങളിലുമുണ്ട്. ആവശ്യക്കാര്‍ക്ക് ഫ്രഷായി പൊരിച്ച് നല്കാനുള്ളതാണ് അവ. സഞ്ചാരികളാകട്ടെ കപ്പലണ്ടി കൊറിക്കുന്നതുപോലെ അഥവാ പരിപ്പുവട തിന്നുന്നതുപോലെ ഈ ഫിഷ് ഫ്രൈകള്‍ ധാരാളമായി വാങ്ങിത്തിന്നുന്നതും കണ്ടു.


യാത്രക്കാരെ കാത്തിരിക്കുന്ന കുട്ടവഞ്ചികള്‍
വഞ്ചിയില്‍ മാത്രമെത്താനാവുന്ന കാവേരിയുടെ തീരത്തെ പാറയിടുക്കില്‍ വരെ അടുപ്പുകൂട്ടി വറുത്തെടുക്കുന്ന ഫിഷ് ഫ്രൈകള്‍ ഹൊഗനക്കലിലെ കുട്ടവഞ്ചിയാത്രയില്‍ ലൈവായി കണ്ടു. കുട്ടവഞ്ചി തന്നെയാണ് മീന്‍പിടിത്തക്കാരും ഈ ഭാഗങ്ങളില്‍ ഉപയോഗിക്കുന്നത്. രാവിലെ മുതല്‍ അന്തിയാവോളം നീളുന്ന മീന്‍പിടിത്തത്തിനായി ഉച്ചഭക്ഷണമൊക്കെ കൂടെ കരുതിയാണ് അവര്‍ കുട്ടവഞ്ചിയില്‍ യാത്രയാവുക. മീനുകളുടെ ഫ്രഷ്‌നസ് നഷ്ടപ്പെടാതിരിക്കാന്‍ പിടിക്കുന്ന മീനുകള്‍ ചാകും മുമ്പ് ചരടില്‍ കോര്‍ത്ത് നദിയില്‍ തന്നെയിട്ടുവെക്കും. കാവേരിയിലെ ഹൊഗനക്കലിലേക്കുള്ള യാത്ര തികച്ചും അവിചാരിതമായി സംഭവിച്ചതാണ്. തമിഴ്‌നാട് - കര്‍ണാടക ബോര്‍ഡറാണെന്നും കര്‍ണാടകത്തേക്കാള്‍ തമിഴ്‌നാട്ടിലാണ് ഈ വെള്ളച്ചാട്ടം അനുഭവിക്കേണ്ടതെന്നുമൊക്കെ കേട്ടിട്ടുണ്ടായിരുന്നു. (കൊട്ടവഞ്ചി യാത്രയ്ക്കിടയില്‍ ഹൊഗനക്കലിലേക്കുള്ള കര്‍ണാടക കൂട്ടവഞ്ചിക്കടവ് ആളും ആരവുമില്ലാതെ കുറച്ച് കുട്ടവഞ്ചികളുമായി വെറുതെ കിടക്കുന്നുണ്ടായിരുന്നു).

ഹൊഗനക്കലിലെത്തിയ വൈകുന്നേരംതന്നെ കാവേരിയെ കാണാന്‍ പുറപ്പെട്ടു. ചെഞ്ചുവപ്പ് കാണിച്ച് കൊതിപ്പിച്ച് സൂര്യന്‍ കാവേരിക്കപ്പുറത്തെ മലമടക്കുകളിലേക്ക് വിശ്രമത്തിനായി പോകാനൊരുങ്ങുകയായിരുന്നു അപ്പോള്‍. കാവേരിയാകട്ടെ വെള്ളച്ചാട്ടങ്ങളില്‍ കുതിച്ചും താഴ്‌വാരങ്ങളില്‍ കിതച്ചും സമതലങ്ങളിലെ പാറയിടുക്കുകളില്‍ ലല്ലലം പാടിയും നിര്‍ത്താതെ ഒഴുകിക്കൊണ്ടിരുന്നു. ഹാങ്ങിങ് ബ്രിഡ്ജില്‍ നിന്നുകൊണ്ട് ആ കാഴ്ചകള്‍ കണ്‍നിറയെ കണ്ടു.


ഹൊഗനക്കല്‍ കാവേരി തീരത്ത് മീന്‍ പൊരിച്ച് വില്പന നടത്തുന്ന നിരവധി കടകളില്‍ ഒന്ന് 

രാവിലെ ഏഴുമണിക്ക് തുടങ്ങുന്ന സഫാരി സന്ധ്യയാകുന്നതോടെ അവസാനിപ്പിക്കും. കുട്ടവഞ്ചി സഫാരി കഴിഞ്ഞെത്തിയവരെല്ലാം അസ്തമയക്കാഴ്ചയുടെ ബോണസ് കൂടി കിട്ടിയതിനാല്‍ വലിയ സന്തോഷത്തിലാണ്. വേണോ വേണ്ടയോ എന്ന 50-50 ല്‍ നിന്ന ഞങ്ങളെ നാളെ രാവിലെ എന്തായാലും കുട്ടവഞ്ചിയില്‍ പോകാം എന്ന തീരുമാനത്തിലെത്തിച്ചത് അവരാണ്. സാധാരണ പലയിടങ്ങളിലും കാണുന്നതുപോലെ സുന്ദരവും സുരഭിലവുമായ നേര്‍വഴിയിലൂടെ ഒഴുകുന്ന പുഴയിലൂടെയുള്ള സഞ്ചാരമല്ല ഹൊഗനക്കലിലെ കുട്ടവഞ്ചി യാത്ര. ഇന്ത്യയിലെ തന്നെ കുറച്ചധികം സാഹസികമായ ഒന്നായാണ് ഈ വെള്ളച്ചാട്ടത്തിലൂടെയുള്ള കുട്ടവഞ്ചിയാത്ര കണക്കാക്കപ്പെടുന്നത്. ഒരുപക്ഷേ, അത് തന്നെയാണ് ഈ കുട്ടവഞ്ചിയാത്രയെ സഞ്ചാരികള്‍ക്ക് ഏറെ പ്രിയങ്കരമാക്കുന്നതും.

750 രൂപയാണ് നാലുപേര്‍ക്ക് കയറാവുന്ന കുട്ടവഞ്ചി യാത്രയ്ക്ക് തമിഴ്‌നാട് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന നിരക്ക്. ഈ തുക ടിക്കറ്റ് കൗണ്ടറിലാണ്  അടയ്‌ക്കേണ്ടത്. എന്നാല്‍ വെള്ളച്ചാട്ടത്തിന് അടുത്തേക്ക് അതിസാഹസികമായി കൊണ്ടുപോയി, ദൂരെ കര്‍ണാടക കടവിന്റെ എതിര്‍വശത്തായുള്ള മണല്‍പ്പരപ്പില്‍ പുതയാന്‍ അനുവദിച്ച്, അവിടുത്തെ ആഴം കുറഞ്ഞ വെള്ളത്തില്‍ നീരാടാന്‍ അനുവദിച്ച്, തിരികെ ആളൊഴിഞ്ഞ കുഞ്ഞു വെള്ളച്ചാട്ടങ്ങളില്‍ കുളിക്കാന്‍ അനുവദിച്ചൊക്കെ പുറപ്പെട്ട കടവില്‍ തിരികെ എത്തിക്കുന്ന വിധത്തിലുള്ള കുട്ടവഞ്ചി സഫാരി ഏതാണ്ട് ഒന്നൊന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ്. അതിന്, മുമ്പ് പറഞ്ഞ 750 രൂപ കൂടാതെ 2000 ഉം 3000 ഉം ഒക്കെ ഫീസായി വഞ്ചിക്കാര്‍ വാങ്ങുന്നുണ്ട്. സാധാരണ പുഴയില്‍ തന്നെ കുട്ടവഞ്ചി തുഴയാന്‍ ബുദ്ധിമുട്ടാണെന്നിരിക്കെ, വെള്ളച്ചാട്ടങ്ങള്‍ക്കിടയിലൂടെ പലപ്പോഴും ഒഴുക്കിനെതിരായി തുഴഞ്ഞ് ഒന്നു-രണ്ടു മണിക്കൂറോളം നമുക്കായി ചെലവഴിക്കുന്നതിനാല്‍ നാലുപേരുടെ യാത്രയ്ക്ക് ഈ തുക അധികമായി തോന്നില്ല. (ഞങ്ങളോട് 1700 രൂപയേ Ram boat  എന്ന വഞ്ചിക്കാരന്‍ ആവശ്യപ്പെട്ടുള്ളൂ)


കുട്ടവഞ്ചിയാത്രയുടെ മടക്കത്തിലെ തിരക്ക്

കാവേരി തീരത്ത്, കടവില്‍ നാം കണ്ട വൃത്തിയില്ലായ്മയുടെ മനംപിരട്ടലുകളെയെല്ലാം അസ്ഥാനത്താക്കുന്നത്ര സുന്ദരമാണ് വെള്ളച്ചാട്ടത്തിലൂടെയുള്ള കുട്ടവഞ്ചി യാത്ര. ഒന്ന് നനയാതെ, ഒന്നു കുളിക്കാതെ ഈ യാത്ര നമുക്ക് അവസാനിപ്പിക്കാനാവില്ല. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള കാര്‍ബണേറ്റ് പാറകളില്‍ ഒന്നായാണ് ഹൊഗനക്കലിലെ പാറകള്‍ കണക്കാക്കപ്പെടുന്നത്. ഈ പാറകള്‍ക്കിടയിലൂടെ ഇടയ്ക്കിടെ ശാന്തയായും ഇടയ്ക്കിടെ രൗദ്രഭാവത്തിലും കലങ്ങിമറിഞ്ഞൊഴുകുന്ന കാവേരി നദിയിലൂടെയുള്ള കുട്ടവഞ്ചിയാത്ര ജീവിതത്തില്‍ ഒരിക്കലെങ്കിലും അനുഭവിക്കേണ്ടത് തന്നെയാണ്. കാശ്മീരിലെ ദാല്‍ ലേക്കിലെ എന്നപോലെ അഥവാ കുട്ടനാട്ടിലൂടെയുള്ള ഹൗസ് ബോട്ട് സഫാരിക്കിടയില്‍ കാണുന്നതുപോലെ ബോട്ടുകളിലെ കച്ചവടം ഇവിടെയും കണ്ടു. ബോട്ടിന് പകരം ഇവിടെ കുട്ടവഞ്ചി കച്ചവടക്കാരാണ് എന്ന് മാത്രം. ലെയ്‌സും കപ്പലണ്ടിയും മിഠായിയും കുടിവെള്ളവും ഫ്രൂട്ടി പോലുള്ള ജ്യൂസുകളുമൊക്കെ തന്നെയാണ് ഈ കുട്ടവഞ്ചി കച്ചവടക്കാരുടെ കൈവശവുമുള്ളത്.

ഒരേപോലുള്ള ഇരുന്നൂറ്റമ്പതോളം കുട്ടവഞ്ചികളാണത്രെ ഇവിടെയുള്ളത്. പത്ത് പതിനയ്യായ്യിരം രൂപ നിര്‍മാണച്ചെലവ് വരുന്ന ഈ ഓരോ കുട്ടവഞ്ചിക്കും അഞ്ചോ ആറോ മാസമാണ് ആയുസെന്നും പിന്നീട് പുതിയത് ഉണ്ടാക്കണമെന്നും ഞങ്ങളുടെ വഞ്ചിക്കാരന്‍ Ram Boat  പറഞ്ഞു. രാവിലെ 7.30-8 മണിയോടെ ഞങ്ങള്‍ ബോട്ടിങിനെത്തുമ്പോള്‍ വലിയ ആള്‍ത്തിരക്കില്ലായിരുന്നു. എന്നാല്‍, മണല്‍പ്പരപ്പിലെ കാഴ്ചകളും വെള്ളച്ചാട്ടത്തിലെ കുളിയുമൊക്കെ കഴിഞ്ഞ് 9.30-10 മണിയോടെ തിരിച്ചെത്തിയപ്പൊഴേക്കും അവിടെ ജനപ്രളയമായി കഴിഞ്ഞിരുന്നു. തീര്‍ത്തും അപ്രതീക്ഷിതമായി ഒരു ഇന്ത്യന്‍ അത്ഭുതം അനുഭവിച്ചതിന്റെ ആഹ്ലാദത്തിലാണ് ഹൊഗനക്കലില്‍ നിന്ന് ഞങ്ങള്‍ മടങ്ങിയത്.

NB: ഭക്ഷണം കഴിക്കാന്‍ പറ്റിയ നല്ല ഹോട്ടലുകളൊന്നും ഞങ്ങളവിടെ കണ്ടില്ല. ശെല്‍വി മെസ് പോലുള്ള ചെറിയ മെസുകള്‍ മാത്രമേയുള്ളൂ. രാത്രിയും പകലുമൊക്കെ ഇഡ്ഡലി, ദോശ, പൊറോട്ട, ചപ്പാത്തി തുടങ്ങിയവ ഇവിടങ്ങളില്‍ ലഭി്ക്കും. യാത്രകളില്‍ ആഹാരത്തിന് ഒട്ടും പ്രാധാന്യം കൊടുക്കാത്തതിനാല്‍ ഞങ്ങള്‍ക്ക് ഇതൊക്കെ ധാരാളമായിരുന്നു.


#travel
Leave a comment