TMJ
searchnav-menu
post-thumbnail

Travel

അതിജീവനത്തിന്റെ കുച്ചി ടണലുകള്‍

26 Jul 2023   |   4 min Read

ലോക ചരിത്രത്തിലെ ധീരമായ ചെറുത്തുനില്‍പ്പുകളില്‍ ഏതെങ്കിലും പറയാന്‍ ആവശ്യപ്പെട്ടാല്‍ വിയറ്റ്നാം എന്ന രാജ്യത്തിന്റെ പേര് മനസ്സിലേക്ക് കടന്നുവരും. വര്‍ഷങ്ങളോളം അധിനിവേശത്തിന് ഇരയായ രാജ്യം അതിനെതിരെ നടത്തിയ ചെറുത്തുനില്‍പ്പുകള്‍ അറിയുക ആവേശകരമാണ്. ഇവിടേക്ക് യാത്ര ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ ഈ ചരിത്ര സംഭവങ്ങളുടെ ശേഷിപ്പുകള്‍ കണ്ടെത്താന്‍ കഴിയുമോ എന്നതായിരുന്നു ചിന്ത. അങ്ങനെ തിരഞ്ഞപ്പോള്‍ കണ്ട ആദ്യ ചിത്രം കുച്ചി ടണലുകളുടേത് ആയിരുന്നു. ഉടനെ അവിടേക്കുള്ള യാത്രയ്ക്ക് തയ്യാറെടുപ്പുകള്‍ നടത്തി. വിയറ്റ്നാമിലെത്തി രണ്ടാംദിനം രാവിലെ കുച്ചി ടണല്‍ കാണാന്‍ ഇറങ്ങി പുറപ്പെട്ടു.

ഹോ ചി മിന്‍ സിറ്റിയില്‍ നിന്നും 80 കിലോമീറ്റര്‍ ദൂരത്തേക്കാണ് യാത്ര. നഗരത്തില്‍ നിന്നും ദൂരെയാണ് കുച്ചി ടണലുകള്‍ സ്ഥിതി ചെയ്യുന്നത്. വിയറ്റ്നാം യുദ്ധകാലത്ത് ഗറില്ലാ ഒളിപ്പോരാളികള്‍ ഉപയോഗിച്ചിരുന്നവയാണ് ഇത്. മണ്ണിന് അടിയിലായി കിലോമീറ്ററുകളോളം ദൂരത്തില്‍ പല ഇടത്തായി ഈ മനുഷ്യ നിര്‍മിത തുരങ്കങ്ങള്‍ വ്യാപിച്ചുകിടക്കുന്നു. ഏകദേശം 120 കിലോമീറ്റര്‍ ദൂരത്തില്‍ കാടിനുള്ളിലൂടെ ടണലുകള്‍ കംമ്പോഡിയന്‍ അതിര്‍ത്തിവരെ കടന്നുചെല്ലുന്നു. കുച്ചി യാത്രയ്ക്ക് ഇടയില്‍ ഞങ്ങളുടെ ഗൈഡ് ജാക്ക്, വിയറ്റ്നാം ചരിത്രം വിശദമായി പറഞ്ഞു തരുന്നുണ്ട്. ഞങ്ങളെ കൂടാതെ വേറെയും നാലഞ്ചുപേര്‍ വാനിലുണ്ട്, അവരും ശ്രദ്ധയോടെ അത് കേട്ടിരിക്കുന്നു. ടൈറ്റാനിക്ക് സിനിമയില്‍ നിന്നുള്ള പ്രേരണയാല്‍ ആണത്രെ ഗൈഡ് ജാക്ക് എന്ന് പേര് സ്വീകരിച്ചത്. യഥാര്‍ത്ഥ പേര് വേറെയാണ്. അത് പക്ഷേ, ഞങ്ങളുടെ നാവിന് ഉച്ചരിക്കാന്‍ കിട്ടുന്നില്ല. വിളിക്കാന്‍ എളുപ്പവും ജാക്ക് തന്നെ. തന്റെ പ്രിയപ്പെട്ട സ്‌കൂട്ടറിന്റെ പേര് റോസ് എന്നാണെന്ന് ഇടയ്ക്ക് പറയുന്നുണ്ട്. ഗൈഡ് ജാക്കിനും മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്ന പ്രണയം ഉണ്ടായിരുന്നോ എന്നറിയില്ല. അത് ആരും ചോദിക്കാനും നിന്നില്ല.


അമേരിക്ക വിയറ്റ്നാമിൽ വർഷിച്ച ബോംബുകൾ 

നഗരം വിട്ട് വാഹനം ഓടാന്‍ തുടങ്ങിയതോടെ കാഴ്ചകള്‍ക്ക് മാറ്റം വന്നുതുടങ്ങി. നഗരത്തിന്റെ പളപളപ്പൊന്നും ഗ്രാമത്തിന് ഇല്ല. ചെറിയ കടകള്‍, കൃഷി സ്ഥലങ്ങള്‍, നിരത്തിന് അരികില്‍ ഇളനീരും മറ്റു പഴങ്ങളും വില്‍ക്കുന്ന ഗ്രാമീണര്‍. കേരളത്തിലെ ഒരു നാട്ടിന്‍പുറത്തു കൂടിപ്പോകുന്ന ഫീല്‍ ആണ് ലഭിച്ചത്. പക്ഷേ, എല്ലാ ഇടവും വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട്. റോഡിന് ഇരുവശവും മരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന വഴി. ദൂരെ കുച്ചി ടണല്‍ എന്ന ബോര്‍ഡ് എഴുതിയ വലിയൊരു കെട്ടിടത്തിന് മുന്നില്‍ വണ്ടി നിന്നു. ഇവിടെ ആദ്യം ടണലിന്റെ ഒരു വീഡിയോ പ്രദര്‍ശനം കാണിച്ചു തരുന്നുണ്ട്. അതു കഴിഞ്ഞ് ടിക്കറ്റ് എടുത്താല്‍ പ്രവേശിക്കുന്നത് ഒരു കാട്ടുപാതയിലേക്ക് ആണ്. ചെറിയ മരങ്ങളും, വള്ളികളും, പൊഴിഞ്ഞു വീണുകിടക്കുന്ന കരിയിലകള്‍ക്കും ഇടയിലൂടെ നടപ്പാത. ഇവിടെയാണ് വിയറ്റ്നാം യുദ്ധത്തിന്റെ പ്രധാന സംഭവങ്ങള്‍ അരങ്ങേറിയത്.

ഗൈഡ് ആദ്യമായി ചില ട്രാപ്പുകളുടെ അടുത്തേക്ക് ഞങ്ങളെ നയിച്ചു. ആദ്യം പരിചയപ്പെടുത്തിയത് ബൂംബി ട്രാപ്പുകള്‍ എന്ന് അറിയപ്പെടുന്ന ചില യുദ്ധമുറകള്‍ ആണ്. മണ്ണില്‍ ആഴത്തില്‍ കുഴികള്‍ നിര്‍മിച്ച് ഇലകളും, മരക്കൊമ്പുകളും കൊണ്ട് മൂടി അതിനടിയില്‍ ഇരുമ്പ് ശൂലങ്ങള്‍ തറച്ചുവയ്ക്കുന്നു. ഇതില്‍ വീണുപോയാല്‍ തിരിച്ചു കയറിയിട്ടും പ്രയോജനമൊന്നുമില്ല. ശരീരത്തിനേറ്റ ക്ഷതങ്ങള്‍ ജീവിതാന്ത്യം വരെയും കൂടെയുണ്ടാകും. നമ്മുടെ നാട്ടില്‍ കുട്ടികള്‍ കുഴിച്ചിരുന്ന വാരിക്കുഴികള്‍ ഓര്‍മയില്ലേ, അതിന്റെ വലിയ രൂപം. ഒരുപാട് അമേരിക്കന്‍ പട്ടാളക്കാര്‍ ഇത്തരം ട്രാപ്പുകളില്‍ കുടുങ്ങുകയും അങ്ങനെയുള്ളവരുടെ എണ്ണം കൂടുകയും ചെയ്തത് പട്ടാളത്തിന് വലിയ തലവേദന സൃഷ്ടിച്ചുകൊണ്ടിരുന്നു. ഇതുപോലെ പല തരത്തിലുള്ള ട്രാപ്പുകള്‍ ഉണ്ട്. അവ ഏതെല്ലാമെന്നും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നും ഗൈഡ് വ്യക്തമായി വിശദീകരിച്ചു. 


ട്രാപ്പുകൾ

ശക്തമായ ഗറില്ലാ സ്വാധീനം ഉണ്ടായിരുന്ന സ്ഥലങ്ങളാണ് കുച്ചി ടണലും പരിസരവും. വിയറ്റ്നാം പോരാളികള്‍ പകല്‍സമയം തദ്ദേശീയരായ ജനങ്ങളായി മാറി അവര്‍ക്കിടയില്‍ കഴിഞ്ഞു. രാത്രിസമയം കാട്ടുപ്രദേശത്ത് ഒളിയുദ്ധം പുറത്തെടുത്ത് പട്ടാളത്തെ വിറപ്പിച്ചു. അപ്രതീക്ഷിത ആക്രമണങ്ങള്‍ നടത്തി ടണലിലേക്ക് പിന്മാറി. നാട്ടുകാരേത്, ഗറില്ല ഏത് എന്നറിയാതെ അമേരിക്കന്‍ പട്ടാളം വലഞ്ഞു. ഗറില്ലകള്‍ ഗ്രാമീണര്‍ക്കൊപ്പം അലിഞ്ഞുചേര്‍ന്നിരുന്നു. നേരിട്ട് നിന്ന് പോരാടുവാനും അവര്‍ മടിച്ചിരുന്നില്ല. പല ഇടത്തും അങ്ങനെ ഏറ്റുമുട്ടി. അതിനിടയില്‍ ഇത്തരം ട്രാപ്പുകളും ഉണ്ടാക്കി യുദ്ധത്തിന് മൂര്‍ച്ചകൂട്ടി.

വഴിയില്‍ പലയിടത്തും യുദ്ധത്തില്‍ പിടിച്ചെടുത്ത അമേരിക്കന്‍ ടാങ്കുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വിയറ്റ് കോംഗുകള്‍ക്ക് യുദ്ധത്തില്‍ ഒരു ടാങ്കും നഷ്ടപ്പെട്ടില്ല. കാരണം അവര്‍ക്ക് പോരാടാന്‍ ടാങ്കോ, ബോംബര്‍ വിമാനമോ ഒന്നും ഉണ്ടായിരുന്നില്ല. കോംഗുകളുടെ കൈവശം റഷ്യ, ചൈന രാജ്യങ്ങള്‍ ഇടയ്ക്ക് വിതരണം ചെയ്യുന്ന തോക്കുകള്‍ മാത്രമായിരുന്നു. ഗൈഡ് ജാക്ക് ഒരിടത്ത് നിന്നു. കുന്നുകൂടിയ ഇലകള്‍ മാറ്റി ചതുരാകൃതിയിലുള്ള ഒരു സിമന്റ് അടപ്പ് തുറന്നു. പുറത്തുനിന്നും ചെറിയൊരു കുഴിയായി തോന്നി. പക്ഷേ, ഇത് ആക്രമണം നടത്തിയതിനുശേഷം ടണലിലേക്ക് പ്രവേശിക്കുന്നതിനുള്ള അനേകം ദ്വാരങ്ങളില്‍ ഒന്നാണ്. താല്‍പര്യമുള്ളവര്‍ക്ക് ഇറങ്ങി നോക്കാം. ഇന്ത്യക്കാരായ ഞങ്ങള്‍ പിറകോട്ട് മാറിയില്ല, ഓരോരുത്തരായി ഇറങ്ങി കയറിവന്നു. എല്ലാവരും കൗതുകത്തോടെ നോക്കി നിന്നു. അടുത്തതായി ടണലിലൂടെ കുറച്ചുദൂരം ഇറങ്ങി നടന്ന് തിരിച്ചു കയറാം. മണ്ണിന് അടിയിലെ ലോകത്തേക്കുള്ള ക്ഷണം സ്വീകരിച്ചു. പതുക്കെ ഇറങ്ങി. മണ്ണെണ്ണ മണമുള്ള മണ്‍ചുമരില്‍ പല ഇടത്തായി ഇരുട്ട് മാറ്റാന്‍ ചെറിയ ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇരുന്നും നിരങ്ങിയും ടണലിന്റെ നേര്‍ത്ത ഇരുട്ടിലൂടെ നീങ്ങി. മനുഷ്യാധ്വാനവും വിയര്‍പ്പും ചോരയും ഇടകലര്‍ന്ന ഈ ഭൂഗര്‍ഭ വഴികള്‍ ഗറില്ലകളുടെ പോരാട്ടവീര്യത്തിന്റെ ഇന്ന് അവശേഷിക്കുന്ന ഒരേയൊരു തെളിവാണ്. കൂട്ടുകാര്‍ കൂടുതല്‍ ദൂരം പിന്നിട്ട് മറ്റൊരിടത്ത് കൂടി പുറത്തുവന്നു. ചില ടണലുകള്‍ ചെന്ന് അവസാനിക്കുന്നത് ഏതെങ്കിലും പുഴയില്‍ ആയിരിക്കുമത്രേ. രക്ഷപ്പെടാന്‍ നിര്‍മിക്കുന്നതാണ് അത്. കൂട്ടുകാര്‍ പുറത്തുവരുന്നത് കാണാഞ്ഞപ്പോള്‍ പുഴയില്‍ പോയി ചാടിയോ എന്ന് പരിഭ്രമിക്കാതിരുന്നില്ല.


ടാങ്കർ
കുച്ചി ടണലുകളില്‍ പല ഇടത്തായി മണ്ണിനടിയില്‍ അടുക്കള, സ്റ്റോര്‍ റൂം, ബോംബ് ഷെല്‍റ്ററുകള്‍, മെഡിക്കല്‍ റൂമുകള്‍ എന്നിവ നിര്‍മിച്ചിട്ടുണ്ട്. വായുസഞ്ചാരം നിയന്ത്രിക്കാനും ശുദ്ധവായു അകത്തേക്ക് പ്രവേശിക്കാനുമായി ചെറിയ ഹോളുകള്‍ പുറത്തേക്ക് തുറക്കുന്നുണ്ട്. ഇതൊന്നും മനസ്സിലാക്കാന്‍ അമേരിക്കന്‍ പട്ടാളത്തിന് ആദ്യം കഴിഞ്ഞിരുന്നില്ല. വലിയ മനുഷ്യരായ അവര്‍ക്ക് ടണലില്‍ ഇറങ്ങുവാനും വിഷമം ആയിരുന്നു. പ്രത്യേക പരിശീലനം സിദ്ധിച്ച കുള്ളന്മാരെ അവര്‍ പരീക്ഷിച്ചു നോക്കി പരാജയപ്പെട്ടു. ഒടുവില്‍ രക്ഷയില്ലാതെ വിഷവാതകം ടണലില്‍ അടിച്ചു കയറ്റുക, വിയറ്റ് കോംഗുകളെ കാടുകളില്‍ നിന്ന് പുറത്തിറക്കാന്‍ ഏജന്റ് ഓറഞ്ച് തളിക്കുക എന്നീ ക്രൂര മാര്‍ഗങ്ങളിലേക്ക് അമേരിക്ക മാറി. വിഷവാതക പ്രയോഗത്തില്‍ ആളുകള്‍ കൊല്ലപ്പെടുമ്പോഴും വിയറ്റ് കോംഗുകള്‍ (ഗറില്ലകള്‍ക്ക് പറയുന്ന പേര്) യുദ്ധതന്ത്രവും സ്ഥലവും മാറ്റി പ്രതിരോധിച്ചുകൊണ്ടിരുന്നു. വിയറ്റ്നാമിന്റെ പ്രകൃതിയിലെ 90% കാടുകളും ഇത്തരം വിഷപ്രയോഗത്തില്‍ നശിച്ചു. ഒടുവില്‍ വിയറ്റ് കോംഗുകളുടെ അന്നം ഇല്ലാതാക്കാന്‍ വയലുകളിലേക്കും വിഷപ്രയോഗം എത്തിച്ചേര്‍ന്നു. ഇതിനെയെല്ലാം അതിജീവിച്ച് ജനത ഒന്നായി ഹോ ചി മിന്‍ ന്റെ കീഴില്‍ ശക്തമായി നിലകൊണ്ടു. 

കുച്ചി ടണല്‍ എന്നത് വിയറ്റ്നാം ജനതയുടെ ആത്മാഭിമാനത്തിന്റെ പ്രതീകമാണ്. അത്യന്താധുനിക യുദ്ധത്തെ തദ്ദേശീയമായി നേരിട്ട വിജയഗാഥയാണ് അത്. വഴിവക്കില്‍ കൂട്ടിയിട്ട അമേരിക്കന്‍ ടാങ്കുകളില്‍ അതിന്റെ പരാജയം മുന്‍കൂട്ടി ആരോ എഴുതിയിരുന്നോ എന്ന് തോന്നിപ്പിച്ചു. പിടിച്ചെടുത്ത ടാങ്കറില്‍ കയറി പലരും ഫോട്ടോ എടുക്കുന്നു. വിയറ്റ്നാം സന്ദര്‍ശിക്കുന്ന അമേരിക്കന്‍ ടൂറിസ്റ്റുകള്‍ എങ്ങനെയാവും ഇതെല്ലാം കണ്ട് മനസ്സിലാക്കുക എന്നറിയില്ല. അവര്‍ക്ക് ഇതെല്ലാം കണ്ടു നില്‍ക്കാനാവുമോ. ചരിത്രത്തില്‍ സംഭവിച്ച പലതിനും മാപ്പു നല്‍കുകയും രാജ്യാതിര്‍ത്തി ഇല്ലാതാക്കുന്ന വിശാലമായ മാനവ സ്നേഹം രൂപപ്പെടുത്തുകയും ചെയ്യാന്‍ ഇത്തരം യുദ്ധ സ്മാരകങ്ങള്‍ക്ക് സാധിക്കട്ടെ. ചരിത്രത്തെ സംരക്ഷിക്കുക എന്നത് ഓരോ രാജ്യവും പല രീതിയിലാണ് ചെയ്യുന്നത്. വിയറ്റ്നാം ശൈലി ഇതാണ്. കുറ്റം പറയാന്‍ കഴിയില്ല. അവര്‍ അത്രയ്ക്ക് സഹിച്ചു എന്നത് പുറംലോകത്തെ അറിയിക്കുകയാണ് ചെയ്യുന്നത്. 



ടണലിനകത്തേക്ക് ശുദ്ധവായു ലഭിക്കാൻ നിർമിച്ചിരിക്കുന്ന ഹോൾ

കാട്ടുവഴികള്‍ പിന്നിട്ട് ധാരാളം സോവനീറുകള്‍ വില്‍ക്കുന്ന കടയില്‍ എത്തി. സ്ഥലത്തിന്റെ പ്രാധാന്യം കൃത്യമായി രേഖപ്പെടുത്തിയ പല കൗതുക വസ്തുക്കളും വില്‍പ്പനയ്ക്ക് വച്ചിരിക്കുന്നു. ഒരിടത്ത് ഷൂട്ടിംഗ് റേഞ്ച് ആണ്. കാശ് കൊടുത്ത് ഇഷ്ടമുള്ള തോക്ക് തിരഞ്ഞെടുത്ത് ഫയറിംഗ് ചെയ്യാം. അതില്‍ താല്‍പര്യം തോന്നിയില്ല. കുറച്ച് സോവനീര്‍ വാങ്ങി കാട്ടുവഴിയിലൂടെ നടന്ന് പ്രധാന കെട്ടിടത്തില്‍ തിരിച്ചെത്തി.


#travel
Leave a comment