TMJ
searchnav-menu
post-thumbnail

Travel

അതിജീവനത്തിന്റെ തീരം തേടി

24 Oct 2023   |   3 min Read
മുഹമ്മദ് അൽത്താഫ്

യാത്രയ്ക്ക് വലിയൊരു പ്രത്യേകതയുണ്ട്. അപ്രതീക്ഷിതമായി ചെന്നെത്തുന്ന ഇടങ്ങള്‍ യാത്രികനെ വിസ്മയിപ്പിക്കുമെന്നത് തീര്‍ച്ചയാണ്, എന്നാല്‍ അതിലുപരി അമ്പരിപ്പിച്ച ഒരു യാത്രയായിരുന്നു ഇത്. കൊച്ചിയെന്ന വലിയ പട്ടണത്തില്‍ നിന്നും ഊഹിക്കാവുന്നതിനുമപ്പുറമുള്ള കാഴ്ചകളും കഥകളും സമ്മാനിക്കുന്നയിടം. മറൈന്‍ഡ്രൈവിലൂടെയുള്ള നടത്തത്തിനൊടുവില്‍ ഒരു ബോട്ട് സവാരിയാവാമെന്ന അഭിപ്രായത്തില്‍ നിന്നാണ് തിരിച്ചറിവിന്റെ വലിയ ലോകത്തേക്കുള്ള വാതിലുകള്‍ തുറക്കുന്നത്. പണം പോയി പവര്‍ വരട്ടെയെന്ന് പറയാന്‍ മാത്രം പണമില്ലാത്തത് കൊണ്ട് നമ്മുടെ സ്വന്തം സര്‍ക്കാര്‍ ബോട്ടിലാണ് യാത്ര. കുറച്ചു സമയം വെള്ളത്തിലൂടെയുള്ള യാത്ര ആസ്വദിക്കാമെന്നല്ലാതെ പ്രത്യേകിച്ചൊരു ലക്ഷ്യവുമുണ്ടായിരുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. പട്ടണങ്ങളില്‍ നിന്നും ഉള്‍നാടുകളിലേക്കുള്ള ആനവണ്ടിയെ ഓര്‍മിപ്പിക്കുന്ന തരത്തിലായിരുന്നു ബോട്ട് സവാരി. യാത്രക്കാര്‍ മുഴുവനും സ്ഥിരയാത്രക്കാര്‍ ആണെന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാക്കാം. അടുത്തിരുന്ന ഒരു ചേച്ചി പറഞ്ഞതനുസരിച്ച് ബോട്ടിലെ യാത്രക്കാരെല്ലാം പട്ടണത്തില്‍ ജോലി ചെയ്യുന്നവരും പഠിക്കുന്നവരുമൊക്കെയാണ്. മിക്കവരും തൊട്ടടുത്തുള്ള താന്തോണി തുരുത്തില്‍ താമസിക്കുന്നവരാണ്. തുരുത്തിനെയും നഗരത്തെയും ബന്ധിപ്പിക്കാന്‍ ഈ ഒരു ബോട്ട് മാത്രമേയുള്ളുവെന്ന നഗ്‌നസത്യം കുറച്ചാശ്ചര്യത്തോടെ വിശ്വസിക്കേണ്ടി വന്നു. മെട്രോനഗരമായ കൊച്ചിക്ക് നടുവില്‍ ഇങ്ങനെയൊരു തുരുത്ത് പ്രതീക്ഷിച്ചിരുന്നില്ല. കൗതുകമൊരല്‍പ്പം കൂടുതലായത് കൊണ്ട് തന്നെ തുരുത്തിലിറങ്ങി ഒരല്‍പ്പം നടക്കാമെന്ന് തീരുമാനിച്ചു.

PHOTO: MOHAMMED ALTHAF
എങ്ങിനെയായിരിക്കും അവിടെയുള്ള ജീവിതം എന്ന ആലോചന തുരുത്തിലെത്തുന്നതുവരെ അലട്ടിക്കൊണ്ടിരുന്നു. അടുത്തുണ്ടായിരുന്ന രണ്ട് കുട്ടികളോട് കുറച്ചു നേരം സംസാരിച്ചു. സ്‌കൂള്‍ കഴിഞ്ഞു വരുന്ന വരവാണ്. തുരുത്തില്‍ സ്‌കൂളില്ലെന്ന് ആ സംസാരത്തില്‍ നിന്നും മനസ്സിലായി. പ്രാഥമികമായ ഒരു സംവിധാനങ്ങളുമില്ലാതെ ഇത്രയേറെ മനുഷ്യര്‍ വര്‍ഷങ്ങളായി ഇവിടെ അധിവസിക്കുന്നതെങ്ങനെയാവും?
ഉത്തരമില്ലാത്ത അനേകായിരം ചോദ്യങ്ങളുടെ പ്രഹരമേറ്റ് ചിന്താമണ്ഡലം പുകഞ്ഞു തുടങ്ങുമ്പോഴേക്കുംതുരുത്തിനടുത്തെത്തി. ഈയൊരു ബോട്ട് ജെട്ടി മാത്രമാണ് ഇവിടുത്തുകാരെ വെറും ഒന്നരകിലോമീറ്റര്‍ മാത്രം ദൂരമുള്ള നഗരവുമായി ബന്ധിപ്പിക്കാനുള്ള ഏകമാര്‍ഗം. ജെട്ടിയില്‍ നിന്നുള്ള സര്‍ക്കാര്‍ ബോട്ടിന്റെ സമയമനുസരിച്ചാണ് ഇവരുടെ ജീവിതം ചിട്ടപ്പെടുത്തിയതെന്നാണ് തുരുത്തുകാര്‍ പറയുന്നത്. ജെട്ടിയില്‍ നിന്നും ഒരാള്‍ക്ക് സുഖമായി നടക്കാവുന്ന കോണ്‍ക്രീറ്റ് നടപ്പാതയാണ് ഇവിടുത്തെ ഏക വഴി. 200 കൊല്ലം പഴക്കമുള്ള ഈ കുഞ്ഞന്‍ തുരുത്തില്‍ ഏകദേശം 65 ഓളം കുടുംബങ്ങളാണ് ജീവിക്കുന്നത്. പണ്ട് കാലത്ത് വിവിധ ആവശ്യങ്ങള്‍ക്കുള്ള മരക്കരി ഉല്പാദനം നടന്നിരുന്നത് ഇവിടെയായിരുന്നു. ശ്രീലങ്കയിലേക്കടക്കം മരക്കരി കൊച്ചി തുറമുഖം വഴി കയറ്റുമതി ചെയ്തിരുന്നു. മരക്കരി നിര്‍മ്മാണത്തിനും മറ്റും എത്തി ഇവിടെ സ്ഥിരതാമസമാക്കിയവരാണ് ഇവിടുത്തുകാര്‍.

PHOTO: MOHAMMED ALTHAF
തൊട്ടടുത്ത ഒരു വീട്ടിലേക്ക് കയറിയപ്പോഴാണ് തുരുത്തിനെ കൂടുതല്‍ അടുത്തറിയാന്‍ സാധിച്ചത്. വെള്ളം കയറിയിറങ്ങിയതിനാലാവണം മുറ്റവും വീടിന്റെ ചുമരുമെല്ലാം പൂപ്പല്‍ പിടിച്ച അവസ്ഥയിലാണ്. നേരത്തെ ബോട്ടില്‍ ഉണ്ടായിരുന്ന ഒരു ചേച്ചിയുടെ വീടാണ്. ചേച്ചിയോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. 'പിള്ളേരെ സ്‌കൂളില്‍ നിന്നും കൊണ്ടുവരാന്‍ പോയതാണ്. ദിവസവും പിള്ളേരെ സ്‌കൂളില്‍ വിടാനും തിരിച്ചു കൂട്ടികൊണ്ടുവരാനും അവരുടെ കൂടെ പോവണം'. ചേച്ചി പറഞ്ഞു നിര്‍ത്തി. അമ്മയെന്നു തോന്നിക്കുന്ന പ്രായമായ ഒരു സ്ത്രീ പുറത്തേക്ക് വന്നു. വര്‍ഷങ്ങളായി തുരുത്തില്‍ താമസിക്കുന്നവരാണ്. 'എന്ത് പറയാനാ മക്കളെ ഞങ്ങടെ ജീവിതം വെള്ളത്തിലാണ്, അത്യാവശ്യ കാര്യങ്ങള്‍ക്കെല്ലാം നല്ല ബുദ്ധിമുട്ടാണ്. മക്കളെ ദേ ഒരു കല്ലെടുത്തെറിഞ്ഞാല്‍ എത്തുന്ന അത്ര ദൂരമേ തുരുത്തും പട്ടണവും തമ്മിലുള്ളൂ. എന്നിട്ടും ഒരു സര്‍ക്കാര്‍ ബോട്ടല്ലാതെ ഞങ്ങള്‍ക്ക് വേറെയൊന്നുമില്ല. ഒരു പാലത്തിനു വേണ്ടി പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. പക്ഷേ ഒരു കാര്യവുമില്ല. ഇലക്ഷന്‍ സമയത്ത് വന്ന് അത് ചെയ്യാം ഇത് ചെയ്യാമെന്നൊക്കെ പറഞ്ഞ് വോട്ടും വാങ്ങി പോവുമെന്നല്ലാതെ ആരും ഞങ്ങളെ തിരിഞ്ഞു നോക്കുന്നു പോലുമില്ല'. അവരുടെ വാക്കുകളില്‍ സങ്കടവും പ്രതിഷേധവുമെല്ലാം നിറഞ്ഞു കവിയുന്നുണ്ട്. മൂന്നിലും അഞ്ചിലും പഠിക്കുന്ന ഈ കുട്ടികള്‍ക്ക് രാവിലത്തെ ബോട്ട് കിട്ടിയില്ലെങ്കില്‍ സ്‌കൂളില്‍ പോവാന്‍ പറ്റാത്ത അവസ്ഥയാണ്. എല്ലാ വീടുകളിലും സ്വന്തമായി വഞ്ചിയുള്ളതുകൊണ്ട് അത്യാവശ്യഘട്ടങ്ങളില്‍ അവയെ ആശ്രയിക്കുകയാണ് പതിവ്. തുരുത്തിലെ ഓരോ വീട്ടിലെയും പ്രധാന പ്രശ്‌നങ്ങളാണ് ഇവയൊക്കെ. ചേച്ചിയോടും മക്കളോടും യാത്ര പറഞ്ഞ് അവിടെ നിന്നുമിറങ്ങി.

മുന്നോട്ടുള്ള ഓരോ ചുവടുവെപ്പും വലിയൊരു തിരിച്ചറിവിന്റേതായി തോന്നി. 'പത്തിരുപത്തിനാലുപേര് ഇവിടെ മരിച്ചിട്ടുണ്ട്. അതീ വഞ്ചി മുങ്ങിയാണ് മരിച്ചേക്കണത്, വഞ്ചിമുങ്ങിയെന്ന് പറഞ്ഞാല് അതീ പൊറത്ത്ന്ന് സ്വന്തക്കാര്‌ടെ വീട്ടിലേക്കൊക്കെ വരുന്നാള്‍ക്കാരാണ്, വഞ്ചിയില്‍ പരിചയവില്ലാത്ത ആള്‍ക്കാരാണ്. ഞങ്ങള്‍ക്കൊക്കെ വഞ്ചിയില്‍ നല്ല പരിചയോണ്ട്. ഒരു ഇരുപത് പ്രാവശ്യം ഞാന്‍ വഞ്ചി മുങ്ങിയിട്ടുണ്ട്. അതില്‍ ഒരു പതിനഞ്ചു പ്രാവശ്യം എന്റെ ഭര്‍ത്താവിന്റെ കൂടെയാണ്. ആളിച്ചിരി കുടിക്കണെ ആളാണെ, മക്കളൊക്കെ ചെന്ന് വിളിച്ചാലും പുള്ളി വഞ്ചിയില്‍ കേറില്ല. എന്റെ ഓമന വന്നാലേ കേറുള്ളൂയെന്ന് പറയും ' താന്തോണി തുരുത്തിലെ ഓമനചേച്ചിയുടെ വാക്കുകളാണിവ.

PHOTO: MOHAMMED ALTHAF
എത്രേം വേഗം ഞങ്ങള്‍ക്കൊരു ഔട്ടര്‍ ബണ്ട് വേണം. ഔട്ടര്‍ ബണ്ട് വന്നാലേ ഞങ്ങള്‍ക്ക് രക്ഷയുള്ളൂ മക്കളെ. ഞങ്ങള്‍ക്കൊക്കെ ഇത്രേം പ്രായായി, ഞങ്ങളൊക്കെ ഇനി ഇത്രയെ ഉണ്ടാവു പക്ഷേ ഇവിടുത്തെ പഠിക്കണ പിള്ളേര്‍ക്ക് നല്ലൊരു ജീവിതം ഉണ്ടാവണം. ഞങ്ങള്‍ക്ക് അത്രേ ഉള്ളു 'തങ്കമണിചേച്ചിയും പറഞ്ഞു നിര്‍ത്തി. ഓമന ചേച്ചിയും തങ്കമണി ചേച്ചിയും ഉറ്റ സുഹൃത്തുക്കളാണ്. പ്രായമായ ഇരുവര്‍ക്കുമുള്ള ഏക ആഗ്രഹം തങ്ങളുടെ വളര്‍ന്നു വരുന്ന മക്കള്‍ക്ക് നല്ലൊരു ജീവിതം ഉണ്ടാവണം എന്ന് തന്നെയാണ്. കൊച്ചിയുമായി ഇത്രയുമടുത്ത് കിടന്നിട്ടും പ്രാഥമിക ആരോഗ്യ കേന്ദ്രം പോലുമില്ലാത്ത ഈ കുഞ്ഞു തുരുത്ത് മനോഹര കാഴ്ചകള്‍ക്കപ്പുറം ഒരു നൊമ്പരമാണ്. വികസനമെത്തിക്കാതെ ഞങ്ങളെ ഇവിടെ നിന്നും ഓടിക്കാനുള്ള പദ്ധതിയാണോയെന്ന തുരുത്തുകാരുടെ തമാശ നിറഞ്ഞ ചോദ്യം തള്ളിക്കളയാനാവില്ല. എന്ത് തന്നെയായാലും ജനിച്ച നാട് വിട്ട് എങ്ങും പോവില്ലെന്നുറച്ച നിലപാടിലാണ് ഇവരെല്ലാം. വിദൂരമല്ലാത്ത ഭാവിയില്‍ പാലവും ഔട്ടര്‍ ബണ്ടുമടക്കം തുരുത്തുകാരുടെ ആവശ്യങ്ങളെല്ലാം നടപ്പിലാവട്ടെയെന്ന് പ്രത്യാശിക്കുന്നു. ഇനിയും ചുറ്റിത്തിരിഞ്ഞാല്‍ ആകെയുള്ള ബോട്ട് പോവും എന്നുള്ളത് കൊണ്ട് തല്ക്കാലം വിട..
#travel
Leave a comment