TMJ
searchnav-menu
post-thumbnail

Travel

കൊല്‍ക്കത്ത: അത്യാനന്ദത്തിന്റെ പറുദീസ

05 Aug 2023   |   5 min Read
അരുൺ ദ്രാവിഡ്

ലയാളിയുടെ സോവിയറ്റ് ഭാവനപോലെ ഓര്‍മകളില്‍, എഴുത്തുകളില്‍, സിനിമയില്‍, സാഹിത്യത്തില്‍, രാഷ്ട്രീയ ബോധ്യങ്ങളില്‍ ബംഗാളും കൊല്‍ക്കത്തയും ഇടം പിടിച്ചിട്ടുണ്ട്.

ഇരുപത്തി മൂന്നു പ്ലാറ്റ്‌ഫോമുകള്‍ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നായ ഹൗറ റെയില്‍വേ സ്റ്റേഷനില്‍ വെളുപ്പിന് രണ്ട് മണിയോടെയാണ് ഞങ്ങള്‍ (ഞാനും എം ജി യൂണിവേഴ്‌സിറ്റിയിലെ എന്റെ സഹ ഗവേഷകരായ അശ്വിനും അതിതയും) എത്തിയത്. കൊല്‍ക്കത്ത റയില്‍വേ സ്റ്റേഷന് സമീപം ബുക്ക് ചെയ്തിരുന്ന റൂമിലേക്ക് പോയത് വിശ്വപ്രസിദ്ധമായ ഹൗറ ബ്രിഡ്ജ് വഴിയാണ്. ബംഗാളിന്റെ നാഡീവ്യൂഹമായ ഹൂഗ്ലി നദിക്ക് കുറുകെയുള്ള ഹൗറ ബ്രിഡ്ജ് ദിനംപ്രതി ഒരു ലക്ഷം വാഹനങ്ങളെയും ഒന്നരലക്ഷം മനുഷ്യരെയും  മറുകരയിലേക്ക് എത്തിക്കുന്നു. 

പിറ്റേന്ന് രാവിലെ ഭൂമിക്കടിയിലൂടെയുള്ള മെട്രോ വഴി കൊല്‍ക്കത്തയിലെ മനുഷ്യ നിര്‍മിതമായ ഏറ്റവും ഭംഗിയുള്ള കെട്ടിടമായ വിക്ടോറിയ മെമ്മോറിയല്‍ കാണാന്‍ പോയി. അക്ഷരാര്‍ഥത്തില്‍ അതിന്റെ സൗന്ദര്യം നമ്മളെ മയക്കിക്കളയും. ഇത്തരത്തില്‍ നിരവധിയായ നിര്‍മിതികളുടെ കേന്ദ്രം കൂടിയാണ് കൊല്‍ക്കത്ത.

VICTORIA MEMORIAL, KOLKATA | PHOTO: ANIL THOMAS NALLOOR
ബ്രിട്ടീഷ് കൊളോണിയല്‍ ബാക്കിപത്രത്തിന്റെ തിരുശേഷിപ്പുകളാണവ. അത്യന്തം ആധുനികമായിരിക്കുമ്പോഴും പൗരാണികമായി തോന്നിക്കുന്ന കെട്ടിടങ്ങള്‍. തൊട്ടപ്പുറത്ത് ഒരു മെട്രോപോളിറ്റന്‍ നഗര കാമനകളുടെ നിര്‍മിതികളുമുണ്ട്. അതീവ സമ്പന്നമായി ജീവിക്കുന്ന തലമുറ അവിടെ ഉയര്‍ന്നു വന്നിരിക്കുന്നു. കെ.എഫ്.സിയുടെയും മക്‌ഡോണാള്‍സിന്റെയും വലിയ ഷോപ്പുകള്‍, ഏതാണ്ട് എല്ലാ ബാങ്ക് കളുടെയും വലിയ ശാഖകള്‍, കൂറ്റന്‍ മാളുകള്‍ തുടങ്ങിയവയാല്‍ അതീവ സമ്പന്നമാണ് കൊല്‍ക്കത്ത. 

എന്നെ അത്ഭുതപ്പെടുത്തിയത് കൊല്‍ക്കത്തയുടെ തെരുവുകളും ചേരികളുമാണ്. എഴുപതിലോ എണ്‍പതിലോ കണ്ടു വന്നിരുന്ന ബസ്സുകള്‍ക്ക് സമാനമായ ബസ്സുകള്‍, ട്രാം എന്ന് വിളിക്കുന്ന പ്രത്യേക സിറ്റി ട്രെയിന്‍, മഞ്ഞ അംബാസിഡര്‍ കാറുകളാല്‍ നിറഞ്ഞ പാതകള്‍, മുടിവെട്ടാനും നഖം വെട്ടിത്തരാനും, പാവ് ബജി ഉണ്ടാക്കിത്തരാനുംവരെ നിരന്നിരിക്കുന്ന മനുഷ്യര്‍. 

തെരുവില്‍ റോഡിനു ഇരുവശവും പോളിത്തീന്‍ ഷീറ്റുകള്‍ വലിച്ചു കെട്ടിയ കുടിലുകളില്‍ താമസിക്കുന്ന ദരിദ്രരായ മനുഷ്യര്‍. അവര്‍ കിടക്കുന്നതും കഴിക്കുന്നതും കുളിക്കുന്നതും ഭോഗിക്കുന്നതും അവിടെത്തന്നെ. വിക്ടോറിയ മെമ്മോറിയലിലേക്ക് നടന്നു കയറുന്ന പടവുകള്‍ക്കുള്ള വൃത്തി ഈ തെരുവിലെ മനുഷ്യര്‍ ആഹാരം കഴിക്കുന്ന പാത്രങ്ങള്‍ക്ക് പോലും ഇല്ലെന്നു കാണാം.

PHOTO: ANIL THOMAS NALLOOR
തിരിച്ചു പോരുന്ന ദിവസം ഒരു മുസ്ലിം ഭൂരിപക്ഷ ചേരിയുടെ നടുവില്‍ സ്ഥിതി ചെയ്യുന്ന മാര്‍ത്തോമാ സഭയുടെ പള്ളി സന്ദര്‍ശിച്ചു, അവിടെയുള്ള പാതിരി മലയാളിയാണ്. ആ ചേരി മുന്‍പെ നടന്ന ഒരു കലാപത്തിന്റെ ബാക്കിയാണ്. പള്ളിയുടെ മുന്‍ വാതില്‍ വലിയ ഇരുമ്പ് ഗ്രില്ലാണ്. അത് എപ്പോഴും വലിയ താഴിട്ട് പൂട്ടും. സെക്കന്റ്  ഫ്‌ലോറിലാണ് ദേവാലയം, ഏറ്റവും മുകളില്‍ പുരോഹിതര്‍ താമസിക്കുന്ന ഇടം, അതിന്റെ മട്ടുപ്പാവില്‍ നിന്നാല്‍ ആയിരക്കണക്കിന് കുടിലുകള്‍ ഒരു മാലയിലെ മുത്തുപോലെ ഒട്ടിച്ചേര്‍ന്നു നില്‍ക്കുന്നത് കാണാം. അതിദരിദ്രരായവരുടെ ആവാസ കേന്ദ്രം. സ്വകാര്യത ഒരു പക്ഷെ അവര്‍ ജീവിതത്തില്‍ അനുഭവിച്ചിട്ടുണ്ടാവില്ല.

ഈ രാജ്യത്തിന്റെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ അവര്‍ക്ക് എന്തെങ്കിലും ശബ്ദം ഉണ്ടെന്ന് ഞാന്‍ കരുതുന്നില്ല. അവര്‍ ഈ രാജ്യത്ത് ദിവസം വെറും ഇരുപത് രൂപയില്‍ താഴെ വരുമാനവുമായി കഴിയുന്ന 83.6 കോടി ജനതയുടെ പ്രതിനിധികളാണ്. ഇവരുടെ കുട്ടികള്‍ പോഷകാഹാരക്കുറവ് മൂലം ആദ്യ ജന്മദിനം എത്തുമ്പോഴേ മരിക്കുന്നു. ഇത്തരത്തില്‍ പതിനഞ്ചു ദശലക്ഷം കുട്ടികള്‍ ഈ രാജ്യത്ത് മരിക്കുന്നു. മുന്‍പ് പറഞ്ഞ വെളുത്ത മിനാരങ്ങള്‍ നിര്‍മിച്ചത് ഈ ഇരുണ്ട മനുഷ്യരാണെന്ന് ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ...?

അരുന്ധതി റോയ് പറഞ്ഞത് ആവര്‍ത്തിച്ചാല്‍ 'സിനിമക്ക് ഗന്ധം ഉണ്ടായിരുന്നുവെങ്കില്‍ 'Slum Dog Millionaire' പോലുള്ള സിനിമകള്‍ക്ക് ഓസ്‌കര്‍ കിട്ടുമായിരുന്നില്ല, കാരണം അത്തരം ദാരിദ്ര്യത്തിന്റെ മണങ്ങള്‍ ചൂടന്‍ പോപ്പ്‌കോണുകളുടെ പരിമളത്തില്‍ ചേരില്ല'.

ഞങ്ങള്‍ വിക്ടോറിയ മെമ്മോറിയല്‍ കണ്ടതിനു ശേഷം മടങ്ങി പോകുമ്പോഴാണ് ഹോ ചിമിന്‍ സരണി റോഡും കഴ്സന്‍ പാര്‍ക്കും ശ്രദ്ധയില്‍പ്പെട്ടത്. വളരെ വിചിത്രമായ ചരിത്രം ആ പാര്‍ക്കിന് ഉണ്ടായിരുന്നു.

REPRESENTATIONAL IMAGE
1967 ല്‍ കോണ്‍ഗ്രസ് വലിയ തിരിച്ചടി നേരിട്ടു, ബംഗാളില്‍ CPM- ബംഗ്ലാ കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തിലെത്തി. 1969 ല്‍ ആദ്യ സര്‍ക്കാര്‍ വീഴുകയും വീണ്ടും ഇതേ സഖ്യം അധികാരത്തില്‍ എത്തുകയും ചെയ്തു. മുഖ്യമന്ത്രി ബംഗ്ലാ കോണ്‍ഗ്രസിന്റെ അജോയ് മുഖര്‍ജി, ആഭ്യന്തര വകുപ്പ് സി.പി.എമ്മിന്, ആഭ്യന്തര വകുപ്പുമായി ബന്ധപ്പെട്ട അഭിപ്രായ വ്യത്യാസങ്ങള്‍ കൊണ്ട് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു മുഖ്യമന്ത്രി സ്വന്തം സര്‍ക്കാരിനെതിരെ 72 മണിക്കൂര്‍ നിരാഹാരം കിടന്നത് ഈ കഴ്സന്‍ പാര്‍ക്കിലായിരുന്നു.

മാത്രമല്ല, ഒന്നാം സഖ്യ സര്‍ക്കാരിന്റെ ആദ്യ നടപടികളില്‍ ഒന്ന് ഹാരിങ്ടണ്‍ റോഡിന്റെ പേര് മാറ്റിയതായിരുന്നു. അങ്ങനെ വിയറ്റ്‌നാം യുദ്ധം ഉച്ചസ്ഥായിയില്‍ നില്‍കുമ്പോള്‍ കൊല്‍ക്കത്തയിലെ US കോണ്‍സുലേറ്റിന്റെ ആസ്ഥാന മന്ദിരം സ്ഥിതിചെയ്യുന്ന ഹാരിങ്ടണ്‍ റോഡിന്റെ പേര് നമ്പര്‍ 7 ഹോ ചിമിന്‍ സരണി എന്നാക്കി മാറ്റി.

ഹോ ചിമിന്‍ സരണയില്‍ നിന്നും മുന്നോട്ട് സഞ്ചരിച്ചാല്‍ ഇന്ത്യയിലെ അവസാന ബ്രിട്ടീഷ് ഗവര്‍ണര്‍ ജനറല്‍ അധികാരം വിട്ടൊഴിഞ്ഞ, ഇന്നത്തെ ഗവര്‍ണറുടെ വസതി-രാജ് ഭവന്‍- കാണാം, ഇതേ ഹോ ചിമിന്‍ സരണിയില്‍ നിന്നും കിഴക്കോട്ടു സഞ്ചരിച്ചാല്‍ ഒരു പഴയ ബംഗ്ലാവിലേക്കാണ് എത്തുക. ആ കെട്ടിടത്തിനും എഴുപത്തിയാറു വര്‍ഷം മുന്‍പ് അവിടെ താമസിച്ച പടുവൃദ്ധനും ഇന്ത്യന്‍ ജനതയെ കോര്‍ത്തു നിര്‍ത്തിയതില്‍ ചെറുതല്ലാത്ത പങ്കുണ്ട്. ഇങ്ങനെ, കൊല്‍ക്കത്തയുടെ ഓരോ മുക്കിനും മൂലക്കും വരെ തലമുറകളുടെ ചരിത്രം പറയാനുണ്ട്.

ഞങ്ങളുടെ ടാക്‌സി ഡ്രൈവറുടെ പേര് കനയ്യ കുമാര്‍ എന്നായിരുന്നു. അയാളുടെ ടാക്‌സിയാവട്ടെ ആജാനുബാഹുവായ ഒരു മഞ്ഞ അംബാസിഡര്‍ കാര്‍. അംബാസിഡര്‍ കാര്‍ അത്ര പരിചിതമല്ലാത്ത എനിക്ക് പുതിയ അനുഭവമായിരുന്നു അത്.

കൊല്‍ക്കത്ത റെയില്‍വേ സ്റ്റേഷന്റെ ഒന്നാം നിലയില്‍ നിന്ന് നോക്കിയാല്‍ നിരയായി നിര്‍ത്തിയിട്ടിരിക്കുന്ന മഞ്ഞ ടാക്‌സികാറുകള്‍ കാണാം, മഞ്ഞ നിറമുള്ള കടലാസില്‍ പൊതിഞ്ഞ മിഠായി നിരത്തി വെച്ചിരിക്കുന്നപോലെ ഭംഗിയുള്ള കാഴ്ചയാണത്. ഇത്തരത്തില്‍ ഏഴായിരം മഞ്ഞ ടാക്‌സികളാണ് ദിനംപ്രതി കൊല്‍ക്കത്തയുടെ നിരത്തിലൂടെ ഓടുന്നത്.

PHOTO: ANIL THOMAS NALLOOR
ആ ടാക്‌സി കാര്‍ ഞങ്ങളെ കൊണ്ടുപോയത് കൊല്‍ക്കത്തയിലെ ഏറ്റവും വലിയ വഴിയോര തുണിക്കച്ചവട മാര്‍ക്കറ്റുകളില്‍ ഒന്നിലേക്കാണ്. അവിടേക്ക് എത്തുന്നതുവരെയുള്ള നഗര കാഴ്ചകള്‍ അതീവ സുന്ദരമാണ്. മാര്‍ക്കറ്റ് ജനനിബിഡമാണ്, ഒരുപക്ഷെ ഇന്ത്യയുടെ പരിഛേദമാണ് ഈ തെരുവുകള്‍, ഇന്ത്യയിലെ വിവിധ നാടുകളില്‍ നിന്നെത്തിയ വ്യത്യസ്ത നരവംശ പ്രകൃതത്തില്‍പെട്ട നൂറുകണക്കിന് മനുഷ്യര്‍. അത് കാണുന്നത് തന്നെ ഒരു കൗതുക കാഴ്ചയാണ്. 

ലോക പ്രസിദ്ധമാണ് കൊല്‍ക്കത്തയുടെ ടെക്്‌സ്റ്റെല്‍സ് പാരമ്പര്യം. ഇവിടുത്തെ ഏറ്റവും വലിയ മാര്‍ക്കറ്റ് ബുരബസാര്‍ ആണ്. പതിനെട്ടാം നൂറ്റാണ്ടില്‍ തുടങ്ങിയ മാര്‍ക്കറ്റ് ആണത്. രാത്രിയാകുന്നതോടെ തെരുവുകള്‍ സജീവമാണ്. കൊല്‍ക്കത്തയുടെ തെരുവ് ജീവിതം 'സിറ്റി ഓഫ് ജോയ്' എന്ന വാചകത്തെ അന്വര്‍ത്ഥമാക്കുന്നുണ്ട്.

ഭൂമിയില്‍ ഏറ്റവും ഭംഗിയുള്ളത് മനുഷ്യര്‍ക്കാണെന്ന് എവിടെയോ വായിച്ചിട്ടുണ്ട്. കൊല്‍ക്കത്ത റെയില്‍വേ സ്റ്റേഷനിലൂടെ നടക്കുമ്പോഴാണ് ആ പെണ്‍കുട്ടി ഞങ്ങളെ എതിരേറ്റത്, സ്‌നേഹ ദേബ്‌നാഥ് എന്നാണവളുടെ പേര് (ഭാഗ്യവശാല്‍ അവള്‍ ഞങ്ങളുടെ കൂപ്പയില്‍ ആയിരുന്നു). വെളുത്ത സാരിയില്‍ നീല നിറത്തില്‍ വരച്ചിരിക്കുന്ന ഡിസൈന്‍, നീല ബ്ലൗസ്, ഇടത്തരം വലിപ്പമുള്ള ജിമിക്കി, വട്ടത്തില്‍ ഫ്രെയിമുള്ള കണ്ണട, നീണ്ട വള്ളിയുള്ള ചെറിയ തോള്‍ ബാഗ്, രബീന്ദ്ര സംഗീതം ആഴത്തില്‍ പതിഞ്ഞ, മഴ നനഞ്ഞ കൊല്‍ക്കത്തയുടെ സായാഹ്നത്തില്‍ ഏതോ ബംഗാളി നോവലിലെ കഥാപാത്രത്തെ കണ്ടു മുട്ടിയതുപോലെ തോന്നി. അതീവ ഭംഗിയുള്ള മനുഷ്യരായാണ് എനിക്ക് കൊല്‍ക്കത്തയിലെ മനുഷ്യരെ അനുഭവപ്പെട്ടത്. 

സ്‌നേഹ ദേബ്‌നാഥ് പതിനേഴു പേരടങ്ങുന്ന ഒരു നാടക ട്രൂപ്പിലെ നായികയാണ്. കിഷന്‍ജി എന്ന് വിളിക്കുന്ന ശാന്തിപൂര്‍ കോളേജിലെ അധ്യാപകനാണ് അവരുടെ സംഘത്തലവന്‍. ഒന്നര ദിവസം സഞ്ചരിച്ചു അവര്‍ നോര്‍ത്ത് ഈസ്റ്റിലെ ഏതോ നാട്ടിലുള്ള നാടക ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോവുകയാണ്. 

ബംഗാളിന്റെ നട്ടെല്ല് കലയാണ്, സിനിമയും നാടകവും സംഗീതവും ചിത്രകലയുമെല്ലാം ആ മണ്ണില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. ബംഗാളിന്റെ ഈ കലാമൂല്യങ്ങളാണ് ഇടതുപക്ഷത്തെ അവിടെ താങ്ങി നിര്‍ത്തിയത്. ഋതിക് ഘട്ടക്, സത്യജിത് റെ, മൃണാല്‍ സെന്‍, ഋതുപര്‍ണ ഘോഷ് തുടങ്ങിയ പേരുകള്‍ അറിയാത്ത മലയാളികള്‍ ഉണ്ടോ എന്നത് സംശയമാണ്.

REPRESENTATIONAL IMAGE
കൊല്‍ക്കത്തയുടെ ജീവിതത്തെ അനശ്വരമാക്കുന്നതില്‍ രബീന്ദ്ര നാഥ ടാഗോറിനും സുഭാഷ് ചന്ദ്ര ബോസിനും വലിയ പങ്കുള്ളതായി എനിക്ക് തോന്നി, കാരണം അനന്തപുരിയെ അനുസ്മരിപ്പിക്കുന്ന വിധം നിരവധി പ്രതിമകള്‍ എങ്ങും തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്. കൊല്‍ക്കത്തയിലെ തെരുവുകളിലുടനീളം നിരവധി സാംസ്‌കാരിക കേന്ദ്രങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്നുണ്ട്. 

നാനൂറു വര്‍ഷം മുന്‍പാണ് ഹൂഗ്ലി നദിയുടെ തീരത്ത്  മൂവായിരം രൂപ കപ്പം നല്‍കി കൊളോണിയലിസം വേരുറപ്പിക്കുന്നത്.  പിന്നീട് സാമ്രാജ്യത്വ ശക്തികളുടെ  തലസ്ഥാനമായി കൊല്‍ക്കത്ത മാറുകയായിരുന്നു. സ്വാതന്ത്ര്യാനന്തരം കോണ്‍ഗ്രസ്, പിന്നീട് നീണ്ട മൂന്നര പതിറ്റാണ്ട് ഇടതുപക്ഷം, ഇപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ്, ബി.ജെ.പി  കിണഞ്ഞു പരിശ്രമിക്കുന്നുണ്ട്.

അന്ന് പകല്‍, എസ്.എഫ്.ഐ ദേശീയ സെക്രട്ടറി പങ്കെടുത്ത ഒരു പ്രതിഷേധ പരിപാടി കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നു. പോലീസ് അതിക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ബംഗാളില്‍ ഇടതുപക്ഷം തിരിച്ചു വരവിന്റെ പാതയിലാണ്. സമയമെടുത്താണെങ്കിലും ഇടതുപക്ഷം തിരികെ എത്തുമെന്നത് ഉറപ്പാണ്. ഇന്ന് മമത ബാനര്‍ജി ചവിട്ടി നില്‍ക്കുന്ന ബംഗാളിനെ പണിതത് ഇടതുപക്ഷമാണ് എന്നത് ഒരു അതിശയോക്തിയല്ല.

വെളുത്ത പദ്മിനികാറില്‍ റബര്‍ ചെരുപ്പുമിട്ട് വെള്ള സാരി ചുറ്റി ഇന്ത്യന്‍ പാര്‍ലമെന്റിലേക്ക് നടന്നു കയറിയ പഴയ മമത ബാനര്‍ജി അല്ല ഇന്നത്തെ മമത ബാനര്‍ജി, കനയ്യ കുമാര്‍ പറഞ്ഞതു ആവര്‍ത്തിച്ചാല്‍ കുറച്ചു കൂടി മെച്ചപ്പെട്ട ഭരണാധികാരികളെ ബംഗാള്‍ ജനത അര്‍ഹിക്കുന്നുണ്ട്. 

PHOTO: ANIL THOMAS NALLOOR
രണ്ട് ദിവസമേ കൊല്‍ക്കത്തയില്‍ ഉണ്ടായിരുന്നുള്ളു, അതുകൊണ്ട് വളരെ പരിമിതമായ കാഴ്ചകളാണ് കാണാനായത്. ഗുവാഹത്തിയിലേക്ക് പോകുന്നതിനായാണ് കൊല്‍ക്കത്തയില്‍ എത്തിയത്, ജീവിതത്തില്‍ കൊല്‍ക്കത്ത നല്‍കിയ ഓര്‍മ്മകള്‍ വിവരണാതീതമാണ്. ഉച്ചക്ക് മൂന്നുമണിക്ക് എടുക്കേണ്ട ട്രെയിന്‍ രാത്രി പത്തരക്കാണ് എടുത്തത്. ഞങ്ങളുടെ സമീപത്ത് ഇരിക്കുന്ന നാടക സംഘം റിഹേഴ്‌സല്‍ നടത്തുന്നു, അല്ലാത്തവര്‍ റെയില്‍വേയെ തെറി വിളിക്കുന്നു, ചിലര്‍ ഭക്ഷണം പാകം ചെയ്യുന്നു, ചിലര്‍ മറ്റെന്തൊക്കയോ ചെയ്യുന്നു. എങ്ങും അക്ഷമരായ മനുഷ്യര്‍. ട്രെയിന്‍ നീങ്ങിത്തുടങ്ങി കൊല്‍ക്കത്ത കഥകള്‍ അവസാനിക്കുന്നില്ല. 

കൊല്‍ക്കത്ത ആനന്തത്തിന്റെ നഗരമാണ്. ഇന്ത്യ കാണാന്‍ ഇറങ്ങുന്നവര്‍ കൊല്‍ക്കത്തയില്‍ ചെന്ന് രാപ്പാര്‍ക്കണം, ഈ സിറ്റി നിങ്ങളെ മയക്കിക്കളയും.

#travel
Leave a comment